ശിഷ്ടനാകിയ വസിഷ്ഠമാമുനി വചിച്ച
ആട്ടക്കഥ:
ശിഷ്ടനാകിയ വസിഷ്ഠമാമുനി വചിച്ച വാക്കു നിശമിച്ചുടൻ
തുഷ്ടിപൂണ്ടു നൃപപുത്രരും ജനകപുത്രിയും ജനനിമാർകളും
ധൃഷ്ടരാം കപിവരിഷ്ഠരും സപദി രൂക്ഷരാക്ഷസസമൂഹവും
ശിഷ്ടമുള്ളവരുമെത്തിയങ്ങു സുരയാനമേറി നൃപ പത്തനേ
പുഷ്പകം സപദി പുക്കും വൈശ്രവണമന്ദിരം രഘുവരാജ്ഞയാ
കെൽപ്പിയന്നു കപിവരരന്നു നരരൂപമാർന്നു മരുവീടിനാർ
ഒപ്പമങ്ങു നരവാനരാശര കദംബവും തദബലാളിയും
മൽപ്പൊടൊത്ത മണിഭൂഷാദികളണിഞ്ഞു തത്ര വിലസി മുദാ
അൻപിനോടഥ വസിഷ്ഠമാമുനി വചിച്ചു വേണ്ടതഖിലം മുദാ
സംഭരിച്ചു ഭരതാജ്ഞയാ സപദി മന്ത്രിമാരവർ സമസ്തവും
വൻപെഴും കപികളാഴിനാലിലു മനേകതീർത്ഥമതിലും ഗമി-
ച്ചിമ്പമോടിഹ നയിച്ചു ശുദ്ധസലിലം നിറച്ചു കലശങ്ങളിൽ
വിപ്രരും ബഹുമുനീദ്രരും ബത വസിഷ്ഠതാപസവരിഷ്ഠനും
ക്ഷിപ്രമങ്ങിനെ തുടങ്ങി മന്ത്രജപഹോമപൂജ മുതലായവ
സപ്രമോദമുടനേ ജടാദികൾ കളഞ്ഞു ഭൂഷണഗണാദികം
സുപ്രകാശതരമായണിഞ്ഞു ഭരതാദിമൂവരുമൊരേവിധം
തോഷമാർന്നു രഘുനാഥനും ജനകജാതയും മുനിജനോചിതം
വേഷമായതു വെടിഞ്ഞു ചെന്നഥ കുളിച്ചുവന്നു കുതുകാന്വിതം
ഭൂഷണാദികളണിഞ്ഞു ഭൂരിതരശോഭപൂണ്ടിതു തദന്തരേ
യോഷമാരഥ തുടങ്ങി വായ്ക്കുരവയാർപ്പു പുരുഷരുമങ്ങനെ
ശംഖുമദ്ദളമുടുക്കിടയ്ക്ക വരചെണ്ട കൈമണികൾ ചേങ്ങലാ-
സംഘവും തിമില തിത്തി കൊമ്പുകുഴൽ വീണ ഫിഡിൽ മുഖവീണയും
സംഖ്യയില്ല പല വാദ്യമിങ്ങനെ മുഴക്കിയപ്പൊഴുതിലംബര-
ത്തിങ്കലും സുരവരാളി തിങ്ങിയഭിഷേകസന്മഹ ദിദൃക്ഷയാ
വാമഭാഗമതിലാ മഹീതനയയായിടും പ്രിയയൊടൊത്തഹോ
രാമദേവനെയിരുത്തു രത്നഗണശോഭനേ നൃപവരാസനേ
ഹേമരത്നമയമാം കിരീടമധികം ജപിച്ചു വിധിപുത്രനാം
മാമുനീന്ദ്രനഴകോടു ചേർത്തു രഘുനാഥമൂർദ്ധനി മുദാന്വിതം
മർക്കടാശരകുലേശരാശു സിതചാമരം തദനു വീശി ശ-
ത്രുഘ്നനമ്പൊടു പിടിച്ചു ചന്ദ്രനിഭമാതപത്രമധികാസ്ഥയാ
വിഘ്നമേതുമണയാതെ മാമുനി വസിഷ്ഠനന്യമുനിമാരുമായ്
തക്കമറ്റഥ കഴിച്ചു രാമനഭിഷേകമേഷ പരിതോഷവാൻ
അപ്സരസ്സുകൾ തുടങ്ങി ഘോഷമുടനംബരേ പലവിധം മുദാ
പുഷ്പരാശി രഘുനാഥമൂർദ്ധിനി ചൊരിഞ്ഞു വാനവരനാകുലം
സപ്രമോദമമരേശദത്തമഥ വാതനീതമതിശോഭനം
നൽപ്പിയന്ന മണിഹാരമാണ്ടു നിതരാം വിളങ്ങി രഘുപുംഗവൻ
അരങ്ങുസവിശേഷതകൾ:
പട്ടാഭിഷേകം.