കോട്ടയത്ത് തമ്പുരാൻ
ആട്ടക്കഥാസാഹിത്യത്തിലും കളിയരങ്ങിലും ഒരുപോലെ പ്രശോഭിയ്ക്കുന്ന നാല് ആട്ടക്കഥകളുടെ കർത്താവ്.
കഥകളി ഒരു സമ്പൂർണ്ണനൃത്യകലയായി വികസിയ്ക്കുന്നത് കോട്ടയത്തുതമ്പുരാന്റെ നാല് ആട്ടക്കഥകളുടേയും രംഗാവിഷ്കാരങ്ങളോടെയാണ്. കോട്ടയം കഥകൾ നാലും മഹാഭാരതകഥകൾ ആണ്. കോട്ടയം കഥകൾക്കു മുൻപ് രാമായണകഥകൾ മാത്രമാണ് കഥകളിയിൽ ഉണ്ടായിരുന്നത്. പച്ചവേഷത്തിന് നായകത്വം നൽകപ്പെട്ടത് കോട്ടയത്തുതമ്പുരാന്റെ കഥകളോടെയാണ്. കോട്ടയം കഥകളുടെ ശാസ്ത്രീയമായ കളരിച്ചിട്ടയിലൂടെയാണ് കഥകളിയുടെ രംഗവ്യാകരണം രൂപപ്പെട്ടത്.
കാവ്യഗുണം തികഞ്ഞതും ഗഹനഭാവമാർന്നതുമായ രചനകളാണ് കോട്ടയം തമ്പുരാന്റെ ആട്ടക്കഥകൾ. രംഗാവിഷ്കാരത്തിനുതകും വിധത്തിലുള്ള ശിൽപ്പചാരുതയോടെയാണ് പദങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്. കഥകളിയുടെ ആംഗികാഭിനയസാദ്ധ്യതകളെ പൊലിപ്പിച്ചെടുക്കുന്ന നിലയിലാണ് ആട്ടക്കഥയിലെ വരികൾ. സംഭോഗശൃംഗാരത്തിന്റെ അതിപ്രസരം പൊതുവേ കോട്ടയം തമ്പുരാന്റെ കഥകളിൽ കാണാനില്ല.
കോട്ടയം തമ്പുരാന്റെ ആട്ടക്കഥകൾ നാലും ഇപ്പോഴും പ്രചാരത്തിലുണ്ട്. അപൂർവ്വമായി ഈ ആട്ടക്കഥകൾ സമ്പൂർണ്ണമായും അവതരിപ്പിച്ചുപോരുന്നു. കിർമീരവധത്തിലെ ധർമ്മപുത്രർ സൂര്യനെ തപസ്സുചെയ്ത് അക്ഷയപാത്രം വാങ്ങുന്ന ആദ്യഭാഗം 'പാത്രചരിതം' എന്നൊരു പേരിലും അറിയപ്പെടാറുണ്ട്.
ആട്ടക്കഥകൾ
ബകവധം, കല്യാണസൗഗന്ധികം, നിവാതകവചകാലകേയവധം, കിർമീരവധം.
ജീവചരിത്രം
വടക്കന്‍ കോട്ടയത്ത് രാജവംശത്തില്‍ (പഴശ്ശിക്കോവിലകം) പിറന്ന കോട്ടയത്ത് തമ്പുരാന്റെ പേരോ ജീവിതകാലമൊ ഇന്നോളം തിട്ടപ്പെടുത്താനായിട്ടില്ല. കേവലം ഐതിഹ്യങ്ങള്‍ മാത്രമാണ് ഇദ്ദേഹത്തെപറ്റി പ്രചരിച്ചിട്ടുള്ളത്. പണ്ഡിതരില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ നാമം ‘വീരവര്‍മ്മ’യെന്നാണെന്നും ജീവിതകാലം ഏ.ഡി.പതിനേഴാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലാണെന്നും അഭിപ്രായപ്പെടുന്നു. കോട്ടയത്ത് തമ്പുരാന്റെ രചനകളിൽ രചനാകാലമോ രചയിതാവിന്റെ നാമമോ പരാമർശിക്കപ്പെട്ടിട്ടില്ല. "മാതംഗാനനം" എന്നാരംഭിയ്ക്കുന്ന വന്ദനശ്ലോകത്തിൽ ഗോവിന്ദൻ ആദിയായി ഗുരുക്കന്മാരെ വന്ദിയ്ക്കുന്നുണ്ട് ( ഗോവിന്ദമാദ്യം ഗുരൂം). ഇത് മായാവരം ഗോവിന്ദശാസ്ത്രികൾ എന്ന പണ്ഡിതനായിരിക്കണം എന്ന് ചില പണ്ഡിതർ നിരീക്ഷിയ്ക്കുന്നു.
