പദ്മഭൂഷണവാസുദേവം - ഭാഗം നാല്

Saturday, September 3, 2011 - 18:50
പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (ഫോട്ടോ കടപ്പാട് - മോപ്പസാംഗ് വാലത്ത്)

ഇനി ആശാന്റെ കലാമണ്ഡലത്തിലേക്ക് വന്ന കാലഘട്ടം - നമ്മുടെ ഇന്റെര്‍വ്യൂവിന്റെ പഴയ സ്ഥലത്തേക്ക് തന്നെ തിരിച്ചു പോകാം - പിന്നീട് ആശാന്‍ കലാമണ്ഡലത്തിലേക്ക് വന്നതും, കലാമണ്ഡലത്തിലുള്ള അനുഭവങ്ങളും ഒക്കെ ഒന്നു പറയാമോ ?
സ്വതേ തന്നെ ഞങ്ങള്‍ക്കീ അദ്ധ്യാപകന്‍ അല്ലെങ്കില്‍ ഉദ്യോഗം എന്ന പ്രതീക്ഷയുള്ള കാലമല്ല. കഥകളിക്കാര്‍ക്ക്, ഈ തെക്കന്‍ നാട്ടില് കഥകളിക്കാര്‍ക്ക്, ധാരാളം അവസരങ്ങളും സാഹചര്യങ്ങളും ഉള്ള, ഒരു പാട് രംഗങ്ങള്‍ കിട്ടുന്ന ഒരു സ്ഥലമാണ് തിരുവിതാംകൂര്‍ ഭാഗം. ആലുവ മുതല്‍ ഇങ്ങോട്ട് - തൃശ്ശൂരിനു കുറച്ച് ഇപ്പുറം മുതല്‍ തെക്കന്‍ നാട് വരെ, കന്യാകുമാരി വരെ, ധാരാളം, പരിപാടികള്‍ ഉണ്ടാകാറുണ്ട്. അപ്പൊ ഒരു പിടിച്ചു കെട്ടിയ ഒരു ഉദ്യോഗത്തിന് പോയിരിക്കുന്നത് എന്നുള്ള ഒരു ആഗ്രഹം പൊതുവേ ഇല്ല. പിന്നെ കലാമണ്ഡലം പോലെ ഉറപ്പായി ഒരു സമ്പ്രദായം നില്‍ക്കുന്ന ഇടത്ത് പോയി നില്‍ക്കാനും ഭയം.. ഇവരെയൊക്കെത്തന്നെ വിളിച്ചിരുന്നു, ഓയൂരിനേയും, ഹരിപ്പാടിനേയും ഒക്കെ വിളിച്ചിരുന്നു അവര്. ഏതായാലും.. ഒടുക്കം മങ്കൊമ്പ് ആണ് പോയത് ആദ്യം. മങ്കൊമ്പ് ആശാനാണ് അന്ന്... അത്.. എന്റെ ആശാന് ഒരു ശകലം ഞാനുമായിട്ട് ഒന്ന് അകന്നു നിന്ന സമയമായിരുന്നു. അപ്പൊ ഇദ്ദേഹം അങ്ങട് കൊണ്ടാക്കി. ഇദ്ദേഹമാണ് പോയത്. എം.കെ.കെ.നായര്‍ ഉള്ള കാലമാണല്ലൊ. അവിടെ ചെന്ന് രണ്ടു വര്‍ഷമോ മറ്റോ ഇരുന്നു. അതില്‍ വേറെ എന്തൊക്കെ കുറേ കാര്യങ്ങള്‍ പറഞ്ഞിട്ട്  അത് കളഞ്ഞേച്ച് ഇങ്ങ് പോന്നു. അതു കഴിഞ്ഞ് ആദ്യേ വിളി തുടങ്ങി. അതിനു മുമ്പും വിളിച്ചിരുന്നു. അപ്പൊ ഒന്നു പോകാം എന്നു തോന്നി മനസ്സു കൊണ്ട്. അതിനെന്താ.. ഒരു പാട് കളിയുള്ള സമയമാണേ. അവിടെ ചെന്നാല്‍ എല്ലാം പിടിച്ചു കെട്ടി, പിന്നെ നിയമമെല്ലാം അങ്ങ് പോകും, അങ്ങനെ ഞാന്‍ ഏതായാലും പോകാം എന്ന് തീരുമാനിച്ചു. ഞാന്‍ ആശാനോട് ചെന്ന് പറഞ്ഞു. “ശിവശങ്കരന്‍ നില്‍ക്കാത്തിടത്ത് നീ എങ്ങിനെ എത്ര കാലം നില്‍ക്കുമെടാ” എന്നൊക്കെ ചോദിച്ചു. ഞാന്‍ പറഞ്ഞു “നമ്മളിപ്പൊ ഒന്നും കെട്ടി വെച്ചേച്ചല്ലൊ, അതങ്ങു ഒഴിഞ്ഞാല്‍ രാജി വെച്ച് വരാമല്ലൊ, അത്രയേ ഉള്ളൂ. ഏതായാലും ഇവരങ്ങ് ക്ഷണിച്ചപ്പൊ വേണ്ടെന്നു വെക്കണ്ട എന്ന് തോന്നി”. “ആയിക്കോട്ടെ”.  
അങ്ങിനെയാണ് കലാമണ്ഡലത്തില്‍ ചെന്ന് വീണത്.

എത്ര വര്‍ഷം .. ഒരു പാട് വര്‍ഷം ഉണ്ടായിരുന്നോ ആശാന്‍ ?
ഞാന്‍ ഒമ്പത് വര്‍ഷം.. പത്ത് വര്‍ഷം തികഞ്ഞില്ല.

തുടര്‍ന്ന് കലാമണ്ഡലത്തില്‍ നിന്നാണല്ലൊ രാജശേഖരനെപ്പോലെയുള്ള മറ്റ് ഒരു പാട് പിന്നീട് കഥകളിയില്‍ പേരെടുത്ത കുറെ ശിഷ്യന്മാരുണ്ടാവുകയും ഒക്കെ ചെയ്യുന്നത്... ഈ കലാമണ്ഡലം കളരിയിലെ, തെക്കന്‍ കളരിയിലെ, ഈ തെക്കന്‍ സമ്പ്രദായത്തിന്റെ, മുമ്പു മുതലേ ഉള്ള ഈ ശീലങ്ങളും, ആ സമ്പ്രദായമൊക്കെ അതു പോലെ കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ, കലാമണ്ഡലം കളരിക്കകത്ത് ?
രാജശേഖരന്റെ കയ്യില്‍ ആ രൂപമുണ്ടല്ലൊ. ഞാന്‍ എന്തൊക്കെ ചെയ്തിരുന്നു, അതെല്ലാം അവന്റെ കയ്യില്‍, ഇതു പോലെ കമ്പ്യൂട്ടര്‍ പോലെ.. അവന്‍ സ്ത്രീവേഷമാ കെട്ടുന്നേ എന്നേ ഉള്ളൂ. അവന്റെ ശിഷ്യന്മാരല്ലേ ഇപ്പൊ ആ രവി ഒക്കെ നല്ല നായക വേഷങ്ങള്‍ ധാരാളം കെട്ടുന്നില്ലേ. കളരിയിലെ കാര്യങ്ങളൊക്കെ എല്ലാം അവന്റെ കയ്യില്‍ ഉണ്ട്. മറ്റേ പ്രസന്നനൊക്കെ കുറച്ചു കാലം അവിടെയും ഇവിടെയും നടന്ന് കാടു കയറി അങ്ങ് പോയി. പിന്നെ കഴിച്ചു കൂട്ടാം എന്നേയുള്ളൂ. രാജശേഖരന്റെ കയ്യിലേ ഉള്ളൂ പൂര്‍ണ്ണമായിട്ട് അതിന്റെ .. പിന്നെ രവിയൊക്കെ അത് രൂപപ്പെടുത്തിയിട്ടുണ്ട്.

ഞാന്‍ മറ്റൊന്ന് ചോദിച്ചത്, പണ്ടു മുതലേ ആശാന്‍ സമ്പ്രദായത്തില്‍ ശീലിച്ച കളരിയുടെ രീതികള്‍ ഉണ്ടായിരുന്നല്ലൊ, രാവിലെ മുതലുള്ള, ഈ പഠിപ്പിക്കുന്ന രീതിയൊക്കെ, അതൊക്കെ കലാമണ്ഡലത്തില്‍ പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ?
അതൊരു കാര്യമുണ്ട്. ഞങ്ങള്‍ ഗുരുകുലമല്ലേ. മറ്റത്  ഒരു സ്കൂളാണ്. അവിടത്തെ നിയമമനുസരിച്ചല്ലേ അവിടെ ഒക്കൂ. കുട്ടികളെ അതാതിന്റെ സമയങ്ങളില്‍ ഓരോന്നിനും വേറെ അയക്കണ്ടേ. സ്കൂളില്‍ പഠിക്കണം. സാഹിത്യത്തിനു വിടണം. അതിന്റെയിടയില് കഥകളിക്ക് കിട്ടുന്ന സമയം അത് ചെയ്യുക, അങ്ങിനെയേ പറ്റൂ.

ഒരു പഴയ ഗ്രൂപ്പ് ഫോട്ടോകലാമണ്ഡലം വിട്ടു പറഞ്ഞാല്‍, സത്യത്തില്‍ കഥകളിക്ക് എന്താണ് യോജിച്ചത്  പഴയ ആ രീതിയായിരുന്നോ, അതോ ഇത്തരത്തിലുള്ള ഒരു .. ?
പഴയ ആ രീതി നല്ലതായിരുന്നു, പക്ഷെ, ഇന്ന് അതിന് ആരേയും കിട്ടുന്നില്ല. അങ്ങിനെ ക്ഷമയുള്ള കാലമല്ല, കുട്ടികളെ അങ്ങിനെ അതിനു വേണ്ടി കളയാന്‍ തയ്യാറുള്ള രക്ഷാകര്‍ത്താക്കള്, ഇതങ്ങ് കളയുക ആണല്ലൊ. അത് കളഞ്ഞ് നേരെയായി വരുമെന്ന് പറഞ്ഞ് .. വീട്ടുകാര്‍ അങ്ങ് കളയുന്ന കുട്ടിയെ നേരെയാക്കി എടുക്കുന്നതാണല്ലൊ, ആശാന്മാരുടെ ജോലി. അല്ലാതെ ഇന്ന് അതിനൊന്നും കുട്ടികളെ ആരും രക്ഷാകര്‍ത്താക്കള്‍ .. ഇന്നത്തെ രീതിക്കത് നടക്കില്ല. ഞങ്ങളൊക്കെ തന്നെ കലയോടുള്ള ആര്‍ത്തി കൊണ്ടല്ലയോ ഗുരുകുലത്തിലെ എന്തെല്ലാം കയ്പ്പും മധുരവും ഒക്കെ മാറി മാറീ വരും, ഇതെല്ലാം തരണം ചെയ്തു പോകുന്നത് കലയോടുള്ള ഭ്രമം കൊണ്ടാ. അല്ലെങ്കില്‍ പത്തു വര്‍ഷം നില്‍ക്കില്ല ചെങ്ങന്നൂരാശാന്റെ വീട്ടില്‍ ഒരു കുട്ടി. ഞാന്‍ 12 വര്‍ഷം നിന്നു. മങ്കൊമ്പ് ഒക്കെ ആറു മാസം, ഒരു കൊല്ലം കഴിയേണ്ട സമയം പോയി.

അതെന്താ അത്ര കഠിനമായ ശിക്ഷണം.. ?
അവിടുത്തെ സാഹചര്യം. അതിനഭ്യാസമൊന്നുമല്ല. കുടുംബത്തെ സാഹചര്യം. പെണ്ണുങ്ങളുടെ ഭരണം. അതിനിടയില്‍ എല്ലാം ചെയ്യണം. നമ്മളെല്ലാ ജോലിയും ചെയ്യണം, എല്ലാ തരത്തിലും നമുക്ക് ആണുങ്ങള്‍ക്ക് ചെയ്യാന്‍ വയ്യാത്തതാണെന്നൊക്കെ തോന്നുന്നതൊക്കെ കാണും, നമ്മളുടെ ഓരോരുത്തരുടെ രീതിയില്ലേ, അതൊന്നും ബാധകമല്ല. എന്തായാലും അതിനൊക്കെ അങ്ങ് വഴങ്ങിക്കൂടുക. അവരുടെ പ്രീതി ഉണ്ടെങ്കിലല്ലേ ആശാന് നമ്മളെ അവിടെ നിര്‍ത്താന്‍ ഒക്കൂ? അപ്പോള്‍ കുടുംബത്തിലെ സകല കാര്യത്തിലും നമ്മള്‍ മുന്നിട്ട് നില്‍ക്കണം. അതിനിടയ്ക് ആയിരിക്കും ആശാന്‍ എന്തെങ്കിലും പഠിപ്പിക്കാന്‍ പിടിച്ചിരുത്തുന്നേ. പഠിപ്പിക്കാന്‍ പിടിച്ചിരുത്തിയാല്‍ ഉടനെ അവിടെ നിന്ന് അമ്മ വിളിച്ചാല്‍ ഉടനെ ആശാന്‍ പറഞ്ഞോളും “പൊക്കോ, പൊക്കോ, പൊക്കോ”. ഇല്ലെങ്കില്‍ അവിടെ സ്വൈരമുണ്ടോ? ഇങ്ങിനെയാണ്  ഞങ്ങളുടെ കളരിയുടെ ഒരു പാഠം. അങ്ങിനെയൊക്കെ ഇന്നാരെ കിട്ടും.

