കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം മൂന്ന്

Monday, May 9, 2011 - 17:00
Ettumanoor P Kannan

ശ്രീചിത്രന്‍: പരീക്ഷണങ്ങളെ അംഗീകരിക്കാന്‍ വിമുഖമായ ഒരു അന്തരീക്ഷം കഥകളിയില്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ ധൈര്യപൂര്‍വമായ പരീക്ഷണങ്ങള്‍ക്കു നേതൃത്വം കൊടുത്ത ഒരാളാണു കണ്ണേട്ടന്‍. അതിലേറ്റവും ശ്രദ്ധേയമായ പരീക്ഷണം ചൊല്ലിയാട്ടത്തിലെ പരീക്ഷണങ്ങളാണു്. ചൊല്ലിയാട്ടം മാത്രമായി അവതരിപ്പിക്കപ്പെടുമ്പോള്‍ കഥകളിയുടെ ആഹാര്യം പൂര്‍ണ്ണമായി തിരസ്കരിക്കപ്പെടുന്നു. കഥകളിയുടെ ഏറ്റവും മനോഹാരിതയായി ലോകോത്തരമായി വിശേഷിപ്പിക്കപ്പെടുന്നത് കഥകളിയുടെ വര്‍ണ്ണസങ്കല്പങ്ങളുടെ ഉദാഹരണമായി പറയാന്‍ കഴിയുന്ന ആഹാര്യമാണ്. ആഹാര്യം എന്ന കഥകളിയുടെ ഏറ്റവും വലിയ സൗന്ദര്യവസ്തുവിനെ തിരസ്കരിച്ചുകൊണ്ട് ചൊല്ലിയാട്ടത്തെ മാത്രമായി എടുക്കുന്നതിനു പിന്നിലെ സാംഗത്യം ഒന്നു വിശദീകരിക്കാമോ?
ഏറ്റുമാനൂര്‍ പി. കണ്ണന്‍: കഥകളിയുടെ തിയെറ്ററിനെ സംബന്ധിച്ചുള്ള പരീക്ഷണം എല്ലാവരും എപ്പോഴും സ്വീകരിക്കുന്നതല്ല. ആ അനുഭവം ധാരാളം ഉണ്ട്. പക്ഷേ ഒരു ക്ലാസിക്കല്‍ performer എന്ന നിലയില്‍ എന്റെ ഒരു ധര്‍മ്മം, ഗുരു ഉപദേശം തന്നതു പരമാവധി ആത്മാര്‍ഥതയോടെ സത്യസന്ധതയോടെ സ്വീകരിക്കുകയും നമ്മുടെ കഴിവിന്റെ പരമാവധി അതിനെ വളര്‍ത്താന്‍ ശ്രമിക്കുകയും, സൂക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതോടൊപ്പം പുതിയ സാധ്യതകള്‍ അന്വേഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയെന്നതാണ്. വളരെ സുരക്ഷിതമായി ഒരു മുറിയില്‍ ഇരിക്കുന്ന ആള്‍ ഒരിക്കലും വീഴുകയോ മുറിയുകയോ ഒന്നും ചെയ്യില്ല. അയാള്‍ സുരക്ഷിതനാണു്. അതേ സമയം വളരെ സാഹസികമായ സഞ്ചാരത്തിനൊരുങ്ങുമ്പോഴാണ് ചിലപ്പോള്‍ വീഴും, മുറിവുപറ്റും, നമ്മള്‍ ചെയ്യുന്നതില്‍ mistake ഉണ്ടാകാം, ചിലപ്പോള്‍ എല്ലാവരും നന്നായി എന്നു പ്രതികരിച്ചേക്കാം. കഥകളിയെ സംബന്ധിച്ച് പരീക്ഷണത്തിനു നമ്മള്‍ തയ്യാറെടുക്കുമ്പോള്‍ ചില ശ്രമങ്ങളില്‍ നമ്മള്‍ പരാജയപ്പെട്ടു എന്നു നമുക്കുതന്നെ ബോധ്യപ്പെടാം. ചില സമയത്തു് നമ്മള്‍ പ്രതീക്ഷിക്കാത്ത അത്രയും വിജയകരമായ ഒരു അനുഭവമായിട്ടും വന്നേക്കാം. അതുപോലെ വളരെ successful ആയിവന്ന ഒരു കാര്യമാണ് ചൊല്ലിയാട്ടത്തെ ഒരു separate form, individual form ആയി അവതരിപ്പിച്ചത്. അതിന്റെ സാഹിത്യത്തിനു കൊടുക്കുന്ന individuality കൊണ്ടാണു് അതു് ഒരു പ്രത്യേക കലാരൂപമാകുന്നതു്. ആട്ടക്കഥയില്‍നിന്നെടുക്കുന്ന ഒരു പദമാണെങ്കില്‍പ്പോലും ആ പദത്തിനു പദാവതരണത്തിനു മുന്‍പായിട്ടുള്ള ഒരു പ്രവേശം ഉണ്ടാകും. ആ പദാഭിനയം കഴിഞ്ഞാല്‍ അതിനു സ്വാഭാവികമായിട്ട് ഒരു അവസാനമുണ്ടാകും. അപ്പോള്‍ ഇതിന്റെ തുടക്കവും അവസാനവും ക്ലിപ്തപ്പെടുത്തി നമ്മുടെ stage മുഴുവനുള്ള പെരുമാറ്റവും പദാഭിനയത്തിനുവേണ്ടി ചിട്ടപ്പെടുത്തുമ്പോഴാണ് ഇത് കഥകളിയുടെ പദാഭിനയത്തില്‍നിന്ന് വ്യത്യസ്തമായ ഒന്നായി മാറുന്നത്. ഇവിടെ പ്രവേശത്തിനായാലും നിഷ്ക്രമണത്തിനായാലും ഉപയോഗിക്കുന്ന devices മുഴുവനും കഥകളിയുടേതാണ്. പക്ഷേ അതേ സന്ദര്‍ഭത്തില്‍ ഒരു കഥകളിയവതരണത്തില്‍ അങ്ങനെയൊന്നു് ഉണ്ടാകണമെന്നില്ല. ഉദാഹരണത്തിനു രുഗ്മാംഗദചരിതം ചൊല്ലിയാട്ടത്തില്‍ അവതരിപ്പിക്കുമ്പോള്‍ സാരി പാടുമ്പോഴാണ് രുഗ്മാംഗദന്‍ പ്രവേശിക്കുന്നത്. ഇവിടെ നടക്കുന്നത് ഏകാഹാര്യമാണ്. solo performance ആണ്. solo performance-ല്‍ രുഗ്മാംഗദന്റെ പ്രവേശം കഴിഞ്ഞതിനു ശേഷം വേണം ‘മധുരതരകോമളവദനേ’ എന്ന പദം ചൊല്ലിയാടാന്‍. അപ്പോള്‍ വനത്തില്‍ നായാട്ടു നടത്തുന്ന രുഗ്മാംഗദനായിട്ടാണ് പ്രവേശിക്കുന്നത്. ഈ രുഗ്മാംഗദന്റെ മുന്‍പില്‍ മോഹിനിയുടെ അവതരണമാണ്  സാരിയുടെ സാഹിത്യം എന്നു പറയുന്നത്.  ഈ സാഹിത്യത്തെ നമ്മള്‍ മറ്റൊരു തരത്തില്‍ ഇവിടെ treat ചെയ്യുകയാണ്. ശരിക്കു കഥകളിയാണെങ്കില്‍ രംഗത്ത് സ്റ്റൂളിന്റെ മുകളില്‍ രുഗ്മാംഗദന്‍ ഇരിക്കുകയും സാരിനൃത്തം ചെയ്തുകൊണ്ട് മോഹിനി പ്രവേശിക്കുകയും ആണ്. ‘മിന്നല്‍ പോലെ മിന്നീടുന്ന രൂപത്തെയും കണ്ട് മന്നവനും ആശപൂണ്ടു’ എന്നു പറയുന്ന സാഹിത്യമാണ് ഇവിടെ ശരിക്കും അഭിനയിക്കേണ്ടത്. നായാട്ടിനായിട്ട് പ്രവേശിച്ച് രുഗ്മാംഗദന്റെ മുന്‍പില്‍ സ്ത്രീരൂപം വന്ന് പ്രത്യക്ഷപ്പെട്ട്, ആ സ്ത്രീരൂപത്തോടു സംസാരിച്ചുതുടങ്ങുന്ന വിധത്തില്‍ നമ്മള്‍ ഇതിന്റെ തുടക്കത്തെ ഒന്നു restructure ചെയ്തു. അപ്പോള്‍ ഇവിടെ സാരിയുടെ സമയത്ത് കഥകളിയില്‍ രുഗ്മാംഗദന്‍ എന്തു ചെയ്യുന്നോ അതില്‍നിന്നു വ്യത്യസ്തമാണ് ചൊല്ലിയാട്ടത്തില്‍ രുഗ്മാംഗദന്റെ പെരുമാറ്റം. പക്ഷേ പെരുമാറുന്ന രീതിയൊക്കെ കഥകളിയുടേതു തന്നെയാണ്. പ്രവേശിക്കുന്ന സമയത്ത് താണുനിന്ന്, വനത്തിലെ ഓരോ ദൃശ്യങ്ങള്‍ കണ്ട്, സാരിയുടെ പദത്തിനൊപ്പിച്ച് നായാട്ടിനു യോജിച്ച ചില എണ്ണങ്ങള്‍ എടുക്കുകയും ഒക്കെ ചെയ്തുകൊണ്ടാണ് വരുന്നത്. അങ്ങനെ വന്നു് ഇതിന്റെ അവസാനം മോഹിനിയെ കണ്ട് ‘മധുരതരകോമളവദനേ’ ചെയ്യുന്നു. പദാഭിനയം കഥകളിയിലെ പദാഭിനയം പോലെ തന്നെ. നോക്കിക്കാണുന്നു. ഓരോ മുദ്രകളായിട്ടു ചെയ്യുന്നു. വിസ്തരിക്കുന്നതൊക്കെ കഥകളിയില്‍ ചെയ്യുന്നതുപോലെ കൃത്യം ചൊല്ലിയാട്ടത്തിലും. ചെണ്ടയും മദ്ദളവുമൊക്കെത്തന്നെയാണല്ലോ ഇതിന്റെ പശ്ചാത്തലത്തിലും. അങ്ങനെ ചെയ്തു് പദാഭിനയത്തിനു ശേഷം പിന്നീട് മോഹിനിയുടെ പദം പാടിയാല്‍ അതഭിനയിക്കാന്‍ മോഹിനിയില്ലാത്തതുകൊണ്ട് നമ്മള്‍ ഇവിടെ മോഹിനിയുടെ പദത്തിന്റെ രാഗം, ചെമ്പടതാളത്തില്‍ ആരംഭിക്കുകയാണ്. കഥകളിയില്‍ രാഗം പാടുന്നത് താളം പിടിച്ചുകൊണ്ടാണ്. ഇതാരംഭിക്കുന്ന സമയത്ത് മോഹിനി പറയുന്നതായിട്ട് രുഗ്മാംഗദന്‍ കേള്‍ക്കുന്നു. രുഗ്മാംഗദന്‍ കേട്ടത്: ഞാന്‍ അങ്ങയുടെ പത്നിയായിട്ടിരിക്കാം, പക്ഷേ അപ്രിയം ചെയ്യില്ല എന്നൊരു സത്യം ചെയ്യണം. എന്നുള്ള മോഹിനിയുടെ വാക്കു കേട്ട് രുഗ്മാംഗദന്‍ ആലോചിക്കുന്നു. അപ്പോള്‍ ഇതു് ഒരു കഥകളിയരങ്ങില്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ വിശദീകരിക്കാനുള്ള അവസരം ഒരു നടനു് ഇവിടെ കിട്ടുന്നുണ്ട്. കാരണം, മോഹിനിയോ മറ്റൊന്നുംതന്നെ ഇവിടെ നടനു തടസ്സമല്ല. നടന്‍ ഈ അവസരം ശരിക്കും ഉപയോഗപ്പെടുത്തുകയാണ്. ഞാന്‍ ഒരു രാജാവാണ്. രാജാവായിട്ടുള്ള ഞാന്‍ ഇങ്ങനെ സത്യം ചെയ്തു കൊടുത്താലോ? അതേ സമയം സത്യം ചെയ്തു കൊടുക്കാതിരുന്നാല്‍ ഈ സുന്ദരി നഷ്ടപ്പെടും. അങ്ങനെ ഈ സുന്ദരിയോടുള്ള ഇയാളുടെ മനസ്സിന്റെ ആകര്‍ഷണം വര്‍ധിച്ചുവര്‍ധിച്ചുവന്നു് ‘ഞാന്‍ സത്യം ചെയ്തു തരാം’ എന്നു പറഞ്ഞ് സത്യം ചെയ്തു കൊടുക്കുകയും ഇവര്‍ ഒരുമിച്ച് ആലിംഗനം ചെയ്യുകയും ചെയ്ത് രാഗംപാടുന്നതിന്റെ അവസാനത്തോടുകൂടി പിന്നിലേക്കു പോകുകയുമാണ്. ഇവിടെ സാധാരണ രുഗ്മാംഗദചരിതം ആട്ടക്കഥയില്‍ കൊണ്ടുവരുന്നതില്‍നിന്ന് വ്യത്യസ്തമായി ഊന്നല്‍കൊടുക്കുന്നത് രുഗ്മാംഗദനു മോഹിനിയോടു പ്രണയം തോന്നുകയും ഈ പ്രണയത്തിന്റെ ശക്തികൊണ്ട് ഒരു രാജാവ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു സത്യം ചെയ്തുകൊടുത്തുപോകുകയും ചെയ്യുന്ന മാനുഷികമായ ഒരു ദൗര്‍ബല്യത്തിന്റെ അവതരണത്തിനാണ്. അതായത് കഥകളിയരങ്ങിനെ ഇവിടെ ചൊല്ലിയാട്ടത്തിന്റെ പ്രത്യേക situation-ഇല്‍ നിര്‍ത്തിക്കൊണ്ട് നമ്മള്‍ വ്യാഖ്യാനിക്കുകയാണ്. ഇത് രുഗ്മാംഗദചരിതത്തിലെ ഈ പ്രത്യേക പദത്തിന്റെ അവതരണത്തിന്റെ കാര്യമാണ്. ഇതുപോലെ ഓരോ പദവും അഭിനയിക്കുമ്പോള്‍ ആ അഭിനയത്തിന് ഉപയോഗിക്കുന്ന devices ഒക്കെ കഥകളിയുടേതു തന്നെ. പിന്നിലേക്കു മാറലും മുദ്ര കാണിക്കലും കലാശം എടുക്കലും ഇരട്ടിയെടുക്കലും എല്ലാം കഥകളിയിലെ പോലെതന്നെയാണ്. നിലയാണെങ്കിലും അങ്ങനെതന്നെ. പക്ഷേ text-നോടുള്ള ഈ treatment-ല്‍ ചെറിയ മാറ്റം വരുത്തിയിട്ട് ചൊല്ലിയാട്ടത്തിലൂടെ ഇതിന്റെ അവതരണം കാണുന്ന ഒരു പ്രേക്ഷകനു് കഥകളിയരങ്ങില്‍ പദം കണ്ടു ശീലിച്ചതില്‍നിന്ന് വ്യത്യസ്തമായ ഒരു അനുഭവം കൊടുക്കാന്‍ നമുക്കിവിടെ സാധിക്കും. ഇതുപോലെ നളചരിതം മൂന്നാം ദിവസത്തില്‍ ‘ലോകപാലന്മാരേ’യും, അതുപോലെ ‘ഘോരവിപിന’വും അഭിനയിച്ചതിന്റെ ശേഷം പെട്ടെന്നു മുന്‍പില്‍ ഒരു ഭയങ്കര കാട്ടുതീ കാണുന്നു. കാട്ടുതീ കാണുന്ന സമയത്തുതന്നെ അതില്‍നിന്ന് ‘എന്നെ രക്ഷിക്കണേ’ എന്നു നളനെ വിളിച്ചു കരയുന്ന ഒരു രോദനം കേള്‍ക്കുന്നു. നളന്‍ സ്റ്റൂളിന്റെ മുകളില്‍ കയറിനിന്നാണ് ഈ കാട്ടുതീ കാണുന്നത്. സ്റ്റൂളിന്റെ മുകളില്‍നിന്ന് കാട്ടുതീയിലേക്ക് എടുത്തു ചാടുന്നു. കാട്ടുതീയിനുള്ളിലൂടെ സഞ്ചരിക്കുന്നു. തീയിനുള്ളിലൂടെ സഞ്ചരിക്കുന്നതില്‍ നടനു് അഭിനയിക്കാന്‍ ഒരു വകയുണ്ട്. തീനാളം അയാളുടെ ശരീരത്തിലൂടെ ഇങ്ങനെ പോകുകയാണ്. പക്ഷേ അവ അയാളെ പൊള്ളിക്കുന്നില്ല. ഇങ്ങനെപോകുമ്പോള്‍ കാര്‍ക്കോടകനെ കാണുന്നു. കാര്‍ക്കോടകനെ ചൊല്ലിയാട്ടത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ ഒരു മനുഷ്യരൂപത്തില്‍ കാണേണ്ട ആവശ്യമില്ല. ഒരു സര്‍പ്പമായിത്തന്നെ കണ്ടാല്‍ മതി. ഞാന്‍ അങ്ങനെയൊരിക്കല്‍ കോഴിക്കോടു ചെയ്യുകയുണ്ടായി. നളന്‍ ഒരു സര്‍പ്പമായിട്ടാണു കാണുന്നതു്. എന്നിട്ട് ഈ കാര്‍ക്കോടകനെ എടുക്കുന്നത്  സര്‍പ്പത്തെ എടുക്കുന്നതുപോലെതന്നെയാണ്. ഇതിനെ എടുത്തിട്ട്, ചുറ്റിപ്പിടിച്ച്, എടുത്തുകൊണ്ടു പോകുകയാണ്. അത്രവലിയ ഭാരമുണ്ട്. ഭാരമുള്ള ഒരു സര്‍പ്പത്തെ എടുത്തുകൊണ്ടു വരികയാണ്. അപ്പോള്‍ ആ സര്‍പ്പം പറഞ്ഞതനുസരിച്ച് പത്തു തവണ എണ്ണുന്നു. കൊത്തുന്നു. ഈ കൊത്തുകൊണ്ടതിനുശേഷമുള്ള ഭാഗം കഥകളിയില്‍ അവതരിപ്പിക്കുന്നത് ബാഹുകനായി വന്നിട്ടാണ്. പക്ഷേ ബാഹുകനായി വരുന്നതിനു മുന്‍പ് വേരൊരുതരത്തിലുള്ള ഒരു ബാഹുകനുണ്ട്. അത് നമുക്ക് കഥകളിയില്‍ ഒരിക്കലും അവതരിപ്പിക്കാന്‍ പറ്റാറില്ല. അതായത് കൊത്തുകൊള്ളുകയും ബാഹുകനാകുകയും ചെയ്യുന്നതിനിടയ്ക്കുള്ള ഒരു ബാഹുകന്‍. ബാഹുകന്റെ ഈ transformation ആരംഭിക്കുന്ന ഒരു അവസ്ഥയുണ്ടല്ലൊ. അതായത് നളന്‍ ബാഹുകനാകാന്‍ പോകുന്നതിനു മുന്‍പുള്ള ഒരു അവസ്ഥ. വളരെ സൂക്ഷ്മമായിട്ടുള്ള ഒരു സംഗതിയാണത്. ആ ഒരു ഭാഗം അവതരിപ്പിക്കാന്‍ ഇവിടെ പറ്റും. ആ കടി കൊള്ളുന്നു. കടി കൊണ്ടതിനുശേഷം ശരീരം മുഴുവന്‍ ചുരുങ്ങി ബാഹുകനായി മാറുന്നു. ബാഹുകന്റെ ശരീരം മുഴുവന്‍ ചുരുങ്ങിയതാണെന്നാണല്ലൊ. ചൊല്ലിയാട്ടത്തിനാകുമ്പോള്‍ നമുക്കു് ആഹാര്യത്തെ ന്ന്യായീകരിക്കേണ്ട ബാധ്യത ഇല്ലാത്തതുകൊണ്ട് ഇവിടെ നമ്മള്‍ ബാഹുകനാകുന്ന അവസ്ഥയില്‍ നിലത്തേക്കിരിക്കുകയാണ്. നിലത്തേക്കിരുന്നതിനുശേഷം മുന്‍പിലേക്കു നോക്കുമ്പോള്‍ നേരത്തേകണ്ട സര്‍പ്പമല്ല. സര്‍പ്പത്തിന്റെ സ്ഥാനത്ത് ഒരു ദേവന്‍. ശരീരത്തിന്റെ അവസ്ഥയും ദേവനേയും കണ്ട് കൈകൂപ്പിപ്പോകുന്നിടത്താണ് ചൊല്ലിയാട്ടം അവസാനിപ്പിക്കുന്നത്. കഥകളിയിലെ പദങ്ങള്‍തന്നെയാണ് നമ്മള്‍ എടുക്കുന്നത്. കഥകളിയിലെ പെരുമാറ്റരീതിതന്നെയാണ് എടുക്കുന്നത്. ചൊല്ലിയാട്ടത്തിലായാലും മുദ്രയിലായാലും നിലയിലായാലും എല്ലാം. പക്ഷേ ഇവക്ക് ഒരു പുതിയ വ്യാഖ്യാനം കൊടുക്കുന്നു. 

