പെരിയ നരകാസുരീയം
ഓർമ്മകൾക്കൊരു കാറ്റോട്ടം - ഭാഗം 16
അണിയറ ലേശം കുടുസാണ്; വെളിച്ചം കമ്മിയും. അതൊന്നും അപ്പോൾ നോക്കിയില്ല. ഒരു വെള്ളത്തോർത്ത് വെടിപ്പായി അഴക്കോലിൽ ഞാത്തിക്കണ്ടു. അതിനു താഴെ ഒരു കാവിമുണ്ടുവേഷക്കാരനെയും. അടുത്തു ചെന്ന് കാൽമുട്ടുകൾ നിലത്തുകുത്തി ഇരുന്നു. എന്നിട്ട് തൊണ്ട നേരെയാക്കി ചോദിച്ചു, "ഓർമ്മയുണ്ടോ?"
മനയോലക്കുറുക്കഗ്രമുള്ള ഈർക്കില മടിയിലേക്ക് താഴ്ത്തി പെട്ടെന്നെന്നെ നോക്കി. മറുപടിക്ക് കാക്കാതെ ഞാൻ തുടർന്നു: "നമ്മള് അരണാട്ടുകരവച്ച് കണ്ടിരുന്നു അടുത്തിടെ. സ്കൂൾ ഓഫ് ഡ്രാമേല്..."
ചെമപ്പൻ ചുണ്ടകറ്റി പല്ലു കാട്ടി മറുപടി വന്നു, "വ്വൊവ്വ്. പ്പൊ മനസ്സിലായി.... ശ്രീരാമൻ ന്നോ ശ്രീകൃഷ്ണൻ ന്നോ ന്തോ പേരും പറഞ്ഞു..."
ചിരി വന്നു. ഇതുപോലൊരു വർത്തമാനമാണ് തലേ മാസം തൃശ്ശൂരിനു സമീപമുള്ള ഗ്രാമത്തിൽ കണ്ടപ്പോഴും കേട്ടത്. അന്നാണ് ആദ്യമായി നേരിട്ട് സംസാരിച്ചതും.
"സദനം കൃഷ്ണൻകുട്ടിയല്ലേ?" മുപ്പതെങ്കിലും വയസ്സ് മൂപ്പുള്ള കഥകളിക്കാരനെ പൊടുന്നനെ ക്യാമ്പസ്സിൽ കണ്ടപ്പോൾ കൂളായി ചോദിച്ചു. "അതതെ" എന്ന് കൌതുകപൂർവ്വം പ്രതിവചിച്ചപ്പോഴും "നിയ്ക്കെന്താ നി വേറെ വല്ല പേരൂടാൻ ഭാവണ്ടോ?" എന്നൊരു ധ്വനി തോന്നി.
"ഞാനിവിടെ പഠിക്കുകയാണ്; എക്കണോമിക്സ് എം.എ.ക്ക്," എന്ന് സ്വയം പരിചയപ്പെടുത്തി. "എന്താ ഇവിടെ?"
"അതോ, നിയ്ക്കൊരു ഇരുവത്തയ്യായിരൊർപ്പ്യ വേണം," എന്ന് തിരിച്ച്. നർമം മാത്രമുദ്ദേശിച്ചുള്ളൊരീണത്തിൽ ഇങ്ങനെയും: "ന്താ? ട്ക്കാൻ ണ്ടാവ്വോ?"
അയ്യോ... (അന്നേരം ഇറയത്തുകൂടെ ഞങ്ങളെ കടന്നുപോയ താടിക്കാരൻ പ്യൂണ് ജോണിയേട്ടന്റെ മുഖത്ത് തമാശച്ചിരി.)
"ങ്ഹാ... അതൊക്ക പോട്ടേ, അപ്പാരാ? മനസ്സുലായില്യലോ..."
കഥകളിക്കമ്പമുള്ള ഒരാൾ. "ങ്ഹാ, പിന്നെ വാസുണ്ണിയുണ്ടല്ലോ, ചെർപ്ലശ്ശേരി... കസിനാ..."
"ഈ കസിൻ ച്ചാ കൃത്യം?"
"ഉണ്ണ്യേട്ടന്റെ അമ്മാവന്റെ മകനാ ഞാൻ."
"ഹത് പറയ്യോ... അപ്പൊ മൊറച്ചെറ്ക്കൻ!"
ഹ ഹ.
"എന്റീം സ്ഥലാ ചെപ്പശ്ശേര്യേ! വാസുണ്ണ്യേ ഞാനാ പണ്ട് കൊണ്ടയിക്കണ്ണതേ, കലാമണ്ഡലത്തില് ചേർത്താനേ...."
അത് കേട്ടിട്ടുണ്ട്.
"(വാസുണ്ണിയുടെ അച്ഛൻ, അയ്യപ്പൻകാവ് നടവഴിയിൽ പീടിക നടത്തുന്ന ടി.എസ്.ആർ.) നമ്പ്യാര്യൊക്ക ഞാനറീം നല്ലോണം...."
അതുറപ്പാണല്ലോ.
"എന്തായ്യാ ന്താ? വാസുണ്ണ്യോക്ക രക്ഷപ്പെട്ടു. ശാന്തിനികേതൻലും (അവിടത്തെ കഥകളിവേഷം അദ്ധ്യാപകൻ) അവടീംബട്യോക്ക്യായി..... ഞാനൊക്ക, ദാ കണ്ട് ല്ല്യേ! ബടങ്ങന തിരിഞ്ഞളിയ്ക്കുണു..."
(സ്വയം കോമാളിയാക്കിയുള്ള ഇത്തരം തമാശകൾക്ക് self-deprecation എന്ന് ആംഗലത്തിൽ പറയുമെന്ന് വർഷങ്ങൾ ചെന്നപ്പോൾ [സ്വജീവിതത്തിൽനിന്ന്] മനസ്സിലാക്കി.)
ഇത്രയും ലോഹ്യം കഴിഞ്ഞപ്പോഴേക്കും അവിടെ നരിപ്പറ്റ നാരായണൻ നമ്പൂതിരി വന്നു. മേലെ, ഡ്രാമാ സ്കൂളിന്റെ ആപ്പീസിൽനിന്ന് ഗോവണിയിറങ്ങി. എന്നെയും നോക്കി ചിരിച്ചു. "കൊറച്ചേരായ്യൊ?" എന്ന് അതിഥിയോട് കുശലവും. സദനത്തിൽ പണ്ടു പഠിച്ച രണ്ടു കഥകളിക്കാർ ഒന്നിച്ചതോടെ എനിക്ക് രംഗമൊഴിയാൻ കാലമായി.
ഇന്നിപ്പോൾ (1990ലാവണം) ഇവിടെ, തൃപ്പൂണിത്തുറ, കൃഷ്ണൻകുട്ടിയേട്ടന് പഴുക്കയാണ് വേഷം. "കണ്ണ്വാണാല്ല്യ...." തൊട്ടു മുമ്പിൽ ലേശം മേലെ തൂക്കിയിട്ടുള്ള മുനിയൻബൾബ് നോക്കി പറഞ്ഞു. "എവട്യാ (മുഖത്ത്) വരയണ് എന്താ വരയണ് നിശ്ചല്ല്യ. ആരോടാ പറേണ്ട് ന്നും അറീണ്ല്ല്യ..."
ക്ലേശം സഹിച്ചതൊരു വശം; വേഷം അരങ്ങത്ത് തകർത്താടി എന്നത് വേറെയും.