പിന്നീട് കലാമണ്ഡലത്തിനു ശേഷം ആശാന്‍ കലാഭാരതി സ്ഥാപിക്കുകയും, അവിടേയ്ക്ക് ആശാന്‍ ആയിട്ടു വരികയും ഒക്കെ ചെയ്യുന്ന ...
(സുനില്‍) ഒരു ചോദ്യം എനിക്ക് ചോദിക്കാനുണ്ട്.. കലാമണ്ഡലത്തില്‍ ആശാന്റെ experience എന്തൊക്കെയാണ് ? ഇപ്പൊ തെക്കന്‍ കളരി ഉണ്ടായിരുന്നു, അവിടെ കലാമണ്ഡലം style ഉണ്ടായിരുന്നു. അത് തമ്മിലുള്ള പ്രശ്നങ്ങളോ, അങ്ങിനെ എന്തെങ്കിലും.. അവിടുത്തെ experience, അവിടുത്തെ അനുഭവങ്ങള്.

അവിടുത്തെ അനുഭവങ്ങള് .. എന്നെ സംബന്ധിച്ച് പ്രത്യേകതയൊന്നുമില്ല. അവിടെ ഇതു പോലെ എല്ലാവരും സ്നേഹമായിട്ടു തന്നെയാണ് പെരുമാറിയിരുന്നത്. പിന്നെ കൂടുതലും ആ സമ്പ്രദായക്കാരല്ലേ കുട്ടികള്? അതിന്റെ ഇടയില്‍ വേണ്ടേ ഈ കുട്ടികളും മോശം വരാതെ ജീവിക്കാന്‍? അപ്പോള്‍ അവരുടേതായ കുത്തും ബഹളവും ഒക്കെ ഉണ്ടാകും കുട്ടികളുടെ .. അങ്ങിനെ ഉള്ള ശ്വാസം മുട്ടലൊക്കെ ഉണ്ടായിരുന്നു. പക്ഷെ അതിനെ തരണം ചെയ്തിട്ടു പോയി രാജശേഖരനും പ്രസന്നനും ഒക്കെ. അവരവിടെ പിടിച്ചു നിന്നു. വേറെ ആരായാലും പിടിച്ചു നില്‍ക്കാന്‍ പാടാ. മറ്റത് ഒരു പൊത്തിന്റെ ഇടയിലല്ലേ?  ...ഹെഹെഹെ എന്ന് കളിയാക്കത്തില്ലേ? ഇതിനിടയിലല്ലയോ ഈ മൂന്നാലെണ്ണമല്ലയോ ഈ സമ്പ്രദായം? പിന്നെ സമ്പ്രദായത്തെപ്പറ്റി ആശാന്മാര്‍ക്കുണ്ട് വേണ്ടാത്ത ചുറ്റുപാടൊക്കെ. ആശാന്റെ പ്രവൃത്തി അങ്ങനാ ഇങ്ങനാ. അങ്ങിനെ കളരിയില്‍ തന്നെ പിള്ളേരൊക്കെ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞും ആക്ഷേപമുണ്ടാക്കി വെച്ചോണ്ടിരിക്കും. അത് ഗുരുനാഥന്മാരുടെ ഒരു ജോലിയാ. ഒരു സമ്പ്രദായത്തിനെപ്പറ്റി ആക്ഷേപിക്കുക. ഞാനെന്റെ കളരിയില്‍ ആ സമ്പ്രദായത്തെ പുകഴ്ത്തിയല്ലാതെ സംസാരിച്ചിട്ടില്ല. അതിന്റെ നല്ല വശങ്ങള്, നമ്മള്‍ മറ്റു വശങ്ങള് എന്തിനാ ആലോചിക്കുന്നേ. എല്ലാറ്റിനും നല്ല വശങ്ങളുണ്ട്. അപ്പൊ അവിടുത്തെ കളരിയിലൊന്നും.. പക്ഷെ എന്നാലും അസ്വാധീനമുണ്ടായിരുന്നു. ഒരിക്കല്‍ ഞാനൊരു വാക്ക് പറഞ്ഞായിരുന്നു. ഗുരു ഗോപിനാഥ് ഒക്കെ executive committee യില്‍ ഉണ്ടായിരുന്നു. അപ്പോള്‍  ഗോപിച്ചേട്ടനൊട് പറഞ്ഞു, ഒരു കാര്യം ചെയ്യുക, കലാമണ്ഡലം തന്നെ ഇത് തുടരണം എന്നില്ല, ഇവിടെ നിന്ന് ഒരു തുരങ്കം തൃശൂര്‍ക്ക് ഇടുക. എന്നിട്ട് ഈ കളരിയ്ക്ക് ചുറ്റാതെ ഒരു ഇത് ഉണ്ടാക്കുക. തെക്കന്‍ കളരിയില്‍ അതിനകത്ത് വെച്ചിട്ട് വേണ്ട സാഹചര്യം കൊടുത്തിട്ട് തൃശൂര്‍ വരെ എത്താനുള്ള സൌകര്യം ഉണ്ടാക്കാന്‍ പറഞ്ഞു. വേറെ എങ്ങോട്ടെങ്കിലും മാറ്റാന്‍ പറഞ്ഞപ്പോള്‍ നിയമം ഒക്കുന്നിലെന്ന് പറഞ്ഞു. അപ്പഴാ പറഞ്ഞേ. അത്ര അസ്വാധീനം ഉണ്ട് എന്നും, ബാക്കി ആള്‍ക്കാര് പിടിച്ചു നില്‍ക്കുന്നു എന്ന് പറഞ്ഞാല്‍ ആദ്യം തന്നെ ഏതാണ്ട് .. (ഇടയില്‍ ഫോണ്‍ വരുന്നു)

കലാമണ്ഡലത്തിലെ അനുഭവങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ആശാന്‍..
കലാമണ്ഡലത്തിലെ അനുഭവം.. അവിടെ നിന്ന് വേറേ ഏതെങ്കിലും ഭാഗത്തേയ്ക്ക് അതിന്റെ branch മാറ്റിയാല്‍ നന്നായിരുന്നു എന്ന് ഒക്കെ പറഞ്ഞു നോക്കിയതാ. നടക്കാതെ വന്നു. പിന്നെ അവിടെത്തന്നെ പിടിച്ചു നിന്നു. ആദ്യ വര്‍ഷം തന്നെ ഞാന്‍ ഒരു അരങ്ങേറ്റം ആയപ്പോള്‍ ഒരു മേളക്കാരെയൊക്കെ തന്നു. അതു വരെ എന്റെ കമ്പും എന്റെ പാട്ടും മാത്രമാ കുട്ടികളേ ആ കളരി ആ ആറു വര്‍ഷവും അത്യാവശ്യം മേളക്കാരെയൊക്കെ വല്ലതിനുമൊക്കയേ കിട്ടിയിരുന്നുള്ളൂ. തന്നെത്താനെ തന്നെ ചെണ്ടയുടെ ചൊല്ലും ചൊല്ലി പാട്ടും പാടി രൂപപ്പെടുത്തി എടുക്കുകയായിരുന്നു ഈ കൊച്ചുങ്ങളെ. ആദ്യത്തെ ബാച്ച്.

അപ്പൊ എന്താണ് ഈ മേളക്കാരെയൊക്കെ കിട്ടാന്‍..
തെക്കന്‍ കളരിയ്ക്ക് മേളക്കാരില്ല. വടക്കന്‍ കളരിയില്‍ നിന്ന് ആരെയെങ്കിലും അയച്ചു തരും ചിലപ്പൊ. പിന്നെ നമ്പീശന്‍ പ്രിന്‍സിപ്പാള്‍ ആയപ്പോള്‍ കുറെക്കൂടിയൊക്കെ സൌകര്യമായിട്ടൊക്കെ പള്ളം മാധവനേയും വാരണാസിയേയുമൊക്കെ അങ്ങോട്ട് അയച്ചു തന്നു. പിന്നെ മന്നാടിയാരും നമ്പീശന്‍‌കുട്ടിയുമൊക്കെ വന്നു. നല്ല കളരിയായിട്ട് പിന്നെ കൊണ്ടു പോയി അവിടെ.

വടക്കന്‍ കളരിയിലെ മേളക്കാരെത്തന്നെ പോരെ വാസ്തവത്തില്‍ ആശാന്‍..
അവരെ ഞാന്‍ .. മതി. അവരെ എണ്ണങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണ്ടയോ. വ്യത്യാസമുണ്ടല്ലൊ. തോടയത്തിനൊക്കെ ഒരുപാട് വ്യത്യാസമുണ്ട്. പുറപ്പാടിന് കുറെ വ്യത്യാസമുണ്ട്. അപ്പൊ മേളക്കാര്‍ ഇത് പഠിക്കണം. അത്രേയുള്ളൂ. ഇപ്പൊ കഴിവുള്ളവര്‍ക്ക്.. പഠിച്ചോര്‍ക്കത് ഉള്‍ക്കൊള്ളാന്‍ എളുപ്പം കഴിയും. അങ്ങിനെയല്ലേ എന്‍റെ കാര്യങ്ങളൊക്കെ നടക്കുന്നേ. അഷ്ടകലാശമൊക്കെ അവിടെയുള്ളവരും അത്യാവശ്യം എന്റെ കൂടെ കൂടാറുണ്ടല്ലൊ. എല്ലാര്‍ക്കൊന്നും പറ്റില്ല. കേശവന്‍ ഒക്കെ ആയാല്‍ വേറെ ആള്‍ സഹായിക്കാന്‍ നിക്കണം. അവനുണ്ടല്ലൊ .. മന്നാടിയാരുടെ അനന്തിരവനുണ്ടല്ലൊ.. കൃഷ്ണദാസ് .. അവന് ഈ മാര്‍ഗ്ഗിയില്‍ വന്നതു കൊണ്ട് ഈ എണ്ണങ്ങളെല്ലാം അറിയാം.

പിന്നീട് എന്തിനായിരുന്നു ആശാന് ഈ തൃശൂര്‍ക്ക് മാറ്റാനുള്ള ആലോചന ?
തൃശ്ശൂരിലേക്കല്ല. ഞാന്‍ വെറുതെ പറഞ്ഞതാ തമാശ. അവിടെനിന്ന് ഒരു തുരങ്കമിങ്ങ് തൃശ്ശൂര്‍ക്ക് വിട്ടേക്കാന്‍. അവരുമായിട്ട് ഒരു ബന്ധവും വേണ്ടല്ലൊ എന്ന്. രണ്ട് സമ്പ്രദായം ഒരെണ്ണത്തിന്റെ, കഥകളി തന്നെയല്ലയോ ഒന്ന്. അതിന്റെ രണ്ട് സമ്പ്രദായം ഒരിടത്തു തന്നെയായാല്‍ എങ്ങിനെയായാലും അതിന്റെ പ്രയാസങ്ങള്‍ കുട്ടികള്‍ക്ക് വരും, ആശാന്മാര്‍ക്കും വരും ചിലപ്പൊ. കുട്ടികള്‍ക്ക് കൂടുതല്‍ വരും. അപ്പറുത്തു നിന്ന് ഇങ്ങോട്ട് കളിയാക്കും, ഇവര്‍ അങ്ങോട്ട് കളിയാക്കും. അപ്പൊ രണ്ടു പേര്‍ക്കും സ്പര്‍ധയായ രൂപം വരുമേ. നമ്മളെപ്പോലെ പാകതയുള്ളവര്‍ അത് അറിഞ്ഞല്ലേ പെരുമാറുള്ളൂ. പാകതയില്ലാത്തോര്‍ക്ക് അത് കൊള്ളത്തില്ലടാ ഇത് കൊള്ളത്തില്ലടാ എന്ന് പറയാന്‍ വിഷമമൊന്നുമില്ലല്ലൊ. ആ അസ്വാധീനം കൊണ്ടൊന്ന് മാറ്റിയാല്‍... അമ്പലപ്പുഴയില്‍ ഒരു ബ്രാഞ്ചിനു വേണ്ടി അന്ന് കമ്മറ്റിയിലിരുന്ന RSPയുടെ ഒരാള്‍ അമ്പലപ്പുഴക്കാരന്‍ ഉണ്ടായിരുന്നു. അയാള്‍ കുറെ ശ്രമിച്ചതാ. അത് നടക്കാതെ വന്നു. പിന്നെ കലാമണ്ഡലത്തില്‍ തന്നെയങ്ങ് സ്ഥിരമാക്കി. അതു കഴിഞ്ഞപ്പോള്‍ ഞാന്‍ ഒമ്പതു വര്‍ഷം.. അതായത് മൂന്നാമത്തെ ബാച്ച്.. മൂന്നാമത്തെ ബാച്ച് എനിക്കതില്‍ കൃഷ്ണകുമാറും, വിജയനും ആയിരുന്നു. ഇപ്പോള്‍ കലാമണ്ഡലത്തിലെ അധ്യാപകന്‍ കൃഷ്ണകുമാറില്ലേ. അവനും വിജയന്‍ ലണ്ടനില്‍ ഒരു മദാമ്മയേയും കൊണ്ടൂ നടക്കുന്നേ.. ഒരു വിജയനെ അറിയാമൊ? ബാര്‍ബറ വിജയന്‍ (ആണ് ഭാര്യ). ഇത് രണ്ടൂമായിരുന്നു എന്റെ അവസാനത്തെ കുട്ടികള്‍. അവരെ അരങ്ങേറ്റം കഴിഞ്ഞ് ആണ് ഞാന്‍ അവിടുന്നു പോരുന്നേ. അരങ്ങേറ്റം കഴിഞ്ഞിട്ടാണ് പിന്നെ വടക്കന്‍ കളരിയ്ക്ക് അവരെ കൊടുത്തത്. അവരിപ്പം വടക്കന്‍ കളരി ആളുകളാ. പക്ഷെ അരങ്ങേറ്റം വരെ ഞാനാ.. 2 വര്‍ഷം എന്റെ കുട്ടികളായിരുന്നു. അതിനെയങ്ങോട്ട്.. നമ്പീശനോട് പറഞ്ഞു നമ്പീശാ, ആശാന്‍ വിളിച്ചായിരുന്നു. എം.കെ.കെ ആശാനും കൂടി     പറഞ്ഞു വാസ്യേവന്‍ ഇങ്ങ് പോരൂ. ഇവിടെ വാസ്യേവന്‍ തന്നെ വേണം, കളരിയ്ക്ക് എന്ന് പറഞ്ഞു.

