തെക്കന്‍ ചിട്ടയിലെ കത്തിവേഷങ്ങള്‍

Monday, March 12, 2012 - 20:48

(08. 11. 2011 ല്‍ കേരള കലാമണ്ഡലത്തില്‍ നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്)

 

തെക്കന്‍- വടക്കന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ക്ക്‌ വാസ്തവത്തില്‍ ശൈലീപരമായ പ്രസക്തിയാണുള്ളത്‌. എന്നാല്‍ ദേശപരമായ മിഥ്യാഭിമാനങ്ങളിലൂന്നിയാണ്‌ പലപ്പോഴും ഈ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാറുള്ളത്‌. അതുകൊണ്ടുതന്നെ ഒരു സ്ഥലത്ത്‌ അന്യമെന്ന നിലയിലുള്ള പരിചരണവും മറുവശത്ത്‌ അന്ധമായ അഭിമാനബോധവും പുലര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക്‌ സൂക്ഷ്മമായ വിശകലനം സാധ്യമാകാതെ വരുന്നു. കഥകളിയുടെ ചരിത്രവും ഇവയെ ദേശഭേദങ്ങളെന്ന നിലയില്‍ കാണാനല്ല, ശൈലീഭേദങ്ങളായി കാണാനാണ്‌ പ്രേരിപ്പിക്കുന്നത്‌.

 

കഥകളിയുടെ ആദ്യരൂപങ്ങളെന്നു കരുതപ്പെടുന്ന രാമനാട്ടത്തിന്റെയും അമ്പലപ്പുഴ പ്രദേശത്തു നിലനിന്നിരുന്നതായി പറയുന്ന കൃഷ്ണനാട്ടത്തിന്റെയും രൂപവത്കരണത്തില്‍ ഫോക്ക്‌ കലാരൂപങ്ങളുടെ വലിയ സ്വാധീനമുണ്ടായിരുന്നു എന്നു കാണാം. ആ കലകളില്‍നിന്നു ഘടകങ്ങള്‍ സ്വീകരിക്കുകയും അവയെ നാട്യസിദ്ധാന്തങ്ങള്‍ക്കനുസൃതമായി പരുവപ്പെടുത്തിയെടുക്കുകയും ചെയ്യുക എന്നൊരു പ്രക്രിയ തെക്കന്‍ സമ്പ്രദായങ്ങളില്‍ കാണാം. ഇത്തരത്തില്‍ ശാസ്ത്രബദ്ധമാക്കുന്നതിന്‌ ബാലരാമഭരതകര്‍ത്താവായ കാര്‍ത്തിക തിരുനാള്‍, കര്‍ണാടകസംഗീതം, നൃത്തം എന്നിവയ്ക്കുവേണ്ടി കൃതികള്‍ രചിച്ച ഇരയിമ്മന്‍ തമ്പി എന്നിവരുടെ ഇടപെടലുകളും സര്‍വ്വോപരി തിരുവിതാംകൂര്‍‍, തൃപ്പൂണിത്തുറ കൊട്ടാരങ്ങളുടെ പിന്തുണയും കാര്യമായി സഹായിച്ചിട്ടുണ്ട്‌. പ്രയോഗപരമായി ശൈലീവത്ക്കരിക്കുന്നതിന്‌ ഭാരതപ്പുഴയുടെ തീരത്തുള്ള നെടുമ്പുര ദേശക്കാരായ കപ്ലിങ്ങാടു നമ്പൂതിരിയും ഇട്ടീരിപ്പണിക്കരും പ്രധാന സംഭാവനകള്‍ നല്‍കി. ഇട്ടീരിപ്പണിക്കര്‍ തൃപ്പൂണിത്തുറ കളിയോഗത്തില്‍നിന്ന്‌ കപ്ലിങ്ങാട്ടു നമ്പൂതിരി ആളയച്ചു വരുത്തിയ നാണുമേനോന്റെ ശിഷ്യനാണ്‌. (നാണുമേനോന്‍ ചാത്തുപ്പണിക്കരുടെ ശിഷ്യനാണ്‌. വെള്ളാട്ടു ചാത്തുപ്പണിക്കരാകട്ടെ അങ്ങാടിപ്പുറം സ്വദേശിയും തൃപ്പൂണിത്തുറ പെരുമ്പടപ്പു രാജാവിന്റെ രാമനാട്ടസംഘത്തില്‍ ആശാനുമായിരുന്നു. വെള്ളാട്ടു ചാത്തുപ്പണിക്കരിലൂടെയാണ്‌ കോട്ടയത്തു തമ്പുരാന്‍ തന്റെ സമ്പ്രദായം രൂപപ്പെടുത്തിയത്‌.) വെട്ടത്തു സമ്പ്രദായത്തിലൂടെയും കല്ലടിക്കോടന്‍ സമ്പദായത്തിലൂടെയും കഥകളിയുടെ തിളക്കം അതിനുമുമ്പുതന്നെ വര്‍ദ്ധിച്ചിരുന്നതായും കാണാം.

 

തെക്കന്‍ചിട്ടയുടെ ആധാരമെന്നു പറയാവുന്ന കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ ആവിഷ്കര്‍ത്താവായ കപ്ലിങ്ങാടു നമ്പൂതിരിയുടെ കലാസങ്കല്‍പം പരിശോധിച്ചാല്‍ നേരത്തെതന്നെയുള്ള കലാസങ്കല്പങ്ങള്‍ക്കോ അവതരണങ്ങള്‍ക്കോ ഒരു ബദല്‍ സൃഷ്ടിക്കുകയല്ല, അവയെ നവീകരിക്കുകയും അപ്രധാനമായിരുന്ന ചില ഘടകങ്ങള്‍ക്കു പ്രാധാന്യം നല്‍കുകയും പുതിയ കഥകളുടെ നവീനമായ ആവിഷ്കരണങ്ങളിലൂടെ കഥകളിയുടെ അവതരണത്തെ വിശാലമായ മാനങ്ങളിലേക്ക്‌ ഉയര്‍ത്തുകയുമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്നു കാണാന്‍ പ്രയാസമില്ല. ഉദാഹരണത്തിന്‌ തിരുവനന്തപുരത്തു താമസിക്കുന്ന കാലത്ത്‌ കാര്‍ത്തികതിരുനാള്‍ എഴുതിയ കല്യാണസൌഗന്ധികം ചിട്ട ചെയ്യാന്‍ കപ്ലിങ്ങാട്‌ തയ്യാറായില്ല എന്ന കാര്യം പ്രധാനമാണ്‌. ഇത്‌ കോട്ടയത്തു തമ്പുരാന്‍ നേരത്തെതന്നെ ആവിഷ്കരിച്ച സമ്പ്രദായത്തോട്‌ അദ്ദേഹത്തിനുണ്ടായ മമതയെ ആണു സൂചിപ്പിക്കുന്നത്‌. രാമനാട്ടകഥകളില്‍നിന്ന്‌ കോട്ടയം കഥകളിലേക്കെത്തുമ്പോള്‍ പച്ചവേഷങ്ങള്‍ക്ക്‌ കഥകളിയിലെ നായകസ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പ്രതിനായകസ്ഥാനത്തുള്ള കഥാപാത്രങ്ങളിലാണ്‌ കപ്ലിങ്ങാടിന്റെ ദൃഷ്ടി പതിഞ്ഞത്‌. കഥകളിയിലെ പ്രധാന കത്തിവേഷങ്ങളുടെ ആവിര്‍ഭാവവും പഴയ കത്തിവേഷങ്ങളുടെ നവോത്ഥാനവും ഈ കാലഘട്ടത്തില്‍ത്തന്നെയാണു നടന്നത്‌.

 

കപ്ലിങ്ങാടിന്റെ പരിഷ്കാരങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

 

1. ആഹാര്യം

 

വെട്ടത്തു സമ്പ്രദായം

 

അസുരകഥാപാത്രങ്ങള്‍ക്ക്‌ ആദ്യകാലത്തുണ്ടായിരുന്ന മുഖംമൂടിക്കു പകരം മുഖത്തു പച്ചതേച്ച്‌ കറുത്ത മഷികൊണ്ട്‌ മീശവരയ്ക്കുക (രാവണനും ഇന്ദ്രജിത്തിനും ചുവന്ന താടിയും), ഉടുത്തുകെട്ട്‌, കിരീടം, മെയ്യാഭരണങ്ങള്‍ തുടങ്ങിയവ ആകര്‍ഷകമാക്കുക.

 

കല്ലടിക്കോടന്‍ സമ്പ്രദായം

 

തേച്ച വേഷങ്ങള്‍ക്കു ചുട്ടി, വെളുത്ത ഉത്തരീയങ്ങള്‍ക്കൊപ്പം ചുവന്ന ഉത്തരീയങ്ങളും

 

കപ്ലിങ്ങാടന്‍ സമ്പ്രദായം

 

അരിമ്പോടുകൂടിയ ചുട്ടി, മൂക്കിലും നെറ്റിയിലും ചുട്ടിപ്പൂ, കിരീടത്തിനു പിന്നില്‍ കേശഭാരം. കത്തിയുടെ തേപ്പ്‌ ഒന്നുകൂടി പരിഷ്കരിച്ചു.

 

2. അവതരണം

 

വെട്ടത്തു സമ്പ്രദായം

 

അസുരവേഷങ്ങളുടെ രംഗപ്രവേശത്തിനു തിരനോക്ക്‌, അവരുടെ ആട്ടത്തിന്‌ ചെണ്ടയും ഉപയോഗിക്കുക

 

കല്ലടിക്കോടന്‍ സമ്പ്രദായം

 

കത്തിവേഷങ്ങള്‍ക്കു ശൃംഗാരപ്രധാനമായ പതിഞ്ഞ പദങ്ങളില്ല.

 

കപ്ലിങ്ങാടന്‍ സമ്പ്രദായം

 

(കപ്ലിങ്ങാടു നമ്പൂതിരിയും അദ്ദേഹത്തിനൊപ്പവും കാലശേഷവുമായി ഇട്ടീരിപ്പണിക്കരും നടപ്പില്‍ വരുത്തിയ പരിഷ്കാരങ്ങള്‍.)

 

മുദ്രകള്‍ മുട്ടുകള്‍ വിടര്‍ത്തി മാറിനുനേരേ കാണിക്കണം എന്ന പദ്ധതി നടപ്പിലാക്കി, ഹസ്തലക്ഷണദീപികയ്ക്കനുസരിച്ച്‌ (ബാലരാമഭരതത്തില്‍ സംയുതഹസ്തങ്ങളായി 67 മുദ്രകള്‍ പറയുന്നു. കഥകളി 24 അടിസ്ഥാനമുദ്രകളുള്ള ഹസ്തലക്ഷണദീപിക സ്വീകരിച്ചത്‌ ചിന്തനീയമാണ്‌.) പദാഭിനയവും കൂടാതെ ആട്ടങ്ങളും ക്രമപ്പെടുത്തി എന്നിവ പൊതുവായ പ്രത്യേകതകള്‍.

 

കത്തിവേഷങ്ങള്‍ക്ക്‌ തിരനോക്കിനുമുമ്പ്‌ തിരശ്ശീലയ്ക്കുള്ളില്‍ അലര്‍ച്ച.

 

കത്തിവേഷപ്രധാനമായ പുതിയ കഥകള്‍ രംഗത്തു വരുന്നു.

നരകാസുരവധം, രാജസൂയം- കാര്‍ത്തിക തിരുനാള്‍

രുക്മിണീസ്വയംവരം, പൂതനാമോക്ഷം- അശ്വതി തിരുനാള്‍

കാര്‍ത്തവീര്യാര്‍ജ്ജുനിജയം- പുതിയിക്കല്‍ തമ്പാന്‍ (കാര്‍ത്തിക തിരുനാളിന്റെ ആശ്രിതന്‍)

 

നരകാസുരവധം, രാജസൂയം, പൂതനാമോക്ഷം- ഈ കഥകള്‍ തിരുവനന്തപുരത്തുവച്ച്‌ ചിട്ടപ്പെടുത്തിയത്‌ കപ്ലിങ്ങാടു നമ്പൂതിരിയാണ്‌. അഭിനയപ്രാധാന്യമുള്ള, ശൃംഗാരപ്പദമുള്ള ആദ്യാവസാനവേഷമായതുകൊണ്ടാണ്‌ തെക്കന്‍ രാജസൂയത്തിലെ ജരാസന്ധന്‍ കത്തിവേഷമായത്‌. നരകാസുരവധത്തില്‍ ഇന്നു കാണുന്ന രീതിയില്‍ ‘ഉദ്യാനത്തിലേക്കു പ്രവേശിക്കുകയല്ലേ’ എന്നു കണ്ണുകൊണ്ടു നടിച്ച് നായികയുടെ സമ്മതം വാങ്ങി, പതിഞ്ഞ കിടതകധീമാമിനോടൊപ്പം പ്രവേശിക്കുന്നതായി വ്യവസ്ഥപ്പെടുത്തുക, പതിഞ്ഞ പദത്തിന്റെ ചൊല്ലിയാട്ടരീതി ക്രമപ്പെടുത്തുക (ഇതു പിന്നീട്‌ ഉത്തരാസ്വയംവരത്തില്‍ ദുര്യോധനന്‍ തുടങ്ങിയ പല കഥാപാത്രങ്ങളുടെയും പ്രവേശത്തിന്‌ ഉപയോഗിക്കുന്നുണ്ട്‌), നരകാസുരനും നക്രതുണ്ഡിയുമായുള്ള ഭാഗം പകര്‍ന്നാട്ടമായി വ്യവസ്ഥപ്പെടുത്തുക എന്നിവ പ്രധാനം.

 

നരകാസുരന്‌ പടപ്പുറപ്പാട്‌ പകര്‍ന്നാട്ടം. യോദ്ധാക്കള്‍ ആയുധങ്ങള്‍ തയ്യാറാക്കുന്നതായി അവതരണം. നരകാസുരവധത്തിലെ കേകിക്ക്‌ ഉത്തരാസ്വയംവരം, ദുര്യോധനവധം  എന്നീ കഥകളിലൂടെ തുടര്‍ച്ചയുണ്ടായെങ്കിലും സാങ്കേതികമായി അവ നരകാസുരവധത്തിന്റെ അനുകരണംതന്നെയാണെന്നു പറയാം. കംസവധത്തില്‍ ചമ്പ താളത്തിലുള്ള കേകി കൃഷ്ണവേഷമാണ്‌ അവതരിപ്പിക്കുന്നത്‌.

 

ഉദ്ഭവത്തിലെ തപസ്സാട്ടം, ബാലിവിജയത്തിലെ കൈലാസോദ്ധാരണം-പാര്‍വതീവിരഹം ആട്ടം എന്നിവ രൂപപ്പെടുത്തി. രാവണോദ്ഭവത്തില്‍ ബ്രഹ്മാവ്‌ മറയുന്നതിന്‌ ലക്ഷ്മിതാളം. അതിനു ലക്ഷ്മികാലം എന്നും പറഞ്ഞിരുന്നു.

 

തോരണയുദ്ധത്തില്‍ രാവണന്റെ ആട്ടം ചിട്ടപ്പെടുത്തിയതും കപ്ലിങ്ങാട്‌ ആണെന്നു കരുതപ്പെടുന്നു. ത്രിപുടതാളത്തിലുള്ള ആട്ടം കൂടിയാട്ടത്തിന്റെ സ്വാധീനഫലമാവാം. പില്‍ക്കാലത്ത്‌ കീചകവധത്തിലെ കീചകന്‍ മാലിനിയെക്കണ്ട ശേഷം ‘കിമിന്ദു കിം പദ്മം’ എന്ന ശ്ളോകം ആടുന്നതും ത്രിപുടതാളത്തില്‍ത്തന്നെ.

 

സാത്വികമായ ഭാവാഭിനയം വലിയ തോതില്‍ വികാസം പ്രാപിച്ചത്‌ കപ്ലിങ്ങാടിന്റെ പരിഷ്കരണഫലമായാണ്‌. കലാകാരന്‍മാരുടെ മനോധര്‍മ്മപ്രകടനത്തിന്‌ കൂടുതല്‍ അവസരമുണ്ടായി എന്നതും കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലൂടെ കഥകളിക്കു കൈവന്ന നേട്ടമാണ്‌. അപ്പോഴും അരങ്ങിലുള്ള മനോധര്‍മ്മത്തിനും ഔചിത്യത്തിനും തെക്കന്‍ സമ്പ്രദായക്കാര്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തു കാണാണുണ്ട്‌. (കൃഷ്ണന്‍കുട്ടി പൊതുവാള്‍ മേളപ്പദത്തില്‍ ഇക്കാര്യത്തില്‍ ‘തെക്കരെ’ അഭിനന്ദിച്ചതോര്‍ക്കാം) അരങ്ങവതരണങ്ങളില്‍ നടന്‍മാരുടെ ഔചിത്യമുള്ള മാറ്റങ്ങളെ രക്ഷാകര്‍ത്താക്കളും പ്രേക്ഷകരും സ്വാഗതം ചെയ്തിരുന്നു എന്നതും പ്രധാനമാണ്‌.

 

ഈ വ്യവസ്ഥപ്പെടുത്തലില്‍ പലയിടത്തും കൂടിയാട്ടത്തിന്റെ സ്വാധീനം വ്യക്തമാണ്‌. (ആശ്ചര്യചൂഡാമണിയും സുഭദ്രാധനഞ്ജയവും  പോലുള്ള സംസ്കൃതനാടകകൃതികളുടെ രചനാപരിസരവും പൊതിയില്‍, കിടങ്ങൂര്‍ തുടങ്ങിയ ചാക്യാര്‍ കുടുംബങ്ങളുടെയും തിരുവാര്‍പ്പ്, കിടങ്ങൂര്‍, ആര്‍പ്പൂക്കര, തിരുനക്കര, ഹരിപ്പാട്, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കൂത്തമ്പലങ്ങളുടെയും സാന്നിധ്യവും കൂടിയാട്ടത്തിന്റെ വര്‍ദ്ധിച്ച സ്വാധീനത്തിനു വഴി തെളിച്ചിരിക്കാം.) ഉള്ളടക്കത്തില്‍ ശൂര്‍പ്പണഖാങ്കം, കാത്വം സുന്ദരി ജാഹ്നവീ, ഹിമകര ഹിമഗര്‍ഭാ തുടങ്ങിയ ശ്ലോകങ്ങള്‍ എന്നിങ്ങനെ കൂടിയാട്ടത്തിലെ അഭിനയപ്രധാനമായ ഭാഗങ്ങളുടെ സ്വാധീനമുണ്ട്‌. സങ്കേതങ്ങളിലാണെങ്കില്‍ ത്രിപുടതാളത്തിലുള്ള ആട്ടങ്ങള്‍ ഉദാഹരണം. നാടോടിക്കലകളില്‍ ഏറെ പ്രധാനമായ ലക്ഷ്മിതാളം കൂടിയാട്ടത്തിലുണ്ട്‌. അതും കഥകളിയിലെത്തി. എന്നാല്‍ കൂടിയാട്ടത്തില്‍നിന്നു ഭിന്നമായി കഥകളിയുടെ സ്വത്വത്തിനു ചേര്‍ന്ന നിലയിലായിരുന്നു ഈ പരിഷ്കാരങ്ങള്‍ എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്‌. കൂടിയാട്ടത്തിലെപ്പോലെ മാറിലൊതുങ്ങിയുള്ള മുദ്രകള്‍ക്കു പകരം ആഹാര്യപരിഷ്കരണത്തിലൂടെ കഥകളിവേഷത്തിനു സംഭവിച്ച വലിപ്പത്തിനു ചേരുംവിധമാണ്‌ മുദ്രാവിന്യാസം നിര്‍വഹിക്കപ്പെട്ടത്‌ എന്നതു ശ്രദ്ധേയമാണ്‌. ഹസ്തലക്ഷണദീപികയുടെ ഉപയോഗവും കഥകളിയുടെ തനതായ രീതിയിലാണെന്നു കാണാം. കഥകളിയിലെ നായകസങ്കല്‍പത്തിനൊപ്പം പ്രതിനായകസങ്കല്‍പവും അവതരണത്തിലൂടെ പുഷ്ടിപ്പെട്ടു എന്നതാണ്‌ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ പ്രധാനനേട്ടം.