തൃപ്പൂണിത്തുറയിൽത്തന്നെ ക്ലബ്ബിന്റെ വാർഷികത്തിന് ഇതുപോലെ അണിയറയരങ്ങു പാരസ്പര്യമുള്ള രംഗങ്ങൾ കാണാൻ ഒത്തിട്ടുണ്ട്. മുഴുരാത്രി കഥകളിക്കൊടുവിൽ സ്റ്റേജിൽ കിരാതം അർജുനനായി വന്ന് ഗുരുനാഥൻ കീഴ്പടം കുമാരൻനായരുടെ കാട്ടാളനെ യുദ്ധം ചെയ്യുമ്പോഴും അണിയറയിൽ കേട്ട തമാശ മറക്കാനായില്ല. വില്ലിനൊപ്പം കൈപ്പറ്റിയ ചുവന്ന അമ്പിന് കൂർപ്പില്ലാഞ്ഞത് ക്ഷണം ശ്രദ്ധിച്ചാവണം, പെട്ടിക്കാരൻ മല്ലുവിനോട് കൃഷ്ണൻകുട്ടിയേട്ടൻ ചോദിച്ചു: "ദെന്താത്? ചന്നനത്തിരിക്കൂടോ?"
കളി മൊത്തം ഇരമ്പി എന്നും ആശാനും ശിഷ്യനും ചേർന്നുള്ള കോമ്പിനേഷൻ ഗംഭീരമായി എന്നും ഭാരവാഹി ഈടൂപ്പ് സതീവർമ്മ വെളുപ്പിന് (പൂർണത്രയീശക്ഷേത്രത്തിലെ ഊട്ടുപുരമൂലക്കലെ) അണിയറയിൽ വന്നു പറഞ്ഞപ്പോൾ കച്ചമണിയഴിക്കുന്നതിനിടെ കൃഷ്ണൻകുട്ടിയേട്ടന്റെ മറുപടി: "ഏയ്, അത് കാണിക്കാനായിരുന്നൂലോ ബടയീ കളി വെച്ചതെന്നെ...."
സാകൂതം കണ്ടൊരു കിരാതമായിരുന്നു അത്. പക്ഷെ, കൃഷ്ണൻകുട്ടിയേട്ടൻ അരങ്ങത്ത് പ്രവർത്തിക്കുന്നത് ഏറ്റവം അടുത്തുനിന്ന് കണ്ടത് അദ്ദേഹത്തിന്റെ വേറൊരു വേഷത്തിലാണ്. കീചകൻ. കൃത്യം പറഞ്ഞാൽ 'കത്തി'യുടെ തിരനോക്കു നേരത്ത്. തൃപ്പൂണിത്തുറനിന്ന് അകലെയല്ലാതെ എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവക്കളിക്ക് രണ്ടാമത്തെ കഥ. പ്രതിനായകൻ അരങ്ങത്തു വന്ന് തിര താഴ്ത്തിയതും ശ്രീലകത്തെ തിടമ്പ് വലം വെക്കാനെടുത്തതും ഒരേ സമയം. പ്രദക്ഷിണവഴി വരെ തിങ്ങി നിറഞ്ഞ സദസ്സ് ഭക്ത്യാദരപൂർവ്വം ഇളകി. "ഡിം ണോം" ശബ്ദത്തിൽ ചെണ്ട വലന്തലയും ചെങ്ങിലയും ദേവനെ ആനയിച്ചു മുന്നേറിയപ്പോൾ ചിതറിയ ജനത്തിന്റെ പഴുതു നോക്കി ഞാൻ മുന്നോട്ട് കയറിപ്പറ്റി. സിമന്റുതറയിൽ ചേർന്നുനിന്ന് കണ്മണിയും പിന്നെ മുഖവും തുടർന്ന് കൈക്കുഴകളും ഇടംവലം മാറിമറിയുന്നത് ഉന്മാദത്തോടെ നോക്കിക്കണ്ടു.
ഇതേ ദേഹത്തിന്റെതന്നെ കീചകൻ അതിലും സൂക്ഷ്മമായി കാണുന്നത് മൂന്നാലു വർഷം പിന്നിട്ട് പാലക്കാട്ട് വച്ചാണ്. പട്ടണത്തിലെ ക്ലബ്ബിന്റെ സന്ധ്യക്കളി. സദനം സംഘം പ്ലസ് കൃഷ്ണൻകുട്ടി സ്പെഷ്യൽ. സുദേഷ്ണയും സൈരന്ധ്രിയും കൂടിയുള്ള ആദ്യരംഗം കഴിഞ്ഞ് പുരുഷവേഷം അരങ്ങത്തു വന്നപ്പോഴാണ് ശ്രദ്ധിച്ചത്: അന്നേരം തിരശീല പിടിക്കാൻ രണ്ടാളില്ല. ട്രൂപ്പ് മാനേജർക്ക് പിന്നെ ആലോചിക്കാൻ നേരമില്ല. കോട്ടൻ കുപ്പായമാഴിച്ച് ഒരറ്റം ഞാൻതന്നെ ഏന്തി. അണിയറയിൽനിന്ന് പ്രതാപത്തിൽ എത്തിയ കിരീടധാരി വേറൊന്നും നോക്കാതെ ഗൌരവത്തിൽ കളിവിളക്കിന് മുമ്പിൽ വിസ്തരിച്ചു കുമ്പിട്ടു. തൊണ്ടത്തരിയുള്ള നീളനലർച്ച കേൾക്കുന്നതും തിരശീലമേൽ നഖങ്ങൾ നിമിഷനേരം വെള്ളിരേഖകൾ വീഴ്ത്തുന്നതും കൌതുകപൂർവ്വം കണ്ടുന്നിന്നു. ഒരുനേരം പെട്ടിക്കാരനായാൽ പോവുമോ കാണിശ്ശീലം!
മാലിനിയോടുള്ള പതിഞ്ഞ ശ്രുംഗാരവും മൂത്ത പെങ്ങളോട് പോയി പഞ്ചബാണനെ വെൽവാനാവാതിരിക്കുന്നതിന്റെ നിസ്സഹായത വെളിപ്പെടുത്തലും ഹരിണാക്ഷിയെ തല്ലിപ്പറഞ്ഞയക്കേണ്ടി വന്നതിന്റെ വിവശതയും കഴിഞ്ഞ് വീണ്ടും കണ്ടിവാർകുഴലിയെ കാണാൻ മോഹിച്ച് പോവുന്ന സമയത്ത് അണിയറയിൽനിന്ന് വരുന്ന കൃഷ്ണൻകുട്ടിയെട്ടനോട് ചുമ്മാ കയറി അഭിപ്രായം പറഞ്ഞു: "ആദ്യത്തെ രംഗം തകർത്തു." മറുപടിക്ക് പ്രാസമുണ്ടായിരുന്നു: "ഹും, ന്റെ നട്ടനെല്ലൊടിഞ്ഞു."
ഇങ്ങനെ പറപറ വർത്തമനം പറയുന്ന കൃഷ്ണൻകുട്ടിയേട്ടന്റെ എഴുത്ത് വളരെ അളന്നു മുറിച്ചതും, മിക്കവാറും കാവ്യാത്മകവുമായി തോന്നാറുണ്ട്. കളിക്ക് ക്ഷണിച്ചാൽ "വരാം" എന്ന വിവരം അറിയിക്കുന്ന മറുപടിക്കത്തിലും അദ്ദേഹത്തിന്റെ കൈയക്ഷരത്തിന്റെ ഭംഗി കാണാം. വർഷക്കാലങ്ങലിൽ ഒരിക്കൽ അയച്ചുകിട്ടിയ മഞ്ഞ തപാലുരുപ്പടി തുറന്നപ്പോൾ വെള്ളക്കടലാസിൽ മണിമണിമുദ്രകൾ. മറ്റൊരു വേനൽ സീസണ് എങ്ങനെ വീണ്ടും കനൽക്കാറ്റു പോലെ അടിച്ചുപോയെന്നും ഇപ്പോൾ കുടുംബത്ത് നനഞ്ഞു കൂടിയിരിക്കുന്നു എന്നുമൊക്കെ വിവരണങ്ങൾ. ഉഴിച്ചിൽക്കാലത്ത് കളരിമുറിയിൽ ആളോഴിവ് നോക്കി ആശാൻ ചുഴിപ്പെടുക്കുന്നതു പോലെ വെടിപ്പും ഭംഗിയുമുള്ള വാക്കുകൾ.