മടവൂരാശാന്‍ പോന്നതിനു ശേഷം പിന്നെ തെക്കന്‍ കളരിയില്‍ ആചാര്യന്മാര്‍ അപ്പൊ അവിടെ ഉണ്ടായിരുന്നില്ല അല്ലേ.
ഇല്ല. ഞാന്‍ പോന്നു കഴിഞ്ഞതിനു ശേഷം ശിവശങ്കരപ്പിള്ളയെ പിന്നെ വിളിച്ചു. പിന്നെ പോയി കുറെക്കാലം ഇരുന്നു. രാജശേഖരനെ അവിടെ സ്ഥിരപ്പെടുത്തി.

പിന്നെയാണ് കലാഭാരതിയിലേക്ക് എത്തുന്നത്..
ഞാന്‍ അവിടെ നിന്ന് കലാഭാരതിയിലേക്ക് ഇങ്ങ് പോന്നു. നേരേ. രാജി വെച്ചു പോന്നു. അല്ലെങ്കില്‍ ചെറിയ പെന്‍ഷനൊക്കെ കിട്ടിയേനേ. അന്നു പിന്നെ അതിനെപ്പറ്റി പ്രതീക്ഷയൊന്നുമില്ലല്ലൊ. അഭിമാനമാ. വേറൊരു സ്ഥലത്ത് അല്ലേ പോകുന്നേ. അവരു ചോദിച്ചാല്‍ മറുപടി കൊടുക്കാന്‍ ഒക്കെ പോണം. അതു കൊണ്ട് രാജി വെച്ചേച്ച് ഇങ്ങു പോന്നു. മന്നാടിയാരൊക്കെ എന്നെ വഴക്കു പറഞ്ഞായിരുന്നു. എന്താ വാസു നായരേ ഇങ്ങിനെയൊക്കെ പ്രാന്തു കാണിക്കുന്നത് ? വലിയ കാര്യമായിരുന്നു മന്നാടിയാര്‍ക്കെന്നെ. ജീവനായിരുന്നു എന്നെ. അങ്ങിനെയാണ്..അവരിങ്ങോട്ട് പോരാന്‍ പറഞ്ഞു, ഞാന്‍ നേരേ അവിടുന്ന് രാജി വെച്ച് ഇങ്ങോട്ടിങ്ങ് പോന്നു. ഇവിടെ വന്നു, ഇവിടെ കളരി തുടങ്ങി. പിന്നെ ഗവണ്മെന്റില്‍ നിന്ന് സ്റ്റൈപന്റൊക്കെ കിട്ടിത്തുടങ്ങി. ഗ്രാന്റുമൊക്കെ. അങ്ങിനെ അവിടെ കുറച്ചു കാലം കാര്യമായിട്ട്, ആശാനും കൂടെ ഉള്ള കാലം, കളിയൊക്കെ നടന്നിരുന്നു, ഇപ്പഴും പ്രിന്‍സിപ്പാള്‍ ഞാനായിട്ട് ഇരിക്കുകയാണ്. ഔദ്യോഗികമായിട്ട്.

ഈ കലാഭാരതി സ്ഥാപിക്കുന്നതിന്റെ ആ ഒരു സമയം ഒന്നു പറയാമോ?
കലാഭാരതി സ്ഥാപിക്കുന്നത് ഒരു.. ചെങ്ങന്നൂര്‍ ആശാന് ഇങ്ങിനെ ഈ ഭാഗത്തൊക്കെ കളിക്ക് വരും, അപ്പൊ ദേവദാസ് എന്നും പറഞ്ഞ ഒരു  അഡ്വക്കേറ്റ് ഉണ്ട്. ആയാളും കഥകളി പഠിച്ചിട്ടുണ്ട് കുറച്ച്. അയാളാ ഇതിന്റെ സ്ഥാപകന്‍. അവിടെ ഒരു കുടിപ്പിട നാരായണപ്പിള്ളയുണ്ട്. അയാളാണ് എം.കെ.കെ.നായര്‍ സ്മാരകമൊക്കെ ഉണ്ടാക്കിത്തന്നത്. പകല്‍ക്കുറിയിലെ രണ്ട് പൌരന്മാരാ. അവര്‍ക്കിങ്ങിനെ അവിടെ ഒരു കഥകളിയുമൊക്കെ ഇങ്ങിനെ തുടങ്ങിയാല്‍ കൊള്ളാം എന്ന് വേറൊരു ആശാന്‍ അവിടെ പലരേയും പഠിപ്പിച്ചു കൊണ്ടിരുന്ന കൂട്ടത്തില് .. ഈ ദാസ് എന്നു പറഞ്ഞ ആളെ ഒരു നളന്‍ പഠിപ്പിച്ചു. പഞ്ചായത്തുപ്രെസിഡന്റാ അന്ന്. അതു കഴിഞ്ഞപ്പൊ എന്നെ കണ്ടപ്പൊ .. എന്റെ പഞ്ചായത്താ അവിടെ വരിക. ഒടുക്കം ഞാന്‍ ചെന്ന് അയാളെ ബാലിവിജയത്തില്‍ രാവണന്‍ ചൊല്ലിയാടിച്ചു. ഇതൊക്കെ കഴിഞ്ഞപ്പൊ അവിടെ കളരി നേരേയാക്കണം എന്നുള്ള ഒരു മോഹം വന്നു. അങ്ങിനെയാണ് ചെങ്ങന്നൂരാശാനെ സമീപിച്ച്   ഒരു ദിവസം വിളിച്ച് അങ്ങോട്ട് കൊണ്ടു പോയി, പകല്‍ക്കുറിയിലെ അമ്പലത്തില്‍ . നല്ല ഒരു വിഷ്ണു ക്ഷേത്രമുണ്ട്. ആറുണ്ട്. ഇത്തിക്കരയാറ്‌. അതിന്റെ  കരയായിരുന്നു. അന്തരീക്ഷവും നല്ലതാ. അവിടെ കളരി തുടങ്ങാനായിട്ടുള്ള ആലോചന വന്നു. ആശാനെ സമീപിച്ചു. ആശാന്‍ അവിടെ ചെന്നു അങ്ങിനെ അതിന്റെ ചെറിയ ആരംഭമൊക്കെ ആയി. കലാവിജയം എന്നു പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. കലാവിജയം എന്ന് പേരും ഇട്ട് ഒരു കളരി തുടങ്ങി. ആശാന്‍ കച്ചകെട്ടൊക്കെ നടത്തി. അപ്പം ആശാന്‍ ഇല്ലാത്തപ്പം ഞങ്ങള്‍ ആരെങ്കിലുമൊക്കെ ചെന്ന് ആശാന്റെ കൂടെ സഹകരിച്ചങ്ങിനെ നില്‍ക്കുന്ന രൂപത്തിലൊരു കളരിയുടെ ഛായയില്‍ അങ്ങ് തുടങ്ങി. അങ്ങിനെയിരിക്കുമ്പൊ ഇതിനെപ്പറ്റിയൊന്ന് സംസാരിക്കാനായിട്ട് എം.കെ.കെ.യുടെ അടുത്ത് പോയി. അദ്ദേഹം അന്ന് വലിയ ദോഷം കൂടാതെ നില്‍ക്കുന്ന കാലമാ. അവിടെ ചെന്ന് ഇങ്ങിനെ ഒരു കളരി തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു, അങ്ങ് അതിന്റെ സ്ഥാനത്ത് ഇരിക്കണം എന്ന് പറഞ്ഞു. വലിയ പാടാ. അദ്ദേഹം FACTല്‍ കഥകളി ഉണ്ടാക്കി വിഷമിച്ചേച്ച് ഇരിക്കുകയാ. “ഒരു കഥകളി സ്കൂളൊക്കെ നടത്തിപ്പൂവാന്‍ വലിയ പാടാ. ദാസനോട് പറഞ്ഞു ഒരു വിധം നരക്കും. നാരായണപ്പിള്ളയെപ്പോലെയുള്ള ഉള്ളവര്‍“ -ഉടുപ്പിടാത്ത ആളാ നാരായണപ്പിള്ള- “ഇദ്ദേഹത്തെ പോലുള്ളവര്‍ ഉള്ളതു കൊണ്ട് കാര്യം നടക്കും”. ഒരു കാരണവരുടെ ഛായയുണ്ടേ. ഏതായാലും അദ്ദേഹം വന്നു. അങ്ങിനെ ഈ കലാഭാരതി എന്നു പേരു തൊട്ട് അത് ഒരു ട്രസ്റ്റിനെ കീഴില്‍ വലുതായിട്ട് ഇങ്ങിനെ തുടങ്ങി.

ഗ്രൂപ്പ് ഫോട്ടോഅതില്‍ ആദ്യം തന്നെ ഒരു പാട് ശിഷ്യന്മാര്‍ ഉണ്ടായിരുന്നില്ലേ.
ഉണ്ടായിരുന്നു, കുറേ പേര്‍ ഉണ്ടായിരുന്നു.

ഈ കലാമണ്ഡലത്തീന്ന് രാജി വെച്ച് പോരുമ്പോള്‍ അത്രേം വലിയ ഒരു സ്ഥാപനത്തില്‍ നിന്ന് രാജി വെച്ച് പോരുമ്പോള്‍ ഉള്ള ഒരു ധൈര്യം ആശാന്റെ ഭയങ്കരമായിരുന്നു..
എന്റെ ആശാന്‍ പറഞ്ഞു. ഞാന്‍ ജോലി നോക്കിയും പെന്‍ഷന്‍ മേടിച്ചും ജീവിക്കാന്‍ വിചാരിച്ചതൊന്നുമല്ലല്ലൊ. ഞാന്‍ അവിടെ ചെന്ന് കയറിയ കൊല്ലം തന്നെ അന്നത്തെ കാലത്ത് 4000 രൂപയുടെ നഷ്ടം ഉണ്ട് ഒരു വര്‍ഷം. 500 രൂപ എങ്ങാണ്ട് അവിടെ ശമ്പളമുണ്ട്. കളിയത്രയും ഇവിടെയാ. അവിടുന്ന് വന്നു പറ്റാന്‍ പറ്റാതെ വന്നു. ആകപ്പാടെ കണക്കു കൂട്ടി വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും..4000 എന്നു പറഞ്ഞാല്‍ 40000-50000നും മേലെയാണ്. അന്നത്തെ തുക വ്യത്യാസമുണ്ടേ. 68-70 കാലമാ. പിന്നെ അവിടെ പോയതില് സ്വതേ തന്നെ കഥകളിയുടെ കുറെ കാര്യങ്ങള്‍ രൂപപ്പെടൂം, അവരുടെ സമ്പ്രദായമൊക്കെ ആയിട്ടും ബന്ധപ്പെടാനും ഒക്കെ കാര്യം നടന്നു. വിദേശയാത്രകള്‍ കുറേ ഉണ്ടായി. അതൊക്കെ ഒരു വലിയ നേട്ടമായിരുന്നു. പിന്നെ കലാഭാരതിയില്‍ ഞങ്ങള്‍ ജര്‍മ്മനിയിലും ലണ്ടനിലും പിന്നെ ഞങ്ങള്‍ പോയി. എന്നാലും ആദ്യത്തെ പോക്കത്രയും അവിടെ ആയിരുന്നല്ലൊ. അങ്ങിനെ കുറെ കാര്യങ്ങള്‍ ഉണ്ടായി. പിന്നെ ആശാന്‍ പറഞ്ഞു ഇങ്ങ് പോന്നു. വേണ്ടപ്പെട്ടവര്‍ക്കൊക്കെ പരാതിയുണ്ടായിരുന്നു. അതൊന്നും ഞാന്‍ ചെവിക്കൊള്ളില്ലല്ലൊ. എനിക്കങ്ങിനെ ഭയവുമില്ല.. അന്നുമില്ല, ഇന്നുമില്ല. കലാമണ്ഡലത്തില്‍ ഇരുന്നാല്‍ എന്തുവാ? അവിടെ 60 വയസ്സ്.. 55 വയസ്സ് ആണ് നിയമം, 60 വയസ്സു വരെയേ ഉള്ളൂ. അന്ന് പെന്‍ഷനുമില്ല. അതു കഴിഞ്ഞ് എങ്ങോട്ട് പോകും ? അപ്പൊ അതൊരു വലിയ കാര്യമൊന്നുമല്ലായിരുന്നു.

