ചാലക്കുടിയിലെ നളചരിതം നാലാംദിവസം , ഉത്ഭവം

Wednesday, August 10, 2011 - 20:07

2011 ആഗുസ്ത് മാസം 6നു ചാലക്കുടി NSS കരയോഗം ഹാളില്‍ , ചാലക്കുടി നമ്പീശന്‍ സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നളചരിതം നാലാം ദിവസം, രാവണോത്ഭവം എന്നീ കഥകള്‍ അവതരിപ്പിച്ചു .

സര്‍വശ്രീ.ഏറ്റുമാനൂര്‍ കണ്ണന്‍ -ബാഹുകന്‍ , കലാമണ്ഡലം വിജയകുമാര്‍ -ദമയന്തി,കലാമണ്ഡലം ശുചീന്ദ്രന്‍ -കേശിനി ഇവരുടെ നാലാംദിവസം കുളിര്‍മ പകരുന്ന അനുഭവമായി. "തീര്‍ന്നു സന്ദേഹമെല്ലാം..."എന്നാ ആദ്യ രംഗം മുതല്‍ ശ്രീ.വിജയകുമാറിന്റെ ദമയന്തി സ്ഥായി ഭാവത്തില്‍ ഊന്നി ഭാവോജ്വലമായി അവതരിപ്പിച്ചു ."സ്വല്പപുണ്യയായെന്‍ ..എന്ന പദാഭിനയത്തില്‍ ദമയന്തിയുടെ അന്ത :സംഘര്‍ഷങ്ങളെ , വിരഹ വേദനയെ തികഞ്ഞ ഭാവദീപ്തിയോടെ തന്നെ ആസ്വാദകനിലേക്ക്  പകരാനായി .തുടര്‍ന്നുള്ള രംഗങ്ങളിലും ഈ ഭാവപൂര്‍ണത ദൃശ്യമായി."ഭുജഗേന്ദ്രദത്തവസനംചാര്‍ത്തി  സ്വമൂര്‍ത്തിം വഹനായ നളന്‍ ദമയന്തിയെ ഭത്സിക്കാന്‍ തുടങ്ങുമ്പോളും ഒരുനിമിഷം ആ നളദര്‍ശനത്തില്‍ ലയിച്ചു നില്‍ക്കുന്ന രംഗം ഏറെനാള്‍ മനസ്സില്‍ മായാതെ ഉണ്ടാകും .മനംകുളിര്‍പ്പിച്ച ചില അഭിനയ മുഹൂര്‍ത്തങ്ങളെ ഇവിടെ സൂചിപ്പിച്ചതാണ്.അതിലുപരി കഥാപാത്ര സ്വഭാവത്തോട് ഏറെ നീതി പുലര്‍ത്തിയ പ്രകടനമായിരുന്നു എന്നത് ആശാവഹമായി തോന്നി . ഒന്നാം ദിവസത്തെയോ, രണ്ടാം ദിവസത്തെയോ  ദമയന്തി അല്ല നാലാംദിവസത്തില്‍ എന്ന ബോധം ശ്രീ.വിജയന്റെ അവതരണത്തെ സ്വാധീനിച്ചതായി തോന്നി .കഥാപാത്രങ്ങള്‍ക്ക് തന്റേതായ വ്യാഖ്യാനം നല്‍കിഅവതരിപ്പിക്കുമ്പോളും ആസ്വാദകനിലേക്ക് ആ ബോധം പകരുന്നതിലാണ് ഒരു കലാകാരന്റെ വിജയം .നല്ലൊരളവോളം ശ്രീ. വിജയന്  ഇത് സാധ്യമാക്കാനായി എന്നത് ഏറെ സന്തോഷം തോന്നുന്നു .മനോധര്‍മങ്ങളിലും നിലവാരമുള്ള കുലീനത്വവും മിതത്വവും കണ്ടിരുന്നു .ആ മുദ്രകള്‍ കൂടി ഭാവ്ത്മകമായി.  ആടിപതിഞ്ഞ രീതികളെ പിന്‍തുടരാതെ തന്നെ യുക്തിഭദ്രമായ ആട്ടത്തില്‍ കൂടി ശ്രീ .ഏറ്റുമാനൂര്‍ കണ്ണന്‍ ബാഹുകനെ തേജസ്വിയാക്കി .വടിവൊത്ത താളനിബദ്ധമായ ചൊല്ലിയാട്ടവും, വ്യക്തതയും, ഊര്‍ജ്ജവുമുള്ള മുദ്രകള്‍ ശ്രീ.കണ്ണന്റെ മുതല്‍ക്കൂട്ടാണ് .മനോധര്‍മങ്ങള്‍ നളന്റെ നിലവാരത്തിനു ചേര്‍ന്നതായി .സ്വയംവരത്തിന്റെ ഒരുക്കങ്ങള്‍ കാണായ്കയും,കേശിനി പോലും പുനര്‍വിവാഹ വാര്‍ത്ത‍ അറിഞ്ഞിട്ടില്ല തുടങ്ങിയ നളന്റെ മനോഗതങ്ങള്‍ ആടിയതിനു ഒരു തെളിമ തോന്നി.ഒരു പക്ഷെ അവിടെ മുതല്‍ രണ്ടാം സ്വയംവര വാര്‍ത്തയെ കുറിച്ച് നളന് സംശയം ഉണ്ടാകാം.(മൂന്നാം ദിവസത്തില്‍ സ്വയം ആശ്വസിക്കുനതും ഈ വിധമാണല്ലോ ) .ദമയന്തീസമാഗമത്തിലെ പദാഭിനയത്തിലും ആട്ടങ്ങളിലും ഈ വിചാരത്തിന്റെ സ്വാധീനം ശ്രീ .കണ്ണന്റെ ബാഹുകനില്‍ ദൃശ്യമായിരുന്നു.ദമയന്തിയെ ഭത്സിക്കുന്നതില്‍ കണ്ട മിതത്വം കഥാപാത്രസ്വഭാവത്തിന്  ചേര്‍ന്ന വിധമായി.ദമയന്തിയുടെ വാക്കുകളില്‍ സ്വമാതാവിനെയും, പിതാവിനെയും പരാമര്‍ശിക്കുന്ന സന്ദര്‍ഭങ്ങളില്‍, നളന്‍ അവരെ നമിക്കുന്നതായി  ആടിയത്  നന്നായി തോന്നി.ഭീമരാജാവിനു ഭക്ഷണം വിളമ്പുമ്പോള്‍ കുടിക്കുനീര്‍ വീഴ്ത്തുന്ന രീതിയും ഔചിത്യമുള്ളതായി.