അതിനിടെ ഒരിക്കൽ പറഞ്ഞു കേട്ടു: "നിയ്ക്കീ (തേക്കിൻകാട്ടിൽ) രാമുണ്ണി നായരാശാന്റെ കൈയ്ന്ന് കിട്ടീട്ട്ള്ള ശീലാ. ചെലതൊക്കെ നല്ല വെടിപ്പിലേ പറ്റൂ. പ്പോ ദാ ഒരു തോർത്തുമുണ്ട് ഒണക്കാടണങ്ക് രണ്ടറ്റം ഒരേ അളവിലാക്കീട്ടേ പറ്റൂ.... എന്തായ്യാ, ശീലായി."
അക്കാലത്തെപ്പോഴോ ആണ് ആലുവക്ക് സമീപമൊരു കരയിൽ കഥകളിക്ക് പോയത്. ജീപ്പിന്റെ പിന്നിലെ പടിയിൽ കൂനുനിന്ന് അരുവിലെ ഇരുമ്പുകമ്പിയിൽ തൂങ്ങിപ്പിടിച്ച് വയലേലകളും തെങ്ങിൻതോപ്പുകളും താണ്ടി വേണ്ടിവന്നു കുന്നത്തുനാട്ടിലെ കളിസ്ഥലത്തെത്താൻ. മൂന്നു കഥയാണ് അമ്പലമുറ്റത്ത്. ആദ്യത്തെ കല്യാണസൗഗന്ധികത്തിൽ കൃഷ്ണൻകുട്ടിയേട്ടന്റെയാണ് ഹനൂമാൻ. നന്നേ ലാഘവത്തിലായിരുന്നു. ഏറെയും നേരമ്പോക്കുകൾ. ഇതെന്താ ഇങ്ങനെ? കൂട്ടുവേഷം ഭീമസേനൻ ശിഷ്യൻ കലാനിലയം ഗോപാലകൃഷ്ണൻ ആയതു കൊണ്ടാവുമോ? "ഹേയ്, അതൊന്ന്വല്ല," ഒപ്പമുള്ള സുഹൃത്ത് പറഞ്ഞു: "അതങ്ങന്യാ, ചെല ദൂസം." മൂന്നാമത്തെയാൾ: "വളരെ നന്നായും കണ്ടിട്ടില്ലേ? അപ്പൊ ചെലേപ്പോ ഇങ്ങനേം വേണ്ടീരും."
വേറൊരിടത്ത് രൌദ്രഭീമൻ. ആജന്മശത്രുവായ ദുശ്ശാസനനെ വധിച്ച ശേഷം നെട്ടനെ കിടത്തി രക്തം കുടിക്കുമ്പോൾ വലിച്ചെടുക്കുന്ന കുടൽമാലക്ക് നല്ല നനവ്. കയർവണ്ണമുള്ള നാടയിൽനിന്ന് ചെഞ്ചായം കലക്കിയ വെള്ളം ഇറ്റു വീഴുന്നു. ചോരതന്നെയെന്നു തോന്നും; പക്ഷെ കീഴ്കടെ കണ്ടിട്ടില്ല. പിന്നൊരിക്കൽ ചോദിച്ചപ്പോൾ രസികൻ മറുപടി: "എന്താ പിന്ന്യീ വിദ്വാൻ പട്ട്ണിയാ തോന്നരുതലോ....."
തന്റെ മനയോലപ്പറ്റിന് ഒരു കാരണം തൊലിനിറമാണ് എന്നതിൽ ഊറ്റമുള്ളത് രണ്ടു തവണയെങ്കിലും കൃഷ്ണൻകുട്ടിയേട്ടന്റെ വാചകങ്ങളിൽ വ്യക്തമായിട്ടുണ്ട്. ജി അരവിന്ദന്റെ 'മാറാട്ടം' സിനിമയിൽ (1988) അവസരം കിട്ടിയതെങ്ങനെ എന്ന് (വെറും കൌതുകത്തിനുമേൽ) ചോദിച്ചപ്പോഴായിരുന്നു ഒന്ന്: "അതോ, അങ്ങോർക്ക് (സംവിധായകന്) രണ്ടു നിർബന്ധേണ്ടായിരുന്നുള്ളൂ. കാഴ്ചേല് നല്ഹ കറുപ്പാവണം; അത്യാവശ്യം കഥകളീം അറിയണം. ദ്പ്പൊ ഭൂമീല് ഞാനല്ലാതെ വേറാരാള്ള്?"
ഏറെക്കാലം ചെന്ന്, 2010 വേനലിൽ. മെയ് മാസത്തിൽ കലാമണ്ഡലത്തിൽ കൃഷ്ണൻകുട്ടിപ്പൊതുവാൾ അനുസ്മരണദിവസം ചെന്നപ്പോൾ വൈകിട്ട് സഹൃദയ സംഗമം, അവാർഡ് ദാനം. സംസാരിക്കുന്നവരുടെ കൂട്ടത്തിൽ കൃഷ്ണൻകുട്ടിയേട്ടനും. ചെണ്ട ചക്രവർത്തി 1960കളിൽ തന്റെ വെള്ളിനേഴിനാട്ടിൽ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ച് കഥകളി നടത്തുന്ന കാലം. ഒരിടത്ത് തീരുമാനിച്ചത് "കിഷ്ഷൻകുട്രെ സ്ത്രീവേഷം". ചെറിയൊരു സങ്കോചത്തോടെ അണിയറയിൽ തൊട്ടും തോണ്ടിയും മുഖം മിനുക്കിയിരുന്ന മിടുക്കൻ പയ്യനോട് പൊതുവാൾ ഉറക്കെ പറഞ്ഞത്രേ: "അതോണ്ടൊന്നും മത്യാവ് ല്ല്യ.... അങ്ങട്ട് വാരിത്തേച്ചോ!" അനുഭവസ്ഥൻതന്നെ ഇത്രയും പറഞ്ഞപ്പോൾ സദസ്സിൽ കൂട്ടച്ചിരി.
അന്നേ രാത്രി കൂത്തമ്പലത്തിൽ കൃഷ്ണൻകുട്ടിയേട്ടന്റെ നരകാസുരവധം ലളിത.
അതിനു പിറ്റത്തെ കൊല്ലം അതേ സ്മരണനാൾ കൃഷ്ണൻകുട്ടിയേട്ടന്റെ വേഷം കണ്ടത് ബാലി. പൊതുവാളാശാന്റെ ഭാവനയിൽ പിറന്ന വാനരഛായ വ്യതിയാനമുള്ള മുഖത്തെഴുത്തും ചുട്ടിയോടെയും. സുഗ്രീവനായി ശിഷ്യൻ രാമചന്ദ്രൻ ഉണ്ണിത്താൻ. ബാലി കണ്ട രാത്രി കഴിഞ്ഞപ്പോൾ ചോദിച്ചു: "അപ്പൊ ഇങ്ങനെയൊരു ചുവന്നതാടിയും കണ്ടു. ഇനിയൊരു വേഷം ഏതാ? കൃഷ്ണൻകുട്ടിയേട്ടൻ ബ്രാഹ്മണൻ കെട്ട്വോ?" ഒട്ടും താമസമുണ്ടായില്ല മറുപടിക്ക്: "വിരോധൊന്നുല്ല്യ; പിന്നെന്താ ച്ചാ കൊറോൻ (കുറവൻ) കേട്ടീതാണോ ന്ന് ആൾള്ള് സംശയിച്ചാലോ?"