 

തുടര്‍ന്നുണ്ടായ കത്തിവേഷപ്രധാനമായ കഥകളും ഈ പാരമ്പര്യംതന്നെയാണ്‌ സ്വീകരിച്ചത്‌. ഇരയിമ്മന്‍ തമ്പിയുടെ കീചകവധം, ഉത്തരാസ്വയംവരം എന്നീ കഥകളിലൂടെ പതിഞ്ഞ പദമുള്ള കത്തിവേഷങ്ങള്‍ കഥകളിയില്‍ വലിയ പ്രാധാന്യം നേടി. ഉത്തരാസ്വയംവരത്തിലെ ഏകലോചനാഭിനയം മുഖാഭിനയത്തിന്റെ സാധ്യതകള്‍ അന്വേഷിച്ചു. കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍ മുഖാഭിനയത്തിനു സിദ്ധിച്ച പ്രാധാന്യമാവാം ഇരയിമ്മന്‍ തമ്പിക്കും പുതിയിക്കല്‍ തമ്പാനും പ്രചോദനമായത്‌. രാവണവിജയം, കംസവധം, ബാണയുദ്ധം, ദുര്യോധനവധം തുടങ്ങിയ ഒട്ടേറെ കഥകള്‍ ഉദാഹരണം. രാവണവിജയം അതിന്റെ പേരിലൂടെത്തന്നെ പ്രതിനായകന്റെ വിജയം ഉദ്ഘോഷിക്കുന്നു. ഇന്ന് കൈലാസോദ്ധാരണം-പാര്‍വതീവിരഹം ആട്ടം രാവണവിജയത്തിലെ രാവണനും അവതരിപ്പിക്കാറുണ്ട്. പ്രമേയപരമായ ഔചിത്യം അതിനാണെന്ന് കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലുള്ള നടന്മാര്‍ വാദിക്കാറുമുണ്ട്.

 

കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍ ചമ്പടതാളത്തിലാണ്‌ പ്രധാനമായും പതിഞ്ഞ പദങ്ങളുടെ അവതരണം. പദം- കലാശങ്ങള്‍- അവസാനത്തെ കലാശത്തോടുകൂടി ഇരട്ടി. ഈ പൊതുരൂപമാണ്‌ അവതരണത്തിന്‌.

 

കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തോടെ കഥകളി പൂര്‍ണത കൈവരിച്ചതായി അന്നത്തെ ആസ്വാദകര്‍ കരുതിയിരുന്നതായി കഥകളിരംഗത്തില്‍ കാണാം. കല്ലടിക്കോടന്‍ സമ്പ്രദായക്കാര്‍ക്ക് കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലെ പലതും സ്വീകാര്യമായില്ല എന്നും ഓര്‍മിക്കേണ്ടതുണ്ട്. എങ്കിലും കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്‌ ഒരു കാലത്ത്‌ കേരളമൊട്ടാകെ പ്രചാരമുണ്ടായിരുന്നു. കുറിച്ചി, മാത്തൂര്‍‍, കിടങ്ങൂര്‍‍, തകഴി എന്നിവ തെക്കന്‍ സമ്പ്രദായങ്ങളില്‍ പ്രധാനം. എന്നാല്‍ ഇത്തരം ശൈലീഭേദങ്ങള്‍ കാലാകാലങ്ങളില്‍ ഇതരശൈലികളുടെ കലര്‍പ്പുകളിലൂടെയാണ്‌ വികസിച്ചതെന്നു കാണാം. കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തോടെ കഥകളി ശൈലീവത്കരണത്തിലൂടെ അതിന്റെ ഏറ്റവും ഉയര്‍ന്ന വികാസദശയിലെത്തിയിരുന്നു എന്ന് അന്നത്തെ ആസ്വാദകരും പുരസ്കര്‍ത്താക്കളും കരുതിയിരുന്നു.

 

ഇതുവരെയുള്ള വികാസഘട്ടങ്ങള്‍ ഒന്നു സംഗ്രഹിച്ചാല്‍ കോട്ടയം കഥകളുടെ ശൈലീവത്കരണത്തിലൂടെ കല്ലടിക്കോടന്‍ സമ്പ്രദായം പച്ചവേഷങ്ങളുടെ നായകസ്ഥാനം നിര്‍ണയിച്ചു എന്നും കപ്ലിങ്ങാടന്‍ സമ്പ്രദായം കത്തിവേഷങ്ങളിലൂടെ പ്രതിനായകകഥാപാത്രങ്ങളുടെയും ശൈലീവത്കരണം പൂര്‍ത്തിയാക്കി എന്നു കാണാന്‍ പ്രയാസമില്ല. എന്നാല്‍ അവതരാണത്തെ സംബന്ധിച്ച്  ഈ സമ്പ്രദായങ്ങളുടെ ശൈലീഭേദങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. കല്ലടിക്കോടന്‍ സമ്പ്രദായമനുസരിച്ചു രൂപപ്പെട്ട കഥകളെ കപ്ലിങ്ങാടന്‍ സമ്പ്രദായവും കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലൂടെ നിലവില്‍ വന്ന കഥകളെ കല്ലടിക്കോടന്‍ സമ്പ്രദായവും അതതു സമ്പ്രദായങ്ങളുടെ അവതരണപരമായ പ്രത്യേകതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വാംശീകരിച്ചു എന്നു പറയുനതാവും കൂടുതല്‍ ശരി.

 

കല്ലടിക്കോടന്‍- കപ്ലിങ്ങാടന്‍ സമ്പ്രദായങ്ങളുടെ സമന്വയമാണ്‌ പില്‍ക്കാലത്തു രൂപപ്പെട്ട കല്ലുവഴി സമ്പ്രദായം. ഇട്ടീരിപ്പണിക്കരില്‍നിന്നാണ്‌ കല്ലടിക്കോടന്‍ സമ്പ്രദായക്കാരനായ ചെറിയ ഇട്ടീരിപ്പണിക്കര്‍ (നാണുമേനോന്റെ മരുമകനായ കുഞ്ഞുണ്ണിപ്പണിക്കരുടെ ശിഷ്യനാണ്‌ ഇദ്ദേഹം) തപസ്സാട്ടം അഭ്യസിച്ചത്‌. അത്‌ അദ്ദേഹം മരുമകനായ ശങ്കുപ്പണിക്കരെ പഠിപ്പിച്ചു. ഇട്ടിരാരിച്ചമേനോന്‍ ശങ്കുപ്പണിക്കരുടെ ശിഷ്യനാണ്‌. അദ്ദേഹത്തിന്റെ ശിഷ്യന്‍ പട്ടിക്കാന്തൊടി രാവുണ്ണിമേനോനിലൂടെയാണല്ലൊ കല്ലുവഴിച്ചിട്ടയുടെ ഇരുപതാം നൂറ്റാണ്ടിലെ വികസിതരൂപം ഉണ്ടാവുന്നത്‌. രാമനാട്ടകഥകളും കോട്ടയം കഥകളും കൂടാതെ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലൂടെ പ്രചാരം നേടിയ കത്തിവേഷപ്രധാനമായ കഥകളും ഈ സമ്പ്രദായത്തിലും പ്രധാനമാകുന്നുണ്ട്‌. കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍ രൂപപ്പെട്ട കത്തിവേഷങ്ങളുടെ സാങ്കേതികമായ പ്രത്യേകതകളും പരിഷ്കൃതരീതിയില്‍ ഈ ചിട്ട ഉള്‍ക്കൊള്ളുന്നുണ്ട്‌.

 

കല്ലുവഴിച്ചിട്ടയുടെ വികാസദശയിലും ഇതരശൈലീഭേദങ്ങള്‍ കേരളത്തില്‍ പലയിടത്തായി അവശേഷിക്കുന്നുണ്ട്‌. കല്ലടിക്കോടന്‍ സമ്പദായത്തിന്റെ അവശിഷ്ടമാണ്‌ ഉത്തരമലബാറിലെ കടത്തനാടന്‍ സമ്പ്രദായം. കടത്തനാട്ട്‌ അനന്തന്‍ നായര്‍, ഒറ്റപ്പുരയ്ക്കല്‍ കൃഷ്ണന്‍ നായര്‍ എന്നിവര്‍ ഈ സമ്പ്രദായത്തിലെ പ്രധാനികളായിരുന്നു. കപ്ളിങ്ങാടിന്റെ പാരമ്പര്യത്തില്‍പ്പെട്ട കാവുങ്കല്‍ സമ്പ്രദായം മറ്റൊരുദാഹരണം. കാവുങ്കല്‍ കുഞ്ഞികൃഷ്ണപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍ എന്നിവര്‍ കത്തിവേഷങ്ങളില്‍ പ്രധാനികളായിരുന്നു. കല്ലുവഴിച്ചിട്ടയ്ക്ക്‌ പ്രാധാന്യം വരികയും കഥകളിസ്ഥാപനങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തതോടെ മറ്റു സമ്പ്രദായഭേദങ്ങള്‍ സൌന്ദര്യശാസ്ത്രപരവും സാംസ്കാരികവുമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്‌. മറ്റു സമ്പ്രദായങ്ങള്‍ പൊതുവെ വ്യക്തിപ്രഭാവമുള്ള നടന്‍മാരുടെ രംഗാവതരണങ്ങളിലൂടെയാണ്‌ പിടിച്ചുനിന്നത്‌. ഉദാഹരണത്തിന്‌ തെക്കന്‍ ശൈലിയില്‍ പ്രധാനപ്പെട്ട ഒരു കത്തിവേഷമായ ബാണന്റെ ഗോപുരം ആട്ടം സവിശേഷമാണ്‌. സാങ്കേതികമായ പ്രത്യേകതകള്‍ക്കുപരി നടന്‍മാരുടെ പ്രതിഭാഗുണമാണ്‌ ഈ ആട്ടത്തെ പ്രശസ്തമാക്കിയത്‌. ഘടോല്‍ക്കചന്‍ പ്രധാനകഥാപാത്രമായ സുന്ദരീസ്വയംവരം എന്ന കഥയാകട്ടെ നാടകീയവും കൌതുകകരവുമായ ഇതിവൃത്തത്തിലൂടെയാണ്‌ ശ്രദ്ധേയമായത്‌. പന്നിശ്ശേരി നാണുപിള്ളയുടെ നിഴല്‍ക്കുത്ത്‌ (ദുര്യോധനന്‍ പ്രധാനം) കഥകളിയുടെ ഉദ്ഭവകാലത്തെ നാടോടിബന്ധത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ നാടോടിപ്പാട്ടില്‍നിന്നു സ്വീകരിച്ച രസകരമായ ഒരു ഇതിവൃത്തത്തെ കഥകളിരൂപത്തിലാക്കുന്നു. ശൈലീപരമോ സാങ്കേതികമോ ആയ പ്രത്യേകതകള്‍ക്കുപരി ഇതരകാരണങ്ങളോ നടന്‍മാരുടെ വ്യക്തിപ്രഭാവമോ ആണ്‌ ഇത്തരം വേഷങ്ങള്‍ക്കു പ്രചാരം നല്‍കിയത്‌ എന്നു കാണാം. തകഴി കുഞ്ചുക്കുറുപ്പ്‌, മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍ (കാര്‍ത്തികതിരുനാള്‍ കൊട്ടാരം കളിയോഗത്തിന്റെ ചുമതലയേല്‍പ്പിച്ചത്‌ അന്നത്തെ മാത്തൂര്‍ പണിക്കരെയാണ്‌. കുഞ്ഞുപിള്ളപ്പണിക്കരുടെ കാലത്ത്‌ കൊട്ടാരം കളിയോഗം നാമമാത്രമായപ്പോള്‍ അദ്ദേഹം ഇടപ്പള്ളി രാജാവിന്റെ കളിയോഗത്തില്‍ ചേര്‍ന്നു), തോട്ടം ശങ്കരന്‍ നമ്പൂതിരി (തകഴി കേശവപ്പണിക്കര്‍, ചമ്പക്കുളം ശങ്കുപ്പിള്ള, മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍ എന്നിവരുടെ ശിഷ്യന്‍), ചെങ്ങന്നൂര്‍ രാമന്‍പിള്ള (തകഴി കേശവപ്പണിക്കര്‍, അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കര്‍ എന്നിവര്‍ ഗുരുക്കന്‍മാര്‍-മാത്തൂര്‍ കളരിയുടെ സ്വാധീനം), കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ (കല്ലടിക്കോടന്‍ സമ്പ്രദായത്തില്‍പ്പെട്ട ഈച്ചരമേനോന്റെ ശിഷ്യനായ കൂട്ടില്‍ കുഞ്ഞന്‍ മേനോന്റെ ശിഷ്യന്‍), പള്ളിപ്പുറം ഗോപാലന്‍നായര്‍, മാങ്കുളം വിഷ്ണു നമ്പൂതിരിഎന്നിവര്‍ ഉദാഹരണം. ഇവരില്‍ ചെങ്ങന്നൂരിന്റെയും മാങ്കുളത്തിന്റെയും ശിഷ്യ-പ്രശിഷ്യരാണ്‌ ഇന്നുള്ള പ്രധാനികള്‍. കലാമണ്ഡലം, മാര്‍ഗി, കലാഭാരതി തുടങ്ങിയ സ്ഥാപനങ്ങളില്‍ തെക്കന്‍ചിട്ടയ്ക്കു പ്രാധാന്യമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കലാമണ്ഡലത്തില്‍ മാത്രമാണെന്നു തോന്നുന്നു തെക്കന്‍ചിട്ട അഭ്യസിപ്പിക്കുന്നത്‌. കഥകളിയിലുള്ള സമ്പ്രദായഭേദങ്ങള്‍ ചരിത്രപരമായും സൌന്ദര്യശാസ്ത്രപരമായും സാംസ്കാരികമായും പ്രധാനമാണ്‌. കളരികളിലും അരങ്ങുകളിലും അവ സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്‌.

 

തെക്കന്‍ചിട്ടയിലുള്ള അവതരണക്രമങ്ങള്‍ പലതും സാങ്കേതികവും പ്രമേയപരവുമായ ഔചിത്യത്തോടെ നിര്‍വഹിച്ചതാണെന്നു കാണാം. ചമ്പടയിലുള്ള വട്ടംവച്ചുകലാശത്തിനു താളം പിടിക്കുന്ന രീതി ഉദാഹരണം. പദം പാടുമ്പോഴുള്ള ഒരു താളവട്ടത്തിന്റെ ദൈര്‍ഘ്യംതന്നെ ഇതിലൂടെ വട്ടംവച്ചു കലാശത്തിന്റെ ഒരു താളവട്ടത്തിനും കൈവരുന്നു. ഘടനാവൈവിധ്യമുള്ള 12 ചമ്പട കലാശങ്ങള്‍ അടിസ്ഥാനമായുണ്ട്‌. അഷ്ടകലാശത്തില്‍ ചമ്പയുടെ ഒന്നാമടിയില്‍ ആദ്യകലാശവും തുടര്‍ന്ന്‌ ഓരോ അക്ഷരകാലം പുറകിലായി കലാശമാരംഭിക്കുകയും എട്ടു കലാശങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിന്‌ രേഖീയമായ ഒരു ക്രമമുണ്ട്‌. വലിയ കലാശത്തിലെ തെയ്‌ തിത്തെയ്‌ പോലുള്ള കലാശങ്ങള്‍ പൂര്‍ണമാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌. നാട്യ-സംഗീതശാസ്ത്രങ്ങളില്‍ പ്രാമാണികപണ്ഡിതരായ പുരസ്കര്‍ത്താക്കളുടെയും ആട്ടക്കഥാകൃത്തുക്കളുടെയും സ്വാധീനം ഇത്തരം സങ്കേതങ്ങളെ ശാസ്ത്രബദ്ധമാക്കുന്നതിന്‌ സഹായിച്ചിട്ടുണ്ടാവണം. സാങ്കേതികമായ ഈ പ്രത്യേകതകള്‍ തീര്‍ച്ചയായും നിലനില്‍ക്കേണ്ടത്‌ ചരിത്രപരമെന്നതുപോലെ സൌന്ദര്യശാസ്ത്രപരവും സാംസ്കാരികവുമായ ആവശ്യമാണ്‌.

 

ആധാരഗ്രന്ഥങ്ങള്‍:

1. കഥകളിരംഗം- കെ. പി. എസ്. മേനോന്‍

2. കഥകളി- പി. കൃഷ്ണപിള്ള

3. കഥകളിസ്വരൂപം- മങ്കൊമ്പ് ശിവശങ്കരപ്പിള്ള, സി. കെ. ശിവരാമപിള്ള

4. കഥകളിയുടെ രംഗപാഠചരിത്രം- കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട്, കലാമണ്ഡലം എം. പി. എസ്. നമ്പൂതിരി.

 

------------------- മനോജ് കുറൂര്‍

·· Report · December 28, 2011 at 9:31am

    Usha Rajan, Ambujakshan Nair, Rajneesh Kiran and 14 others like this.