മൂന്നാംദിവസത്തില്‍ നിന്നും നാലാം ദിവസത്തില്‍ എത്തുമ്പോള്‍ ,നളന്  പ്രകടമായ വ്യത്യസ്തതയുണ്ട്.മൂന്നാംദിവസത്തെ നളന്റെ വികാരവിചാരങ്ങളും  പ്രവര്‍ത്തികളും കലിബാധയാല്‍ സ്വാധീനിക്കപ്പെട്ടതാണ് .നാലാം ദിവസത്തില്‍ എത്തുമ്പോള്‍ കലിയില്‍നിന്നും മോചിതനായ നളമഹാരാജാവാണ്‌ .ദുഖാനുഭവങ്ങളാല്‍   തളര്‍ന്നവനെങ്കിലും വിവേകവും ഔചിത്യദീക്ഷയും ഉള്ള നളനാവണം രംഗത്ത്‌ . ഈ വിധത്തില്‍ ശ്രീ.കണ്ണന്‍ ചിന്തിച്ചിരുന്നോ എന്നറിയില്ല.എന്നാല്‍ അവതരണത്തിലുടനീളം ദു:ഖത്തിലും സന്തോഷത്തിലും മിതത്വവും വിവേകവും നിറഞ്ഞ ബാഹുകനെയാണ് കണ്ടത് .ഒരു പക്ഷെ ധാരാളം വായനാനുഭവമുള്ള കണ്ണന്‍ കഥാപാത്രങ്ങളെ സൂക്ഷ്മതയോടെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടാവാം,അങ്ങനെയെങ്കില്‍ ആ ശ്രമങ്ങള്‍ക്ക് ഭാവുകങ്ങള്‍. ഭാവസ്ഫുരണത്തില്‍ അല്പംകൂടി തെളിമയായാല്‍ തിളക്കമാര്‍ന്ന അഭിനയമുഹൂര്‍ത്തങ്ങളെ  സൃഷ്ടിക്കാന്‍ കണ്ണന്  കഴിയും.

