മുദ്രാപീഡിയയ്ക്ക് ഒരു ആമുഖം

Saturday, November 17, 2012 - 05:44

 

കഥകളിയിലെ മുദ്രാഭാഷയ്ക്ക് കഥകളിയേക്കാള്‍ പഴക്കമുണ്ട്.

ആട്ടക്കഥയിലെ വാക്കുകള്‍ക്ക് ഹസ്തമുദ്രകള്‍, നേത്രാഭിനയം, നൃത്തങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഥകളിയിലെ അഭിനയ സമ്പ്രദായം ചുരുങ്ങിയത് നാനൂറ് വര്‍ഷത്തെയെങ്കിലും അവതരണ-ആസ്വാദനപാരമ്പര്യം അവകാശപ്പെടാവുന്ന ഒന്നാണ്‌. അതിനുമെത്രയോ നൂറ്റാണ്ടുകള്‍ക്ക് മുന്പ് വൈദിക-താന്ത്രിക സമ്പ്രദായങ്ങളില്‍, കഥകളിയില്‍ ഇന്ന് ഉപയോഗിക്കുന്ന മുദ്രകള്‍ക്ക് പ്രമുഖസ്ഥാനമുണ്ടായിരുന്നു. ചരിത്രത്തില്‍ ഇടം കിട്ടാതെ മണ്‍മറഞ്ഞുപോയ നാടന്‍ കലാരൂപങ്ങളിലും അവ ഉപയോഗിച്ചിരുന്നിരിക്കാം. ആയിരം വര്‍ഷത്തെയെങ്കിലും അറിയപ്പെടുന്ന ചരിത്രമുള്ള കൂടിയാട്ടത്തിലൂടെ ആണ്‌ കേരളത്തിന്‍റെ മുദ്രാഭാഷ, കാലം കടന്നു കഥകളിയിലേയ്ക്ക് എത്തിപ്പെടുന്നത്. സംസ്കൃതനാടകങ്ങളിലെ കനപ്പെട്ട വരികളേയും ആട്ടപ്രകാരങ്ങളിലെ നാടകീയത നിറഞ്ഞ വാചകങ്ങളേയും ദൃശ്യങ്ങളായി വിവര്‍ത്തനം ചെയ്യാന്‍ കൂടിയാട്ടം ഉപയോഗിച്ച മുദ്രാഭാഷ, കഥകളി സ്വീകരിച്ച് വികസിപ്പിക്കുകയാണ്‌ ചെയ്തിട്ടുള്ളത്.