വാസ്തവത്തില്‍ ആശാന്‍ ..
ഇച്ചിരി പരിഭവം..സാമ്പിത്തകമായി ഞെരുക്കമൊക്കെ വരുമ്പോള്‍ ദേഷ്യം വരും. അപ്പൊ അതൊക്കെ.. അവിടുന്നൊന്നും തരാനുമില്ല. ഇവിടെ വന്നെങ്കിലും തരാനൊന്നുമില്ല. പിന്നെ ഗ്രാന്റ് ഒക്കെ അനുവദിച്ച് വന്നത് പിന്നെയാണേയ്. ഒരു രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞാ. അതും കൂടെ ആയപ്പൊ എല്ലാര്‍ക്കും പിടിക്കായ്ക കുറച്ചുകൂടി ആയില്ലേ? കളികളുണ്ട്. കളിയ്ക്ക് പോകും. പിന്നെ ഒന്നിനെപ്പറ്റിയും അങ്ങിനെ ആവേശമായ ബഹളങ്ങളൊന്നുമില്ല. ജീവിതത്തിനെപ്പറ്റി അങ്ങിനെ പരിഭ്രമം ഒന്നുമില്ല. ആര്‍ത്തിയുമില്ല. ഇതു വരെ വലിയ ദോഷമൊന്നും തന്നിട്ടില്ല ഭഗവാന്‍. നമ്മള്‍ കടന്നു പിടിച്ചു, വാരിക്കൂട്ടി, അങ്ങിനെയങ്ങോട്ട് സുഖിക്കുന്നവരുണ്ട്. അവര്‍ക്കും സ്വൈരമൊന്നുമില്ല. അതിനേക്കാളുമൊക്കെ എത്രയും സുഖം. മനപ്രയാസങ്ങളൊന്നുമില്ല.

അത് തീര്‍ച്ചയായിട്ടും, അതാണ് ആശാന്റെ ഒരു..
ഒന്നിനോടൂം അങ്ങനെ ഒരു അമിതമായ ആര്‍ത്തിയില്ല. പിടിച്ച് കെട്ടും ബഹളവും, പിന്നെ കഥകളിയോട് വല്ലാത്ത ആര്‍ത്തിയുണ്ട്. അതിനോടുള്ള ഭ്രമവും, നല്ല സദസ്സില്‍ വേഷം കെട്ടാനുള്ള ഭ്രമവും.. കഥകളി എന്നു പറഞ്ഞാല്‍ അതു കഴിഞ്ഞേ ഉള്ളൂ എന്റെ ജീവിതത്തില്‍ എനിക്കെല്ലാം. അതാണ്.. എല്ലാം എന്റെ ഗുരുനാഥനാണ് എന്നാണ് ഞാന്‍ പറയുന്നെ. 16 വയസ്സ്.. 17 വയസ്സു മുതല്‍ ഒരു 12 വര്‍ഷം കയ്യില്‍ കൊണ്ടൂ നടന്നതല്ല്യോ ? സ്വഭാവരൂപീകരണവും, എല്ലാം ഗുരുനാഥന്റെ വകയല്ലേ. അതല്ലേ ഗുരുകുലത്തിനുള്ള ഗുണം.

അതാണ് ഞാന്‍ മുമ്പു ചോദിച്ചത് ആശാന്‍.. ഈ സ്വാഭാവരൂപീകരണം, ഒരു ശിഷ്യന്റെ രൂപവല്‍ക്കരണം, അയാള്‍ടെ മനസ്സ് സംസ്കരിച്ചെടുക്കല്‍, ഇങ്ങിനെ ഒരുപാട് കാര്യങ്ങള്‍ ഈ ഗുരുശിഷ്യന്മാര്‍ ഒന്നിച്ച് താമസിക്കുമ്പോള്‍ ഉണ്ടാകുന്നുണ്ട്. പക്ഷെ അതേ സമയം കലാമണ്ഡലം പോലെയുള്ള ഒരു സ്ഥാപനത്തില്‍.
അതൊന്നും ഇല്ല. അവിടെ  ആര്‍ക്കാ അങ്ങോട്ടും ഇങ്ങോട്ടും ബന്ധം? ശിഷ്യനാന്ന് ജനങ്ങള്‍ നല്ലത് എന്ന് പറയുന്നെങ്കില്‍ അവനെന്റെ ശിഷ്യനാന്ന് പറഞ്ഞ് ഗുരുനാഥന്‍ കേമം ഭാവിക്കും. ഒരുത്തര്‍ക്കുമില്ല ആത്മാര്‍ത്ഥത. പുത്രനു തുല്യമാണ് ശിഷ്യന്‍ എന്നാണ്. എനിക്ക് പുത്രനും മേലേയാ എന്റെ ശിഷ്യന്മാര്. അവരുടെ വളര്‍ച്ചയും അതിലാണ് ഞാന്‍ ആനന്ദം കൊള്ളുന്നത്. എന്റെ ഗുരുനാഥന്‍ ഒരു ദിവസം ഇരുന്നു പറഞ്ഞു, ഞങ്ങളെ എല്ലാരേം കരയിച്ചില്യോ.  ആശാന് ഒരു മോളേ ഉള്ളേ. അപ്പൊ ഞങ്ങള്‍ നാലു പേരും കൂടി അവിടെ ഒന്ന് കൂടി. അവര്‍ക്കൊക്കെ ഈ സമ്പ്രദായം ഉറപ്പില്ല എന്നെപ്പോലെ. ഞാന്‍ 12 വര്‍ഷം ആശാന്റെ കൂടെ നിന്ന് കളരിയില്‍ ജോലി ചെയ്തു. അവരൊക്കെ ഇടക്ക് ആശാനെ വിളിച്ച് അവിടെ കൊണ്ടു പോയി രണ്ടു മാസം പഠിച്ചു, ഒരു മാസം പഠിച്ചു, എന്നൊക്കെയേ ഉള്ളൂ.

നാലു പേര് എന്ന് പറഞ്ഞാല്‍..
നാലു പേരും - മങ്കൊമ്പും, ഹരിപ്പാടും, ചെന്നിത്തലയും. ഇവര്‍ക്കു വേണ്ടിയിട്ട് ഞാനും കലാമണ്ഡലത്തീന്ന് ഇവിടെ വന്ന് താമസിക്കുകയാ. ഇവര് .. ചൊല്ലിയാട്ടം ഒരു രൂപമാക്കിയെടുക്കാന്‍. കാടുമ്മൂടും ആയിട്ട് കിടക്കാതിരിക്കാന്‍. അങ്ങിനെ കുറച്ചു ദിവസം ഒരു മാസം അവിടെ താമസിക്കുന്ന ഇടയില്‍ ഒരു ദിവസം രാവിലെ ഒരു കഞ്ഞിയാണ്. കഞ്ഞി.. നെയ്യൊക്കെ മോരുകൂട്ടാനും ഒക്കെ ആയിട്ടിങ്ങനെ. ആ കഞ്ഞി കുടിക്കാന്‍ അങ്ങോട്ട് ഇരുന്ന് കഞ്ഞി കുടിച്ചോണ്ടിരിക്കുമ്പോ ആശാന്റെ ഭാര്യയോട് പറയുകയാ “എടീ, നിനക്ക് ആണ്‍‌മക്കള്‍ ഇല്ലെന്നാരാ പറഞ്ഞേ. നോക്ക്. ..പുലിയേ പോലെ നാല് ആണ്‍‌മക്കള്‍ ഇതാ ഇരിക്കുന്നു.” ഞങ്ങളെയൊക്കെ കുറെ നേരം കഞ്ഞി കുടിപ്പിക്കാതെ ആക്കിക്കളഞ്ഞു ആശാന്റെ ആ വാക്കേ. അമ്മേം കരഞ്ഞു മോളും കരഞ്ഞു. ലോകം മുഴുക്കെ അംഗീകരിക്കുന്ന നാല് എണ്ണമല്ലയോ. ഇത്രയും പ്രതാപമായിട്ട് ആണ്‍‌മക്കള് ആര്‍ക്കുണ്ടെടീ എന്ന് ചോദിച്ചു ആശാനേ. എന്നു പറഞ്ഞ പോലെ ശിഷ്യന്റെ .. ശിഷ്യന്മാര്‍ടെ വളര്‍ച്ച ഗുരുനാഥന് ഒരുപാട് ആനന്ദം കൊടുക്കുന്നതാ.

