മുദ്ര 0090
ചങ്ങലകൊണ്ട് ബന്ധിച്ച് താമസിപ്പിക്കാനുള്ള സ്ഥലമെന്ന രീതിയിൽ ചങ്ങല, ഗൃഹം എന്നീ മുദ്രകൾ ചേർത്ത് കൂട്ടുമുദ്ര സൃഷ്ടിക്കുന്ന രീതിയാണ് ഇവിടെ കാണുന്നത്. ചങ്ങലയെന്ന മുദ്രയുടെ നിർമ്മിതി കേരളീയമുദ്രാനിർമ്മാണ സമ്പ്രദായത്തിൻറെ മനോഹരവും ദാർശനികവുമായ രീതിശാസ്ത്രത്തെ ഉദാഹരിക്കുന്നു. കണ്ണികണ്ണിയായ ചങ്ങലയെ മുദ്രാഖ്യത്തിൻറെ വിരലുകൾ പിണച്ചുള്ള നിബന്ധംകൊണ്ടു സൂചിപ്പിക്കുന്നു. കൈകൾ ഇടത്തുനിന്നു വലത്തേക്ക് വൃത്താകൃതിയിൽ ചലിപ്പിച്ച് ചങ്ങലയ്ക്ക് വടിപോലെ നേർരേഖയിലുള്ള ആകൃതിയല്ല ഉള്ളതെന്നും ധ്വനിപ്പിക്കുന്നു. കയ്യിനു കൊടുക്കുന്ന പ്രത്യേക ഊർജ്ജത്തിൽനിന്ന്, ചങ്ങലയുടെ ദാർഢ്യത്തെയും പ്രകാശിപ്പിക്കുന്നു. അങ്ങനെ ഒരു മുദ്രയിത്തന്നെ അതു പ്രതിനിധീകരിക്കുന്ന വസ്തുവിൻറെ പല ഗുണങ്ങളെയും ഒരുമിച്ച് ആവിഷ്കരിക്കുന്ന രീതി മുദ്രാഭാഷയുടെ പ്രത്യേകതയാണ്.