ഇരയിമ്മൻ തമ്പി

തിരുവനന്തപുരത്ത് കരമന ആണ്ടിയിറക്കത്ത് പുതുമന അമ്മവീടെന്ന പ്രസിദ്ധമായ കുടുംബത്തിലാണ് തമ്പി ജ്നിച്ചത്. കൊല്ലവർഷം 958 മുതൽ 1031 വരെ (അതായത് ഇംഗ്ലീഷ് കലണ്ടർ 1782 മുതൽ 1856 വരെ)ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. ധർമ്മരാജാവ് എന്ന് വിഖ്യാതനായ കർത്തികതിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഭരണത്തിന്റെ അന്ത്യഘട്ടം തൊട്ട് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഭരണകാലത്തിന്റെ മദ്ധ്യഭാഗംവരെ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. സാഹിത്യത്തിനും സംഗീതാദി സകല കലകൾക്കും സർവ്വോന്നതമായ സംരക്ഷണം സിദ്ധിച്ച സ്വാതിതിരുനാളിന്റെ കാലം (കൊല്ലവർഷം 988 മുതൽ 1021 വരെ) ഇതിനിടയ്ക്കാണ്. കരമന ആണ്ടിയിറക്കത്ത് പുതുമന അമ്മവീട്ടിലെ പാർവ്വതിപ്പിള്ളതങ്കച്ചിക്ക് ചേർത്തല നടുവിലെ കോവിലകത്ത് കേളരു എന്നറിയപ്പെട്ടിരുന്ന കേരളവർമ്മശാസ്ത്രിതമ്പാനിൽ ജനിച്ച പുത്രനാണ് ഇരയിമ്മൻ തമ്പി. പിതാവായ തമ്പാനിൽ നിന്നും പിന്നെ മൂത്താട്ട് ശങ്കരൻ ഇളയത് എന്ന പണ്ഡിതനിൽ നിന്നും തമ്പി ഭാഷയിലും സംസ്കൃതത്തിലും പാണ്ഡിത്യം സമ്പാദിച്ചു. പതിനാലാമത്തെ വയസ്സിൽ തമ്പി ഒരു ശ്ലോകം രചിച്ച് കാർത്തികതിരുനാൾ മഹാരാജാവിന് അയച്ചതായും കൂടുതൽ പഠിച്ചിട്ടുവേണം കവിതയെഴുത്ത് തുടരേണ്ടത് എന്ന് ഉപദേശം മഹാരാജാവിൽ നിന്നും കിട്ടിയതായും പറയപ്പെടുന്നു. ധർമ്മരാജാവിന്റെ കാലത്തുതന്നെ വലിയകൊട്ടാരം നിത്യച്ചെലവിൽ നിന്നും തമ്പിക്ക് അടുത്തൂൺ പതിച്ച് കിട്ടിയിരുന്നതിനാൽ കൊട്ടാരത്തെ ആശ്രയിച്ച് ജീവിതകാലം മുഴുവൻ തമ്പി തിരുവനന്തപുരത്ത് തന്നെ കഴിച്ചുകൂട്ടി. തമ്പിയുടെ അമ്മാവനായിരുന്ന കൃഷ്ണൻ തമ്പിയുടെ മകൾ ഇടക്കോട്ടു കാളിപ്പിള്ളതങ്കച്ചിയാണ് ഭാര്യ. തമ്പിക്ക് ഇവരിൽ ജനിച്ച മകൾ കുട്ടിക്കുഞ്ഞുതങ്കച്ചി മലയാളകവിയിത്രികളിൽ പ്രഥമഗണനീയയാണ്. കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ ഇരയിമ്മൻ തമ്പി രചിച്ചതാണ്. ഇതുകൂടാതെ അനേകം ഗാനങ്ങൾ. കുമ്മികൾ എന്നിവയെല്ലാം അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രസിദ്ധമായ “ഓമനതിങ്കൾ കിടാവോ”, “കരുണ ചെയ്‌വാൻ എന്തു താമസം” എന്നിവയൊക്കെ ഇരയിമ്മൻ തമ്പിയുടെ കൃതികളാണ്.

ഗുരു: 
കേരളവർമ്മ ശാസ്ത്രിതമ്പാൻ
മൂത്താട്ട് ശങ്കരൻ ഇളയത്