മാടമ്പിപ്പെരുമ - ഭാഗം ഒന്ന്
രാജാനന്ദ്: മാടമ്പി മനക്കല്‍ പാട്ടിന്റെ ഒരു പാരമ്പര്യമുണ്ടോ വാസ്തവത്തില്‍?
പാരമ്പര്യം ഒന്നും ഇല്ല. വേദം.. അങ്ങനെ ഉള്ള.. അച്ഛന് അങ്ങനെ ഉണ്ടായിരുന്നു. കവിതകള്‍ എഴുതുന്ന മുത്തപ്ഫന്മാര്‍ .. മുത്തപ്ഫന്‍ (മുത്തശന്റെ അനിയന്‍) ഒരാള്‍ കവിത ഒക്കെ എഴുതിയിരുന്നു. കാലന്‍വരുന്ന സമയം എന്ന് തുടങ്ങുന്ന ആ ശ്ലോകം ഒക്കെ അദ്ദേഹം എഴുതിയതാണ് എന്നാണ് കേട്ടിരിക്കുന്നത്. പിന്നെ വേറേ ചില ഛായാശ്ലോകങ്ങള്‍ ഉണ്ട്. അത്രയൊക്കെ ഉള്ളൂ. എനിക്ക് ശേഷം എന്റെ വല്യച്ഛന്റെ മകന്‍ മാടമ്പി വാസുദേവന്‍ പാട്ടുണ്ട്.
രാജാനന്ദ്:പാടുകയാണ് തന്റെ ധര്‍മ്മം എന്ന് തോന്നീത് എപ്പോഴാ?
ഞാന്‍ ആദ്യം ഇല്ലത്തെ അടുത്ത് പച്ചായില്‍ അമ്പലത്തില്‍ നാലഞ്ച് ദിവസത്തെ കഥകളി ഉണ്ടാകാറുണ്ട്. അപ്പോ ആ സമയ്ത്ത് കോട്ടക്കല്‍ നിന്ന് ആണ് സ്ഥിരം അവിരാണ് പതിവ്. അവര്‍ കുളിക്കാന്‍ ഇല്ലത്താണ് വരുക. അവരോട് ആഗ്രഹം എങ്ങിനെയാണ് അറിയിക്കണ്ടത് എന്ന ഒരു സംശയത്തിന്റെ പേരില്‍ അവര്‍ കുളിക്കാന്‍ വരുമ്പോള്‍ എനിക്ക് നിശ്ചയമുള്ളമാതിരി ഇങ്ങനെ പാട്യേര്‍ന്നു. അപ്പോ അങ്ങനെ ഇരിക്കുന്ന സമയത്ത് കൃഷ്ണന്‍ കുട്ടി നായരോ ഗോപ്യാരോ ഒക്കെ കൂടി തിരുമേനിക്കുട്ടിക്ക് പാട്ട് പഠിക്കണോ? ആ വേണം ന്നാ കോട്ടക്കല്‍ക്ക് വന്നോളൂ.. കോട്ടക്കല്‍ക്ക് അച്ഛനെ ഒക്കെ കൂട്ടി ചെന്നപ്പോ അവിടെ ആരും.. അവര്‍ ഒരു ബഹുവാക്കായിട്ട് പറഞ്ഞതാണ് (ന്ന് മനസ്സിലായി) നിരാശനായിട്ട് മടങ്ങി പോന്നു. പിന്നെ ഏഴാംക്ലാസ്സുവരെ സ്കൂളില്‍ പഠിച്ചു. ഇതാഗ്രഹം ഉള്ളില്‍ നിന്ന് പോണില്യ. ചൊവ്വൂര്‍ മനക്കല്‍ നീലകണ്ഠന്‍.. അദ്ദേഹം ഈയിടെ മരണപ്പെട്ടു. അദ്ദേഹത്തിന്റെ അവിടെ പാട്ടൊക്കെ പഠിപ്പിക്കും എന്ന് പറഞ്ഞ് അവിടെ ചെന്നു.
അവിടെ ആരാ പഠിപ്പിച്ചിരുന്നത്?
ഇല്യ. അവിടെ ചെന്നപ്പോളാണ് അറിഞ്ഞത് അദ്ദേഹം ഞാന്‍ ഇപ്പോ അതൊക്കെ നിര്‍ത്തിയിരിക്കുന്നു. പൂള്ളിക്ക് (പൂമുള്ളി മന, പെരിങ്ങോട്) പോയ്ക്കോളൂ. രാമഫനോ കുഞ്ഞഫനോ ഉള്ളപ്പോ അവരൊക്കെ കാര്യാവും. അങ്ങനെ ഉള്ളപ്പോള്‍ അച്ഛന്‍.. കുഞ്ഞഫന്‍ എന്ന് പറഞ്ഞാല്‍ നീലകണ്ഠന്‍ നമ്പൂതിരി അദ്ദേഹത്തിനെ കുട്ടിക്കാലം മുതല്‍ക്ക് തന്നെ അച്ഛന്‍ അറിയുന്നതാണ്. അവിടെ ചെന്നു. ചെന്നപ്പോ ആ ആവാം. ന്നാ ബടെ താമസിച്ചോളൂ. അവര്‍ക്ക് നേരം പൂവാനുള്ള ഒരു അവസരം ആയി. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കീഴിലാണ് തുടക്കം ഉണ്ടായത് എന്ന് പറയാം. സപ്തസ്വരം സരിഗമപധനിസ തുടങ്ങല്‍. അദ്ദേഹത്തിന്റെ ഒരു സമ്പ്രദായത്തില്‍.. കോണ്ണിപ്പടി കേറണകൂട്ടത്തിലാണ് മാടമ്പ്യേയ്.. സപ്തസ്വരം. സാ രി... (ചൊല്ലിക്കാണിക്കുന്നു) പിന്നെ വൈദ്യനാഥഭാഗവതര്‍ അത്രതന്നെ ഉണ്ടായിരുന്നുള്ളൂ. പിന്നെ അതിനു ശേഷം ചെര്‍പ്പളശേരി രാമന്‍ കുട്ടി വാര്യര്‍ അദ്ദേഹത്തിന്റെ കീഴിലാണ് പിന്നെ ഉണ്ടായത്. പിന്നെ കൊങ്ങോരപ്പള്ളി.. അദ്ദേഹം ആകാശവാണിയില്‍ നിന്ന് വിരമിച്ച്.. അദ്ദേഹമാണ് അധികനേരവും ഉണ്ടാവുക അവിടെ. സപ്തസ്വരം ചൊല്ലിക്കാനും അദ്ദേഹം ആണ് പതിവ്.
ഈ രാമന്‍ കുട്ടി വാര്യര്‍ പഠിച്ചതും പൂമുള്ളി വെച്ചിട്ടാണല്ലേ? വൈദ്യനാഥഭാഗവതരുടെ അടുത്തു നിന്ന്?
അതിനു മുന്പ് ഒരു വേറെ ഒരു നാഗസ്വരക്കാരന്‍ ചെര്‍പ്പളശേരി തന്നെ ഉള്ള ഒരു.. അദ്ദേഹത്തിന്റെ പേര്‍ എനിക്ക് ഓര്‍മ്മയില്ല. അദ്ദേഹത്തിന്റെ കീഴിലുമുണ്ടായിട്ടുണ്ട്. കൊങ്ങോരപ്പീള്ളിയാണ് അധികനേരവും ഉണ്ടാവുക അവിടെ. അദ്ദേഹമാണ് സാധകം ചെയ്യിപ്പിക്കുക താളം പിടിപ്പിക്കുക.. പിന്നെ അതിനുശേഷം കുചേലവൃത്തം കഥ അദ്ദേഹത്തിനറിയം. അത് പിന്നെ പഠിപ്പിക്കല്‍ ഉണ്ടായിട്ടില്ല. ഈ സപ്തസ്വരം അടിസ്ഥാനങ്ങള്‍ അധികനേരവും ഈ കൊങ്ങോരപ്പള്ളിയാണ് പഠിപ്പിക്കല്‍ ഉണ്ടായിരിക്കുന്നത്. തുടക്കത്തില്‍ മാത്രം ഭാഗവതരുടെ കീഴില്‍ രാമന്‍ കുട്ടി വാര്യര്‍ തുടങ്ങി സപ്തസ്വരങ്ങള്‍. രണ്ട് മാസം കഴിഞ്ഞപ്പോ കലാമണ്ഡലത്തില്‍ കുട്ടികളെ എടുക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോ പേപ്പറില്‍ കണ്ടു. അപ്പോ അവിട്ത്തെന്നെ ഒരു നമ്പൂരിപ്പാട് കണ്ട് പറഞ്ഞു ദാ ങ്ങനെ ണ്ട് മാടമ്പി പൊക്കോളൂ ന്ന് പറഞ്ഞു. അപ്പോ ഞാന്‍ അച്ഛനെ ഒക്കെ കൂട്ടി കലാമണ്ഡലത്തില്‍ പോയി. അവിടെ ഇന്റെര്വ്യൂ 57ല്‍ ആണ് ഉണ്ടായത്. ഇന്റെര്വ്യൂ കഴിഞ്ഞു പാസ്സ് ആയി. എടുക്കുകയും ചെയ്തു. അങ്ങനെ ആണ് ഇതിന്റെ ഒരു.. കലാമണ്ഡലത്തില്‍ എട്ട് കൊല്ലം പഠിച്ചു. അതിനുശേഷം..
