എന്നെനിക്കുണ്ടാകും യോഗം...

Tuesday, February 26, 2013 - 21:56
Drawings:By Sneha

ഓർമ്മകൾക്കൊരു കാറ്റോട്ടം - ഭാഗം 8

അമ്പലക്കുളത്തിലെ പടിക്കെട്ടില്‍ കരിങ്കല്‍പാളിമേലൊന്നില്‍ മടമ്പുരയ്ക്കുമ്പോഴാണ് വല്യമ്മാമന്‍ അത് പറഞ്ഞത്: "ഇന്ന് കന്നി രണ്ടല്ലേ.... കലാമണ്ഡലത്തില്‍ കളിയുണ്ടാവും. പോയാലോ!"

കഥകളി ഇഷ്ടവിഷയം; ക്ഷണിക്കുന്നത് മൂത്ത സോദരന്‍. കേട്ടുനിന്ന ഇളയ അനുജന് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ല. പ്രീഡിഗ്രിക്കാരന്‍ എനിക്കും. ചെറിയൊരു യാത്രയും നീളനൊരു രാത്രിയും തരപ്പെടുന്നു എന്ന സന്തോഷത്തില്‍ കൈകളുയര്‍ത്തി മുന്നാക്കമാഞ്ഞ് കൂപ്പുകുത്തി. തുലാമാസത്തില്‍ പെയ്ത മഴയുടെ ഭള്ളുണ്ട് വെള്ളത്തിന്.

അദ്ധ്യയനവര്‍ഷം 1985-86. കല്ലുവഴിച്ചിട്ടയുടെ ഇരുപതാം നൂറ്റാണ്ടിന്റെ പരിഷ്കര്‍ത്താവ്‌ പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍റെ ചരമവാര്‍ഷികമാണ് കന്നി 2. കലാമണ്ഡലത്തില്‍ പതിവാണ് അന്നേനാള്‍ മുഴുരാത്രി കഥകളി.

അത്താഴം കഴിഞ്ഞാണ് അമ്മയുടെ മുളംകുന്നത്തുകാവ് വീട്ടില്‍നിന്ന് മൂവരും ഇറങ്ങിയത്. ബസ്സിനല്ല, തീവണ്ടിക്കാവാം യാത്ര എന്നതും തീരുമാനിച്ചത് മൂത്ത മാതുലന്‍തന്നെ. കുടുംബത്തിന് തീയ്യാട്ടടിയന്തരമുള്ള അയ്യപ്പക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട കടന്ന് ടാറിട്ട റോഡ്‌ മുറിച്ച് ലേശംകൂടി നടന്ന് സ്റ്റേഷനില്‍ എത്തി. ചെത്തിയ ഉണ്ണിപ്പിണ്ടി കണക്കെ രണ്ടുനാല് ട്യൂബ് ലൈറ്റുകള്‍ മുനിഞ്ഞുകത്തുന്നതൊഴിച്ചാല്‍ പരിസരം മയക്കത്തിലാണ്. ട്രാക്കിനക്കാരെ നെടുനീളന്‍ എഫ്.സി.ഐ ഗോഡൌണ്‍ ഇരവിഴുങ്ങിയ പാമ്പുപോലെ ഇരുട്ടില്‍. മുഖമുണ്ടായിരുന്നെങ്കില്‍ കാര്‍ക്കോടകന് ചുട്ടിക്കുകിടക്കാന്‍ പാകം എന്നോ മറ്റോ കുസൃതി പറയാം.

"മൂന്ന് ചെറുതുരുത്തി" എന്ന മൊഴിക്ക് കൌണ്ടര്‍ മുറിക്കകത്തുനിന്ന് കുത്തും മേട്ടും മറുപടി കേട്ടു. മുദ്രപതിഞ്ഞ മൂന്നു കുട്ടിച്ചിട്ടുകള്‍ വിരല്‍ത്തുമ്പിലൂടെ ജനലഴികള്‍ക്ക് കീഴെയുള്ള പലകപ്പൊത്തുവഴി പുറത്തേക്ക് വന്നു. 'വള്ളത്തോള്‍ നഗര്‍' എന്ന് അച്ചടിയില്‍ മാത്രം.

കൊച്ചിയില്‍നിന്ന് ഷൊര്‍ണൂര്‍ക്ക് ദിവസേന രണ്ടുനേരം പോവുന്ന പാസഞ്ചര്‍ വണ്ടി. ലാസവിലാസ. ഉശിരില്ലാത്തവന്റെ ചൊല്ലിയാട്ടം കണക്കെ. എങ്കിലും എന്നും മമതയുണ്ട് അതിന്റെ എളിമയോട്.

ചാരിയുള്ള സിമന്റ്‌ ബെഞ്ചില്‍ ഇരിപ്പായി. വിചാരിച്ചത്ര അമാന്തമുണ്ടായില്ല. ഇരുവശം എക്കുള്ള ഇരുമ്പുദണ്ഡിന്‍മേല്‍ കിണികിണിച്ചേങ്ങിലനാദം കേള്‍ക്കായി. വണ്ടി പൂങ്കുന്നത്തുനിന്ന് പോന്നിരിക്കുന്നു.

വൈകാതെ പ്ലാറ്റ്ഫോമില്‍ വന്നെത്തി. ഇരച്ചുനിന്നു. തിരക്കില്ലാത്ത ബോഗികള്‍. അണിയറവെളിച്ചം പോലെ അകത്ത് അറുപതുവാട്ടിന്റെ മഞ്ഞവിളക്കുകള്‍. തവിട്ടുപൂശിയ മരയഴി ബെര്‍ത്തുകള്‍. ഇരിപ്പിടങ്ങളും തഥൈവ. തറയിലിരുന്ന് നേരം വെളുപ്പിക്കേണ്ട രാവിനു പറ്റിയ പുറപ്പാട്. വേഗം കൂട്ടി. വടക്കാഞ്ചേരി പിന്നിട്ടു. അകമലക്കാട്ടിലെ കാറ്റിന് തണവ് കൂടുതല്‍ ഉണ്ടായിരുന്നു.

തുടര്‍ന്നെവിടെയോ ലോഹച്ചക്രങ്ങള്‍ പാളത്തിന്മേല്‍ മുറിയടന്ത കൊട്ടാന്‍ തുടങ്ങി. കലാമണ്ഡലം അടുക്കാറാവുന്നു.

വെട്ടിക്കാട്ടിരി കഴിഞ്ഞുള്ള സ്റ്റേഷനില്‍ ഇറങ്ങി. ചെറിയ തേക്കിന്‍നിര മുറിച്ചുകടക്കെ കൂട്ടത്തില്‍ ചേരേണ്ട ആള്‍ മുമ്പില്‍ത്തന്നെ വന്നുപെട്ടു. പി എന്‍ ഗണേശന്‍. ലേശം തടിച്ച് ഉയരം കുറഞ്ഞ ചെറുപ്പക്കാരന്‍. പൂങ്കുന്നത്തുകാരനാണ്. കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥി. ബോട്ടണിയില്‍ ഡോക്ടറേറ്റിന് ശ്രമിക്കുന്ന കാലം. അവിടെത്തന്നെ ഫിസിക്സില്‍ അദ്ധ്യാപകനാണ് ടി.എന്‍. വാസുദേവന്‍ എന്ന എന്റെ വല്യമ്മാമന്‍. നേരിട്ട് ശിഷ്യത്വം പഠനവിഷയത്തില്‍ ഇല്ല. അതെന്തായാലും, 'മാഷ്‌' എന്ന് മാത്രമേ വിളിക്കൂ -- കലാപരമായ അടുപ്പത്തിനുപുറത്ത്.

കൂടെയുള്ളവന്‍ സഹൃദയനെങ്കില്‍ പൊടുന്നനെ സംസാരപ്രിയനാവും വല്യമ്മാവന്‍. ഗണേശനാണെങ്കില്‍ പൊതുവെ രസികനും. നടന്ന് കലാമണ്ഡലം കവാടം എത്തിയതറിഞ്ഞില്ല.

ചെരിപ്പഴിച്ച് കൂത്തമ്പലത്തില്‍ കടന്നു. നാലിറയത്തെവിടെയോ പരുങ്ങി നിന്ന അമ്മാമാനോട് അതിനകം അണിയറയില്‍ പോയിവന്ന ഗണേശന്‍ അറിയിച്ചു: "മാഷെ, മൂന്നാം ദിവസോം നരകാസുരവധോം."

കലാമണ്ഡലം ഗോപിയുടെ നളചരിതത്തിലെ ബാഹുകന്‍, രണ്ടാമത്തെ കഥയില്‍ വാസു പിഷാരോടിയുടെ പ്രതിനായകന്‍. "കഥകള്‍ നല്ല കോമ്പിനേഷന്‍," വല്യമ്മാവന്റെ മറുപടി. "(പ്രധാന)വേഷങ്ങളും നന്നാവണം."

കീഴ്പടം കുമാരന്‍നായര്‍ ഉണ്ടാവും എന്ന ഊഹം സ്ഥാനത്തായില്ല. ദല്‍ഹി വാസം മതിയാക്കി ആയിടെ മലനാട്ടിലേക്ക് മടങ്ങിയ ആശാന്‍ അന്നേ രാത്രിയില്ല.

കാദ്രവേയനോട് ആദ്യം കയര്‍ത്ത് പിന്നീട് ഭക്തിയൂറിയ ആട്ടവുമായി ഗോപിയാശാന്റെ ദ്വന്ദ്വഭാവം. സുന്ദരബ്രാഹ്മണനായി ഇ. വാസുവിന്റെ കറയറ്റ ചൊല്ലിയാട്ടം, കണ്ണുസാധകം. "മറിമാന്‍ കണ്ണി" പദത്തിനിടെ "അവശം" എന്ന മന്ദ്രശ്രുതിവാക്കിനുശേഷം, പെട്ടെന്ന് "ചെയ്യപ്പെട്ട" എന്ന് ഉറക്കെ കേള്‍ക്കുമ്പോഴത്തെ രസഭംഗം...

രണ്ടാമത്തെ കഥ തുടങ്ങിയപ്പോള്‍ നേരം ഏറെക്കുറെ പാകം. കത്തിവേഷത്തില്‍ത്തുടങ്ങി ഒടുവില്‍ ചുവന്നതാടിയായി കേന്ദ്രകഥാപാത്രം വധിക്കപ്പെടുന്നത് വരെയുണ്ട് കഥാഭാഗം.

ബ്രാഹ്മമുഹുര്‍ത്തത്തില്‍ പാടി രാഗം വഴിഞ്ഞുതുടങ്ങിയപ്പോള്‍ കൂത്തമ്പലത്തിനകം പ്രതാപം മുറ്റി. കാലിനടിയില്‍ ചെറിയൊരു സ്പ്രിംഗ് വച്ചതുപോലെയാണ് ആദ്യാവസാനവേഷം അരങ്ങത്തേക്ക് വരുന്നത്. അങ്ങനെ സാവകാശം ഒന്നുമല്ല; എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള തിടുക്കത്തില്‍ എന്നപോലെയാണ്. തിരശീലക്ക് പിന്നിലെത്തിയതും ആലാപനം ഒടുക്കി പൊന്നാനി ഭാഗവതര്‍ ചേങ്ങില ഉയര്‍ത്തി 'ണോം' മേട്ടി വരവേല്‍പ്പ് നടത്തി.
Drawing:By Sneha

അലര്‍ച്ചയില്‍ തരികള്‍, കുമ്പിടലില്‍ വെടിപ്പ്, ആകെമൊത്തം പ്രസരിപ്പ്. മേളത്തിന് പ്രത്യേക ഉത്സാഹം. തുടക്കഭാഗത്ത് ചെണ്ടയിലെ ഓരോ ഉരുളുകൈയും 'ഷാരടി' എന്ന് ആര്‍ത്തവസാനിക്കുമ്പോള്‍, "അതെ, വാസു വാസു" എന്ന മട്ടില്‍ മദ്ദളം 'ഊം' എന്ന് മൂളി പ്രോത്സാഹിപ്പിച്ചുക്കൊണ്ടിരിക്കും.