ഐതിഹ്യകഥകൾ
കോട്ടയത്തുതമ്പുരാനെപ്പറ്റി അനേകം ഐതിഹ്യങ്ങൾ പ്രചരിച്ചിട്ടുണ്ട്. ഇവയിൽ ചരിത്രസാംഗത്യമുള്ളവയേത്, ഇല്ലാത്തവയേത് എന്ന് തരം തിരിക്കാൻ കഴിഞ്ഞിട്ടില്ല. ചില ഐതിഹ്യങ്ങൾ:
-
വെട്ടത്തുകോവിലകത്തുനിന്നും പഴശ്ശികോവിലകത്തേക്ക് ദത്തുവന്ന മഹാവിദുഷിയായ ഒരു തമ്പുരാട്ടിയുടെ പുത്രനാണ് ആട്ടക്കഥാകാരന്‍. ഇദ്ദേഹം കുട്ടിക്കാലത്ത് ഒരു പമ്പരവിഡ്ഢിയായിരുന്നു. അതില്‍ ഖിന്നയായ മാതാവ് കുട്ടിയെ ‘കുമാരധാര’യില്‍ കൊണ്ടിട്ടു. അവിടെനിന്നും എങ്ങിനെയോ രക്ഷപ്പെട്ട് തമ്പുരാന്‍ പണ്ഡിതനും കവിയുമായി തിരിച്ചെത്തി.
-
വീരവര്‍മ്മതമ്പുരാന്‍ ഒരു നടന്‍കൂടിയായിരുന്നത്രെ. കിര്‍മ്മീരവധത്തില്‍ ധര്‍മ്മപുത്രവേഷവും കാലകേയവധത്തില്‍ ഉര്‍വ്വശീവേഷവും അദ്ദേഹം തന്നെ കെട്ടി ആടിയിട്ടുണ്ടെന്ന് പറയുന്നു.
‘ബകവധം സ്ത്രീകള്‍ക്ക് കൈകൊട്ടിക്കളിക്ക് കൊള്ളാം’ എന്നും, ‘കല്യാണസൌഗന്ധികം രചിച്ചത് ഒരു സ്ത്രിയാണെന്നു തോന്നും’ എന്നും, ‘കിര്‍മ്മീരവധം കടുകട്ടിയായിപ്പോയി. അതിനാല്‍ അതിന് ഉണ്ണി തന്നെയൊരു വ്യാഖ്യാനം കൂടി തയ്യാറാക്കണം’ എന്നും, പണ്ഡിതമതിയായ അമ്മതമ്പുരാട്ടി, തമ്പുരാനോട് പറഞ്ഞുവത്രെ. ഒടുവില്‍ അദ്ദേഹം കാലകേയവധം എഴുതി കാട്ടിയപ്പോള്‍ ‘ഇത് കളിക്ക് ചൊല്ലിയാടിച്ചോളൂ’ എന്നും തമ്പുരാട്ടി നിര്‍ദ്ദേശിച്ചു.