രാം മോഹന്‍: അഭ്യാസവേദിയെ കുറിച്ച്.. അന്നത്തെ ഈ സാധകം ക്രമം..
അന്ന് രാവിലെ ഒരു രണ്ട് മണിക്ക്.. അവര്‍ക്ക് ചെലപ്പോ നേര്‍ത്തെ ഉണരാന്‍ തോന്ന്യാല്‍ അപ്പോ..ശിവരാമന്‍ നായരാശാനും നമ്പീശനാശാനും. പിന്നെ കളരിയിലൊക്കെ കാവുങ്കല്‍ മാധവപ്പണിക്കര്‍ എന്നൊരാളുണ്ടായിരുന്നു. അദ്ദേഹം ആണ് കളരിയില്‍ ഒപ്പം ച്ചാല്‍ ഞങ്ങളെക്കൊണ്ട് പാടിക്കലും അതിനൊരു സമ്പ്രദായം .. പഠിപ്പിക്കാന്‍ ആദ്യപാഠം തോടയം പുറപ്പാട് അതൊക്കെ ശിവരാമന്‍ നായര്‍ ആശാനാണ് ഉണ്ടായിരിക്കുന്നത്. അതിനുശേഷം കഥകള്‍ ചൊല്ല്ലിക്കല് നമ്പീശനാശാനാണ്.
രാം മോഹന്‍:അത് എങ്ങിനെ ആയിരുന്നു? തോടയം ഒക്കെ ഗംഭീരനാട്ടയില്‍ അല്ലേ?
ഗംഭീരനാട്ടയില്‍ ആണ്.
രാം മോഹന്‍: ചിലര്‍ നാട്ടയില്‍.പാടുന്നുണ്ട്..കോട്ടക്കൈല്‍ ശൈലി എങ്ങന്യാ വന്നത്?
മാടമ്പി: ശരിക്ക് പറഞ്ഞാല്‍ നാദസ്വരത്തിലൊക്കെ മല്ലാരി വായിക്കുക എന്നൊന്നുണ്ട്. അതിനൊക്കെ ഈ ഗംഭീരനാട്ട ആണ്. അതിനെ അടിസ്ഥാനപ്പെടുത്തിയിട്ടായിരിക്കും ഇതും ഗംഭീരനാട്ട ആക്കിയത്.
രാം മോഹന്‍:ശിവരാമനാശാന്റെ ഒക്കെ റിക്കോര്‍ഡിങ്ങ് ഇല്ലേ? അന്നത്തെ കാലത്ത് നമ്പീശനാശാനാണല്ലോ അധികവും.
മാടമ്പി:അവരുടെ റിക്കോര്‍ഡിങ്ങ് ഇല്ല. ശിവരാമനാശാന്‍ അധികം സ്റ്റേജിലേക്ക് വരില്ല. പിന്നില്‍ നില്‍ക്കുക അത്രേ പതിവുള്ളൂ. നിവൃത്തി ഇല്ലാത്തപ്പോള്‍ മാത്രമേ അദ്ദേഹം പാടുള്ളൂ. അങ്ങനെ ആണ്.
രാം മോഹന്‍:അത് നളചരിതങ്ങളൊക്കെ പാടില്ലെ?
നളചരിതം ഇല്ല. അതൊക്കെ നമ്പീശനാശാനാണ്. കിര്‍ മ്മീരവധം മുതല്‍ക്ക് നമ്പീശനാശാനാണ് പാടിച്ചിരുന്നത്. കിര്‍ മ്മീരവധം മുഴുവന്‍ ആദ്യം മുതല്‍ അവസാനം വരെ നമ്പീശനാശാനാണ്. പിന്നെ ഉള്ള ഓരോരോ കഷ്ണങ്ങള്‍.. ബകവധത്തിലെ... (ഓര്‍ മ്മിക്കാന്‍ ശ്രമിക്കുന്നു) താപസകുല തിലക.. അത് ശിവരാമനാശാനാണ്. അദ്ദേഹത്തിന്റെ ഒരു സമ്പ്രദായം എന്താന്ന് പറഞ്ഞാല്‍ ചെറിയ ഒരു ഭൃഗ.. വളവോ തിരിവോ ഇല്ലാതെ.. അദ്ദേഹം പാടുന്നപോലെ തന്നെ വന്നില്ലെങ്കില്‍ അങ്ങ്ട് മേപ്പോട്ടക്ക് എടുക്കില്ല. അങ്ങനെ ഒരു സമ്പ്രദായം ആണ്. അത് കാരണം ശ്ശി (ധാരാളം എന്നര്‍ ത്ഥത്തില്‍) പദങ്ങള്‍ ഒന്നും അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഉണ്ടായിട്ടില്ല.
രാജാനന്ദ്:സഹപാഠികള്‍ ആരൊക്കെ ആയിരുന്നു അന്ന്?
ശങ്കരന്‍ എമ്പ്രാന്തിരി, തിരൂര്‍ നമ്പീശന്‍, ഹൈദരാലി.. അങ്ങനെ... അതിനു പുറമെ വേറെ നാലഞ്ചാളുകള്‍ ഉണ്ടായിരുന്നു തുടക്കത്തില്‍ അവരൊക്കെ ഓരോരുത്തരായി കൊഴിഞ്ഞ് പോയി. അവസാനം കോഴ്സ് കഴിഞ്ഞ് പോരാറായപ്പോഴേക്കും ഞങ്ങള്‍ നാലാളുകളെ ഉണ്ടായിരുന്നുള്ളൂ. അതിലിപ്പോ ആ ബാച്ചില്‍ ഞാന്‍ മാത്രമേ ബാക്കി ഉള്ളൂ.
രാജാനന്ദ്:പഠിക്കുന്നകാലത്ത് മാടമ്പി ആശാന്റെ നിലവാരത്തെ കുറിച്ച് എന്തായിരുന്നു അദ്ധ്യാപകരുടെ ഒരു..വിശദീകരണം..
മാടമ്പി: അത് പ്പോ ഞാനല്ലല്ലൊ പറയണ്ടത്.
രാജാനന്ദ്: ന്നാലും കേട്ടിട്ടുണ്ടാവില്ലേ?
മാടമ്പി: തരക്കേടില്ല നന്നായി വരും എന്നൊക്കെ പറയണത് കേട്ടിട്ടുണ്ട് എന്നല്ലാതെ.. ആത്മപ്രശംസ ഒട്ടും ഇഷ്ടമല്ലാത്ത ഒരാളാണ് ഞാന്‍. ചിലവരൊക്കെ അദ്ദേഹം പാടുന്നുണ്ട് നേരാവുന്നുണ്ട് എന്നൊക്കെ പറയുന്നുണ്ട്. നേരാണോ ന്ന് നിശ്ചല്യ.. (ചിരിക്കുന്നു) ഗുരുനാഥന്മാര്‍ പറഞ്ഞ് തന്നതില്‍ അധികം വെള്ളമൊന്നും ചേര്‍ ക്കാതെ കൊണ്ട് നടക്കുന്നുണ്ട് ഇപ്പോഴും. അതായിരിക്കും ആളുകള്‍ക്ക് ഇഷ്ടമാവാന്‍ കാരണം.