തിരതാഴ്ത്തിക്കണ്ടാല്‍ത്തന്നെ തിരിഞ്ഞുകിട്ടും കാണാനിരിക്കുന്ന പൂരത്തിന്‍റെ പ്രഭ. മേലാപ്പിനു കീഴില്‍ ത്രസിച്ചു നില്‍ക്കുന്ന മുഖത്തെ കത്തിയുടെ വലിപ്പവും കവിളിന്റെ തുടുപ്പും കണ്ണിന്റെ തിളക്കവും ഒന്നുവേരെത്തന്നെ. ചിരിച്ച നേരങ്ങളിലെ പല്ലിന്‍നിരയില്‍ നിന്നുമാത്രം അറിയാം ചെറിയ നരകാസുരന്‍റെ വലിയ ചട്ടമ്പിത്തരം.

പിന്നെ കാണുക, പക്ഷെ, പത്നിയുമൊത്താണ്. കാമാര്‍ത്തന്‍. അമര്‍ന്നുനിന്നുള്ള ശൃംഗാരപദം. ചാഞ്ഞും ചെരിഞ്ഞുമുള്ള കേകിയാട്ടം. രംഗാവസാനത്തോടെ കാര്യം മൊത്തം മാറി. സുന്ദരിയായ ഭാര്യക്ക് പകരം കാണേണ്ടിവരുന്നത് ശത്രുപക്ഷം വിരൂപിണിയാക്കിയ പെങ്ങളെയാണ്. നിണമണിഞ്ഞ നക്രതുണ്ടി അരങ്ങില്‍ പ്രവേശിക്കുന്നില്ലെങ്കിലും കാഴ്ചയിലെ ജുഗുപ്ത്സ ജ്യേഷ്ഠന്‍റെ പുരികക്കൊടികളില്‍നിന്ന് വായിച്ചെടുക്കാം.

ആ വികാരം പിന്നെ അമര്‍ഷവും പ്രതികാരദാഹവുമായി ക്ഷണം മാറും. ചെണ്ടമദ്ദളങ്ങള്‍ വേറെ വന്നത് അപ്പോഴേ തിരിച്ചറിഞ്ഞുള്ളൂ. തായമ്പക ഇരികിടയിലെക്ക് കടന്നതുപോലെയാണ് പിന്നെ കാര്യങ്ങള്‍. പടപ്പുറപ്പാടിന്റെ പ്രചണ്ഡദ്ധ്വനി. വാള് , വേല്, വേറെന്തെല്ലാമോ....വെറും വായുവില്‍നിന്ന്.... ആയുധങ്ങള്‍ തേരുനിറച്ച് ഒടുവില്‍ അവനവനും പൂട്ടിക്കെട്ടി.... പിന്നെ, പീഠത്തിന്മേലേറി ഇടംവലം വിശാലമായി നോക്കുമ്പോള്‍ കൂത്തമ്പലത്തിന് ഉത്രാളി പൂരപ്പറമ്പിന്‍റെ വലിപ്പത്തില്‍ കുറയില്ലെന്നു തോന്നിപ്പോവും.

ദേവേന്ദ്രനെ പോരിനുവിളിച്ചും അഹല്യാശ്ലേഷം വിസ്തരിച്ചാടി മൂക്കറ്റം പരിഹസിച്ചും യുദ്ധമൊടുവില്‍ ആട്ടിപ്പായിച്ചും സ്വര്‍ഗം ജയിച്ചും ദ്രവ്യങ്ങള്‍ കട്ടുമുടിച്ചും നരകാസുരന്‍ നിറഞ്ഞാടി. നെറ്റിയിലെ ഒരു നൂല്‍ അരിമാവ് പൊടിയുകയോ കിരീടം തെല്ലൊന്ന് ഇളകുകയോ ചെയ്യുന്നില്ല. സദസ്സിന്റെ കരഘോഷം മാനിച്ചുമാത്രം തലകുനിച്ചു കത്തിവേഷം. പിന്നെ ശിരസ്സുയര്‍ത്തി അണിയറയിലേക്ക് തിരിഞ്ഞുനടന്നു.

ജയിച്ചത്‌ കഥാപാത്രമോ വേഷക്കാരനോ?

തിരിച്ചു മുളംകുന്നത്തുകാവില്‍ എത്തിയപ്പോഴേക്കും സൂര്യന് സ്വര്‍ണ്ണനിറം. പെട്ടെന്നാണ് ഉള്ളില്‍ അക്കാര്യം കത്തിയത്. തീയ്യാടിക്ക് നാലുവീട് അപ്പുറമാണ് പടിഞ്ഞാറേ പിഷാരം. പാലക്കാട് ജില്ലയിലെ കോങ്ങാട്ട് തൃക്കോവില്‍ പിഷാരത്ത് വാസു എന്ന വേഷക്കാരന്‍റെ ഭാര്യവീട്.

കിഴക്കന്‍ വള്ളുവനാടും വടക്കന്‍ തൃശ്ശൂരും തമ്മില്‍ ഇങ്ങനെയൊരു കണ്ണി വിളക്കാന്‍ കാര്യമായൊരു കാരണക്കാരി എന്‍റെ അമ്മയായിരുന്നു. പറയുമ്പോള്‍, 1965ല്‍ വിവാഹം കഴിഞ്ഞതോടെ മുളംകുന്നത്തുകാവില്‍നിന്ന് പോന്നിരിക്കുന്നു അമ്മ. തുടര്‍ന്ന്, കളിസ്ഥങ്ങള്‍ക്ക് പുറമേ വിവാഹം, ഷഷ്ടിപൂര്‍ത്തി പോലുള്ള ചില കുടുംബവിശേഷങ്ങള്‍ക്ക് കണ്ടുമുട്ടുകയും സംസാരിച്ചിരിക്കുകയും തക്കവണ്ണം പരിചയം പൊടിച്ചുവന്നിരിന്നു തീയ്യാടിക്കാര്‍ക്കും വാസു പിഷാരോടിക്കും തമ്മില്‍ .

അങ്ങനെയിരിക്കെ ഒരിക്കലാണ് ഏതോ ചടങ്ങിനിടെ സംസാരത്തില്‍ വാസു പിഷാരോടി അമ്മയോട് പറഞ്ഞത്: "നിങ്ങടെ നാട്ടിലൊക്ക നറച്ചുണ്ടലോ ഷാരസ്യാര് കുട്ട്യോള്.... നിയ്ക്ക് പാകത്തിനാരെങ്കിലും ണ്ടോന്നൊന്ന് നോക്ക്വാന്ന്...."

അമ്മയുടെ മനസ്സില്‍ അപ്പോള്‍ തെളിഞ്ഞതാണ് ഷാരത്തെ സുഭദ്രയുടെ ചിത്രം. വൈകാതെ പയ്യന്‍ പെണ്ണുകണ്ടു. കല്യാണം 1976ല്‍ നടന്നു.

വിവാഹം തീരുമാനിച്ച കാലത്ത് തൃശ്ശൂര് മുഴുരാത്രി കഥകളി. ഭാവിവരന്‍റെ അരങ്ങത്തെ പ്രകടനം കാട്ടിക്കൊടുക്കാന്‍ തീരുമാനിച്ച ചില പരിചയക്കാര്‍ പെണ്‍കുട്ടിയെ റീജണല്‍ തിയറ്ററില്‍ ക്ലബ്ബ് വാര്‍ഷികത്തിന് കൊണ്ടുപോയി. രണ്ടാമത്തെ കഥയിലായിരുന്നുവത്രേ അദ്ദേഹത്തിനു വേഷം. അര്‍ദ്ധരാത്രിക്ക് വളരെ മുമ്പുതന്നെ പ്രതിശ്രുത വധു ഇരുന്ന ഇരിപ്പില്‍ ഉറക്കം പിടിച്ചിരുന്നു. "നോക്ക് സുഭദ്രേ, വന്നുട്യെ നെന്റെ ഏട്ടന്‍," എന്ന് മൂത്തവര്‍മൊഴി കേട്ട് ഉണര്‍ന്നുവെന്നും വൈകാതെ വീണ്ടും സുഷുപ്തിയിലാണ്ടു എന്നും ചരിത്രം. ഇത് സ്വതേ പരിഹാസപ്രിയരായ മുളംകുന്നത്തുകാവുകാര്‍ പറഞ്ഞുകേട്ട കഥ.

അതെന്തായാലും, അപ്പോഴെക്കൊക്കെത്തന്നെ വാസുവേട്ടന്‍ തിരക്കുള്ള കഥകളിക്കാരനായി കഴിഞ്ഞിരുന്നു. ഗംഭീരമായ റെയ്ഞ്ചില്‍ പലതരം വേഷങ്ങളെയും കഥാപാത്രങ്ങളെയും ഉജ്ജ്വലമാക്കി പ്രസിദ്ധി നേടിക്കഴിഞ്ഞിരുന്നു. 1980കളില്‍ ആ പേരിന് പോരിമ കൂടിയതേയുള്ളൂ.  
Drawings By Sneha

മിനുക്ക്‌ വേഷമെങ്കില്‍ സന്താനഗോപാലം ബ്രാഹ്മണന്‍റെ ദുഃഖവും സീതാസ്വയംവരത്തിലെ പരശുരാമന്‍റെ ക്രോധവും ഒരുപോലെ തന്മയത്വത്തോടെ. ബാലിവിജയം കഥയെങ്കില്‍ രാവണനും നാരദനും ഒന്നിനൊന്നു മെച്ചമാവും. പച്ച വേഷമെങ്കില്‍ രുഗ്മാംഗദന്‍റെ നിസ്സഹായതയില്‍ നാടകീയത കലര്‍ത്തിയും കിര്‍മീരവധം ധര്‍മപുത്രരുടേതില്‍ ചിട്ടയുടെ സൌന്ദര്യം കാട്ടിയും. നളചരിതം രണ്ടാം ദിവസമാണ് കഥയെങ്കില്‍ നായകനും അനുജന്‍ പുഷ്കരനും ഒടുവില്‍ വനത്തിലെ കാട്ടാളനും ഭേദമില്ലാതെ തിളങ്ങും.

പാത്രാവിഷ്കാരത്തില്‍ കനത്ത ശ്രദ്ധ. രസസ്ഫുരണത്തില്‍ തികഞ്ഞ സങ്കേതഭദ്രത. ചൊല്ലിയാട്ടത്തില്‍ സുവ്യക്തമായ അഭ്യാസത്തികവ്. മുദ്രകളില്‍ ശക്തിമത്തായ ഒതുക്കം.

അക്കാലത്തെ 'കഥകളി രംഗം' പതിപ്പില്‍ മുഖചിത്രം വാസുവേട്ടന്‍റെ പച്ചവേഷം. ഉള്ളില്‍ പരതിനോക്കിയാല്‍ കലാകാരന് ആടകള്‍ വേറെയാണ്: ടൈയും കൊട്ടുമിട്ട ചെറുപ്പക്കാരന്‍ .