വാക്യാര്‍ത്ഥാഭിനയത്തിലെ ധ്വനിസമ്പന്നത ചോര്‍ന്നുപോകാതെ കഥകളിയുടെ പൂര്‍വ്വികാചാര്യന്മാര്‍ വികസിപ്പിച്ചെടുത്ത മുദ്രാഭിനയരീതി പദാനുപദം മുദ്രകാട്ടിയുള്ള ദൃശ്യവിന്യാസ പരമ്പരകളെ സൃഷ്ടിക്കുന്നു. അങ്കുരം എന്ന നേത്രാഭിനയം, ശാഖാ എന്ന മുദ്രാഭിനയം, നൃത്തം എന്ന സര്‍വാംഗസമയോഗം എന്നീ മൂന്ന് തലങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന കഥകളിയുടെ മുദ്രാഭാഷയ്ക്ക് ലിഖിതഭാഷയും താളവും സംഗീതവുമൊക്കെയായുള്ള ഇന്നത്തെ സംഘടനാരീതി കോട്ടയം കഥകളിലൂടെ ചിട്ടപ്പെട്ടുവന്നതാണ്‌. കോട്ടയത്തുതമ്പുരാന്‍ മുദ്രാഭാഷയെ മുന്‍കൂട്ടി കണ്ടുരചന നടത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. പദാനുപദം മുദ്രകാട്ടി സാഹിത്യത്തെ അരങ്ങില്‍ ചിത്രണം ചെയ്യുന്ന രീതി കൂടിയാട്ടത്തില്‍ നേരത്തെ നിലനിന്നിരുന്നു. കോട്ടയത്തുതമ്പുരാന്‍റെ കാലത്തിനും മുമ്പ് മറ്റേതോ ഉത്തരേന്ത്യന്‍ കലാരൂപത്തിനു വേണ്ടി രചിയ്ക്കപ്പെട്ട 'നൃത്യലക്ഷണ സഹിതം ഗീതഗോവിന്ദ മഹാകാവ്യം' എന്ന കൃതിയില്‍ ഗീതഗോവിന്ദത്തിലെ ശ്ലോകങ്ങള്‍ക്കും പദങ്ങള്‍ക്കും പദാനുപദമുദ്ര കാട്ടുന്നതിനുള്ള വ്യവസ്ഥ വിശദമായി വായിക്കാം. അതുപോലെ, ശങ്കര്‍ദേവും മാധവദേവും ചേര്‍ന്ന് ആസ്സാമില്‍ ആരംഭിച്ച ആംഗിയഭാവനാ നാട്യരൂപത്തിലും പദാനുപദമുദ്ര കാട്ടുന്ന രീതി കാണാം. ഇതെല്ലാം സൂചിപ്പിയ്ക്കുന്നത് കോട്ടയത്തുതമ്പുരാന്‍ പദാനുപദമുദ്ര കാട്ടിയുള്ള അഭിനയത്തെ സങ്കല്‍പിച്ചു രചന നടത്തെയെന്നു കരുതുന്നതില്‍ തെറ്റില്ല എന്നാണ്‌. കോട്ടയം കഥകളുടെ പദഘടനയെ ആശ്രയിച്ചു ചിട്ടപ്പെട്ട കഥകളിയിലെ മുദ്രഭാഷ, പില്‍ക്കാലത്തുണ്ടായ ആട്ടക്കഥകളുടെ അവതരണങ്ങളിലൂടെ തെഴുത്ത് വളര്‍ന്നു.

ആട്ടക്കഥകളിഎ പദങ്ങളിലുള്ള വാക്കുകള്‍ക്ക് മുദ്ര കാട്ടാന്‍ ശീലിച്ചുകൊണ്ട് വിദ്യാര്‍ത്ഥി മുദ്രാഭാഷ സ്വായത്തമാക്കുന്നു. പിന്നീട് ലിഖിതഭാഷയുടെയോ, ഗാനങ്ങളുടേയോ പിന്‍ബലമില്ലാതെ മനഃപ്പാഠമാക്കിയ ആട്ടങ്ങളെ മുദ്രയിലൂടെ ആവിഷ്കരിക്കാന്‍ ശീലിയ്ക്കുന്നു. പഠിച്ചെടുത്ത വാചികഭാഷയെ സ്വച്ഛന്ദം ആശയവിനിമയത്തിനുപയോഗിക്കുന്നതു പോലെ, പിന്നീട് വിദ്യാര്‍ത്ഥി, യഥേച്ഛം മനോധര്‍മ്മങ്ങളുടെ ആവിഷ്കരണത്തിനായി മുദ്രാഭാഷയെ വിനിയോഗിയ്ക്കാന്‍ ശ്രമിയ്ക്കുന്നു.

കൈകളിലെ വിരലുകളുടെ നിലയെ കാട്ടുന്ന അടിസ്ഥാന മുദ്രകളും അവകൊണ്ടു രൂപപ്പെടുത്തുന്ന പദാര്‍ത്ഥ മുദ്രകളും പദാര്‍ത്ഥമുദ്രകളെ അടുക്കിയുള്ള ആശയവിനിമയ രീതിയും ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഒട്ടുമിക്ക പ്രദേശത്തും ഉള്ള കലാരൂപങ്ങളിലുള്ളതായി കാണാം. ഇന്ത്യയില്‍ കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഓഡീസ, അസം തുടങ്ങിയ മേഖലകളിലെല്ലാം പരസ്പരം വ്യത്യസ്തവും തനതായ സമ്പ്രദായങ്ങള്‍ പുലര്‍ത്തുന്നതുമായ മുദ്രാഭാഷകള്‍ ഉണ്ട്. അതേസമയം, ഏഷ്യാവന്‍കരയിലെ പാരമ്പര്യ കലാരൂപങ്ങളിലെല്ലാം നിലനില്‍ക്കുന്ന മുദ്രാഭാഷകള്‍ക്ക് പൊതുവായ സവിശേഷതകള്‍ പലതും എടുത്തുകാട്ടാനുണ്ടുതാനും.