രാജാനന്ദ്: അത് എന്തുകൊണ്ടാ? മറ്റ് ഗായകരൊക്കെ കുറെ നവീനതകള്‍ വരുത്താന്‍ വേണ്ടി ശ്രമിച്ച് കൊണ്ടിരുന്നപ്പോള്‍ പഴമയുടെ വഴിയിലെ ശുദ്ധത സൂക്ഷിക്കാന്‍ ആശാന്‍ മാത്രം ശ്രമിച്ചത്?
മാടമ്പി:അത്..ഇന്നത്തെ ലോകത്ത് എവിടേയാണ് മാര്‍ക്കറ്റ് അധികം ഉണ്ടാവുക അത് കിട്ടണം എന്ന മോഹക്കാരാണ് അധികം എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് അപ്പപ്പോ തോന്നുന്ന രാഗങ്ങളൊക്കെ.. ഏത് രാഗവും കഴിവുള്ളവര്‍ പാടിയാല്‍ നേരെ ആവും. പിന്നെ ഘനരാഗങ്ങളൊക്കെ പാടുമ്പോള്‍ കുറച്ച് കൂടെ അധികം ബുദ്ധിമുട്ടുണ്ട് ഫലിപ്പിച്ച് നേരെയാക്കാന്‍. അതുകൊണ്ട് ചെറിയ ചെറിയ രാഗങ്ങള്‍ സഞ്ചാരക്രമങ്ങളൊക്കെ കുറഞ്ഞിട്ടുള്ളവ അങ്ങനെ ആവുമ്പോള്‍ ജനങ്ങള്‍ക്ക് വേഗം ഇഷ്ടപ്പെടും. അത് പോലെ പാടണം എന്നൊക്കെ പറഞ്ഞ് എന്റെ ഒരു കാഴ്ച്ചപ്പാടില്‍ അത് ഒരു ശരിക്ക് പറഞ്ഞാല്‍ കുറച്ചൊരു കച്ചവടമനസ്ഥിതി അതിനുള്ളില്‍ കടന്ന് കൂടീട്ടില്യേന്ന് ഒരു സംശയം എനിക്ക് തോന്നീട്ടുണ്ട്.
രാജാനന്ദ്: അങ്ങനെ ഉള്ള ജനപ്രിയകഥകള്‍ ഇപ്പോഴും മാടമ്പി ആശാന്‍ പാടാറില്ലല്ലൊ. കര്‍ണ്ണശപഥം പോലത്തെ കഥകള്‍..
മാടമ്പി: ഒന്നും പാടാറില്ല.
രാജാനന്ദ്: അത് എന്തുകൊണ്ടാ പാടന്‍ ആവശ്യപ്പെടാറില്ല എന്നതു കൊണ്ടാണോ? അതോ
മാടമ്പി: ആവശ്യപ്പെടാറുമില്ല. ഞാന്‍ അങ്ങനെ പുതീതില്‍ അത്രഭ്രമിച്ചിട്ട് ചെയ്യാറുമില്ല ഞാന്‍.
രാം മോഹന്‍:കചദേവയാനി ചരിതം പോലെ ഉള്ളകഥകളൊക്കെ പിന്നീട് അധികം പ്രചാരത്തില്‍ വന്നതാണോ?
മാടമ്പി: കചദേവയാനി ഒക്കെ ഞാന്‍ ശിങ്കിടി പാടിയിട്ടുണ്ട് ഗംഗാധരാശാന്റെ ഒക്കെ കൂടെ. അതല്ലാതെ ശരിക്കത് കാണാപാഠം സാഹിത്യം പഠിച്ചിട്ടില്ല.
രാം മോഹന്‍:നളചരിതങ്ങളൊക്കെ അന്ന് ധാരാളം പാടിയിട്ടില്ലേ?
മാടമ്പി: നളചരിതം പാടിയിട്ടുണ്ട്. എമ്പ്രാന്തിരിയും ഞാനും കൂടി
രാജാനന്ദ്: അപ്പോ മാടമ്പി ആശാനാണോ പൊന്നാനി പാടുക? എംബ്രാന്തിരിയുടെ കൂടെയും ഹൈദരാലിയുടെ കൂടെയുമൊക്കെ?
മാടമ്പി: അങ്ങനെ അല്ല. മറിച്ചുമുണ്ടായിട്ടുണ്ട്. ഒരു ദിക്കില ഞാനാണെങ്കില്‍ മറ്റേ ദിക്കില്‍.. അങ്ങനെ മാറി മാറി ഉണ്ടായിട്ടുണ്ട്. കാരണം ഒരാള്‍ മാത്രം എപ്പോഴും പൊന്നാനി പാടിക്കൊണ്ടിരുന്നാല്‍ അയാള്‍ക്ക് ആവശ്യമില്ലാത്ത ദുരഹങ്കാരം ഉള്ളില്‍ കടന്ന് കൂടും. ഞാന്‍ തന്ന്യാ കേമന്‍ എന്നെ പോലെ ആരും ഇല്ലാ എന്നൊക്കെ ഒരു തോന്നല്‍. അപ്പോ നിങ്ങള്‍ മാറി മാറി പാടണം എന്ന് ഗുരുനാഥന്മാര്‍ തന്നെ പറയാറുണ്ട്.
രാം മോഹന്‍: ഇന്നിപ്പോ കഥകളിപദകച്ചേരികള്‍ ധാരാളമായി നടന്നുവരുന്നുണ്ട്. അത് പോലെ കര്‍ ണ്ണാടകസംഗീതമായി സമന്വയങ്ങള്‍..
മാടമ്പി:എനിക്ക് അത് ഒരു വലിയ പ്രത്യേകത ഒന്നും തോന്നിയിട്ടില്ല. കാരണം ഈ ചെണ്ടയും മദ്ദളവും ഒന്നും.. പിന്നെ എന്താച്ചാല്‍ കഴിവുള്ള ആളുകള്‍ എന്ത് ചെയ്താലും..ശര്‍ ക്കര കൂട്ട്യാല്‍ കമ്പ്ലീം തിന്നാം ന്നുള്ള ഛായയില്‍. നന്നായി പാടുന്നവര്‍ എന്ത് ചെയ്താലും..എന്നെ സംബന്ധിച്ചിടത്തോളം രംഗത്ത് വേഷവും ആയി ചെണ്ടയും മദ്ദളവും ഒക്കെ കൂടുമ്പോഴേ നന്നാവുകയുള്ളൂ എന്ന ധാരണയാണ്. എന്നാല്‍ ദുര്‍ ലഭം ചില ദിക്കില്‍ ഞാന്‍ പാടീട്ട്ണ്ട് ഇല്യാന്ന് പറയുന്നില്ല. അത്ര താല്‍പ്പര്യമില്ലാത്ത ഒരാളാണ് ഞാന്‍. ജനങ്ങള്‍ക്കിഷ്ടപ്പെടണത് എന്താച്ചാല്‍ അത് പോലെ ചെയ്യാന്‍ ബാദ്ധ്യസ്ഥരാവും കലാകാരന്മാര്‍ . അതൂണ്ടാവും ചെലസമയത്തേയ്. അങ്ങനെ വന്ന് കൂടണതാണ്.
രാജാനന്ദ്:കഥകളിസംഗീതത്തിന്റെ ഒരു രൂപം-ഉപയുക്തത- ഉണ്ടാക്കിയിരിക്കുന്നത് തന്നെ കളിക്കുമ്പോള്‍ പാടാനാണ് എന്ന് ഒരു സങ്കല്‍പ്പം ഉണ്ടല്ലൊ ? ഒറ്റക്ക് നില്‍ക്കാന്‍ കഴിയാത്തതാണ് പാട്ട് എന്നൊരു അഭിപ്രായം. ഈ അഭിപ്രായത്തിനോട് യോജിപ്പുണ്ടോ?