സ്വതേ രസികത്തമുള്ളയൊരാൾ കറുത്തതാടി കെട്ടിയാൽ നന്നാവുമല്ലൊ എന്ന ഉറപ്പിന്മേൽ ഒരിക്കൽ കൃഷ്ണൻകുട്ടിയേട്ടന്റെതന്നെ നാട്ടിൽ ഒരുത്സവക്കളിക്ക് പോയി. ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ രണ്ടു കഥയിൽ ആദ്യത്തേത് നളചരിതം രണ്ടാം ദിവസം. സദനത്തിൽനിന്ന് വൈകുന്നേരം പുറപ്പെട്ട് കളിസ്ഥലത്ത് ബസ്സിറങ്ങി തിളങ്ങുംവെളിച്ചത്തിൽ കടകൾക്കിടയിലൂടെ നടക്കലെക്ക് രണ്ടടി വച്ചതും ആദ്യം കണ്ടത് കൃഷ്ണൻകുട്ടിയേട്ടനെയാണ്. കാവിമുണ്ടും തോർത്തുമായി നമ്പ്യാരുടെ കടയുടെ മുന്നിൽ. "ദാ ദാ വിരുന്ന്വാര്ണ്ടേയ്..." തൂക്കിയിട്ടിട്ടുള്ള പലനിറം ചെപ്പും പന്തും കൂട്ടത്തിനിടയിലെ പഴുതു നോക്കി ഉള്ളിൽ പീടികയുടമസ്ഥനോട് കൃഷ്ണൻകുട്ടിയേട്ടൻ ഉറക്കെപ്പറഞ്ഞു. "ങ്ഹാ, നന്നായി, നന്നായി...." ആർക്കോ നേരെ രുദ്രാക്ഷമാല നീട്ടിക്കൊണ്ട് ബന്ധു ശ്രീരാമേട്ടൻ പറഞ്ഞു.
മൂവരും അങ്ങോട്ടുമിങ്ങോട്ടും ലോഹ്യം ചോദിച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു: "ഇന്ന് കാട്ടാളൻ കാണാനാ പ്രധാനായിട്ട് വന്നിട്ടുള്ളത്."
"ന്നാ വന്ന വണ്ടിക്കെന്നെ തിരിച്ചോളൂ.."
അതെന്തേ?
"തസ്തിക മാറ്റി. എന്റെന്ന് പുഷ്കരനാ..."
ഛെടാ, എന്തുപറ്റി?
"അദ്പ്പോ... വേറൊരു മഹാനടൻ വരാൻ ണ്ടായിരുന്നു; അയളക്കൊഴ്വില്ല്യാ ത്രേ..."
എന്റെ വല്ലായ്മ കണ്ടപ്പോൾ ചോദ്യം വന്നു: "തനിക്കെന്താ ന്റെ പുഷ്ക്കരൻ പറ്റ്ല്ല്യേ?"
"അതല്ലാ, അത് കണ്ടിട്ടുള്ളതാണല്ലോ ധാരാളം...."
"ന്നാന്യൊന്നുംകൂടി കണ്ടോളോ... അല്ലാണ്ടെ ഞാൻപ്പെന്താ പറയ്യാ..."
കാവുവട്ടത്തെ കുളത്തിനപ്പുറം കുത്തനെ കൽപ്പടികൾ കയറി തീയ്യാടിയിൽ അത്താഴം കഴിച്ച് തിരിച്ച് കളിക്ക് വന്നപ്പോൾ സാമാന്യം നല്ല തിരക്ക്. തുടക്കത്തിലെ നളദമയന്തീ രംഗം കഴിഞ്ഞപ്പോൾ ക്ഷീണം തോന്നി. പാട്ടും നല്ല തഞ്ചം തോന്നിയില്ല. പോയിക്കിടന്നുറങ്ങാം. എന്നിട്ട് രണ്ടാമത്തെ കഥയ്ക്ക് വരാം. കെ.ജി. വാസു മാഷ്ടെ രൗദ്രഭീമൻ എങ്ങനെയെന്നു കാണണം.
ബന്ധുവീട്ടിലെ മയക്കത്തിനിടെ ദുര്യോധനവധത്തിലെ 'പരിപാഹി' കഴിഞ്ഞിരുന്നു. തട്ടിക്കുടഞ്ഞെഴുന്നേറ്റു. ഓടിപ്പിടഞ്ഞ് ഗോപുരമുറ്റത്തെത്തി. ആൾക്കൂട്ടത്തിനു വലിയ കുറവില്ലിപ്പോഴും. "വൽസേട്ടൻ എവട്യേര്ന്ന്?" സദനത്തിലെ വേഷം വിദ്യാർത്ഥി ഇടമന സദാനന്ദൻ ആകാംക്ഷയോടെ ചോദിച്ചു. എന്റെ കാര്യം കേട്ടപ്പോൾ പറഞ്ഞു: "കഷ്ടം! കൃഷ്ണൻകുട്ടിയേട്ടന്റെ ഒരു പുഷ്ക്കരൻണ്ടായി.... എരമ്പീ ന്നൊന്നും പറഞ്ഞാ പോര ശെരിക്ക്..."
മേലെ കുംഭമാസച്ചന്ദ്രനെപ്പോലെ മുഖമൊന്നു വിളറി. നാലമ്പലത്തിനകത്ത് ശ്രീകോവിലിൽ മണി മുഴങ്ങി.
ആ വേനലിൽത്തന്നെയവണം വേറൊന്നുണ്ടായത്. പട്ടാമ്പി ഞാങ്ങാട്ടിരിയുത്സവം. പുഴവക്കത്തെ ക്ഷേത്രത്തിൽ കളി. അണിയറയിൽച്ചെന്ന് കൃഷ്ണൻകുട്ടിയേട്ടനെ പ്രത്യേകം കണ്ടു. കാര്യമുണ്ട്. പിറ്റേന്ന് എറണാകുളം രവിപുരത്ത് സദനം ട്രൂപ്പിന്റെ കളിയാണ്. സന്ധ്യക്കളി; ഒറ്റക്കഥ. ശാപമോചനം. പ്രിൻസിപ്പൽ കെ. ഹരികുമാരൻ സ്വയം കടഞ്ഞ് ഇടയ്ക്കിടെ തേച്ചുവെളുപ്പിച്ചുകൊണ്ടിരുന്ന പുതുയുഗസൃഷ്ടി. അതിലെ നായകവേഷത്തിന് നോട്ടീസിൽ അച്ചടിച്ചു വന്നുകഴിഞ്ഞിരുന്നു പേര്: അർജുനൻ - സദനം കൃഷ്ണൻകുട്ടി.
"ഇന്നിവിടെ കഴിഞ്ഞാൽ ഒന്നിച്ചുപോവാം സദനത്തിലേക്ക്. ഉച്ചതിരിഞ്ഞാൽ കൊച്ചിക്കും. ട്രൂപ്പ് വണ്ടിയിൽ."
"ങ്ഹാ ആലോചിക്കാം... സമയണ്ടലോ, വെളിച്ചാവ്വോളം," എന്നാണ് മറുപടി.
പതിവു തമാശയായേ കൂട്ടിയുള്ളൂ.