കേരളത്തിലെ മുദ്രാഭാഷയെ ആദ്യമായി സമാഹരിച്ച് ചരിത്രത്തിനു സംഭാവനചെയ്തത് 'ഹസ്തലക്ഷണദീപിക' എന്ന ഗ്രന്ഥത്തിന്‍റെ അജ്ഞാതനാമാവായ കര്‍ത്താവ്‌ ആണ്‌. ഇരുപത്തിനാല്‌ അടിസ്ഥാനമുദ്രകളും അവകൊണ്ട് തീര്‍ക്കാവുന്ന നാനൂറോളം വരുന്ന പദാര്‍ത്ഥമുദ്രകളുമാണ്‌ ഈ ഗ്രന്ഥത്തില്‍ സമാഹരിക്കുന്നത്. ഇതിന്‍റെ രചനാകാലത്ത് കൂടിയാട്ടത്തില്‍ വിനിയോഗത്തിലിരുന്ന മുദ്രകളെ ശാശ്വതീകരിക്കാന്‍ ഈ ഗ്രന്ഥത്തിന്‍റെ പുണ്യവാനായ കര്‍ത്താവിനു കഴിഞ്ഞു എന്നിരിക്കിലും കൂടിയാട്ടത്തിന്‍റെ മുദ്രാപഠനമോ ആവിഷ്കരണമോ ഈ ഗ്രന്ഥത്തെ ആസ്പദമാക്കിയായിരുന്നില്ല നിലനിന്നത്. അശ്രാന്തപരിശ്രമികളായിരുന്ന നാറ്റവര്യന്മാരിലൂടെ മുദ്രാഭാഷ പുതിയമുദ്രകളും രീതികളും കൈകൊണ്ട് സ്വച്ഛന്ദം വളര്‍ന്ന് കൊണ്ടിരുന്നു. 'കരദീപിക' എന്ന മറ്റൊരു ഗ്രന്ഥത്തെ കുറിച്ച് ചില പരമാര്‍ശങ്ങള്‍ കാണുന്നുവെങ്കിലും അങ്ങിനെയൊന്ന് എവിടേയും കാണാന്‍ കഴിഞ്ഞിട്ടില്ല. ഇനി ഒരു തെളിവുകിട്ടും വരെ ഹസ്തലക്ഷണദീപികയുടെ മറ്റൊരു പേരാണ്‌ ഇത് എന്ന് കരുതാം. കാര്‍ത്തികതിരുനാള്‍ ബാലരാമവര്‍മ്മ രചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന 'ബാലരാമഭാരതം' ആണ്‌ കേരളത്തില്‍ രചിതമായ മറ്റൊരു മുദ്രാസന്ദര്‍ശകമായ ഗ്രന്ഥം. 'നരകാസുരവധം' പോലുള്ള ആട്ടക്കഥകളുടെ കര്‍ത്താവായ കാര്‍ത്തിക തിരുനാളിന്‍റെ പ്രസ്തുതഗ്രന്ഥത്തില്‍ കഥകളിയിലോ കേരളത്തിലോ നിലനിന്നിരുന്ന മുദ്രകളെയല്ല വിവരിക്കുന്നതെന്നതാണ്‌ അവിശ്വസനീയമായ യാഥാര്‍ത്ഥ്യം. കേരളീയര്‍ക്ക് അപരിചിതമായ അനേകം മുദ്രകള്‍ വിവരിയ്ക്കുന്ന ഈ ഗ്രന്ഥത്തില്‍ ഇവിടെ പ്രചാരത്തിലുണ്ടായിരുന്ന പ്രധാനമുദ്രകള്‍ പോലും കാണുന്നില്ലെന്നതെ ഗവേഷണപ്രസക്തിയുള്ള വിഷയമാണ്‌...