ശ്രീ .കലാമണ്ഡലം ശുചീന്ദ്രന്‍ രംഗബോധത്തോടെ കേശിനിയെ അവതരിപ്പിച്ചു.ഒന്നുരണ്ടു കാര്യങ്ങളില്‍ ആ യുവകലാകാരന്‍ശ്രദ്ധിക്കേണ്ടതുണ്ടെന്നു തോന്നുന്നു .മുദ്രകള്‍ കുറച്ചുകൂടി താളത്തോടെയും, മുദ്രകള്‍ക്ക് ഊര്‍ജ്ജം നല്‍കി ( കഥകളി ഭാഷയില്‍ വായുകൊടുത്ത് ) കാണിക്കുകയും വേണ്ടതാണ് . അഭ്യാസകാലത്ത് നേടേണ്ട ഈ സിദ്ധി ഇനിയും ശ്രമിച്ചാല്‍ സാധ്യമാവും. നല്ല വേഷഭംഗിയും, അഭിനയപുഷ്ടിയും ചേര്‍ന്ന വേഷമാണ് ശുചീന്ദ്രന്റെത് .
ചിട്ടപ്രധാനമായ ഉത്ഭവത്തിലെ രാവണന്റെ ഗാംഭീര്യം ശ്രീ .കോട്ടക്കല്‍ കേശവന്റെ വേഷത്തില്‍ തുടക്കത്തില്‍ നിറഞ്ഞു നിന്നിരുന്നു.എന്നാല്‍ തുടര്‍ന്ന് തപസ്സാട്ടത്തിന്റെ ഘട്ടത്തില്‍ ആ ഗാംഭീര്യം കണ്ടില്ല.സ്വന്തം തലകള്‍ അറുത്തുഹോമിക്കുന്ന രംഗത്തിലെ പ്രകടനം,ബ്രഹ്മാവു പ്രത്യക്ഷപ്പെടാത്തതിനാല്‍ തപസ്സില്‍നിന്നു പിന്തിരിയാന്‍ ശ്രമിച്ചു വീണ്ടും ആ മടങ്ങിവരവ് തുടങ്ങിയ രംഗങ്ങള്‍ വേണ്ടത്ര ഭാവതീവ്രമായി അനുഭവപ്പെട്ടില്ല.വളരെ കഴിവുകള്‍ ഉള്ള നടനാണ്‌ ശ്രീ .കോട്ടക്കല്‍ കേശവന്‍ കുണ്ടലായര്‍. രംഗാനുഭവങ്ങള്‍ സൃഷ്ടിക്കുന്നതില്‍  അല്പം കൂടി ശ്രദ്ധിച്ചാല്‍ അദ്ദേഹം കഥകളിക്കു ഒരു മുതല്‍കൂട്ട് തന്നെയാണ് .