        Manoj Kuroor പ്രേക്ഷകരുമായുള്ള ഈ സംവാദാത്മകബന്ധം ഫോക്ക് കലാരൂപങ്ങളില്‍‌നിന്നും- അവയെ നിര്‍ണയിച്ച സാംസ്കാരിക പരിസരത്തില്‍നിന്നും- വന്നതാവാനാണു സാധ്യത.
        December 28, 2011 at 6:30am · · 1

        Nikhil Kaplingat ഈ പേപ്പറില്‍ തെക്കന്‍ കത്തിയുടെ സവിശേഷതകള്‍ വിശദീകരിച്ചിരുന്നുവോ ? അതോ ചരിത്രപശ്ചാത്തലം മാത്രമാണോ ഉണ്ടായിരുന്നത് ?
        December 28, 2011 at 7:29am ·

        Manoj Kuroor പേപ്പറില്‍ തന്നെ ചിലതു പറഞ്ഞിട്ടുണ്ടല്ലൊ നിഖില്‍. ഇതില്‍ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ പ്രത്യെകതകളായി പറഞ്ഞിരിക്കുന്നത് തെക്കന്‍ കത്തിവേഷങ്ങളുടെ അവതരണവുമായി ബന്ധപ്പെട്ടതാനല്ലൊ. ആ ചരിത്രം പറയുന്ന സ്ഥലങ്ങളില്‍ അവതരണപരമായ പ്രത്യേകതകള്‍ പലതും പറഞ്ഞിട്ടുണ്ടല്ലൊ. പിന്നെ ഇതില്‍ ഇല്ലാത്ത ചില സാങ്കേതികമായ പ്രത്യേകതകള്‍ കൂടി അവിടെ പറഞ്ഞിരുന്നു‍. കേകിയുടെ താളവട്ടങ്ങളിലുള്ള വ്യത്യാസം, രാവണോദ്ഭവത്തില്‍ കാലം മാറുന്ന ഇടത്തിനുള്ള വ്യത്യാസം, തിരനോക്കിനു മുന്‍പുള്ള അലര്‍ച്ച, തിരനോക്കിനുള്ള സമ്പ്രദായവ്യത്യാസവും അതിന്റെ മേളത്തില്‍ ഉണ്ടായിരുന്നതും ഇപ്പോഴുള്ളതുമായ വ്യത്യാസവും, വട്ടംവച്ചുകലാശങ്ങളുടെ ഘടനയിലുള്ള വ്യത്യാസം എന്നിവ വായ്ത്താരിയുടെ സഹായത്തോടെ വിവരിക്കാന്‍ ശ്രമിച്ചിരുന്നു. നടന്മാരുടെ മനോധര്‍മ്മത്തിന്റെ പ്രസക്തിയെന്നതിനെക്കാള്‍ തെക്കന്‍ സമ്പ്രദായത്തിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ പറയാനായിരുന്നു താല്പര്യം. അത് കുറേയൊക്കെ വിവരിക്കാനായി എന്നാണു വിശ്വാസം.

        പിന്നെ ഇന്ന് ആകെ അവശേഷിക്കുന്നത് ചെങ്ങന്നൂരാശാന്റെ പിന്തുടര്‍ച്ച മാത്രമാണ്. (ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ളയ്ക്ക് മാങ്കുളത്തിന്റെകൂടി ശിഷ്യത്വമുള്ളതുകൊണ്ട് അതും പറയാം.) അതില്‍ മടവൂരും തുടര്‍ന്ന് രാജശേഖരനും ‘പരിഷ്കരിച്ചെടുത്ത’ ഒരു സമ്പ്രദായമാണ് തെക്കന്‍ ചിട്ടയില്‍ ഇന്ന് അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ പഴയ കപ്ലിങ്ങാടന്‍ സമ്പ്രദാ‍യത്തിന്റെ അവതരണരീതി വ്യക്തമായി അറിയാന്‍ വഴികള്‍ കുറവാണ്.

        മടവൂരാശാനും രാജശേഖരേട്ടനുമാണ് പേപ്പര്‍ അവതരിപ്പിച്ച മറ്റു രണ്ടു പേര്‍. മടവൂരാശാന്‍ ഉദ്ഘാടനപ്രസംഗം എന്ന നിലയില്‍ ആമുഖമായി ചിലതു പറഞ്ഞു. രാജശേഖരേട്ടന്‍ അവതരണത്തിന്റെ സാങ്കേതികമായ ചില പ്രത്യേകതകളും അവയുടെ പ്രസക്തിയും പറഞ്ഞിരുന്നു.
        December 28, 2011 at 8:02am · · 3

        Sunil Kumar kathakali.info യിലേക്ക് ഈച്ചകോപ്പി അടിക്കട്ടെ ഇത് മനോജ്? :):)
        December 28, 2011 at 8:17am ·

        Manoj Kuroor Sunil Kumar, ആവാമല്ലൊ. പക്ഷേ ഇത് ഇവിടെ കൊടുത്തതിന്റെ ഉദ്ദേശ്യം‌കൂടി ഒന്നു വ്യക്തമാക്കട്ടെ. പരിമിതമായ വിഭവങ്ങള്‍ വച്ചുകൊണ്ട് കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ ചരിത്രത്തിലേക്കും സമകാലികതയിലേക്കും ചെന്നെത്താനുള്ള ഒരു ശ്രമം മാത്രമാണ് ഇത്. സമചിത്തതയോട, (ആ വാക്ക് അടിവരയിടാന്‍ ഇവിടെ ഓപ്ഷന്‍ ഇല്ല), വസ്തുനിഷ്ഠമായി ഒരു ചര്‍ച്ച പ്രതീക്ഷിക്കുന്നു. ഈ ശൈലിയെക്കുറിച്ചുള്ള മറ്റുള്ളവരുടെകൂടി നിരീക്ഷണങ്ങള്‍ പങ്കുവച്ചാല്‍ അതിനു ശേഷം ഈ ഡോക്യുമെന്റ് ഒന്നു പരിഷ്കരിക്കണം എന്നുണ്ട്. കഥകളി.ഇന്‍ഫോയില്‍ ചേര്‍ക്കുന്നെങ്കില്‍ അതു കഴിഞ്ഞാവാം :)
        December 28, 2011 at 8:30am · · 2

        Nikhil Kaplingat എന്റേത് സംശയമായിരുന്നു മനോജേട്ടാ - തെക്കന്‍ കത്തിയുടെ പ്രത്യേക സവിശേഷതകള്‍ എല്ലാം ഉള്‍പ്പെടുത്താന്‍ ഇതില്‍ ശ്രമം നടത്തിയിട്ടുണ്ടോ എന്ന് - ചരിത്രവും, മറ്റു തെക്കന്‍ പൊതു സവിശേഷതകളും എല്ലാം വരുന്ന ഈ വായനയില്‍.

        കഥകളിസ്വരൂപവും എം കെ കെ നായരുടെ തിരുവിതാംകൂര്‍ രാജവംശത്തെക്കുറിച്ചുള്ള ലേഖനവും തെക്കന്‍ ശൈലി രൂപീകരിക്കുന്നതില്‍ കപ്ലീങ്ങാടിന്റെ സംഭാവനയോളമോ അതിലധികമോ സ്ഥാനം (രക്ഷാധികാരിത്വം എന്നതിലുപരി) കാര്‍ത്തികതിരുനാളിന് നല്‍കിയിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്. അതില്‍ എത്ര ശരിയുണ്ട് ?
        December 28, 2011 at 8:42am · · 3

        Manoj Kuroor നിഖില്‍, ഞാന്‍ നേരത്തെ പറഞ്ഞ വസ്തുനിഷ്ഠതയുടെ പ്രശ്നം വരുന്നത് ഇവിടെയാണ്. ഇരുപതാം നൂറ്റാണ്ടില്‍ ഈ തെക്കു-വടക്കു ചര്‍ച്ചകള്‍ക്ക് ദേശ-രാഷ്ട്രപരമായ ഒരു മാനം ഉണ്ടാവുന്നുണ്ട്. അതായത് ഓരോ ദേശത്തെയും സവിശേഷസാംസ്കാരികപ്രത്യേകതകള്‍ നിര്‍ണയിക്കുന്നതിന്റെ ഭാഗമായി ചില അവകാശവാദങ്ങളും സ്വന്തമാക്കലുകളുമൊക്കെ പല നിരീക്ഷണങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ടാവാം. അവ സമചിത്തതയോടെ ഇന്നു വേര്‍‌തിരിച്ചറിയേണ്ടതുണ്ട്.

        ബാലരാമഭരതം എഴുതിയ കാര്‍ത്തിക തിരുനാള്‍ നാട്യശാസ്ത്രവിശാരദനായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ രൂപവത്കരണത്തില്‍ അദ്ദേഹത്തിനുള്ള സ്വാധീനം നിഷേധിക്കുന്നുമില്ല. അത് നിലവിലുള്ള നാട്യസിദ്ധാന്തങ്ങള്‍ക്ക് അനുരൂപമാക്കുന്നതിലാണ് അദ്ദേഹത്തിന്റെ പങ്ക് എന്നാണു തോന്നുന്നത്. കാരണങ്ങള്‍ പറയാം. ‘സാങ്കേതികമായി’കഥകളിയെ പരിഷ്കരിക്കുന്നതിനായി അദ്ദേഹം കപ്ലിങ്ങാടു നമ്പൂതിരിയെ ആശ്രയിച്ചു എന്നത് ഒന്നാമത്തെ കാര്യം. പ്രായോഗികമായി നടപ്പില്‍ വരുത്തുന്നതിന് ഇതര നടന്മാരുടെയും സഹായം വേണ്ടിവന്നു. കപിങ്ങാടന്‍ സമ്പ്രദായത്തെ സംബന്ധിച്ച് ഇട്ടീരിപ്പണിക്കരുടെ സ്ഥാനം ഇവിടെയാണ്. പിന്നീടുള്ള പല പരിഷ്കരണങ്ങളുടെയും വേദി തൃപ്പൂണിത്തുറ ആയിരുന്നു എന്നതു ശ്രദ്ധിക്കേണതുണ്ട്. കാര്‍ത്തിക തിരുനാള്‍ എഴുതിയ ബാലരാമഭരതത്തിലെ മുദ്രകളെ ആശ്രയിക്കാതെ കപ്ലിങ്ങാടന്‍ സമ്പ്രദായം ഹസ്തലക്ഷണദീപികയെ ആശ്രയിച്ചത് മറ്റൊരു ഉദാഹരണം. ശാസ്ത്രബദ്ധമാക്കുന്നതിന് കാര്‍ത്തിക തിരുനാളിന്റെ സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും സാങ്കേതികമായി പ്രയോഗരീതിയിലുള്ള പരിഷ്കരങ്ങള്‍ കപ്ലിങ്ങാടും ഇട്ടീരിപ്പണിക്കരും ചേര്‍ന്ന് നിര്‍വഹിച്ചതാവാനാണ് സാധ്യത.
        December 28, 2011 at 9:06am · · 6

        Vikar T Mana മനോജേട്ടാ, ചില സംശയങ്ങള്‍, അസ്ഥനതാണോ എന്ന് അറിയില്ല.. എന്നാലും ചോദിക്കാം
        കത്തിവേഷങ്ങള്‍ക്കു ശൃംഗാരപ്രധാനമായ പതിഞ്ഞ പദങ്ങള്‍ ചിട്ടപെടുത്തിയത് കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍ ആണ് എന്ന് ഇതില്‍ പറഞ്ഞല്ലോ . അതുകൊണ്ട് ഇന്നത്തെ രൂപത്തില്‍ കാണുന്ന കത്തിവേഷത്തിന്റെ ശൃംഗാരരസത്തിലുള്ള തിരനോട്ടവും അതിനോടൊപ്പം തന്നെ ചിട്ടപെടുത്തിയത് ആയിരിക്കില്ലേ ?
        'ആലവട്ടവും മേലാപ്പോടും' കൂടിയുള്ള തിരനോട്ടം കപ്ലിങ്ങാടന്‍ പരിഷ്കാരം ആയിരുന്നോ ?
        പിന്നെ കാര്‍ത്തവീര്യാര്‍ജ്ജുനിജയം പോലുള്ള കഥ ഈ കാലത്ത് ചിട്ടപെട്ടുതിയതാണ് എന്ന് സൂചിപ്പിച്ചിട്ടുണ്ടല്ലോ . അപ്പോള്‍ കമലദളത്തിന്റെ പ്രത്യേകമായ അരങ്ങുരീതികള്‍ കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍ വന്നതാണെന്ന് അനുമാനിക്കാമോ ? അതോ പിന്നീട് ചിട്ടപെടുത്തിയതാണോ ?
        December 28, 2011 at 9:50am · · 3

        Sreechithran Mj സമചിത്തതപ്രാർത്ഥനയോടെ, തുടങ്ങട്ടെ :)

        1) തെക്ക് - വടക്ക് ഭേദങ്ങൾ യഥാർത്ഥത്തിൽ ശൈലീനിഷ്ഠമാണ്, ദേശനിഷ്ഠമല്ല എന്ന മനോജേട്ടന്റെ നിരീക്ഷണത്തോട് വലിയൊരളവോളം യോജിക്കുമ്പോൾ തന്നെ, ദേശവും തദ്ദേശീയമായ അധികാരവ്യവസ്ഥയും തൽദേശജന്യമായ കലാരൂപത്തിന്റെ പരിണാമങ്ങളിൽ പങ്കുവഹിയ്ക്കും എന്ന യാഥാർത്ഥ്യത്തെ തള്ളിക്കളയാനാനും കഴിയില്ല. പ്രമേയത്തിലായാലും പ്രകാരത്തിലായാലും. തൃപ്പടിദാനശേഷമുള്ള രാഷ്ടീയപരിസരത്തിൽ, 'പത്മനാഭദാസനാ'യ രാജാവിനും രാജ്യത്തിലും ഇരുന്ന് കാട്ടിൽ കണ്ടെത്തപ്പെടുന്ന ഒരു പെണ്ണിനോട് :ചരണാംബുജേ ദാസ്യം കുര്യാം" എന്നപേക്ഷിയ്ക്കുന്ന രുഗ്മാംഗദരാജാവിനെ ചിത്രീകരിക്കുന്നതിലെ ഐറണി ചിന്തനീയമാണ്.
        2) വീണ്ടും വീണ്ടും പലപാടു പ്രബന്ധങ്ങളിലും പുസ്തകങ്ങളിലും ആവർത്തിക്കപ്പെടുന്ന പല ചരിത്രനിരീക്ഷണങ്ങൾക്കും "അഭ്യൂഹശാസ്ത്രം" മാത്രമേ തുണയുള്ളൂ. ഉദാ: പഴയ പുസ്തകങ്ങളിലെല്ലാം ആവർത്തിച്ച ഒന്ന് മനോജേട്ടന്റെ ഈ പ്രബന്ധത്തിലും കാണാം - "പ്രിയേ ഉദ്യാനത്തിലേക്കു പ്രവേശിക്കുകയല്ലേ" എന്നള്ള നരകാസുരവധത്തിലെ പ്രവേശരീതി കപ്ലിങ്ങാട് ചിട്ടപ്പെടുത്തി എന്ന്. രാജശേഖരേട്ടനോടു ചോദിച്ചാൽ അത് കപ്ലിങ്ങാടൻ വഴിയേ അല്ല എന്നു പറയും. തെക്ക് നരകാസുരവധത്തിലും ഉത്തരാസ്വയംവരത്തിലും അതില്ല. പിന്നെ ഏതു വഴിയ്ക്കാണ് ഈ മാറ്റം കപ്ലിങ്ങാടിൽ ആരോപിയ്ക്കുന്നത്?മുഞ്ചൊന്ന 'അഭ്യൂഹശാസ്ത്രം" മാത്രം. ഇത്തരം ആവർത്തിതമായ അബന്ധങ്ങളുടെ പുനരുപയോഗം നമ്മുടെ ചരിത്രഗവേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലതും കെ പി എസ് മേനോനിൽ നിന്ന് തുടങ്ങുന്നതാവണം.
        3) ഈയ്യിടെ തെക്കൻ കലാശങ്ങളുടെ ഏതാണ്ടു പൂർണ്ണമായ ചിത്രീകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചപ്പോഴാണ്, അവയുടെ ക്രമികമായ വികാസവും ശാസ്ത്രീയതയും കൂടുതലായി ശ്രദ്ധിച്ചത്. ത ത കിടതകിത മുതൽ അഷ്ടകലാശത്തിന് തീരുകലാശം വരെ കൃത്യമായ ഒരു ആരോഹണമുണ്ട്, അതു ചേതോഹരവുമാണ്. പ്രധാനപ്പെട്ട ഏഴു വട്ടം വെച്ചു കലാശങ്ങളും ഘടനാപരമായി പൂർണ്ണതയുള്ളതാണ്. ഇരട്ടിയിലെ വ്യത്യാസങ്ങളോട് സൗന്ദര്യശാസ്ത്രപരമായ വിയോജിപ്പുകൾ ( അതു വ്യക്തിനിഷ്ഠം മാത്രം) മാറ്റിവെച്ചാൽ, ശാസ്ത്രബുദ്ധ്യാ അംഗീകരിക്കാതെ വഴിയില്ല. "ബാണമേഷകലയേ" യ്ക്ക് മടവൂരാശാൻ എടുക്കുന്ന കലാശത്തിന്റെ വ്യത്യസ്തത - ഇങ്ങനെ അനേകം സൗന്ദര്യശാസ്ത്രപരമായ വ്യത്യസ്തതകൾ നിലനില്ക്കേണ്ടത് ആവശ്യം തന്നെയാണെന്നു തോന്നുന്നു. ഒരു അക്കാദമിക്ക് പർപ്പസ് എന്ന നിലയ്ക്കു മാത്രമല്ല, ആവിഷ്കരണത്തിലെ സൗന്ദര്യാനുഭവം എന്ന നിലയിൽ തന്നെ.
        December 28, 2011 at 11:00am · · 4