1922ല്‍ പ്രസിദ്ധീകൃതമായ മാത്തൂര്‍ കുഞ്ഞുപ്പിള്ള പണിക്കരുടെ 'കഥകളി പ്രവേശിക'യിലും 1956ല്‍ പുറത്തുവന്ന പന്നിശ്ശേരി നാണുപ്പിള്ളയുടെ 'കഥകളിപ്രകാര'ത്തിലും മുദ്രകളെ പരാമര്‍ശിക്കുന്നുണ്ട്. 1975ല്‍ പദ്മശ്രീ വാഴേങ്കട കുഞ്ചുനായരാശാന്‍റെ അവതാരികയോടുകൂടി പുറത്ത് വന്ന (ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യുരുടെ ഇംഗ്ലീഷിലുള്ള മുഖപ്രസംഗവുമുണ്ട്) കടത്തനാട്ട് കെ. കുഞ്ഞുണ്ണിവാര്യരുടെ 'കഥകളി മുദ്രാശാസ്ത്രം' എന്ന ഗ്രന്ഥമാണ്‌ ഈ വിഷയത്തില്‍ അല്‍പ്പമെങ്കിലും സമഗ്രതയുള്ള ആദ്യകാല കൃതി. (കേരളസാഹിത്യ അക്കാദമിയുടെ സഹായത്തോടെ ഗ്രന്ഥകര്‍ത്താവുതന്നെ പ്രസിദ്ധീകരിച്ചത്) 713 മുദ്രകളുടെ വിവരണമാണ്‌ ഇതില്‍ കൊടുത്തിട്ടുള്ളത്. കുഞ്ചുനായരാശാന്‍റെ മേല്‍നോട്ടത്തില്‍ രൂപപ്പെടുത്തിയ ഈ കൃതിയില്‍ ഹസ്തലക്ഷണദീപികയില്‍ ഉള്‍പ്പെടാത്ത അനേകം മുദ്രകള്‍ സമാഹരിച്ചുട്ടുണ്ടെന്നുള്ളത് മുദ്രാസംഖ്യകൊണ്ട് തന്നെ ബോധ്യമാവും. ഇതില്‍ ചില പുതിയ മുദ്രകള്‍ നിര്‍മ്മിക്കുക കൂടിചെയ്തിട്ടുണ്ടെന്ന് കുഞ്ചുനായരാശാന്‍ പറയുന്നു: 'ഹസ്തലക്ഷണദീപികയില്‍ നിന്നു സ്വീകരിച്ചിരിക്കുന്ന മുദ്രകള്‍ക്ക് പുറമെ മറ്റു ശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്നും കഥകളിയിലേക്ക് പല മുദ്രകളും സ്വീകരിച്ചിട്ടുണ്ട്. അവകള്‍ക്കധികവും യുക്തിയാണ്‌ പ്രമാണം. അതുപോലെ ശ്രീ വാര്യരും യുക്തിക്കനുസൃതമായി പല മുദ്രകളും നിര്‍മ്മിച്ച് ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിരിയ്ക്കുന്നു. അവയില്‍ പലതും ഞങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് കൊള്ളാവുന്നവയെന്ന് ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു.' ഉപരിഗവേഷണത്തിന്‌ അര്‍ഹതയുള്ള ഗ്രന്ഥമാണിത്. 1993ല്‍ ശ്രീ വേണി ജി. രചിച്ച 'കഥകളി മുദ്രാനിഘണ്ടു' പ്രസിദ്ധീകൃതമായി. 588 മുദ്രകളുടെ നൊട്ടേഷന്‍ അടങ്ങിയ ഗ്രന്ഥമാണിത്.

