“ഗുരുദേവ മാഹാത്മ്യം”കഥകളിക്കു പിന്നിൽ
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ “ഗുരുദേവ മാഹാത്മ്യം” അവതരണത്തിനു ശേഷം ഡിസംബർ 29ലെ “THE HINDU” പത്രവാർത്തയിൽ “Sadasivan, a casual labourer from Kadumangalam who was among the audience, said “I WATCHED THE ENTIRE KATHAKALI PLAY FOR THE FIRST TIME AND I COULD EASILY FOLLOW THE STORY. NOW I AM CONFIDENT THAT I CAN WATCH OTHER KATHAKALI PLAYS AS WELL AND FOLLOW THE STORY” ഈ വാർത്തയിലൂടെ കളിമണ്ഡലത്തിന്റെ “കഥകളി സാധാരണക്കാരിലേക്ക്” എന്ന ഞങ്ങളുടെ ദൗത്യം സഫലീകരിച്ചു.
ഈ പരിപാടിയുടെ ഭാഗമായി നേരത്തെ കുന്തി-കർണ്ണൻ സംവാദം അവതരിപ്പിച്ചും, തകഴിയുടെ ചെമ്മീൻ ആസ്പദമാക്കി ‘കറുത്തമ്മ’ അവതരിപ്പിച്ചും, കഥകളിയെ സാധാരണക്കാർ ഏറ്റെടുക്കുന്നതും ആസ്വദിക്കുന്നതും കണ്ടപ്പോൾ ഇനി ഒരു പുതിയ കഥ ചിട്ടപ്പെടുത്തി അവതരിപ്പിക്കണമെന്ന് തോന്നി. അങ്ങനെ ശ്രീനാരായണഗുരുവിനെ കുറിച്ച് ലളിതമായ ഭാഷയിൽ കഥകളി അവതരിപ്പിക്കണമെന്ന് തീരുമാനിക്കുകയും കലാമണ്ഡലം ഗണേശനുമായി ചർച്ച ചെയ്തു ആട്ടക്കഥ എഴുതുവാൻ ഏൽപ്പിക്കുകയും ചെയ്തു.
ശ്രീനാരായണ ഗുരുദേവ ചരിതം കഥകളിയാക്കുമ്പോഴത്തെ ഉത്തരവാദിത്വം മനസ്സിലാക്കി അതെപ്പറ്റി അറിയുന്ന ഒരാളെ അന്വേഷിക്കുമ്പോൾ ശ്രീ. കെ.ജി. കൃഷ്ണകുമാർ നിർദേശിച്ചതനുസരിച്ച് ശ്രീമദ് സൈഗൺ സ്വാമിയെ കാണുന്നതും. സ്വാമിയുടെ ഉപദേശങ്ങളും ചർച്ചകളും മാസങ്ങൾ നീണ്ടുനിന്നു. എന്നെ അപേക്ഷിച്ച്, പല പ്രതിസന്ധിഘട്ടങ്ങളിലും പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിക്കേണ്ടിവന്ന ഘട്ടത്തിലും പിടിച്ചു നിറുത്തി ധൈര്യം തന്നത് സൈഗൺ സ്വാമിയാണ്. കഥകളിയിലെ പ്രധാന കഥാപാത്രമായ ശ്രീനാരായണ ഗുരുദേവൻ - ജീവിച്ചിരുന്ന ആൾ - എങ്ങനെ കഥകളി പാരമ്പര്യ സാങ്കേതികത്വം മങ്ങലേൽക്കാതെ അവതരിപ്പിക്കും? നെല്ലിയോട് വാസുദേവൻ നമ്പൂതിരി, കോട്ടക്കൽചന്ദ്രശേഖര വാര്യർ, കലാമണ്ഡലം രാജശേഖരൻ, സദനം കൃഷ്ണൻകുട്ടി ആശാൻ, കലാനിലയം ഉണ്ണികൃഷ്ണൻ, വെള്ളിനേഴി അച്യുതൻകുട്ടി, പീശപ്പിള്ളി രാജീവൻ തുടങ്ങി പലരുമായി ചർച്ച നടത്തി. മിക്കവരും മുന്നോട്ടു പോകാൻ പ്രേരണ നൽകി. തുടക്കത്തിൽതന്നെ ഞാനും കലാമണ്ഡലം ഗണേശനും ഗുരുവായൂർ പോയി ഗോപി ആശാനെ കണ്ടു ആശീർവാദം വാങ്ങി കാര്യങ്ങൾ ധരിപ്പിച്ചു. ഒരു പണ്ഡിതനായ കഥകളി ആചാര്യൻ ‘ഗുരുദേവ മാഹാത്മ്യം’ കഥകളിക്ക് മാർഗ്ഗ നിർദ്ദേശം നൽകണം എന്ന് എനിക്കു നിർബ്ബന്ധം ഉണ്ടായിരുന്നു. കാരണം കഥകളിയുടെ പവിത്രതയും പാരമ്പര്യവും ചിട്ടയും എല്ലാം നിലനിർത്തണം എന്നതുതന്നെ. ഗണേശനും ഞാനും ആ കാര്യത്തിൽ ഒരേ അഭിപ്രായം - നെല്ലിയോട്. നെല്ലിയോടും ഞങ്ങളും ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ദീർഘനേരം ഗുരുദേവനെകുറിച്ചു ചർച്ച നടത്തുകയും ചെയ്തു. ഗുരുദേവ മാഹാത്മ്യം കഥകളിയുടെ ഗുരുസ്ഥാനം നെല്ലിയോടിന് കലാമണ്ഡലം ഗണേശൻ നൽകി. S. N. D. P. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി സംസാരിച്ചപ്പോൾ എല്ലാ പ്രാത്സാഹനവും നൽകി.