        Sreechithran Mj ‎4) നൃത്തവും വരിയുമായി ഇരട്ടിനൃത്തങ്ങളിലൊക്കെ നാം കല്ലുവഴിക്കളരിയിൽ കാണുന്ന സമ‌ന്വയം തെക്കോട്ട് കാണാനില്ല. "പഞ്ചമകൂജിത"യിലായാലും "തൊണ്ടിപവിഴ"ത്തിലായാലും പദത്തോടൊപ്പം ഇരട്ടി എന്ന സങ്കൽപ്പമില്ല. പദം കഴിഞ്ഞ് ഇരട്ടി എന്ന സാമാന്യ മാതൃക തന്നെയാണ് സൗഗന്ധികം ഭീമനും ഉർവ്വശിയും പിന്തുടരുന്നത്. എന്നാൽ പലയിടത്തും നൃത്തപ്രാകാരത്തെ ബൃഹദാകാരമാക്കി മാറ്റുന്നത് കാണാം. "കേകി" ഉദാഹരണം. താളവൈവിദ്ധ്യം കൊണ്ട് ഒരു രേഖീയമാനവികാസത്തെ പലപ്പോഴും (മനഃപൂർവ്വമെന്നു തോന്നും വിധം) തകർത്തുകളയാനും ശ്രദ്ധിയ്ക്കുന്നുണ്ട്. ഉൽഭവത്തിലെ ശിരസ്സ് വെട്ടുന്ന സമയത്തെ ലക്ഷ്മീകാലം ഉദാഹരണം. ഇക്കാര്യം ഞാൻ മടവൂരാശാനോടു ചോദിച്ചപ്പോൾ " അതുവരെയുള്ള ത്രിപുടയിലുള്ള കാലമെങ്ങനെയാണ് ലക്ഷ്മിയിലേക്കു മാറ്റിയിരുന്നത്?" എന്നു ചോദിച്ചിരുന്നു. ആശാൻ പറഞ്ഞത് " അവിടെ ചെറുമട്ടിലൊരു കലാശമൊണ്ടായിരുന്നു. ഇപ്പൊ ആരൊണ്ട് അതൊക്കെ ചെണ്ടയിൽ കൊട്ടാൻ?" എന്നാണ്. അപ്പോൾ സംഭവം മനപ്പൂർവ്വം രേഖീയതയെ തകർക്കലാവാൻ സാദ്ധ്യത കൂടുതലാണ് എന്നർത്ഥം. ഏതാണ്ട് കുഞ്ചൻ നമ്പ്യാർ "സുരതരുണികളങ്ങു നടന്നു" എന്ന ഭാഗത്തിനവസാനം അതുവരെയുള്ള ചെമ്പടപരിചരണത്തെ "കൊട്ടിന്നും പാട്ടിന്നും ഒട്ടും വിജയാ നിനക്കു രസമില്ലേ" എന്ന ലക്ഷ്മി കൊണ്ട് അക്ഷരത്തീർപ്പു കൊട്ടിക്കലാശിക്കും പോലെ. ( ഏതാണ്ടു മാത്രം - മുൻപു പറഞ്ഞ പോലെ വെറും അഭ്യൂഹശാസ്ത്രം). സവിശേഷമാം വിധം നൃത്തസാദ്ധ്യതയ്ക്കായി നിലവിലെ താളത്തെ മാറ്റുക കഥകളിയിൽ സുലഭമാണല്ലോ. പഞ്ചാരിവട്ടം പോലെ പലതും. തോരണയുദ്ധം ഹനുമാൻ രാവണനു പന്തം കാട്ടുന്ന സമയത്ത് ഇപ്പോൾ ഹംസവും ദമയന്തിയും തമ്മിൽ "തൊട്ടേനേ ഞാൻ കൈകൾ കൊണ്ടു" എന്ന ഭാഗത്തു ചെയ്യും പോലെ ഒരു നൃത്തമുണ്ടായിരുന്നു എന്ന് കീഴ്പ്പടം ആശാൻ സാക്ഷ്യപ്പെടുത്തിയിരുന്നു. "ഗുരുനാഥനും തേക്ക്ൻകാട്ടിലും കൂടി എടുക്കുന്നത് കണ്ട കാര്യം" അദ്ദേഹം പറയുമായിരുന്നത്രേ. ഇതു തെക്കോട്ടും മുൻപേ ഉണ്ട്! അപ്പോൾ മൊത്തം രേഖീയതാളശിൽപ്പം രേഖീയഭാവശിൽപ്പത്തിന് എത്രമേൽ അനുഗുണമെന്നു കണ്ട് ക്രമേണ ലോപം വന്നവയാകണം ഉൽഭവത്തിലെ ലക്ഷ്മീകാലവും തോരണയുദ്ധത്തിലെ ഈ നൃത്തവുമെല്ലാം. അവ കല്ലുവഴിയിലെത്തുമ്പോൾ വീണ്ടും ചുരുങ്ങി, പകർന്നാട്ടങ്ങളിൽ പോലും ഭാവശിൽപ്പത്തിനിടർച്ച വരുന്നെങ്കിൽ അതു കേട്ടാട്ടമാക്കാം എന്നായി. നക്രതുണ്ഡിയുടെ നരകാസുരനോടുള്ള വിലാപം ഉദാഹരണം.
        December 28, 2011 at 11:06am · · 4

        Sreechithran Mj
        ‎5) കപ്ലിങ്ങാടിന്റെ കാലത്തു ചിട്ടപ്പെടുത്തപ്പെട്ട പ്രതിനായകരംഗാവിഷ്കാരങ്ങള്‍ക്കും അതിനു ശേഷമുള്ളവയ്ക്കും തമ്മിലുള്ള പ്രധാനവ്യത്യാസം അതിന്റെ ശൃംഗാരസമീപനമാണല്ലോ. ഉല്‍ഭവം പോലെ അനിതരസാധാരണമായ രാഷ്ടീയ - സാമൂഹിക മാനങ്ങളുള്ള ശക്തിയുടെ പ്രോത്ഘാടനം, കൈ...See More
        December 28, 2011 at 11:07am · · 6

        Sreechithran Mj
        പൊതുവില്‍, സമ്പ്രദായഭേദങ്ങളെപ്പറ്റി മനോജേട്ടന്‍ പറഞ്ഞ "സമചിത്തത" യോടെയുള്ള സംവാദങ്ങളും കൂടുതല്‍ കണ്ടെടുക്കലുകളും നിരീക്ഷണങ്ങളും ആവശ്യമാണ്. അവയില്‍ ശൈലീനിഷ്ഠവും ദേശനിഷ്ഠവും ആയ അനേകം അംശങ്ങള്‍ കണ്ടേയ്ക്കാം. ദേശനിഷ്ഠം എന്നതിനര്‍ത്ഥം ഏതെങ്കിലും ദേശത്തെ വരേണ്യവല്‍ക്കരിക്കുക എന്നല്ല എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
        പിന്നെ, ഇത്തരം ചര്‍ച്ചകള്‍ക്കു പൊതുവേ കണ്ടിട്ടുള്ള അവസാനം തെക്കും വടക്കും പറഞ്ഞു കുത്തിനോവിയ്ക്കാന്‍ മാത്രം കൗതുകമുള്ള "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലെ കൊതുകുകള്‍" വന്ന് അവരുടെ മന്തും മലമ്പനിയും പരത്താനുള്ള ഇടമാക്കി ചര്‍ച്ചകളെ മാറ്റുക എന്നതാണ്. അപ്പോള്‍ എനിയ്ക്ക് (അറിഞ്ഞിടത്തോളം മനോജേട്ടനും) ഓടിരക്ഷപ്പെടുകയേ മാര്‍ഗമുള്ളൂ. ൈവിടെ അതിനിട വരാതിരിക്കാന്‍ കപ്ലിങ്ങാടന്‍, കല്ലടിക്കോടന്‍, കല്ലുവഴി കളരിപരമ്പരദൈവങ്ങളോട് പ്രാര്‍ത്ഥിക്കുന്നു. :)
        December 28, 2011 at 11:08am · · 8

        മണി വാതുക്കോടം ചര്‍ച്ച ഗംഭീരമാകുന്നു. തുടരട്ടെ...കൊതുകളെ പ്രതിരോധിക്കാന്‍ ഓഡോമോസ് കരുതാം...
        December 28, 2011 at 11:22am · · 5

        Padmini Narayanan പ്രഗല്‍ഭ മായ ഏറെ അറിവുപകരുന്ന ഒരു ചര്‍ച്ച . വയിച്ചരിവുനെടാന്‍ അതിയായ സന്തോഷവും...തുടരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു..
        December 28, 2011 at 11:35am · · 3

        Manoj Kuroor
        ‎Vikar T Mana, തിരനോക്ക് തുടങ്ങിവച്ചത് വെട്ടത്തു സമ്പ്രദായക്കാരാണെന്നാണു പറയാറ്. കത്തിയുടെ ശൃംഗാരപ്രധാനമായ പതിഞ്ഞ പദം കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍ നരകാസുരവധത്തിന്റെ ചിട്ടപ്പെടുത്തലോടെയാണു നിലവില്‍ വന്നത് എന്നും കരുതപ്പെടുന്നു. പുതിയിക്കല്‍ തമ്പാന്‍ കാര്‍ത്തിക തിരുനാളിന്റെ ആശ്രിതനായിരുന്നതുകൊണ്ടും കപ്ലിങ്ങാടന്‍ സമ്പ്രദായം ആ സമയത്തു തിരുവനന്തപുരത്തു പ്രബലമായി എന്നതുകൊണ്ടും കാര്‍ത്തവീര്യാര്‍ജ്ജുനവിജയവും അതിന്റെ സ്വാധീനത്തില്‍ ഉണ്ടായതാവാം എന്നത് സാധ്യത എന്ന രീതിയില്‍ പറഞ്ഞതാണ്.
        December 28, 2011 at 4:58pm · · 3

        Manoj Kuroor ചിത്രന്‍, ഒന്നു മുറുക്കി വരാം :)
        December 28, 2011 at 4:59pm · · 4

        Nikhil Kaplingat ഉല്‍ഭവത്തിലെ ലക്ഷ്മീകാലം വീണ്ടെടുത്ത് അരങ്ങത്ത് അവതരിപ്പിക്കുക ബുദ്ധിമുട്ടാകുമോ ? Sree Chithran Manoj Kuroor
        December 28, 2011 at 5:13pm · · 2

        Manoj Kuroor
        ‎1. ‘ദേശവും തദ്ദേശീയമായ അധികാരവ്യവസ്ഥയും തല്‍ദേശജന്യമായ കലാരൂപത്തിന്റെ പരിണാമങ്ങളില്‍ പങ്കുവഹിയ്ക്കും എന്ന യാഥാര്‍ത്ഥ്യത്തെ തള്ളിക്കളയാനാനും കഴിയില്ല’. ശരിയാണ്. പക്ഷേ ഇത് കഥകളിയുടെ ചരിത്രത്തെയും സമകാലികതയെയും സംബന്ധിച്ച് എത്രത്തോളം പ്രസക്തമാണെന്നാണല്ലൊ ആലോചിക്കേണ്ടത്. കഥകളിയുടെ ചരിത്രം വസ്തുനിഷ്ഠമായി വേണ്ടത്ര തെളിവുകളോടെ അറിയാന്‍ ഇന്നു മാര്‍ഗമില്ല. പുസ്തകങ്ങളും ചില രേഖകളുമാണ് ആധാരം. ഇതു സമ്മതിക്കുമ്പോള്‍ത്തന്നെ മറിച്ചൊരഭിപ്രായമോ തെളിവോ ഉണ്ടാകുന്നതുവരെ ലഭ്യമായ ചരിത്രത്തെ ആശ്രയിക്കുകയല്ലാതെ മാര്‍ഗമില്ല എന്നൊരു അവസ്ഥ കൂടിയുണ്ട്.

        പ്രാചീനകാലത്ത് ദേശസംബന്ധമായ അതിവാദങ്ങള്‍ കുറവായിരുന്നു എന്നു തോന്നും ലഭ്യമായ ചരിത്രം വായിക്കുമ്പോള്‍. സവിശേഷമായ ദേശ-രാഷ്ട്രസങ്കല്പം രൂപപ്പെടുന്നത് ദേശീയവാദത്തിന്റെയോ പ്രാദേശികവാദത്തിന്റെയോ സ്വാധീനം സംഭവിക്കുമ്പോഴാണല്ലൊ. ലീലാതിലകത്തിന്റെയും പ്രാചീന ചമ്പുക്കളുടെയും കാലത്ത് ‘മലയാളം’ എന്ന ഭാഷ, ‘കേരളം’ എന്ന ദേശം എന്നിവയെക്കുറിച്ച് അത്തരത്തിലൊരു ബോധം വളര്‍ന്നുവന്നതായി രാഘവ വാരിയരെപ്പോലുള്ളവര്‍ നിരീക്ഷിക്കുന്നു. മറ്റൊന്ന് നമ്പൂതിരിമാരുമായി ബന്ധപ്പെട്ടതാണ്. ഭാരതപ്പുഴയുടെ തീരം, ചാലക്കുടി പുഴയുടെ തീരം, ആലുവാപ്പുഴയുടെ തീരം, കൌണാറിന്റെ (മീനച്ചിലാറിന്റെ തീരം) എന്നിങ്ങനെ യാഗാദികര്‍മ്മങ്ങള്‍ക്ക് ചില അതിരുകള്‍ വയ്ക്കുന്നതിനും രാഷ്ട്രീയ കാരണങ്ങളായിരുന്നു ഉണ്ടായിരുന്നത് എന്ന് ഇന്നു കാണാ‍ന്‍ പ്രയാസമില്ല. കേരളത്തിലെ രാജവംശങ്ങള്‍ തമ്മില്‍ തെക്കു വടക്കു ഭേദമില്ലാതെ കൊടുക്കല്‍-വാങ്ങലുകളുണ്ടായിരുന്നെന്നും മാമാങ്കം തുടങ്ങിയ കാര്യാലോചന/ആഘോഷങ്ങളിലൂടെയും കാര്‍ഷികവ്യവസ്ഥയുടെ ഏകീകരണത്തിലൂടെയും കേരളത്തിന്റെ തെക്കു വടക്കു ബന്ധം ശക്തമായതായും കരുതപ്പെടുന്നു. ചരിതാധ്യാപകനായ Dr. Sureshkumar EB യുടെ സഹായം തേടാവുന്നതാണ്. വിഷയം മാറിപ്പോകും എന്നതുകൊണ്ടു ചുരുക്കുന്നു) പറഞ്ഞുവന്നത് ദേശാധിഷ്ഠിതമായ പ്രാദേശികവാദം പ്രാചീനകാലത്തെക്കാള്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രാചീനമൂല്യങ്ങള്‍ അന്വേഷിച്ച ആധുനിക കാലത്താണ് കൂടുതല്‍ ശക്തമായത് എന്നാണ്. കാര്‍ത്തിക തിരുനാളിനു കഥകളി പരിഷ്കരണത്തിനായി വടക്കുള്ളവരെ ആശ്രയിക്കാന്‍ ബുദ്ധിമുട്ടൂണ്ടായില്ല എന്നര്‍ത്ഥം. കുറിച്ചിയില്‍ ആദ്യം കല്ലടിക്കോടന്‍ സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത് എന്ന കാര്യവും ഇതിനോടു ചേര്‍ത്തു വായിക്കാം. അധികാരകേന്ദ്രങ്ങളുടെ പ്രാദേശികബോധം അയഞ്ഞതയിരുന്നു എന്നര്‍ത്ഥം. (തുടരും)
        December 28, 2011 at 5:27pm · · 5

        Sunil Kumar ഉത്ഭവത്തില്‍ ലക്ഷ്മീതാളം ഉള്ളതായി മടവൂരാശാന്‍ പറഞ്ഞിരുന്നല്ലൊ. അപ്പോ അദ്ദേഹം ഇപ്പോഴും അത് ചെയ്യുന്നുണ്ട് എന്നല്ലെ? അപ്പോ വീണ്ടെടുക്കാന്‍ ഒന്നും ഇല്ലല്ലൊ നിഖില്‍ :) ഉള്ളത് റിക്കോര്‍ഡ് ചെയ്യുകയെ വേണ്ടൂ. അങ്ങനെ അല്ലേ മനോജ്?
        December 28, 2011 at 5:35pm · · 1

        Manoj Kuroor
        ‎2. ‘പഴയ പുസ്തകങ്ങളിലെല്ലാം ആവര്‍ത്തിച്ച ഒന്ന് മനോജേട്ടന്റെ ഈ പ്രബന്ധത്തിലും കാണാം - "പ്രിയേ ഉദ്യാനത്തിലേക്കു പ്രവേശിക്കുകയല്ലേ" എന്നള്ള നരകാസുരവധത്തിലെ പ്രവേശരീതി കപ്ലിങ്ങാട് ചിട്ടപ്പെടുത്തി എന്ന്.’ തീര്‍ച്ചയായും. കലാമണ്ഡലത്തില്‍ ഈ പേപ്പര്‍ അവതരിപ്പിച്ചപ്പോഴാണ് ഈ പ്രശ്നം സജീവമായത്. ആ പ്രവേശരീതിയെക്കുറിച്ച് കഥകളിരംഗത്തില്‍ പറയുന്നതിനെത്തന്നെ ആശ്രയിക്കുകയല്ലാതെ ഇന്നു മറ്റു മാര്‍ഗമില്ലല്ലൊ. ‘പ്രിയേ, ഉദ്യാനത്തിലേക്കു പ്രവേശിക്കുകയല്ലേ’ എന്ന് ‘കണ്ണുകൊണ്ടു കാണിച്ച്’ സമ്മതം വാങ്ങി പ്രവേശിക്കുന്നു എന്നാണു കഥകളിരംഗത്തില്‍. അതായത് മുദ്രകളില്ല എന്നര്‍ത്ഥം. ഇന്നു തെക്കന്‍ സമ്പ്രദായത്തില്‍ ‘കണ്ണുകൊണ്ടു’ പത്നിയുടെ ഭംഗി നോക്കിക്കണ്ട് ആലിംഗനം ചെയ്തു പ്രവേശിക്കുന്ന തരത്തിലാണ് അവതരണം. കല്ലുവഴി സമ്പ്രദായത്തിലാകുമ്പോള്‍ മുദ്രയിലൂടെത്തന്നെ ആശയം പ്രകടിപ്പിക്കുകയും ചെയ്യുന്നു. മുദ്രകളില്ലാതെ കണ്ണുകൊണ്ടുള്ള ആശയപ്രകാശനം പില്‍ക്കാലത്ത് പ്രിയയുടെ ഭംഗി കാണലായി വ്യാഖ്യാനിക്കപ്പെട്ടു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍നിന്നാണല്ലൊ കല്ലുവഴിച്ചിട്ടയിലേക്കും നരകാസുരന്റെ വരവ്. അവിടെ മുദ്രകളിലൂടെ പ്രകടിപ്പിക്കുന്നതിനാല്‍ ആ ആശയം അങ്ങനെതന്നെ സംരക്ഷിക്കപ്പെടുകയും ചെയ്തു. ആ ഉദ്യാനപ്രവേശം കപ്ലിങ്ങാട് നമ്പൂതിരി ചിട്ടപ്പെടുത്തിയതാണ് എന്നു കഥകളി രംഗത്തില്‍ കാണുന്നത് യുക്തിസഹമായാണ് അനുഭവപ്പെട്ടത്. അഭ്യൂഹമാകാം. മിക്കവാറും കാര്യങ്ങളില്‍ കഥകളി രംഗം തുടങ്ങിയ ഗ്രന്ഥങ്ങളെ ആശ്രയിക്കുകയേ മാര്‍ഗമുള്ളൂ. എന്തായാലും ‘അല്ല’ എന്നു തെളിവു കിട്ടുന്നതുവരെ, രാജശേഖരേട്ടന്റെ അഭിപ്രായം മാത്രം പരിഗണിച്ച് ഇപ്പറഞ്ഞതിനു മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. വസ്തുനിഷ്ഠമായ തെളിവുകളോടെ മറിച്ചു തെളിയിക്കപ്പെടുന്നതുവരെ കഥകളിരംഗത്തെയും മറ്റും ആശ്രയിക്കുകയേ എനിക്കു മാര്‍ഗമുള്ളൂ.
        December 28, 2011 at 5:41pm · · 2