നന്നാവുമെന്നു തോന്നിയിട്ടുള്ള ചില വേഷങ്ങള്‍ കാണാന്‍ കഴിയാതെ നിരാശപ്പെട്ടിട്ടുണ്ട്. വര്‍ഷം 1987ല്‍ ആവണം. എറണാകുളം ക്ലബ്ബിന്‍റെ വാര്‍ഷികം. ഗോപിയാശാന്‍റെ കല്യാണസൌഗന്ധികം ഭീമന് ഷാരടി വാസുവേട്ടന്‍റെ ഹനൂമാന്‍ -- നോട്ടീസില്‍ കണ്ടപ്പോള്‍ മോഹമായി. പക്ഷെ, മൂത്ത വായുപുത്രനായി അദ്ദേഹമായിരുന്നില്ല അന്ന്. വാസുവേട്ടന്‍റെ വെള്ളത്താടി അന്നോ, അതിനു മുമ്പോ, പിന്നെ നാളിതുവരെയോ തരപ്പെട്ടിട്ടുമില്ല.

എന്നാല്‍ ചൊല്ലിയാട്ടം കളരിയില്‍ ഒത്തുകിട്ടിയിട്ടുണ്ട്. എണ്‍പതുകളുടെ ഒടുവില്‍ വര്‍ഷക്കാലത്ത് നല്ല മഴയുള്ള ദിവസം നോക്കിത്തന്നെ കലാമണ്ഡലത്തില്‍ പോയി. ലേശം കയറ്റമുള്ളൊരു വാര്‍ക്കമുറിയില്‍ വാസുവേട്ടന്‍ വെടിപ്പായി ആടിപ്പഠിപ്പിക്കുകയാണ് കുട്ടികളെ. മരമുട്ടി പിടിച്ച് ചാഞ്ഞുനില്‍ക്കവേ എന്നെ കണ്ടതും ചിരിച്ചു പരിചയം കാട്ടി. ക്ലാസുശേഷം പിള്ളേരോട് അന്ന് കളിച്ച ഭാഗങ്ങളെ കുറിച്ച് ചോദ്യോത്തര പംക്തി നടത്തി. എല്ലാവരും പിരിഞ്ഞുപോയപ്പോള്‍ എന്നോട് ലോഹ്യങ്ങള്‍ ചോദിച്ചു.

മുളംകുന്നത്തുകാവില്‍ ആ വര്‍ഷം ഓണക്കാലത്ത് പോയപ്പോള്‍ ചതയം ആയിരുന്നു നാള്‍. വടക്കൂട്ടെ പിഷാരത്ത് കൈകൊട്ടിക്കളി. മുറ്റത്ത് വട്ടമിട്ടു സ്ത്രീകള്‍ -- പ്രായം ചെന്നവരും മദ്ധ്യവയസ്കരും ചെറുപ്പക്കാരും. വെയിലത്തും തണലത്തുമായി കണ്ടിരിക്കാന്‍ കുട്ടികള്‍. ചിലരെ പരിചയം തോന്നി. ഒരാള്‍ക്ക് നല്ലവണ്ണം അറിയുന്നൊരു മുഖച്ഛായയും. "ങ്ഹാ.... അത് ഷാരടി വാസൂന്റെ കുട്ട്യാ," അമ്മായിമാരില്‍ ഒരാള്‍ പറഞ്ഞു. "ശ്രീകല. കൂടെ അനിയന്‍. ഉണ്ണിക്കൃഷ്ണന്‍."

ആയിടെ എപ്പോഴോ ആവണം തൃപ്പൂണിത്തുറ ക്ലബ്ബ് കളി കഴിഞ്ഞ് രാത്രി വീട്ടില്‍ അതിഥിയായി വാസുവേട്ടന്‍. അത്താഴം കഴിഞ്ഞ് സംസാരിച്ചിരിക്കവേ ബാഗില്‍നിന്ന് ഒരു കഥകളി സോവനീര്‍ എടുത്തുകാട്ടി. "എന്നെ പറ്റീട്ടാ, നമ്മടൊരു സുഹൃത്താ... ചേര്‍ത്തലക്കാരനാ, അയളക്കീ ചിട്ട വിട്ട്ട്ടൊന്നും ഇഷ്ടല്ല...." പുസ്തകം തുറന്ന് ലേഖനമുള്ള താള്‍ തുറന്ന് നീട്ടി. രാമദാസ് പണിക്കര്‍ എന്ന ആ ആസ്വാദകനെ പിന്നീട് നേരില്‍ പരിചയപ്പെടുന്നത് രണ്ടേകാല്‍ പതിറ്റാണ്ടെങ്കിലും കഴിഞ്ഞാണ്. ആദ്യം ഫെയ്സ്ബൂക്കിലൂടെ -- കഥകളിസംബന്ധിയായൊരു ഗ്രൂപ്പില്‍ . പിന്നീട് നേരിട്ട് -- വാസുവേട്ടന്‍ ലേഖനം കാട്ടിത്തന്ന അതേ മുറിയില്‍വച്ച്.

കേള്‍ക്കാന്‍ ആളുണ്ടെങ്കില്‍ അഭിപ്രായങ്ങള്‍ പറയാന്‍ ആവേശം കൂടും വാസുവേട്ടന്. ചെര്‍പ്ലശ്ശെരിയില്‍ എന്റെ ബന്ധുവീട്ടില്‍ ഒരു വിശേഷത്തിനു വന്നതാണ് വാസുവേട്ടന്‍ . എങ്ങനെ കഥകളിയിലേക്ക് കൂടുതല്‍ ആള്‍ക്കാരെ വരുത്താം എന്നൊരു ചര്‍ച്ച എങ്ങനെയോ അവിടേ ഉരുവംകൊണ്ടു. മുറ്റത്തെ പന്തലിനു ചേര്‍ന്നുള്ള ഇറയത്ത്‌ കസേരമേല്‍ വലിയ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി വാസുവേട്ടന്‍. കൌതുകപൂര്‍വം പലരും കേട്ടിരിക്കെ പെട്ടെന്ന് അദ്ദേഹം ശബ്ദം താഴ്ത്തി. മുഖത്ത് പരുങ്ങല്‍ ഭാവംകൊണ്ട് എഴുന്നേറ്റു. പലരും അപ്പോഴാണ്‌ ശ്രദ്ധിച്ചത്. പടി കടന്നു വരുന്നത് വലിയ കാരണവര്‍: കലാമണ്ഡലം രാമന്‍കുട്ടി നായര്‍. പട്ടുജുബ്ബയും വീതിക്കര മുണ്ടും. പടിക്കെട്ടിലെ തൂണില്‍ കൈപിടിച്ച് ചെരിപ്പൂരി. "ഹൂം, വാസു യെപ്പ്ളെ വന്ന്?" എന്നൊരു ചോദ്യം. "കൊറച്ച് നേരായി," എന്ന മറുപടി പതിഞ്ഞ ഒച്ചയില്‍, ആശ്രിതത്വം ശ്രുതിയാക്കി, തല ചൊറിഞ്ഞ്.... "ഹൂം" എന്ന് വീണ്ടും മൂളി ആശാന്‍ അകത്തേക്ക് കയറിപ്പോയി.

ശേഷം, അന്നേനാളത്തെ ആ പ്രസംഗം തുടക്കത്തിലെ ഗൌരവം പ്രാപിക്കാന്‍ പണിപ്പെട്ടു.

തൊണ്ണൂറുകളുടെ തുടക്കം. 'കര്‍ണ്ണശപഥം' ധാരാളമായി അരങ്ങില്‍ക്കണ്ട് ചെടിച്ചുതുടങ്ങിയ കാലം. വള്ളുവനാട്ടിലെ മലമക്കാവില്‍ മുത്തശ്ശിയുടെ വീട്ടില്‍ താലപ്പൊലിക്ക് പോയപ്പോഴുണ്ട് അമ്പലത്തില്‍ പതിവില്ലാതെ കഥകളി. മാലിയുടെ കഥ മാത്രം. തീയ്യാടി മുറ്റത്തുനിന്ന് നോക്കിയാല്‍ കാണാം വേദിയും അണിയറയും. ട്രൂപ്പ് ബസ്സ് വന്ന് ആലിന്‍ചുവട്ടിനു ലേശം നീക്കി നിര്‍ത്തി. ഇറങ്ങിവരുന്ന കലാകാരന്മാര്‍ പരിചയക്കാര്‍.

വൈകിട്ട് ചായ കുടിക്കാന്‍ വന്നപ്പോള്‍ തൊട്ടുമുന്നത്തെ മാസം വിദേശത്തു പോയ കഥകള്‍ നര്‍മം കലര്‍ത്തി പറഞ്ഞ വാസുവേട്ടന്‍ അന്നേ രാത്രി കുന്തീപുത്രനെ അവതരിപ്പിച്ചു കണ്ടപ്പോള്‍ രണ്ടും ഒരാളോ എന്ന് അത്ഭുതപ്പെട്ടു. മനസ്സിനും പേശികള്‍ക്കുമീതെയും നിയന്ത്രണമുണ്ടെങ്കില്‍ മെലോഡ്രമാറ്റിക്ക് രംഗങ്ങള്‍ക്ക് കാന്തി വര്‍ദ്ധിക്കുകയേയുള്ളൂ എന്ന് മനസ്സിലായിക്കിട്ടി.

അന്നത്തെ കളിക്ക് മേളം കൊട്ടിയവരില്‍ ചെണ്ടക്കാരന്‍ ആ നാട്ടുകാരനായിരുന്നു. കലാമണ്ഡലം പ്രഭാകര പൊതുവാള്‍. ക്ഷേത്രത്തിനു ചേര്‍ന്നുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പിറ്റേന്ന് പകല്‍ ഒന്നുപോയി. വര്‍ത്തമാനത്തില്‍ വാസുവേട്ടനും വിഷയമായി കടന്നു വന്നു. കര്‍ണന്‍ അസ്സലായെന്ന് ആതിഥേയനും പറഞ്ഞു. "പക്ഷെ.... ദൊന്ന്വല്ല.... അങ്ങോര്ടെ ധി-ത്താ-ത-ത്ത-ദി-ത്ത-ത്ത-ത്തക്ക് വേണം കൊട്ടാന്‍. ഹേയ്.... കളിച്ച് അയളക്കും മത്യാവല് ല്യ; കൊട്ടി നിയ്ക്കൂല്യാ മത്യാവലേയ്..."

കാലിന്റെ ബലം, സാധകം, സിദ്ധി.

