ഏണാങ്കചൂഡസഖി ബാണങ്ങളേറ്റുടലിൽ

ആട്ടക്കഥ: 
ഏണാങ്കചൂഡസഖി ബാണങ്ങളേറ്റുടലിൽ
വീണാശു സംയതി തളർന്നു
പരവശമിയന്നു പരിജനമുഴന്നു
നന്ദിയൊടു നവനിധികൾ- ചെന്നുടനെടുത്തവനെ-
നന്ദനവനത്തിനു നടന്നു.
ഹാഹാരവം ക്വചന ഹീഹീരവം ക്വചന
ഹാഹന്ത ഹന്ത ജനഘോഷം
ഹതവിമതശേഷം ബലമുടനശേഷം.
നിശിചരകുലാധിപതി- നിശിതശരപീഡയൊടു-
ദിശി ദിശി നടന്നു ഗതരോഷം.
സീമാതിപാതിഭുജ ഭൂമാദശാസ്യനഭി-
രാമാബലാജനകദംബം,
അധരജിതബിംബം, സുലളിത നിതംബം
വിവിധ ധനനിചയമപി- വിശദമണി നിവഹമിവ
ശിവ ശിവ കവർന്നു ബത സർവം.
പ്രാണാധിപം സമിതി കാണാതെയങ്ങു ചില
രേണായതാക്ഷികൾ കരഞ്ഞും
പലവഴി തിരഞ്ഞും, ചില മൊഴി പറഞ്ഞും,
അണിമതിയൊടവരെ മുഖ- മണി കരുതി സാശ്രുമഷി-
കണകലുഷിതാന്തമതുനേരം.
നേത്രാംബുപൂരമതിമാത്രം ഗളിച്ചതിനു
പാത്രം ഭവിച്ച കുചകുംഭം,
ലുളിതഗിരിഡംഭം, മിളിതഭയകമ്പം.
അതിവിവശമോടുമള- മളവതിനുടെ ഭരം കൊണ്ടു-
കതിപയപദങ്ങളവർ നിന്നും
പ്രാസാദഭൂമികളിൽ ആസാദിതാവദന-
ഭാസാ ജിതാംബുരുഹമാലാ,
സുരയുവതിബാലാ അതിചപലശീലാ,
ത്ധണ ത്ധണിത മണിവലയ- മുരസി കരതാഡനമൊ-
ടണികുഴലിമാരുടെ വിലാപം.
‘ഉഭയം പദങ്ങളുടെ സഭയം തൊഴുന്നു വയ-
മഭയം തരേണമവിളംബം‘ -
ഇതി രിപു കദംബം, ബത നിരവലംബം
വടിവിനൊടു രജനിചര- മുടിയിലണിയുന്ന മണി-
യടിമലരിൽ വീണു സകുടുംബം.