        Manoj Kuroor ‎3. തെക്കന്‍ കലാശങ്ങളുടെ ശാസ്ത്രബദ്ധത ഈ പേപ്പര്‍ അവതരിപ്പിച്ചപ്പോള്‍ ഉദാഹരണസഹിതം ഞാന്‍ വ്യക്തമാക്കിയിരുന്നു. തെക്കന്‍ അഷ്ടകലാശത്തിന്റെ ക്രമബദ്ധതയും. ഇക്കാര്യങ്ങള്‍ ഈ പേപ്പറിന്റെ അവസാനഭാഗത്ത് സൂചിപ്പിച്ചിട്ടുണ്ട്. :)
        December 28, 2011 at 5:44pm · · 3

        Manoj Kuroor ‎4.‘ കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍ ചമ്പടതാളത്തിലാണ്‌ പ്രധാനമായും പതിഞ്ഞ പദങ്ങളുടെ അവതരണം. പദം- കലാശങ്ങള്‍- അവസാനത്തെ കലാശത്തോടുകൂടി ഇരട്ടി. ഈ പൊതുരൂപമാണ്‌ അവതരണത്തിന്‌‘ എന്ന് ഇക്കാര്യവും പേപ്പറില്‍ത്തന്നെ സൂചിപ്പിച്ചിട്ടുണ്ട് :) പിന്നെ പാഞ്ചാലരാജതനയേ ഇരട്ടി കല്ലുവഴിസമ്പ്രദായത്തിലുള്ള മറ്റിരട്ടികളില്‍നിന്നു വ്യത്യസ്തമെന്ന നിലയില്‍ കല്ലുവഴി സമ്പ്രദായത്തില്‍ത്തന്നെ സവിശേഷമായാണു പരിഗണിക്കേണ്ടത്.
        December 28, 2011 at 5:47pm · · 3

        Manoj Kuroor
        രാവണോദ്ഭവത്തില്‍ ബ്രഹ്മാവ്‌ മറയുന്നതിനാണ് ലക്ഷ്മിതാളം ഉപയോഗിച്ചിരുന്നത് എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇന്ന് ആ രീതിയില്‍ അവതരിപ്പിച്ചു കാണാറില്ല. ‘ഒരു ചെറുകലാശം അവിടെയുണ്ടായിരുന്നു. അതു കൊട്ടാന്‍ ഇന്ന് ആളില്ല’ എന്നൊക്കെ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല! ഒരു ചെറുകലാശം കൊട്ടാനും ലക്ഷ്മിതാളം എന്ന ഇന്നും പലര്‍ക്കും അറിയുന്ന താളം കൊട്ടാനും എന്താണിത്ര പ്രയാസം എന്നു മനസ്സിലാകുന്നുമില്ല. സമ്പ്രദായം അറിഞ്ഞാല്‍ ഏതു ചെണ്ടക്കാരനും കൊട്ടാം. പറഞ്ഞത് ഇത്രേയുള്ളൂ. കളരിയിലും അരങ്ങത്തും ആ സമ്പ്രദായം നിലനില്‍ക്കണം എന്ന ഇച്ഛാശക്തിയുണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങനെതന്നെ നില്‍ക്കും. തിരനോക്കിനുള്ള കൊട്ടിനും വ്യത്യാസമുണ്ടല്ലൊ. തെക്കന്‍ തിരനോക്കിനു ശ്ലോകത്തിനു ശേഷമുള്ള അലര്‍ച്ചയ്ക്കു ശേഷമുള്ള കൊട്ട് ഞാന്‍ പഠിച്ചത് ‘ഡിംണക ഡിംണക’ എന്നാണ്. ‘ധിംതക ധിംതക’ എന്നു വായ്ത്താരി പറയാം. ഇന്ന് തെക്കന്‍ തിരനോക്കിന് അങ്ങനെ കൊട്ടിക്കേള്‍ക്കാറില്ല. വേഷക്കാര്‍ ആവശ്യപ്പെടാറുമില്ല. അതൊന്നും എന്തുകൊണ്ടെന്നറിയില്ല. മടവൂരാശാനോടുതന്നെ ചോദിക്കൂ :)
        December 28, 2011 at 5:59pm · · 6

        Vp Narayanan Namboothiri
        ആധികാരികമായ ചരിത്ര രേഖകളുടെ അഭാവത്തില്‍ ശ്രീ ചിത്രന്‍ അഭിപ്രായപ്പെട്ടതുപോലെ "അഭ്യുഹശാസ്ത്ര" മാണ്.പല നിരീക്ഷണങ്ങളുടെയും അടിസ്ഥാനം .അങ്ങിനെയെങ്കില്‍ ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട പല സമ്പ്രദായങ്ങളും കപ്ലിങ്ങാടന്റെ സംഭാവനകളാണ്.സൌഗന്ധികത്ത്തില്‍ ഹനുമാന്റെ തിരനോക്കില്ലാതെ തപസ്സില്‍ ഇരിക്കുന്ന രീതി .ഉദ്ഭവത്തില്‍ രാവണന്റെ തപസ്സാട്ടം തുടങി പലതും കല്ലടിക്കോടന്‍ സമ്പ്രദായവും കപ്ലിങ്ങാടന്‍ സംബ്രദായവുംതമ്മില്‍ സംയോജനം ഉണ്ടായതായും ഉള്ള ശ്രീ കെ പി എസ് മേനോന്റെ നിരീക്ഷണങ്ങള്‍ അവലംബിച്ചാല്‍ ശൈലീ ഭേദങ്ങളെ അന്ഗീകരിച്ചുകൊണ്ട് തന്നെ ഒരു തര്‍ക്കത്തിന്റെ വഴിയെക്കാള്‍ ആശാസ്യം സമന്വയത്തിന്റെ പാത സ്വീകരിക്കുന്നത് ആവും. .
        December 28, 2011 at 6:03pm · · 4

        Sreechithran Mj മനോജേട്ടാ, ഞാന്‍ മനോജേട്ടനുമായി ഒരു തര്‍ക്കമല്ല, സംവാദമാണേ ഉദ്ദേശിക്കുന്നത്. :) { വിഷയം ആവ്ശ്യപ്പെടുന്നതു തര്‍ക്കമെങ്കില്‍ ഒഴിഞ്ഞുനില്‍ക്കും എന്നല്ല. ഇവിടെ ഭാഗ്യവശാല്‍, അഥവാ നിര്‍ഭാഗ്യവശാലോ - അന്‍ഗ്ങനെയല്ലല്ലോ. ഞാന്‍ മനോജേട്ടന്‍ ഭംഗിയായി വിശദീകരിച്ചവയോട് എന്റെ ചില അഭിപ്രായങ്ങള്‍ കൂടി ചേര്‍ത്തു പറഞ്ഞെന്നു മാത്രം.

        തീരുന്നില്ല. ഞാനും ഒന്നു മുറുക്കി വരാം. :)
        December 28, 2011 at 6:05pm · · 3

        Manoj Kuroor
        ‎Sree Chithran, രുക്മാംഗദചരിതത്തിലായാലും കീചകവധത്തിലായാലും പ്രണയപ്രാര്‍ത്ഥന നടത്തുന്നിടത്തെ ‘ചരണനളിനപരിചരണത്തിന്’ ഒരു പതിവു നിയോക്ലാസ്സിക്കല്‍ രീതി എന്നതില്‍ക്കവിഞ്ഞ് രാഷ്ട്രീയമാനമൊക്കെ കൊടുക്കേണ്ടതുണ്ടോ? കോട്ടയത്തു തമ്പുരാനായാലും ഇരയിമ്മന്‍ തമ്പിയായാലും മാണ്ടവപ്പള്ളി ആയാലും കല്പനകളിലേറെയും നിയോ ക്ലാസ്സിക്കല്‍ തന്നെയല്ലേ? ഞാന്‍ മറുവാദം ഉന്നയിച്ച് അത്തരം വായനകള്‍ സാധ്യമല്ല എന്നു വാദിക്കുകയല്ല. എന്നെ സംബന്ധിച്ച് ഇക്കാണുന്ന നിയൊ ക്ലാസ്സിക്കല്‍ കല്പനകളുടെ ‘സ്വഭാവത്തില്‍’ പൊതുവെ ഇവര്‍ തമ്മില്‍ വ്യത്യാസമൊന്നും തോന്നുന്നില്ല. ഭാഷയുടെ കാര്യത്തില്‍, കഥകളിയോടുള്ള സമീപനത്തിന്റെ കാര്യത്തിലൊക്കെ വ്യത്യാസങ്ങള്‍ ഉണ്ടുതാനും. ചിത്രന്റെ ഈ വായനകള്‍ കാവ്യാത്മകമായതുകൊണ്ടു വായിക്കാന്‍ സുഖമുണ്ട്. അത്തരം വായനകളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. :)
        December 28, 2011 at 6:10pm · · 3

        Manoj Kuroor ‎Sree Chithran, അയ്യോ ചിത്രാ, ഞാനും തര്‍ക്കമല്ല ഉദ്ദേശിച്ചത്. പറയുമ്പോള്‍ തീര്‍ത്തങ്ങു പറയുന്നു എന്നേയുള്ളൂ. ചിത്രന്‍ പറഞ്ഞതു മാത്രമല്ല, അന്നു കലാമണ്ഡലത്തില്‍ അവതരിപ്പിച്ചപ്പോഴുണ്ടായ ചില ചര്‍ച്ചകളും ഓര്‍ത്തുകൊണ്ടാണു മറുപടി എഴുതിയത്! അത് ചിത്രനോട് കര്‍ക്കശമായി പറയുന്നു എന്ന തോന്നല്‍ഊണ്ടാക്കിയെങ്കില്‍ ക്ഷമിക്കൂ :)
        December 28, 2011 at 6:13pm · · 4

        Manoj Kuroor ഞാന്‍ ഈ കമന്റുകള്‍ മുഴുവന്‍ ഒന്നുകൂടി വായിച്ചു. തര്‍ക്കത്തിന്റെ ടോണ്‍ തോന്നിയോ? ‘ഇന്നു ഭാഷയിതപൂര്‍ണമിങ്ങഹോ വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍’ എന്നു പറയുകയേ മാര്‍ഗമുള്ളൂ. സത്യത്തില്‍ മുറുക്കി രസിച്ചിരുന്നാണ് ഞാന്‍ ഈ മറുപടിയൊക്കെ എഴുതിയത്. മറ്റെന്തെങ്കിലും തോന്നിയെങ്കില്‍, ഒരു കൊല്ലം ഭാഷയില്‍ ‘കള! പോട്ട്’. അല്ല പിന്നെ! :) :)
        December 28, 2011 at 6:21pm · · 4

        Sreechithran Mj
        ക്ഷമാപണത്തിന്റെ കാര്യമൊന്നുമില്ല :)

        അപ്പോള്‍ വിഷയത്തിലേക്ക്:

        1) അധികാരകേന്ദ്രങ്ങളുടെ പ്രാദേശികബോധം അയഞ്ഞതായിരുന്നു എന്ന നിഗമനത്തില്‍ തര്‍ക്കമില്ല. കുറിച്ചിയില്‍ ആദ്യം നിന്ന കല്ലടിക്കോടന്‍ സമ്പ്രദായത്തെപ്പറ്റി മനോജേട്ടന്‍ സൂചിപ്പിച്ചതു മുതല്‍, കുഞ്ചുകര്‍ത്താവിനെ ബാലിവധം രാവണന്‍ പഠിപ്പിയ്ക്കാന്‍ നളനുണ്ണിയെ നിയോഗിച്ചതുവരെയുള്ള കഥകള്‍ ( ചരിത്രങ്ങള്‍) നമുക്കറിയാം. അതല്ല ഞാന്‍ ദേശത്തെ മുന്‍നിര്‍ത്തിയുള്ള ചരിത്രവായനകളുടെ സാദ്ധ്യത എന്ന വാദം കൊണ്ട് ഉദ്ദേശിച്ചത്. ഇപ്പോള്‍, വൈഷ്ണവഭക്തിപ്രധാനമായ കഥകളുടെ വേലിയേറ്റം ഒരു സമയത്ത് കാണുന്നു. കാരണമെന്ത്? ഉത്തരം അന്വേഷിയ്ക്കുമ്പോള്‍ ചരിത്രപഠനത്തിന് പ്രാദേശികമായ അധികാരവ്യവസ്ഥയും ഉപയോഗപ്പെടുത്തേണ്ടിവരും. രാമനാട്ടകാലത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ - അതിനെപ്പറ്റിയുള്ള നിരീക്ഷണങ്ങള്‍ നോക്കൂ - നമ്പ്യാരുടെ വരികള്‍ ഉപയോഗിച്ച് " നമ്പ്യാര്‍ കണ്ടത് പുരോഗമനമേല്‍ക്കാതെപോയ രാമനാട്ടത്തിന്റെ ഒരു പുരാവശിഷ്ടം" ആയിരിക്കുമോ എന്നു കൂടി ചരിത്രകാരന്മാര്‍ സംശയിച്ചിട്ടുണ്ട്. വാസ്തവത്തില്‍ നമ്പ്യാര്‍ അതതരത്തില്‍ കളിയാക്കിയത് രാമനാട്ടത്തെ മാത്രമല്ലല്ലോ. നമ്പ്യാരുടെ പരിഹാസത്തിനുള്ള രാഷ്ടീയകാരണങ്ങള്‍, അവയുടെ ദേശ - സാസ്കാരികബന്ധങ്ങള്‍ - ഒക്കെ ഏറെ പഠനങ്ങള്‍ നടന്നതാണല്ലോ. അവയെ മുന്‍നിര്‍ത്തിയല്ല കഥകളിയുടെ പുരാകാലത്തെക്കുറിച്ചുള്ള തെളിവായി തുള്ളല്‍ വരികളെ എടുത്തുപയോഗിച്ചത്. ഇത്തരത്തില്‍ ദേശം, അധികാരം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളുമായും കൂടി മുന്‍നിര്‍ത്തിയുള്ള നിരീക്ഷണങ്ങള്‍ക്കും സാധുതയുണ്ടെന്നു തന്നെ ഞാന്‍ തീര്‍ച്ചയായും കരുതുന്നു. ഓര്‍മ്മയിലെ ഉല്‍ഭവത്തില്‍ എം വി നാരായണേട്ടന്‍ കണ്ടത് അല്‍പ്പം അതിരുകടന്ന കിനാവായിപ്പോയെങ്കിലും അത്തരമൊരു വായനയുടെ സാദ്ധ്യതയെ ഞാന്‍ തള്ളിക്കളയുകയില്ല :)

        (തുടരും)
        December 28, 2011 at 6:29pm · · 1

        മണി വാതുക്കോടം തുടരണം....'ശിവരാമഭൂമിക'യില്‍ ചിത്രന്റെ അധികാരവ്യവസ്ഥാ സംബന്ധിയായ കഥകളിചരിത്രാന്യേഷണം കണ്ടിരുന്നു. അതിന്റെ തുടര്‍ച്ച ഇവിടേയും തുടരട്ടെ.
        December 28, 2011 at 6:40pm · · 4

        Manoj Kuroor ചിത്രാ, ക്ഷമാപണം ഒക്കെ ഒരു സൌകര്യത്തിനു പറയുന്നതല്ലേ? ഞാന്‍ വഴക്ക് ഉദ്ദേശിച്ചില്ല എന്നേ അര്‍ത്ഥമുള്ളൂ. തര്‍ക്കമായാലും സംവാദമായാലും തുടരൂ :)
        December 28, 2011 at 6:43pm · · 2

        Sreechithran Mj
        ‎2) രാജശേഖരേട്ടന്‍ പറഞ്ഞു എന്നതുകൊണ്ട് കെ പി എസ് മേനോന്റെ അഭിപ്രായത്തെ തള്ളിക്കളയണം എന്നു ഞാന്‍ പറഞ്ഞില്ല. എന്നാല്‍ അത്തരത്തില്‍ ചില സൂക്ഷ്മാംശങ്ങളെപ്പറ്റിയുള്ള നിഗമനങ്ങള്‍ അതേപടി ചരിത്രപുസ്തകങ്ങളില്‍ നിന്ന് സ്വീകരിക്കുന്നതിന്റെ പ്രശ്നം പറഞ്ഞെന്നു മാത്രം. സൗഗന്ധികത്തിലെ "ഭീതിയുള്ളിലരുതേ" ചാരുകേശിയില്‍ നിന്ന് ശങ്കരാഭരന്ത്തിലേക്ക് മാറ്റിയത് വെങ്കിടകൃഷ്ണഭാഗവതരുടെ ഒരു രാഗമാറ്റമായി കെ പി എസ് മേനോന്‍ സൂചിപ്പിക്കുന്നുണ്ട്. നമുക്കറിയാം, മറിച്ചാവാനേ തരമുള്ളൂ എന്ന്. ചാരുകേശിയേ മുന്‍പ് കേരളത്തിലുണ്ടാവാന്‍ വഴി കുറവാണല്ലോ. കണ്ണുകൊണ്ട് ഭംഗി നോക്കിക്കാണലൊക്കെ ഏതു പതിഞ്ഞ പദത്തിനുള്ള പോലെയല്ലേ തെക്ക് നരകാസുരനുമുള്ളൂ?
        ഇത്രയേ ഉള്ളൂ, ഉറപ്പില്ലാത്തവ ഉറപ്പില്ലാത്തത് എന്നു പറയുക ഒരു രീതി, ചരിത്രഗ്രന്ഥങ്ങളെ 'ആദ്യം പറഞ്ഞു' എന്ന ന്യായം വെച്ച് സ്വീകരിക്കുക മറ്റൊന്ന് - ഏതും തെറ്റല്ല. "അഭ്യൂഹപ്രകാരം" രണ്ടും ന്യായയുക്തവുമാണ് :)
        December 28, 2011 at 6:43pm · · 2

