കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം നാല്

Monday, May 9, 2011 - 17:00
Ettumanoor P Kannan

ശ്രീചിത്രന്‍: ബോധനശാസ്ത്രം അവിടെ നില്‍ക്കട്ടെ. നമുക്കു മറ്റൊരു വിഷയത്തിലേക്കു വരാം. ചൊല്ലിയാട്ടം എന്നതുപോലെ ഏറ്റവും അടുത്തു നടത്തിയ മറ്റൊരു ശ്രദ്ധേയമായ പരീക്ഷണം, ഒരു വലിയ show ആയിട്ട് ഒരുപാടു നടന്മാരെയും കഥകളിസംബന്ധമായ കലാകാരന്മാരെയും ഒരുമിപ്പിച്ച് കൂട്ടിക്കൊണ്ടുള്ള ഒരു പരീക്ഷണമാണ്. ഇതു സംവിധാനം ചെയ്ത അനുഭവം ഒന്നു വിശദീകരിക്കാമോ?
ഏറ്റുമാനൂര്‍ പി. കണ്ണന്‍: ഇതു ഞാന്‍ മനസ്സില്‍ നേരത്തെ ആലോചിച്ചിരുന്ന ഒരു കാര്യമല്ല. ഈ ടെലിവിഷന്‍ മെഗാഷോ ഒക്കെ കാണുമ്പോള്‍ ഞാന്‍ ആലോചിക്കും, ഇവിടെ കഥകളിയുടെ ചലനങ്ങളും കഥകളിയുടെ സംഗീതം ചെണ്ട മദ്ദളം എല്ലാം ചേര്‍ന്നുള്ള ഒരു music ഉം ഒക്കെ ഉപയോഗിച്ച് ഒരു മെഗാഷോയ്ക്കുള്ള സാധ്യതയുണ്ടെന്ന്. അങ്ങനെ പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ്, art of living ന്റെ തിരുവനന്തപുരത്തുള്ള പ്രവര്‍ത്തകരെല്ലാംകൂടി തിരുവനന്തപുരത്തെ വീട്ടില്‍ വന്നിട്ട് ഒരു മെഗാഷൊ ചെയ്യണം എന്നാവശ്യപ്പെട്ടു. നൂറ്റിയെട്ടു കഥകളിവേഷങ്ങള്‍ ചേര്‍ന്ന് ഒരു മെഗാഷോ. ഞാന്‍ അതിതുവരെ ചിന്തിക്കുകപോലും ചെയ്തിട്ടുള്ള കാര്യമല്ല. ഞാന്‍ പറഞ്ഞു അതു സാധിക്കുന്ന കാര്യമല്ല. എനിക്കു സാധിക്കില്ല. ആരെയെങ്കിലും അന്വേഷിച്ചുകൊള്ളു. കാരണം എന്നെ സംബന്ധിച്ചിടത്തോളം അതിനു സമയവും ഉണ്ടെന്നു തോന്നുന്നില്ല. ആദ്യം നൂറ്റിയെട്ടു പേര്‍ വേണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. സ്വാതിതിരുനാള്‍ കോളേജിലെ പ്രിന്‍സിപ്പലുണ്ട്, ബാലസുബ്രഹ്മണ്‍യന്‍സര്‍. അദ്ദേഹത്തിനു നിര്‍ബന്ധം, ഇതു ഞാന്‍ തന്നെ ചെയ്യണമെന്ന്. അദ്ദേഹം പറയുന്നത്, ഞാന്‍ ചെയ്താല്‍ കഥകളിയുടെ value ഞാന്‍ സംരക്ഷിക്കും, അതിനു പുതുമയുണ്ടാകും എന്നെല്ലാമായിരുന്നു. ഇങ്ങനെയൊക്കെയുള്ള തോന്നലാകാം കാരണം, അദ്ദേഹം ഒരുപാട് നിര്‍ബന്ധിച്ചു. ഞാന്‍ പറഞ്ഞു, അങ്ങനെയാണെങ്കില്‍ മുപ്പതു പേരെക്കൊണ്ട് അതു ചെയ്യാം. ഇങ്ങനെ പറഞ്ഞുപോയതിനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും വിളിച്ചു, ഒരു ജനുവരിയുടെ തുടക്കത്തിലാണ്. ഫെബ്രുവരി 12 ആം തീയതിയാണ് പരിപാടി. ആ ദിവസത്തിന് ഏകദേശം രണ്ടുമാസം മുന്‍പാണ് ആദ്യത്തെ കൂടിക്കാഴ്ച. പിന്നെ ഒരാഴ്ചകഴിഞ്ഞു വീണ്ടും വിളിച്ചിട്ട് അവര്‍ പറഞ്ഞു, മുപ്പതുപോര, നൂറ്റിയെട്ടെങ്കിലും വേണം. അപ്പോള്‍ ഞാന്‍ കലാമണ്ഡലം ഗോപാലകൃഷ്ണനെ വിളിച്ചു. ഇങ്ങനെ നൂറ്റിയെട്ടു പേരെ സംഘടിപ്പിക്കണം എന്നു പറഞ്ഞു. രണ്ടു-മൂന്നു മണിക്കൂര്‍ സമയം തരണം എന്നു പറഞ്ഞു ഗോപാലകൃഷ്ണന്‍. രാവിലെ 7 മണിക്കാണു വിളിക്കുന്നത്. പിന്നീടൊരു പത്തു-പത്തരയായപ്പോള്‍ ഗോപാലകൃഷ്ണന്‍ വിളിച്ചിട്ടു പറഞ്ഞു, കുഴപ്പമില്ല, ചെയ്യാം എന്ന് ഏറ്റോളൂ എന്ന്. അതു കഴിഞ്ഞ് ഞാന്‍ അവരോടു ചെയ്യാം എന്നു പറഞ്ഞു. പിന്നെ ഞാന്‍ ആലോചിച്ചു, എന്തു വേണം. അപ്പോള്‍ അതിന്റെ discussion തുടങ്ങിയിട്ടെയുള്ളു. അതു കഴിഞ്ഞാണ് light ന്റേയും sound ന്റേയും directors ഉം ഒക്കെയായിട്ട്  discussion. discussion  എന്താണെന്നു വച്ചാല്‍, ഇവരെല്ലാവരും പറയുന്നത് key board ഉം അതു പോലെയുള്ള instruments ഉം ഒക്കെ വച്ചിട്ടുള്ള മെഗാഷോയെക്കുറിച്ചാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു, അതു ചെയ്യാന്‍ എന്റെ ആവശ്യമില്ല. അതു ചെയ്യുന്ന ധാരാളം ആള്‍ക്കാര്‍ ഉണ്ട്. അതു ചെയ്യാന്‍ എനിക്കു താല്പര്യമില്ല എന്നുതന്നെ പറഞ്ഞു. ബാലസുബ്രഹ്മണ്ണ്യന്‍സാര്‍ പറയുന്നത് കണ്ണന്‍തന്നെ ചെയ്യണം എന്നാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു, അങ്ങനെയാണെങ്കില്‍ കഥകളിയുടെ music മാത്രമേ ഉണ്ടാകുകയുള്ളു. ചെണ്ട, മദ്ദളം, കഥകളിയുടെ പാട്ട്, ഇലത്താളം ചേങ്കില പിന്നെ അതിനോടുചേര്‍ന്ന് കൊമ്പോ കുറുങ്കുഴലോ അതുപോലെയുള്ള സാധനങ്ങള്‍. അതു പിന്നെ നമുക്ക് ആലോചിച്ചിട്ടു ചെയ്യാം.  