അങ്ങനെയിരിക്കെയാണ് ഡേവിഡ്‌ ബോളണ്ട് എന്ന കഥകളിപണ്ഡിതന്‍ സായ്പ്പ് ദശകങ്ങള്‍ക്ക് മുമ്പ് ഷൂട്ട് ചെയ്ത ചില കഥകളി വീഡിയോവില്‍ കാണാന്‍ ഇടയാവുന്നത്. അന്തരിച്ച മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ കുടുംബക്കാരനായ ഒരു വടക്കേ മലബാറുകാരന്‍ ചെറുപ്പക്കാരന്‍ സുഹൃത്താണ് അദ്ദേഹത്തിന്റെ തൃപ്പൂണിത്തുറ വീട്ടില്‍ കാസറ്റ് ഇട്ടു കാണിച്ചു തന്നത്. ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ ഉദ്യോഗസ്ഥന്‍ കെ. രാജ് മോഹന്‍.  
Drawings By Sneha

അതില്‍ 1956ലെ ഒരു  സൌഗന്ധികം അരങ്ങിന്‍റെ ചീളുണ്ട്. കുമാരന്‍ നായാശാന്‍റെ ഹനൂമാന് വാഴേങ്കട കുഞ്ചു നായരുടെ ഭീമന്‍. ഏട്ടനെ തൊഴുത്ത ശേഷം, "എല്ലായെപ്പോഴും (അങ്ങയുടെ) കരുണ ഉണ്ടാവുമല്ലോ" എന്ന് കാട്ടുന്നൊരു കഷ്ണമേ കാണാനാവൂ. അതിലെമാത്രം ശരീരഭാഷ ശ്രദ്ധിച്ചാല്‍ മതി വാസുവേട്ടന്‍റെ കയ്യൊപ്പിന്‍റെ പ്രാഗ് രൂപം പിടിച്ചെടുക്കാന്‍. എന്നിരിക്കിലും കാലിന് സ്പ്രിംഗ് വച്ചതുപോലുള്ള അനക്കങ്ങള്‍ കുടുംബപരമാവാനെ തരമുള്ളൂ. അനിയനായ മദ്ദളക്കാരന്‍ കോങ്ങാട് സുകുമാരനും തിമിലക്കാരന്‍ കസിന്‍ (അന്തരിച്ച) കോങ്ങാട് വിജയനും ഒക്കെയുണ്ട് ആവിധം നടത്തം. എന്തിനധികം, വാസുവേട്ടന്റെ ശിഷ്യരില്‍ ചിലര്‍ക്കുപോലുമുണ്ട് ഈ സവിശേഷത എന്ന് (പിന്നീട്) ശ്രദ്ധിച്ചിട്ടുണ്ട്.

വൈകാതെ സദനത്തില്‍ ജോലിക്കാരനായി ഞാന്‍. ട്രൂപ്പിനെ കൂട്ടി തെക്ക് പാലാ രാമപുരത്ത് ഒരു വേനല്‍ കളി. രണ്ടാമത്തെ (ഒടുവിലത്തെ) കഥ ദുര്യോധനവധം. അതിലെ ആദ്യാവസാന വേഷക്കാരന്‍ മാത്രം നേരിട്ട് കളിസ്ഥലത്തെത്തുകയെ ഉള്ളൂ എന്നാണ് സംഘാടകരുമായുള്ള കരാര്‍ . അത് വാസുവേട്ടന്‍.

റബ്ബര്‍ മരത്തോട്ടങ്ങള്‍ താണ്ടി, ഉച്ചതിരിഞ്ഞ് അമ്പലത്തിനടുത്ത് ഇറങ്ങി ചുറ്റുവട്ടത്തെ ഒരു വീട്ടില്‍ ചായക്ക് ഞങ്ങള്‍ ട്രൂപ്പ് അംഗങ്ങള്‍ ചെന്നപ്പോള്‍ അവിടെ പൂമുഖത്ത് കാരണവര്‍ക്കൊപ്പം ഇരുന്ന് പാക്ക് വെട്ടി, വെറ്റിലമുറുക്കി വലിയവായില്‍ വാസുവേട്ടന്‍ -- "നിങ്ങളൊക്കെ പ്പ്ളെ വര്ണുള്ളൂ ലേ" എന്ന മട്ടില്‍ ചിരി.

'ദുര്യോധനവധ'ത്തിലെ നായകന്‍റെ പതിഞ്ഞ ശൃംഗാരപദം അവിടെനിന്നേ വാസുവേട്ടന്‍റെ ആകെ കാണാന്‍ സാധിച്ചിട്ടുള്ളൂ. (മറ്റുള്ളവരുടെത് പോലും വല്ലപ്പോഴും മാത്രമേ കണ്ടിട്ടുള്ളൂ.)

1995 മെയ് മാസത്തിനൊടുവില്‍ സദനത്തില്‍ കീഴ്പടം അശീതിയാഘോഷങ്ങള്‍ക്ക് വേദിയില്‍ കയറേണ്ട ചുമതല എനിക്ക് ബാദ്ധ്യത പോലെയെന്തോ ആണ് എന്ന് മനസ്സിലാക്കിയ വാസുവേട്ടന്‍ ഞാന്‍ മൈക്കിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ "ങ്ഹാ.... അങ്ങ്ട് പറയ്ടോ.... ഹല്ലാ പിന്നെ..." എന്ന മട്ടില്‍ എന്നെ നോക്കി തല മേല്‍പ്പോട്ടാട്ടും. അന്നെനാള്‍ അവിടെ വീഡിയോ ക്യാമറയുമായി വന്ന സുഹൃത്ത് രാജ് മോഹനുമായി സംസാരിക്കുന്നത് കണ്ടു.

ആ വര്‍ഷമൊടുവില്‍ ദല്‍ഹിക്ക് വണ്ടിപിടിച്ച ഞാന്‍ പിറ്റത്തെ കൊല്ലം നാട്ടില്‍ ഹാജറായി -- മാങ്ങയെറിഞ്ഞ വടി പോലെ. കുറേ അലഞ്ഞശേഷം ജോലിയാവാതെ തിരികെ പോന്നതാണ്. അല്ലറചില്ലറ ഫ്രീലാന്‍സ് ചെയ്തു കഴിയുന്ന ആ ഓണക്കാലത്ത് ഗോപിയാശാന്‍റെ ഷഷ്ടിപൂര്‍ത്തിയാഘോഷത്തെ സംബന്ധിച്ച ആദ്യ കൂടിയാലോചനായോഗം ഗുരുവായൂര്. ചായക്കിടെ എന്നെ കണ്ടപ്പോള്‍ വാസുവേട്ടന്‍ വെളുക്കെ ചിരിച്ചു. സ്വന്തം കഥ നേരമ്പോക്കായി കേള്‍പ്പിച്ചപ്പോള്‍ മറുപടി: "അല്ലെയ്ങ്കിലും താന്‍ അങ്ങന വേഗം നാടുവിടും ന്ന് ആരും കര്തീട്ട്ല്യാക്ക്യാ..." ഇനി ഇടയ്ക്കൊക്കെ അവിടിവിടെ കാണാമല്ലോ എന്ന് തമാശ. "കോങ്ങാട്ടില്യ്ക്ക് എറങ്ങ്വാ ന്ന്..."

അക്കൊല്ലംതന്നെ വാസുവേട്ടന്‍റെ നാട്ടിലേക്ക് പോവുകയുണ്ടായി. യാത്രാകുതുകിയായ സഹൃദയന്‍ ഗിരീഷ്‌ വര്‍മ എന്ന സുഹൃത്തിനൊപ്പം. അമ്പലത്തിനു പിന്നിലെ വഴി തുടങ്ങുന്നിടത്തെ വീടിന്റെ  പടിക്കല്‍ ചെന്നപ്പോള്‍ സുഭദ്രേടത്തി ഇറയത്ത്‌. ആശാന്‍ സ്ഥലത്തില്ല. "വെറുതെ ഈ വഴിക്ക് വന്നതാ... തിരക്കിലാണ്," എന്ന് ഞാന്‍. പിന്നെ ഇത്രകൂടി: "ജോലിയായി. ഡല്‍ഹിയിലേക്ക് പോവുകയായി എന്ന് വാസുവേട്ടനോട് പറയണം."

കേരളത്തില്‍ അവധിക്ക് വരുമ്പോള്‍ കിട്ടുന്ന കളികളില്‍ ചിലപ്പോഴൊക്കെ വാസുവേട്ടനേയും കാണും. അങ്ങനെയിരിക്കെയാണ് അതുണ്ടായത്.

കൊല്ലം 2005. കാര്യപ്പെട്ടൊരു പുരസ്കാരം വാങ്ങാന്‍ വാസുവേട്ടന്‍ തലസ്ഥാനനഗരിയിലേക്ക് വരികയാണ്. കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ്‌. രണ്ടു കളിയുണ്ട് ഡല്‍ഹിയില്‍ എന്നുമറിഞ്ഞു. ഉത്സാഹമായി.

മഴക്കാലം കഴിഞ്ഞിട്ടേയുള്ളൂ. നഗരത്തിന്റെ ഒത്ത മദ്ധ്യത്തില്‍ മണ്ടീ ഹൌസ് എന്ന പച്ചത്തുരുത്തിന് ചേര്‍ന്നുള്ള അക്കാദമിയില്‍ത്തന്നെയാണ് ആദ്യത്തെ പരിപാടി. പുല്ലുവിരിച്ച വളപ്പിന്റെയും അപ്പുറത്ത് അരയാലിനു താഴെയുള്ള മേഘദൂത് ഗ്യാലറി താണ്ടിയുള്ള മൂലയ്ക്കലെ ചെറിയ വേദിയില്‍ സന്ധ്യക്ക്.  കീചകവധം. ഒറ്റ രംഗം മാത്രം: "ഹരിണാക്ഷി". അടിച്ചുതളിക്കാരിയെന്നു ധരിച്ച സൈരന്ധ്രിയെ രാജാവ് ഭക്ഷണം കൊണ്ടുവരുവിക്കാന്‍ എന്ന വ്യാജേന കൊട്ടാരത്തിലെ കിടപ്പുമുറിയിലേക്ക്‌ ക്ഷണിക്കുന്ന പദവും മറുപടിയും തുടര്‍ന്നുള്ള കശപിശയും. കഷ്ടി ഒരു മണിക്കൂര്‍.

നോക്കിനായി വേഷം തിരതാഴ്ത്തിയപ്പോള്‍ ഇരുപതു കൊല്ലം മുമ്പ് കലാമണ്ഡലത്തില്‍ കണ്ട നരകാസുരകാന്തി ഓര്‍മിച്ചുപോയി. കാലത്തിന്റെ പരിക്കൊന്നും വാസുവേട്ടന്റെ കത്തിക്ക് പറ്റിയിട്ടില്ല. കൌതുകമുള്ള ചില ഉരുപ്പടികള്‍ക്ക് മാറ്റവുമില്ല. രണ്ടുവശത്തേക്ക് മുഖം പയ്യെ കൊണ്ടുപോയി ഒടുവില്‍ കണ്ണെറിയുന്നതിനു തൊട്ടുമുന്നെ ദൃഷ്ടി മറ്റേയറ്റത്ത് കൊണ്ടുപോയി തൊടുക്കുന്നത് ഒരുദാഹരണം. തിരനോക്കിന്റെ അവസാനഭാഗത്ത് ഇരുകൈയിലേയും കൊട്ടയുത്തരീയം കുഴയിളക്കിക്കൊണ്ട് മുന്നാക്കം കൊണോടുകോണ്‍ നീക്കുമ്പോള്‍ കണ്ണിന്റെ കൃഷ്ണമണികള്‍ അതിന് ഇടഞ്ഞുകൊണ്ട് ഇടംവലം ചലിക്കുന്നത് വേറൊന്ന്.