        മണി വാതുക്കോടം
        പങ്കുചേരാനുള്ള കോപ്പില്ലെങ്കിലും മുറുക്കിരസിച്ചിരുന്ന് വായിക്കുന്നുണ്ട്. ചര്‍ച്ചകള്‍ കൊഴുക്കട്ടെ. രവിയുടെ കവിതാരസം, നടന്മാരുടെ ശരീരഭാഷാസവിശേഷതകള്‍, രാഗങ്ങള്‍ കഥകളിയിലും ശാസ്ത്രീയത്തിലും, സമ്പ്രദായചരിത്രങ്ങളുടെ അന്വേഷണചര്‍ച്ച...ഇങ്ങിനെ നമ്മുടെ ഗ്രൂപ്പിന്റെ ചരിത്രത്തില്‍ തന്നെ സുപ്രധാനവും കാതലുള്ളതുമായ് ചര്‍ച്ചകള്‍ നടക്കുന്ന ഈ സമയം വിജ്ഞാനപ്രദവും ഗ്രൂപ്പിന്റെ പ്രസ്ക്തി വിളിച്ചോതുന്നതുമാണ്. Raj Anand Kb, Madhavan Kuttyയേട്ടന്‍ ആദിയായ പ്രമുഖരും കൂടി പങ്കെടുത്തുവെങ്കില്‍ കൂടുതല്‍ കേന്മായേനെ ഈ ചര്‍ച്ചകള്‍ എന്ന് തോന്നുന്നു.
        December 28, 2011 at 6:48pm · · 5

        Sreechithran Mj
        ലക്ഷ്മീതാളം കൊട്ടാന്‍ അറിയുന്ന ചെണ്ടക്കാര്‍ ആരുണ്ട് എന്ന ആശാന്റെ ചോദ്യമൊന്നും ഞാന്‍ മനോജേട്ടന്‍ കണക്കാക്കും പോലെ കണക്കാക്കുന്നതേയില്ല. അങ്ങനെ മായ്ച്ചുകളയേണ്ടവ പലതും മായ്ച്ചുകളഞ്ഞ് എനിക്കു വേണ്ടതു സ്വീകരിക്കലാണ് എന്റെ വഴി :)
        എന്നെ സംബന്ധിച്ച് പ്രസക്തം, " ത്രിപുടയില്‍ നിന്ന് ലക്ഷ്മിയിലേക്കു മാറുമ്പോള്‍ ചെറുകലാശം പോലെ ഒന്ന് ഉണ്ടായിരുന്നു" എന്നതാണ്. ഭാവത്തെ alienate ചെയ്യാനായി പല തന്ത്രങ്ങളുണ്ടല്ലോ ക്ലാസിക്കല്‍ കലകളില്‍ - കഥകളിയില്‍ അതു property കൊണ്ടാണ് സാദ്ധ്യമാവുന്നത് എന്നു രാജാനന്ദേട്ടന്‍ പറയും. സുഭദ്രാധനഞ്ജയത്തിലെ വിദൂഷകന്‍ താളത്തില്‍ അര്‍ജ്ജുഅനന്റെ ഞൊട്ടയിടുന്നത്, അല്ലെങ്കില്‍ കക്കാരശ്ശിയില്‍ പമ്പുകടിയേറ്റ കാക്കാന്റെ അടുത്തു വന്നുള്ള മര്‍മ്മതാളത്തിലെ കാക്കാത്തിയുടെ നൃത്തം - താളത്തെ ഒരു അന്യവല്‍ക്കരണോപാധിയായി ഉപയോഗിക്കുന്ന മാര്‍ഗം നമ്മുടെ നാട്ടില്‍ മുന്‍പേ ഉണ്‍റ്റല്ലോ. അതുവരെയുള്ള ത്രിപുടയെ മറിച്ചിടുക വഴി അങ്ങനൊന്നിനു സാദ്ധ്യത തേടിയിരുന്നുവോ കളിയരങ്ങും എന്ന ചോദ്യമാണ് എനിക്കു മുന്നിലുള്ളത്. പഞ്ചാരിവട്ടം അതുവരെയുള്ള നക്രതുണ്ഡല്യുടെ ഭാവശില്‍പ്പത്തെ മറ്റൊരു അവസ്ഥയിലേക്കു പ്രക്ഷേപിക്കും പോലെ.
        December 28, 2011 at 7:00pm · · 1

        Sreechithran Mj
        ‎"ചിത്രന്റെ ഈ വായനകള്‍ കാവ്യാത്മകമായതുകൊണ്ടു വായിക്കാന്‍ സുഖമുണ്ട്. അത്തരം വായനകളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. :)"

        ധ്വനി അറിഞ്ഞുകൊണ്ടു തന്നെ അഭിനന്ദനത്തെ സ്വീകരിക്കുന്നു :))

        എന്നെ സംബന്ധിച്ച് എല്ലാ കാവ്യാംശവും ചോര്‍ത്തിക്കളഞ്ഞാലും നിലനില്‍ക്കുന്ന ചരിത്രവായനകളില്‍ കൂടി തമ്പിക്കഥകളിലെ ശൃംഗാരത്തിനും കോട്ടയം ശൃംഗാരത്തിനും മാറ്റമുണ്ട്. അവയ്ക്കു പിന്നില്‍ ഒരു കാലത്ത് അത്രമേല്‍ സമൂര്‍ത്തവും ഇപ്പോള്‍ അത്രമേല്‍ അംഊര്‍ത്തവുമായ ഒരു സോഷ്യോ - പൊളിറ്റിക്കല്‍ അന്തരീക്ഷവുമുണ്ട് :)

        കോട്ടയം കഥകളെ മുന്‍നിര്‍ത്തി ഇക്കാര്യം ഏറെ സംസാരിക്കാനാവും. ഇവിടെ ഇതു പ്രകൃതപ്രസക്തമല്ലല്ലോ.
        December 28, 2011 at 7:08pm · · 1

        Sreechithran Mj മണീ, 'ശിവരാമഭൂമികകളെ' ഇവിടെ ഓര്‍മ്മിച്ചതിനു നന്ദി. അത് ദുര്‍ബലമായ ഒരു ശ്രമമായിരുന്നു. ഇനിയും ഏറെ നീരീക്ഷണങ്ങളിലൂടെയും തെളിവുകളിലൂടെയും വിശദമാക്കേണ്ടത്. എങ്കിലും ഞാന്‍ മുന്‍കമന്റില്‍ പറഞ്ഞ വിധം ചരിത്രത്തെ മുന്‍നിര്‍ത്തിയുള്ള വായനയ്ക്കുള്ള ഒരു ചെറുവിരല്‍ശ്രമമായിരുന്നു അത്.
        മനോജേട്ടന് ഫ്രെഡറിക് ജെയിംസന്റെ പ്രസിദ്ധവാചകം ഞാന്‍ പറഞ്ഞുകൊടുക്കേണ്ടതില്ല:)
        December 28, 2011 at 7:11pm · · 1

        മണി വാതുക്കോടം ശ്രമങ്ങള്‍ തുടരു ചിത്രാ....വിജയം ഒരുനാള്‍ വരും. പിന്നെ പ്രസിദ്ധവാചകം മനോജേട്ടന് പറഞ്ഞുകൊടുക്കേണ്ടതില്ലെന്നത് ശരി. എന്നാല്‍ ഇവിടെയുള്ള സാധാരണവായനക്കാര്‍ക്കായി പങ്കുവെയ്ക്കാമല്ലൊ...
        December 28, 2011 at 7:18pm · · 2

        Manoj Kuroor മണീ, ചരിത്രവത്കരിക്കുക, എപ്പോഴും ചരിത്രവത്കരിക്കുക’ എന്ന വാചകമാവും ഉദ്ദേശിച്ചത്.
        December 28, 2011 at 7:20pm · · 2

        Sreechithran Mj ‎" historicize, historicize, always historicize" എന്നു ഞാന്‍ ടൈപ്പ് ചെയ്തപ്പോഴേയ്ക്കും മനോജേട്ടന്‍ വന്തിട്ടാര്‍ :)

        അപ്പോള്‍ ഞാനുറങ്ങാന്‍ പോണു. ദര്‍ശനം പുനരസ്തു, ച്ചാല്‍, ദര്‍ശനം ഇനിയങ്ങ്ട് ' അസ്തു' ആയി എന്നല്ല, വീണ്ടും കാണാംന്ന് :)
        December 28, 2011 at 7:23pm · · 2

        Manoj Kuroor ചിത്രാ, ചെറിയൊരു തിരക്ക്. മറുപടി കുറച്ചു കഴിഞ്ഞ് എഴുതാം :)
        December 28, 2011 at 7:25pm · · 1

        Krishnan Avanur Narayanan
        പരിചരണത്തിലൂടെയല്ല ശുദ്ധീകരനത്തിലൂടെയാണ് പരിഷ്ക്കരണം  സാദ്ധ്യമാകുന്നത്‌.സ്ഥായി നിലനിര്‍ത്തുകയെന്ന അംശത്തിലാണ് പട്ടിക്കാന്തൊടി ഊന്നിയത്‌.സ്ഥായിക്ക്` ലോപം സംഭവിക്കാവുന്ന കപ്ലിങ്ങാടന് രീതികളെ ഉപേക്ഷിക്കുകയും മറിച്ചുള്ളവയെ നിലനിര്‍ത്തുകയുമാണ് അദ്ദേഹം ചെയ്തത്‌.നരകാസുരന്റെ നക്രതുണ്ഡിയായുള്ള പകര്‍ന്നാട്ടം ഉപേക്ഷിച്ചു കേട്ടാടുകയെന്ന സങ്കേതം സ്വീകരിച്ച്ത്‌ ഉദാഹരണമാണ്.എന്നാള്‍ മറ്റേല്ലാ ചടങ്ങുകളും സംരക്ഷിച്ചു.ഭാവൌന്നത്യത്തില് വിരുദ്ധമായ മറ്റൊരു ഭാവം  (കരുണം)ക്ടടന്നു വരുന്നത്‌ രസ വിച്ഛിത്തിയുണ്ടാക്കും എന്നദ്ദേഹത്തിനു  തോന്നിയിരിക്കണം ഇതാണു മുമ്പേ പറഞ്ഞത്‌ നിലവിലുള്ളതിനെ അങ്ങനെത്ത്ന്നെ  നിലനിര്‍ത്തിക്കൊണ്ടു യാതൊരു പരിഷ്ക്കരണവും സാദ്ധ്യമല്ല എന്ന്‌..ബൌദ്ധികമായ  ഇടപെടലുകളിലൂടെയുള്ള മാറ്റങ്ങള്‍ക്കേ കലയെ പുതുക്കിയെടുക്കാന്‍ കഴിയൂ ഇതാണ് കഥകളിയുടെ ആദ്യകാലം മുതല്‍ക്കുള്ളചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌
        December 28, 2011 at 9:13pm via · · 4

        Sureshkumar EB
        മനോജ്, മുറുക്കിയിട്ടില്ലെങ്കിലും ചര്‍ച്ചയില്‍ രസം പിടിച്ചു വരികയായിരുന്നു. അപ്പോഴാണ് ഈ പാല്‍പ്പായസത്തില്‍ താങ്കള്‍ എന്നെ പിടിച്ചിട്ടത്. “പ്രാചീനകാലത്ത് ദേശസംബന്ധമായ അതിവാദങ്ങള്‍ കുറവായിരുന്നു” എന്ന മനോജിന്‍റെ നിരീക്ഷണത്തോട് യോജിക്കുന്നു. ബ്രാഹ്മണ-രാജവര്‍ഗ കൂടുകെട്ടും അതിന്‍റെ കീഴാള വര്‍ഗങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന അമ്പലവാസി/നായര്‍ ഘടകങ്ങളും കേരളക്കരയില്‍ ഏകദേശം എട്ടാം നുറ്റാണ്ട് മുതല്‍ ക്ഷേത്രാചാരങ്ങള്‍, കലകള്‍, അനുഷ്ടാനങ്ങള്‍, കാര്‍ഷിക വ്യവസ്ഥ എനിങ്ങനെ പല മേഖലകളിലും ഐകരൂപ്യം കൊണ്ടുവന്നിട്ടുണ്ട്. തെക്ക് വടക്ക് ഭേദം മേലാളതാത്പര്യ സമന്വയം കൊണ്ട് തടഞ്ഞുവച്ചു എന്ന് പറയാം. പക്ഷേ കഥകളി ഒരു പ്രാചീനകാല കലാരൂപമാണോ?. അതിന്‍റെ കൃത്യമായ ഉത്ഭവകാലം ഏതാണെന്നെനിക്കറിയില്ല. എങ്കിലും കൊട്ടാരക്കര തമ്പുരാന്‍റെയും (1555-1605), കോട്ടയത്ത്‌ തമ്പുരാന്‍റെയും (1605-1716) കാലയളവുകളില്‍ നാട്യസിദ്ധാന്തനുസൃതവും ശൈലിഭദ്രവുമായ പരുവപ്പെടലിനു കഥകളി വിധേയമായി എന്ന് പറയുമ്പോള്‍ കാലം വളരെ മുന്നോട്ടു വന്നിരിക്കുന്നു. വടക്കന്‍ യുറോപ്പ്യന്‍ സാന്നിദ്ധ്യം അറബിക്കടലില്‍ ഹിംസാത്മകമായ കച്ചവടതന്ത്രങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. പതിയെപ്പതിയെ തദ്ദേശിയ രാഷ്രിയ സമ്പ്രദായങ്ങളില്‍ ചിലത്‌ തകര്ന്നു തുടങ്ങുകയും ചിലവ ശാക്തീകരണത്തിന് പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. കേരളത്തിലെ രാജവംശങ്ങള്‍ തമ്മിലുണ്ടായിരുന്ന തെക്കു വടക്കു ഭേദമില്ലാത്ത കൊടുക്കല്‍-വാങ്ങലുകള്‍ കുറഞ്ഞു തുടങ്ങുന്നു. സ്പഷ്ടമായും ഈ കാലയളവിലാണ് കഥകളി ഒരു പൂര്‍ണ്ണഅരങ്ങു സമ്പ്രദായമായി മാറുന്നത് എന്നത് വളരെ പ്രസക്തമായ ഒരു കാര്യമായി തോന്നുന്നു. അപ്പോള്‍ കഥകളിയിലെ വടക്ക്-തെക്ക് ശൈലീ ഭേദങ്ങള്ക്ക് ചില രാഷ്ട്രിയമാനങ്ങള്‍ ഉണ്ടായിരുന്നു എന്ന് വരുന്നു. മുന്‍പ് ഒരു സ്വകാര്യ ചര്‍ച്ചയില്‍ നാം പങ്കു വച്ച ആശയം ഒരു പൊതുചര്‍ച്ചക്കുവേണ്ടി വീണ്ടും അവതരിപ്പിക്കട്ടെ. യുറോപ്യന്‍ അധിനിവേശാനന്തരം കേരളത്തിലെ വരേണ്യവര്‍ഗങ്ങള്‍ നേരിടേണ്ടിവന്ന ഒരുതരം ഉള്‍വലിയലിന്‍റെ സ്വാധീനം കഥകളിയെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടോ???
        December 28, 2011 at 9:24pm · · 5

        Manoj Kuroor
        ശ്രീചിത്രന്‍, കഥകളിയിലെ തെക്കു-വടക്കു വിഭജനം ദേശഭേദങ്ങളെന്നതിലുപരി ശൈലീഭേദങ്ങളാണ് എന്ന് സമകാലിക അവസ്ഥയെ മുന്‍‌നിര്‍ത്തിത്തന്നെ പറയാനാവും. ലഭ്യമായ ചരിത്രവും അതു ശരിവയ്ക്കുന്നു എന്നും ഇരുപതാം നൂറ്റാണ്ടിലെ ദേശ-രാഷ്ട്രനിര്‍മ്മിതിയാണ് അതിനെ ദേശഭേദം എന്ന നിലയില്‍ കാണാന്‍ പ്രേരിപ്പിക്കുന്നത് എന്നുമാണല്ലൊ ഞാന്‍ പറഞ്ഞതിന്റെ സാരം. ഇന്നത്തെ തെക്കു-വടക്കു ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഈ വാദത്തിന് അതിന്റേതായ ഉദ്ദേശ്യമുണ്ടെന്നു വ്യക്തം. അല്ലാതെ അധികാരത്തിന് ഇതില്‍ ഒരു പങ്കുമില്ല എന്നു ഞാന്‍ പറഞ്ഞില്ല. പിന്നെ മറിച്ചുള്ള തെളിവുകള്‍ കിട്ടുന്നതുവരെ ലഭ്യമായ ചരിത്രത്തെ ആശ്രയിക്കുക മാത്രമേ വഴിയുള്ളൂ എന്നാണ് പറഞ്ഞു വന്നത്. കെ. പി. എസ്. മേനോന്‍ പറഞ്ഞതു മുഴുവന്‍ സ്വീകരിക്കണം എന്നും ഞാന്‍ പറഞ്ഞില്ല. നരകാസുരവധം ചിട്ടപ്പെടുത്തിയത് കപ്ലിങ്ങാടിന്റെ കാലത്തായതിനാല്‍ അതിലെ ഒരു പ്രവേശരീതിയെപ്പറ്റി കഥകളിരംഗത്തില്‍ പറയുന്നത് കണക്കിലെടുക്കണം എന്നു തോന്നി. ‘കണ്ണുകൊണ്ട് ഭംഗി നോക്കിക്കാണലൊക്കെ ഏതു പതിഞ്ഞ പദത്തിനുള്ള പോലെയല്ലേ തെക്ക് നരകാസുരനുമുള്ളൂ?’ എന്നു പറയുമ്പോള്‍ ചില പ്രശങ്ങളുണ്ട്. ഒന്നാമത് പതിഞ്ഞ പദത്തിലെ നോക്കിക്കാണലല്ല, അതിനു മുന്‍പുള്ള ഉദ്യാനപ്രവേശത്തിന്റെ സങ്കേതമാണ് ഞാന്‍ പറഞ്ഞത്. ആ രീതിയിലുള്ള പ്രവേശം നരകാസുരവധത്തിലാണ് ആദ്യം സംഭവിക്കുന്നത്. ബാക്കിയൊക്കെ നേരത്തെ പറഞ്ഞതുതന്നെ. അതു സ്വീകാര്യമായി തോന്നിയതിന്റെ കാരണവും ആവര്‍ത്തിക്കുന്നില്ല.