directors ഒരുവിധത്തിലും സമ്മതിച്ചില്ല. അവര്‍ പറയുന്നത് ചെണ്ട ‘അടിക്കുന്ന’തൊക്കെ കേട്ടാല്‍ ആള്‍ക്കാര്‍ പോകും, അര മണിക്കൂര്‍ ആരെങ്കിലും കണ്ടിരിക്കുമോ എന്നൊക്കെയായിരുന്നു. ഞാന്‍ പറഞ്ഞു, അങ്ങനെയാണെങ്കില്‍ ഞാനില്ല. അവസാനം ഈ ഒരു നിര്‍ബന്ധം കൊണ്ട് അങ്ങനെയായിക്കോട്ടെ എന്ന് അവര്‍ പറഞ്ഞു. എങ്കിലും ബാക്കിയുള്ള directors ഒക്കെ എന്നോടു പറഞ്ഞു, ഇതു പൂര്‍ണ്ണമായും കണ്ണന്റെ ഉത്തരവാദിത്തമാണ്. അപ്പോള്‍ നമ്മുടെ കൂടെയുള്ള ചില കലാകാരന്മാര്‍ നമ്മുടെ മനസ്സിലുണ്ട്. അവരെ നമുക്കു കിട്ടിയാല്‍ success ആകും എന്നെനിക്കുറപ്പുണ്ടായിരുന്നു. ഇതൊക്കെ കഴിഞ്ഞ് ജനുവരി അവസാനമായപ്പോഴേക്കും അതു പോര, നൂറ്റമ്പതു വേഷങ്ങള്‍ വേണം എന്നായി ആവശ്യം. കാരണം, art of living ന് ഗിന്നസ്­ബുക്കില്‍ പേര്‍ വരണം. എനിക്കിതിലൊന്നും യാതൊരു താല്പര്യവുമില്ല. ഗിന്നസ്­ബുക്കില്‍ പേര്‍ വന്നു എന്നു വിചാരിച്ച് ഒന്നും കിട്ടാന്‍ പോകുന്നില്ല. പക്ഷേ നൂറ്റന്‍പതുപേര്‍ വേണമെന്നാണ് അവരുടെ ആഗ്രഹം. ഗോപാലകൃഷ്ണനുമായി discuss ചെയ്തപ്പോള്‍, നൂറ്റമ്പതു പേരെ സംഘടിപ്പിക്കാം എന്നു പറഞ്ഞു. കലാമണ്ഡലം കൃഷ്ണദാസാണ് മേളത്തിന്റെ ചാര്‍ജ് എടുത്തത്. അത് കൃഷ്ണദാസ് അതിമനോഹരമായിട്ടു ചെയ്തു. എന്നിട്ട് ഫെബ്രുവരി 2, 3 ഞങ്ങള്‍ ഇരുന്ന് പല ഭാഗങ്ങളും കൊട്ടി നോക്കി, വേണ്ടെന്നു തോന്നിയത് മാറ്റി, പല ഭാഗങ്ങളും പരസ്പരം എങ്ങനെ കൂട്ടിച്ചേര്‍ക്കും എന്നുള്ളതും നോക്കി. അതെല്ലാം നിശ്ചയിച്ചു. ഷൊര്‍ണ്ണൂര്‍ ഒരു വലിയ തീപ്പെട്ടിക്കമ്പനിയുടെ നൂറടി നീളമുള്ള സിമന്റ്തറ, തീപ്പെട്ടിക്കോല്‍ ഉണക്കാന്‍ വേണ്ടിയുള്ള തറയാണ്, അവിടെ നിലത്ത് ചോക്കുകൊണ്ട് കളമൊക്കെ വരച്ച് rehearsal തീരുമാനിച്ചു. ഗോപാലകൃഷ്ണനാണ് ആള്‍ക്കാരെ co-ordinate ചെയ്തത്. അങ്ങനെ ആള്‍ക്കാര്‍ വന്നു. ഞാന്‍ choreograph ചെയ്തു. വളരെ difficult ആയിട്ടുള്ള ഒരു process ആയിരുന്നു. mic  ഒക്കെ വച്ച്, നൂറ്റമ്പതു പേരോടു സംസാരിക്കണ്ടേ? എല്ലാ ദിവസവും ഈ നൂറ്റമ്പതു പേര്‍ വരില്ല. ആറു ദിവസമാണ് rehearsal വച്ചത്. അതില്‍ ഒരു ദിവസവും നൂറ്റമ്പതുപേര്‍ എല്ലാവരും വന്നിട്ടില്ല. പരിപാടിയുടെ തലേദിവസം മാത്രമേ നൂറ്റമ്പതുപേര്‍ ഒരുമിച്ചു വന്നിട്ടുള്ളു. ഒരു ദിവസം നൂറ്റമ്പതു പേര്‍ക്കു പകരം തൊണ്ണൂറുപേരേ വന്നിട്ടുള്ളുവെങ്കില്‍ ബാക്കിയുള്ളവരുടെ space ഒഴിഞ്ഞു കിടക്കും. പിന്നെ, കുറച്ചുപേര്‍ അടുത്തദിവസം വരും. അപ്പോള്‍തലേന്നു വന്നവര്‍ കാണുകയില്ല. പഴയ ആള്‍ക്കാരുടെ space, പുതിയവരെക്കൊണ്ടു fill ചെയ്തു പോയാല്‍ ഒരേ space ല്‍ രണ്ടു പേര്‍ വരും. ഇങ്ങനെ വലിയ പല പ്രശ്നങ്ങളുണ്ട്. ഇതൊക്കെ paper work ചെയ്ത് സൂക്ഷ്മമായിട്ട് plan ചെയ്യുകയായിരുന്നു. ഇതില്‍ ഗോപാലകൃഷ്ണന്റെ സഹകരണം എന്നു പറയുന്നത് അത്ഭുതകരമാണ്. ആള്‍ക്കാരെ co-ordinate ചെയ്യുന്ന കാര്യത്തിലും കൃത്യസമയത്ത് rehearsal തുടങ്ങുന്ന കാര്യത്തിലും ഒക്കെ.. എനിക്കു creative ആയിട്ടുള്ള മേഖലയുടെ ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളു. ബാക്കി മുഴുവന്‍ ഗോപാലകൃഷ്ണന്‍ ആണ് ചെയ്തത്. costume co-ordinate ചെയ്യുന്നത്.. ഇപ്പറഞ്ഞതൊക്കെ ഒന്നുമല്ല. നൂറ്റമ്പതു പേര്‍ക്കു ഭക്ഷണം എത്തിക്കണം. ഇവരെ rehearsal space ലേക്കു കൊണ്ടുവരണം, കൊണ്ടു പോകണം. ഇതിനൊക്കെ വണ്ടികള്‍ രണ്ടു-മൂന്നെണ്ണം ഓടണം. ഇതെല്ലാം. അപ്പോള്‍ ഈ നൂറ്റമ്പതു പേര്‍ കൂടാതെ വേറെ പത്തിരുപതു പേര്‍ ഇതിന്റെ പിന്നിലുണ്ട്. ഇതു മുഴുവന്‍ ഗോപാലകൃഷ്ണന്‍ organise ചെയ്തതാണ്. ഇതെല്ലാം കഴിഞ്ഞ് ഫെബ്രുവരി 7 ആം തീയതി ഷൊര്‍ണ്ണൂര്‍ തീപ്പെട്ടിക്കമ്പനിയില്‍ directors എത്തി rehearsal കണ്ടു. rehearsal കഴിഞ്ഞ് പ്രധാന director പറഞ്ഞു, ഞങ്ങള്‍ പൂര്‍ണ്ണസമാധാനത്തോടെ പോകുകയാണ്. കാരണം, ഞങ്ങള്‍ ഇങ്ങനെയൊന്നു പ്രതീക്ഷിച്ചില്ല. കഥകളിക്കു് ഇങ്ങനെയൊരു സാധ്യതയുണ്ട് എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. സാധാരണ ചെയ്യാറുള്ളത് മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും ഒക്കെയുള്ളതിന്റെ കൂടെ രണ്ടുമൂന്നു കഥകളിവേഷക്കാര്‍ അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ചാടും, മൃദംഗവും തബലയും keyboardഉം ഒക്കെ use ചെയ്യുന്നതിന്റെ ഇടക്ക് ആരെങ്കിലും പടപടാന്ന് കുറച്ചു ചെണ്ടയും അടിക്കും. ഇതൊക്കെയാണ് കഥകളിയുമായി ബന്ധമില്ലാത്ത directors സാധാരണ കണ്ടിട്ടുള്ളത്. അല്ലാതെ perfect ആയിട്ട്, musical ആയിട്ട് കഥകളിമേളത്തെയും ചലനങ്ങളെയും ഉപയോഗിക്കുന്ന ഒരു സംഗതി അവര്‍ കണ്ടിട്ടില്ല. അതോടുകൂടി അവരുടെ മാനസികാവസ്ഥ മാറി വളരെ അനുകൂലമായി. പിന്നെ എല്ലാവരും ആയിട്ട് 11 ആം തീയതി രാത്രിയില്‍ പുത്തരിക്കണ്ടം മൈദാനത്ത് rehearsal  നടത്തി. 12 ആം തീയതി early morning 6 മണിക്ക് make up start ചെയ്തു. 150 പേര്‍ക്കു make up വേണം. അതില്‍ 46 പച്ചവേഷം. 30 സ്ത്രീവേഷം. 8 കത്തിവേഷം. 4 ചുവന്നതാടി. 4 കരിവേഷം. 8 ഹനുമാന്‍. 8 കറുത്തതാടി. 12 പഴുപ്പ്. മുപ്പതോളം ബ്രാഹ്മണവേഷങ്ങളും ഉണ്ട്. ഇങ്ങനെയിങ്ങനെയാണ് 150 വേഷങ്ങള്‍. ഇതിന്റെ പിന്നണിയില്‍, 40 പേരായിരുന്നു ചുട്ടിക്കാര്‍. ഒരു കല്യാണമണ്ഡപം മുഴുവന്‍ ചുട്ടിക്കാരാണ്. 30-35 ഓളം light ഇട്ട്, പായിട്ട്, നിരന്നു കിടന്ന് ചുട്ടി കുത്തുക. രാവിലെ 6 മണിക്കു ചുട്ടി ആരംഭിച്ചു. നമ്മുടെ ഉദ്ദേശ്യം ഉച്ചക്കു ഒരു മണിയാകുമ്പോഴേക്കും ചുട്ടി കുത്തിത്തീരണം എന്നുള്ളതായിരുന്നു. ഒരു മണിയോടെ അതു കഴിഞ്ഞു. എല്ലാം ഉദ്ദേശിച്ചതുപോലെ നടന്നു. ഗോപാലകൃഷ്ണന്റെ സഹകരണം ഞാന്‍ വീണ്ടും വീണ്ടും പറയുകയാണ്. കാരണം ഗോപാലകൃഷ്ണന്‍ അത്ര സഹകരിച്ചു. നമ്മള്‍ plan ചെയ്തത്  exicute ചെയ്യാന്‍ ഗോപാലകൃഷ്ണനും ഗോപാലകൃഷ്ണന്റെ കൂടെയുള്ളവരും എപ്പോഴും തയ്യാറായി നിന്നു. അതിനു ശേഷം ഒരു മണിയോടു കൂടി ഉടുത്തുകെട്ട് ആരംഭിച്ചു. അതിനു വേറൊരു hall. മൂവായിരം square feet നീളമുള്ള വലിയ സ്ഥലത്ത് ചെറിയ ചെറിയ ഖണ്ഡങ്ങളായിത്തിരിച്ച്, പതിനഞ്ചടി പതിനഞ്ചടി ഉള്ള ഓരോ ഭാഗങ്ങളക്കി, അതില്‍ ഓരോ കളിയോഗങ്ങളുടെ കോപ്പുകള്‍ വച്ചു. കളിയോഗങ്ങളുടെ വേഷവിധാനങ്ങള്‍ പരസ്പരം  mix ചെയ്തു പോകരുതല്ലൊ. ഒരു സ്ഥലത്തുനിന്ന് ഉടുത്തുകെട്ടുന്ന ആള്‍ അവിടെത്തന്നെ വന്നു വേണം അത് അഴിക്കാന്‍. അങ്ങനെ ഉടുത്തുകെട്ടി, അവര്‍ക്ക് തലയില്‍ കിരീടങ്ങള്‍വച്ചു മുറുക്കന്‍ ഇരിക്കുന്നതിനു വേറെ ഹാള്‍. ഇങ്ങനെ മൂന്നു ഹാളില്‍ ആയിട്ടാണ് വേഷം ഒരുങ്ങല്‍ മുഴുവന്‍ നടന്നത്. കിരീടങ്ങള്‍ തലയില്‍വച്ചു മുറുക്കി, 150 വേഷങ്ങളും stage ന്റെ രണ്ടുവശങ്ങളിലായി ക്യൂ ആയിട്ടു നില്‍ക്കുകയാണ്, സ്റ്റേജില്‍ പ്രവേശിക്കുന്നതിനുള്ള order അനുസരിച്ച്. ഇതെല്ലാം ശരിയാക്കിയതിനു ശേഷമാണ് പരിപാടി തുടങ്ങുന്നത്. അതു തുടങ്ങി കൃത്യമായിട്ട് വേഷങ്ങള്‍ enter ചെയ്തു, കൃത്യമായിട്ട് പരിപാടി അവസാനിച്ചു. നമ്മള്‍ ഒരു 12 ദിവസം മറ്റൊന്നും ആലോചിക്കാതെ പൂര്‍ണ്ണമായിട്ടും ഇതു മാത്രം ചിന്തിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. അതിന്റെ ഫലം നമ്മള്‍ പ്രതീക്ഷിച്ചതിനപ്പുറമായിരുന്നു.