ശ്രീചിത്രന്‍: കണ്ണേട്ടന്‍ പറഞ്ഞിടത്തോളം ഇതിലുള്ള നാടകീയ മുഹൂര്‍ത്തങ്ങള്‍ എന്നു പറയുന്നതു ഗംഭീരമാണ്. അക്കാര്യത്തില്‍ സംശയമില്ല. കഥകളിയിലെ രംഗക്രിയകള്‍കൊണ്ടു സാധിക്കാനാകാത്ത ചില നാടകീയസാധ്യതകള്‍ ചൊല്ലിയാട്ടം എന്നു പറയുന്ന സാധനത്തിലൂടെ പ്രകാശനം ചെയ്യുന്നുണ്ട്. പക്ഷേ അങ്ങനെയിരിക്കിലും സംഭവിക്കുന്ന മറ്റൊരു വശം, കഥകളിയില്‍ കാര്‍ക്കോടകന്‍ എന്നു പറയുന്നത് ഒരു കഥാപാത്രമാണ്. വളരെ നാട്യധര്‍മ്മിയായ അവസ്ഥയില്‍ കാര്‍ക്കോടകനെ എടുത്തുകൊണ്ടു വരികയും അതുപോലെ കടിച്ചുകഴിഞ്ഞ് കാര്‍ക്കോടകന്റെ കൈ വിട്ടുകഴിഞ്ഞാല്‍ കാര്‍ക്കോടകന്‍ ഒരു വശത്തേക്ക് നില്‍ക്കുകയും ഇങ്ങനെ നളചരിതം ഒന്നാം ദിവസത്തിലെ ഹംസത്തെപ്പോലെതന്നെ, അവിടെ നളന്‍ ഹംസത്തിന്റെ കൈക്കുപിടിച്ചോളണം എന്നില്ല, ചൊല്ലിയാട്ടത്തിന്റ സമയത്ത് കൈ വിട്ടിട്ടായിരിക്കും ചൊല്ലിയാടുന്നത്. ഇങ്ങനെകണ്ട് കഥകളിയുടെ നിലവിലുള്ള രൂപത്തിലുള്ള നാട്യാവസ്ഥയെ ഇതു തിരസ്കരിച്ചുകളയുന്നില്ലേ എന്നതാണ് ഒരു പ്രശ്നം.
ഏറ്റുമാനൂര്‍ പി. കണ്ണന്‍: ഇല്ല. ഒരിക്കലും ഇതു തിരസ്കരണമല്ല. ഈ തിരസ്കരണം ഉണ്ടാകുന്നത് എപ്പഴാണ്? തിരസ്കരണം എന്നു പറഞ്ഞാല്‍ നമ്മളങ്ങു ഇല്ലാതെയാക്കുമ്പോള്‍, അഥവാ ഉപേക്ഷിക്കുമ്പോഴാണ്.