ചെങ്ങന്നൂരാശാന്റെ അവസാനകാലത്തൊക്കെ ആശാന്‍ ഉണ്ടായിരുന്നുവോ ?
ഉണ്ടായിരുന്നല്ലൊ. അവസാനസമയം വരെ ഞാന്‍ ഉണ്ടായിരുന്നു. ഞാന്‍ കലാമണ്ഡലത്തില്‍ ആയിരുന്നു. ആ കൂട്ടത്തില് തിരുവട്ടാര്‍ എന്ന് അങ്ങ് തെക്കന്‍ നാട്ടില് രണ്ട് കളിക്ക് വിളിച്ചു. ആശാന്‍ മരിക്കുന്നതിന്റെ തലേ ദിവസം അവിടെ ഒരു ആശാന്റെ ചുമതലയില്‍ മിത്രമഠത്തില്‍ അവിടെ ഒരു അമ്പലമുണ്ട്. അവിടെ ഒരു കളിയുണ്ട്. പട്ടാഭിഷേകമാണ് നിശ്ചയിച്ചിരിക്കുന്നത്. ശിഷ്യന്മാരെ എല്ലാം ആശാന്‍ തന്നെയാ ക്ഷണിക്കുന്നേ. ഔദ്യോഗികമായിട്ട്. ആശാന്റെ ക്ഷണനമൊക്കെ വരുന്നു. തമാശയുണ്ട് ആ എഴുത്തൊക്കെ വായിച്ചാല്‍. കഥകളിക്ക് വേറൊരാള്‍ വിളിക്കുന്ന പോലെ തന്നെയാ ആശാന്‍ എഴുതുന്നത് (ചിരിക്കുന്നു). ഞാന്‍ അവിടെ എന്റെ ഒരു ജരാസന്ധനും ഒരു ദിവസം ഒരു നരകാസുരനും രണ്ടു വേഷം അവിടെ.. കുരുത്തറ.. അതും കഴിഞ്ഞ് അവരൊട് നേരത്തേ പറഞ്ഞു വേഷം കഴിഞ്ഞാല്‍ ഉടനെ എന്നെ വിടണം എന്ന് പറഞ്ഞ് വെളുപ്പിനേ ഉള്ള വണ്ടിയില്‍ കയറി ചെങ്ങന്നൂരെത്തിയപ്പൊ ആശാന്റെ വീടിന്റെ അടുത്തുള്ള ഒരാളെ കണ്ടു. ആശാന്‍ ശകലം അവശതയിലാണ് എന്ന് പറഞ്ഞു. അവിടുന്ന് ഏതായാലും രണ്ട് രണ്ടര മൈലോളം ഉണ്ട്. നടക്കണം. നടന്നങ്ങു പോവുകയാ, അന്ന് അതൊക്കെയാണല്ലൊ. അവിടെ ചെന്നു കയറി അപ്പൊ ആശാന്‍ ബോധമില്ലാതെ കടക്കുകയാ. അടൂത്തു ചെന്ന് ആശാനേ ആശാനേ എന്നൊക്കെ വിളിച്ചു - ശബ്ദമില്ലല്ലൊ തൊണ്ടയൊക്കെ അടച്ചിരിക്കുകയല്ലേ. കിടന്ന് അലറിയും പിടിച്ചുമൊക്കെ. ആശാനിങ്ങനെ ബോധമില്ലാതെ കിടക്കുകയാ. എല്ലാവരും ഇങ്ങിനെ വെള്ളം ഒക്കെ തൊട്ടു കൊടുത്തുകൊണ്ട് ഇങ്ങിനെ ഇരിക്കുന്നുണ്ട്. അപ്പൊ ആശാന് വെച്ച കഞ്ഞി അവിടെ ഇരിപ്പുണ്ടായിരുന്നു. ചെല്ലമ്മച്ചേച്ചി പറഞ്ഞു വാസ്യേവാ നീ ഒന്നാ കഞ്ഞി നെയ്യും അവിടെ ഇരിപ്പുണ്ട് ഒന്നെടുത്ത് കുടിക്ക് എന്ന് പറഞ്ഞു. ചൂട് നെയ്യും കഞ്ഞിയില്‍ ഒഴിച്ച് കഴിക്കുന്ന ഒരു സമ്പ്രദായം ഉണ്ട് അന്നേ. ആശാന്റെ മകള് പറഞ്ഞു. ഞാന്‍ അവിടെച്ചെന്ന് കൊച്ചുമോള് കഞ്ഞിയൊക്കെ തന്നു. അത് കുടീച്ചുകൊണ്ടിരിക്കുമ്പൊ ആശാന്റെ അവസാന കണ്ണിയായിട്ട് തലവടി ഗോപി എന്നും പറഞ്ഞ ഒരു ശിഷ്യന്‍ ഉണ്ട്. തമാശയാണ് ആശാനും ശിഷ്യനും. അവന്‍ എവിടുന്നോ വന്നവിടെ കയറി. കേറി ആശാന്റെ അടുത്ത് ചെന്ന് “ആശാനെ ആശാനെ എന്തോ കിടപ്പാ കിടക്കുന്നേ” എന്ന് പറഞ്ഞ് കൊണ്ട് വാ വെച്ച് അവിടെയിട്ട് കുലുക്കി. വാസ്യേവേട്ടനും വന്നു എന്ന് പറഞ്ഞു. “വാസ്യേവാ.., വാസ്യേവാ..” എന്ന് രണ്ട് വിളി. അവരൊക്കെ കൂടി ഓടി വന്നു, ഞാന്‍ കഞ്ഞിയും കളഞ്ഞേച്ച് ഇങ്ങ് വന്നു..... പിന്നെ മിണ്ടിയിട്ടില്ല. ബോധവും പോയി. മരിച്ചൊന്നും ഇല്ല. പിന്നെ പഴയതു പോലെ തന്നെ ആയി. പിന്നെ ഞാന്‍ അവിടെത്തന്നെ നിന്നു. അന്ന് കളി നടന്നു. എന്റെ ശ്രീരാമനാ. പട്ടാഭിഷേകം. രാമകൃഷ്ണപ്പിള്ളയുടെ ഹനുമാനും ചെല്ലപ്പന്‍ പിള്ളയുടെ ഭരതനും .. ശിവശങ്കരപ്പിള്ള ഒരു ഓപ്പറേഷനായിട്ട് അവിടെ കടന്നിരുന്നു, കലാമണ്ഡലത്തില്. അയാള് ഇവിടെ എങ്ങാണ്ടോ എന്തോ എന്ന് പറഞ്ഞ്. പിന്നെ ചന്ദ്രമനയെ വിളിച്ചിരുന്നു.ചന്ദ്രമനയുടെ കിരീടം ഒക്കെയായിട്ട് ഇങ്ങിനെ നടത്തി ഒരു പട്ടാഭിഷേകം. ഇടയ്ക്കിടയ്ക്ക് നാരായണപ്പിള്ളയൊക്കെ അവിടെ പോയി അവിടുത്തെ അന്തരീക്ഷമൊക്കെ അറിഞ്ഞേച്ച് ഇങ്ങ് വരും. അങ്ങിനെ തന്നെ കിടക്കുന്നു. പിന്നെ ഡ്രിപ്പ് ഒക്കെ കൊടുത്തായിരുന്നു. കളിയൊക്കെ കഴിഞ്ഞ് അവിടെ ചെന്നു. അവരെല്ലാം വേറെ ആവശ്യത്തിനൊക്കെ പോയി, ശിഷ്യന്മാര്. ഞാന്‍ അവിടെ തന്നെ ഇരുന്നു. എനിക്ക് അടുത്ത ദിവസം ഒരു കളിയുണ്ടായിരുന്നു, അപ്പൊ ആരോ പത്രത്തില്‍ കണ്ട് പീതാംബരനും ഒക്കെ കൂടെ വന്നായിരുന്നു. ഞാന്‍ പിന്നെ പീതാംബരന്റേല് ഒരെഴുത്തും കൊടുത്തയച്ച് ഒഴിഞ്ഞു. അവിടെ ചെന്ന് .. ഒരു പുഷ്കരനായിരുന്നു. ...... അങ്ങിനെ ആശാന്റെ മരണം വരെ അവിടെത്തന്നെ ഇരുന്നു. അവസാനം ജീവന്‍.. എന്നോട് ഒരുത്തന്‍ പറഞ്ഞത് ഞങ്ങള്‍ അവിടെ വായിച്ചോണ്ടൊക്കെ ഇരുന്നപ്പൊ ഒരുത്തന്‍ പറഞ്ഞു ആട്ടെ ആ കഴുത്തിന്റെ അവിടെ ഒന്ന് വിരലൊന്ന് ഓടിച്ചേക്കാന്‍ പറഞ്ഞു. വിരലൊന്ന് ഇങ്ങിനെ ആക്കിയപ്പൊ കാണാം ചെല്ലമ്മച്ചേച്ചി ഒരു വിളി വിളിക്കുന്നത് കേട്ടു. ഡ്രിപ്പ് അങ്ങ് നിന്നു. ഇവിടെ (കഴുത്തില്‍) ഇങ്ങിനെ ഞരമ്പ് മുഴച്ചിട്ടുണ്ട്. അത് അവസാനത്തെ പ്രയോഗമാണെന്ന് എനിക്കറിയാമോ. എന്നോട് പറഞ്ഞത് അവിടുത്തെ ഈ കര്‍മ്മിയായിട്ട് നിന്നവരാ. കൈ കൊണ്ട് അങ്ങ് തടവിയേക്കാന്‍ പറഞ്ഞു. ഒന്ന് തടവിക്കഴിഞ്ഞതും ചെല്ലമ്മച്ചേച്ചിയുടെ വിളി. അപ്പഴാ ഞാന്‍ അന്തം വിട്ടത്. അപ്പൊ ജീവന്‍ പോയി.

അതു ശരി അതു ശരി.. ആശാന്‍ വാസ്തവത്തില്‍ ഒരു അല്‍ഭുതകരനായ വലിയ വിസ്മയമായ നടന്‍ ആയിരുന്നില്ലേ അന്നത്തെ കാലത്തെ സംബന്ധിച്ചിടത്തോളം, ചെങ്ങന്നൂരാശാന്‍ എന്ന് പറയുന്നത് ഒരു കാലത്തിന്റെ മുഴുവന്‍..
പിന്നെ.

അദ്ദേഹത്തിന്റെ കത്തി വേഷത്തിന്റെ പ്രത്യേകത എന്തായിരുന്നു ആശാന്‍ ഇപ്പൊ ചിന്തിക്കുമ്പോള്‍ ? ഗുരുനാഥന്റെ കത്തി വേഷത്തെപറ്റി ആശാന്റെ കുറച്ചു വാക്കുകള്‍..
ആശാന്റെ കത്തി വേഷത്തെപ്പറ്റി പറയാനെന്ത് പ്രത്യേകതയെന്തുവാ. ഇതു തന്നെ. ഇപ്പൊ എന്റെ കത്തി വേഷങ്ങള് കാണുന്നില്ലേ. എന്റെ ഒരു ജരാസന്ധനോ ഒരു ബാണനൊ ഒക്കെ കാണുമ്പോള്‍ ആശാനെ അതിനകത്ത് പൂര്‍ണമായിട്ട് കാണാം. കുറച്ചു കൂടെ മിഴിവ് മറ്റേതിന് ഉണ്ടായിരുന്ന് എന്ന് ആണ് ഓരോരുത്തര് പറയുന്നേ. എന്നാലും ഞാന്‍ ഇതീക്കൂടെ കണ്ടൂ കഴിഞ്ഞപ്പൊ .. റ്റി.വി.യില്‍ കണ്ടപ്പഴാണ് ചെല ഭാഗമൊക്കെ ആശാനാണ് എന്ന് എനിക്ക് തോന്നിയിട്ടുള്ളത്. എന്നെത്തന്നെ. അല്ലെങ്കില്‍ നമുക്ക് അറിയാന്‍ ഒക്കുകയില്ലല്ലൊ. വേഷത്തിനും ആ ഛായയുണ്ട്. ആശാന്റെ ഛായയുണ്ട് എന്റെ വേഷത്തിനു. എങ്ങിനെ വന്നു എന്നൊന്നും അറിയാന്‍ ഒക്കുന്നില്ല. ആശാന്‍ വേഷം ഒരുങ്ങിയിരിക്കുന്നതു പോലെ തന്നെ തോന്നും ആ ചെല വേഷങ്ങള്‍ ആ കത്തി വേഷങ്ങള്‍ തീര്‍ന്നു കഴിഞ്ഞാല്‍. ചെങ്ങന്നൂരാശാന്‍ ആണെന്നു തന്നെ തോന്നും. ദേണ്ടെ ഇരിക്കുന്നു. ചെങ്ങന്നൂരാശാന്റെ അഭിനയത്തിന്റെ ഒരേ രൂപമാ അത്. ജരാസന്ധനൊക്കെ ഇങ്ങിനെയായിട്ട് നോക്കിയിട്ട് അന്തം വിട്ട് നിക്കുന്ന ഒരു രംഗമാ. എന്ന് പറഞ്ഞു പോലെയുള്ള ഭാവമാ ആശാന്. പിന്നെ വലിയ ആജ്ഞാശക്തിയാ രംഗത്തൊക്കെ വന്നാലേ. കണ്ണൊക്കെ അത്ര വലുതൊന്നും അല്ല. ഒരുപാടിട്ട് ഓടിക്കത്തൊന്നുമില്ല. പക്ഷെ രൂക്ഷമാ. ഒരാളെ ഇപ്പൊ ഇങ്ങോട്ട് വിളിച്ചാല്‍ കാണികള്‍ എണീച്ച് വന്നു പോകും. ദൂതനെ വിളിക്കുന്നതായിട്ടാണെങ്കിലും.. വരാനല്ലയൊ പറഞ്ഞേ എന്ന് ഭാവിച്ചു കഴിഞ്ഞാല്‍ നേരേ ഇരിക്കുന്ന ആട്ടക്കാര്‍ക്കും ഞങ്ങള്‍ക്കും പേടിയാ. ആശാന്‍ അങ്ങിനെ വിളിച്ചാല്‍ എണീച്ചു ചെല്ലാനും ഒക്കത്തില്ല, എണീക്കാതിരുന്നാലും പാട്. ആശാന്റെ പ്രയോഗങ്ങള്‍ അങ്ങനെയാ. ഭയങ്കരമാ. അത് ആരും അതിന്റെ താഴയേ ഉള്ളൂ. ഏതെ വേഷക്കാരനും വന്നാലും അതിന്റെ ആശാന്റെ താഴെയായിട്ടേ അവിടെ നിക്കാനൊക്കൂ. അതായിരുന്നു അതിന്റെ ഒരു ഗൌരവം. കത്തി വേഷമാണ്. വേറെ വേഷങ്ങള്‍ക്ക്.. ഹനുമാനൊക്കെ നല്ലതായിരുന്നു. കാട്ടാളന്‍. ധാരാളം കാണാം. വേറെ പച്ച വേഷങ്ങളില് ബാഹുകന്‍ മാത്രം നല്ലതായിട്ട് തോന്നിയിട്ടുണ്ട്. മൂന്നാം ദിവസം.

ആശാന്റെ മൂന്നിലെ ബാഹുകനൊക്കെ കണ്ടതു കൊണ്ട് ചോദിക്കുകയാണ്. മൂന്നിലെ ബാഹുകന്റെ ഒക്കെ ആട്ടങ്ങളില്ലേ ഈ വനയാത്രയുടെ ഒക്കെ അട്ടം, അതെങ്ങനെയായിരുന്നു എന്ന് ഒന്ന് ഓര്‍മിക്കാന്‍ പറ്റുമോ ?
അതായത് ഈ മാനിന്റെ പ്രസവമൊന്നും അന്ന് ആടിയിരുന്നില്ല. അന്ന് ജന്തുക്കളെല്ലാം പാഞ്ഞ് അങ്ങോട്ട് പോയി ഇങ്ങോട്ട് പോയി ഗുഹയ്ക്കൊക്കെ പാഞ്ഞ് കയറി കാട്ടു തീ മൂടി എല്ലാം അങ്ങിനെ തുടങ്ങി, എല്ലാം ഈശ്വരനിശ്ചയം എന്നൊക്കെ പറഞ്ഞ് ആ ജാതി ഒരു ആട്ടം ആടി അങ്ങ് കളയുകയേ ഉള്ളൂ. പിന്നെ ഇതു പോലെ തന്നെ ചെന്ന് ഗോക്കളെ മേക്കുന്നവരെയോ നാട്ടിലേക്കിറങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു കൊണ്ട് ഇങ്ങിനെയങ്ങോട്ട് പോകുമ്പൊ ..

കൊടിക്കൂറ കാണുന്നത് അങ്ങിനെ ഒക്കെ ഉണ്ടോ ?
അതൊക്കെ എല്ലാം കാണുമല്ലൊ. രാജധാനി അങ്ങ് കണ്ടൂ പോകുമല്ലൊ. രാജ്യത്ത് കടന്നു. കുറച്ച് സഞ്ചരിച്ചു. ഓരോ വസ്തുക്കളും കണ്ടിട്ട് അതിന്റെ അതിശയത്തില്‍ ഇയാള് വീഴുന്നില്ല. എന്റെ കാര്യം ആലോചിച്ചാല്‍ ഇതൊക്കെ എന്തുവാ. എന്നങ്ങ് കളയും. ഞാന്‍ ചക്രവര്‍ത്തിയായിരുന്നില്ലേ ഇദ്ദേഹം. പക്ഷെ നമ്മള് നാടകമല്ലയോ. അപ്പൊ അതിന്റെ കുറെ കാര്യങ്ങള് കാണണമല്ലൊ. അങ്ങനെ കണ്ടൂ പോവുക. അങ്ങിനെ പിന്നെ കൊട്ടാരത്തില്‍ ചെല്ലും അതൊക്കെ ആട്ടത്തിന്റെ സമ്പ്രദായം അതൊക്കെയല്ലെ ഒക്കൂ. പിന്നെ ഗൌരവമായിട്ട് അതുള്‍ക്കൊണ്ടു കൊണ്ട് അന്തം വിട്ടു നില്ക്കുകയില്ല. ആദ്യം എന്തോ അപാരത കാണിച്ചു കഴിഞ്ഞിട്ട് “ഇതിനൊക്കെ എന്താ ശാശ്വതമുണ്ടോ? എന്റെ കാര്യമാലോചിച്ചാല്‍, എന്റെ കൊട്ടാരമാലോചിച്ചാല്‍ ഇതൊക്കെ എന്തോ ഉണ്ട് അതിന്റെ എത്രയും താഴെയല്ലേ?” എന്നതിനെ കളയും. അങ്ങിന്യൊക്കെ കുറെ പ്രകൃതമുണ്ടായിരുന്നു.