ശ്രീചിത്രന്‍: വാസ്തവത്തില്‍ കഥകളി ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു സാധനയുടെ പ്രകാശനം കൂടിയായിരുന്നു അത്. കഥകളിയുടെ ആഹാര്യം, നൃത്താവതരണശില്പം തുടങ്ങിയവയുടെ പ്രാഥമിക പ്രകാശനം എന്നുള്ള നിലക്ക് അതു വലിയ വിജയം തന്നെയായിരുന്നു. എന്നാല്‍ തുടര്‍ന്നും ഇത്തരത്തിലുള്ള ഒരു ശ്രമത്തില്‍ ചിലപ്പോള്‍ കഥകളിയുടെ പ്രമേയത്തെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പൂര്‍ണ്ണ അര്‍ഥത്തില്‍ത്തന്നെ വളരെ വിപുലമായ performance നെ ഒരുക്കാനുള്ള സാധ്യത കൂടി നിലനില്‍ക്കുന്നില്ലേ?

ഏറ്റുമാനൂര്‍ പി. കണ്ണന്‍: ഉണ്ട്. പക്ഷേ അത് എന്തിനാണ് എന്നൊരു ചോദ്യം കൂടിയുണ്ട്. അതായത്, അഭിനയം എപ്പോഴും ആത്മാവിഷ്കാരമാണ്. ഈ അഭിനയത്തിന്റെ ആഴങ്ങളൊക്കെ കൊണ്ടുവരുന്നത് broadway show പോലെയുള്ള വലിയ ഷോകളല്ല. നൂറ്റന്‍പതുപേരുടെ ഈ അവതരണത്തില്‍ത്തന്നെ ഏറ്റവും മനോഹരമായ ഒരു മുഹൂര്‍ത്തം എന്നു പറയുന്നത്, ഈ നൂറ്റമ്പതു പേരും അരങ്ങത്തുനിന്ന് പോയതിനുശേഷം ഒരു കൃഷ്ണവേഷം അവിടെ ചെയ്യുന്ന ഒരു അതിഗംഭീരനൃത്തമുണ്ട്. program ന്റെ end ഇല്‍ നൂറ്റമ്പതുപേരും അരങ്ങൊഴിയുമ്പോള്‍ ചെയ്യുന്നത്. ധ്യാനമാണ് ഈ അവതരണത്തിന്റെ subject. 40 മിനിട്ടുള്ള നൂറ്റമ്പതു പേരുള്ള ഈ choreography യുടെ subject ധ്യാനം ആണ്. ധ്യാനം ശീലിക്കുന്ന മനസ്സിന്റെ trasformation ന്റെ സ്വഭാവമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. അപ്പോള്‍ തുടക്കത്തില്‍ സ്ത്രീ പുരുഷന്‍ എന്നതൊക്കെ ഭാവഭേദങ്ങളായി ഉണ്ടാകും. തുടര്‍ന്ന് മറ്റു വാസനകള്‍ എല്ലാം വരും. അതാണ്, ഈ നൂറ്റമ്പതില്‍ എല്ലാ ദുര്‍വാസനകളും ഉള്‍പ്പെട്ടിട്ടുണ്ട്. അതിനു ശേഷം ഈ എല്ലാ വാസനകളും ശമിക്കുകയും അവിടെ ഈശ്വരശക്തി മാത്രം, ഏറ്റവും positive ആയിട്ടുള്ള vibration മാത്രം നിലനില്‍ക്കുകയും ചെയ്യും. ഇങ്ങനെ ഈശ്വരശക്തി നിറയുന്നതിന്റെ ചിഹ്നമായിരുന്നു ഒടുവില്‍ വന്ന കൃഷ്ണവേഷം. അതു രംഗം മുഴുവന്‍ നിറഞ്ഞു കളിക്കുന്നതിന്റെ സംഗതി ഇതായിരുന്നു. ശരിക്കും അതായിരുന്നു ഏറ്റവും aesthetic ആയിട്ടുള്ള, beautiful ആയിട്ടുള്ള മുഹൂര്‍ത്തം. അതായത് ഈ നൂറ്റമ്പതുപേരും ഒരൊറ്റ വ്യക്തിയിലേക്കു focus ചെയ്തു് ചുരുങ്ങുകയും അവിടെ ധനാശിക്കലാശത്തോടെ അവതരണം അവസാനിക്കുകയുമാണ്. ഈ ധനാശി അവസാനിക്കുമ്പോള്‍ പത്തു കേശഭാരകിരീടംവച്ച പച്ചവേഷങ്ങളും, മുന്‍പില്‍ താഴത്തെ space ല്‍ ഒരു കൃഷ്ണവേഷവും മുകളിലത്തെ space ല്‍ വേറെ ഒരു കൃഷ്ണവേഷവുമാണ് കാണുന്നത്. അതായത് താഴത്തെ space ല്‍ functional reality, വ്യാവഹാരിക സത്യം. മുകളില്‍ ultimate reality, പാരമാര്‍ഥിക സത്യം. അപ്പോള്‍ ഇതിന്റെ രണ്ടിന്റെയും ഇടക്കു കുറെ മനുഷ്യര്‍ എന്നതുകൊണ്ടു സൂചിപ്പിക്കുന്നത്, ഇങ്ങനെ ഓരോന്നു കൂടിയാടുന്ന ജീവിതം, അതാണല്ലോ reality. അവിടെയാണിത് end ചെയ്യുന്നത്. അപ്പോള്‍ അഭിനയം എന്നു പറയുന്നത് ഒരു വ്യക്തിയുടെ ഹൃദയത്തില്‍നിന്നു പൊങ്ങി പുറത്തു പ്രകടമാകണം, അതാണെപ്പോഴും അഭിനയം. ആ വ്യക്തിയുടെ അംഗോപാംഗങ്ങളിലൂടെ പുറത്തു വരുന്നതാണ് അഭിനയം. നൂറു-നൂറ്റമ്പതുപേര്‍ വരുന്ന വലിയ ഷോകള്‍ ഇടയ്ക്കൊക്കെയാകാം എന്നുമാത്രമേയുള്ളു.