ഇരുപതാം നൂറ്റാണ്ട് അതിന്‍റെ സാങ്കേതിക സമൃദ്ധിയില്‍ അഹങ്കരിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്നു. മുന്‍പത്തെക്കാളും അയത്നലളിതമായി ദൃശ്യസമ്പത്തിന്‍റെ വിതരണം സാദ്ധ്യമാക്കുന്ന ഇന്‍റെര്‍നെറ്റ് കഥകളി മുദ്രകളുടെ വര്‍ത്തമാനകാലത്തെ സംഭരിക്കുവാനും സം‍രക്ഷിക്കുവാനും വിതരണം ചെയ്യുവാനും ഊറ്റമാര്‍ന്ന ഇടമെന്നുബോധ്യപ്പെട്ടതിന്‍റെ ഫലമാണ്‌ 'മുദ്രാപീഡിയ' എന്ന ഈ കഥകളിമുദ്രാ സംഭരണിയുടെ നിര്‍മ്മാണത്തിലേയ്ക്കുള്ള ഞങ്ങളുടെ ഒരുക്കം. 'മുദ്രകള്‍ വേദപഠനം പോലെ ഗുരുശിഷ്യപരമ്പരയാ കണ്ടു പഠിച്ചുവരുന്നു' എന്ന് കുഞ്ചുനായരാശാന്‍റെ വാചകം ഞങ്ങള്‍ക്ക് വഴികാട്ടിയാണ്‌. അതിനാല്‍ ഏതെങ്കിലും കാലത്തുള്ള, ഏതെങ്കിലും രീതിയിലുള്ള മുദ്രാ ഡോക്യുമെന്‍റേഷന്‍ ആധികാരികമാണെന്നു ഞങ്ങള്‍ വിചാരിയ്ക്കുന്നില്ല. ഗുരുമുഖത്തിനിന്നു ശിഷ്യന്‍ മുദ്ര പഠിക്കുന്ന കളരിയും പ്രതിഭയുടെ വൈദ്യുതകാന്തിയില്‍ തിളങ്ങുന്ന മുദ്രകള്‍ ചടഞ്ഞിരുന്നു പ്രേക്ഷകന്‍ അനുഭവിച്ചുന്മാദം കൊള്ളുന്ന അരങ്ങുമാണ്‌ ആധികാരിക സ്ഥലങ്ങള്‍ എന്ന് ആരും വിസ്മരിക്കാതിരിക്കട്ടെ. അഗ്നിസ്ഫുലിംഗങ്ങള്‍ നാലുപാടും ചിതറി വളരുംപോലെ കാലത്തിന്‍റേയ്ജ്മ് ദേശങ്ങളുടേയും അനുസ്യൂതിയില്‍ മുദ്രാവതരണത്തിന്‍റെ പല ശൈലികളും സമ്പ്രദായങ്ങളും രൂപമെടുത്തിട്ടുള്ളവയെ ഞങ്ങള്‍ ഒരു പോലെ, കഴിയുന്നത്ര സമഗ്രമായി കാണാന്‍ ശ്രമിച്ചിട്ടുണ്ട്. കല്ലടിക്കോടന്‍ സമ്പ്രദായം, കപ്ലിങ്ങാടന്‍ സമ്പ്രദായം, കല്ലുവഴി സമ്പ്രദായത്തിന്‍റെ കേരള കലാമണ്ഡലം കോട്ടക്കല്‍ പി എസ് വി നാട്യസംഘം എന്നീ സ്ഥാപനങ്ങള്‍, കൂടാതെ പദ്മശ്രീ കീഴ്പടം കുമാരന്‍നായരാശാന്റെ കളരി തുടങ്ങിയ വ്യത്യസ്തതയാര്‍ന്ന മണ്ഡലങ്ങളില്‍ വൈവിധ്യംകൊണ്ട മുദ്രകളെ അതാതിന്റെ പ്രയോക്താക്കള്‍തന്നെ ചെയ്യുന്നത് ഡോക്യുമെന്റ് ചെയ്യാനാണു ഇവിടെ ശ്രമിച്ചിട്ടുള്ളത്. കല്ലടിക്കോടന്‍ സമ്പ്രദായത്തിന്റെ പ്രയോക്താവല്ലാതിരുന്നിട്ടും ശ്രീ സദനം ബാലകൃഷ്ണന്‍ ആശാന്‍ അവ തന്റെ തെളിമയാര്‍ന്ന ബുദ്ധിയില്‍ സൂക്ഷിച്ച് മുദ്രാപീഡിയയ്ക്ക് നല്‍കിയത് പ്രത്യേകം പ്രസ്തവ്യമാണ്‌.