ആശാന്റെ മടവൂരാശാന്റെ തോരണയുദ്ധ ഹനൂമാനൊക്കെ കണ്ടിട്ടുണ്ട്. വളരെ വ്യത്യസ്തമായിട്ടുള്ള ആട്ടമൊക്കെ. അതൊക്കെ ചെങ്ങന്നൂരാശാന്റെ കയ്യിലുണ്ടായിരുന്നോ ? അദ്ദേഹം ചെയ്തിരുന്ന പോലെയാണോ ?
ആശാന്റെ ഹനൂമാനൊന്നും എനിക്ക് നല്ല ഓര്‍മ്മ പോരാ. ആട്ടങ്ങളുടെ സമ്പ്രദായം ഒന്നാണല്ലൊ.

പിന്നീട് ആശാന്‍ സ്വന്തമായി ചേര്‍ത്ത മുമ്പു പറഞ്ഞ പോലെ മടവൂരാശാന്റെ സംഭാവനയായിട്ട് ..
അങ്ങിനെ അതൊക്കെ ഇടയ്ക്കിടയ്ക്ക് ഉണ്ടാകും. വേണമല്ലൊ. സ്വതേ തന്നെ കവി പറഞ്ഞിരിക്കുന്നെന്നു പറഞ്ഞ ഒരു ശ്ലോകമുണ്ട്. “തട്ടിയിട്ട്..” എന്നൊക്കെ. ഞങ്ങള്‍ക്ക് രാമായണത്തിലെ പോലെ തന്നെയാ. ആദ്യം സുരസയാ. അതു കഴിഞ്ഞിട്ടേ മൈനാകമുള്ളൂ. അതായത്, അതിന് വേറെയും ഒരു ഔചിത്യം ഞങ്ങള്‍ മനസ്സു കൊണ്ട് കാണുന്നുണ്ട്. ഒരാള്‍ അങ്ങിനെ സഞ്ചരിച്ചാല്‍ ഉടനെ അതിനെ ക്ഷീണം തീര്‍ക്കാന്‍ വിളിച്ചാല്‍ അതിന് എന്തു ഗുണമുണ്ട് ? മൈനാകത്തിന്റെ ജോലി അതല്ലേ ഉള്ളൂ? ഒരാള്‍ ചാടി ഉടനെ ഇതാ ഇവിടെ ഇരുന്നോ എന്ന് പറഞ്ഞാല്‍ അതിന് ഗുണമുണ്ടോ ? ഒരു മല്ല് കഴിഞ്ഞിട്ട് പിന്നെ സഞ്ചരിക്കുമ്പൊ ക്ഷീണം തീര്‍ക്കാന്‍ ഒരാള് വരുന്നതില്‍ ഭംഗിയുണ്ട്. രാമായണത്തില് അങ്ങിനെയാണ് പറഞ്ഞിരിക്കുന്നത്. ഇയാള് തട്ടിയിട്ട് എന്നൊക്കെ പറഞ്ഞ് അവിടം കളഞ്ഞേച്ചാണ് ആദ്യമേ മൈനാകത്തിനെ കാണുന്നത്. അത് അവരുടെ സമ്പ്രദായം. പക്ഷെ ഔചിത്യം ആലോചിച്ച് ചെയ്യുന്നതും, പുരാണത്തിനെ കൂട്ടു പിടിക്കുന്നതും, ഇതു കൊണ്ടാണ്. ആദ്യമേ മൈനാകം വരുന്നതിന് ഒരു സ്വാദ് കുറവുണ്ട് മനസ്സിന്. നമുക്കങ്ങോട്ടൊരു ചാടി ഉടനെ ഒരാള് വിശ്രമിക്കാന് വിളിച്ചാല്‍ കുറച്ച് ക്ഷീണം വരുമ്പഴല്ലയോ വിശ്രമിക്കാനും വെള്ളം കുടിക്കാനും ഒക്കെ ഉള്ളെ ഉത്സാഹം വരുന്നേ. അതു കൊണ്ടാ രണ്ടാമതു തന്നെയാണ് മൈനാകം. പിന്നെ മറ്റവള്, എന്തുവാ.. സിംഹിക.

ലങ്കാലക്ഷ്മി
അതു കഴിഞ്ഞാല്‍ പിന്നെ..

സാധാരണ പോലെത്തന്നെ. ഇനി അഴകിയ രാവണന്റെ ആട്ടം ഇപ്പൊക്കാണുന്ന പോലെ ആയിരുന്നോ ആശാന്‍ ? അതെങ്ങിനെയാണ് ആശാന്‍ ചെയ്യുന്നതിന്റെ വ്യത്യസ്തത ഒന്നു പറയാമോ ? “ഹിമകരം” ശ്ലോകം ചെയ്യുനതു പോലെ തന്നെയാണോ ?
അതെ.

അതു കഴിഞ്ഞ് സീതയുടെ അടുത്തെത്തിയിട്ടുള്ള ആട്ടത്തിലോ ?
അതായത് ഇയാള് .. തിരശ്ശീല താഴ്ത്തിയാല്‍ തന്നെ.. ചൂടാണ്. അവിടുന്നാണല്ലൊ ആ ശ്ലോകം ആടുന്നത്. ആ ശ്ലോകം ആടുന്നത്, ശ്ലോകത്തിന്റെ രീതിയിലാവൂല്ല. അത് രാവണന്റെ രീതിയിലേ ആ ശ്ലോകം ആടൂ. കളഭമൊക്കെ തട്ടി നോക്കി എല്ലാം അങ്ങോട് സഹിക്കുന്നില്ല ഒടുക്കം ഇന്നതാണ് കാരണമെന്ന് ഓര്‍മ്മ വന്നു. അതു കഴിഞ്ഞാല്‍ അവിടെ അടുത്തു പോയി സ്ത്രീകള്‍ക്ക് സ്വതേ വസ്ത്രാഭരണങ്ങളില്‍ ആര്‍ത്തി ഏറും. അതുകൊണ്ടു ചെന്ന് വെച്ച് അവരുടെ പ്രീതി സമ്പാദിക്കുക തന്നെ എന്ന് പറഞ്ഞ് കിങ്കരനെ കാണും. അവിടുത്തേയ്ക്ക് വേണ്ട വിഭവങ്ങളെല്ലാം ഒരുക്കി കൊണ്ടു വഴി കാണിച്ചോളൂ എന്ന് പറഞ്ഞ് ആടും. അതു കഴിഞ്ഞാല്‍ അരങ്ങത്തിന്റെ എതിരേ നിന്നാണ് വരവേ, അഴകിയ രാവണന്‍. പണ്ട് രൌദ്രഭീമനും ദുശ്ശാസനനും വരുന്നത് പോലെ. പണ്ട് രൌദ്ര ഭീമന്‍ വെളിയിലായിരുന്നു. രംഗത്ത് ദുശ്ശാസനനും. പന്തവും അത്രയും തെളിഞ്ഞായിട്ട് ഭീമസേനനാണ് അവിടെ, അങ്ങിനെയായിരുന്നു ഇവിടുത്തെ ഒരു സമ്പ്രദായം. അരങ്ങത്ത് വേറെ നിലവിളക്കല്ലേ ഉള്ളൂ. ഇന്നിപ്പൊ അരങ്ങത്ത് മറ്റേ വിളക്കും കൂടി ഉള്ളതു കൊണ്ട് പന്തത്തിനൊന്നും കാര്യമില്ലാതായി. അതുപോലെയാണ് അവിടുന്ന് ഇങ്ങിനെ രണ്ടു വശത്തും ഈ കിങ്കരന്മാരും മുത്തുക്കുടയോ അല്ലെങ്കില്‍ മേല്‍കട്ടിയൊക്കെ പിടിച്ച് അങ്ങിനെ നിരങ്ങി മേളത്തിനനുസുരിച്ച് ഇങ്ങിനെ വരുവാവും. “പൂയീം പൂയീം പൂയീം” എന്ന് പറഞ്ഞ് ഇവരിങ്ങനെ വഴിയും കാണിച്ച് അങ്ങിനെ വന്നാണ് ഈ കേറുന്നേ. പിന്നെ അതു കഴിഞ്ഞാലുള്ള ആട്ടം ശ്ലോകം ഒന്നും അങ്ങിനെ അവിടെ ഞങ്ങള്‍ ആടാറില്ല. ...ആ ശ്ലോകമൊന്നും ആടാറില്ല. അവിടെ വന്ന് കഴിഞ്ഞാല്‍ ഇങ്ങനെ കണ്ടൂ നീയെന്തിനാ ഇങ്ങിനെ ദുഃഖിച്ചിരിക്കുന്നേ, നിനക്ക് സുഖമായിട്ട് ജീവിച്ചു കൂടെ എന്നോട് ചേര്‍ന്ന് എന്നൊക്കെ രണ്ടു മൂന്ന് മുദ്രകള്‍ കാണിച്ച് അവള്‍ ഒന്നും പ്രതികരിക്കുന്നില്ല എന്ന് കണ്ട് ഇനി എന്തായാലും ഇവളെ പ്രീതിപ്പെടുത്തുക തന്നെ ഇതൊക്കെക്കൊടുത്ത് എന്ന് പറഞ്ഞ് ഓരോന്നോരോന്നായിട്ട്.. അവിടെ തമാശയൊക്കെ കാണിക്കും ഇടയ്ക്കിടത്ത് അളന്ന് .. അതൊക്കെ കോമാളിത്തരത്തിന് വേണ്ടിയിട്ട്.. അതിലൊന്നും പങ്കു ചേരില്ല രാവണന്‍. ഓരോന്നും വാങ്ങിച്ച് കൊണ്ടൂ വന്ന് കൊണ്ടു വെക്കുക. അവസാനം തിരശ്ശീലയും ഇതെല്ലാം കൂടെ ആണല്ലൊ അതൊക്കെ കൂട്ടി കൊണ്ടു പോയി വെച്ചാല്‍ ..

അവിടെ രാവണന് തിരക്കിനോക്കുണ്ടോ, തോരണയുദ്ധത്തില്‍ രാവണന്.. ?
തിരക്കിനോക്കുണ്ട്.

ഉണ്ടല്ലെ. സാധാരണ പോലെതന്നെ ?
സാധാരണ..

അത് അങ്ങോട്ടില്ല.
അങ്ങോട്ടുള്ളത് . അങ്ങോട്ട് ഉണ്ട് തിരനോക്ക്.

അങ്ങോട്ട് തിരശ്ശീല ഇങ്ങിനെ താഴ്ത്തുന്നതേ ഉള്ളൂ.
അവളേം കൊണ്ട് നിരങ്ങ്വ. മറ്റവന്‍ അപ്പുറത്തും ഇപ്പുറത്തും നിന്ന് കൂവുക.

ഇവിടെ സാധാരണ രീതിയില്‍ തന്നെ തിരക്കുനോക്കുണ്ട് ..
തിരക്കിനോക്കുണ്ട്. രാവണന്‍ സാധാരണ രാവണന്‍. അത് വേറൊരു ദോഷമുണ്ട്. ഭാര്യയെ പിടിച്ചു കൊണ്ടു വന്ന് സീതയാണെന്ന് വിചാരിച്ചാണ് എന്ന് നമ്മള്‍ എത്ര വര്‍ത്തമാനം പറഞ്ഞാലും ഭാവിച്ചാലും അവിടെ ഫലിക്കുകയില്ല. ദൃശ്യകലയല്ലേ.. ആ വ്യംഗ്യം എങ്ങനെ ജനങ്ങള് മനസ്സിലാക്കും? പോരെങ്കില്‍ ഈ കിങ്കരന്മാരെ അവിടെ നിര്‍ത്തുന്നതാണ് ഏറ്റവും നാശം. അവര്‍ കിടന്നു കൂവുമ്പോള്‍ ഇവന്‍ ഇവളെ കെട്ടിപ്പിടിച്ചിട്ടാണ് എന്ന് തോന്നില്യോ. കിങ്കരന്മാരേ അവിടെ പാടില്ല, അങ്ങിനെ വേണമെങ്കില്‍ തന്നെ. കുഞ്ചുവാശാന്‍ അവിടെ എഴുതി വെച്ചിട്ടുണ്ട്. ഒരു റിഫ്രഷര്‍ കോഴ്സ് ഉണ്ടായിരുന്നു പത്തു ദിവസത്തെ. അന്ന് “കഥകളിയിലെ അനൌചിത്യങ്ങള്‍“ എന്നു പറഞ്ഞ കൂട്ടത്തില്‍ തോരണയുദ്ധത്തിലെ ഈ തിരക്കിനോക്ക്, വടക്കന്‍ സമ്പ്രദായത്തിലെ തിരക്കിനോക്ക് അനൌചിത്യമാണ് എന്ന് കുഞ്ചുനായരാശാന്‍ എഴുതി വെച്ചിട്ടുണ്ട്. അതൊക്കെ അവരവിടെ മൂലയില്‍ വെച്ചിട്ടുണ്ട്. ഇപ്പഴും അവര് ഇതു പോലെ തന്നെ നിരങ്ങും. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇങ്ങിനെ ഒരു സമ്പ്രദായം ഞങ്ങള്‍ക്കുണ്ട് എന്ന് പറയുകയും ചെയ്തു ഞാന്‍. ആ അത് സ്വീകരിക്കാന്‍ കൊള്ളാവുന്നതാണ് എന്നും സംസാരിച്ചു. വല്യേ സദസ്സാ, മഹാപണ്ഡിതന്മാരും ഒക്കെ ഉണ്ട്. ഒരു പത്തു ദിവസത്തെ..