ശ്രീചിത്രന്‍: ഇടയ്ക്കെങ്കിലും കഥകളിയുടെ ഇത്തരം വളരെ വിപുലമായ സാധ്യത തുറക്കുക എന്നു പറയുന്നത് കഥകളിയെപ്പോലെ ഒരു കലയെ സംബന്ധിച്ച് ഊര്‍ജ്ജം നല്‍കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ നമുക്ക് ആ വിഷയം അവിടെ നിര്‍ത്തിയാല്‍ മറ്റൊരു subject ലേക്കു വരാം. കഥകളിയുടെ സമഗ്രശില്‍പ്പം രൂപപ്പെടുത്തുന്നതിനെപ്പറ്റി ഉണ്ടായിട്ടുള്ള ഏറ്റവും മനോഹരമായ, ഏറ്റവും ശാസ്ത്രീയമായ സിദ്ധാന്തങ്ങളിലൊന്ന് പല ഘടകകലകള്‍ പല സമയത്തായി വളര്‍ന്നു വരികയും ആ ഘടകകലകള്‍ സമുന്നതതലത്തില്‍വച്ച് ഉദ്ഗ്രഥിക്കപ്പെട്ട്, അവ സമന്വയിച്ച് ഏറ്റവും മനോഹരമായ ശില്പം ഉണ്ടാകുകയും ചെയ്തു എന്നതാണ്. കിള്ളിമംഗലത്തെപ്പോലെയുള്ള പ്രമുഖ കലാവിചക്ഷണര്‍ നിരീക്ഷിച്ചിട്ടുള്ളത്, പട്ടിക്കാന്തൊടി രാവുണ്ണിമേനോന്റെ കാലഘട്ടം വരെയാണ് കഥകളിയുടേതായിട്ടുള്ള ഘടകകലകളുടെ ഉദ്ഗ്രഥനത്തിന്റെ സമഗ്രമായ ഒരു രൂപം സാക്ഷാത്കരിക്കപ്പെട്ടിട്ടുള്ളത് എന്നാണ്. വാസ്തവത്തില്‍ അതിനു ശേഷം കഥകളിയുടെ ഘടകകലകള്‍ സ്വതന്ത്രമായി അനേകം വളര്‍ച്ചയുള്ള മാധ്യമങ്ങളിലേക്ക് പടര്‍ന്നുപോയിട്ടുണ്ട്. വാദനക്രിയകളോരോന്നും സമുന്നതമായ തലത്തില്‍ വിഗ്രഹിക്കപ്പെടുകയും പുതിയ അനേകം താളക്രമങ്ങള്‍ രൂപപ്പെടുകയും ചെയ്തു. അഭിനയതലത്തില്‍ അനേകം പുതിയ സാധ്യതകള്‍ തുറന്നു. അനേകം പുതിയ സാധ്യതകളും പുതിയ പദ്ധതികളും കഥകളിസംഗീതത്തിലേക്കും കടന്നുവന്നു. ഇത്തരത്തില്‍ ഘടകകലകളുടെ ഒരു ശിഥിലീകരണം കഥകളിയില്‍ വീണ്ടും നടന്നിട്ടില്ലേ എന്നതും കൂടുതല്‍ സമുന്നതതലത്തില്‍ അവയുടെ ഉദ്ഗ്രഥനം വീണ്ടും സാധ്യമാകേണ്ടതല്ലേ എന്നും ഒരു ചോദ്യമാണു ചോദിക്കാനുള്ളത്. എന്താ തോന്നുന്നത്?
ഏറ്റുമാനൂര്‍ പി. കണ്ണന്‍: ഇതു ശരിയാണ്. ഇതു ഓരോ ഘട്ടത്തിലും സംഭവിച്ചിട്ടുണ്ട്. ഇതു സംഭവിക്കാതിരിക്കാന്‍ തരമില്ല. ഇതു നമ്മുടെ മുടി വളരുന്നതു പോലെയാണ്. മുടി വളരുന്നു. ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ മുടി വെട്ടി ക്രോപ്പുചെയ്ത് എല്ലാം പാകത്തില്‍ ആക്കുന്നു. വീണ്ടും വളരും. വീണ്ടും വളര്‍ന്നു കുറച്ചു കഴിഞ്ഞാല്‍ വീണ്ടും ക്രോപ്പു ചെയ്യേണ്ടി വരും. ഇതു പ്രകൃതി നിയമമാണ്. ഏതിലും. കുടുംബമാണെങ്കിലും society ആയാലും ഒക്കെ ഇതുണ്ട്. ഇതുതന്നെ ഇവിടെയും ഉണ്ട്. അതായതു രാവുണ്ണിമേനോനാശാന്റെ കാലത്ത് കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ സാമീപ്യത്തില്‍നിന്നു കിട്ടിയ ഒരു ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കഥകളിയിലെ എല്ലാ ഘടകങ്ങളെയും നാട്യധര്‍മ്മിയാക്കി ഒതുക്കി നിര്‍ത്തി. അത് ബോധപൂര്‍വം നടത്തിയ ഒരു സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. കൊച്ചുണ്ണിത്തമ്പുരാനില്‍നിന്നാരംഭിച്ച് കൂടിയാട്ടത്തിലേക്കും കഥകളിയിലേക്കും വളര്‍ന്ന, വളരെ ബോധപൂര്‍വം ചെയ്ത ഒരു സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു അത്. അതിനെ തിരിച്ചറിഞ്ഞുതന്നെയാണ് വള്ളത്തോളും പ്രവര്‍ത്തിച്ചത്. ഇതിനുമുന്‍പും ഇതു സംഭവിച്ചിട്ടുണ്ട്. ഇതിനു തൊട്ടുമുന്‍പുള്ള അറിയപ്പെടുന്ന കാലഘട്ടമെന്നു പറയുന്നത് കപ്ലിങ്ങാട്ടുനമ്പൂതിരിയുടെ കാലഘട്ടമാണ്. നമുക്കറിയാമല്ലോ, കപ്ലിങ്ങാട്ടുനമ്പൂതിരിയുടെ കാലഘട്ടത്തില്‍ രാവണോദ്ഭവത്തിലെ തപസ്സാട്ടം ഉണ്ടായിവരുന്നു. കത്തിവേഷങ്ങളുടെ തൗര്യത്രികത്തിനായിട്ടുള്ള വിനിയോഗങ്ങള്‍ ഉണ്ടായിവരുന്നു. കപ്ലിങ്ങാട്ടുനമ്പൂതിരി മദ്ദളക്കാരനായിരുന്നു. ചെണ്ടക്കാരും വേഷക്കാരും പാട്ടുകാരുമൊക്കെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അപ്പോള്‍ തൗര്യത്രികത്തിന്റെ പൊരുത്തം അദ്ദേഹത്തിന്റെ സംഘത്തില്‍ അദ്ദേഹം ആവിഷ്കരിച്ചിരുന്നു. പിന്നീട് ആ പൊരുത്തം ശിഥിലമായിപ്പോയതിനുശേഷമാണ് അതിനെ രാവുണ്ണിമേനോനാശാന്‍ ഒരുമിപ്പിച്ചത്. ഇതിനും മുന്‍പുള്ള കഥയറിയാന്‍ ആട്ടക്കഥകള്‍ എടുത്തു നോക്കൂ. വളരെമുന്‍പുള്ള ചരിത്രം അറിയാന്‍ മറ്റു മാര്‍ഗമില്ല. കാരണം കപ്ലിങ്ങട്ട്നമ്പൂതിരിയുടെ കാലം മുതലാണ് കുറച്ചെങ്കിലും നമുക്ക് അറിയാവുന്നത്. അതിനു ചരിത്രരേഖകളുണ്ട്. അതിനു മുന്‍പുള്ളത് നമ്മള്‍ എങ്ങനെ അറിയും? ആട്ടക്കഥകളുടെ രചനാശൈലി. രാമനാട്ടത്തിന്റെ തൗര്യത്രികസ്വഭാവമല്ല, കോട്ടയംകഥകളുടെ തൗര്യത്രികസ്വഭാവം. അത് ആ വ്യക്തിയുടെ മാത്രം കാഴ്ചപ്പാടാണെന്നു പറയാന്‍ പറ്റില്ല. ആ വ്യക്തി മുന്‍പില്‍ കണ്ട theatre ന്റെയുംകൂടി വ്യത്യാസമാണ്. അതായത് രാമനാട്ടം എഴുതപ്പെട്ടതിനുശേഷം ഒരുപക്ഷേ രണ്ടോ രണ്ടരയോ നൂറ്റാണ്ടിനുശേഷം കോട്ടയംകഥകള്‍ എഴുതുമ്പോള്‍ അദ്ദേഹത്തിനു മുന്‍പില്‍ ഉണ്ടായിരുന്ന theatre ആവശ്യപ്പെടുന്നതാണ് അദ്ദേഹം എഴുതിയത്. എന്നാല്‍ പൂര്‍ണ്ണമായിട്ടും അങ്ങനെയല്ല. അദ്ദേഹത്തിന്റെ മനസ്സിന്റെ ഒരു പ്രത്യേകതയും കൂടി അതിനകത്തു വരും. അതു മാത്രമല്ല, പുറമേയുള്ള theatre നെ കണ്ട ശീലവും കൂടി വരും. ഇതു രണ്ടിന്റെയും കൂടെ ഒരു പാരസ്പര്യമാണ് ആട്ടക്കഥകളിലുള്ളത്. പുറത്തെ theatre ഇതിന്റെ രചനയെ സ്വാധീനിക്കും. അതുകൊണ്ട് ഈ കോട്ടയംകഥകളിലൂടെ നമ്മള്‍ കാണുന്ന തൗര്യത്രികസംസ്കാരം.. അതായത് മുദ്ര ഒപ്പിച്ചുകൊണ്ട്, മാര്‍ഗസംഗീതം അനുസരിച്ച്, പദങ്ങള്‍ രചിക്കുന്നതിന്റെ രീതി.. അതേപോലെ താളങ്ങള്‍ നിശ്ചയിക്കുമ്പോള്‍ അടന്ത ചമ്പ പോലുള്ള താളങ്ങള്‍ക്കു കൊടുക്കുന്ന അതിഭയങ്കരമായ പ്രാധാന്ന്യം, അതും പ്രത്യേക ഭാഗത്തില്‍ ഭാവങ്ങള്‍ക്ക്.. അതായത്, വീരം ശോകം ഇതിനൊക്കെയാണ് അദ്ദേഹം മേല്‍പ്പറഞ്ഞ താളങ്ങള്‍ കൊടുക്കുന്നത്. യുദ്ധത്തിനോ രൗദ്രത്തിനോ അദ്ദേഹം കൊടുക്കുന്ന താളങ്ങള്‍ മുറിയടന്തയും ചെമ്പടയും ഒക്കെയാണ്. അപ്പോള്‍ ഇതെല്ലാം തൗര്യത്രികത്തെക്കുറിച്ചുള്ള മറ്റൊരു awareness ന്റെ ലക്ഷണമാണ്. അപ്പോള്‍ ഘടകകലകളുടെ പൊരുത്തം കാലാകാലങ്ങളായിട്ട് ഓരോ സന്ദര്‍ഭങ്ങളിലും ഓരോ പ്രദേശത്ത് ഉണ്ടായിവരികയും അതു നിലനില്‍ക്കുന്ന കളരികളുടെയും ഒക്കെ പ്രത്യേകത കൊണ്ട് കുറച്ചുനാള്‍ exist ചെയ്യുകയും പിന്നീട് ഈ കളരികളുടെ ദൃഢഘടന വിട്ടുപോയിക്കഴിയുമ്പോള്‍ ഇതു സ്വതന്ത്രമായിട്ടു വളരുകയും പിന്നെ വീണ്ടും ഇതിനകത്ത് ഒരു ഉദ്ഗ്രഥനം നടക്കുകയും ഒക്കെ ചെയ്യുക എന്നു പറയുന്നത് ചരിത്രത്തിന്റെ ഭാഗമാണ്. ഇതില്‍ ഒരു ഘട്ടം കഴിഞ്ഞ അവസ്ഥയാണ് ഇപ്പോള്‍.