വേഷം കഴിഞ്ഞ് മുഖം തുടച്ച് വേഷം മാറവേ ചെന്നു ചോദിച്ചു: ഫസ്റ്റ് ബസ്സിന് പോവാം, ല്ലേ?"
"എങ്ങട്ട്?"
"അതെന്താ അങ്ങനെ ചോദ്യം?"
"അതല്ല, നിയ്ക്കിനി വൈയ്ക്കും തൊന്നീല്ല്യ. ന്ന് ബട കളി, നാളെറണാകുളത്ത്, മറ്റന്നാ കൊല്ലത്ത്.... വയ്യ..."
ഇതെങ്ങനെ ശരിയാവും! കുമാരേട്ടൻ (സ്ഥാപനം മേധാവി കെ കുമാരൻ) ചോദിച്ചാൽ ഞാനെന്തു പറയും?
"എനിക്ക് ചെറുപ്പല്ല ന്നൊറ്റെ പറേണ്ടീരും... അയന്പ്പെന്താ? കുമാരേട്ടനും അറിയാത്ത കാര്യല്ലലൊ പ്പ ദ്..."
ഇങ്ങനെ ലേശം നേരം നീണ്ട സംസാരം എങ്ങനെ അവസാനിച്ചു എന്നറിയുന്നില്ല. എന്നിരുന്നാലും ഒന്നു തീർച്ച: സന്തോഷത്തോടെയാണ് ഞങ്ങൾ ഒന്നിച്ച് പത്തിരിപാലക്ക് ബസ്സ് കയറിയത്. നേരം നല്ലവണ്ണം വെളുത്തിട്ടില്ല.
മുക്കവലയിൽ വണ്ടിയിറങ്ങിയപ്പോൾ നല്ല ക്ഷീണം. ഇരുവർക്കും. താഴെ സദനത്തിലേക്ക് ഒന്നൊന്നര നാഴിക ദൂരം വരും. ഓട്ടോ പിടിച്ചു. സെൻട്രൽ സ്കൂളിലേക്കുള്ള വളവു തിരിഞ്ഞതും എതിരെ നിന്ന് വിശ്വേട്ടൻ. ലേശമല്ലാത്ത മുടന്തുണ്ടായിട്ടും വർക്ക്ഷാപ്പിൽ വാഹനം നേരെയാക്കാൻ കൂടുന്ന മദ്ധ്യവസ്കൻ ട്രൂപ്പ് വണ്ടിയുടെ ഡ്രൈവർ കൂടിയാണ്.
"ങ്ഹാ.... കണ്ടൊടങ്ങി, കണ്ടൊടങ്ങി...." ഒരുവശം ചെരിഞ്ഞ് എതിരെ നിന്ന് നടന്നു വരുന്ന വിശ്വേട്ടനെ കണ്ട് കൃഷ്ണൻകുട്ടിയേട്ടൻ ശകടത്തിന്റെ കുർകുറിനു മേലെ ആവേശത്തോടെ പറഞ്ഞു. "നമ്മടൊരു സാമ്രാജ്യാ... യിപ്പളും... ഈ അതിർക്കാടെ...."
പെട്ടെന്ന് കഥകളിപഠനകാലത്തേക്ക് ഓർമപോയി: "ഈ വഴ്യൊക്ക എന്തോരം നടന്ന്ട്ട്ള്ളതാ പണ്ടേയ്..." (സ്മൃതിപഥം പിന്നാക്കം വെട്ടിയതിനിടെ ഭാഷക്ക് വന്ന ആ ഒരു ചില്ലറമാറ്റം എന്നെ രസിപ്പിച്ചു. സദനത്തിൽനിന്ന് ഇറങ്ങിയ ശേഷമുള്ള അന്യദേശപാർപ്പുകൾക്കിടെ എപ്പോഴോ നാവിൽ പുരണ്ടതാവണം ഈ 'എന്തോരം' എന്നൂഹിച്ചു.)
കനത്ത മരങ്ങളുള്ള തൊടികൾ പിന്നിട്ട് സദനത്തിന്റെ പടിക്കു മുമ്പായി വാഹനം നിർത്തിച്ചു. പൊന്നുമണിയേട്ടന്റെ ചായക്കടയിൽ കയറി. അകത്ത് ആരുമില്ല. "ങ്ഹൊ.... ആശാനാ...." എന്നു പറഞ്ഞ് അകത്തുനിന്ന് കടനാഥൻ കട്ടില കടന്ന് പെട്ടെന്നു പ്രത്യക്ഷമായി.
ലോഹ്യത്തിനിടെ രണ്ടു ചായക്ക് പറഞ്ഞ കുപ്പിഗ്ലാസുകൾ പോന്നുമണിയേട്ടൻ മോറുന്നതിനിടെ കൃഷ്ണൻകുട്ടിയേട്ടൻ മറ്റൊരു കഥയുടെ ചുരുളഴിച്ചു.
"മുമ്പൊരിക്കെ തെക്കൊരു കളി. കുട്ടനാട് ഭാഗത്താ. തകഴി കുട്ടൻപിള്ളച്ചേട്ടനാ പൊന്നാനി. (നളചരിതം) നാലാം ദിവസം. ന്റെ ബാഹുകൻ. (അവസാനത്തെ രംഗത്തെ [നളദമയന്തീ പുന:സമാഗമ വേളയിലെ]) പാട്ടൊക്കെ രസേർന്ന്... തോടീലോന്ന്വല്ലേ; ഏതാ രാഗശ്ശണ്ടോ? കേദാരഗൌളം!"
എന്റെ അമ്പരപ്പിന്മേൽ കിഴുക്കി പൊന്നുമണിയേട്ടൻ 'ട്ടും' ട്ടും' എന്ന് രണ്ടു ചായ പലകമേശയുടെ മേലെ വച്ചു. അതെടുത്ത് ഒരു കവിളിറക്കി കൃഷ്ണൻ കുട്ടിയേട്ടൻ തൊണ്ട തെളിയിച്ചു. "ദാ, ങ്ങന്യേർന്ന്: "യെ ങ്ങാ...ആ...നു...മുണ്ടോ ഓ....കണ്ടൂ...."
എന്റെ അദ്ഭുതം പലകുറി പെരുകി. ഒന്നാമത് കൃഷ്ണൻകുട്ടിയേട്ടൻ പാടും എന്നറിഞ്ഞിരുന്നില്ല. ഇതിപ്പോൾ അതു മാത്രമല്ല; കുട്ടൻപിള്ളയുടെ സംഗീതത്തിന്റെയും കേദാരഗൌളയുടെയും മട്ട് ഒരേ സമയം!!!
എന്റെ പൊട്ടിച്ചിരി കണ്ട് പൊന്നുമണിയേട്ടൻ പതിവില്ലാത്ത ഗൌരവത്തിൽ ചോദിച്ചു: "ന്താ ആശാൻ പാടുമ്പോ മാഷ് ചിറിയ്ക്കണ്???"
അത് കണക്കാക്കാതെ കൃഷ്ണൻകുട്ടിയേട്ടൻ പറഞ്ഞു: "നിയ്ക്കിങ്ങനെ വന്നു കലി. പറഞ്ഞ്ട്ട് കാര്യണ്ടോ? കളിക്കണ്ടേ പ്പദ്? വേഷഴിച്ച് നാല് വർത്താനം പറഞ്ഞ്ട്ടെന്നേള്ളൂ ന്നൊറപ്പിച്ചു. ന്നാലോ? അണിയറേല് തൊടയ്ക്കണ നേരത്ത്ണ്ട് കുട്ടൻപിള്ളച്ചേട്ടൻ ഓടി വന്ന് ന്നോട്: 'ഓ യെന്റെ കൃഷ്ണൻകുട്ടിയേ.... എന്നാ ബാഹുകനാരുന്നു! ഇതുപോലൊന്ന് ഞാൻ കൃഷ്ണൻനായരാശാന്റെത്പോലും കണ്ടിട്ടില്ല കെട്ടോ!!' ഹെയ്, ഒന്നാലോയ്ച്ച്വോക്ക്വോ... ഞാമ്പിന്നെന്താ അങ്ങോരോട് (ദേഷ്യപ്പെട്ട്) പറയ്യാ...."