ശ്രീചിത്രന്‍: ഇതു മറ്റൊരു തരത്തില്‍ സാധ്യത തേടലാണ്. The other way possible.
ഏറ്റുമാനൂര്‍ പി. കണ്ണന്‍: തിരസ്കരണമില്ല. അതായത് ഞാന്‍ തന്നെ ബാഹുകന്‍ കെട്ടുന്ന ആളാണ്. ഒരു ദിവസം ബാഹുകന്‍ കെട്ടി ഇതു അഭിനയിക്കുന്ന ആള്‍ പിറ്റേ ദിവസം ചൊല്ലിയാട്ടം ചെയ്യേണ്ടതാണ്. പിറ്റേദിവസം വീണ്ടും ബാഹുകന്‍ കെട്ടും. അപ്പോള്‍ ഇതിനകത്ത് തിരസ്കരണം ഇല്ല. ഉദാഹരണത്തിന് കൂടിയാട്ടത്തില്‍ ഒരു നടന്‍ ഒരു ദിവസം പാര്‍വ്വതീവിരഹം ചെയ്യുന്ന സമയത്ത് ഗംഗയെക്കുറിച്ച് പാര്‍വതിയും ശിവനും തമ്മിലുള്ള വാദപ്രതിവാദം ശ്ലോകം ചൊല്ലി അഭിനയിച്ചുകൊണ്ട് ആയിരിക്കും കൂടിയാട്ടം ചെയ്യുക. പിറ്റേദിവസം ഇയാള്‍തന്നെ കൂത്തു പറയുമ്പോള്‍ പാര്‍വതി കുളിക്കാന്‍ പോകുന്നതും ആ സമയത്തു നാരദന്‍ വരുന്നതും ഒക്കെയായിട്ടുള്ള കഥകളിയില്‍ ചെയ്യുന്ന പാര്‍വതീവിരഹത്തിന്റെ ഭാഗമാണ് കൂത്തില്‍ പറയുന്നത്. അതിന്റെ അടുത്ത ദിവസം ചാക്യാര്‍ വീണ്ടും ചെയ്യുന്നത് കൂടിയാട്ടത്തിലെ ശ്ലോകത്തിന്റെ അവതരണമായിരിക്കും. അപ്പോള്‍ ഇതൊരു തിരസ്കരണമല്ല. നമ്മള്‍ കഥകളിയുടെ വ്യവസ്ഥാപിതമായ ഭാഷയിലൂടെ കൂടുതല്‍ അതിന്റെ ശക്തിവിശേഷങ്ങള്‍ അന്വേഷിക്കുകയാണ്.

ശ്രീചിത്രന്‍: ഇതു വാസ്തവമാണ്. കഥകളിയുടെ നിലവിലുള്ള രംഗഭാഷ ഉപയോഗിച്ചുകൊണ്ട് പുതിയ സാധ്യതകളുടെ അന്വേഷണം നടത്തുകയെന്നത് വളരെ ധീരമായ, പ്രശംസാര്‍ഹമായിട്ടുള്ള ഒരു പരീക്ഷണമാണ്. അതൊരുവശത്ത് വാസ്തവമായി നില്‍ക്കുമ്പോള്‍ത്തന്നെ കഥകളിയുടെ ചരിത്രത്തിന്റെ ഒരു പരിണാമദശയിലാണ് വാസ്തവത്തില്‍ കഥകളിയുടെ നിലവിലുള്ള രംഗാവിഷ്കരണക്രമങ്ങള്‍ കൂടുതല്‍ രൂപപ്പെട്ടത്. എന്നാല്‍ കഥകളിയുടെ രംഗാവിഷ്കരണക്രമങ്ങളുടെ നിരന്തരമായ പരിഷ്കരണങ്ങളും അതിന്റെ നൂതനമായ സാധ്യതകളുടെ പ്രകാശനവും ഒരു ഘട്ടത്തില്‍വച്ച് പൂര്‍ണ്ണമായി ഇല്ലാതാകുകയും അതുവരെയുള്ള പ്രകാശന-ആവിഷ്കരണ-മാധ്യമങ്ങളുടെയും ആയുധങ്ങളുടെയും ഉപയോഗം വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. ഇപ്പോള്‍ കണ്ണേട്ടന്‍ ചെയ്തു വരുന്ന വഴി എന്നത്, ഇതുവരെ നിലനില്‍ക്കുന്ന കഥകളിയുടെ ആയുധങ്ങളുടെയും ആവിഷ്കരണരീതികളുടേയും, ആ tools തന്നെ ഒരു പുതിയ മാധ്യമത്തിലൂടെ പ്രകാശനം ചെയ്യുക. എന്നാല്‍ പുതിയ കഥകളിക്ക് അനുയോജ്യമായ രൂപത്തില്‍ ആവിഷ്കരണത്തില്‍ കപ്ലിങ്ങട്ട് നമ്പൂതിരിവരെയോ അതിനുശേഷമോ നിര്‍ത്തി അവസാനിപ്പിച്ച ഇത്തരത്തിലുള്ള പുതിയ പരിഷ്കരണ സാധ്യതകള്‍ തുടരേണ്ട ബാധ്യത കൂടി നിലവില്‍ കഥകളിനടനില്ലേ?
ഏറ്റുമാനൂര്‍ പി. കണ്ണന്‍: അതുണ്ട്. ഇതിലേതെങ്കിലും ഒരു ഭാഗം മാത്രം ഏറ്റെടുക്കുകയോ മറ്റൊന്ന് ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. ഓരോ വേഷവും അരങ്ങത്തു ചെയ്യുന്ന സമയത്ത് ആ വേഷത്തിന് അനുയോജ്യമായിട്ടുള്ള ചില പരിവര്‍ത്തനങ്ങള്‍ അതിനകത്തു വരുത്താന്‍ ആലോചിക്കാറുണ്ട്. വേണ്ടിവന്നാല്‍, അതു ചെയ്യുന്നതു ശരിയാണെന്നു തോന്നിയാല്‍ ചിലപ്പോള്‍ ചെയ്യാറുമുണ്ട്. ഒരിക്കല്‍ ചെയ്യുമ്പോള്‍ അതു തെറ്റാണ് പിന്നെ വേണ്ടാന്നു തോന്നിയാല്‍ അതു ചെയ്യാതിരിക്കാറുമുണ്ട്. ഗുരൂപദേശമുള്ളതൊന്നും മാറ്റില്ല. അതിനു വ്യത്യാസമുണ്ട്. കാരണം, ഗുരു ഉപദേശിച്ചു തന്ന സംഗതിയെപ്പറ്റി ആശാന്‍ നമ്മളോടു  ഇതിങ്ങനെയാണ് എന്നു പറഞ്ഞാല്‍ അതങ്ങനെ തന്നെ. ഗുരു ഉപദേശം ഉള്ളതൊന്നും മാറ്റിയിട്ടില്ല. അതിനു യാതൊരു സംശയവുമില്ല. അതു നമുക്കു ഗുരുനാഥനോടുള്ള ഒരു commitment ആണ്. അതാണ് നമ്മുടെ സ്വത്ത്. അതിനു മാറ്റം വരുത്തുന്ന പ്രശ്നമില്ല. പക്ഷേ, ഗുരു ബോധപൂര്‍വം ഉപദേശിക്കാതെ, അല്ലെങ്കില്‍ നിഷ്കര്‍ഷിക്കാതെ നമുക്കു സ്വാതന്ത്ര്യം തരുന്ന ഒത്തിരി മേഖലകളുണ്ട്. ആ മേഖലകളിലാണ് നമ്മള്‍ ഈ ചെയ്യുന്നതെല്ലാം.

ശ്രീചിത്രന്‍: അപ്പോള്‍ ഗുരു-ശിഷ്യന്‍ എന്നു തുടങ്ങിയുള്ള കഥകളിയുടെ ബന്ധത്തില്‍ കുറച്ചൊന്നു സംസാരിക്കാമെന്നു തോന്നുന്നു. കഥകളിയുടെ ബോധനരീതി വാസ്തവത്തില്‍ ഒരുപാടു വര്‍ഷങ്ങള്‍ നീണ്ട ഭാരതീയബോധനരീതിയുടെ, അനേകായിരം വര്‍ഷങ്ങള്‍ നീണ്ട ഭാരതീയ പഠനരീതിയുടെ ഒക്കെ ഭാഗമായി വളര്‍ന്നുവന്ന സംസ്കാരത്തിന്റെ തന്നെ ഒരു പിന്തുടര്‍ച്ചയാണ്. ഈ ധാരയുടെ ഗുരുകുലസമ്പ്രദായത്തില്‍ ഈ വലിയ മഹാപാരമ്പര്യത്തിന്റെ ബൃഹത്‌പാരമ്പര്യത്തിന്റെ ധാരയിലേക്ക് ഇണക്കിച്ചേര്‍ക്കപ്പെട്ട കഥകളി അഭ്യസനരീതിയും ബോധനരീതിയും ആധുനികസമൂഹത്തില്‍ പരിഷ്കരിക്കപെടുകയും ഏറെക്കുറേ പഴയ ബോധനരീതി നാമാവശേഷമാക്കിത്തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ നിലവിലുള്ള ബോധനരീതി വാസ്തവത്തില്‍ കഥകളിക്കനുയോജ്യമായ രീതിയില്‍ പരിഷ്കരിക്കപ്പെടേണ്ട മേഖലകള്‍ എന്തൊക്കെ എന്നതാണു മറ്റൊരു ചോദ്യം.
ഏറ്റുമാനൂര്‍ പി. കണ്ണന്‍: ബോധനരീതിയുടെ ഏറ്റവും വലിയ പ്രശ്നം എന്നു പറയുന്നത്, നേരത്തെ ശ്രീചിത്രന്‍ ചോദിച്ചുതുടങ്ങിയ ഒരു വിഷയം, ഗുരു-ശിഷ്യബന്ധം തന്നെയാണു, ശരിക്കും. ഇതില്‍ ശിഷ്യന്‍ ഉണ്ടാകുന്നത് ഗുരുവില്‍നിന്നാണല്ലോ. അതുകൊണ്ട് ശിഷ്യന് ഒരു ദൂഷ്യമുണ്ടെങ്കില്‍ അതിന്റെയും കൂടി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഗുരുനാഥനാണ്. അപ്പോള്‍ നമ്മുടെ കഥകളിയെ സംബന്ധിച്ചിടത്തോളവും ശരിയായ മൂല്യം സംരക്ഷിക്കുന്ന ആശായ്മയുടെ അപര്യാപ്തതയാണ് നമ്മള്‍ കാണുന്നത്. ഈ അപര്യാപ്തത എന്നു നികത്തുന്നുവോ അന്നേ ബോധനശാസ്ത്രത്തെക്കുറിച്ചുള്ള ഏതു discussion ഉം ഫലമുള്ളു. കാരണം ബോധനശാസ്ത്രത്തെക്കുറിച്ചു നമ്മള്‍ discuss  ചെയ്തതുകൊണ്ട് ബോധനം നടക്കുന്നില്ല. ബോധനം നടക്കാന്‍ ആശായ്മയുള്ള ആശാന്‍ വേണം.