ശ്രീചിത്രന്‍: ഞാന്‍ പറയുന്നത്, ഇവിടെ രണ്ടുതരം അവസ്ഥകള്‍ ഉണ്ടെന്നു തോന്നുന്നു. ഒന്ന്, ഈ ഘടകകലകളുടെ ശിഥിലീകരണവും ബന്ധദാര്‍ഢ്യവും. രണ്ട്, കഥകളിയുടെ ശിഥിലീകരണത്തിനും ബന്ധദാര്‍ഢ്യത്തിനും കാരണമായ, അനുകൂലമായ പരിസരം സൃഷ്ടിക്കുന്ന അധികാരവ്യവസ്ഥ. അതുവരെ നിലനിന്നിരുന്ന അധികാരവ്യവസ്ഥ കടന്നുപോകുകയും പുതിയ ജനകീയസാമൂഹികഅധികാരവ്യവസ്ഥയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഈ ഘടകകലകളുടെ ശിഥിലീകരണത്തെ നമുക്കു നേരിടാനുള്ള വഴികള്‍ എന്തൊക്കെയാണ്? അതു കൂടുതല്‍ ബോധപൂര്‍വമായിട്ടുള്ള അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നില്ലേ?
ഏറ്റുമാനൂര്‍ പി. കണ്ണന്‍: ഉണ്ട്. അതിനുള്ള ഒരു മാര്‍ഗം എന്നു പറയുന്നത് individual ആയിട്ടു വളര്‍ന്നു വരുന്ന കളരികളാണ്. കഥകളിയുടെ ചരിത്രത്തില്‍, കലാമണ്ഡലം സ്ഥാപിച്ചതിനുശേഷം, കലാമണ്ഡലം വളരെ successful ആയിട്ടു പ്രവര്‍ത്തിക്കുന്ന ചുരുങ്ങിയ ഒരു കാലത്തുമാത്രമേ അനവധി ഗുരുനാഥന്മാരുടെ കീഴില്‍ ഒരു വിദ്യാര്‍ഥി ശിഷ്യപ്പെടുന്ന സന്ദര്‍ഭം ഉണ്ടായിട്ടുള്ളു. എന്നും ഒരു ഗുരുനാഥന്റെ കീഴിലാണ് മികച്ച കലാകാരന്മാര്‍ ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അതാണ് ideal ആയിട്ടുള്ള അവസ്ഥ. ആ ഒരവസ്ഥയിലേക്കാണ് ഇനിയും പൊയ്ക്കൊണ്ടിരിക്കുന്നത്.