ഇക്കുറി എന്റെ ചിരിയിൽ പൊന്നുമണിയേട്ടന് തെറ്റു തോന്നിയില്ല എന്നുവേണം വിചാരിക്കാൻ.
സദനത്തിൽ താമസവീട്ടിൽ കളിയാശാൻ കലാനിലയം ബാലകൃഷ്ണൻ ഉണ്ടായിരുന്നു. സ്വതേതന്നെ വിനയാന്വിതൻ. ഗുരു കൂടിയായതിനാൽ കൃഷ്ണൻകുട്ടിയേട്ടനെ ഗംഭീരമായി സ്വീകരിച്ചിരുത്തി. കുളി കഴിഞ്ഞ് ഇഡ്ഡലിയും ദോശയും തേങ്ങാചട്ടിണിയും ഉള്ളിച്ചമ്മന്തിയും. എനിക്കും കിട്ടി വേണ്ടുവോളം.
റോഡിനക്കരെ, ചെമ്മണ് പാതയ്ക്ക് പിന്നെയും താഴെ, പുഴയ്ക്ക് കുറേക്കൂടിയടുത്ത്, എന്റെ ക്വാർട്ടേർസ് കൂടിയായ കോപ്പറയിൽ അപ്പോഴേക്കും ശങ്കരേട്ടൻ വന്നു കഴിഞ്ഞിരുന്നു. പെട്ടിക്കാരൻ അതിർക്കാട് ശങ്കരനാരായണൻ. അന്നത്തെ കളിക്കുള്ള കോപ്പു നിറയ്ക്കാൻ.
അപ്പോഴേക്കും സദനത്തിൽ പാട്ടുകാരും കൊട്ടുകാരും വന്നെത്തി. വൈകാതെ ഹരിയേട്ടനും. മോട്ടോർബൈക്ക് ചെരിച്ചു നിർത്തി താക്കോലൂരി തടുമുടാ മുന്നാക്കം നടന്നു. "ങ്ഹാ, കഥാ, തിരക്കഥാ, സംഭാഷണം, സംവിധാനം..... വര്വാ വര്വാ...." കൃഷ്ണൻകുട്ടിയേട്ടന്റെ വക ഹരിയേട്ടന് സ്വാഗതം. എല്ലാവരും ചിരിച്ചു.
'ശാപമോചന'ത്തിന്റെ ചിട്ടവട്ടങ്ങളിൽ പുതിയതു ചിലവയൊക്കെ കൃഷ്ണൻകുട്ടിയേട്ടനെ മുൻപേയൊന്നുരണ്ടു വട്ടം പറഞ്ഞു മനസ്സിലാക്കിച്ചിരുന്നു. ഇത് അവസാനവട്ട ഓർമപുതുക്കൽ മാത്രം. "അല്ല, അന്ന് (അക്കൊല്ലം ജനുവരിയിൽ സദനം വാർഷികത്തിന്) ഇത് (കലാമണ്ഡലം ഗോപി അർജുനനായി [കോട്ടക്കൽ ശിവരാമനുമൊത്ത്]) കളിച്ചപ്പോ ഞാൻ ഒന്നുരണ്ടു തവണ ചെലതൊക്കെ കണ്ടീര്ന്നു. ഒന്ന് മൂത്രൊഴിക്കാൻ അങ്ങ്ട് പോയപ്പണ്ട് പച്ചവേഷം വലത്വോറം നിക്ക്ണു. ശങ്ക കഴിച്ച് തിരിച്ചു വരുമ്പ കാണ്ണ്ണത് എടത്വോറാ... അപ്പങ്ക്ട് ആക സംശായി..."
എല്ലാവരും വീണ്ടും എങ്ങിച്ചിരിച്ചു. ആളെ മനസ്സിലാവാതെ സ്വർഗസ്ത്രീയെ പ്രണയിച്ച (പുരാണത്തിൽനിന്ന് കഥാവ്യതിചലനം) അർജുനന് ഇവൾ (തന്റെ മുതുമുത്തശ്ശിക്കു തുല്യയായുള്ള) ഉർവശിയാണെന്ന് അറിയുന്നതോടെയാണ് വശംമാറ്റം നടക്കുന്നതെന്ന് വിശദീകരണം വന്നു. "അത് പ്രശ്നല്ല്യ, ശിവരാമേട്ടൻ കൊണ്ടയ്ക്കോളും," ഹരിയേട്ടൻ പറഞ്ഞു. "മറക്കാൻ പാടാത്തത് വേറൊന്നാണ്. ആദ്യത്തെ രംഗത്ത് ശ്രുംഗാരപദത്തിന്റെ അവസാനത്തിലാണ് (പുരുഷവേഷത്തിന്റെ) നോക്കിക്കാണല്."
"ആഹ്, അതൊക്കെ പറ്റണ മാതിരി മനസ്സിരുത്തിക്കോളാം..." എന്ന് കൃഷ്ണൻകുട്ടിയേട്ടൻ.
ഉച്ചക്കു മുമ്പായി രവിപുരത്തേക്ക് തിരിക്കാറായി കോപ്പു പെട്ടികളും കലാകാരന്മാരുമായി ശകടം തയ്യാർ. ശിവരാമേട്ടൻ, കൃഷ്ണൻകുട്ടിയേട്ടൻ. പിന്നെ തേരാളി വിശ്വേട്ടനും.
വണ്ടി നീങ്ങി. വൈകാതെ സെൻട്രൽ സ്കൂളിൽ കയറി. മുറ്റത്തു നിർത്തിയതും കുമാരേട്ടൻ ആപ്പീസുമുറിയിൽ നിന്ന് പുറത്തിറങ്ങി വന്നു. "ഔ, കിഷ്ഷൻകുട്ടി വന്നൂലോ..." എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു. ശിവരാമേട്ടനെ നോക്കി സന്തോഷം പറയുമ്പോഴും അവിടം മുഴുവൻ കുറേനേരം "കിഷ്ഷൻകുട്ടി കിഷ്ഷൻകുട്ടി കിഷ്ഷൻകുട്ടി" എന്നൊരൊറ്റ പല്ലവിയായിരുന്നു ഏറെയും. "സ്ഥാപനത്തിലെ ഏറ്റൂം മ്ട്ക്കൻ!" എന്ന പ്രത്യേകപട്ടം കുമാരേട്ടൻ വീണ്ടും ആവർത്തിച്ചു കേട്ടു. വണ്ടിയെടുത്തപ്പോൾ എല്ലാവർക്കുമായി കൈകാട്ടി കുമാരേട്ടൻ.