ശ്രീചിത്രന്‍: ആശായ്മ എന്ന വാക്ക് ഒന്നു വിശദീകരിക്കാമോ?
ഏറ്റുമാനൂര്‍ പി. കണ്ണന്‍: ആശായ്മ എന്ന വാക്കുകൊണ്ട് ഒരു value system ത്തെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. തന്റെ കയ്യില്‍ പാരമ്പര്യമായി കിട്ടിയ അനുഭവം, ആ അനുഭവം എന്നു പറയുന്നത്, അറിവ്, അതുപോലെ ശീലങ്ങള്‍, ഇങ്ങനെ ഒത്തിരി സംഗതികളാണ്. ഇതെല്ലാംകൂടി ചേര്‍ത്തിട്ടാണ് പാരമ്പര്യമായി നമുക്കു കിട്ടുന്നത്. ഇതു സ്വര്‍ഥതയില്ലാതെ, വേറെ കപടമായ ഉദ്ദേശലക്ഷ്യങ്ങളില്ലാതെ ഒരു വിദ്യാര്‍ഥിക്കു പകര്‍ന്നുകൊടുക്കാന്‍ തയ്യാറാകുന്ന ഒരു ഗുരുവിന്റെ അവസ്ഥയാണ് ആശായ്മ എന്നു പറയുന്നത്. ഇതിനു തയ്യാറായാല്‍ത്തന്നെ ഇതു വാങ്ങാന്‍ തയ്യാറുള്ള ശിഷ്യന്മാര്‍ ഉണ്ടാകും. ആദ്യം അതിനു തയ്യാറാകണം ആശാന്മാര്‍. അങ്ങനെയുള്ളവര്‍ നൂറുശതമാനവും ഇല്ല എന്നു ഞാന്‍ പറയുന്നില്ല. കാരണം, എന്റെ ഗുരുനാഥനില്‍നിന്ന് നല്ല ആശായ്മയുടെ അനുഭവം എനിക്കുള്ളതുകൊണ്ട്. കാരണം, എന്റെ ഗുരുനാഥന്‍ എന്നോട് അങ്ങനെ പ്രവര്‍ത്തിച്ചിട്ടുള്ളതുകൊണ്ട്, എനിക്കു പൂര്‍ണ്ണമായിട്ടും പറയാന്‍പറ്റും ആശായ്മയുള്ള ഗുരുനാഥന്മാര്‍ പൂര്‍ണ്ണമായിട്ടും ഇല്ലാതെയായിട്ടില്ല എന്ന്. പക്ഷേ പഴയ കാലത്തുണ്ടായിരുന്നതുപോലെ ഓരോ ഗ്രാമങ്ങളിലും ഇങ്ങനെ ആശായ്മയുള്ള അനവധി അനവധി ഗുരുനാഥന്മാര്‍ ഉണ്ടായിരുന്ന ഒരവസ്ഥ ഇന്നില്ല; അത്രേയുള്ളു. അതു വളരെ അപൂര്‍വമായി കിട്ടുന്ന, കണ്ടെത്താന്‍പറ്റുന്ന ഒന്നായിട്ടുമാറി. അങ്ങനെയുള്ള ഗുരുനാഥന്മാര്‍ക്ക് അഭ്യസനം നടത്താനുള്ള വേദി ഇല്ലാതാകുന്നു.