സര്‍വശ്രീ.കലാ:ബാബുനംബൂതിരി,കലാ:വിനോദ്, സദനം ശിവദാസ് , കലാ:വിശ്വാസ്  എന്നിവരായിരുന്നു സംഗീതം .  ശ്രീ.കലാമണ്ഡലം രാമന്‍നമ്പൂതിരിയുടെ മേളം ഉത്ഭവത്തിനു ഏറെ ഉണര്‍വേകി.അദ്ദേഹത്തിന്റെ മേളത്തിന്റെ മാധുര്യവും ഒപ്പം തീഷ്ണതയും ( പ്രത്യേകിച്ച് ചിട്ട പ്രധാനമായ  കഥകളില്‍ ) കഥകളി അസ്വാദകര്‍ക്കോ, സംഘാടകര്‍ക്കോ ഇനിയും മുഴുവനായി ഉള്‍ക്കൊള്ളാനായിട്ടില്ല എന്ന് തോന്നുന്നു .ശ്രീ.കോട്ടക്കല്‍ വിജയരാഘവനും ആസ്വാദ്യകരമായി പ്രവര്‍ത്തിച്ചു.ശ്രീ.കലാനിലയം മനോജ്‌ സ്ത്രീവേഷങ്ങളുടെ പദങ്ങള്‍ക്ക് കൊട്ടുമ്പോള്‍ അല്പം കൂടി മൃദുത്വം ദീക്ഷിക്കുനത് നല്ലതാവുമെന്നു തോന്നുന്നു. അദ്ദേഹത്തിന് കൈ സാധകം വേണ്ടുവോളമുളളതാണ്‌. ശ്രീ കലാമണ്ഡലം ശിവദാസ് ആയിരുന്നു ചുട്ടികലാകാരന്‍.

എന്തുകൊണ്ടും ഹൃദ്യമായ ഒരു അരങ്ങായിരുന്നു ചാലക്കുടിയിലേത്.

Article Category: 
Malayalam

Comments

കണ്ണന്‍ ആനന്ദ തുന്ദിലനായ്.. എന്നത് എങ്ങനെയാ ആടിയത്? അറിയാന്‍ ആഗ്രഹമുണ്ട്.

vpnnamboothiri's picture

സാധാരണ ശൈലിയില്‍. പ്രത്യേകതകള്‍ ഇല്ല . ഈ ചോദ്യം കേട്ടതില്‍ ഏറെ സന്തോഷം .പോസിറ്റീവ്  ആയിട്ടുള്ള കാര്യങ്ങള്‍ മാത്രമേ ഇവിടെ എഴുതിയിട്ടുള്ളൂ . അഭിപ്രായ വ്യത്യാസമുളള ചില കാര്യങ്ങള്‍ കണ്ണനോട് അന്ന് നേരിട്ട് പറയുകയും ചെയ്തിരുന്നു .

അതാ ഞാനും ചോദിച്ചത്. ഇപ്പോ കണ്ണന്‍ ഗോപ്യാശനൊക്കെ ആടുന്നത് പോലെ അല്ല ആടാറുള്ളത്. ഏത് ശരി ഏത് തെറ്റ് എന്നൊന്നും അല്ല ചോദിച്ചത്. ആ ആട്ടം എങ്ങനെ എന്നായിരുന്നു. അഭിപ്രായവത്യാസം എന്തായിരുന്നു എന്നതും :)
കണ്ണനുമായി ഒരു ഇന്‍റെര്വ്യൂ വരുന്നുണ്ട് ഇവിടെ.അപ്പോ നമുക്ക് ചര്‍ച്ച ചെയ്യാം. :)
നന്ദി. നമസ്കാരം.

ആസ്വാദന കുറിപ്പ് വളരെ നന്നായിരിക്കുന്നു.

vpnnamboothiri's picture

ശരി തെറ്റും എന്റെ കുറിപ്പില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല ...കണ്ണന്‍ വ്യത്യസ്തമായി ആദിയിട്ടുള്ള ഭാഗങ്ങള്‍ എഴുതിയിട്ടുമുംണ്ട് ..

ആനന്ദതുന്ദിലനായ്.....ശൈലീ ഭേദം ഉണ്ടായിരന്നു എങ്കിലും എടുത്തു പറയത്തക്ക പ്രത്യേകത തോന്നിയില്ല ..അതുകൊണ്ടാണ് വിവരിക്കാതിരുന്നത് ..കണ്ണനോട് സൂചിപ്പിച്ചത്  പലപ്പോഴും ഗോപി ആശാന്റെ ഒരു accent വരുന്നുണ്ട് എന്നായിരുന്നു ..

vpnnamboothiri's picture

പ്രതികരണത്തിന് സന്തോഷം ..., നന്ദി ambujaakshan നായര്‍

Res Sir,
I am working in malayalam blog (http://malayalamresources.blogspot.com/ ).I had link your great site in my blog.......i am responding for your visit in our blog and to the email ,you have sent to [email protected].....