ജീവതം തേ സംഹരാമി

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

വാദിച്ചേവം കയർത്തൂ വടിവൊടിരുവരും ചൂതിനായങ്ങെതിർത്തൂ
മോദിച്ചേ വന്നടുത്തൂ പലരുമിഹ നളന്നന്നു ദാക്ഷ്യം പെരുത്തൂ
ബാധിച്ചോനെക്കെടുത്തൂ ബഹുജന നടുവേ വൈരമുൾക്കൊണ്ടടുത്തൂ,
ശാസിപ്പാൻ വാളെടുത്തൂ ചകിതമവരജം പാരമാടൽപ്പെടുത്തൂ.

പല്ലവി
ജീവതം തേ സംഹരാമി നാവു മൂർന്നേ ഭാവമുള്ളൂ
ദുർമ്മതേ, നീച, ചിരായ വേപസേ കിം?

അനു.
ആവിലിതശശികുലം അതിചപലമാശു നിന്നെ
ഞാനിന്നു കൊല്ലുകിലാറുമോ ചീർത്തൊരു വൈരം?
അപരാധജാതമേതേതുവിധം മമ!

ച.1
കൊല്ലുവാനിന്നല്ല, ദുരാശയ,
കോപമധികമുണ്ടെങ്കിലും എനി-
ക്കല്ലയോ പണയം വച്ചു ചൂതിനി-
ങ്ങുള്ളൊരു ധനചയം ജീവനും, നവ-
പല്ലവാംഗി മധുരവാണി ഭൈമിയു-
മിങ്ങുവന്നു, നീ പറഞ്ഞ വാക്കിനു
നല്ലശിക്ഷയെന്തു വേണ്ടുവെന്നതു
നിധനമെങ്കിലതു നമുക്കു ചേർന്നതും.

2.
ധൃഷ്ടനായി നീ പണ്ടു ജയിച്ചതു കിതവ,
ന തവ കേൾ കുശലതാ, കലി-
ദുഷ്ടമായി മന്മാനസമനുദിന-
മിന്നിതകതളിരിലവഗതം, തവ
പിഷ്ടപേഷമതിനു ദുഷ്ട, നിഷ്ഠുര-
മുഷ്ടിഘട്ടനം ദ്രഢിഷ്ഠമെങ്കിലു-
മൊട്ടുമില്ല ശിഷ്ടലോകകൗതുകം
കരിണമേവ ഹരി ന ഹന്തി കിരിമപി.

3.
‘നീരസം നിന്ദാപദമതിതരാം
വീരസേനസുതനേകദാ കൃത-
വൈരമാതുരം ഭ്രാതരം കൊന്നു
ചുതു പൊരുതു ബത രോഷിതനായി‘തി
പാരിലിന്നു വീരരായ പരിഷകൾ
പാഴ്പറഞ്ഞു പരിഹസിപ്പരെന്നതു
പരമിങ്ങസാരതേതി ചേതസി
ഭാവനാ ഭവാനു ജീവനൗഷധം.

അർത്ഥം: 

ശ്ലോകസാരം: ഇരുവരും വാദിച്ചു കയർത്തുകോണ്ട്‌ ചൂതുകളിക്കായി ഏറ്റുമുട്ടി. ഇതു കണ്ട്‌ പലരും രസത്തോടെ ചുറ്റും കൂടി. നളന്റെ ആവേശം വർദ്ധിച്ചു. ശത്രുവിനെ പരാചജയപ്പെടുത്തി. ഭയന്നു നില്ക്കുന്ന അനുജനെ വധിക്കാൻ വാളെടുത്തു.
 

സാരം: നിന്റെ ജീവിതം ഞാൻ സംഹരിക്കും. നാവു ഞാൻ പിഴുതെടുക്കും. ദുർമ്മതിയായ നീ നിന്നു വിറയ്ക്കുന്നതെന്തിനാണ്‌? ചാപല്യത്തോടെ ചന്ദ്രവംശത്തിനു കളങ്കമുണ്ടാക്കിയ നിന്നെ ഇന്നു കൊന്നാൽപോലും എന്റെ കോപം ശമിക്കില്ല. എന്നോടു നീ ചെയ്ത അപരാധത്തിൽനിന്നുണ്ടായ കോപമാണത്‌.
 
(പദം കഴിഞ്ഞാൽ ഭയന്നു നിൽക്കുന്ന പുഷ്കരനെ വധിക്കാൻ ആലോചിക്കുന്നു. നളൻ)
അരങ്ങുസവിശേഷതകൾ: 

`ശാസിപ്പാൻ വാളെടുത്തു` എന്നിടത്ത്‌ നളൻ വാള്‌ ഉയർത്തുന്നു. തുടർന്ന്‌ പദം.