മാടമ്പി:ഇതിനടിസ്ഥാനമായുള്ള കാര്യങ്ങളൊക്കെ വര്‍ ണ്ണം ഗീതം സപ്തസ്വരങ്ങള്‍ ഇതൊക്കെ തീര്‍ ച്ചയായും എങ്ങിന്യായാലും വേണം. എന്ന് വെച്ച് ഇത് (കഥകളിസംഗീതം) നേരെ തിരിച്ച് അതിലേക്കങ്ങ്ട് (കര്‍ ണ്ണാടകസംഗീത പദ്ധതിയിലേക്ക്) മുഴുവന്‍ കൊണ്ട് പോയാല്‍ അപ്പോ ഇതിന്റെ (കഥകളിസംഗീതത്തിന്റെ) അടിത്തറ ഇളകും. അങ്ങനെ ആണ് സംഭവിച്ച് കൊണ്ടിരിക്കുന്നത് പലതും. ചിലരാഗങ്ങളൊക്കെ കഥകളിയില്‍ മാത്രമുള്ള രാഗങ്ങള്‍ ആണ്. ഹേയ് അത് നന്നല്ലാ ന്ന് പറഞ്ഞ് വേറെ ഒരു രാഗം അതിനു പകരമാക്കിയാല്‍ ഇത് (കഥകളിരാഗം) പോകും മറ്റേതൊട്ട് (പുതിയ രാഗം) നന്നാവുകയുമില്ല എന്നൊരു മട്ടാവും.
രാജാനന്ദ്: ഉദാഹരണങ്ങള്‍ പറയൂ.. എതൊക്കെ രാഗങ്ങള്‍ ആണ്?
മാടമ്പി:ഒന്ന് ഈ.. ദ്വിജാവന്തിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ഇപ്പോള്‍. അതുപോലെ കാനക്കുറിഞ്ഞി ഇന്ദളം ഇങ്ങനെ ഉള്ളരാഗങ്ങളൊക്കെ കഥകളിയില്‍ മാത്രം.നവരസം അത് നവരോസ് എന്ന മറ്റൊരു രാഗത്തില്‍ പാടുന്നുണ്ട്. വ്യത്യാസം ഉണ്ട് രണ്ടും കൂടി. കഥകളിയില്‍ “പാടി” കര്‍ ണ്ണാടകസംഗീതത്തില്‍ ഉണ്ട് പക്ഷെ അത് വേറേ ഒരു സമ്പ്രദായം ആണ്. അതൊക്കെ അതേപടി മാറ്റങ്ങള്‍ ഇല്ലാതെ നിര്‍ ത്തിയാലാണ് കുറെ കാലം കഴിഞ്ഞ് ദ് എന്താണ് എന്ന് അന്വേഷകര്‍ ഉണ്ടാവുകയുള്ളൂ.
രാജാനന്ദ്: ആശാന്‍ അത് ചെയ്യാറുണ്ട് ഇല്ലേ? പുതിയമാറ്റങ്ങള്‍ വരുത്താതെ..
മാടമ്പി: അധികം അങ്ങനെ ആണ് ഞാന്‍. ദുര്‍ ലഭം ചിലത് ഇല്ല്യാന്ന് പറയുന്നില്ല്യ.
രാജാനന്ദ്: ഏതാ ഉദാഹരണം പറയൂ. മാറ്റങ്ങള്‍ വരുത്തിയതിന്റെ.
മാടമ്പി: അല്ല, മാറ്റം വരുത്തുക എന്ന് വെച്ചാല്‍.. പ്പോ.. കലയാമി.. അതൊക്കെ ഒറ്റരാഗത്തില്‍ ആണ് പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് . അതിലൊരു ഒന്നോ രണ്ടോ മാറ്റി രാഗങ്ങള്‍ പാടറുണ്ട്.. അത് പ്പോ..
രാജാനന്ദ്: നമ്പീശനാശാന്‍ തുടങ്ങിയതല്ലെ?
മാടമ്പി: നമ്പീശനാശാന്‍ തുടങ്ങിയതാണ്. അതല്ലാതെ ഞാന്‍ എന്റെ സ്വന്തം നിലക്ക് ഒന്നും തുടങ്ങിയിട്ടില്ല ഞാന്‍.
രാം മോഹന്‍: നിങ്ങള്‍ ഇങ്ങനെ മാറ്റി പാടുമ്പോ നമ്പീശനാശാന്‍ എന്തെങ്കിലും പറഞ്ഞിരുന്നോ?
മാടമ്പി: ആശാന്‍ പാടുമ്പോ അത് പോലെ പാടി. പിന്നെ അത് തുടര്‍ ന്ന്. എപ്പോഴേങ്കിലും എന്തെങ്കിലും ഉണ്ടാവുമ്പോ അതുപോലെ പാടി അത്രേ ഉള്ളൂ. നമ്പീശനാശാന്‍ തന്നെ ഇപ്പോ സൌഗന്ധികത്തിലെ.. ഭീതിയുള്ള... അതില്ലേ? അത് ആദ്യം ചാരുകേശിയില്‍ പാടിയിരുന്നു. പിന്നെ അദ്ദേഹത്തിന് തന്നെ അത് ശരിയല്ലാന്ന് തോന്നി പിന്നെ അത് ആദ്യേ ശങ്കരാഭരണത്തിലേക്ക് തന്നെ മാറ്റുകയാണ് ഉണ്ടായത്. എപ്പോഴായാലും ഒന്ന് കേട്ടാല്‍ പെട്ടെന്ന് അത് മാറ്റി പാടണ്ട ആവശ്യമില്ല. ഒന്നാമത് ഇത് അഭിനയസംഗീതമാണ്. അതിനു പാകത്തിലുള്ളതേ ഇതില്‍ ചേര്‍ ക്കാന്‍ പാടുള്ളൂ. അത് ശുദ്ധമായി ചെയ്യാന്‍ വേണ്ടിയിട്ടാണ് ഈ ക്ലാസ്സിക്കല്‍ സംഗീതം അഭ്യസിക്കണം എന്ന് പറയുന്നത്. നേരെ ക്ലാസ്സിക്കലിലേക്ക് മാറ്റാന്‍ വേണ്ടിയിട്ടല്ല. കാംബോജി.. കാംബോജിയിലെ മുഴുവന്‍ ഭാഗങ്ങളും എല്ലാ പദങ്ങളിലും വന്നോളണം എന്ന് ഇല്ല.വരാന്‍ പാടുകയും ഇല്ല. ബാലേ കേള്‍.. ന്ന് പാടണതും ഹരിണാക്ഷി.. പാടുന്നതും ഒക്കെ വ്യത്യാസം ഉണ്ട്. രണ്ടും കാംബോജി രാഗം തന്നെ ആണ്.
രാം മോഹന്‍: അത് പോലെ ആശാന്റെ താളം പിടിക്കുന്ന രീതി ഉണ്ടല്ലൊ. അത് മറ്റാരും അങ്ങനെ കാണുന്നില്ല. ഒറ്റയടി കൊടുക്കുക.. അടന്തയൊക്കെ.
മാടമ്പി: അത് നൃത്തപ്രധാനമായിട്ടുള്ളതാണ് എങ്കില് അവര്‍ ചവിട്ടുന്നതിനനുസരിച്ച് നമ്മള്‍ ചെയ്താലെ അതിന് യോജിപ്പ് ഉണ്ടാവുള്ളൂ. ഇരട്ടി..ഇങ്ങനെ ഉള്ളത്.. പിന്നെ അതുപോലെ ലഘു ഗുരുക്കള്‍ വേറെ ആയിട്ട് തന്നെ പിടിക്കണം.
രാം മോഹന്‍: അത് ഇപ്പോ വേറേ ആരും അങ്ങനെ പിടിച്ച് കാണുന്നില്ല.
മാടമ്പി: ചിരിക്കുന്നു.. അത് .. എന്തോ നിശ്ചല്യ..