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം ഡോക്യുമെന്റേഷന്റെ സാദ്ധ്യതകളെ വളാരെയധികം വര്‍ദ്ധിപ്പിച്ചു. ഈ പുതിയ സാഹചര്യത്തില്‍ ഇന്നു കഥകളിയില്‍ വിനിയോഗത്തിലിരിക്കുന്ന മുദ്രകളെ ഒന്നാകെത്തന്നെ ഡോക്യുമെന്റ് ചെയ്യാനും ഇന്റെര്‍നെറ്റിന്റെ വിപുലമായ സൌകര്യങ്ങള്‍ ഉപയോഗിച്ച് വിതരണം ചെയ്യാനും ഉള്ള ഒരു ഉദ്യമം ഞങ്ങള്‍ ആരംഭിച്ചു. അതിന്റെ പ്രാഥമികഘട്ടം പൂര്‍ത്തിയാക്കി, ഞങ്ങള്‍ ഇപ്പോള്‍ ജനങ്ങളില്‍ എത്തിയ്ക്കുകയാണ്. ഇത് പൂര്‍ണ്ണമാണെന്ന അവകാശവാദം ഒട്ടുമേയില്ല. ഇനിയും ഇതില്‍ ഉള്‍പ്പെടുത്തപ്പെടാതെ പോയ മുദ്രകളുണ്ടാകാം. ക്രമത്തില്‍ അങ്ങനെയുള്ളവയെ കണ്ടെത്തി ഉള്‍പ്പെടുത്തുന്നതാണ്. ഇപ്പോള്‍ കല്ലടിക്കോടന്‍, കപ്ലിങ്ങാടന്‍, കല്ലുവഴി എന്നീ സമ്പ്രദായങ്ങളിലുള്ള മുദ്രകളെയാണ് ഇവിടെ സമാഹരിച്ചിട്ടുള്ളത്. കാലക്രമത്തില്‍ നോക്കുമ്പോള്‍ കപ്ലിങ്ങാടനും കല്ലുവഴിയ്ക്കും മുന്‍പുള്ള കല്ലടിക്കോടന്‍ ശൈലി ഇന്ന് ഏറെക്കുറെ വിസ്മൃതമായിരിക്കുന്നു. എങ്കിലും അതിന്റെ സമ്പ്രദായത്തിലുള്ള ചില മുദ്രകള്‍ ശ്രീ സദനം ബാലകൃഷ്ണന്‍ ആശാന്‍ ഓര്‍മ്മയില്‍ സൂക്ഷിച്ച് മുദ്രാപീഡിയയ്ക്ക് പകര്‍ന്നുതരികയാണ് ചെയ്തത്. കല്ലടിക്കോടന്റെ പ്രയോക്താക്കളെ തന്നെ ആ സമ്പ്രദായത്തിലുള്ള മുദ്രകളുടെ ഡോക്യുമെന്റേഷനു കിട്ടുകയില്ല. അതിനാല്‍ കല്ലടിക്കോടന്‍ എന്ന വാക്കിന് വാച്യാര്‍ത്ഥവിവക്ഷയില്ല. സാങ്കേതികമായി പഴയരീതിയെ അതുസൂചിപ്പിക്കുന്നുവെന്നര്‍ത്ഥം. ഇത്പോലെ തന്നെയാണ് കപ്ലിങ്ങാടന്‍ എന്ന വാക്കിന്റേയും അവസ്ഥ. അതിന്റെ വാച്യാര്‍ത്ഥത്തിലെടുത്താല്‍ കല്ലിവഴി സമ്പ്രദായത്തിനും പ്രേരകമായ കപ്ലിങ്ങാടന്‍ സമ്പ്രദായം-പ്രാചീന കപ്ലിങ്ങാടന്‍-ഇന്ന് നിലനില്‍ക്കുന്നില്ല എന്ന് പറയേണ്ടി വരും. അതിന്റെ തുടര്‍ച്ചയായ ഇന്നത്തെ കപ്ലിങ്ങാടനെ, സാങ്കേതികാര്‍ത്ഥത്തില്‍, നാമകരണത്തിന്റെ ആവശ്യകതയ്ക്ക് വേണ്ടി അങ്ങനെ വിളിക്കുന്നുവെന്നേ ഉള്ളൂ. കല്ലുവഴി സമ്പ്രദായവും ശാഖോപശാഖകളായി വികസിച്ച് കഴിഞ്ഞു. കേരളകലാമണ്ഡലത്തില്‍ അഭ്യസിപ്പിക്കുന്ന ശൈലി ശ്രീ കലാമണ്ഡലം വാസുപ്പിഷാരടിയാശാന്റെ മേല്‍‌നോട്ടത്തിലും കോട്ടയ്ക്കല്‍ പി.എസ്.വി നാട്യസംഘത്തിന്റെ ശൈലീഭേദങ്ങള്‍ ശ്രീ കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍ ആശാന്റെ മേല്‍നോട്ടത്തിലും കീഴ്പ്പടം കുമാരന്‍ നായരാശാന്റെ ശൈലി ശ്രീ സദനം ബാലകൃഷ്ണന്‍ ആശാന്റെ മേല്‍‌നോട്ടത്തിലും ആണ് ഇവിടെ ഡോക്യുമെന്റ് ചെയ്തിരിക്കുന്നത്.