രവിപുരത്തെ കളി നന്നായി. പ്രത്യേകിച്ചും 'ഏകാന്തതയിൽ നീറും' എന്ന പതിഞ്ഞ മദ്ധ്യമാവതി പദത്തിനൊടുവിലെ ഭാഗം. കാരണം കൃഷ്ണൻകുട്ടിയേട്ടൻ 'നോക്കിക്കാണൽ' എന്ന ചടങ്ങ് ഭംഗിയായി മറന്നു. 'സുഭഗേ' എന്ന് ഹരിയേട്ടൻ നീട്ടിപ്പാടിയതിനു തുടർന്നുള്ള പക്കമേളം എന്തെന്ന് തിരിയാതെ രണ്ടു നിമിഷം അന്ധാളിച്ചു. പിന്നെ സംശയിച്ചില്ല; ദേഹം രാജകീയമായി പിന്നാക്കമാഞ്ഞ് കണ്ണിന് വായു കൊടുത്ത് ശ്രുംഗാരത്തോടെ വാമഭാഗത്തേക്ക് ആഞ്ഞുനോക്കി. ആ നിമിഷങ്ങളത്രയും അദ്ദേഹത്തിൽ കലാമണ്ഡലം കൃഷ്ണൻനായർ ആവേശിച്ചതായി ചിലർക്കെങ്കിലും തോന്നി.
സദനം വണ്ടി തിരിച്ച് പാലക്കാട്ടേക്ക് തിരിച്ചപ്പോൾ ഞാനും കൃഷ്ണൻകുട്ടിയേട്ടനും എന്റെ തൃപ്പൂണിത്തുറ വീട്ടിലേക്ക് മടങ്ങി. ഉറക്കം കഴിഞ്ഞ് പിറ്റെന്നാൾ തിരിക്കുമ്പോൾ അച്ഛനോട് പാതിതമാശയായി എന്നെക്കുറിച്ച് പറഞ്ഞു: "ഇയളെ സദനത്ത്ന്ന് പറഞ്ഞയക്കും തൊന്നീല്ല്യ. കുമാരേട്ടന് ഭൂലോകത്ത് ആക വിശ്വാസപ്പൊ ഇയളേള്ളൂ."
അതെന്തായാലും ഞാൻ പുതിയ മേച്ചിൽപ്പുറം തേടി പോന്നു. കേരളം വിട്ടു. ദൽഹിയിൽ തങ്ങി. ഇടയ്ക്കിടെ നാട്ടിൽ വന്നുപോയി. പിന്നെ മദിരാശിയിലായി. അപ്പോഴുമൊക്കെ അവിടിവിടെ കഥകളിക്ക് പോവാൻ തരപ്പെടുമ്പോൾ കൃഷ്ണൻകുട്ടിയേട്ടനെയും കണ്ടിരുന്നു.
അങ്ങനെയിരിക്കെ രണ്ടായിരാമാണ്ട് വന്നണഞ്ഞു. അക്കൊല്ലം വേനലിൽ തൃപ്പൂണിത്തുറ വന്നപ്പോൾ കഥകളിവിശേഷം. വേഷക്കാരൻ കലാമണ്ഡലം രാജൻ മാഷ്ദെയും എന്റെ ഗുരുനാഥൻ കൂടിയായ ചെണ്ടകലാകാരൻ കേശവപ്പൊതുവാളുടെയും സപ്തതി ഒന്നിച്ചു കൊണ്ടാടുന്നു. ഇവർ താമസമാക്കിയ ചെറുപട്ടണത്തിലെ കളിക്കൊട്ടാ പാലസ്സ് വേദി.
കഥകളി ഏതൊക്കെ? നളചരിതം നാലാം ദിവസം, നരകാസുരവധം. ബലേ! ആദ്യത്തെ കഥയിൽ? കലാമണ്ഡലം വാസുപ്പിഷാരോടി, ശിവരാമേട്ടൻ. പാട്ട്? ഹൈദരാലി. പിന്നെ? പിന്നെ കൃഷ്ണൻകുട്ടിയേട്ടന്റെ ചെറിയ നരകാസുരൻ. ആഹ!
കളിക്ക് പാകത്തിനെത്തി. ആദ്യത്തെ കഥ വെടിപ്പായി. പക്ഷെ, പൊടുന്നനെ, എന്തോ പഴയ ചെർപ്ലശ്ശേരി സിൻഡ്രോം പിടികൂടിയ പോലെത്തോന്നി. വയ്യ. എന്നിട്ടും നക്രതുണ്ടിയുടെ ഭാഗം കണ്ടു. അപ്പോഴേക്കും ചെറിയൊരു മടുപ്പു പോലെ. പിറ്റേന്ന് അകലെയൊരു ബന്ധുവീട്ടിൽ പോവേണ്ടതുമുണ്ട്. മടങ്ങിയാലോ. നരകാസുരൻ ഇനിയൊരിക്കലാവാം.
മുഴുവൻ ഉറപ്പില്ലാതെ തിരിച്ചു നടക്കെ, വേദിയുടെ പടിക്കലെത്തിയതും തിരനോക്കിന്റെ കൊട്ട്. പതിഞ്ഞാണ് മേളം. നല്ലവണ്ണം അമർന്നും. ഇതാരാ? ചന്ദ്ര മന്നാടിയാർ? അദ്ദേഹത്തിൻറെ കാലം കഴിഞ്ഞില്ലേ? ഇല്ലെങ്കിൽത്തന്നെ ഇത്രയങ്ങോട്ട് ഗംഭീരമായി കാലം താഴാൻ ആരാ അരങ്ങത്ത്? രാമൻകുട്ടി നായരാശാനോ?
കൌതുകം സഹിച്ചില്ല. പെട്ടെന്നുണ്ടായ ആകാംക്ഷയിൽ സഹൃദയത്വം കുപ്പിക്കുള്ളിൽനിന്നെന്ന പോലെ നുരഞ്ഞുപൊന്തി. കാലുകൾ അറിയാതെ തിരിഞ്ഞു. വീണ്ടും വേദിയിലെത്തി. പണ്ട്, പാലക്കാട്ട് കണ്ടതിനേക്കാൾ മനസ്സിരുത്തിയാണ് കൃഷ്ണൻകുട്ടിയേട്ടൻ തിരശീലക്കു പിന്നിൽ ക്രിയകൾ നടത്തുന്നത്. കണ്ണടച്ചു ധ്യാനത്തിലെന്ന പോലെ ചെണ്ട കൊട്ടുന്ന കലാമണ്ഡലം ഉണ്ണികൃഷ്ണനും കാര്യത്തിന്റെ കിടപ്പുവശം മനസ്സിലായിരിക്കുന്നു. യേയ്! ഇതിനി വെറുതെ വിട്ടുകൂടാ!!
രാജൻമാഷും കേശവപ്പൊതുവാളാശാനും ഇരിക്കുന്ന മുൻ നിരക്ക് ഇങ്ങേ വശം കസേര കണ്ടെത്തി. തിരനോക്ക് കഴിഞ്ഞതും ഉറപ്പായി: ഇത് കാര്യം സീരിയസ്സാണ്.
പിന്നവിടെ നടന്നത്!!! നോക്കിക്കാണൽ, കേകിയാട്ടം, പതിഞ്ഞയിരട്ടി, നക്രതുണ്ടിയുടെ വരവറിയിക്കൽ, പടപ്പുറപ്പാട്, ഇന്ദ്രനെ പരിഹസിക്കൽ, യുദ്ധം ജയിക്കൽ, സ്വർഗം കട്ടുമുടിക്കൽ....
തന്റെ പ്രതാപമത്രയും ധൂർത്തടിച്ചു കാട്ടിയത് കഥാപാത്രമോ വേഷക്കാരനോ? ഞാൻ സ്തബ്ദനായി. പൊന്നാനിശങ്കിടി മംഗളം പാടിയ ശേഷം അണിയറയിലേക്ക് തിരിച്ചുപോവുന്ന കൃഷ്ണൻകുട്ടിയേട്ടനു മുമ്പിൽ ചെന്നുപെടാൻ ഭയന്നു. ഒരക്ഷരം ആരോടും പറയാതെ യന്ത്രമനുഷ്യനെക്കണക്ക് വീടെത്തി.