രാം മോഹന്‍: അത് ഇപ്പോ ആരുടേ ആണ്? നമ്പീശനാശാന്റെ ആണോ അതോ ശിവരാമനാശാന്റേയോ? (സ്വാധീനം)
മാടമ്പി: നമ്പീശനാശാന്റെ ഉണ്ട്. വാസുനെടുങ്ങാടി അങ്ങനെ ഉള്ളവരൊക്കെ അങ്ങനെ പിടിച്ച് കണ്ടിട്ടുണ്ട്..ലഘുഗുരുക്കള്‍ അറിയാതെ... ഏകതാളമായാല്‍ ഏത് താളത്തിലും ചേരും. അതിന്റെ ആ പ്രത്യേകത അറിയണമെങ്കില്‍ ഇതില്‍ ഒരു സമ്പ്രദായം അനുസരിച്ച് അതില്‍ ലഘു കനം കുറച്ച് പിടിക്കേണ്ടതും കൂട്ടി പിടിക്കേണ്ടതും വേറേ ആയിട്ട് തന്നെ പിടിക്കണം. നൃത്തപ്രധാനമായിട്ടുള്ളത്.. ചിലപ്പോ അവര്‍ ഒറ്റക്കാലില്‍ ചെയ്യുമ്പോ നമ്മളും അത് പോലെ തന്നെ ഒറ്റയടി മാത്രം അടിക്കാന്‍ പാടുള്ളൂ. അങ്ങനെ ആയിരിക്കുമ്പോഴാണ് ഭംഗി കൂടുക. താളം മനസ്സിലില്ലേ എന്ന് ചോദിച്ചാല്‍ അതോണ്ട് കാര്യമില്ല. മനസ്സിലുണ്ടാവും ഇല്യാന്നല്ല. പക്ഷെ അത് രംഗത്ത് ചെയ്യുമ്പോ എല്ലാര്‍ കും കൂടി കൂടുമ്പോള്‍ ഉള്ള ഭംഗി ഉണ്ടാവുകയുള്ളൂ.
രാം മോഹന്‍: കുഞ്ചു ആശാന്റെ കളരിയില്‍ പാടിയിട്ടുണ്ടാവും ഇല്ലേ?
മാടമ്പി: കുഞ്ചു ആശാന്റെ പദ്മാശാന്റെ ഒക്കെ കളരിയില്‍ ഉണ്ടായിട്ടുണ്ട്.
രാം മോഹന്‍: അവരുടെ ശൈലികളിലെ വ്യത്യാസം പറയാന്‍ പറ്റുമോ?
മാടമ്പി: കുഞ്ചുആശാനും രാമന്‍ കുട്ടി ആശാനുമൊക്കെ കൃത്യമായിട്ട് പറഞ്ഞ്.. ശരിയായില്ലാന്ന് പറയുകയേ ഉള്ളൂ. പദ്മനാഭന്‍ ആശാന്‍ അങ്ങനെ അല്ല. ഒരു ഭാഗം ശരിയായിട്ടില്ലെങ്കില്‍ അത് അദ്ദേഹം പാടി കാണിച്ച് ഇന്നതരത്തില്‍ ആണ് പാടണ്ടത് എന്ന് കൂടി പറഞ്ഞ് തന്നേര്‍ ന്നു. മറ്റോരൊക്കെ അത് ശരിയല്ല ഒന്ന് കൂടി മാറ്റി പാടൂ എന്ന് പറയുകയേ ഉള്ളൂ. ചെറിയ ചെറിയ വ്യത്യാസങ്ങളുമുണ്ട് പദ്മാശാന്റേയും കുഞ്ചുവാശാന്റെയും ഒക്കെ ആയിട്ട്. ഒരാള്‍ടെ കീഴില്‍ രാവുണ്ണിമേനോന്‍ ആശാന്റെ കീഴില്‍ തന്നെ ആണ് ഇവരെല്ലാവരും പഠിച്ചിരിക്കുന്നത്. പക്ഷെ അതോണ്ട് കാര്യമില്ല. അദ്ദേഹത്തിന്റെ ഓരോ കാലത്തെ മാറ്റങ്ങളും ഇവരില്‍ കുറേശേ വന്നിട്ടുണ്ട് എന്നര്‍ ത്ഥം. ബകവധത്തില്‍ ലളിതയുടെ ഭാഗം ഉണ്ട്. കുഞ്ചുആശാനെ സംബന്ധിച്ചിടത്തോളം അതിലെ ഇരട്ടിക്ക് മൂന്ന് താളവട്ടം ഉണ്ട്. രാമന്‍ കുട്ടി ആശാനും പദ്മാശാനുമൊക്കെ രണ്ട് താളവട്ടെ ഉള്ളൂ. അപ്പോ അത് എങ്ങന്യാ വന്ന് കൂട്യേന്ന് ചോദിച്ചാല്‍.. ഗുരുനാഥന്റെ ആദ്യകാലത്ത് ഉള്ള ശിഷ്യന്മാരും കുറച്ച് കഴിഞ്ഞാലത്തെ ശിഷ്യന്മാരും.. ഗുരുനാഥന് തന്നെ ശരിയല്ല ഒന്ന് കൂടെ മാറ്റണം ന്ന് തോന്നിയ സമയത്താവും മറ്റുള്ളവര്‍ പഠിക്കാന്‍ വന്നിട്ടുണ്ടാവുക. അതാണ് ഈ രണ്ട് മൂന്ന് (ശൈലികള്‍) വരാന്‍ കാരണം.
രാം മോഹന്‍: അന്നും നളചരിതം പോലുള്ളകഥകള്‍ പാടി പഠിപ്പിക്കും ഇല്ലേ?
മാടമ്പി: പാടി പഠിപ്പിക്കും. കളരിയിലില്ലെങ്കിലും കുചേലവൃത്തം സന്താനഗോപാലം എല്ലാം പാടി പഠിപ്പിക്കും. ക്ലാസ്സിന് സമയം തന്നെ വ്യത്യാസം ഉണ്ട്. ഇന്നിപ്പോ അത് കുറഞ്ഞ് കുറഞ്ഞ് പരപ്പ് കൂടിയപ്പോള്‍ ആഴം കുറയുന്നുണ്ടോ ന്ന് നിശ്ചല്യ അങ്ങനെ ഒരു സമ്പ്രദായം ആയി. കാരണം പലതും പഠിച്ച് സ്കൂള്‍ വിദ്യാഭ്യാസം വേണം അതിന്റെ കൂട്ടത്തില്‍ അപ്പോ എല്ലാം കൂടെ നോക്കുമ്പോ ഇതിന് സമയമില്യാതെ ആവുക.. എട്ട് കൊല്ലം ഞങ്ങള്‍ ഈ വിഷയം മാത്രമേ ഉണ്ടായിട്ടുള്ളൂ. അതില്‍ സാഹിത്യം അതിന്റെ അര്‍ ത്ഥം എന്തെങ്കിലും പഠിപ്പിച്ചു എന്നല്ലാതെ.. ഇതിപ്പോ ഇന്നിപ്പോ ആവശ്യമില്ല്യാന്നല്ല. ഇന്നിപ്പോ നമ്മടെ ഉള്ളില്‍ ഉള്ള കാര്യങ്ങള്‍ മറ്റുള്ളവരെ ധരിപ്പിക്കണമെങ്കില്‍ പ്രധാനമായിട്ടും ഹിന്ദിയോ ഇംഗ്ലീഷോ ഒക്കെ.. ആവശ്യമാണ്. ഇതിപ്പോ എല്ലാ കാര്യത്തിലും നമുക്ക് വേറേ ഒരാളെ ആശ്രയിക്കണ്ട ഘറ്റ്ടം വരുകയാണ്. അത് ഒഴിവാക്കാം. അപ്പോ അങ്ങനെ ആവുമ്പോ ഇതിന് (കഥകളിസംഗീതാഭ്യസനത്തിന്) സമയവും കഷ്ടി ആവും. എട്ട് കൊല്ലം പകാരം ഒരു പതിനാറ് കൊല്ലമായാലും ആവില്ല. പിന്നെ അവസരം ഉണ്ടാവുക.. ചെയ്യാനുള്ള അവസരം ഉണ്ടാവുക.
കലാമണ്ഡലം ഹരീഷ് മണയത്താറ്റ് വന്ന് ഇരിക്കുന്നു.
രാം മോഹന്‍: ഇന്ദളം രാഗത്തില്‍ ഒരു ശ്ലോകം ചൊല്ലുമോ?
മാടമ്പി: വിപ്രാംശവിപ്രവരകേതുനിവിഷ്ടചിത്താം
ആശ്വാസ്യച ആത്മമഹിഷീം ഗുരുസന്നിധേശാല്‍
തുടങ്ങുന്ന ശ്ലോകം ചൊല്ലുന്നു.