        പിന്നെ ലക്ഷ്മിതാളത്തിന്റെ കാര്യം. പലപ്പോഴും ഉള്ള സംഗതികള്‍ സ്വയം ഉപേക്ഷിച്ചിട്ട് മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവച്ചിട്ടു കാര്യമില്ല എന്നാണ് പറയാന്‍ ശ്രമിച്ചത്. വേണമെങ്കില്‍ ഇപ്പോഴും ചെയ്യാവുന്ന കാര്യമേയുള്ളൂ. ‘എന്നെ സംബന്ധിച്ച് പ്രസക്തം, " ത്രിപുടയില്‍ നിന്ന് ലക്ഷ്മിയിലേക്കു മാറുമ്പോള്‍ ചെറുകലാശം പോലെ ഒന്ന് ഉണ്ടായിരുന്നു" എന്നതാണ്. ’ എന്നു പറഞ്ഞല്ലൊ. അത് കഥകളിയിലെ സാമാന്യരീതി മാത്രമാണ്. ഒരു താളത്തില്‍‌നിന്ന് അടുത്ത താളത്തിലെക്കു മാറുമ്പോള്‍ നാലാമിരട്ടിയോ ചെറിയ കലാശമോ ഉരുളുകൈയോ പോലുള്ള എന്തെങ്കിലും സാധാരണ പതിവുണ്ട്. ശിരസ്സു വെട്ടാന്‍ തുടങ്ങുമ്പോള്‍ ചെറിയൊരു നാലാമിരട്ടി, പിന്നെ ബ്രഹ്മാവ് പ്രത്യക്ഷപ്പെടുമ്പോള്‍ ‘ശോഭ’ എന്നു മുദ്ര കാട്ടുമ്പോള്‍ ഉരുളുകൈ, തുടര്‍ന്ന് അടന്തവട്ടം എന്നതാണല്ലൊ ഇന്നത്തെ രീതി. ലക്ഷ്മിതാളത്തിലേക്കു കടക്കും-മുന്‍പും അത്തരത്തിലൊന്നുണ്ടാവുന്നത് കഥകളിയിലെ സാമാന്യരീതി മാത്രമാണ്. അതുവരെയുള്ള ത്രിപുടയെ മറിച്ചിടുക വഴി അങ്ങനൊന്നിനു സാദ്ധ്യത തേടിയിരുന്നുവോ കളിയരങ്ങും എന്ന ചോദ്യമാണ് എനിക്കു മുന്നിലുള്ളത്.’ എന്നൊക്കെ ഇക്കാര്യത്തില്‍ തലപുകയ്ക്കേണ്ടതുണ്ടോ? എന്നാല്‍ ലക്ഷ്മി താളം എന്നതു പ്രധാനമാണ്. അത് ഇപ്പോഴും ചെയ്യാവുന്നതേയുള്ളൂ. ചെണ്ടക്കാരെ പഴിക്കേണ്ടതില്ല എന്നേ അര്‍ത്ഥമാക്കിയുള്ളൂ.
        December 28, 2011 at 9:39pm · · 3

        Manoj Kuroor
        പിന്നെ നിയോക്ലാസ്സിക് കല്പനകളുടെ കാര്യം. നായകന്‍/പ്രതിനായകന്‍ പ്രേമാഭ്യര്‍ത്ഥന നടത്തുമ്പോള്‍ ‘ചരണാംബുജേ ദാസ്യവും’ ‘ചരണനളിനപരിചരണവും’ ഒക്കെ സ്ഥിരം നിയോ ക്ലാസ്സിക് കല്പനകളാണല്ലൊ. അതിന്റെ പല തരത്തിലുള്ള പ്രയോഗമല്ലാതെ എനിക്ക് സവിശേഷമായി അക്കാര്യത്തില്‍ ഒന്നും തോന്നിയില്ല. എന്നാലും തൃപ്പടിദാനവുമായിട്ടൊക്കെ ബന്ധിപ്പിച്ചു പറയുമ്പോള്‍ വായന എന്ന കലയുടെ വളവുതിരിവുകളില്‍ കൌതുകമുണ്ട് എന്നേ അര്‍ത്ഥമാക്കിയുള്ളൂ. കോട്ടയത്തു തമ്പുരാന്റെയും ഇരയിമ്മന്‍ തമ്പിയുടെയും ശൃംഗാരത്തിനു വ്യത്യസ്തതയില്ല എന്നു ഞാന്‍ പറഞ്ഞില്ല. രണ്ടായാലും നിയോ ക്ലാസ്സിക് ഭാവുകത്വത്തിന്റെ പല തലങ്ങള്‍ എന്നേ തൊന്നിയുള്ളൂ. അതാണു പറയാന്‍ ശ്രമിച്ചത്. അതിന്റെ സൂക്ഷ്മാംശങ്ങളിലേക്കും സൂക്ഷ്മവ്യത്യാസങ്ങളിലേക്കും എത്തിച്ചേരുന്ന വായനകളെ നിഷേധിക്കുന്നുമില്ല. :)
        December 28, 2011 at 9:39pm · · 3

        Manoj Kuroor Ramesh Varma, നടന്‍, കഥാപാത്രം, പ്രേക്ഷകന്‍എന്നിവയുടെ പരസ്പരബന്ധത്തെ കഥകളിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിശദീകരിച്ചാല്‍ നന്നായിരുന്നു. :)
        December 28, 2011 at 9:43pm · · 1

        Manoj Kuroor
        Sureshkumar EB, “കേരളത്തിലെ രാജവംശങ്ങള്‍ തമ്മിലുണ്ടായിരുന്ന തെക്കു വടക്കു ഭേദമില്ലാത്ത കൊടുക്കല്‍-വാങ്ങലുകള്‍ കുറഞ്ഞു തുടങ്ങുന്നു. സ്പഷ്ടമായും ഈ കാലയളവിലാണ് കഥകളി ഒരു പൂര്‍ണ്ണഅരങ്ങു സമ്പ്രദായമായി മാറുന്നത് എന്നത് വളരെ പ്രസക്തമായ ഒരു കാര്യമായി തോന്നുന്നു. അപ്പോള്‍ കഥകളിയിലെ വടക്ക്-തെക്ക് ശൈലീ ഭേദങ്ങള്ക്ക് ചില രാഷ്ട്രിയമാനങ്ങള്‍ ഉണ്ടായിരുന്നു എന്ന് വരുന്നു.” ഇക്കാര്യത്തെക്കുറിച്ചാണു സംശയം. കഥകളിയുടെ ലഭ്യമായ ചരിത്രത്തില്‍ കലാപരിഷ്കരണത്തിന്റെ കാര്യത്തില്‍ ഈ കൊടുക്കല്‍-വാങ്ങല്‍ ഈ ഘട്ടത്തിലും പ്രവര്‍ത്തിക്കുന്നതായി കാണുന്നു.

        “യുറോപ്യന്‍ അധിനിവേശാനന്തരം കേരളത്തിലെ വരേണ്യവര്‍ഗങ്ങള്‍ നേരിടേണ്ടിവന്ന ഒരുതരം ഉള്‍വലിയലിന്‍റെ സ്വാധീനം കഥകളിയെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടോ???” എന്നതു തീര്‍ച്ചയായും ആലോചിക്കേണ്ട കാര്യമാണ്. അന്നു പറഞ്ഞ നിരീക്ഷണങ്ങള്‍‌കൂടി പോരട്ടെ :)
        December 28, 2011 at 9:47pm · · 2

        Manoj Kuroor Krishnan Avanur Narayanan, കൃഷ്ണന്‍ മാഷ് ഇതില്‍ പങ്കെടുത്തതില്‍ സന്തോഷം. പട്ടിക്കാന്തൊടിയുടെ പരിഷ്കരണങ്ങളിലേക്കെത്തുന്ന കല്ലുവഴി സമ്പ്രദായത്തിന്റെ വികാസം മറ്റൊരു പ്രധാന വിഷയമാണ്. ഈ പേപ്പറില്‍ ആ വിഷയത്തിലേക്കു കടന്നിട്ടില്ല; ഒന്നുസൂചിപ്പിച്ചിട്ടേ ഉള്ളൂ... കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ ഉദ്ഭവ-വികാസദശകളാണ് പ്രധാനമായും പറഞ്ഞുവന്നത്. :)
        December 28, 2011 at 9:55pm · · 1

        Nikhil Kaplingat ആ ലക്ഷ്മീതാളത്തിലേക്കുള്ള മാറ്റവും ലക്ഷ്മീതാളവും അരങ്ങത്തവതരിപ്പിച്ചു നോക്കേണ്ടതാണ് എന്ന് തോന്നുന്നു. ചിത്രന്‍ പറഞ്ഞ പോലെ ഒരു വ്യത്യസ്ത സൌന്ദര്യാനുഭവമായി മാറാന്‍ സാധ്യതയുണ്ട് അത് എന്ന് മടവൂരാശാന്‍ അതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ തോന്നി. ഇക്കാര്യത്തില്‍ ഇനി ആസ്വാദകരും (തെക്ക്-വടക്ക് ഭേദമെന്യേ എന്ന് പറയേണ്ടതില്ലല്ലൊ) ഉത്തരവാദിത്തമേറ്റെടുത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.
        December 29, 2011 at 4:11am · · 2

        Sreechithran Mj
        സവിശേഷപരിതോവസ്ഥ മുന്‍നിര്‍ത്തിയാണ് മനോജേട്ടന്‍ ശൈലീഭേദത്തെക്കുറിച്ചും ദേശഭേദത്തെക്കുറിച്ചും പറഞ്ഞത് എന്നു മനസ്സിലാവായ്കയില്ല. അതിനെ പൊതുസമവാക്യമാക്കി എടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പിഴവ് പറഞ്ഞെന്നേ ഉള്ളൂ :)

        Sureshkumar EB - ഇത്തരത്തിലുള്ള നിരീക്ഷണങ്ങളുടെ സാദ്ധ്യത തീര്‍ച്ചയായും കഥകളിയില്‍ ഉണ്ട്. ബാക്കി നിരീക്ഷണങ്ങള്‍ക്കായി കാക്കുന്നു.

        കൃഷ്ണന്‍ മാഷ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ വലിയ സന്തോഷം. കല്ലുവഴിക്കളരി ഇവിടെ പ്രകൃതപ്രസക്തമല്ല. എങ്കിലും രാവുണ്ണിമേനോന്റെ സുപ്രധാനസംഭാവനയായി ഞാന്‍ കാണുന്നത് കൊടുങ്ങല്ലൂര്‍ കളരിയ്ക്കു ശേഷമുണ്ടായ രസ - സ്ഥായീ ദര്‍ശനമല്ല. ( ചുരുങ്ങിയ അര്‍ത്ഥത്തില്‍)

        ശൈലീകരണത്തില്‍ രാവുണ്ണിമേനോന്‍ നിര്‍വ്വഹിച്ച അനിതരസാധാരണമായ പങ്കാണ് ഏറെ പ്രസക്തമായി എനിക്കു തോന്നുന്നത്.

        ലക്ഷ്മിചേച്ചിയെപ്പറ്റി ഇനി ഒന്നും പറയാനില്ല :)
        December 29, 2011 at 5:31am ·

        Sureshkumar EB
        മനോജ്‌ കുറൂര്‍ "കഥകളിയുടെ ലഭ്യമായ ചരിത്രത്തില്‍ കലാപരിഷ്കരണത്തിന്റെ കാര്യത്തില്‍ ഈ കൊടുക്കല്‍-വാങ്ങല്‍ ഈ ഘട്ടത്തിലും പ്രവര്‍ത്തിക്കുന്നതായി കാണുന്നു" എന്ന നിരീക്ഷണം അംഗീകരിക്കുന്നു. പക്ഷേ കഥകളിയുടെ കാര്യത്തില്‍ ഇതൊരു ജനകീയ കലാരൂപമായിരുന്നില്ല എന്നത് മറക്കരുത്. കഥകളിയിലെങ്കിലും തെക്ക്- വടക്ക് ബന്ധം അല്ലെങ്കില്‍ കൊടുക്കല്‍-വാങ്ങല്‍ കുറച്ചു വ്യക്തികള്‍ മാത്രം ഉള്‍പ്പെട്ട ഒന്നായിട്ടു കാണണം. ആ ബന്ധങ്ങള്‍ പ്രാദേശികഭേദങ്ങല്‍ക്കപ്പുരമുള്ള ചില പോതുബന്ധങ്ങളുടെ സ്വാധീനത്തില്‍ നിന്നും പരുവപ്പെട്ടതല്ലേ..മുറജപം, തെക്കുവടക്ക് രാജകുടുംബങ്ങള്‍ തമ്മിലുള്ള വൈവാഹിക ബന്ധങ്ങള്‍, വടക്ക് നിന്നും തെക്കോട്ടുള്ള ബ്രാഹമണ/ഭരണവര്‍ഗ കുടിയേറ്റം (ധര്‍മരാജാവിന്‍റെ കാലം) എന്നിവയൊക്കെ ഇതിന്‍റെ സ്വാധീന ഘടകങ്ങള്‍ ആകാം. തെക്കും വടക്കുമുള്ള പ്രസ്തുത വര്‍ഗ്ഗങ്ങള്‍ അധിനിവേശാനന്തര കാലത്ത് അവരുടെ പൈതൃക സിദ്ധമായ ഒട്ടേറെ മേഖലകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. വടക്ക്‌ കമ്പനി ഭരണവും, തെക്ക് റസിഡന്‍റ് ഭരണവും അവരില്‍ വളരെപ്പേരെ ഒരുതരത്തിലുള്ള പാര്‍ശ്വവല്‍ക്കരണത്തിനു വിധേയമാക്കിയിട്ടുണ്ട് എന്ന് ചിന്തിച്ചാല്‍ മനോജ്‌ ഉന്നയിച്ച ചോദ്യം പ്രസക്തമാകുമെന്നു തോന്നുന്നു. പരമ്പര്യസിദ്ധമായ പദവികള്‍ നഷ്ടപ്പെടുമ്പോഴും അവര്‍ ആര്‍ജിച്ച അറിവുസംപ്രദായങ്ങള്‍ അവരെ വിട്ടകലുന്നില്ല. തങ്ങളുടെതായ ഒരു ചെറു ലോകത്ത് കഥകളിപോലെയുള്ള ഒരു ശാസ്ത്രിയ കലാരൂപം വളര്‍ത്തിയെടുക്കുവാന്‍ ഈ കാലയളവ് കാരണമായത് ഈ സാഹചര്യത്തില്‍ ആകാന്‍ സാധ്യത ഇല്ലേ? . കഥകളി ഒരു ക്ഷേതകലയായല്ല വികസിച്ചതെന്നും നാം മറന്നുകൂടാ???
        December 29, 2011 at 6:23am · · 3

        മണി വാതുക്കോടം
        ‎"പിന്നെ നിയോക്ലാസ്സിക് കല്പനകളുടെ കാര്യം. നായകന്‍/പ്രതിനായകന്‍ പ്രേമാഭ്യര്‍ത്ഥന നടത്തുമ്പോള്‍ ‘ചരണാംബുജേ ദാസ്യവും’ ‘ചരണനളിനപരിചരണവും’ ഒക്കെ സ്ഥിരം നിയോ ക്ലാസ്സിക് കല്പനകളാണല്ലൊ. അതിന്റെ പല തരത്തിലുള്ള പ്രയോഗമല്ലാതെ എനിക്ക് സവിശേഷമായി അക്കാര്യത്തില്‍ ഒന്നും തോന്നിയില്ല. എന്നാലും തൃപ്പടിദാനവുമായിട്ടൊക്കെ ബന്ധിപ്പിച്ചു പറയുമ്പോള്‍ വായന എന്ന കലയുടെ വളവുതിരിവുകളില്‍ കൌതുകമുണ്ട് എന്നേ അര്‍ത്ഥമാക്കിയുള്ളൂ. കോട്ടയത്തു തമ്പുരാന്റെയും ഇരയിമ്മന്‍ തമ്പിയുടെയും ശൃംഗാരത്തിനു വ്യത്യസ്തതയില്ല എന്നു ഞാന്‍ പറഞ്ഞില്ല. രണ്ടായാലും നിയോ ക്ലാസ്സിക് ഭാവുകത്വത്തിന്റെ പല തലങ്ങള്‍ എന്നേ തൊന്നിയുള്ളൂ." മനോജേട്ടന്‍ പറഞ്ഞ ഈ കാര്യങ്ങള്‍ വളരെ ശരിയെന്നു തോന്നി. കഥാപാത്രങ്ങളുടെ ഗുണവിശേഷതകളും സൃഗാരപ്പദങ്ങളില്‍ ഒരു പരിധിവരെ ഘടകമകുന്നില്ലെ? തമ്പിയുടെ സൃഗാരം തന്നെ ഒരേപോലെയല്ലല്ലൊ രാജസകഥാപാത്രപ്രധാനമായ ഉത്തരാസ്വയംവരം, കീചകവധം എന്നിവകളിലും ദക്ഷയാഗത്തിലും കാണുന്നത്.
        December 29, 2011 at 10:30am ·

        Sreechithran Mj
        ലഗ്നവശാല്‍, എന്റെ മുന്‍ കമന്റിലെ 'പിഴവ്' എന്ന വാക്കിനെ മുന്‍നിര്‍ത്തി ഒരു "നോക്കിക്കോ" മുദ്രയും നാലാമിരട്ടിയും യുദ്ധവട്ടം തട്ടലും കാണുന്നതുകൊണ്ട് ഒരു ചിന്ന വിശദീകരണ്‍ :)

        തെക്ക് - വടക്ക് ഭേദങ്ങളെ ദേശഭേദങ്ങളായി വ്യാഖ്യാനിക്കുകയും, ദേശ - മൗലികവാദമായും അതിവൈകാരികമായും അതു മാറുകയും ചെയ്യുന്ന സവിശേഷ പരിതോവസ്ഥയില്‍ തെക്കന്‍ - വടക്കന്‍ ശൈലീഭേദങ്ങള്‍ ദേശഭേദങ്ങളല്ല, ശൈലീഭേദങ്ങളാണ് എന്നു മനോജേട്ടന്‍ പറയുന്നത് കൃത്യമായ രാഷ്ടീയവും പ്രസക്തിയുമുണ്ട്.ണെന്നാല്‍, ആ സവിശേഷ കോണ്‍ടസ്റ്റില്‍ നിന്ന് അടത്തിമാറ്റി, ദേശഭേദങ്ങളെ മുന്‍നിര്‍ത്തിയുള്ള വാായനകള്‍ക്ക് പ്രസക്തിയില്ല എന്നാണു വാദം എന്നു വായിച്ചാല്‍ ആ വായനയില്‍ ( മനോജേട്ടന്റെയല്ല, അങ്ങനെ അഥവാ വായിക്കപ്പെടുകയാണെങ്കില്‍ അങ്ങനെ വായിക്കുന്നവരുടെ) പിഴവുണ്ട്. ദേശത്തെയും തല്‍ദേശജന്യമായ സോഷ്യോ - പൊളിറ്റിക്കല്‍ അന്തരീക്ഷത്തെയും മുന്‍നിര്‍ത്തിയുള്ള വായനകള്‍ക്കും പ്രസക്തിയുണ്ട്നെന്നാണ് ഞാന്‍ പറഞ്ഞത്.
        :)
        December 29, 2011 at 10:35am · · 4

        Rohan Sreenivaasan
        I have never stopped wondering about the preeminent contributions of Central Kerala to the culture of Kerala ( Ofcourse, there are major contributions from other parts also ). So now, 'Kaplingaatu Namboothiri', who was again from the same region, was instrumental in streamlining Kathakali on one of it's vital stages, and again 'Ittiraarishi Menon', 'Pattikkanthodi' etc. made seminal contributions to it, envisaging the beautiful and enthralling 'Kallkuvazhi Chitta'. Not denying various other nuances. And the southern Kerala sticked to 'Kaplingattu's version. which in fact was again from Central Kerala.
        December 29, 2011 at 3:40pm ·