എന്നിരിക്കിലും സ്ത്രീവേഷം വന്നശേഷം പദം ആടിത്തുടങ്ങിയപ്പോള്‍ കാലിന് അസ്വാസ്ഥ്യം ഉള്ളതായി തോന്നി. തുടര്‍ന്ന് അതുറപ്പായി. രംഗം കഴിഞ്ഞപ്പോള്‍ വേദിയിലേക്ക് വന്ന നിരൂപക ലീലാ വെങ്കിട്ടരാമന്റെ പക്കല്‍നിന്ന് പൂച്ചെണ്ട് ഏറ്റുവാങ്ങിയത് ചിരിച്ചുകൊണ്ടാണെങ്കിലും വേദനയുടെ കാഠിന്യം വാസുവേട്ടന്റെ മുഖത്ത് വ്യക്തമായിരുന്നു.

പിറ്റേന്ന് അദ്ദേഹത്തെ കാണേണ്ടതുണ്ട്. 'ടൈംസ് ഓഫ് ഇന്ത്യ'യിലെ മലയാളി സുഹൃത്ത് അമൃത് ലാലിന് പത്രത്തിലേക്കായി ഇന്റര്‍വ്യൂ ചെയ്യണം. (കൂട്ടത്തില്‍ യുഎന്‍ഐ വാര്‍ത്താ ഏജന്‍സിക്കായി എനിക്കും ഒരു ഫീച്ചര്‍ തയ്യാറാക്കാന്‍ മോഹം.) യമുനക്ക് കിഴക്ക് ദില്‍ഷാദ് ഗാര്‍ഡനിലാണ് വാസുവേട്ടന്‍ അവാര്‍ഡ്‌ കൈപ്പറ്റിയ ശേഷമുള്ള താമസം. മകള്‍ ശ്രീകലയുടെ വീട്ടില്‍.

ഓട്ടോറിക്ഷ പിടിച്ച് ലേശം പണിപ്പെട്ടാണ് ഫ്ലാറ്റ് കണ്ടുപിടിച്ചത്. വാതില്‍ തുറന്നത് ശ്രീകല. ഭര്‍ത്താവും കുട്ടികളുമൊത്ത് താമസിക്കുന്ന കുടുംബിനി. അകത്തേക്കിരുത്തി. ഉമ്മറത്തേക്ക് ആദ്യം വന്നത് വാസുവേട്ടന്റെ കൂടെ വന്നിട്ടുള്ള ജേഷ്ടന്‍ ഗോപാല പിഷാരോടിയാണ്. നരച്ച താടിയിക്കിടയില്‍ തെളിയുന്ന പ്രസന്നമായ മന്ദഹാസം. പിന്നാലെ ചായ എത്തി.

വാസുവേട്ടന്‍ വന്നത് ചുവരില്‍ പിടിച്ചുപിടിച്ചാണ്. എന്റെ ഉള്ളാന്തി. കാര്യങ്ങളുടെ ഗൌരവം കാട്ടാതിരിക്കാന്‍ ഏവര്‍ക്കും അതിലധികം പരിഭ്രാന്തി. "കഴിഞ്ഞ്ട്ട് ല്യാ... നാളീം ണ്ടൊരു കളി..." ചിരിവിടാതെ വാസുവേട്ടന്‍. "അത് പിന്നെ (നളചരിതം) മൂന്നാം ദിവസം ബാഹുകന്. കൊറെയൊക്ക ഇരുന്ന്ട്ട് കഴിച്ചൂട്ടാം...."

മുട്ടുമടക്കി സോഫയിലേക്കാഴ്ന്ന് മുതുകുപതിച്ചു. "ഉഴിച്ചില്‍ല്ല് പെഴച്ചതാ ന്നാ ഇംഗ്ലീഷ് ഡോക്ടര്‍മാര് പറയണ്...." അക്കൊല്ലം വേനലില്‍ ദൂരദര്‍ശനില്‍ വന്ന നളചരിതം റെക്കോര്‍ഡിങ് വരെ വലിയ ദോഷമില്ലാതെ പോയെന്നും അവിടന്നങ്ങോട്ട് ഏറ്റ കളികള്‍ മുടക്കണ്ടാ എന്നുകരുതിയത് അബദ്ധമായെന്നും അഭിപ്രായപ്പെട്ടു.

വൈകാതെ ചോദ്യോത്തരം തുടങ്ങി. തടസ്സമില്ലാതെ തുടര്‍ന്നു. കൃത്യമായ ചോദ്യങ്ങള്‍ക്ക് ചിന്തയും ചാതുരിയുമുള്ള മറുപടി. പിരിയാന്‍ നേരമായെന്നു തോന്നി ഞങ്ങള്‍ എഴുന്നേറ്റു. "ഊണ് കഴിച്ചിട്ടാവാം പോക്ക്" എന്ന് വാസുവേട്ടന്‍. അതിനെതായാലും സമയമില്ല.

"കക്ഷി വളരെ articulate ആണല്ലേ!" റോഡിലെത്തിയപ്പോള്‍ അമൃതിന്റെ വിലയിരുത്തല്‍. ഇരുവരും അവരവരുടെ പണിസ്ഥലങ്ങളിലേക്ക് പുറപ്പെട്ടു.

നാട്ടില്‍നിന്ന് വാസുവേട്ടനെ കുറിച്ച് തുടര്‍ന്നുകേട്ട വാര്‍ത്തകളൊന്നും സുഖകരമായിരുന്നില്ല. നാലരക്കൊല്ലം ചികിത്സയും പ്രാര്‍ത്ഥനയുമായി അരങ്ങുകാണാതെ കഴിച്ചുകൂട്ടേണ്ടിവന്നു. വീണ്ടും കുറേശ്ശെ നടക്കാന്‍ തുടങ്ങിയപ്പോള്‍ വൈകിട്ട് ഷാരത്തിനു പക്കലുള്ള തിരുമാന്ധാംകുന്ന് ഭഗവതിയെ തൊഴാന്‍ പോവും. അത്തരമൊരു ഉദ്യമത്തിലെ പ്രദക്ഷിണത്തിനിടെ അയല്‍പക്കത്തെ യുവ കഥകളിഗായകന്‍ കോട്ടക്കല്‍ മധു ഒരു ടീവി അഭിമുഖത്തിനായി പാടിയ പദത്തിലെ "നളനെ ആര്‍ കണ്ടു" എന്ന വരി വാസുവേട്ടനില്‍ ഉണ്ടാക്കിയേക്കാവുന്ന വികാരവിക്ഷോഭത്തെ അനുമാനിച്ച് നിരൂപകന്‍ എന്‍.പി. വിജയകൃഷ്ണന്‍ 'മാതൃഭൂമി' വാരാന്ത്യപ്പതിപ്പില്‍ എഴുതിയത് അന്യനാട്ടിലിരുന്ന്‍ വായിച്ചു.

ഒടുവില്‍ ശുഭ വാര്‍ത്തയറിഞ്ഞു. വാസുവേട്ടന്‍ വീണ്ടും വേഷം കെട്ടുന്നു; അല്ല കെട്ടി. തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍. ഇഷ്ടദേവതക്ക് മുന്നില്‍. ദക്ഷനായി. ചെറിയ തോതില്‍. പക്ഷെ പ്രോല്‍സാഹകജനകമാം വിധം.

മദിരാശിയിലേക്ക് കൂടുമാറിയ ഞാന്‍ 2009 വേനലില്‍ നാട്ടില്‍ അവധിക്ക് വന്നു. സകുടുംബം. രാമന്‍കുട്ടിനായരാശാന്റെ ശതാഭിഷേകമാണ് ലാക്ക്. നേരെ പാലക്കാട്ടാണ് വണ്ടിയിറങ്ങിയത്. ചെര്‍പ്ലശ്ശേരി ബന്ധുക്കളടക്കം പരിചയക്കാര്‍ നിരവധി. തല്‍ക്കാലം ആരെയും ബുദ്ധിമുട്ടിക്കണ്ട. കാവുവട്ടത്ത് സത്രത്തില്‍ മുറിയെടുത്തു.

അന്നേനാള്‍ പട്ടണത്തില്‍ വലിയ ഹാളില്‍ തുടങ്ങുകയായി രണ്ടു ദിവസത്തെ പിറന്നാളാഘോഷം. അപ്പോഴാണ്‌ അറിയുന്നത് അതേ സന്ധ്യക്കുതന്നെ ഗുരുവായൂര് വാസുവേട്ടന്‍ കളിക്കുന്നു. നളചരിതം നാലിലെ  ബാഹുകന്‍. ഇടയിളക്കമായി; പക്ഷെ വേഗം ഉറപ്പും ആയി. യാത്ര ചെയ്ത് ലേശം അലച്ചിലുണ്ടായാലും സാരമില്ല; ചരിത്രമുഹൂര്‍ത്തം നഷ്ടപ്പെടുത്താന്‍ വയ്യ. കണക്ക് നോക്കിയാല്‍ ആശാന്റെ എണ്‍പത്തിനാലാം പിറന്നാള്‍ പിറ്റേ ദിവസമാണ്. അതിനു മുമ്പെന്നല്ല, അന്നേ രാത്രിയിലെ കളിക്കുപോലും അര്‍ദ്ധരാത്രിയോടെ വന്നുചേരാം.

പട്ടാമ്പി ബസ്സ്‌ പിടിച്ചു. അവിടെയിറങ്ങി മാറിക്കയറി. ഗുരുവായൂര് ഇറങ്ങിയപ്പോള്‍ നടക്കല്‍ പരിചിത മുഖങ്ങള്‍. കെ ബി രാജ് ആനന്ദ്, കുഴിക്കാട്ട്‌ പ്രദീപ്‌, ഇ എന്‍ നാരായണന്‍, വിനൂ വാസുദേവന്‍... പിന്നെ ബന്ധു ആനന്ദ് കേശവന്റെ ഒപ്പം അയാളുടെ കസിന്‍ മുണ്ടൂര് പുതിയേടത്തെ വിവേക്. അത് വേറെ ആരുമല്ല, അളിയന്‍.

അണിയറയില്‍ പച്ചതേക്കുന്ന വാസുവേട്ടനെ കണ്ടപ്പോള്‍ മനം കുളിര്‍ത്തു, കണ്ണുനിറഞ്ഞു. സന്ധ്യ മയങ്ങിയപ്പോള്‍ കളി തുടങ്ങി. ശിഷ്യര്‍ ഹരിപ്രിയാ നമ്പൂതിരിയുടെ ദമയന്തി, അരുണ്‍ വാരിയരുടെ കേശിനി. വിശേഷപ്പെട്ടൊരു തിരിച്ചുവരവിന് ഭക്തജനം സാക്ഷിയാവാന്‍ പോവുന്നു. സ്വല്പ പുണ്യയായേന്‍ ഞാനോ...

കാര്യമായ സന്നാഹത്തോടെയും ആരവമുള്ള ആള്‍ബലത്തോടെയും ആണ് അണിയറയില്‍നിന്ന് വാസുവേട്ടന്‍ അരങ്ങത്തേക്ക് വരുന്നത് കണ്ടത്. ഒരുപുറം സഹപ്രവര്‍ത്തകന്‍ കലാമണ്ഡലം കൃഷ്ണകുമാര്‍. മറ്റേ ഭാഗത്ത് കണ്ട ചെറുപ്പക്കാരന്‍ അയല്‍വാസി വല്‍സന്‍ എസ് പി ആയിരുന്നുവെന്ന് പിന്നീടറിഞ്ഞു.