രാം മോഹന്‍: ദയിതേ.. എന്ന രണ്ടാം ദിവസത്തിലെ ധന്യാസിയില്‍ തന്നെ അന്ന് പാടി സിന്ധുഭൈരവിയുടെ ടച്ച് വരാതെ..
മാടമ്പി: സിന്ധുഭൈരവിയുടെ അത് ഇതല്ല. അത്.. പുന്നാഗവരാളി പാടുമ്പോള്‍ ആണ് ഉണ്ടായത്.
രാംമോഹന്‍: ഇന്ന് ദയിതേ.. (പാടി കേള്‍പ്പിക്കുന്നു) എന്നല്ലെ. അന്ന് ദയിതേ.. (പാടി കേള്‍പ്പിക്കുന്നു) അങ്ങനെ ആയിരുന്നു ഇല്ലെ? നമ്പീശാന്‍ ഒക്കെ എങ്ങന്യാ പഠിപ്പിച്ചിരുന്നത്? അന്ന് കേട്ടപ്പോ ധന്യാസി ആണ് പാടിയത്. പിന്നെ സിന്ധുഭൈരവിയുടെ ടച്ച് ഉണ്ട് എന്ന് പറയുന്ന സംഗതികള്‍ ഇല്ലാതെ ആണ് പാടിയത്.
മാടമ്പി: സിന്ധുഭൈരവിയുടെ ദ് വരണത് ശരിക്ക് അത് പാടുന്നതിലധികം പുന്നഗവരാളി പാടുമ്പോള്‍ ആണ് ഉണ്ടായിരുന്നത്. ദയിതേ.. നീ കേള്‍.. (സ്വയം പാടുന്നു) അങ്ങനെ ഒക്കെ വരൂ.
രാം മോഹന്‍: അത് കുറുപ്പാശാനൊക്കെ ആയി കൊണ്ട് വന്നതാണോ അതോ നമ്പീശനാശാനായിട്ടാണോ?
മാടമ്പി: നമ്പീശനാശാന്‍ അങ്ങനെ പാടിയിരുന്നു. അതുപോലെ..(മൂളുന്നു..ആലോചിക്കുന്നു) വിജനേ ബത.. പാടുന്നു.. അപ്പോ അങ്ങനെ വരുമ്പോ ലേശം മാറ്റം വരും. (വീണ്ടും വിജനേ ബത.. പാടുന്നു..) ഇങ്ങനെ പാടുകയാണ് ഭേദം. അല്ലെങ്കില്‍ സിന്ധുഭൈരവിയുടെ ഛായ നല്ലോം വരും. അനുഭവത്തില്‍ അഭിനയസംഗീതത്തില്‍ അങ്ങനെ പാടുന്നതില്‍ വിരോധമില്ലാന്ന് ഒരിക്കല്‍ എം.ഡി രാമനാഥന്‍ സാര്‍ പറയുകയുണ്ടായിട്ടുണ്ട്. ന്നാലും നമ്മള്‍ അറിഞ്ഞ് കൊണ്ട്... അങ്ങനെ വേണ്ടലൊ.
രാം മോഹന്‍: അത് പറഞ്ഞപ്പോഴാണ്.. എല്‍.എസ്.രാജഗോപാല്‍സാര്‍ പറയുകയുണ്ടായി. ഒരു തവണ മഡ്രാസിലേക്ക് അവിടെ പല ഡെമോൺസ്റ്റ്രേഷനും മാടമ്പി ആശാനെ കൊണ്ട് പോയത്.
മാടമ്പി: ഉവ്വ് ഉവ്വ് അത് ഒന്ന് ഈ തോടയത്തിന്റെ മുഖജാളം. അത് പോലെ ആഹരി. അതൊക്കെ അതേ പോലെ തന്നെ പാടണം എന്നാണ് അന്ന് അവര്‍ പറയുക ഉണ്ടായിരിക്കുന്നത്. രാമനാഥന്‍ സാര്‍ ഒക്കെ ഉള്ളസമയത്താണ് ഇത് ഉണ്ടായത്. രാജഗോപാല്‍ സാര്‍ അദ്ദേഹമാണ് കൊണ്ടുപോയത്. (മൂളിക്കൊണ്ട്..) നാരദമഹാമുനേ... (പാടുന്നു.) ഇങ്ങനെ ആണ് പാട്യേര്‍ ന്നത്. ഇപ്പോ അത് ആ രാഗത്തിന് സാധാരണ നിലക്ക് കര്‍ ണ്ണാടകസംഗീതത്തിലെ ആഹരിയില്‍ പാടാറുണ്ട് ന്ന് തോന്നുണൂ ചിലപ്പോള്‍.
രാം മോഹന്‍: ദുര്യോധനവധത്തിലെ ധര്‍ മ്മനന്ദന.. ഇങ്ങനെ ആണോ പാട്യേര്‍ ന്നത്?
മാടമ്പി: ഇങ്ങനെ ആയിരുന്നു മുന്‍പ്. ഇപ്പോ അത് മാറിയിട്ടുണ്ട്.
ഹരീഷ്: തൃപുട ആക്കിയത് അല്ലേ?
മാടമ്പി: തൃപുടയല്ല, രാഗത്തിന്റെ സമ്പ്രദായവും മാറിയിട്ടുണ്ട്.
രാം മോഹന്‍: താളം ഇപ്പോ.. അത് വിദേശത്തേക്ക്..
മാടമ്പി ആശാന്‍ ധര്‍ മ്മനന്ദന വീരാ... എന്ന് പാടി തുടങ്ങുന്നു. താളം പിടിക്കുന്നുമുണ്ട് ഒപ്പം.
താളത്തിന് മാറ്റമൊന്നും ഇല്ല. ഒരുതവണ ഞാന്‍ പാടിയപ്പോള്‍ രാമന്‍ കുട്ടി ആശാന്‍ ഈ കാലത്തില്‍ മതി എന്ന് പറയുകയുണ്ടായി. (വീണ്ടും രണ്ട് വിധവും പാടി താളം പിടിച്ച് കാണിക്കുന്നു) തൃപുടയില്‍ തന്നെ.
രാം മോഹന്‍: അത് തന്നെ വരി പകുതി പകുതി മുറിച്ച് പാടുന്നുണ്ടോ? കുഞ്ചു ആശാനാവുമ്പോ ഒരു വരി മുഴുവന്‍ പാടണം എന്ന് പറയുന്നു.
മാടമ്പി: അങ്ങനെ അല്ല
രാം മോഹന്‍: ഞങ്ങളൊക്കെ ആകുമ്പോ ധര്‍ മ്മ നന്ദന വീര/ധര്‍ മ്മനന്ദനവീര.. എന്നിങ്ങനെ രണ്ട് വട്ടം മുറിച്ച് പാടുന്നു.
മാടമ്പി: അതിലൊന്നും അധികം ബുദ്ധിമുട്ടില്ല. ഈ ചെമ്പട താളം വരുമ്പോഴാണ്. പകുതിക്ക് (മൂളുന്നു) എന്‍ കണവാ കണ്ടാലും.. (പാടുന്നു) (താളം ഇടുന്നു) അതിനുപകരം ..കണ്ടാലും (താളത്തോടേ) ന്ന് മാത്രേ ആയിട്ട് പാടരുത് എന്നര്‍ ത്ഥം. ഒരാവര്‍ ത്തനം കഴിയുമ്പോഴേക്കുമാണ്.. അത് കുഞ്ചു നായരാശാനൊക്കെ വളരെ നിര്‍ ബന്ധം ആണ്. (വീണ്ടും പാടുന്നു താളത്തോടേ.). ...കണ്ടാലും.. ന്ന് പാടില്ല അപ്പോ പകുതികഷ്ണായിട്ട് മുറിഞ്ഞ് നില്‍ക്കും. അത് ചെമ്പടക്കാണ് കാര്യായിട്ട്.. മറ്റേത് അങ്ങനെ ഒരു മുറിവ് വരില്ലല്ലൊ.
രാം മോഹന്‍: കാദ്രവേയകുല തിലക.. അത് നമ്പീശനാശാനൊക്കെ പന്തുവരാളിയിലാണോ പാടാറുള്ളത്?