‘മുദ്രകള്‍ വേദപഠനം പോലെ ഗുരുശിഷ്യപരമ്പരയാ കണ്ടു പഠിച്ചുവരുന്നു’ എന്ന കുഞ്ചുനായരാശാന്റെ വാചകമാണ് ഞങ്ങള്‍ക്ക് വഴികാട്ടുന്നത്. ഗുരുശിഷ്യപരമ്പരയിലൂടെ നിരന്തരം വളരുകയും പുതിയ ഭാവുകത്വപരിണാമങ്ങള്‍ക്കനുസരിച്ച് വഴങ്ങിക്കൊടുക്കുകയും അപ്പോഴെല്ലാം പാരമ്പര്യത്തിനെ കാത്തു വെയ്ക്കുകയും ചെയ്യുന്ന അഭ്യാസത്തിന്റേയും ആസ്വാദനത്തിന്റേയും പ്രായോഗിക രംഗത്താണ് മുദ്രകള്‍ ജീവിയ്ക്കുന്നത്. നിഘണ്ടുവിലെ മൃതശബ്ദങ്ങളല്ലല്ലൊ ഭാഷ. കേള്‍ക്കുകയും പറയുകയും വായിയ്ക്കുകയും എഴുതുകയും ചെയ്യുന്ന മനുഷ്യനിലാണ് ഭാഷ ജീവിക്കുന്നതെന്ന് പറയുന്ന പോലെ മുദ്രാപീഡിയയിലെ മുദ്രകള്‍ ഘനീഭവിച്ചവയാണ്. ഗുരുമുഖത്ത് നിന്ന് വിനയാന്വിതനും ജിജ്ഞാസുവുമായി ശിഷ്യന്‍ മുദ്ര പഠിയ്ക്കുന്ന കളരിയും പ്രതിഭയുടെ വൈദ്യുതകാന്തിയില്‍ തിളങ്ങുന്ന മുദ്രകള്‍ പ്രേക്ഷകന്‍ ചടഞ്ഞിരുന്ന് അനുഭവിച്ചുന്മാദം കൊള്ളുന്ന അരങ്ങുമാണ് മുദ്രകള്‍ ജീവിയ്ക്ക്കുന്ന ആധികാരിക സ്ഥലങ്ങള്‍ എന്ന് ആരും വിസ്മരിയ്ക്കാതിരിക്കട്ടെ.