-
ഗോവിന്ദന്‍ എന്നുപേരായ ഒരു പരദേശിബ്രാഹ്മണനായിരുന്നു അദ്ദേഹത്തിന്റെ ഗുരു. കഥകളിയുടെ തന്നെ ഉപജ്ഞാതാവായ കോട്ടയത്തു തമ്പുരാന്‍ ഓരോ ആട്ടകഥയും പൂര്‍ണ്ണമാക്കിയാലുടന്‍ തന്റെ ഗുരുനാഥനായ ഗോവിന്ദസ്വാമികള്‍ക്ക് അയച്ചുകൊടുക്കുകയും അരങ്ങേറ്റത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും പതിവായിരുന്നു. എന്നാല്‍ സ്വാമികള്‍ ആട്ടകഥകളെ പറ്റി നല്ല അഭിപ്രായം പറയുകയോ, കളി കാണാന്‍ പോവുകയോ ചെയ്യാറില്ല. താന്‍ മനസ്സിരുത്തി പഠിപ്പിച്ച് പണ്ഡിതനാക്കിതീര്‍ത്തിട്ടും തമ്പുരാന്‍ നല്ല മഹാകാവ്യങ്ങളൊന്നും രചിക്കാന്‍ ശ്രമിക്കാതെ ഈ ആട്ടകഥകള്‍ ചമച്ച് അവ ആടിക്കണ്ട് രസിക്കുകയാണല്ലൊ ചെയ്യുന്നത് എന്നു ചിന്തിച്ച്, തമ്പുരാനോട് നീരസം തോന്നിയതിനാലാണ് സ്വാമികള്‍ ഇങ്ങിനെ പ്രവര്‍ത്തിച്ചിരുന്നത്. തമ്പുരാന്‍ പതിവുപോലെ കിര്‍മ്മീരവധം ആട്ടകഥയും പൂര്‍ത്തീകരിച്ചപ്പോള്‍ ഗുരുവിന് അയച്ചുകൊടുക്കുകയും, അരങ്ങേറ്റം നിശ്ചയിച്ചപ്പോള്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. തമ്പുരാന്റെ മുഷിച്ചില്‍ ഒഴിവാക്കാനായി മാത്രം സ്വാമികള്‍ അന്ന് അരങ്ങേറ്റത്തിന് പോയി. ആചാര്യാഗമനത്താല്‍ ആനന്ദതുന്ദിലനായിതീര്‍ന്ന അരചന്‍ അദ്ദേഹത്തെ വിധിയാംവണ്ണം സ്വീകരിച്ചിരുത്തി കുശലപ്രശ്നങ്ങള്‍ ചെയ്തു. മാത്രമല്ല അന്ന് ധര്‍മ്മപുത്രവേഷം താന്‍ തന്നെ ചെയ്യാനും തീരുമാനിച്ചു. അതിനായി ഗുരുവിനെ കണ്ട് ദക്ഷിണചെയ്ത് നമസ്ക്കരിച്ച് അനുവാദവും ആശിര്‍വ്വാദവും ചോദിച്ച തമ്പുരാനോട് ഗോവിന്ദസ്വാമികളാകട്ടെ; ‘ഉറക്കമൊഴിക്കാന്‍ വയ്യ, ഞാന്‍ കിടക്കട്ടെ’ എന്ന് അറിയിക്കുകയാണുണ്ടായത്. തമ്പുരാന്‍ വിനയപൂര്‍വ്വം അത് അനുവദിച്ചു. യഥാസമയം കളിയ്ക്കു വിളക്കുവെച്ചു. അരങ്ങുകേളിയും തോടയവും കഴിഞ്ഞ് മംഗളശ്ലോകം തുടങ്ങി.
“മാതംഗാനനമബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരൂം..................”