ശ്രീചിത്രന്‍: കാലഘട്ടത്തിന്റെ ഒരു പ്രശ്നമാണ്. ഗുരു, ഗുരുവിന്റെ സംസ്കാരം, ഗുരുവിന്റെ ശീലം, ഗുരുവിന്റെ അറിവ് തുടങ്ങി, ഗുരുവെന്ന ആനുഭൂതികലോകം മുഴുവനായി ഒരു ശിഷ്യനിലേക്കു പകരുകയെന്നത് നമ്മുടെ പാരമ്പര്യ അഭ്യസനരീതിയാണ്. എന്നാല്‍ അതേസമയം ആധുനിക ബോധനശാസ്ത്രം പലപ്പോഴും അതു ആവശ്യപ്പെടുന്നതേയില്ല എന്നും നമുക്കു കാണാം. കാരണം നിരവധി ഗുരുനാഥന്മാര്‍ ചേര്‍ന്ന ഒരു അഭ്യസനത്തിന്റെ സമഗ്രതയാണ് ഒരു ശിഷ്യനിലേക്ക് എത്തുന്നത്. അപ്പോള്‍ ഓരോ വര്‍ഷവും നിരവധി അധ്യാപകരിലൂടെ കടന്നുപോകുന്ന ഒരു ശിഷ്യന് അവസാനമാര്‍ജ്ജിക്കുന്ന കഥകളിയുടെ അറിവായിരിക്കും ആ ശിഷ്യന്റെ പ്രകാശനത്തിനുള്ള പിന്‍ബലമായിട്ട് ഊര്‍ജ്ജമായി ആ ശിഷ്യനില്‍ അവശേഷിക്കുക. അപ്പോള്‍ എത്രകണ്ടു പ്രസക്തമാണ് ഗുരുനാഥന്റെ ശീലശക്തിയെപ്പറ്റി, ആശായ്മയെ സംബന്ധിച്ചുള്ള അതിന്റെ പരിശുദ്ധിയെപ്പറ്റി കണ്ണേട്ടന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍?
ഏറ്റുമാനൂര്‍ പി. കണ്ണന്‍: ഇതു സത്യത്തില്‍ നമ്മുടെ കഥകളിയുടെ മാത്രമല്ല, എല്ലാവിഷയങ്ങളേയും ബാധിക്കുന്ന, എല്ലാ വിഷയങ്ങളോടും ബന്ധപ്പെട്ട, എല്ലാ വിഷയങ്ങളിലും പ്രസക്തിയുള്ള ഒരു കാര്യമാണ്. അതായത് നമ്മുടെ ഇന്നുള്ള education system  എന്നു പറയുന്നത് കുറെ subjects പഠിപ്പിക്കല്‍ മാത്രമാണ്. Mathmatics പഠിപ്പിക്കും, English പഠിപ്പിക്കും, Science പഠിപ്പിക്കും, History പഠിപ്പിക്കും. ഇതൊക്കെ കുറേശ്ശെ പഠിച്ചിട്ടുണ്ടെങ്കില്‍ മറ്റൊരാള്‍ പഠിപ്പിച്ചില്ലെങ്കില്‍പ്പോലും പഠിക്കാന്‍ പറ്റും. ഇന്നിപ്പോള്‍ ആര്‍ക്കും internet  available ആണ്. എവിടുന്നു വേണമെങ്കിലും ഈ subject പഠിക്കാം. subject  പഠിക്കലല്ല വിദ്യാഭാസം. വിദ്യാഭ്യാസം എന്നു പറയുന്നത് value system ത്തിന്റെ ശരിയായ പകരലാണ്. അതായത് എങ്ങനെയാണ് എന്റെ ഗുരുനാഥന്‍ കഥകളിയെ സ്നേഹിക്കുന്നത്, അതാണ് ഞാന്‍ പഠിക്കുന്നത്. അല്ലാതെ ആശാന്‍ എങ്ങനെ കിര്‍മ്മീരവധം ചെയ്യുന്നു, അല്ലെങ്കില്‍ ആശാന്‍ എങ്ങനെ നളന്‍ ചെയ്യുന്നു എന്നതു മാത്രമല്ല. വളരെ സമര്‍ഥനായ ഒരു വിദ്യാര്‍ഥിക്കു ഒരുപക്ഷേ കണ്ടാല്‍ ചിലപ്പോള്‍ ഇതു പഠിക്കാന്‍ പറ്റുമായിരിക്കും. ഇല്ല എന്നു ഞാന്‍ പറയുന്നില്ല. പക്ഷേ ഇതിനപ്പുറം ഒരു സംഗതിയുണ്ട്. ഞാനീപ്പറഞ്ഞത് subject ആണ്. ഈ subject പഠിക്കാന്‍ ചിലപ്പോള്‍ എനിക്കൊരു പുസ്തകം നോക്കിയാല്‍ പറ്റും. പക്ഷേ ഈ subject-ന് അപ്പുറം അതിനകത്തൊരു ജീവനുണ്ട്.   അത് പകരുകതന്നെവേണം. അതായത് എന്റെ ആശാന്‍ സൂക്ഷിക്കുന്ന value system എന്നെ സംബന്ധിച്ചിടത്തോളം അനവധി സന്ദര്‍ഭങ്ങളില്‍ വളരെ inspiration ആയിട്ടുള്ള അവസരങ്ങളുണ്ട്. ആശാന്‍ എന്നു പറയുമ്പോള്‍ ഒരു ആശാന്‍ മാത്രമല്ല. ഒരു വ്യക്തിയല്ല. കഥകളിയെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയുണ്ടാകാം. ഇപ്പോള്‍ എന്റെ മനസ്സില്‍ അനവധി പേരുടെ പേരുകളും മുഖങ്ങളും ഒക്കെ ഓര്‍മ്മ വരുന്നുണ്ട്. ഞാന്‍ ഒരു theatre വിദ്യാര്‍ഥിയായതുകൊണ്ട് theatre ലോകത്തുതന്നെ പ്രവര്‍ത്തിക്കുന്ന അനവധി പേരുണ്ട്. ഇനി theatre  അല്ലാത്ത സംഗീതത്തിലോ സാഹിത്യത്തിലോ പ്രവര്‍ത്തിക്കുന്ന ആചാര്യന്മാര്‍, ഇതെല്ലാം നമുക്കു വഴികാട്ടിയായി വരും. എങ്കിലും നമ്മുടെ ആചാര്യന്‍ ഈ കഥകളിയെ എങ്ങനെ കാണുന്നു, ഇതു ആചാര്യന്റെ അടുത്തു കൂടുതല്‍ ഇടപഴകിയാണു പഠിക്കുക. കളരിയില്‍ മാത്രമല്ല, subject പഠിപ്പിക്കുമ്പോഴും അല്ലാത്ത സമയത്തുള്ള സംഭാഷണത്തിലും ആശാന്‍ മറ്റുള്ളവരോടു പെരുമാറുന്നതു കണ്ടിട്ടും അണിയറയില്‍ പെരുമാറുന്നതു കണ്ടിട്ടും അരങ്ങത്തു പെരുമാറുന്നതു കണ്ടിട്ടും ഇങ്ങനെ നമ്മളിലേക്കു പകരേണ്ട ഒന്നുണ്ട്. അതായത് ഇതു് ഒരു വലിയ മനോഭാവത്തിന്റെ ചിത്രം മനസ്സില്‍ സൃഷ്ടിക്കും. ഏതുതരത്തിലുള്ള ചിന്താഗതിയാണുണ്ടാകേണ്ടത്, ഏതു തരത്തിലുള്ള value system ആയിരിക്കണം, ഇതാണ് ശരിക്കും വിദ്യാഭ്യാസം. അല്ലാതെ കേവലം subject പഠിപ്പിക്കലല്ല. ഈ subject പഠിക്കുന്നത് നമുക്കു പലേടത്തുനിന്നും പഠിക്കാം. പക്ഷേ ഇതു് ഈ value system ജീവിതത്തില്‍ ഉള്ളവരുടെ കയ്യില്‍ നിന്നു മാത്രമേ പഠിക്കാന്‍ പറ്റൂ.

സാങ്കേതിക സഹായം: എം ബി സുനില്‍ കുമാര്‍, നിഖില്‍ കപ്ലിങ്ങാട്

(തുടരും)

Article Category: 
Malayalam

Comments

Teerthum sangkethikamaaya kthakaliyude rengaviskaranathinte durgrahathaye marikadannu asvadanathinum patnathinum charchakalkkum puthiya vazhi thurakkanum, rengaviskaranathe sambandhikkunna pareeshanagalkku marganirdesamayum ee abhimukam karanamakatte ennu asamsikkunnu!! Chila samsayangal unnayikkunnu.......
!. Rengaviskaranathil nadathunna puthiyapareekshanangal kthakaliydue avatharanathilum ,cholliyattathilum orupole badhakamano?
2. Vyavasthapitha niiyamangle parivarthippikkumpol paramparyavadikal ethirkkille?
3.'Asaima'ennaprayogam estayi.....Moolyabodham janmasidham koodiyalle?
4.Moolyabodhamulla oru adhyethavinu mathramalle guruvinte moolybodham jeevithathil pakarthan sadhikkoo?
ellam ente eliya samsayangalanu.. any way, nalla valuable aya abhimukham kazhchavacha Sreechithran chettanum kannan mashinum abhinandanathinte poochendukal!!!!!!!!!!!!!!

നന്ദി, മിസ്. ഭാവനജോസഫ്.
1. പരീക്ഷണങ്ങൾക്കു വേണ്ടിയുള്ള പരീക്ഷണങ്ങളല്ലല്ലോ നടത്തുന്നത്. ഏതെങ്കിലും വിധത്തിൽ പ്രസക്തിയുള്ള സംഗതികളല്ലേ ചെയ്യാൻ ശ്രമിക്കുന്നത്. അതു് കഥകളിയവതരണത്തിലും ചൊല്ലിയാട്ടത്തിലും ആവശ്യമായേക്കാം. ആവശ്യമെങ്കിൽ, അതിനു പ്രസക്തിയുണ്ടെങ്കിൽ, അതു ചെയ്യും. അത്രയേയുള്ളു.
2. എപ്പോഴും പരിവർത്തനം വന്നുകൊണ്ടിരിക്കുന്ന കുറേ കാര്യങ്ങൾ കഥകളിയിലുണ്ട്. എന്നാൽ പരിവർത്തനം വരാത്ത അടിസ്ഥാനസങ്കല്പങ്ങളും ഉണ്ട്. ഈ അടിസ്ഥാന ദർശനങ്ങളിൽ പരിവർത്തനം ഉണ്ടാകാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കും. ഉദാഹരണത്തിനു കഥകളിയുടെ നാട്യധർമ്മിത. ഈ അളവിലുള്ള 'കട്ടി'യായ ഒരുതരം നാട്യധർമ്മിതയാണ് കഥകളിയെ കഥകളിയാക്കുന്നത്. മറ്റു നൃത്തനാട്യകലാരൂപങ്ങളിൽനിന്നു കഥകളിയെ വ്യതിരിക്തമാക്കുന്നതു് അതിന്റെ നാട്യധർമ്മിതയാണ്. ഇതുപോലെയുള്ള അടിസ്ഥാനസങ്കല്പങ്ങളിലും അവയുടെ പ്രയോഗത്തിലും മാറ്റം വരാൻ പാടില്ല. എന്നാൽ എപ്പോഴും മാറ്റം വന്നുകൊണ്ടിരിക്കുന്ന ഒന്നാണ് കഥകളിയിലെ അഭിനയ-നൃത്തങ്ങളുടെ ചേരുവ. അങ്ങനെയുള്ള മേഖലകളിലാണ് പരീക്ഷണങ്ങൾക്കു പ്രസക്തിയുള്ളത്. പരീക്ഷണപ്രയോഗങ്ങൾക്കു സാർഥകമായ അവതരണം നൽകുവാൻ യോജിച്ച സന്ദർഭമാണ് ചൊല്ലിയാട്ടത്തിന്റെ അരങ്ങുകൾ.
3. എല്ലാ മനുഷ്യനും മൂല്യബോധം ഉണ്ട്. വളരെ കുറച്ചു പേരേ സ്വന്തം മൂല്യബോധം എന്തെന്നു ചിന്തിക്കാൻ മിനക്കെടുന്നുള്ളു എന്നതാണു പരമാർഥം. സ്വയം തിരിച്ചറിഞ്ഞില്ലെങ്കിലും ഏതൊരാളും അവനവന്റെ മൂല്യബോധത്തിനനുസരിച്ചാണ് പ്രവർത്തച്ചുകൊണ്ടിരിക്കുന്നത്. ചിലർക്കു സ്വന്തം സുഖം മാത്രമായിരിക്കും പ്രധാനം. ചിലർ അന്ന്യരുടെ സൗകര്യങ്ങൾകൂടി കണക്കിലെടുക്കും. ചിലർ മറ്റുള്ളവർക്കുവേണ്ടി സ്വന്തം സുഖംകൂടി ഉപേക്ഷിക്കാൻ തയ്യാറാകും. മനുഷ്യൻ ഏതു കാര്യങ്ങളെ വിലയേറിയതായി കാണുന്നുവെന്നതിനനുസരിച്ചിരിക്കും ആയാളുടെ മൂല്യബോധം. സംസ്കാരസമ്പന്നരായവർ സ്വന്തം മൂല്യബോധത്തെ പരിശോധിച്ചു പുനർനിർണ്ണയം ചെയ്യുകയും ചെയ്യും.
4. മുൻമറുപടിയിൽ ഒടുവിലായി പറഞ്ഞ തരത്തിലുള്ള കുറച്ചുപേർ മാത്രമേ ഗുരുവിൽനിന്നോ മറ്റോ ഉള്ള പ്രചോദനത്തിന്റെ ഫലമായി സ്വന്തം മൂല്യബോധത്തിൽ പരിവർത്തനങ്ങൾ വരുത്താൻ തയ്യാറാകുന്നുള്ളു. മഹത്വം നിറഞ്ഞ ചിത്തവൃത്തികളെ മൂല്യവത്തായി കണക്കാക്കുമ്പോഴാണ് ജീവിതത്തിനും അതേ ഗുണങ്ങൾ ഉണ്ടാകുന്നത്.