കുഞ്ചു നായരാശാന്റെ ഒപ്പം വേഷം കെട്ടുക ഒക്കെ ഉണ്ടായിട്ടുണ്ടോ?
പിന്നെ. ആശാന്റെ ഒപ്പം ഒരു പാട് വേഷം കെട്ടിയിട്ടുണ്ട്. ഇവിടെത്തന്നെ ഒരു സമ്പ്രദായം ഉണ്ടായി. ഒരു സ്ഥലത്തു വന്നപ്പൊ ഒരു സന്താനഗോപാലം. വാസുവുണ്ട് കൂടെ. വാസുപ്പിഷാരടി. അവന്റെ അര്‍ജ്ജുനനും, അതിന്റെ അടുത്ത കഥയിലെ ഒരു കത്തി വേഷമാണ് എന്റെ. അവിടെ കുറേ പേര്‍ക്ക് എന്റേയും ആശാന്റേയും കൂടെ സന്താനഗോപാലം കാണണമെന്ന്. ബഹളമായി. വാസു നാമം വെക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞു ഏയ് പറ്റില്ല. ഇനീപ്പൊ അത് പറ്റില്ല. വാസു തന്നെ ആയിക്കോളൂ. വാസു ചെന്ന് കുഞ്ചുവാശാനോട് പറഞ്ഞു. “ഏയ് അങ്ങിനെ ഒന്നൂല്ല്യ. കുട്ടി മറ്റേ വേഷം തേച്ചോളൂ. വാസു നായര് തേക്കൂ.” “ഓ” എന്ന് പറഞ്ഞു. അങ്ങിനെ സന്താനഗോപാലത്തില്‍ അര്‍ജ്ജുനന്‍ എന്റെ, ആശാന്റെ ബ്രാഹ്മണനുമായിട്ട്. അങ്ങിനെ ധാരാളം കൂട്ടുവേഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.

(തുടരും)

Article Category: 
Malayalam

Comments

ശ്രീ. മടവൂര്‍ ആശാന്റെ അഭിമുഖം വളരെ നല്ല അനുഭവം തന്നെയാണ് നല്‍കിയിരിക്കുന്നത്. ചെങ്ങന്നൂര്‍ ആശാന്റെ മരണ സമയത്ത് മടവൂര്‍ ആശാന് സമീപം ഞാനും ഉണ്ടായിരുന്നു. മരണത്തിനു ഒരു ദിവസം മുന്‍പുള്ള രാത്രി മുഴുവന്‍ തന്റെ ശിഷ്യന്മാര്‍ അവതരിപ്പിച്ച ശ്രീരാമപട്ടാഭിഷേകം കഥകളിയുടെ ശബ്ദം ചെങ്ങന്നൂര്‍ ആശാന്റെ കാതില്‍ ചെന്നെത്തി കൊണ്ടിരുന്നു. അത്ര ഭാഗ്യമുള്ള മരണം.

ചെങ്ങന്നൂര്‍ ആശാന്റെ മരണ ദിവസം മടവൂര്‍ ആശാന് കൊല്ലം ക്ലബ്ബിന്റെ കളിയായിരുന്നു. കൃഷ്ണന്‍ നായര്‍ ആശാന്റെ നളന്‍ . അന്ന്‌ ഹരിപ്പാട്ടു ആശാനും ചെന്നിത്തല ആശാനും കൊല്ലത്ത് ഒരു ഹരിച്ചന്ദ്രചരിതം കളിക്ക് പോകണം. കളിക്ക് പോകാതെ ആശാന്റെ ഗൃഹത്തില്‍ കഴിഞ്ഞ അവരെ കളിയുടെ ചുമതല ഉണ്ടായിരുന്ന ശ്രീ. പോരുവഴി മാധവന്‍ ഉണ്ണിത്താന്‍ കാറുമായി വന്നു ആശാന്റെ മകളുടെയും കൊച്ചുമകളുടെയും അനുവാദം വാങ്ങി വൈകിട്ട് ഏഴ് മണിയോട് കൂട്ടിപ്പോയി. മംകൊമ്പ് ആശാന്‍ കാലിനു ഒരു സര്‍ജറി കഴിഞ്ഞു കലാമണ്ഡലത്തില്‍ വിശ്രമിച്ചു കൊണ്ടിരിക്കുപോഴാണ് ആശാന്റെ മരണ വാര്‍ത്ത അറിഞ്ഞത്. അവിടെ നിന്നും ഒരു കാറില്‍ അദ്ദേഹം ചെങ്ങന്നൂരിലേക്കു തിരിച്ചു. അദ്ദേഹത്തിന്‍റെ വരവ് ഒരു സാഹസീകം തന്നെ ആയിരുന്നു.

മംകൊമ്പ് ആശാന് ശേഷം തെക്കന്‍ കളരിക്ക് ചെന്നിത്തല ആശാനെ ക്ഷണിച്ചു. അദ്ദേഹം ആ ക്ഷണം നിരസിച്ചു.
ആശാനെ പോലെ ശിഷ്യ സ്നേഹം പുലര്‍ത്തിയിരുന്ന ഗുരുനാഥന്‍ വേറെ ഉണ്ടോ എന്ന് സംശയം ആണ്. അദ്ദേഹം അവസാനം പങ്കെടുത്ത ചടങ്ങ് ശിഷ്യനായ ചെന്നിത്തല ആശാന്റെ മകളുടെ വിവാഹ ചടങ്ങ് ആണ്. അന്ന്‌ ആ ചടങ്ങിനു പങ്കെടുത്ത കലാകാരന്മാര്‍ ഉള്‍പ്പെട്ട ഏല്ലാവര്‍ക്കും ആശാനെ അവസാനമായി കാണുവാന്‍ സാധിച്ചു എന്നതാണ് പ്രധാന വിഷയം.വിവാഹത്തിന് സുഖമായി ആഹാരം കഴിച്ചു. ഏതാണ്ട് ഒരാഴ്ചക്കുള്ളില്‍ അദ്ദേഹം മരണം അടഞ്ഞു.

കളയുക എന്ന പച്ചമലയാളം വാക്കിനെ ആശാന്‍ എന്തൊരു ഭംഗിയായിട്ടാ ഉപയോഗിച്ചിരിക്കുന്നത്. എനിക്കദ്ദേഹത്തിന്‍റെ സംസാരഭാഷാ ശൈലി വളരെ ഇഷ്ടപ്പെട്ടു.
ആശാന്‍ വര്‍ത്തമാനം പറയുമ്പോ ആ പക്ര്‍ന്നാടല്‍ ഗംഭീരായിട്ടില്ലേ? ഇടക്ക് വള്ളുവനാടന്‍ (കുഞ്ചുനായര്‍) ഭാഷയില്‍ ഇടക്ക് മാറ്റി ഗുരുവിന്‍റെ ഭാഷയില്‍, അങ്ങനെ അങ്ങനെ ആ സംഭാഷണം കത്തി കയറുകയാണ്‌. :):)
ആശാന്‍റെ ഗുരുകുലവാസത്തെ പറ്റിയുള്ള വര്‍ത്തമാനം എന്തൊക്കെ പറയാതെ പറഞ്ഞു!
പിടിച്ച് കെട്ടും ബഹളവും.. അത് വേറോരു അമറന്‍ പ്രയോഗം.
"ഞങ്ങളെ എല്ലാരേം കരയിച്ചില്യോ" ന്ന് പറഞ്ഞ് ഒന്ന് നിര്‍ത്തി ചുമരിലെ ഫോട്ടോ നോക്കി, അപ്പോഴെക്കും ശബ്ദം ഭാവസാന്ദ്രമായി. :)

"എന്റെ ഒരു ജരാസന്ധനോ ഒരു ബാണനൊ ഒക്കെ കാണുമ്പോള്‍ ആശാനെ അതിനകത്ത് പൂര്‍ണമായിട്ട് കാണാം. കുറച്ചു കൂടെ മിഴിവ് മറ്റേതിന് ഉണ്ടായിരുന്ന് എന്ന് ആണ് ഓരോരുത്തര് പറയുന്നേ. എന്നാലും ഞാന്‍ ഇതീക്കൂടെ കണ്ടൂ കഴിഞ്ഞപ്പൊ .. റ്റി.വി.യില്‍ കണ്ടപ്പഴാണ് ചെല ഭാഗമൊക്കെ ആശാനാണ് എന്ന് എനിക്ക് തോന്നിയിട്ടുള്ളത്. എന്നെത്തന്നെ. അല്ലെങ്കില്‍ നമുക്ക് അറിയാന്‍ ഒക്കുകയില്ലല്ലൊ. വേഷത്തിനും ആ ഛായയുണ്ട്. ആശാന്റെ ഛായയുണ്ട് എന്റെ വേഷത്തിനു. എങ്ങിനെ വന്നു എന്നൊന്നും അറിയാന്‍ ഒക്കുന്നില്ല. ആശാന്‍ വേഷം ഒരുങ്ങിയിരിക്കുന്നതു പോലെ തന്നെ തോന്നും ആ ചെല വേഷങ്ങള്‍ ആ കത്തി വേഷങ്ങള്‍ തീര്‍ന്നു കഴിഞ്ഞാല്‍. ചെങ്ങന്നൂരാശാന്‍ ആണെന്നു തന്നെ തോന്നും. ദേണ്ടെ ഇരിക്കുന്നു. ചെങ്ങന്നൂരാശാന്റെ അഭിനയത്തിന്റെ ഒരേ രൂപമാ അത്."

iviTe ആണ്‌ ഞാന്‍ അത്ഭുതപ്പെട്ട്പോയത്. വടക്ക് ഇങ്ങനെ ഒരു ശിഷ്യന്‍ പറയുമെന്ന് തോന്നുന്നില്ല. ഓരോരോ ശൈലികള്‍!
 

ഹൃദ്യം, ഗംഭീരം ! നിഖില്‍ , ചിത്രന്‍, സുനില്‍ - വളരെ നന്ദി ഈ ഉദ്യമാത്ത്തിനും പ്രയത്നത്തിനും

very candid interview. പൊതുവേ കണ്ടുവരുന്ന രീതിയായ, ഗുരുഭക്തി എന്നാല്‍ ഗുരുവിനെ വാനോളം പുകഴ്തുക എന്നതില്‍ നിന്നും വ്യത്യസ്തമായി ഗുരുകുല വാസത്തെ പറ്റിയും ഗുരുനാഥന്റെ വേഷങ്ങളെ പറ്റിയും തികഞ്ഞ ഭക്തിയോടെ തന്നെ സത്യസന്ധമായി വിലയിരുത്തുന്നു ഇവിടെ മടവൂരാശാന്‍. തുറന്നു സംസാരിക്കുന്ന ആശാനും, അഭിമുഖം സംഘടിപ്പിച്ച ശ്രീചിത്രനും സുനില്‍ കുമാറിനും നന്ദി.

വളരെ ഹൃദ്യമായ വിവരണം. ഇന്ന് ജീവിചിരിപ്പില്ലാത്ത, പ്രശസ്തരായ പല കലാകാരന്മാരുടെയും, പൂജ്യരായ ഗുരുനാഥന്മാരുടെയും അറിവുകളും, അനുഭവങ്ങളും മറ്റും പന്കുവേക്കാനുതകുന്ന ARTICLES/VIDEOS/INTERVIEWS വളരെ വിരളമാണ്. ഈ വൈകിയ വേളയിലെങ്കിലും ഇത്തരമൊരു ഉദ്യമത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ ശ്രീചിത്രനും ശ്രീ സുനില്‍ കുമാറിനും അഭിനന്ദനങ്ങള്‍, ഷെയര്‍ ചെയ്തതിനു നന്ദി. ഇനിയും ഇത്തരത്തിലുള്ള വിവരണങ്ങള്‍ പ്രതീക്ഷിക്കാമല്ലോ.

