അതിതൂർണ്ണമെഴുന്നരുളി

രാഗം: 
താളം: 

ഖലന്‍ കലിയകന്ന നാള്‍ കരളിലോര്‍ത്തു തന്‍ കാമിനീം
നളേ കില നടേതിലും നയതി സത്വരം തം രഥം
അലം ബത നിലിമ്പരും ഹൃദി പുലമ്പിനാര്‍ വിസ്മയം
വിളംബിതഗതിര്‍ബഭാവരുണസൂതനസ്തോന്മുഖന്‍.

പദം1 കവിവാക്യം:
അതിതൂര്‍ണ്ണമെഴുന്നരുളി ഋതുപര്‍ണ്ണഭൂപന്‍

അനു.
മധുനേര്‍വാണീപാണിഗ്രഹണ-
കുതുകവേഗാത്‌ പുളകിതരൂപന്‍.

ച.1
മണിഭൂഷണമണിഞ്ഞു മെയ്യില്‍
മണിചിലയുമമ്പും കൈയ്യില്‍
മനമനംഗശരതീയില്‍ മറുകി, യാധിയില്‍
വനിതമാരണിമാണിക്കപരിണയനമനോരാജ്യം
അനവധിയനുഭവിച്ചു താനകമേ ആനന്ദിച്ചു.

2.
ദര്‍പ്പിതവിരോധികാലന്‍, ദര്‍പ്പകവിലുപ്തശീലന്‍,
ദര്‍പ്പണദര്‍ശനലോലന്‍, ദര്‍പ്പകോജ്ജ്വലന്‍,
മുപ്പാരിലും പുകള്‍കൊണ്ട കോപ്പേല്‍മിഴിതന്‍വിരഹാത്‌
കല്പമെന്നു കല്പിപ്പവനല്പമപി കാലലവം.

3.
വാര്‍ഷ്ണേയന്‍ പറഞ്ഞു കേട്ടു വഴി കഴിഞ്ഞവാററിഞ്ഞു
കോഷ്ണമാതപവും കണ്ടു കൗതുകാകുലന്‍,
ബാഹുകനെ ബഹുമാനിച്ചു വാഹനവരത്തിലൂടെ
ബാഹുബലജലരാശി വടിവെഴുന്ന കുണ്ഡിനത്തില്‍.

അർത്ഥം: 

ശ്ലോകസാരം: കലിബാധ നീങ്ങിയ ഉടനെ നളൻ തന്റെ കാന്തയെ ഓർത്ത്‌ മുമ്പത്തേതിലും വേഗത്തിൽ തേരിനെ കൊണ്ടുപോകുമ്പോൾ ദേവന്മാർ പോലും വിസ്മയിച്ചു.  അസ്തമിക്കാറായ സൂര്യനുംകൂടി മന്ദഗതിയായിത്തീർന്നുവോ എന്നു തോന്നിച്ചു.

സാരം: സുന്ദരിയുമായുള്ള പാണിഗ്രഹണചിന്തയിൽ രോമാഞ്ചിതനായ ഋതുപർണ്ണൻ അതിവേഗം എഴുന്നള്ളി. ഋതുപർണ്ണൻ ദേഹത്തിൽ രത്നാഭരണങ്ങളും കൈയിൽ രത്നമയമായ വില്ലുമണിഞ്ഞ്‌ കാമശരാഗ്നിയിൽ പൊതിഞ്ഞു.  മനസ്സാൽ ഭൈമീവിവാഹ മനോരാജ്യംകൊണ്ട്‌ ആനന്ദിച്ചു. അഹങ്കാരികളായ ശത്രുക്കൾക്ക്‌ കാലനും, ഇപ്പോൾ കാമപീഡയാൽ ക്ഷീണിതനും, കണ്ണാടി നോക്കുന്നതിൽ ആഗ്രഹമുള്ളവനും, കാമസുന്ദരനുമായ ഋതുപർണ്ണന്‌, ഭൈമീവിരഹംകൊണ്ട്‌ ക്ഷണനേരം കല്പകാലം പോലെ ദീർഘമായിത്തോന്നി. ദൂരം താണ്ടി, സ്ഥലമെത്തിയതായി വാർഷ്ണേയൻ പറഞ്ഞറിഞ്ഞു. സന്ധ്യയായിട്ടില്ല എന്നുള്ളതിനാൽ ബാഹുകനെ ബഹുമാനിച്ചു. മനോഹരമായ കുണ്ഡിനത്തിൽ, ശക്തനായ ഋതുപർണ്ണൻ എത്തിച്ചേർന്നു.

അരങ്ങുസവിശേഷതകൾ: 

ഇത് കവി വാക്യമാണ്.