5 മാസക്കാലം നീണ്ട കലാമണ്ഡലം ഗണേശന്റെ ആട്ടക്കഥ രചന സമയത്ത് ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം തുടങ്ങി പല സ്ഥലങ്ങളിലും, സൈഗൺ സ്വാമിയുമായി ഇടക്കിടെ ചർച്ച നടത്തിയും, അരുവിപ്പുറം പ്രതിഷ്ഠക്ക് പ്രാധാന്യം നൽകിയുള്ള ആദ്യഭാഗം ആട്ടക്കഥ രചിച്ചു. കഥകളി ചിട്ടപ്പെടുത്തുന്നതിൽ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്ന ഗണേശൻ, ബിയാർ പ്രസാദ്, പ്രൊ. ഇസ്താക് തുടങ്ങിയവരുമായി ചർച്ചകൾ നടത്തിയിരുന്നു.
സംഗീതം നിർവ്വഹിച്ച കലാമണ്ഡലം സജീവ്കുമാറിന്റെ സംഭാവന വളരെ വലുതാണ്. ഇന്നത്തെ കാലത്ത് ഒരു പുതിയ ആട്ടക്കഥ എഴുതുക, അത് അവതരിപ്പിക്കുമ്പോൾ അഭൂതപൂർവ്വമായ രീതിയിൽ പ്രേക്ഷകർ നിറയുക, ആസ്വദിക്കുക, വീണ്ടും കാണണം എന്നു പറയുക അതിശയം തന്നെ. സാധാരണക്കാരന് അപ്രാപ്യമായ ഭാഷയും, ആവിഷ്കാര നിഗൂഢതകളും, സംഗീത സങ്കീർണ്ണതകളും മാറ്റി ലളിതമായ മലയാളഭാഷയിൽ സംഗീതാത്മകമായി അവതരിപ്പിച്ച് മുദ്ര അറിയാത്ത ഏതൊരാൾക്കും മനസ്സിലാകുന്ന രൂപത്തിൽ ശ്രീ. കലാമണ്ഡലം ഗണേശൻ ചിട്ടപ്പെടുത്തിയതാണ് “ഗുരുദേവ മാഹാത്മ്യം”കഥകളിയുടെ വിജയരഹസ്യം.
ഗുരുദേവന്റെ വേഷം ആയിരുന്നു തുടക്കത്തിലുണ്ടായിരുന്ന പ്രതിസന്ധി. ‘ഗുരുദേവൻ’ഗുരുദേവൻ തന്നെ എന്ന നെല്ലിയോടിന്റെ പ്രഖ്യാപനവും അതിനുള്ള നീതീകരണവും എന്നെ അപേക്ഷിച്ച് വലിയ ഒരു ആശ്വാസം ആയിരുന്നു. ചൊല്ലിയാട്ട കളരിയിൽ വെച്ച് കലാമണ്ഡലം പ്രശാന്തിന്റെ ഗുരുദേവനായിയുള്ള ഭാവപ്പകർച്ച അപ്പോൾ തന്നെ ഇത് വിജയിക്കുമെന്ന ഉറപ്പു നൽകുന്നതായിരുന്നു. 2 മാസത്തിനുള്ളിൽ ആയിരക്കണക്കിന് ജനങ്ങൾ കണ്ട് ആസ്വദിച്ച ‘ഗുരുദേവ മാഹാത്മ്യം' കഥകളിയിലൂടെ ഒരു പുതിയ കഥകളി സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്. അതെ, “കഥകളി സാധാരണക്കാരിലേക്ക്”.
Comments
C.Ambujakshan Nair
Sun, 2013-10-06 14:21
Permalink
ഗുരുദേവ മാഹാത്മ്യം കഥകളി
കഥകളി “കഥകളി സാധാരണക്കാരിലേക്ക്” എന്ന ആശയം സദു ഏങ്ങൂർ, ശ്രീ. കലാമണ്ഡലം ഗണേശൻ തുടങ്ങിയവരുടെ പരിശ്രമത്തിന്റെ ഫലമായി വിജയം കണ്ടിരിക്കുകയാണ്. ഗുരുദേവനെയും കഥകളിയിലൂടെ ജനഹൃദയങ്ങളിൽ എത്തിക്കുവാൻ സാധിച്ചു എന്നതും പ്രശംസാവഹമാണ്.
ഗുരുദേവ മാഹാത്മ്യം കഥകളിയുടെ അവതരണ വിവരങ്ങൾ എന്റെ ബ്ലോഗിൽ ഉണ്ട്. താൽപ്പര്യമുള്ളവർ ഈ ലിങ്ക് ഉപയോഗിക്കുക.
http://www.ilakiyattam.blogspot.in/2013/08/1_27.html
ഗുരുദേവമാഹാത്മ്യം കഥകളി - ഭാഗം -1
http://www.ilakiyattam.blogspot.in/2013/08/2.html
ഗുരുദേവമാഹാത്മ്യം കഥകളി - ഭാഗം -2
sadu engoor (not verified)
Thu, 2013-10-10 15:12
Permalink
gurudeva mahathmyam
ഈ കുറിപ്പ് ഞാന്‍ മാര്‍ച്ച് മാസത്തില്‍ അയച്ചു കൊടുത്തതാണ്, ഇപ്പോള്‍ എങ്കിലും വന്നതില്‍ സന്തോഷം .