മുദ്ര 0087
താണുനിന്ന് കാട്ടുന്ന സംയുതമുദ്ര.
ഇരുകയ്യിലും ഹംസപക്ഷം (ഹ.ദീ.) മാറിനു മുന്നിൽ കമിഴ്ത്തി പിടിച്ച് ഉള്ളിലേക്ക് ചുഴിച്ചെടുത്ത് ഇരുകയ്യിലും കർത്തരീമുഖം (ഹ.ദീ.) കമിഴ്ത്തി പിടിച്ച് രണ്ട് കൈകളിലും പൊടുന്നനെ ശിഖരം (ഹ.ദീ.) പിടിക്കുക. കണ്ണുകൊണ്ട് കാണുക എന്ന ഭാവം നടിക്കുകയും വേണം.
കണ്ണ് എന്ന് കാട്ടുന്ന ശിഖരമുദ്ര തന്നെയാണ് കാണുക എന്ന മുദ്രയുടെ ഒടുവിൽ വരുന്നത്. ചുഴിപ്പും മറ്റു പരിണാമങ്ങളും കഴിഞ്ഞ് പ്രധാനമായി അവശേഷിക്കുന്നത് ആ മുദ്രയാണ്. അതു നേത്രേന്ദ്രിയംകൊണ്ടു ചെയ്യുന്ന ദർശനക്രിയയെ കുറിക്കുന്നു. ശിഖരമുദ്രയിൽ തുറന്നിരിക്കുന്ന ചൂണ്ട് വിരലും നടുവിരലും മടക്കുകയും ശിഖരത്തിൽ മടങ്ങിയിരിക്കുന്ന ചെറുവിരൽ നിവർക്കുകയും ചെയ്ത നിലയിലുള്ള കർത്തരീമുഖം ഇവിടെ പ്രസക്തമാകുന്നു. ഈ അർത്ഥത്തിൽ കർത്തരീമുഖവും ശിഖരവും വിപരീതമുദ്രകളാകയാൽ കർത്തരീമുഖത്തിൽ നിന്നും ശിഖരത്തിലേയ്ക്കു പൊടുന്നനെയുള്ള മാറ്റം കാണുകയെന്ന ക്രിയയെ ശക്തമായി അനുഭവിപ്പിക്കുന്നു. കണ്ണിലൂടെ സ്വീകരിച്ച വിഷയത്തെ മനസ്സ് പൊടുന്നനെ തിരിച്ചറിയുന്നതിനെയാണ് മുദ്രയായി അവതരിപ്പിച്ചിട്ടുള്ളതെന്നു ശ്രദ്ധിക്കുക. കണ്ണെന്ന ഇന്ദ്രിയംകൊണ്ടല്ല, മറിച്ച് ഇന്ദ്രിയത്തിൻറെ സഹായത്തോടെ മനസ്സിലുണ്ടാകുന്ന തിരിച്ചറിവിലൂടെയാണ് കാണുകയെന്ന ക്രിയ നടക്കുന്നതെന്ന ദാർശനികമായ വ്യാഖ്യാനം ഈ മുദ്രയിൽ അടങ്ങിയിരിക്കുന്നു. ഹസ്തംകൊണ്ട് നേത്രേന്ദ്രിയത്തെയും കണ്ണുകൊണ്ട് മനസ്സിലെ തിരിച്ചറിവിനെയും ആവിഷ്കരിച്ചിരിക്കുന്നു.
(ആദ്യകാലങ്ങളിൽ കാണുകയെന്ന മുദ്രയ്ക്ക് മുകുളത്തിൽനിന്ന് ശിഖരത്തിലേക്കു വരുന്ന രീതിയുണ്ടായിരുന്നു. വിപരീതമുദ്രകളെന്ന നിലയിൽ മുകുളത്തെക്കാൾ കർത്തരീമുഖത്തിനാണ് പ്രസക്തി കൂടുതൽഎന്നതുകൊണ്ടാകാം മുകുളത്തിൻറെ സ്ഥാനത്ത് കർത്തരീമുഖം ഉപയോഗിച്ചുതുടങ്ങിയത്.)