ശ്രീചിത്രന്‍: കലാമണ്ഡലം ചരിത്രത്തിലെ ഒരൊറ്റപ്പെട്ട സംഭവമായിരുന്നു എന്നു പറയണം. അല്ലെ?
ഏറ്റുമാനൂര്‍ പി. കണ്ണന്‍: അതെ. ആ കാലഘട്ടത്തില്‍ ഫ്യൂഡല്‍ വ്യവസ്ഥിതി മാറി democracy വളര്‍ന്നുവന്നു. സ്വാഭാവികമായിട്ടും എല്ലാം instututionalize ചെയ്യുന്നതിന്റെ ഭാഗമായിട്ട് ഇതും institutionalize ചെയ്യപ്പെട്ടു. ഈ institutionalize ചെയ്ത കാലത്ത് വളര്‍ന്നുവന്ന കമ്മ്യൂണിസം പോലെയുള്ള പല സിദ്ധാന്തങ്ങളും വിശ്വസിച്ചു, individual ന്റെ importance മുഴുവന്‍ നഷ്ടപ്പെടും, state നു മുഴുവന്‍ അധികാരവും വരും, ഈ state എല്ലാത്തിനേയും നിയന്ത്രിക്കും, അതാണ് ideal അവസ്ഥ എന്നും. കുറേ കാലത്തേക്കെങ്കിലും ആള്‍ക്കാര്‍ ഇങ്ങനെ വിശ്വസിച്ചു. അതു ശരിയല്ല എന്നും എപ്പോഴും individual, ഒരു responsible individual ആയിരിക്കുകയെന്നുള്ളതാണ് സത്യമെന്നും ഇന്നിപ്പോള്‍ ഏകദേശം എല്ലാവരും, even കമ്മ്യൂണിസ്റ്റുകാരുള്‍പ്പെടെയുള്ളവര്‍ സമ്മതിച്ചിട്ടുള്ളതായാണ് എന്റെ വിശ്വാസം. അതായത് maximum നമുക്കു പ്രതീക്ഷിക്കാവുന്നത് സോഷ്യലിസമാണ്. സോഷ്യലിസം വരെയെങ്കിലും എത്തുക എന്നു പറയുന്ന ഒരവസ്ഥയുണ്ടല്ലോ. അപ്പോള്‍ ഈ ഒരവസ്ഥക്കപ്പുറം ഒരു institution നു classical കലയെ വളര്‍ത്താന്‍ പറ്റില്ല. classical കലയുടെ കാര്യം മാത്രമല്ല, ഇപ്പോള്‍ university യിലെ ഗവേഷണത്തിന്റെ അവസ്ഥ എടുക്കൂ. ഒരു university department നു ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാന്‍ പറ്റുന്ന ഒരവസ്ഥ ഇന്നില്ല. അങ്ങനെയല്ല university കള്‍ സ്ഥാപിച്ചുതുടങ്ങിയ കാലത്തെ അവസ്ഥ. വ്യത്യാസമുണ്ട്. അന്നത്തെ ആ ഒരു ബോധം, അതായത് ഒരു പുതിയ വ്യവസ്ഥ ഉണ്ടായ സമയത്ത് society ക്കു മൊത്തം ഉണ്ടായിരുന്ന ഒരു ബോധം, ഒരാവേശം, അതു കെട്ടടങ്ങുകയും വീണ്ടും മനുഷ്യന്റെ സ്വാഭാവികമായിട്ടുള്ള പ്രക്രിയയിലേക്കു മടങ്ങിപ്പോകുകയും ചെയ്തു. ഈ സ്വാഭാവിക പ്രക്രിയ എന്നു പറയുന്നത് individual ആയിട്ടുനിന്ന് അസാധാരണമായിട്ടുള്ള പ്രവര്‍ത്തി ചെയ്യുക എന്നുള്ളതാണ്. ഇപ്പോള്‍ internet ഒക്കെത്തന്നെ അതിനുള്ള വളരെ മനോഹരമായിട്ടുള്ള വേദി ഒരുക്കുന്നുണ്ട്. ഓരോ individual ന്റെയും ഗവേഷണങ്ങളാണ് ഇന്ന് അറിവുണ്ടാക്കുന്നത്. university അല്ല. പണ്ടങ്ങനെയല്ല. university യിലെ ഒരു department എന്നു പറഞ്ഞാല്‍ അതിലുള്ള ഓരോരുത്തരും അതിഗംഭീരന്മാരായിരുന്നു. ഉദാഹരണമായി ഒരുകാലത്തെ kerala university യിലെ മലയാളം department എന്നു പറഞ്ഞാല്‍ നമ്മള്‍ അദ്ഭുതപ്പെട്ടുപോകുമായിരുന്നു, ഓരോരുത്തരെ എടുത്താല്‍. അതുപോലെതന്നെയാണ് കലാമണ്ഡലത്തിന്റെ കാര്യവും. പഴയകലാമണ്ഡലത്തിലെ ഓരോ വ്യക്തികളും അതിമഹാന്മാരായിരുന്നു.