മാടമ്പി: പന്തുവരാളിയില്‍ തന്നെ. സാമ്യമകന്നോരു ഉദ്യാനം... അതും പന്തുവരാളി തന്നെ.
രാം മോഹന്‍: വസന്ത.. സൌഗന്ധികത്തില്‍ ബാലതകൊണ്ട് ഞാന്‍..
മാടമ്പി: അതും നമ്പീശനാശാന്‍ ആയിട്ട് കൊണ്ട് വന്നതാണ് വസന്ത. ഇനി അദ്ദേഹത്തിനു മുന്‍പ് ഇനി ആരെങ്കിലും വെങ്കിടകൃഷ്ണഭാഗവതര്‍ ഉണ്ടായിരുന്നോ എന്ന് നിശ്ചയമില്ല. ആശാന്‍ പാട്യേര്‍ ന്നത് വസന്തയില്‍ തന്നെ.
രാം മോഹന്‍: നമ്പീശനാശാന്റെയും ഗംഗാധരനാശാന്റെയും കൂടാതെ പിന്നെ കൂടുതല്‍ ശിങ്കിടി പാടീട്ടുള്ളത് ആരുടെ കൂടേയാ ആ തലമുറയില്‍?
മാടമ്പി: പിന്നെ ഞങ്ങള്‍ തമ്മില്‍ എംബ്രാന്തിരി ഹൈദരാലി ഞങ്ങള്‍ തമ്മില്‍ മാറി മാറി പാടീര്‍ ന്നു.
രാം മോഹന്‍: തെക്ക് ഉള്ള ആശാന്മാരുടെ കൂടെ..
മാടമ്പി: തെക്ക് ഉള്ള ആശാന്മാരുടെ കൂടെ ഉണ്ടായിട്ടില്ല. തങ്കപ്പപണിക്കര്‍ .. അദ്ദേഹത്തിന് തെക്കന്‍ സമ്പ്രദായം എന്ന് പറയാന്‍ വേയ്ക്ക്വോ ന്ന് നിശ്ചല്യ. അദ്ദേഹത്തിന് രണ്ടും നിശ്ചയം ഉണ്ടാവുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഒപ്പം പാടിയിട്ടുണ്ട് ഞാന്‍ കുറെ.
സുനില്‍: എന്താ അത് തമ്മിലുള്ള വ്യത്യാസം? ഒന്ന്...
മാടമ്പി: (ചിരിക്കുന്നു).. പാട്ടിനെ സംബന്ധിച്ച് വല്ല്യേ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല. കലാശങ്ങള്‍.. അങ്ങനെ ഉള്ള കാര്യങ്ങള്‍ക്കാണ് വ്യത്യാസങ്ങള്‍ വരുന്നത്.
ഹരീഷ്: താളം പിടിക്കുന്നതിനൊക്കെ വ്യത്യാസം..
മാടമ്പി: അതുണ്ട്.
ഹരീഷ്: സാരിക്കൊക്കെ താളം പിടിക്കുന്നതിന്..
മാടമ്പി: അതുമുണ്ട് പിന്നെ ചെമ്പടയിലെ വട്ടം വെച്ച് കലാശത്തിന് താളം പിടിക്കുമ്പോ വ്യത്യാസമുണ്ട്. (താളം പിടിച്ച് കാണിച്ച് തരുന്നു) അത് പോലെ അട്ടം ..ആട്ടത്തിന് വട്ടം വെക്കുമ്പോ.(ആലോചിക്കുന്നു). ആട്ടത്തിന് പലദിക്കിലും വെച്ച്.. ആദ്യം അവര്‍ മുറിച്ച് തരണം എന്നൊരു സമ്പ്രദായമുണ്ട്. നാരദമഹാമുനേ കഴിഞ്ഞ് (താളം പിടിച്ച്) ഈ ഒരു ആട്ടമുണ്ട് ചില ദിക്കിലൊക്കെ. നമ്മടെ സമ്പ്രദായത്തില്‍ അതില്ല.
ഹരീഷ്: ഭവദീയ നിയോഗം... കുറുപ്പാശാന്‍ ഗൌളീപന്തില്‍ പാടും ന്ന് കേട്ടിട്ടുണ്ട്
മാടമ്പി: അത് ഞാന്‍ അധികം കേട്ടിട്ടില്ല. കുറുപ്പാശാനൊക്കെ അധികം മറ്റ് ജാതി കഥകള്‍ നളചരിതമൊക്കെ. ഇത് പാടണത് കേട്ടിട്ടില്ല ഞാന്‍.
രാം മോഹന്‍: ഗൌളീപന്ത് ന്ന് പറഞ്ഞപ്പോളാ.. ആശാരീടെ പദങ്ങള്‍.
മാടമ്പി: ആശാരീടെ പദം. പിന്നെ ഒരു നാളും നിരൂപിതം.
രാം മോഹന്‍: അതല്ല ആശാരീടെ പദം ഗൌളീപന്തില്‍ രണ്ട് രീതിയിലാണല്ലൊ പാടുന്നത്..
മാടമ്പി: പാര്‍ ത്തലത്തില്‍... പദം പാടി കേള്‍പ്പിക്കുന്നു. രാവിലത്തെ സമയം ആയതുകൊണ്ട് ശബ്ദം പാടാന്‍ പറ്റ്ൺല്യ. അതൊക്കെ വല്യേ മാറ്റങ്ങള്‍ ഒന്നുമില്ല.
രാം മോഹന്‍: അത് പോലെ കുറെ രംഗങ്ങള്‍ പലതും കളിക്കാതെ ആയിട്ടുണ്ട് ഇപ്പോള്‍. അപൂര്‍ വ്വമായിട്ടുള്ള രംഗങ്ങള്‍ വല്ലതും ഇപ്പോ കളിച്ചാല്‍ നന്നായി എന്ന് തോന്നുന്നുണ്ടോ? സൌഗന്ധികത്തിലെ “അര്‍ ച്ചനം ചെയ്തു...” എന്നൊക്കെ ഉള്ളതില്ലെ?
മാടമ്പി:(ചിരിച്ച് കൊണ്ട്). ങ്ഹാ..
രാം മോഹന്‍: പാടാന്‍ നല്ല വകുപ്പ് ഉള്ളതാണ്. ഇപ്പോ എവിടേയും കളിക്കുന്നേ ഇല്ല.
മാടമ്പി: കളിക്കുന്നില്ല. കളരിയില്‍ മാത്രെ ഉണ്ടാവാറുള്ളൂ ഇപ്പോ അത്. അത് അമ്പത്തിയാറ് അക്ഷരത്തിന്റെ പതിഞ്ഞ അടന്തയില്‍ ആണ്.
രാം മോഹന്‍: അതിനെ തിരിച്ച് കൊണ്ടുവരാന്‍ തോന്നുന്ന രംഗങ്ങള്‍ ഉണ്ടോ? പാടാന്‍ പറ്റുന്നത്?