ആശംസകൾ..

പാരമ്പര്യകലയുടെ അന്തഃസാരമറിഞ്ഞ നടനാണു ശ്രീ. ഏറ്റുമാനൂർ കണ്ണൻ എന്ന് ഈ അഭിമുഖത്തിൽ തെളിയുന്നു. മൂല്യബോധത്തെപ്പറ്റി മാത്രം അൽപ്പം:
പോസ്റ്റ് വ്യവസായവിപ്ലവ മൂല്യബോധം, പ്രീ വ്യവസായവിപ്ലവമൂല്യബോധം എന്നു മൂല്യബോധചിന്തയെ ബുദ്ധിജീവികൾ വ്യവഹരിയ്ക്കാറുണ്ടല്ലോ. 'ഭാരതീയത' എന്ന പേരിൽ പഴയ യാഥാസ്ഥിതിക മൂല്യചിന്തയെ ഈ ആധുനികാന്തര കാലത്തേയ്ക്കു പ്രത്യാനയിപ്പിക്കാനാണു ശ്രമമെങ്കിൽ അതു ഖേദകരമാണ്. ശ്രീചിത്രന്റെ ചോദ്യത്തിൽ വന്ന വിദ്യാഭ്യാസചിന്ത എടുക്കാം. ഒരു വിഷയത്തിന്റെ പല വിതാനങ്ങളെ വിദ്യാർത്ഥി പരിചയപ്പെടും മട്ടിൽ ക്ലാസിക്കൽ വിദ്യാഭ്യാസം വളർത്തിയെടുത്ത പല അദ്ധ്യാപകരിലൂടെ വികസിക്കുന്ന മെത്തഡോളജിയ്ക്കു ബദൽ, അതിലും പഴയ ഗുരുകുലവിദ്യാഭ്യാസമല്ല. കണ്ണൻ 'ആശായ്മ' തുടങ്ങിയ പാരമ്പര്യപദാവലിയിലൂടെ ആ പഴയ മൂല്യബോധത്തെയാണു പുണരുന്നതെങ്കിൽ, അത് ഇക്കാലത്തു ക്‌ളച്ചു പിടിയ്ക്കില്ല എന്നു ഖേദപൂർവ്വം പറയട്ടെ.

ഗുസ്താവ് ഫ്ലോബേറിനെ ഓർമ്മവരുന്നു.ബോർഹേസ് ഫ്ലോബേറിനെക്കുറിച്ചു പറഞ്ഞതും. "തത്വം ( അഥവാ മൂല്യബോധം) വും എന്ന കലയ്ക്കായുള്ള തീവ്രത്വരയും രണ്ടല്ല, ഒന്നു തന്നെ. ജീവിതത്തിന്റെ നിത്യസാധാരണത്വത്തിൽ നിന്നു മാറിനിൽക്കുക, അധികാരമുള്ളവരിൽ നിന്നു മനസ്സുകൊണ്ട് അകലേയ്ക്കകലേയ്ക്കു പോവുക, ഓരോ സാഫല്യങ്ങളിൽ നിന്നും ഉടനടി എഴുന്നേറ്റുമാറുക, അഭിനന്ദനങ്ങളെ കണ്ണടച്ചു കുടഞ്ഞു കളയുക... ഇത്തരത്തിൽ ഞാനും ഒരു ആശ്രമവാസിയാണ്"

ഇത്രയൊക്കെയേ, അല്ലെങ്കിൽ ഇതൊക്കെയേ മൂല്യബോധം കൊണ്ട് വിവക്ഷിക്കുന്നുള്ളൂ എങ്കിൽ ശരി. അല്ലാതെ കാലുകുത്തിയ പുഴയിൽ വീണ്ടും കാലുകുത്താനാണു ശ്രമമെങ്കിൽ പുഴ നിന്നുതരില്ലല്ലോ.

കഥകളിജ്ഞാനം കഷ്ടി. പക്ഷേ കണ്ണനെ വായിക്കാൻ കലാബോധം തന്നെ ധാരാളം :)

ഇരുവർക്കും അഭിവാദ്യങ്ങൾ. ചിത്രാ, ചിത്രതരം തന്റെ ക്രിയകൾ. അപ്രതീക്ഷിതമായ ഇടങ്ങളിൽ നിന്ന് താൻ നീരുറവകൾ കൊണ്ടുവരുന്നു. :)