തിരശീല മാറ്റി. ആട്ടവിളക്കിന് അകലെയല്ലാതെ ചിന്താമഗ്നനായി ദൃഷ്ടി മേലോട്ട് പിടിച്ചിരിക്കുന്ന ബാഹുകന്‍. പിന്നാക്കം ഓര്‍മ്മകള്‍ പോവുന്നത് സഹൃദയര്‍ക്കുകൂടി. ശരീരം മുഴുവന്‍ വഴങ്ങിക്കിട്ടാത്തതിന്റെ പരിമിതി മുദ്രകള്‍ പൂര്‍വാധികം ഒതുക്കിയും മുഖഭാവങ്ങള്‍ക്ക് ആക്കം കൊടുത്തും അരങ്ങില്‍ വിന്യസിച്ചു കണ്ടു. പിന്നെ, സ്വന്തം പത്നിയുടെ രണ്ടാം വിവാഹത്തിന് താന്‍ സേവിക്കുന്ന രാജാവിനെ ശീഘ്രം തെളിച്ചുകൊണ്ടുവന്ന തേരിലേ പൂക്കളിള്‍ തൊട്ടതും അവ വീണ്ടും തളിര്‍ത്തതു കാണുമ്പോള്‍, ഹൃദയത്തില്‍ കൊള്ളുന്ന ആ ആട്ടവും: "എന്റെ ജീവിതവും ഇതുപോലെ എന്നാണ് ഇനിയും പ്രഫുല്ലമാവുക?"

Reinvention -- മനുഷ്യ ജീവിതത്തില്‍ ദശകള്‍ മാറുമ്പോള്‍ ബാഹുകനും കലാകാരനും ഒരുപോലെ പ്രസക്തമായ ആപ്തവാക്യം.

മടക്കം അളിയനുമൊത്ത് ബൈക്കില്‍ ചെര്‍പ്ലശ്ശേരി എത്തിയപ്പോഴേക്കും നല്ലവണ്ണം ക്ഷീണംതട്ടിയിരുന്നു. പക്ഷെ, പാതിര പിന്നിട്ടും വീണ്ടുമൊരു കളി വെളുക്കുവോളം കാണാന്‍ മനസ്സിന് ഊര്‍ജമുണ്ടായിരുന്നു.

രണ്ടുനാള്‍ കഴിഞ്ഞ് തൃപ്പൂണിത്തുറ ക്ലബ്ബ് വാര്‍ഷികം. കളിക്കോട്ടാ പാലസില്‍. വീണ്ടും വാസുവേട്ടനെ കാണാന്‍ സാധിച്ചു. സന്താനഗോപാലം ബ്രാഹ്മണന്‍. "ഇപ്പൊ ദാ, ങ്ങന്യൊക്ക ആയിട്ട്ണ്ട്," അണിയറയില്‍ കണ്ടപ്പോള്‍ അച്ഛനോട് വാസുവേട്ടന്‍ ചിരിച്ചുകൊണ്ട്. "എന്റെ ഇരിക്കപ്പൊറുതില്യായ കണ്ട് ഡോക്ടറ് പറയ്യേ 'താന്‍ നി അരങ്ങത്ത് കളിയ്ക്കെന്ന്യാ ഭേദം... അതേ തനിക്ക് മരുന്ന്ള്ളൂ'..."

അരങ്ങില്‍ ഒടുവിലത്തെ ശുഭരംഗത്ത് "അഞ്ചാമനേഷാ ബാലന്‍" എന്നിടത്ത് അര്‍ജുനന്‍ വാസുവേട്ടന് കൈമാറിയത് എന്റെ മൂത്ത മകനെയായിരുന്നു എന്ന് അദ്ദേഹം ധരിച്ചില്ല. അറിയിച്ചുമില്ല. 

തിരിച്ച് മദിരാശി എത്തിയപ്പോള്‍ ഗുരുവായൂര് എടുത്ത ചിത്രങ്ങള്‍ ചേര്‍ത്തു വച്ച് ചെറിയൊരു കുറിപ്പെഴുതി പല സുഹൃത്തക്കള്‍ക്കും ഇമെയില്‍ അയച്ചു:

Hi,
   Not many people seem to have witnessed what was sort of a historic occasion for Kathakali at the fag end the summer this year.
   Kalamandalam Vasu Pisharody staged a comeback to stage after four long years of being out of the circuit owing to a physical ailment. On May 15, towards the end of a sultry day in Guruvayur, the sexagenarian performed one of his critically acclaimed veshams: Bahukan in Nalacharitam Nalaam Divasam.
   For Sharody Vasuettan, as he is fondly called, the venue was significant: it was in the same temple town he began gaining name nearly four decades ago when he had made Guruvayur his camp after receiving training under the (late) Vazhenkada Kunchu Nair.
   For me too, the event was sort of a full circle. Because in 2005, when Vasuettan performed his last show after which he was forced to take a long hiatus, I was there in Delhi to watch it.
   You can't say Vasuettan is totally fit now. But one can't miss the point: when you lose easiness with a certain part of the body, you tend to improvise in certain ways. Vasuettan's characterisation of King Nala in disguise and the added force one could spot on his face while he emoted the pangs of the protagonist were a treat to watch -- more so from a master of the Kalluvazhi chitta, which is sometimes considered as too body-centric and coldly rigid in its grammar.
   With Vasuettan was his disciple Haripriya Namboodiri as Damayanti. Vasuettan's neighbour in his Palakkad small-town of Kongad, Kottakkal Madhu, was the main singer.

ഊഷ്മളമായി വന്ന മറുപടിക്കത്തുകളില്‍ വാസുവേട്ടന്റെ ശിഷ്യന്‍ ഏറ്റുമാനൂര്‍ കണ്ണന്റെ ചുരുങ്ങിയ വാചകങ്ങളില്‍ വലിയ ആഹ്ലാദം വായിച്ചെടുക്കാനായി.

ഒറ്റക്കും തെറ്റക്കും വാസുവേട്ടന്‍ പിന്നെയും വേഷം കെട്ടിത്തുടങ്ങി. പിന്നെ കൂടുതല്‍ വേദികളില്‍....

കൊല്ലം 2011ല്‍ കോട്ടക്കല്‍ ശിവരാമന്‍ ഒന്നാം ചരമവാര്‍ഷികം. വര്‍ഷക്കാലത്ത് കാറല്‍മണ്ണ മൂന്നു ദിവസത്തെ കളി. ഒടുവിലത്തെ സന്ധ്യക്ക് സുഭദ്രാഹരണം അര്‍ജുനന്‍ വാസുവേട്ടന്റെ ആയിരുന്നു നിശ്ചയിച്ചത്. വരുന്നില്ല എന്നറിഞ്ഞപ്പോള്‍ വിഷമം തോന്നി; പന്തികേടും.

ഇക്കഴിഞ്ഞ വര്‍ഷമൊടുവില്‍ തൃപ്പൂണിത്തുറ പ്രത്യേക കഥകളി. 'പത്തുപച്ച'യെന്ന് പേര്‍. ആറാമത്തെ സാത്വികവേഷം വാസുവേട്ടന്റെ ഊഴം. നളചരിതം മൂന്നിലെ ബാഹുകന്‍. വന്നുകയറിയതിനേക്കാള്‍ ബുദ്ധിമുട്ടിയാണ് പടികള്‍ ഇറങ്ങിയത്. പക്ഷെ അരങ്ങിലെ പ്രകടനത്തിലെ നടുത്തുണ്ടമായി വന്ന 'വിജനേ ബത മഹതി' എന്ന ശോകം നിറഞ്ഞ വിചാരപദം എന്നുമെന്നപോലെ ആലോചനാമൃതം.

വൈകാതെ പത്രവാര്‍ത്ത: കേരള സര്‍ക്കാറിന്റെ വര്‍ഷം തോറുമുള്ള ഒരു ലക്ഷം രൂപയുടെ കഥകളി അവാര്‍ഡ്‌ വാസുവേട്ടന്.

തിരിച്ച് ഡല്‍ഹിയിലെ കൊടും മഞ്ഞത്തെത്തി വൈകാതെ അറിഞ്ഞു: വാഴേങ്കട കുഞ്ചു നായര്‍ ട്രസ്റ്റിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് കാറല്‍മണ്ണയില്‍ ക്രിസ്മസ് ദിവസം നടന്ന "രജത രേഖ" കളിയില്‍ വാസുവേട്ടന്‍ വേഷം കെട്ടി. വീണ്ടും മൂന്നാം ദിവസം ബാഹുകന്‍. ഫെയ്സ്ബുക്ക്‌ ഗ്രൂപ്പില്‍ "ഇന്ദുമൌലി ഹാരമേ" എന്ന പദത്തിന്റെ യൂട്യൂബ് ശകലവും.

അറിയാതെ എഴുതിപ്പോയി:

"എന്നെനിക്കുണ്ടാകും യോഗം" എന്നിടത്ത് കണ്ണീര്‍ പൊടിച്ചത് ബാഹുകന്‍ മാത്രമോ?

ആശാന്‍തന്നെ തുടര്‍ന്ന്, പദത്തിനൊടുവില്‍, 'അറിയാം' എന്ന് മുദ്ര കാട്ടുന്നുണ്ട്.

ദുഃഖം തളംകെട്ടിയ മുഖത്തോടെയാണ് ആദ്യം വരുന്ന നീണ്ട ചോദ്യം എങ്കില്‍, കളരിബലത്തിന്‍റെ ഒതുക്കവും മൂര്‍ച്ചയും രണ്ടാമത്തേതില്‍ കാണാം.

ശുഭപ്രതീക്ഷക്ക് വകയുണ്ട്.

Article Category: 
Malayalam

Comments

sreechithran's picture

പ്രതീക്ഷകൾ...

അതുമാത്രം.

Vayikkan nalla sukham. Good folw. Sharodi maashude award adharikkalum , kaliyum naatilum (palakkad Puthur)undayinnum pokkamulla stagil kayaraan vishamichalum kali nannakinnum kettittundu. Kali lakaakki leave oppichu nattil pokunna pravaasiyude manassu ... aduthu kali varum enna pratheekshayode ulla kathirippu... Ethokke thanne nammalum.