മാടമ്പി: അതൊന്നും അങ്ങനെ കൃത്യമായിട്ട് ങ്ങ്ട്... ഒന്നാമത് അതിനു സഹനശക്തിയുള്ള ആസ്വാദകര്‍ ഉണ്ടാവണം എന്നാലെ... പ്പോ അങ്ങനത്തെ ഒക്കെ പ്രയോഗിച്ച് കാര്യമുള്ളൂ. അതില്ലാതെ.. ആവുമ്പോ.. പതിഞ്ഞപദങ്ങള്‍ ഒന്നും ഇഷ്ടപ്പെടാത്ത ആളുകള്‍ ആണ് അധികം ഉണ്ടാവുക. ധര്‍ മ്മപുത്രര്‍ .. ദാ പ്പോ ബടേ ഒക്കെ വന്നപ്പോ പ്രത്യേകം പറഞ്ഞ്... പാടാന്‍ വിരോധമുണ്ടായിട്ടല്ല. പക്ഷെ മുന്‍പില്‍ ആരും ഇല്ലാതിരിക്കുക ആസ്വദിക്കാന്‍ ആരുമില്ലാതെ.. ഒരു പത്ത് ആളുണ്ടായാല്‍ മതി ഓഡിയന്‍സ്..ഹാള്‍ മുഴുവന്‍ നിറയണം എന്നൊന്നും ഇല്ല. ഇതറിയാത്ത ആളുകള്‍ ഇങ്ങനെ ഇരുന്ന് ഉറക്കം തൂങ്ങുകയൊക്കെ ആയാലെ.. ബുദ്ധിമുട്ടുള്ളൂ.. ഇപ്പോ എന്നെ സംബന്ധിച്ചിടത്തോളം ഈ കൂടിയാട്ടം എന്ന് പറഞ്ഞാല്‍ എനിക്കതില്‍ ഗ്രാഹ്യം അത്ര പോര. പിന്നെ ഈ വിദൂഷകന്‍ ഒക്കെ വരുമ്പോഴാണ് നമുക്ക് മനസ്സിലാവുള്ളൂ. മറ്റത് അങ്ങനെ അല്ല ആ സംഗീതത്തിനായാലും ഒക്കെ.. അല്ല അന്നത്തെ കാലത്ത് അങ്ങനെ ആയിരിക്കാം ചിലപ്പോ. അനവധി കാര്യങ്ങള്‍ നല്ലത് ഉണ്ട് പക്ഷെ നമുക്ക് മനസ്സിലാവാഞ്ഞിട്ടാണ് അത്രേ ള്ളൂ. വെസ്റ്റേൺ മ്യൂസിക്കൊക്കെ ഇഷ്ടപ്പെടാത്ത ആളുകള്‍ അനവധി..എന്താന്ന് നിശ്ചല്യലൊ പ്പോ അത്.
സുനില്‍: കൂടിയാട്ടത്തില്‍ ചൊല്ലുന്ന രീതിയും കഥകളിയില്‍ ചൊല്ലുന്ന രീതിയും തമ്മില്‍ വലിയ വ്യത്യാസം ഇല്ലെ?
മാടമ്പി: എനിക്ക് തോന്നീത് പ്പോ.. യാഗത്തിലൊക്കെ മന്ത്രം ചൊല്ലണ ആ സമ്പ്രദായമാണ് തോന്നീത്.. ന്നലെ കേട്ടപ്പോ തോന്നീത്. മറ്റതായിട്ട് ശ്ശി മാറ്റണ്ട്. ഒരൂട്ടം രാഗങ്ങള്‍ പറയുംച്ചാലും ആ രാഗത്തിന്റെ ഒന്നും... ഛായകള്‍ ഒന്നും ഇല്ല്യാന്നല്ല നമുക്ക് അറിയില്ല. നി അങ്ങനെ ആണോ അതിന്റെ ഛായാന്ന് നിശ്ചല്യ.
(തുടരും)
Comments
സുനില്‍ (not verified)
Sun, 2012-04-08 20:23
Permalink
ഉത്സവം 2011 തിരാനോട്ടം ദുബായ്..
ഞങ്ങൾ (ഞാനും അപ്പു ഏട്ടനും) കാറിലാണ് ദുബായിലേക്ക് യാത്ര തിരിച്ചത്.. പോകുമ്പോൾ തന്നെ കളി കാണുക എന്ന് മാത്രല്ല, സൈറ്റിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെ അപ്പു ഏട്ടനോട് സംസാരിച്ച് മാടമ്പിയുമായി അഭിമുഖം എന്ന് ഞങ്ങൾ തീരുമാനിച്ചു. അതുകൊണ്ട് കാര്യമില്ലല്ലൊ. സമയം എന്നത് ഒരു പ്രശ്നമാണ്. എത്തി കഴിഞ്ഞാൽ ഇടതടവില്ലാതെ കളിയും കൂടിയാട്ടവും മേളവും ഒക്കെ ആയി ഇടക്ക് എവിടെ സമയം കിട്ടും? ഇനി കിട്ട്യാൽ തന്നെ അൽപ്പം വിശ്രമം ഒക്കെ വേണ്ടേ? എന്നതൊക്കെ വിചാരിച്ച് ചെറിയൊരു വൈക്ലബ്യം തോന്നി. സാരല്യ വഴിയുണ്ടാകും എന്ന് ഒരു വിശ്വാസവും ഉണ്ടായിരുന്നു. അങ്ങനെ അവിടെ എത്തി. കളി കണ്ടു. കളിക്കാരെ കണ്ടു.. ഇടക്ക് ഞാൻ രാജാനന്ദനോടും അന്യേട്ടനോറ്റും മാടമ്പി ആശാനുമായി ഇങ്ങനെ ഒരു അഭിമുഖത്തിനുള്ള സൌകര്യം ചെയ്ത് തരണം എന്ന് പറഞ്ഞു. അന്യെട്ടൻ ആദ്യം ചോദിച്ചതും സമയത്തെ പറ്റി തന്നെ. എനിക്ക് സ്വന്തമായി ഒരു അഭിമുഖം നടത്താനുള്ള ധൈര്യമില്ല. അപ്പോ രാജാനന്ദനോട് ചോദിച്ചു. ഉടൻ രാജാനന്ദ് ആണ് രാമന്റെ പേരു നിർദ്ദേശിച്ചത്. രാമനെ വെറും പാട്ടിനുമാത്രമല്ല കൊള്ളൂള്ളൂ.. എന്നാണ് എന്നോട് പറഞ്ഞത്. :):) രാമനോടും സംസാരിച്ചു. അഭിമുഖത്തിനു വേണ്ട ചോദ്യങ്ങൾ ഒക്കെ മുൻകൂട്ടി തയ്യാറാക്കാൻ ഉള്ള സമയം ഇല്ല. അതിനെ പറ്റി ആലോചിക്കാൻ കൂടെ ആർക്കും സമയമില്ല. എന്നാലും ഞാൻ വിടാൻ ഭാവമില്ലായിരുന്നു. രമേശൻ നമ്പീശൻ തുടങ്ങിയ തിരനോട്ടം സുഹൃത്തുകളുമായും ഇതിനെ പറ്റി സംസാരിച്ചു. എല്ലാവർക്കും ഉത്സാഹമാണ്.. പക്ഷെ സമയം....
അങ്ങനെ ഉത്സവം 2012 പരിപാടികൾ എല്ലാം അവസാനിച്ചു. എല്ലാരും കൂടെ സസന്തോഷം വർത്തമാനങ്ങളും ചർച്ചകളും ആയി കഴിയുന്നു. ഹരീഷിനു ജലദോഷം പനി. രാജനാനന്ദനും പനി. മാടമ്പി ആശാനു കാലിൽ നീർ. എന്നാലും രാവിലെ ഞങ്ങൾ കൂടി. രാജാനന്ദനു ഒട്ടും വെയ്യായിരുന്നു. എന്നിട്ടും ഞങ്ങളുടെ ഒപ്പം കൂടി. ഇടക്ക് രമേശൻ, നാരായണൻ എന്നിവരൊക്കെ വന്ന് കേട്ട് പോവും. പിറ്റേന്ന് രാവിലെ ഞങ്ങൾക്ക് തിരിച്ച് പോരണം. ആർട്ടിസ്റ്റുകൾക്കും മടങ്ങണം. അതിനിടക്ക് ഷോപ്പിങ്ങ് വേണം. ഉച്ചഭക്ഷണം എല്ലാവരും കൂടെ ഇരുന്ന് കഴിച്ചു. ഭക്ഷണത്തിനിടയിലും മുൻപും ഒക്കെ ആയി എല്ലാവരും അവരവരുടെ ഉത്സവം 2011 അനുഭവങ്ങൾ പങ്ക് വെച്ചു. രസകരമായി ചിലവഴിച്ച ചില ദിനങ്ങൾ...
പോരുന്നതിനു മുൻപ് അഭിമുഖവും മറ്റ് റിക്കോർഡിങ്ങുകളും എല്ലാം നാരായണന്റെ ലാപ്‌ടോപ്പിലേക്ക് പകർത്തി കൊടുത്തു. ഈ അഭിമുഖം ഇപ്പോൾ ഒന്നുകൂടെ കണ്ടപ്പോൾ ആ നല്ലദിവസങ്ങളെ കുറിച്ച് ഒന്ന് കൂടെ ഓർത്തു...
അഭിമുഖത്തിനെ പറ്റി നിങ്ങളുടെ കമന്റുകൾ അറിയാൻ ധൃതി... :)