ഇത് ഫേസ്ബുക്ക് കഥകളി ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയുടെ സെലക്റ്റഡ് കമന്‍റ്സ് ആണ്‌:

 

Sunil Kumar
ഒരു സംശയം. ഒന്നല്ല പിന്നെം ആവാം:
മടവൂരിന്‍റെ കോട്ടയം കഥകളിലെ വേഷം കണ്ടിട്ടുള്ളവര്‍ ഉണ്ടോ വല്ലവരും? അതിന്‍റെ സി.ഡി ഉണ്ടോ?
ചെന്നിത്തല ചെല്ലപ്പന്‍ പിള്ള കോട്ടയം കഥകള്‍ അരങ്ങില്‍ ഉണ്ടായിട്ടുണ്ടോ? Ambujakshan Nair അറിയാന്‍ വേണ്ടി ഓരോന്ന് ചോദിക്കണതാ. മടവൂരിന്‍റെ അഭിമുഖം ആണ്‌ കാരണം. :):) Vaidyanathan Ananthakrishnan Aniyan Nisari Raghu Menon Ramesh Varma അങ്ങനല്യാ.. ആര്‍ക്ക് വെണച്ചാല്‍ ഉത്തരം പറയാം.Like· ·Unsubscribe· Yesterday at 7:26pm

  • Yesterday at 7:29pm · Like

  • Raghu Menon ഞാൻ കണ്ടിട്ടില്ല. തെക്കുള്ളവരുടെ വേഷം അധികം കാണാൻ കഴിഞ്ഞിട്ടില്ല.

   Yesterday at 7:55pm · Like· 1 person

  •  

  • Nikhil Kaplingat കല്യാണസൌഗന്ധികം ഹനുമാന്‍ രണ്ട് കൊല്ലം മുമ്പ് ഉണ്ടായി. വീഡിയോ എടുത്തുവോ ആരെങ്കിലും എന്ന് അറിയില്ല.

   19 hours ago · Like

  • Nikhil Kaplingat ഇത് ആശാന്റെ രണ്ട് കൊല്ലം മുമ്പ് എറണാകുളത്ത് ഉണ്ടായ ഹനുമാന്‍ :
   http://www.thehindu.com/arts/dance/article59401.ece

   The Hindu : Arts / Dance : Masterly performance
   www.thehindu.com

   ‘Kalyanasaugandhikam' attakatha authored by Kottayam Thampuran is one of the pop...See More

   19 hours ago · Like ·

  • Nikhil Kaplingat ഇത് 6 വര്‍ഷം മുമ്പ് ഇഞ്ചക്കാടാശാന്റെ ഒപ്പം ഉണ്ടായ ഹനുമാന്‍:
   http://www.hindu.com/thehindu/fr/2005/03/04/stories/2005030401990200.htm

   The Hindu : Entertainment Thiruvananthapuram / Dance : Depiction of love and hatred
   www.hindu.com

   Features: Magazine | Literary Review | ...See More

   19 hours ago · Like ·

  • Ambujakshan Nair

   ചെങ്ങന്നൂര്‍ ആശാന്‍ മടവൂര്‍ ആശാനെ കോട്ടയം കഥകള്‍ എല്ലാം ചൊല്ലിയാടിച്ചിട്ടുണ്ട്. എന്റെ ചെറുപ്പത്തില്‍ ഹരിപ്പാട്ടു ആശാന്‍ കാലകേയവധത്തില്‍ അര്‍ജുനന്‍ ക്രിമ്മീരവധത്തില്‍ ധര്മ്മപുത്രര്‍ എന്നിവ ചെയ്തു കണ്ടിട്ടുണ്ട്. കാലകേയവധത്തില്‍ അര്‍ജുനന്‍ ക്രിമ്മീരവധത്തില്‍ ധര്മ്മപുത്രര്‍ എന്നെ വേഷങ്ങള്‍ നിശ്ചയിച്ചാല്‍ കഴിവതും ഒഴിഞ്ഞു മാറുക എന്ന സ്വഭാവം ചെന്നിത്തല ആശാനില്‍ ഉണ്ടായിരുന്നു.
   ഒരിക്കല്‍ ശ്രീ. ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി അദ്ദേഹത്തിനു കാലിനു സുഖം ഇല്ലാതെ അസ്വസ്ഥതയില്‍ കഴിയുമ്പോള്‍ നിണത്തോടെ ക്രിമ്മീരവധം കഥകളി കാണണം എന്ന് മോഹം ഉണ്ടായി. അദ്ദേഹത്തിന്‍റെ ഗൃഹത്തില്‍ കഥകളി നടത്തുവാന്‍ തീരുമാനിച്ചു. ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റിയുടെ മകന്‍ ചെങ്ങാരപ്പള്ളി അനുജന്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്റെ ശിഷ്യനായി കഥകളി അഭ്യാസം കഴിഞ്ഞു അരങ്ങില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കാലം ആണ്. ചെന്നിത്തല ആശാന് ധര്‍മ്മപുത്രര്‍ ആണ് നിശ്ചയിച്ചിരുന്നത്. കളി ദിവസം പങ്കെടുക്കുന്ന എല്ലാ കലാകാരന്മാര്‍ക്കും അദ്ദേഹത്തിന്‍റെ വസതിയില്‍ ഉച്ച ഭക്ഷണത്തിനു കൂടുവാന്‍ പ്രത്യേകം ക്ഷണനം ഉണ്ടായിരുന്നു.
   ഉച്ചയ്ക്ക് അവിടെ എത്തിയ ചെന്നിത്തല ആശാന്‍ ചാരുകസേരയില്‍ വിശ്രമിച്ചു കൊണ്ടിരുന്ന ശ്രീ. ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റിയെ കണ്ടു ഇങ്ങിനെ ചോദിച്ചു. " എന്താണ് അങ്ങയുടെ ഉദ്ദേശം? ചെല്ലപ്പനെ ജീവിക്കാന്‍ അനുവദിക്കില്ല എന്നാണോ. എന്നെ കഥകളിക്കു വിളിച്ചു വരുത്തി " ഇവന്റെ വേഷം മോശമാണ് എന്ന് പറയിപ്പിക്കണം എന്ന് അങ്ങേക്ക് ഉദ്ദേശം വല്ലതും ഉണ്ടോ? അങ്ങയുടെ മകനെ ആര്‍. എല്‍. വിയില്‍ വെച്ച് മഹാനുഭാവനായ കൃഷ്ണന്‍ നായര്‍ ആശാന്‍ കോട്ടയം കഥകള്‍ എല്ലാം ചൊല്ലിയാടിച്ചിട്ടുണ്ട്. അതു കൊണ്ട് ധര്‍മ്മപുത്രര്‍ വേഷം അങ്ങയുടെ മകന് നിശ്ചയിക്കുക. ഞാന്‍ കെട്ടിക്കോളാം കൃഷ്ണന്‍. അന്ന്‌ ചെങ്ങാരപ്പള്ളി അനുജന്‍ ധര്‍മ്മപുത്രര്‍ ആയും ചെന്നിത്തല ആശാന്‍ കൃഷ്ണന്‍ ആയും കളി നടന്നു.

   മങ്കൊമ്പ് ആശാന്‍ , ചെന്നിത്തല ആശാന്‍ എന്നിവരുടെ കാലകേയവധത്തില്‍ മാതലിയും ക്രിമ്മീരവധത്തില്‍ കൃഷ്ണനും ധാരാളം കണ്ടിട്ടുണ്ട്.

   17 hours ago · Like· 6 people

  • Ambujakshan Nair

   മിസ്ടര്‍ സുനില്‍: പ്രധാനമായി അറിയേണ്ട വേഷങ്ങള്‍ കാലകേയവധത്തില്‍ അര്‍ജുനന്‍ ക്രിമ്മീരവധത്തില്‍ ധര്മ്മപുത്രര്‍ എന്നിവയാണല്ലോ?
   ചെന്നിത്തല ആശാന്റെ കല്യാണസൌഗന്ധികത്തില്‍ ഭീമനും( ചെങ്ങന്നൂര്‍ ആശാന്‍, കാവുങ്കല്‍ ശങ്കരന്‍ കുട്ടി പണിക്കര്‍, രാമന്‍ കുട്ടി ആശാന്‍, ഓയൂര്‍ ആശാന്‍, കീഴ്പ്പടം ആശാന്‍ , പള്ളിപ്പുറം ആശാന്‍, ഹരിപ്പാട്‌ ആശാന്‍, മടവൂര്‍ ആശാന്‍, സദനം കൃഷ്ണന്‍ കുട്ടി, കലാമണ്ഡലം രാജന്‍, കലാമണ്ഡലം കരുണാകരന്‍ ആശാന്‍, കലാമണ്ഡലം ശേഖര്‍ തുടങ്ങിയവരുടെ ഹനുമാനോടൊപ്പം ), ബകവധത്തില്‍ ഭീമനും ധാരാളം ഉണ്ടായിട്ടുണ്ട്. സി. ഡി. ഒന്നും ഇല്ല.

   17 hours ago · Like· 4 people

  • Ambujakshan Nair

   മാവേലിക്കര ഉത്സവത്തിന് ആദ്യമായി ഉണ്ണിത്താനെ ക്ഷണിക്കുമ്പോള്‍ അന്ന്‌ ബകന്‍ ആണ് ചെയ്തത്. ആദ്യ കഥ രുഗ്മാംഗാദ ചരിതം. മാങ്കുളവും മാത്തൂരും. പിന്നീടു സൌഗന്ധികം പന്തളം കേരളവര്‍മ്മ ( മുന്‍പിലത്തെ ലിസ്റ്റില്‍ കേരളവര്‍മ്മയെ വിട്ടു പോയി. അദ്ദേഹത്തിന്‍റെ ഹനുമാന്‍ ധാരാളം കണ്ടിട്ടുണ്ടു.) യുടെ ഹനുമാന്‍, ചെന്നിത്തല ആശാന്റെ ഭീമന്‍. അതു കഴിഞ്ഞു ബകവധം. ചെന്നിത്തല ആശാന്‍ സൌഗന്ധികം കഴിഞ്ഞു ബകവധത്തില്‍ ഭീമന്‍ കെട്ടാം എന്ന് സമ്മതിച്ചാലേ ബകവധം നടക്കൂ എന്ന സ്ഥിതിയായി. ചെന്നിത്തല ആശാന്‍ എനിക്ക് കിരീടം ഒന്ന് അഴിച്ചു അല്‍പ്പം വിശ്രമിച്ചു വീണ്ടും വെച്ച് മുറുക്കി വരുവാന്‍ സമയം കിട്ടണം.( ബകന്റെ തിരക്കി നോക്ക് കഴിഞ്ഞുള്ള ആട്ടം അല്‍പ്പം നീട്ടണം ) എന്ന് പറഞ്ഞു. ഉണ്ണിത്താന്‍ അതിന് സമ്മതിച്ചു. കളി കഴിഞ്ഞ ഉടന്‍ ചെണ്ട കൊട്ടിയ ശ്രീ. വാരണാസി മാധവന്‍ നമ്പൂതിരി രണ്ടു ഗ്ലാസ് നാരങ്ങ വെള്ളം വാങ്ങി കൊണ്ടുവന്നു ഭീമ- ബാകന്മാര്‍ക്ക് നല്‍കി സന്തോഷം പ്രകടിപ്പിച്ചു.

   17 hours ago · Like· 4 people

  • Nikhil Kaplingat വളരെ വിലപ്പെട്ട വിവരങ്ങള്‍, അംബുച്ചേട്ടാ..

   15 hours ago · Like· 1 person

  • Ramadas Narayana Panicker ചെന്നിത്തല ആശാന്റെയും ഓയൂര്‍ ആശാന്റെയും സൌഗന്ധികത്തില്‍ ഭീമന്‍, മങ്കൊമ്പ് ആശാന്റെ കിര്‍മ്മീരവധം ലളിത, മടവൂര്‍ ആശാന്റെയും പള്ളിപ്പുറം ആശാന്റെയും കിര്‍മ്മീരന്‍, ഇവയൊക്കെ കണ്ടിട്ടുണ്ട്.

   15 hours ago · Like· 2 people

  • Nikhil Kaplingat മാങ്കുളം ആശാന്റെ കിര്‍മ്മീരവധം ധര്‍മ്മപുത്രര്‍ വേഷത്തെ മുക്തകണ്ഠം പ്രശംസിച്ചു കൊണ്ട് ശ്രീ ആര്‍. എസ്. ആശാരി എഴുതിയ ലേഖനം എന്റെ പക്കലുണ്ട്.

   15 hours ago · Like· 2 people

  • Ambujakshan Nair

   ഒരു കാലത്ത് ദക്ഷിണ കേരളത്തില്‍ കൃഷ്ണന്‍ നായര്‍ (ഓര്‍ ) മാങ്കുളം
   എന്നായിരുന്നു രീതി. ഓയൂര്‍ (ഓര്‍) ചെന്നിത്തല , ഹരിപ്പാട് ആശാന്‍ (ഓര്‍)
   പള്ളിപ്പുറം ,ചെണ്ടക്ക് കൃഷ്ണന്‍ കുട്ടി പൊതുവാള്‍ (ഓര്‍) വാരണാസി. പാട്ടിനു
   എമ്പ്രാന്തിരി (ഓര്‍) തിരുവല്ല...See More

   14 hours ago via · Like· 2 people

  • Ramadas Narayana Panicker മാങ്കുളത്തിന്റെ ധര്‍മ്മപുത്രര്‍ കുട്ടിക്കാലത്ത് ഒരിക്കല്‍ കണ്ടിട്ടുണ്ട്.

   14 hours ago · Like

  • Unnikrishnan Menon

   കല്യാണസൌഗന്ധികം ഭീമന്‍ & ഹനുമാന്‍. ബകവധം ഭീമന്‍ എന്നിവ കണ്ടതായി
   ഓര്‍ക്കുന്നു.
   C.P. Unnikrishnan