ദൂരാലുടൻ കനകതേരീന്നിറങ്ങി

ആട്ടക്കഥ: 
ദൂരാലുടൻ കനകതേരീന്നിറങ്ങി നരനാരായണൗ നടതുടർന്നു-
ധൃതി ഹൃദി വളർന്നു-സ്തിമിതമഥ നിന്നു-
 
തരളതരമണിനികരകിരണപടലികൾവിലസുമൊരുഭുവനമതിലഥകടന്നു-
സർപ്പാധിരാജമണിതൽപേ നിഷണ്ണമതിചിൽപൂരുഷം കമലനാഭം
 
അവനികമലാഭ്യാം-അതിലസിതപാർശ്വം-
നിത്യജനനതിവസതിദത്തഭരരുചിതരചിത്രമണിപത്തനമവാപ്തൗ
അർത്ഥം: 

കനകമയമായ തേർ ദൂരെ നിർത്തി ഉടനെ നരനാരായണന്മാരായ കൃഷ്ണാർജ്ജുനന്മാർ നടന്നു. മനസ്സിൽ കൗതുകം വളർന്നു. കടൽക്കരയിൽ നിന്നു. പിന്നെ ഏറ്റവും ലോലമായ രത്നങ്ങളുടെ ശോഭയാൽ വിളങ്ങുന്നതായ ഒരു ലോകത്തിലേയ്ക്ക് കടന്നു. ചിരംജീവികൾ വസിക്കുന്നതും, തിളങ്ങുന്നതും, അത്ഭുതകരവുമായ മണിസൗധത്തിൽ സർപ്പരാജനാകുന്ന മണിശയനത്തിൽ ഇരിക്കുന്ന ചിത്പുരുഷനായ പത്മനാഭനേയും വശങ്ങളിലായി ഇരിക്കുന്ന ലക്ഷ്മീദേവിയേയും ഭൂമീദേവിയേയും കണ്ടു.

അരങ്ങുസവിശേഷതകൾ: 

രംഗമദ്ധ്യത്തിലായി മഹാവിഷ്ണുവും ഇടത്തും വലത്തുമായി ഭൂമീദേവിയും ലക്ഷ്മീദേവിയും പീഠങ്ങളിലും, മുന്നിൽ താഴെയായി ബ്രാഹ്മണബാലന്മാരും ഇരിക്കുന്നു. ഇടത്തുഭാഗത്തുകൂടി കൃഷ്ണാർജ്ജുനന്മാർ പദം അഭിനയിച്ചുകൊണ്ട് പ്രവേശിക്കുന്നു.