മടക്കം മദിരാശിയെത്തി ദിവസങ്ങൾക്കു ശേഷം ഒരു കത്തിട്ടു. എഴുതിയത് എങ്ങനെയും വായിക്കാം. എന്തിനു ചില അരങ്ങുകൾ വെറുതെ പാഴാക്കുന്നു എന്ന് പഴിച്ചോ അതല്ലെങ്കിൽ ഇതുപോലൊരു വേഷം പോരെ എല്ലാ പിഴക്കും പരിഹാരമായി എന്നും. മുമ്പ്, സദനത്തിലെ ജോലിക്കാലത്ത് മനപ്പാഠമായ വിലാസത്തിൽ വീണ്ടും: സദനം കൃഷ്ണൻകുട്ടി, കൃഷ്ണ സദനം, പേഷ്കാർ റോഡ്, ഇരിഞ്ഞാലക്കുട, തൃശ്ശൂർ ഡിസ്ട്രിക്റ്റ്.
മണിമണിയക്ഷരത്തിൽ മറുപടി വരുമോ? ഉവ്വെങ്കിൽ എന്തായിരിക്കും ഭാവം? സന്തോഷം? ഈർഷ്യ? പരിഭവം?
കത്തൊന്നും തിരിച്ചുവന്നില്ല.
വൈകാതെ എനിക്ക് കല്യാണമായി. ചിങ്ങമാസത്തിൽ. തൃശ്ശൂര്. ക്ഷണിക്കേണ്ടവരിൽ തീർച്ചയായും പെടും കൃഷ്ണൻകുട്ടിയേട്ടൻ. കാർഡയച്ചു.
വിവാഹവേദിയിൽ തിരക്കിനിടെ ശങ്കരൻകുളങ്ങര ക്ഷേത്രഹാളിൽ എനിക്കും വധുവിനും മുമ്പിൽ വന്നെത്തിയവരിൽ പെട്ടെന്ന് കൃഷ്ണൻകുട്ടിയേട്ടനും! വാഹ്! കൈ തന്നു. വിരുന്നുകാരുടെ മൊത്തം ബഹളത്തിനിടെ ഒന്നുകൂടി അടുത്തുവന്നു പറഞ്ഞു: "തന്റെഴുത്തൊക്കെ കിട്ടീ ട്ടോ. ഞാനത് പെട്ടീല് സൂക്ഷിച്ചിട്ട്ണ്ട്..." സ്വയം ആർപ്പുവിളിക്കാൻ തോന്നി. "പിന്നെ, സദ്യ ആദ്യത്തെ പന്തി കഴിഞ്ഞാ പൂവും... അപ്പന്നാ പിന്നെ...."
ആ വൃശ്ചികത്തിൽ തൃപ്പൂണിത്തുറയിൽ വീണ്ടുമെത്തി. പൂർണത്രയീശ ക്ഷേത്രത്തിൽ ഉത്സവം. നവദമ്പതി കണക്കെ ഞങ്ങൾ അണിയറയിൽ എത്തി. കൃഷ്ണൻകുട്ടിയേട്ടനെ വീണ്ടും കണ്ടു. ഇക്കുറി അദ്ദേഹം ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു. കാവിമുണ്ട് മുറുക്കിച്ചുറ്റി ചിരിച്ചു. പാതി പച്ചതേച്ച മുഖവുമായി ലോഹ്യം ചോദിച്ചു. എന്നിട്ട്, കടലാസുചുട്ടിക്കിടയിലൂടെ വിദ്യയെ നോക്കി പറഞ്ഞു: "ഞാൻ സദനം കൃഷ്ണൻകുട്ടി. ഒരു കഥകളിക്കാരാനാണ്." പിന്നാലെ, ഇരുകൈ കൊണ്ട് എന്നെച്ചൂണ്ടി കൂട്ടിച്ചേർത്തു: "ബാക്കി ദാ ഇയള് പറയും."
തൊട്ടു ചേർന്ന് വൃത്തിയായി തോരയിട്ടു കണ്ട ഈരിഴത്തോർത്ത് കറുത്തകരക്കണ്ണിറുക്കി ഞങ്ങളെ നോക്കി ചിരിച്ചു.
(വര - സ്നേഹ ഇ.)
(ഫോട്ടോ/വീഡിയോ - വിനോദ് കുമാർ, അജിത് മേനോൻ, ശ്രീനാഥ് നാരായൺ)
Comments
Sreekumar (not verified)
Sun, 2014-02-16 08:25
Permalink
Nice !
Nice !
mbsunilkumar (not verified)
Sun, 2014-02-16 10:37
Permalink
Srevalsan, very good
Valsan, really touching
ശ്രീകൃഷ്ണൻ (not verified)
Sun, 2014-02-16 20:41
Permalink
ആ തോർത്തുമുണ്ട് ഉണക്കുന്നതിലെ
ആ തോർത്തുമുണ്ട് ഉണക്കുന്നതിലെ ചിട്ട ! - അതൊക്കെ എല്ലാകാലവും നിലനിൽക്കട്ടെ..
ഓർമ്മകൾ എല്ലാവർക്കും ഉണ്ടാകും, എന്നാൽ സ്വന്തം അനുഭവങ്ങൾ മറ്റുള്ളവർക്കുകൂടി 'അനുഭവ'മാകുന്നവിധത്തിൽ ഓർമ്മകളെ ഭാഷയിലാക്കാനുള്ള കഴിവ് ശ്രീവത്സനെപ്പോലെ കുറച്ചുപേർക്കു മാത്രം (ഇതു മുൻപേ പറഞ്ഞിട്ടുള്ളതാണ്).
'കാറ്റോട്ട'ത്തിലെ ലേഖനങ്ങൾക്കുപുറമെ ശ്രീവത്സന്റെ കുറിപ്പുകൾ പലതും വായിച്ച് അതൊക്കെ സ്വയം അനുഭവിച്ചുനോക്കിയിട്ടുണ്ട്- ആ ഓർമ്മയിൽ പറയട്ടെ: "ഇന്നലെ വയ്യായയൊന്നും ഉള്ളതായി തോന്നിയില്ലല്ലോ" എന്നു കൃഷ്ണൻ കുട്ടിയാശാൻ ഒരു കളിയ്ക്കുശേഷം (പിറ്റേന്ന് ?) ചോദിച്ചത് ഈ ലേഖനത്തിൽ വന്നിട്ടില്ല (ആ 'പെരിയനരകാസുര'നു ശേഷം തന്നെയാകാം..).
എന്റെ അനുഭവങ്ങളെക്കാൾ സുക്ഷ്മമായി ശ്രീവത്സന്റെ കലാനുഭവങ്ങൾ ഓർത്തുവയ്ക്കുന്നുണ്ട് ഞാനിപ്പോൾ എന്നു തോന്നുന്നു !
sankara prasad (not verified)
Sun, 2014-02-16 22:07
Permalink
good...touching....
good...touching....
sreejith kadiyakkol (not verified)
Tue, 2014-02-18 12:33
Permalink
തൃപ്പൂണിത്തുറയിലെ നരകാസുരവധം
തൃപ്പൂണിത്തുറയിലെ നരകാസുരവധം കാണാൻ ഞാനും ഉണ്ടായരുന്നു.....One of the best in my life...ആ നല്ല ഓർമ്മയിലേക്ക് തിരികെ കൊണ്ടുപോയതിനു നന്ദി!!!!!!!!!!!!!!എഴുത്ത് അസ്സലായിട്ടുണ്ട്.....അഭിനന്ദനങ്ങൾ......