'ഗോവിന്ദമാദ്യം ഗുരൂം' എന്നു കേട്ടപ്പോള്‍ സ്വാമികള്‍ രോമാഞ്ചമണിഞ്ഞു. തന്നെക്കുറിച്ചു തമ്പുരാനുള്ള ഭക്തിയും ബഹുമാനവുമോര്‍ത്തപ്പോള്‍ ആ ശുദ്ധബ്രാഹ്മണന്റെ കണ്ണില്‍ സന്തോഷാശ്രു പൊഴിഞ്ഞു. ഉടനെ അദ്ദേഹം എഴുന്നേറ്റ് ആട്ടം കാണാനുറച്ച് അരങ്ങത്ത് ചെന്നിരുന്നു. പുറപ്പാട് കഴിഞ്ഞു. കഥ തുടങ്ങേണ്ട നേരമായി. എന്നിട്ടും വേഷം തീര്‍ന്നിരുന്നില്ല. അരങ്ങ് മുഷിയാന്‍ തുടങ്ങി. ഗോവിന്ദസ്വാമികള്‍ക്ക് ഗീതാഗോവിന്ദം പരിവൃത്തി പതിവുണ്ട്. മുറപ്രകാരം അന്ന് ചൊല്ലേണ്ടത് ഇരുപത്തൊന്നാമത്തെ അഷ്ടപദിയായിരുന്നു. അരങ്ങുമുഷിച്ചില്‍ ഒഴിവാകട്ടെ എന്നു കരുതി അദ്ദേഹം അരങ്ങത്തുചെന്ന് ചേങ്കിലയെടുത്ത് ‘കുഞ്ജരി രാഗേണ ഗീയതേ; ചെമ്പതാളേന വാദ്യതേ’ എന്ന ജയദേവകല്പിതമനുസ്സരിച്ച് ‘മഞ്ജുതര’ എന്നാരംഭിക്കുന്ന ഗീതം ആലപിക്കുവാന്‍ തുടങ്ങി. ഈ സമയത്ത് അരങ്ങത്തുണ്ടായിരുന്ന വാദ്യക്കാര്‍ ആദ്യം സംഭ്രമിച്ചു. കൊട്ടികൂടണമോ? വെച്ചിട്ട് പോകണമോ? ചരണാന്ത്യങ്ങളില്‍ ഓരോ കലാശങ്ങള്‍ കൊട്ടാന്‍ സ്വാമികള്‍ ആംഗ്യം കാട്ടിയതിനാല്‍ അതനുസരിച്ച് അവര്‍ കൊട്ടിക്കൊണ്ടിരുന്നു. അഷ്ടപദി പൂര്‍ണ്ണമായപ്പോള്‍ ഒരു ഇരട്ടിവട്ടവും അതോടുകൂടി ഒരു നാലാമിരട്ടിയും മേളക്കാര്‍ മനോധര്‍മ്മമായി അങ്ങ് കൊട്ടി. അത് ‘ക്ഷ’ പിടിച്ച സ്വാമികള്‍ അവര്‍ക്ക് താളം പിടിച്ചുകൊടുക്കുകയും ചെയ്തു. അപ്പോഴേക്കും വേഷംതീര്‍ന്ന് അരങ്ങിലെത്തിയ തമ്പുരാന്‍ ഗുരുനാഥന്റെ ഉത്സാഹവും അവസരോചിതമായ പ്രയോഗവും കണ്ട് സന്തോഷിച്ച്, അദ്ദേഹത്തെ നമിച്ച് വഴിപോലെ കഥ ആടാന്‍ ആരംഭിച്ചു. ആട്ടം തീരും വരെ അവിടെയിരുന്ന കണ്ട ഗോവിന്ദസ്വാമികള്‍ അവിടുത്തെ ആട്ടത്തേയും ആട്ടക്കഥയേയും അത്യന്തം പ്രശംസിക്കുകയും ചെയ്തു. ‘ഈ കോട്ടയം കഥകള്‍ നിസ്തുലങ്ങളായി ഭവിക്കട്ടെ’ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും തമ്പുരാനെ അനുഗ്രഹിക്കുകയും ചെയ്താണ് ഗുരുനാഥന്‍ മടങ്ങിയത്. അതിനുശേഷം ഗോവിന്ദസ്വാമികളുടെ സ്മരണയ്ക്കയി, പുറപ്പാട് കഴിഞ്ഞാല്‍ ‘മഞ്ജുതര’ പാടിക്കൊള്ളണം എന്ന് തമ്പുരാന്‍ കല്‍പ്പിക്കുകയും, അതിന് ഒരു ചിട്ടയും മട്ടും നിശ്ചയിക്കുകയും ചെയ്തു. ആട്ടമില്ലാതെ മേളവും പദവും മാത്രമുള്ള ഈ ചടങ്ങിന് ‘മേളപ്പദം’ എന്ന് നാമകരണവും ചെയ്തു. ഇങ്ങിനെയാണത്രെ മേളപ്പദത്തിന്റെ ആവിര്‍ഭാവം.