ദിവസേന നവീകരിച്ചുകൊണ്ടിരിക്കേണ്ട ഒന്നാണ് മുദ്രാപീഡിയ. സമാഹരിച്ച മുദ്രകളേയും അനുബന്ധവിഷയങ്ങളേയുംകാള്‍ കൂടുതല്‍ സമാഹരിക്കപ്പെടാനിരിക്കുന്നവയാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. അറിവിനെ, വിവരങ്ങളെ വാക്കുകളും ദൃശ്യങ്ങളുമാക്കി മാറ്റി, സംരക്ഷിക്കുകയും വിതരണം ചെയ്യുകയുമാണ് ഞങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്നത്. സമ്പൂര്‍ണ്ണമെന്നത് ഒരു സങ്കല്‍‌പ്പമായിരിക്കാം. എങ്കിലും കഴിയുന്നത്ര സമഗ്രമായ വിവരശേഖരണത്തിനായി മുദ്രാപീദിയ പ്രവര്‍ത്തനിരതമായിരിക്കും എന്നത് നിശ്ചയം.

മുദ്രകളെ സംബന്ധിച്ച പൊതുവായ കാര്യങ്ങള്‍

1. നേത്രാഭിനയും ചേരുമ്പോഴാണ് മുദ്രകള്‍ക്ക് ജീവനുണ്ടാകുന്നത്. മുദ്രകളുടെ നേത്രവിനിയോഗം വിവരണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവ നേരിട്ടുകണ്ട് മനസ്സിലാക്കുക

2 ഒരു കൈ കൊണ്ട് കാട്ടുന്ന അസംയുതമുദ്രകളില്‍ മുദ്രയ്ക്ക് ഉപയോഗിയ്ക്കാത്ത കയ്യ് വിശ്രമാവസ്ഥയിലാണ്. പുരുഷവേഷങ്ങള്‍ കൈ നീട്ടിയിടുകയും സ്ത്രീവേഷങ്ങള്‍ കൈ എളിയില്‍ കുത്തുകയുമാണ് പൊതുവെ ചെയ്യുന്നത്. പുരുഷവേഷങ്ങള്‍ ബഹുമാനത്തോടെ മുദ്ര കാട്ടുമ്പോള്‍ വിശ്രമഹസ്തം മുഷ്ടിയാക്കി മാറിനു മുന്നില്‍ പിടിയ്ക്കുകയാണ് ചെയ്യുന്നത്.

3. ചവിട്ടിച്ചാടുക, കോണിലേയ്ക്ക് ചവിട്ടിച്ചാടുക, മുന്നിലേയ്ക്ക് ചവിട്ടിച്ചാടുക, കോണിലേയ്ക്ക് കെട്ടിച്ചാടുക, കോണിലേയ്ക്ക് തൂക്കിച്ചവിട്ടുക, വട്ടംവച്ചു മുദ്രകാട്ടുക, താണുനിന്നു മുദ്രകാട്ടുക, കാല്‍ കൂട്ടി മുദ്രകാട്ടുക തുടങ്ങി, മുദ്രയോടൊപ്പമുള്ള സര്‍വാംഗവിനിയോഗം വിവരിച്ചിട്ടില്ല. മുദ്ര കണ്ട് അതറിയുക. ചൊല്ലിയാട്ടത്തിന്റെ സന്ദര്‍ഭത്തില്‍ അതിനെല്ലാം ഉചിതമായ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

Article Category: 
Malayalam