ശ്രീചിത്രന്‍: പക്ഷേ അങ്ങനെ നിലനില്‍ക്കുമ്പോള്‍ത്തന്നെ കലാമണ്ഡലത്തില്‍ നടന്ന മറ്റൊരു കാര്യം, കലാമണ്ഡലം എന്ന ഒറ്റകാരണംകൊണ്ടാണോ അതോ രാവുണ്ണിമേനോന്‍ എന്ന ഒരൊറ്റ അസാധാരണ കളിയാശാനെക്കൊണ്ടാണോ കഥകളിയില്‍ അടുത്തകാലത്തു നടന്ന വിപ്ലവം എന്നതു സംശയാസ്പദമാണ്. അദ്ദേഹവും കലാമണ്ഡലത്തിനു പുറത്തുള്ള മഹാനടന്മാരായ പ്രഗത്ഭരായ ശിഷ്യന്മാരും കൂടി ചേര്‍ന്നതായിരുന്നു വാസ്തവത്തില്‍ കഥകളിയിലുണ്ടായ പരിഷ്കരണം. വാഴേങ്കട കുഞ്ചുനായരും, കീഴ്പടം കുമാരന്‍നായരും അടക്കം വരുന്ന മറ്റൊരു ശിഷ്യനിരകൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവിടെയുള്ള ഒരു സംശയം, ആ കാലഘട്ടത്തില്‍നിന്നും തുടര്‍ന്നു വരുന്ന ശിഷ്യപരമ്പര കഥകളിയുടെ ധൈഷണിക അന്വേഷണങ്ങളുടെയും മനനങ്ങളുടെയും കൂടുതല്‍ വിശ്രാന്തിയുള്ള കൂടുതല്‍ ആഴമേറിയ ധ്യാനാത്മകമായ കഥകളിയുടെ ഒരന്വേഷണത്തിന്റെയുമൊക്കെ അളവു കുറഞ്ഞുവരുന്നതായി തോന്നും ഒരു പ്രേക്ഷകന്. പട്ടിക്കാന്തൊടി രാവുണ്ണിമേനോന്‍ നടത്തിയ കടുത്ത പരീക്ഷണങ്ങള്‍ക്ക് അടുത്ത തലമുറ മുതിര്‍ന്നോ? എന്നാല്‍ കുഞ്ചുനായരടക്കമുള്ളവര്‍ സാക്ഷാത്കരിച്ച ധൈഷണികമായ പരീക്ഷണങ്ങള്‍ക്ക് അടുത്ത തലമുറ മുതിര്‍ന്നോ? അതിനടുത്ത തലമുറ, ഷാരോടിയാശാനും ഗോപിയാശാനുമടങ്ങുന്ന ഏറ്റവും ആധുനികതലമുറക്കു സാധിച്ച അന്വേഷണത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ പുതിയ യുവാക്കള്‍ക്ക് കഴിയുന്നുണ്ടോ? ഇങ്ങനെ ഒരു graph താഴത്തേക്കാണോ എന്നു സംശയം ഒരു സാധാരണ പ്രേക്ഷകന് എളുപ്പത്തില്‍ തോന്നുന്നതാണ്.
ഏറ്റുമാനൂര്‍ പി. കണ്ണന്‍: നമ്മള്‍ ഒന്നു തിരിച്ചു ചിന്തിച്ചാല്‍ പട്ടിക്കാന്തൊടി രാവുണ്ണിമേനോനാശാന്റെ പരീക്ഷണങ്ങളാണോ ഇട്ടിരാരിച്ചമേനോനാശാന്റെ പരീക്ഷണങ്ങളാണോ കൂടുതല്‍ impact ഉണ്ടാക്കിയതെന്നു ചോദിക്കേണ്ടിവരും. അതിലും മുന്‍പിലേക്കു ചിന്തിച്ചാല്‍ ദശമുഖന്‍ ശങ്കുപ്പണിക്കരാശാന്റെ വേഷങ്ങളായിരുന്നോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രവൃത്തിയായിരുന്നോ കൂടുതല്‍ impact ഉണ്ടാക്കിയതെന്നും ചോദിക്കേണ്ടിവരും. അതായത് രാവുണ്ണിമേനോനാശാന്‍ എന്നു പറയുന്ന ആള്‍ അസാധാരണധൈഷണികവും ആത്മീയവും നൈതികവും ആയിട്ടുള്ള എല്ലാ value system ത്തിനേയും മുറുക്കെപ്പിടിച്ചുകൊണ്ട് ആ കാലഘട്ടത്തിന്റെ ആവശ്യകതയായി ഉണ്ടായിവന്ന ഒരപൂര്‍വ പ്രതിഭാസമാണ്. ഈ അപൂര്‍വ പ്രതിഭാസത്തിനെ വച്ചിട്ട് അതിന്റെ പിന്നിലും മുന്നിലും ഉള്ളതിനെ താരതമ്യപ്പെടുത്തുമ്പോള്‍ വരുന്ന പ്രശ്നമാണിത്. അങ്ങനെ നമ്മള്‍ ചെയ്യുന്നത് ശരിയല്ല. ഇനിയും അതുപോലൊരു മറ്റൊരു പ്രതിഭാസം ഉണ്ടായിവരണം. ആ പ്രതിഭാസത്തിനു നമ്മള്‍ കാത്തിരിക്കുക എന്നു മാത്രമേയുള്ളു. അതാണ് കഥകളിയുടെ ചരിത്രത്തില്‍ ബാക്കിയെല്ലാവരും അവരവരുടേതായിട്ടുള്ള കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുന്നുണ്ടാകാം. എല്ലാ മനുഷ്യരും ശക്തിയും ദൗര്‍ബല്യവും ചേര്‍ന്നവരാണ്. അപ്പോള്‍ ആ ശക്തിയും ദൗര്‍ബല്യവും വച്ചിട്ട് ഓരോരുത്തരും അവരവരുടേതായിട്ടുള്ള പ്രവൃത്തി ചെയ്യും. അപ്പോള്‍ പക്ഷേ നമ്മള്‍ താരതമ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ വരുന്ന പ്രശ്നമാണ് ഇതിനകത്തു വരുന്നത്.

ശ്രീ ചിത്രന്‍: ഞാന്‍ ഉദ്ദേശിച്ചത്.. രാവുണ്ണിമേനോന്‍ എന്ന വ്യക്തിയെ അധികരിച്ചുകൊണ്ട് മുഴുവന്‍കഥകളിയെ നമ്മള്‍ താരതമ്യപ്പെടുത്തേണ്ടതില്ല. രാവുണ്ണിമേനോനാശാന്‍ school എന്നു വിശേഷിപ്പിക്കുന്ന അതിനു ശേഷം വന്ന കളരി തുടര്‍ന്നു വന്നത് മുന്നോട്ടുള്ള യാത്രയാണോ? രാവുണ്ണിമേനോനാശാന്‍ എത്തിച്ചിടത്തോളമുള്ള വളര്‍ച്ച കുഞ്ചുനായരാശാന്റെ കയ്യില്‍ പെട്ടു. കുഞ്ചുനായര്‍ക്കുശേഷം വന്ന തലമുറക്ക് അതില്‍ എത്ര കണ്ട് ഏറ്റെടുക്കാന്‍ സാധിച്ചു എന്നതും ഏറ്റവും പുതിയ തലമുറ അതിനെ എത്രകണ്ട് ഏറ്റെടുക്കുന്നുവെന്നതും ആണു പ്രശ്നം. അതേ ഉദ്ദേശിച്ചുള്ളു.
ഏറ്റുമനൂര്‍ പി. കണ്ണന്‍: അതെ. അതെത്രയായാലും മുന്‍പോട്ടു തന്നെ പോകുമല്ലോ. രാവുണ്ണിമേനോനാശാന്‍ ചെയ്ത സംഗതി പിന്നീടാരെങ്കിലും ചെയ്തിട്ടുണ്ടെന്ന് നമുക്കു പറയാന്‍ പറ്റില്ല. അതിന്റെ അര്‍ഥം കഥകളി പിന്നോട്ടുപോകുന്നു എന്നാണെന്നു പറയാന്‍ പറ്റില്ല. ഇനി കഥകളി മുന്‍പോട്ടാണോ എന്നു ചോദിച്ചാല്‍.. അത്തരത്തിലുള്ള ആലോചനയല്ല നമുക്ക് ആവശ്യം. ഇപ്പോഴുള്ള ആവശ്യം, രാവുണ്ണിമേനോനാശാന്റെ value system നമ്മുടെ ജീവിതത്തില്‍ പകര്‍ത്താനും അതു കഴിയുന്നത്ര കഥകളിക്ക് ഉപയോഗപ്പെടുന്ന രീതിയില്‍ കൊണ്ടുവരാനും സാധിക്കുമോ എന്നുള്ള അന്വേഷണമാണ്. അല്ലാതെ, വിദ്യാര്‍ഥി എന്നുള്ള നിലക്ക്, ഇങ്ങനെയൊരു താരതമ്യാത്മകപഠനത്തിനു പോകുന്നത് ശരിയാണെന്നു തോന്നുന്നില്ല.

സാങ്കേതിക സഹായം: എം ബി സുനില്‍ കുമാര്‍, നിക്സ്

(തുടരും)

Article Category: 
Malayalam

Comments

Great One Sir, Best wishes...!!!!

I was lucky to witness the show directed by SriEttumanoor PKannan at the art of living function atTrivandrum where more than 150 Kathakali artists participitated at a time on stage.
It was really a wonderful experience and good show .I have mentioned this in one of my postings in this forum.I congratulate MrEttumanoor P. Kannan and all artists involved in that show. Talented artists like MrKannan should come forward with such experiments in the stage to popularise Kathakali.