- ആട്ടക്കഥാകൃത്തിന്റെ ജ്യേഷ്ഠനായ കേരളവർമ്മ തിരുവനന്തപുരത്തു വച്ചു നിര്യാതനായ വാർത്ത കേട്ട് പ്രതികാരത്തിനായി അമ്മാമന്റെ അനുമതി വാങ്ങി കോട്ടയത്ത് തമ്പുരാൻ തിരുവനന്തപുരത്തേയ്ക്കു യാത്രയാരംഭിച്ചു. യാത്രാമദ്ധ്യേ കൊടുങ്ങല്ലൂർ ഒരു രാത്രി വിശ്രമിയ്ക്കുമ്പോൾ ജ്യേഷ്‌ഠന്റെ പ്രേതം " ഇനി തെക്കോട്ടു പോകണ്ട. ശത്രുക്കളെ ഞാൻ തന്നെ നശിപ്പിക്കുന്നുണ്ട്. എനിയ്ക്കുള്ള ശേഷക്രിയ തിരുനെല്ലിയിൽ പോയി ചെയ്താലും" എന്ന് ആജ്ഞാപിച്ചു. ആ ആജ്ഞ കോട്ടയത്ത് തമ്പുരാൻ അനുസരിച്ചു.
പരിഷ്കാരങ്ങളും നേട്ടങ്ങളും
നിലവിലുണ്ടായിരുന്ന വെട്ടത്ത് സമ്പ്രദായത്തെ കുറെക്കൂടി സുന്ദരവും ആകർഷകവുമാക്കി തീർക്കാൻ കോട്ടയം തമ്പുരാനു കഴിഞ്ഞു. ഗ്രാമ്യരീതിയിൽ നടന്നുപോയിരുന്ന രാമനാട്ടം വെട്ടത്ത് രാജാവ് പരിഷ്കരിച്ചെങ്കിലും രാമനാട്ടത്തെ അപേക്ഷിച്ച് കൂടുതൽ സംവിധാനഭംഗിയും രസപ്രകാശനസമർഥതയും ഉൾക്കൊള്ളുന്ന ഒരു വിശിഷ്ട കലാരൂപം കോട്ടയം കഥകളുടെ അവതരണത്തോടേ രൂപപ്പെട്ടു. ഇതിന് കോട്ടയത്ത് തമ്പുരാനെ ബന്ധുവായ വെട്ടത്ത് രാജാവും കളരിയാശാനായ ചാത്തുണ്ണിപ്പണിക്കരും സഹായിച്ചു.
കോട്ടയം കഥകളിലെ സ്ഥിരപ്രതിഷ്ഠമായ സമ്പ്രദായങ്ങൾക്കും ചിട്ടകൾക്കും കപ്ലിങ്ങാടൻ പരിഷ്കാരങ്ങൾ കൂടി കാര്യമായ മാറ്റം വരുത്തിയില്ല. തമ്പുരാന്റെ കഥകളിലെ ആട്ടച്ചിട്ടകൾ കഥകളിയിലെ അടിസ്ഥാനശിലകളായി ഇന്നും നിലകൊള്ളുന്നു.
ആട്ട്, പാട്ട്, മേളം എന്നിങ്ങനെ എല്ലാതരത്തിലുമുള്ള വിഭവങ്ങൾ സമഞ്ജസമായി ഇണക്കിചേർത്തു. സാഹിത്യവും പുഷ്ടിപ്പെട്ടു. അതിനാൽ നാട്യം കൂടുതൽ ആസ്വാദ്യകരമായി.
ഉറച്ച ചിട്ടകളിലൂടെയാണ് കഥകളി രൂപഭദ്രമായി പരിണമിക്കുന്നത്. കഥകളിയിൽ ഉറച്ച ചിട്ടകൾ കൊണ്ടുവന്നത് കോട്ടയം തമ്പുരാനാണ്. ഇന്നും കഥകളി അഭ്യസനത്തിന്റെ കാതലായി വർത്തിക്കുന്നത് കോട്ടയം കഥകൾ ആണ്. അവ പൂർണ്ണമായി പഠിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ഒരു ആൾക്ക് മറ്റേതൊരു കഥയും സമർഥമായി അവതരിപ്പിക്കാൻ കഴിയും എന്ന് പ്രൊഫ. അയ്മനം കൃഷ്ണക്കൈമൾ തന്റെ "ആട്ടക്കഥാ സാഹിത്യം" എന്ന പുസ്തകത്തിൽ അഭിപ്രായപ്പെടുന്നു.