1985-86 കാലത്ത് തിരുവനന്തപുരം കടക്കാവൂര്‍ നിന്ന് ആര്‍ കുട്ടന്‍ പിള്ള പ്രസിദ്ധീകരിച്ചിരുന്ന നൃത്യകലാരംഗം എന്ന ത്രൈമാസികത്തില്‍ രണ്ടു ലക്കങ്ങളിലായി ഞാന്‍ എഴുതിയ (കഥകളി സംബന്ധിയായി എഴുതിയ രണ്ടോ മൂന്നോ തോന്ന്യാസങ്ങളില്‍ ഒന്ന്) ലേഖനം ആണ് Sreevalsan പറയുന്നത്. വാസുവേട്ടനുമായി പരിചയപ്പെടുകയും അടുത്ത സൗഹൃദം സ്ഥാപിക്കുകയും ചെയ്തുകഴിഞ്ഞു അധികമായിട്ടില്ല. ശ്രീപത്മനാഭസന്നിധിയില്‍ ഒരു കിര്‍മ്മീരവധം ധര്‍മ്മപുത്രര്‍ (പാടാന്‍ ഗംഗാധരന്‍ ആശാനും ചെണ്ട മന്നാടിയാര്‍ ആശാനും) കണ്ടു വീണുപോയ കാലം. തിരുവനന്തപുരത്തും ചേര്‍ത്തലയിലും നീലേശ്വരത്തും ആയി മൂന്നു ദിവസം ദീര്‍ഘമായി സംസാരിച്ചു പറഞ്ഞവയെല്ലാം ഓര്‍മ്മയില്‍ നിന്ന് മുങ്ങി എടുത്ത് എഴുതിയത്. ആ ദിനങ്ങളെ ഓര്‍മ്മിപ്പിച്ചതിനു വളരെ വളരെ നന്ദി. വ്യത്യസ്ത വേഷങ്ങളില്‍ മനസ്സു നിറച്ച വാസുവേട്ടന്‍റെ അരങ്ങുകള്‍ വേദികള്‍ സഹിതം ഓര്‍മ്മിച്ചു എഴുതിയാല്‍ ഏറെ ഉണ്ടാകും. ശ്രീ വത്സന്‍റെ ഈ മനോഹരമായ സൌധത്തിന് മുന്നില്‍ നോക്കുകുത്തികള്‍ ആവശ്യമില്ല എന്നതിനാല്‍ അതിനു തുനിയുന്നില്ല അഭിനന്ദനങ്ങള്‍

ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ആകെ കൂടി ഒരു നഷ്ട ബോധം , മനസ്സില്‍ . സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോള്‍ ചിലപ്പോള്‍ ഏറ്റവും അധികം കണ്ട വേഷം ഷാരടി ആശാന്റെ ആകും... അക്കാലത്തു കോങ്ങാട് മാസം തൊഴലിന് രാവിലെ പോകുമ്പോള്‍ ഒരു തോര്‍ത്തും ഉടുത്തു അത്യാവശ്യം നല്ല വേഗത്തില്‍ പ്രദക്ഷിണം വെക്കുന്ന ഷാരടി ആശാനെ ഇപ്പോഴും ഓര്‍മ്മയുണ്ട് .. കണ്ടാല്‍ ചെറുതായി ഒരു കുശലാന്വേഷണവും മുത്തശ്ശിയെ കുറിച്ച് പ്രത്യേക അന്വേഷണവും പതിവായിരുന്നു .. 2005ല്‍ സംഗീതനാടക അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ച അന്ന് ആശാന് കളി പട്ടാമ്പി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ആയിരുന്നു ... ഗുരുവായൂര് പോയി തൊഴുതുന്നു കാട്ടി രാത്രി 8 ആയപ്പോഴേക്കും പട്ടാമ്പി എത്തി . ഗോപി ആശാനും MPS ആശാനും ഹൈദരാലി മാഷും ചേര്‍ന്ന ഒന്നാം ദിവസം ,പിന്നെ ഷാരടി ആശാന്റെ ബാലി വിജയം .. കളി തുടങ്ങുന്നതിനു മുമ്പ് ഒരു പ്രത്യേക അറിയിപ്പ് എന്നാ നിലയില്‍ ഷാരടി ആശാന് അവാര്‍ഡ് ലഭിച്ച കാര്യം അവിടെ announce ചെയ്തപോഴാണ് ഞങ്ങള്‍ ചിലവരൊക്കെ അറിയുന്നത് .. ഇതൊക്കെ എഴുതുമ്പോഴും ഒരു നഷ്ടബോധം എവിടോക്കയോ

'സാമ്യമകന്നൊരു' ആഖ്യാനം, വീണ്ടും.

'നളനെ ആർ കണ്ടു...' എന്ന വരിയിലേയ്ക്ക് ആശാൻ പ്രദക്ഷിണം ചെയ്തെത്തിയ സന്ധ്യ - ആ ലേഖനം അക്കാലത്ത് വായിച്ചിരുന്നു; വായിയ്ക്കേണ്ടിയിരുന്നില്ല എന്നു തോന്നുകയും ചെയ്തു... ഏതായാലും 'നിനച്ചോളമില്ലൂനം' എന്നു തന്നെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ അരങ്ങുകൾ സൂചിപ്പിയ്ക്കുന്നത് എന്നു വിചാരിയ്ക്കുന്നു.

ശ്രീവത്സശൈലിയ്ക്കു വീണ്ടും സാദർ പ്രണാം...

ആശാന്റെ (വരച്ച) ചിത്രം ഗംഭീരമായിട്ടുണ്ടെന്നു കൂടി...

ഈ പ്രാവിശ്യത്തെ ലേഖനം അതി ഗംഭീരം. ഓര്‍മകളുടെ ശക്തമായ ഒരു തേരോട്ടം (കാറ്റോട്ടം)തന്നെ. ഇഷ്ടപ്പെട്ടു വളരെയധികം, ഷാരോടി ആശാന്റെ ഇന്നത്തെ ആരോഗ്യ സ്ഥിതി മനസ്സില്‍ ചേര്‍ത്ത് വച്ച് ഇതു വായിക്കുമ്പോള്‍ കണ്ണില്‍ ഒരു നനവ്‌., ആ ആര്‍ദ്രത ചിലപ്പോള്‍ അത് തന്നെയാവാം എന്നെ ഇതിനോട് കൂടുതല്‍ അടുപ്പിക്കുന്നത്, ലേഖനത്തിലെ ചില ഉള്‍നാടന്‍ പ്രയോഗങ്ങള്‍ പറയാതെ വയ്യ.

ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് വെറുതെ ഒന്ന് Facebook നോക്കിയപ്പോഴാണ് ഈ update കണ്ടത്, പിന്നെ വായിച്ചു തീര്‍ത്തിട്ടെ ഇറങ്ങിയുള്ളൂ. പിന്നെ i-pod-ല്‍ ഹരിദാസേട്ടന്‍റെ "ഇന്ദുമൗലിഹാരമേ"യും കേട്ട് കൊടുംതണുപ്പില്‍പതുക്കെ വീട്ടിലേക്കു നടന്നപ്പോള്‍ വായിച്ചതൊക്കെ ഏതോ abstract-film പോലെ മനസ്സിലേക്ക് വന്നു.

അസ്സലായിരിക്കുന്നു വത്സേട്ടാ, ഇപ്പൊ ഒന്നങ്ങട് വായിച്ചു നിര്‍ത്തിയാല്‍ അടുത്തത് വരുന്നത് വരെയുള്ള കാത്തിരിപ്പാണ്.

വായിക്കാന്‍ നല്ല സുഖം തോന്നി, ഒപ്പം ഷാരടി ആശാനെ കുറിച്ച് കൂടുതല്‍ അറിയാനും സാധിച്ചു. കുട്ടിക്കാലത്ത് പല കളികള്‍ക്കും ആശാന്റെ വേഷം കണ്ടിട്ടുണ്ട്. (ഓര്‍മ്മയില്‍ കുറച്ചേ ബാക്കിയുള്ളൂവെങ്കിലും) ഒരുപാടു നന്ദി....

It is really as like Painkili kathakal.

Dear Shreevalsan,

A great article on Vasu Asan. But I"m more moved by your references on (late) Shri. Rajmohan, my great end erudite friend from National Insurance. He was a great scholar on all classical arts, particularly Kathakal. When video recordings of Kathakali programmes were not popular, he recorded more than 300 hrs of Kathakali programmes because of his sheer love for Kathakali. Aariyasuhrthinte smaranyil ashrupoornamaya pranamangal.

nothing to say
no sharati vasu
but parasuraman
the one and only chgaracter comes to my poor mind.
the article was really a helpful imprint to be kept in the heart

വാഴേങ്കട കുഞ്ചു നായര്‍ ട്രസ്റ്റിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് കാറല്‍മണ്ണയില്‍ ക്രിസ്മസ് ദിവസം നടന്ന കളി കാണാന്‍ എനിക്കും തരായി...വിചാരിക്കാതെ...

പൊതുവില്‍ ഗുരുനാഥന്‍മാരുടെയും പൂര്‍വ്വസൂരികളായ ആചാര്യന്മാരുടെയും സ്വാധീനം പിന്‍ തലമുറയില്‍ കാണുമ്പോള്‍ അവര്‍ ചെയ്തിരുന്ന വേഷങ്ങളെ അതുപോലെ തന്നെ അവതരിപ്പിക്കാനുള്ള ശ്രമം ആണ് കാണാറുള്ളത് എന്നാല്‍ കുഞ്ചുനായര്‍ ആശാന്‍റെ ശിഷ്യന്മാരില്‍ ശിവരാമേട്ടന്‍ കഥകളിയിലെ നായികമാര്‍ക്ക് പുതിയ മാനം നല്‍കുകയും വാസുവേട്ടന്‍ ആശാന്‍ ചെയ്തിട്ടില്ലാത്ത വേഷങ്ങളില്‍ പോലും ആശാന്‍ കൊണ്ടുവന്ന ചിന്താധാര വിളക്കിച്ചേര്‍ക്കുകയും ചെയ്തു. അതിനു ഉദാഹരണമാണ് കര്‍ണ്ണന്‍. എണ്‍പതുകളില്‍ ആണ്. വാരനാട് ക്ഷേത്രത്തില്‍ കലാമണ്ഡലം ട്രൂപ്പിന്റെ രണ്ടു ദിവസത്തെ കളി. അവിടെ എത്തിയ ആസ്വാദകരുടെ മുഖം മ്ലാനം. ട്രൂപ്പിലെ പ്രമുഖരായ മൂന്നു താരങ്ങള്‍ എത്തിയിട്ടില്ല. ഗോപി ആശാന്‍, കുറുപ്പാശാന്‍, കൃഷ്ണന്‍കുട്ടി പ്പൊതുവാളാശാന്‍ എന്നിവര്‍. ആദ്യദിവസം നാലാം ദിവസവും അടുത്ത ദിവസം കര്‍ണ്ണശപഥവും ആണ് ഗോപി ആശാന് വേണ്ടി നിശ്ചയിച്ചിരുന്ന കഥകള്‍. രണ്ടും വാസുവേട്ടന്റെ ആയി. അന്നാണ് ഞാന്‍ കര്‍ണ്ണന്‍ ആദ്യം കാണുന്നത്. ആദ്യ രംഗപ്രവേശത്തില്‍ തന്നെ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു കര്‍ണ്ണനെ ആണ് കാണുന്നത്. തുടര്‍ന്ന് വരാനിരിക്കുന്ന രംഗങ്ങളിലേക്ക് നയിക്കുന്ന ഒരു ഭാവം. കര്‍ണ്ണന്‍ ഗംഗാസ്നാനത്ത്തിനു പുറപ്പെടുന്ന ഇളകിയാട്ടം തികച്ചും വ്യത്യസ്തം പതിവ് കാഴ്ചകള്‍ ഒന്നുമല്ല ആടുന്നത്. അനുനിമിഷം കലുഷമായിക്കൊണ്ടിരിക്കുന്ന കര്‍ണ്ണന്റെ മനസ്സ് ആ മുഖത്ത് കാണാം. പരശുരാമന്റെ ശാപം ആദിക്കഴിഞ്ഞപ്പോള്‍ കര്‍ണ്ണന്റെ മനസ്സില്‍ വളരുന്ന സന്ദേഹം പ്രകടം.
ഈ ആട്ടം ഗോപി ആശാനും വാസുവേട്ടനും രണ്ടു വ്യത്യസ്ത തലങ്ങളില്‍ ഗംഭീരമായ അനുഭവം നല്‍കുന്നു. വണ്ട്‌ കടിച്ചു അവിടമാകെ ചോരയൊഴുകി പരക്കുന്ന ദൃശ്യത്തിന്റെ visual effect ആണ് ഗോപി ആശാന്‍ ഇത് ആടുമ്പോള്‍ അനന്യമായ ദൃശ്യസൌന്ദര്യത്തോടെ സൃഷ്ടിക്കുന്നത്. വാസുവേട്ടന്റെ കര്‍ണ്ണന്‍ മറ്റൊരു തലത്തില്‍. ആസന്നമായ ഭാരതയുദ്ധത്തില്‍ കൌരവരുടെ വിജയശില്പിയായി ദുര്യോധനന്‍ കാണുന്ന താന്‍ "പഠിച്ച വിദ്യകള്‍ ആവശ്യമായ സമയത്ത് പ്രയോജനപ്പെടാതെ പോകട്ടെ" എന ശാപഭാരം ശിരസ്സില്‍ പേറുന്നവനാണ് എന്ന ബോധ്യം നല്‍കുന്ന നിസ്സഹായതയും വിവശതയും തളര്‍ത്തിയവനാണ് എന്ന തിരിച്ചറിവുള്ളവന്‍. അവിടെ നിന്ന് "എന്തിഹ മന്‍ മാനസേ" എന്ന പദത്തിലേക്ക് കര്‍ണ്ണനോടൊപ്പം പ്രേക്ഷക മനസ്സുകളെയും നയിക്കുന്ന കര്‍ണ്ണന്‍. വളരെ ഹൃദയസ്പര്‍ശിയായ അനുഭവം.