നന്ദി, ശ്രീ. അഷ്ടമൂർത്തി.
അധ്യാപനത്തിലെയും കഥകളിപോലുള്ള കലാരൂപത്തിന്റെ അവതരണം ആസ്വാദനം തുടങ്ങിയവയുടെയും കാര്യത്തിലുള്ള മൂല്യങ്ങളെപ്പറ്റിയാണു ഞാൻ പറയുന്നത്. നടന്റെ ശരീരത്തിൽ കഥകളിയുടെ നാട്യധർമ്മിയായ മുദ്രകൾ വിരിയിച്ചെടുക്കാൻ അനുഭവമുള്ള ഗുരുനാഥന്റെ, കാപട്യവും സ്വാർഥതയുമില്ലാത്ത ഉപദേശനിർദ്ദേശങ്ങൾ ആവശ്യമാണ്. ഇതു കേവലം subjects പഠിക്കുന്നതന്നപ്പുറമുള്ള ഒരു പ്രചോദനത്തിൽനിന്നേ സാധ്യമാകുകയുള്ളു. ഇതിനു പ്രാചീനം എന്നോ ഭാരതീയം എന്നോ വ്യവസായവിപ്ലവത്തോടു ബന്ധപ്പെടുത്തിയുള്ളതെന്നോ എല്ലാം പേർ വിളിക്കുന്നതിൽ എനിക്കു ലേശവും താല്പര്യമില്ല. കഥകളിയുടെ നാട്യധർമ്മിതയെപ്പറ്റി രാമൻകുട്ടിനായരാശാൻ, ഗോപിയാശാൻ, വാസുപ്പിഷാരോടിയാശാൻ ഇവരിൽനിന്നു ഞാൻ പ്രചോദിതനായതിനു ഭാരതീയമൂല്യമെന്നോ പ്രീ/പോസ്റ്റ് വ്യവസായവിപ്ലവമൂല്യമെന്നോ വിളിക്കേണ്ടതുണ്ടോ? തന്റെ കലാരൂപത്തെയും ശിഷ്യന്മാരെയും എങ്ങനെ സ്നേഹിക്കണമെന്നു ഞാൻ ധനഞ്ജയൻമാഷുടെ ജീവിതം കണ്ടു പ്രചോദിതനായിട്ടുണ്ടെങ്കിൽ അതിന് എന്തു പേരാണ് ഇണങ്ങുക? താൻ കൈകാര്യം ചെയ്യുന്ന കലയെ കലാമൂല്യം ചോർന്നുപോകാതെ ആധുനികകാലത്തിനു ചേർന്ന രീതിയിൽ പരിഷ്കരിക്കുന്ന കാര്യത്തിൽ കുഞ്ചുനായരാശാനെയും ഗുരുകേളുചരൺമഹോപാത്രയെയും വെമ്പട്ടിചിന്നസത്യംമാസ്റ്ററെയും അറിഞ്ഞു ഞാൻ പ്രചോദിതനായിട്ടുണ്ടെങ്കിൽ അതു് അവർ മുന്നോട്ടു വച്ച ദർശനങ്ങളുടെ മഹത്വംകൊണ്ടല്ലേ? ഇതുപോലെ വിദ്യാർഥികൾക്കു പ്രചോദനം നൽകുന്നതിനു സാധിക്കുന്ന ഗുരുനാഥന്മാർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഉണ്ടെങ്കിലേ ആ മൂല്യങ്ങൾ പുതിയ തലമുറയിലേക്കു പകരുകയുള്ളു. കഥകളിയുടെ രംഗാവതരണം മൂല്യബോധവിചിന്തനത്തിന്റെ പിൻബലത്തോടെ നിർവഹിക്കേണ്ട ഒന്നാണ്. കലാരംഗവുമായി ബന്ധപ്പെട്ടുനിൽക്കുന്ന ഈ മൂല്യബോധം ഒരു ജീവിതദർശനംതന്നെയാണ്. പക്ഷേ അതു കേവലം സദാചാരസംഹിതയല്ല. പുസ്തകത്തിൽനിന്നു വായിച്ചെടുക്കാവുന്ന നിയമാവലിയല്ല. മൂല്യവത്തായ കലയുടെ പൊരുൾ ആവിഷ്കരിച്ചു ജീവിക്കുന്ന ഉദാഹരണവ്യക്തികളിൽനിന്നു പുണ്ണ്യപ്രചോദനമായി ബീജസങ്കലനം നടക്കുകയും യുവഹൃദയത്തിൽ വേരൂന്നി പ്രവൃത്തികളിലൂടെ വളർന്നു പ്രകടമാകുകയും ചെയ്യേണ്ട ഒന്നാണത്. ജീവിതത്തിൽനിന്നു മാത്രമേ ജീവിതത്തിലേക്കു മൂല്യങ്ങൾ പകർത്തപ്പെടുകയുള്ളു. ശ്രീ അഷ്ടമൂർത്തി സൂചിപ്പിച്ച, അങ്ങയെ ആശ്രമവാസിയാക്കുന്ന മൂല്യങ്ങൾ അങ്ങയുടെ മുൻനടന്ന പൂർവജരിൽനിന്നും അങ്ങ് ആർജ്ജിച്ചവതന്നെയാണല്ലോ. ഇങ്ങനെ പ്രചോദനം നൽകുന്നതിനു സാധിക്കുംവിധമുള്ള ജീവിതങ്ങളുടെ കുറവ്, മറ്റു കലകളെ അപേക്ഷിച്ച് കഥകളിപോലെയുള്ള പാരമ്പര്യകലകളെ കൂടുതലായി ബാധിക്കും. അതാണ് ഇവിടത്തെ സൂചിതം.

കാലുകുത്തിയ പുഴയിൽ വീണ്ടും കാലുകുത്താൻ പുഴ നിന്നുതരില്ലല്ലോ. എന്റെ കൗതുകം അതിലല്ല. ഒഴുക്കിനെ ചെറുതായൊന്നു ഭേദിച്ചാൽ ദൃഢഭൂമികണ്ടെത്താനാകുമോയെന്നും അവിടെ കാലുറപ്പിച്ചു ജലപ്രവാഹത്തിന്റെ സുഖശീതളിമ അറിഞ്ഞനുഭവിക്കാനാകുമോയെന്നുമാണ് എന്റെ ഉന്നം.

ആശംസകൾ..

gambheera abhimukham.muunnu bhagangalum vayichu. adutha bhagathinu kathirikkunnu. abhinandanngal.

എന്റെ പ്രിയപ്പെട്ട സുഹൃത്തും പ്രസിദ്ധ കഥകളി കലാകാരനുമായ ശ്രീ. കണ്ണനുമായി ശ്രീ. ചിത്രന്‍ നടത്തിയിരിക്കുന്ന അഭിമുഖം വളരെ വിലപ്പെട്ടതും വിജ്ഞാന പ്രദവുമാണ്. ശ്രീ. ചിത്രനും ഈ അഭിമുഖത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഏല്ലാവര്‍ക്കും എന്റെ വിനീതമായ കൂപ്പുകൈ.

കണ്ണന്റെ ഒരു വാചകം: "ശിഷ്യന്‍ ഉണ്ടാകുന്നത് ഗുരുവില്‍നിന്നാണല്ലോ"

അല്ല, ഗുരുവിൽ നിന്നല്ല ശിഷ്യനുണ്ടാകുന്നത്. ശിഷ്യനാവാനുള്ള പരിതസ്ഥിതി നിലനിൽക്കുമ്പൊൾ ആണ് ഗുരു ഉണ്ടാകുന്നത്. ഗുരു ഒരു മൂല്യബോധഫാക്ടറിയും ശിഷ്യൻ അതു സ്വീകരിക്കാനുള്ള സ്ഥലവും എന്ന ബോധനകാഴ്ച്ചപ്പാടുതന്നെ വളരെ പഴകിയതാണ്. ശിഷ്യൻ തന്റെ അനുഭൂതിലോകത്തുനിന്ന് അറിവിന്റെ ഉൽപ്പാദകനാവുക എന്ന പ്രക്രിയക്കുള്ള ത്വരകമായി പ്രവർത്തിക്കുകയാണ് ഗുരുനാഥൻ ചെയ്യേണ്ടത് എന്നുള്ള ദർശനം പോലും ഇപ്പോൾ പഴകിത്തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് അതിലും പ്രാചന്നമായ വിദ്യാഭ്യാസസംഹിതയുമായി എഴുന്നള്ളുന്നത്. സഹതാപം തോന്നുന്നു.

മൂല്യവിദ്യാഭ്യാസം ഇപ്പോൾ എല്ലായിടത്തും ചർച്ച ചെയ്യുന്ന വിഷയമാണ്. പക്ഷേ അതു കണ്ണൻ കരുതും പോലെ ഒരു സദാചാരവിദ്യാഭ്യാസമല്ല.

നന്ദി, മി. ഹരീന്ദ്രൻ.
താങ്കൾ ഉന്നയിച്ച ആരോപണത്തിനു യാതൊരു അടിസ്ഥാനവുമില്ല എന്നു സ്നേഹപൂർവം അറിയിക്കട്ടെ. ശിഷ്യനു് അറിവുണ്ടാകുന്നത് ഗുരുവുൽനിന്നല്ല എന്നുതന്നെയാണ് എന്റെയും അഭിപ്രായം. subject പഠിക്കുന്നതിന് അനേകം മാർഗ്ഗങ്ങൾ ഇന്നു നിലനിൽക്കുന്നുണ്ട്. പക്ഷേ ഒരാൾ പ്രചോദിതനാകുന്നത് തനിക്കു മുൻപിൽ നടന്നുപോയ മഹാത്മാക്കളിൽനിന്നാണ്. അതിനു മഹാത്മാക്കൾ ഉണ്ടായേ തീരൂ. മഹാത്മാവായ ഗുരുവുണ്ടായിരുന്നാൽ കാര്യം നന്നായി നടക്കും എന്നു സൂചിപ്പിച്ചു; അത്രയേയുള്ളു. മഹത്വത്തെ സൃഷ്ടിക്കുന്ന മാനദണ്ഡങ്ങളെയാണ് മൂല്യബോധം എന്നു പറഞ്ഞത്. അല്ലാതെ സദാചാരപ്രസംഗമൊന്നും ഞാൻ നടത്തിയിട്ടില്ല. ശ്രദ്ധിച്ചു വായിക്കുന്നവർക്ക് ഇതു മനസ്സിലാകും. കഥകളിപോലെയുള്ള ഒരു പാരമ്പര്യകലയുടെ കാര്യത്തിൽ, മുറിയാതെ നിലനിൽക്കുന്ന പാരമ്പര്യധാരയ്ക്കു പല തലങ്ങളിൽ പ്രസക്തിയുണ്ട്. വിനയപൂർവം കഥകളിയെ അറിയാൻ ശ്രമിക്കുമ്പോൾ ഇതു ബോധ്യമാകും.