അരങ്ങ് കേളി, തോടയം,വന്ദനശ്ലോകം, പുറപ്പാട്, മേളപ്പദം തുടങ്ങി കഥകളിയിൽ കഥാരംഭത്തിന് മുൻപ് ഒരു പൂർവരംഗം സൃഷ്ടിച്ചത് കോട്ടയത്ത് തമ്പുരാനാണ്. ഇതിന് കൂടിയാട്ടം അദ്ദേഹത്തിനൊരു മാതൃകയായിട്ടുണ്ടാവാം. ഗായകർക്കും മേളക്കാർക്കും അവരുടെ കഴിവ് തെളിയിക്കാൻ അവസരം അങ്ങനെ കഥകളിയിൽ ലഭിച്ചു.
കഥകളി സംഗീതത്തിന് ഒരു പുതിയ വ്യവസ്ഥ വരുത്തി. രസഭാവങ്ങൾ അനുഭവിപ്പിക്കാനുതകുന്ന ശക്തി, പാടാൻ വിധിച്ച കാലം, അനുയോജ്യമായ രാഗങ്ങൾ എന്നിവയെല്ലാം നിഷ്കർഷയോടെ പരിഗണിച്ചുകൊണ്ടാണ് കോട്ടയത്ത് തമ്പുരാൻ സാഹിത്യ രചന നടത്തിയിട്ടുള്ളത്. അദ്ദേഹം നല്ലൊരു സംഗീതജ്ഞനായിരുന്നു എന്ന് അയ്മനം കൃഷ്ണക്കൈമൾ "ആട്ടക്കഥാസാഹിത്യം" എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നു.
ഭക്തി രസം മാത്രമാകാതെ വീരശൃംഗാരാദി രസങ്ങൾക്കും കോട്ടയത്ത് തമ്പുരാൻ സ്ഥാനം കല്പിച്ചു. അദ്ദേഹത്തിന്റെ കാലത്തുള്ള കഥകളി നടന്മാർ ആയോധനകലയിൽ പരിശീലനം ലഭിച്ചവർ ആയിരുന്നു. പലരും സൈന്യത്തിൽ ഉയർന്നപദവികളിലും ആയിരുന്നു. അക്കാലത്തെ രാഷ്ട്രീയാവസ്ഥയിൽ സൈനികരായിരുന്ന നടന്മാരെ ഇത് കൂടുതൽ കർമ്മോത്സുകരാക്കിയിട്ടുണ്ടാവാം.
"വീരരസമേവ വിരവോടൊരു നരാകൃതി
ചാലവേ കൈക്കൊണ്ടു വന്നപോലെ"
എന്ന് ഹനൂമാനെക്കൊണ്ട് സൗഗന്ധികത്തിൽ അദ്ദേഹം പറയിപ്പിച്ചിട്ടുണ്ട്.
കഥകളി കൂടുതൽ നൃത്യപ്രധാനമായി. പതിഞ്ഞ പദങ്ങൾക്കും മറ്റും പ്രത്യേകം പ്രത്യേകം കലാശങ്ങൾ ഏർപ്പെടുത്തി. കാൽച്ചവിട്ടുകൾക്കുള്ള നിയമങ്ങൾ ഉണ്ടാക്കി. അഷ്ടകലാശം, ഇരട്ടിക്കലാശങ്ങൾ എന്നിവ എല്ലാം പ്രയോഗിക്കേണ്ട സന്ദർഭങ്ങൾ നിജപ്പെടുത്തി.
ഇളകിയാട്ടത്തിന് കൂടുതൽ പ്രാധാന്യം കൈവരുത്തി. വടക്കൻ കേരളത്തിലെ വെള്ളാട്ടത്തിലെ രണ്ട് തരം ഉത്തരീയങ്ങൾ കോട്ടയത്ത് തമ്പുരാൻ കഥകളി ആഹാര്യത്തിലേക്ക് സന്നിവേശിപ്പിച്ചു. തേച്ച വേഷങ്ങൾക്ക് ചുട്ടി നടപ്പാക്കി. ഇതിൽ കപ്ലിങ്ങാടൻ വീണ്ടും ചില മാറ്റങ്ങൾ വരുത്തി എന്നത് വിസ്മരിക്കാനാവില്ല. കിരീടങ്ങളുടെ നിർമ്മാണം കൂടുതൽ മികവാക്കി. കുറ്റിച്ചാമരത്തിന്റെ വ്യാസം വലുതാക്കി. ഹനൂമാന് ഇന്നുകാണുന്ന വട്ടമുടി ആക്കിയത് തമ്പുരാനാണ്.