Hai,.... read the article in full...... Heartfelt congrats for your control in language and the way of presentation.... Mookambika amma kooteyundavatte ennum...... as fara as Vasu asaan is concerned..... the way you presented his entry is waht exactly happens..... it will be at about 3 30 am the second Katha will begin.... first will be the Paadi.... still in my mind there comes Vasu Asaan's Cheriya Narakaasuran in OKAY Hall in Kodungallore... Kodungallore Club programme........ After padappurappad and Swargam Jayikkal.... Chenda and Maddalam artists are totally exhausted and still Vasu asaan is ready for another swargam jayikkal..... swargam in the minds of audience...
During Sathwikam in Thripunithura in 2012.... saw his Vijane batha mahathi....... Thava kinkaranennorka Siva kinkarananydhaaa.. ennu Kathakaliyodu parayunnathupole thonni.......
Congrats Sri. Thiyyadi.... Ajith

വാസുആശാനെ കുറിച്ചും ശ്രീവല്സേട്ടന്റെ 'എന്നെനിക്കു ണ്ടാകും യോഗം' എന്ന ലേഖനത്തെ കുറിച്ചും പിന്തുടര്‍ന്നു നടക്കുന്ന ഈ ചര്‍ച്ചകളും പലര്‍ക്കും ഉണ്ടായ അനുഭവങ്ങളും വായിക്കുമ്പോള്‍ ഒരു വല്ലാത്ത അനുഭൂതി .. ഇത് ഇങ്ങനെ ഒരു വഴിക്ക് തുടരട്ടെ എന്ന് പ്രത്യാശിക്കുന്നു .

രാമദാസേട്ടന്‍ പറഞ്ഞ കാര്യം(അനവധി ശിഷ്യന്മാര്‍ ഉണ്ടെങ്കിലും ഈ ശൈലി ആരും പിന്‍തുടരുന്നില്ല എന്ന് കാണുന്നതില്‍ ഖേദം ഉണ്ട്) എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. കഴിഞ്ഞ ആഴ്ച ശ്രീ വിനു Vinu Vasudevan വുമായി ഞാന്‍ ഇതിനെ കുറിച്ചു ഒരു ഒന്നൊന്നര മണിക്കൂര്‍ സംസാരിച്ചു (വെറുതെ..). ചില ചെറുപ്പക്കാരായ കലാകാരന്മാര്‍ എപ്പോഴോ അഭിപ്രായപെട്ട (നേരിട്ടല്ല) പ്രസ്തുത ശൈലി കൈകൊള്ളുംമ്പോള്‍ ഉള്ള നിലനില്പ്പില്ലായ്മ ആണത്രേ കാരണം എന്ന് ഞങ്ങള്‍ മനസ്സിലാക്കി. സത്യത്തില്‍ ഇതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ?

എന്തുതന്നെയായാലും ഒരു മഹത്തായ ശൈലി ഓര്‍മ്മ മാത്രമാകാതെ/ പുസ്തക താളുകളില്‍ മാത്രമായി ഒതുങ്ങാതെ നിലനിര്‍ത്താന്‍ കലാകാരന്മാര്‍ക്ക് തോന്നുമാറാകാട്ടെ.....

വാസുആശാനെ കുറിച്ചും ശ്രീവല്സേട്ടന്റെ 'എന്നെനിക്കു ണ്ടാകും യോഗം' എന്ന ലേഖനത്തെ കുറിച്ചും പിന്തുടര്‍ന്നു നടക്കുന്ന ഈ ചര്‍ച്ചകളും പലര്‍ക്കും ഉണ്ടായ അനുഭവങ്ങളും വായിക്കുമ്പോള്‍ ഒരു വല്ലാത്ത അനുഭൂതി .. ഇത് ഇങ്ങനെ ഒരു വഴിക്ക് തുടരട്ടെ എന്ന് പ്രത്യാശിക്കുന്നു .
 
രാമദാസേട്ടന്‍ പറഞ്ഞ കാര്യം(അനവധി ശിഷ്യന്മാര്‍ ഉണ്ടെങ്കിലും ഈ ശൈലി ആരും പിന്‍തുടരുന്നില്ല എന്ന് കാണുന്നതില്‍ ഖേദം ഉണ്ട്) എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. കഴിഞ്ഞ ആഴ്ച ശ്രീ വിനു Vinu Vasudevan വുമായി ഞാന്‍ ഇതിനെ കുറിച്ചു ഒരു ഒന്നൊന്നര മണിക്കൂര്‍ സംസാരിച്ചു (വെറുതെ..). ചില ചെറുപ്പക്കാരായ കലാകാരന്മാര്‍ എപ്പോഴോ അഭിപ്രായപെട്ട (നേരിട്ടല്ല) പ്രസ്തുത ശൈലി കൈകൊള്ളുംമ്പോള്‍ ഉള്ള നിലനില്പ്പില്ലായ്മ ആണത്രേ കാരണം എന്ന് ഞങ്ങള്‍ മനസ്സിലാക്കി. സത്യത്തില്‍ ഇതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ?

എന്തുതന്നെയായാലും ഒരു മഹത്തായ ശൈലി ഓര്‍മ്മ മാത്രമാകാതെ/ പുസ്തക താളുകളില്‍ മാത്രമായി ഒതുങ്ങാതെ നിലനിര്‍ത്താന്‍ കലാകാരന്മാര്‍ക്ക് തോന്നുമാറാകാട്ടെ.....

ഇപ്പോഴത്തെ ഈ ശാരീരിക അസ്വസ്ഥതയിലും കലയോടുള്ള/ കഥാപാത്രത്തിനോടുള്ള അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥത പുലര്‍ത്തല്‍ ‍ ഒരു സവിശേഷത തന്നെയല്ലേ ? ഈയിടെ രണ്ടു കുചേലവൃത്തങ്ങള്‍ ഉണ്ടായിരുന്നു (ജനുവരി 27നു പാറക്കടവ്, ഫെബ്രുവരി 17നു കോങ്ങാട് അടുത്ത് മമ്പുള്ളി ശ്രീകൃഷ്ണക്ഷേത്രം) രണ്ടിലും അദ്ദേഹത്തിന്‍റെ കുചേലന്‍‍ ഇതുവരെ കണ്ട (അദ്ദേഹത്തിന്‍റെ തന്നെയും, മറ്റു കലാകാരന്മാരുടെയും) കുചേലന്മാരില്‍ നിന്ന് വേറിട്ട്‌ വളരെ ഉയര്‍‍ന്ന നിലവാരം പുലര്‍‍ത്തിയിരുന്നു എന്ന്പറയാം. താഴ്ന്ന കാലത്തില്‍‍ വളരെ വിസതരിച്ചെടുത്ത 'അജിതാ ഹരേ' തികച്ചും വളരെ നല്ല അനുഭവം ഉണ്ടാക്കിയതായി തോന്നി. ഡോ: കണ്ണന്‍റെയും(@പാറക്കടവ്) ശ്രീ ഭാസിയുടെയും (@കോങ്ങാട്) കൃഷ്ണന്മാര്‍‍ അസ്സലാവുകയും ചെയ്തു .Samithi Natyadharmiഎടുത്ത വീഡിയോ ദൃശ്യങ്ങള്‍ അസൌകര്യമില്ലെങ്കില്‍ പങ്കുവെക്കാനപേക്ഷ ...

വാഴേങ്കട കുഞ്ചുനായര്‍ എന്ന ആചാര്യനെ അടിമുടി മനസ്സിലാക്കി, ഉപരിപ്ലവമായ അനുകരണത്തിലേക്ക് വഴുതിവീഴാതെ, ചിന്തിച്ചു, ഗുരുനാഥന്റെ മനസ്സിനെ അറിഞ്ഞു പ്രവര്ത്തിച്ചതുകൊണ്ടാണ് ശിവരാമേട്ടനും വാസുവേട്ടനും ആ പ്രകാശത്തിന്റെ വാഹകരാകാന്‍ കഴിഞ്ഞത്. ഹരിദാസേട്ടന്റെ സംഗീതത്തിനു മാധുര്യം ഉണ്ടായ വഴിയും അത് തന്നെ. എന്നാല്‍ പുതുതലമുറ ഉപരിപ്ലവമായ അനുകരണം പ്രസിദ്ധി നേടിത്തരും എന്ന് ചിന്തിക്കുന്നുവോ? അറിയില്ല. വാസുവേട്ടന്റെ പ്രഗത്ഭരായ ശിഷ്യന്മാര്‍ പോലും അരങ്ങത്ത് എത്തുമ്പോള്‍ ജനപ്രിയതയുടെ അനുകര്ത്താക്കളായി മാറുന്നുവോ? അതും എനിക്കറിയില്ല. Valsan. കഴിഞ്ഞ വര്ഷം വാസുവേട്ടനും ശിഷ്യന്‍ ചമ്പക്കര വിജയനും ബാഹുകനും ദമയന്തിയുമായ ഒരു നാലാം ദിവസം കണ്ടിരുന്നു. വിജയനെ ശിവരാമേട്ടന്റെ ചിന്താധാരകള്‍ ഉള്‍ക്കൊണ്ടു ചെയ്യാന്‍ വാസുവേട്ടന്‍ പ്രേരിപ്പിച്ചിരുന്നു എന്നത് ഈ കളി കണ്ട എനിക്ക് ഉറപ്പ്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്ന് മനസ്സ് നിറച്ച ഒരു നാലാം ദിവസം കണ്ടത്. കാല്‍ നൂറ്റാണ്ട് മുന്പ് വാരനാട് ആദ്യമായി കണ്ട വാസുവേട്ടന്റെ നാലാം ദിവസത്തിലേക്ക് എന്റെ മനസ്സിനെ അന്ന് അവര്‍ കൊണ്ടുപോയി. പാത്രബോധം, ഔചിത്യം ഇവയില്‍ ഉറച്ചുനിന്നുകൊണ്ടുള്ള കഥകളിയിലെ കുഞ്ചുനായര്‍ ശൈലി നിലനിര്‍ത്തുവാന്‍ വാസുവേട്ടന്റെ ശിഷ്യന്മാര്‍ (കണ്ണനും ഷണ്മുഖനും വിജയനും എല്ലാം ഉള്‍പ്പെടെ) മനസ്സിരുത്തണം എന്ന് അപേക്ഷിക്കട്ടെ.