        Manoj Kuroor
        ‎Sree Chithran, ഇക്കാര്യത്തില്‍ യുദ്ധവട്ടത്തിനൊന്നും വലിയ സ്കോപ്പ് കാണുന്നില്ല ചിത്രാ. കാരണം ദേശവുമായി ബന്ധമില്ല എന്ന അന്ധമായ വാദത്തിലേക്കൊന്നും ഞാന്‍ പോയില്ല. രാമനാട്ടകാലത്ത് ഫോക്ക് കലാരൂപങ്ങളുമായുള്ള ബന്ധം, കപിങ്ങാടന്‍ സമ്പ്രദായത്തിന്റെ രൂപവത്കരണത്തില്‍ കൂടിയാട്ടവുമായുള്ള ബന്ധം എന്നിവ പറയുന്നിടത്ത് ദേശവുമായുള്ള ബന്ധം ഈ പേപ്പറില്‍‌ത്തന്നെ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അതു മാത്രമല്ല, ഈ സമ്പ്രദായങ്ങളുടെയെല്ലാം രൂപവത്കരണത്തില്‍ വിവിധദേശങ്ങളിലെ കലാപദ്ധതികളുടെ കലര്‍പ്പുകളാണു കാണുന്നത് എന്നത് കപ്ലിങ്ങാടിന്റെയും ഇട്ടീരിപ്പണിക്കരുടെയും ദേശവും അവരെ സ്വാധീനിച്ചിരിക്കാവുന്ന കലാ‍സങ്കല്പങ്ങളും‌കൂടി പരിഗണിച്ചാല്‍ മനസ്സിലാക്കാനാവുന്നതേയുള്ളൂ. നിരന്തരമായ ശൈലീവത്കരണത്തിലൂടെ ദേശത്തിന്റെയും മറ്റും സ്വാധീനം പ്രകടമാകുന്ന അംശങ്ങള്‍ കുറേക്കഴിയുമ്പോള്‍ മറയ്ക്കപ്പെടുകയും കേവലമായ സാങ്കേതികതയെ കാംക്ഷിക്കുന്ന ഒരവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യും. പാശ്ചാത്യക്ലാസിക്കല്‍ സംഗീതത്തിലെ പാശ്ചാത്യേതരവും നോണ്‍ ക്ലാസ്സിക്കലുമായ ഘടകങ്ങളുടെ സാന്നിധ്യം സൂചിപ്പിച്ചുകൊണ്ട് പാശ്ചാത്യക്ലാസ്സിക്കല്‍ സംഗീതം എന്ന സംജ്ഞ തന്നെ ആപേക്ഷികമാണെന്ന് എഡ്‌വേര്‍ഡ് സെയ്ദ് ചൂണ്ടിക്കാണിക്കുന്നത് ഓര്‍ക്കാവുന്നതാണ്. കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍ ദേശത്തിന്റെ സ്വാധീനം ഇല്ല എന്നല്ല, പല ദേശങ്ങളുടെ കലര്‍പ്പുകളുള്ളതുകൊണ്ട് (ഇത് കഥകളിയിലെ മറ്റു സമ്പ്രദായങ്ങള്‍ക്കുംബാധകമാണ്) അന്ധമായ പ്രാദേശികവാദത്തിനു പ്രസക്തിയില്ല എന്നാണു ഞാന്‍ പറയാന്‍ ശ്രമിച്ചത്. പ്രാദേശികസ്വാധീനം കണ്ടെത്തലും പ്രാദേശികവാദവും രണ്ടാണല്ലൊ! എന്തായാലും വിശദീകരിച്ചത് നന്നായി. അതുകൊണ്ട് ഇക്കാര്യവും വിശദീകരിക്കാനായല്ലൊ. :)
        December 29, 2011 at 5:29pm · · 4

        Manoj Kuroor
        ‎Sureshkumar EB, അന്നു സംസാരിച്ചപ്പോള്‍ ഒരു രസികന്‍ വാദം ഉന്നയിച്ചിരുന്നല്ലൊ. അതു കാണുന്നില്ലല്ലൊ. എന്തു പറ്റി? :) സുരേഷ് സാറിന്റെ ഒരു നിരീക്ഷണം ഞാന്‍‌തന്നെ പറഞ്ഞേക്കാം. ബ്രിട്ടീഷ് കോളനി ഭരണം ശക്തമായതോടെ പ്രാദേശികമാ‍യ യുദ്ധങ്ങള്‍ക്കും നായര്‍ പടയാളികളുടെ അഭ്യാസങ്ങള്‍ക്കുമൊക്കെ പ്രസക്തി കുറഞ്ഞു. യുദ്ധത്തിലേര്‍പ്പെട്ടിരുന്ന ശരീരത്തെ യുദ്ധത്തിന്റെ അഭാവത്തില്‍ കഥകളി അഭ്യാസത്തിലൂടെ കലാത്മകമായി അവര്‍ വിനിയോഗിച്ചു.- ഇങ്ങനെയാണു ഞാന്‍ മനസ്സിലാക്കിയത്. മാറ്റമുണ്ടെങ്കില്‍ തിരുത്തണേ :)
        December 29, 2011 at 6:10pm · · 2

        Sreechithran Mj ‎Ramesh Varma - അങ്ങയുടെ കമന്റ് എനിക്ക് അവ്യക്തമാണ്. വിശദീകരിച്ചാല്‍ സന്തോഷം.
        December 29, 2011 at 6:13pm ·

        Manoj Kuroor Ramesh Varma അതു സാധ്യമാകുന്ന ഒരാള്‍ ഇങ്ങനെ ചില കമന്റുകള്‍ മാത്രമിട്ടു നില്‍ക്കുകയല്ലേ? :)
        December 29, 2011 at 6:13pm · · 1

        Sunil Kumar
        ‎Sree Chithran Nikhil Kaplingat Manoj Kuroor Mudrapedia എന്ന ബൃഹത്തായ പദ്ധതിക്ക് ശേഷം അടുത്തായി "റിഥംവിക്കി" എന്നൊരു പേരില്‍ താളങ്ങളെ പറ്റിയുള്ള ഡോക്യുമെന്‍റെഷന്‍ പദ്ധതി കഥകളി ഡോട്ട് ഇന്ഫോയുടെ ഭാവി പരിപാടികളില്‍ പെടുത്തുകയല്ലെ? (നിഖിലിന്‍റെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്ന ലക്ഷ്മിതാളത്തെ പറ്റിയുള്ള മുന്‍കമന്‍റില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് പറയുന്നത്. ഇതിനു മുന്പ് വല്ല ഡോക്യുഎമെന്‍റേഷനും നടന്നിട്ടുണ്ടോ എന്ന് മനോജിനറിയാമോ? അത് പബ്ലിക്കിനു ലഭ്യമാണോ എന്നു കൂടെ അറിയണമല്ലൊ :) )
        December 29, 2011 at 6:40pm · · 2

        Nikhil Kaplingat
        കെ പി എസ് മേണോന്റെ പുസ്തകത്തില്‍ വടക്കു നിന്ന് തെക്കു പോയി കപ്ലിങ്ങാടന്‍ സമ്പ്രദായം തെക്കന്‍ ശൈലിയുമായി സമന്വയിപ്പിച്ച ഒരു ആശാനെപ്പറ്റി പറയുന്നുണ്ട്. പേര്‍ ശരിക്ക് ഓര്‍മയില്ല (കണ്ടൂര്‍ നാരായണ മേനോന്‍ എന്നോ മറ്റോ ആണോ ?). എന്തായാലും പുസ്തകം വായിച്ചവര്‍ക്ക് അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അന്നത്തെ ആചാര്യചക്രവര്‍ത്തിയായ കാവാലം നാരായണപ്പണിക്കര്‍ക്ക് അദ്ദേഹത്തിന്റെ മാറ്റങ്ങളോട് ആഭിമുഖ്യം ഉണ്ടായിരുന്നില്ല എന്നും കാണുന്നു.

        ചോദ്യം ഇതാണ് - ഈ ആശാന്റെ പരിഷ്കരണങ്ങളെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടോ ? അവ ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നവയാണോ ?
        December 30, 2011 at 4:43am ·

        Manoj Kuroor
        Sunil Kumar, താളങ്ങള്‍ അങ്ങനെ വിപുലമായ ഒരു ഡോക്യുമെന്റേഷനു വിധേയമായതായി അറിയില്ല. മേളത്തിലെ താളങ്ങള്‍ ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയുടെ ആര്‍ക്കൈവ്സില്‍ തൃപ്തികരമായ രീതിയില്‍ സൌണ്ട് ക്ലിപ്പുകളുടെയും നൊട്ടേഷന്റെയും സഹായത്തോടെ വിശദീകരിച്ചിട്ടുണ്ട്. അതാണ് സാമാന്യം മികച്ച ഒരു പൂര്‍വ മാതൃക.

        Nikhil Kaplingat, കുണ്ടത്തില്‍ നാരായണമേനോനെയാവും നിഖില്‍ ഉദ്ദേശിച്ചത്. അതുവരെയുണ്ടായിരുന്ന തെക്കന്‍ ശൈലിക്ക് (വെട്ടത്തുസമ്പ്രദായത്തെ പൂര്‍ണമായി സ്വീകരിക്കാതെ ബാലിക്കും രാവണനുമൊക്കെ വാചികാഭിനയം വരെ ഉണ്ടായിരുന്ന സമ്പ്രദായം എന്നു കഥകളിരംഗത്തില്‍) കപ്ലിങ്ങാടന്‍ സമ്പ്രദായം പ്രബലമായതോടെ മാറ്റം വന്നു. പിന്നെ അതിനു പല ദേശങ്ങളിലും പ്രചാരം ലഭിക്കുകയും ചെയ്തു. കുണ്ടത്തില്‍ നാരായണമേനോനും നളനുണ്ണിയുമായിരുന്നു കപ്ലിങ്ങാടന്‍ സമ്പ്രദായം തിരുവിതാം‌കൂറില്‍ സുസ്ഥാപിതമാക്കിയതെന്നും കഥകളിരംഗത്തില്‍ പറയുന്നു. കാവാലം കൊച്ചുനാരായണപ്പണിക്കര്‍ക്കു കുണ്ടത്തില്‍ നാരായണമേനോനോട് അനാദരവും മാത്സര്യവും ഉണ്ടായിരുന്നതിനാല്‍ ഇരുവരുടെയും ശിഷ്യര്‍ക്ക് അന്യോന്യം പുച്ഛമായിരുന്നു എന്നും കാണാം. ഇതിലൊക്കെ വ്യക്തിപരമായ ഘടകങ്ങള്‍‌കൂടിയുള്ളതുകൊണ്ട് കൃത്യമായി അറിയാന്‍ മാര്‍ഗമില്ല.
        പിന്നെ പഴയ നടന്മാരെ സംബന്ധിച്ച് ഇത്തരം കാര്യങ്ങളറിയാന്‍ കഥകളിരംഗത്തെ ആശ്രയ്ക്കുകയല്ലാതെ വേറേ നിവൃത്തിയൊന്നും ഇന്നില്ല എന്നു തോന്നുന്നു.

        https://www.facebook.com/groups/kathakali/doc/316080555079900/
 

 

Article Category: 
Malayalam

Comments

മനോജിന്റെ ലേഖനം സമഗ്രമായിട്ടുണ്ട്. ‘കഥകളിരംഗ’ത്തെ ഇത്ര ആധികാരികമായി എടുക്കണോ എന്ന കാര്യത്തിൽ ചിത്രൻ പ്രകടിപ്പിച്ച സംശയത്തോടു യോജിക്കുന്നു. ചരിത്രം ലഭ്യമല്ലെങ്കിൽ, താൻ നടത്തുന്നതു കേട്ടുകേൾവികളുടെ സമാഹരണമാണെന്ന പ്രസ്താവനയോടെ ഒരാൾ എഴുതുന്നതിനെ ചരിത്രത്തിന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നത് ന്യായീകരിക്കാനാവില്ല. “ഐതിഹ്യങ്ങളെ ഉപോത്ബലകമാക്കിയും പഴമക്കാരായ കളിഭ്രാന്തന്മാരിൽനിന്നു ലഭിച്ച ചരിത്രശകലങ്ങളെ അടിസ്ഥാനമാക്കിയും” എഴുതിയിട്ടുള്ള ‘കഥകളിരംഗ’ത്തിന് അത്രയും പ്രാധാന്യമേ കൊടുക്കാവൂ. ചുട്ടിയുണ്ടായതും ഉത്തരീയമിട്ടതും ചാമരംകെട്ടിയതും ചെണ്ട ഉപയോഗിച്ചുതുടങ്ങിയതും ഒക്കെ എന്നാണെന്ന പ്രസ്താവന ‘കഥകളിരംഗം’ എന്ന കേട്ടുകേഴ്‌വികളുടെ സമാഹരണഗ്രന്ഥത്തിൽ വിസ്തരിക്കാം, തെറ്റില്ല. എന്നാൽ ചരിത്രമെന്ന നിലയിൽ അവയെ കാണുന്നത് ശരിയാണോ എന്നതാണു സംശയം.

സമ്പ്രദായഭേദങ്ങൾക്ക് ശൈലീപരമായ പ്രസക്തിയേ ഇന്നുള്ളു എന്നതു ശരിയാണ്. എങ്കിലും അവ വളർന്നു വന്ന കാലഘട്ടത്തിലെ സാമൂഹ്യവും അധികാരകേന്ദ്രപരവുമായ പ്രത്യേകതകൾ അവയ്ക്കു രൂപം കൊടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. അതിൽ പരമപ്രധാനമാണ് കളരിയുടെയും ഗുരുശിഷ്യബന്ധത്തിന്റെയും സ്വഭാവം. കല്ലടിക്കോടൻചിട്ട കപ്ലിങ്ങടനുമായി സംഗമിച്ച് കല്ലുവഴിയായിത്തീരുകയും തുടർന്ന് കലാമണ്ഡലത്തിൽ പ്രതിഷ്ഠനേടുകയും ചെയ്തതിലൂടെ വളർന്ന, മിക്കവാറും ക്രമമായ വികാസചരിത്രമുള്ള, വടക്കൻസമ്പ്രദായത്തിന് വള്ളുവനാട്ടിലും പൊതുവെ മലബാറിലും നിലനിന്ന കളരിവഴക്കങ്ങളുടെ പിൻബലമുണ്ട്. തിരുവിതാംകൂറിന്റെ അവസ്ഥ വ്യത്യസ്തമായിരുന്നു. മിഷനറിമാരുടെയും ശ്രീനാരായണഗുരുവിനെപ്പോലുള്ളവരുടെയും പ്രവർത്തനങ്ങളും ഇംഗ്ലീഷ് വിദ്യാഭ്യാസവും സ്ത്രീവിദ്യാഭ്യാസവും വ്യവസായസംരംഭങ്ങളും താരതമ്യേന വർധിച്ച തൊഴിലവസരങ്ങളും പത്രമാസികകളുടെ പ്രചാരവും തിരുവിതാംകൂറിന്റെ അന്തരീക്ഷത്തെ ഭേദപ്പെടുത്തി. ധർമ്മരാജാവിന്റെ കാലത്തുതന്നെ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിലെല്ലാം കഥകളി നിർബന്ധമായിരുന്നു. പത്തൊൻപതാംനൂറ്റണ്ടിന്റെ പകുതിയിൽ ഉത്രംതിരുനാൾ അതിനെ നിയമംമൂലം ഉറപ്പിച്ചു. അതുകാരണം കലാകാരന്മാർ ‘പൊന്നുതമ്പുരാ’ന്റെ പ്രജകളും താരതമ്യേന ‘തൊഴിലവസരങ്ങൾ’ കൂടുതലുള്ളവരുമായിരുന്നു. കളരിയുടെ ശുദ്ധി കുറവാണെങ്കിലും ‘രസികത്ത’മുണ്ടായാൽ പേരെടുക്കാൻ അനുകൂലമായിരുന്നു അന്തരീക്ഷം. മനോജ് ശരിയായി നിരീക്ഷിച്ചതുപോലെ, തെക്കൻസമ്പ്രദായത്തിൽ വ്യക്തിപ്രഭാവത്തിനാണു പ്രാമുഖ്യം; കളരിപ്രഭാവത്തിനല്ല. തിരുവിതാംകൂറിലെ നടന്മാർ സ്വഗുരുവിനെ പിന്തുടരുന്നതിൽ കാട്ടിയിട്ടുള്ള സ്വാതന്ത്ര്യബോധം അതേ അളവിൽ മലബാറിലെ നടന്മാരിൽ കാണുകയില്ല. കളരിസമ്പ്രദായങ്ങൾ രേഖപ്പെടുത്തിപ്രസിദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചത് തെക്കൻചിട്ടയിലെ ആചാര്യന്മാരാണല്ലോ. പന്നിശ്ശേരിയുടെ ‘കഥകളിപ്രകാര’വും ഗുരുചെങ്ങന്നൂരിന്റെ ‘തെക്കൻചിട്ടയിലെ കഥകളിയഭ്യാസക്രമങ്ങ’ളും ആദ്യകാലത്തുണ്ടായവയാണ്. കളരിബന്ധം നാൾക്കുനാൾ അഴിയുന്നുവെന്ന തിരിച്ചറിവ് തിരുവിതാകൂറിലെ ആചാര്യന്മാർക്ക് അന്നുതന്നെ ഉണ്ടായതിന്റെയുംകൂടി തെളിവായിരിക്കാം ഈ സംരംഭങ്ങൾ. കാര്യമതല്ല, എഴുപത്-എൺപതു വർഷങ്ങൾക്കുമുൻപു മാത്രം രേഖപ്പെടുത്തപ്പെട്ട ഈ സമ്പ്രദായങ്ങൾ അപ്പടി ഇന്ന് എവിടെയും പ്രാവർത്തികമായി കാണുന്നില്ല. ഇത്ര ചെറിയ കാലയളവിനുള്ളിൽ ഇവയെല്ലാം എങ്ങനെ മാറിമറിഞ്ഞുപോയി? കളരിബന്ധത്തിന്റെ തകർച്ചയാണ് സമ്പ്രദായങ്ങളുടെ തുടർച്ച ഇല്ലാതാകാൻ കാരണം. രസകരമായ ഒരു വസ്തുതകൂടി ചൂണ്ടിക്കാണിക്കട്ടെ. ചരിത്രത്തിൽ ആദ്യമായി കളരിപാഠങ്ങളെ രേഖപ്പെടുത്തി പ്രസിദ്ധീകരിച്ച പന്നിശ്ശേരി, ആട്ടക്കഥയെഴുതാൻ മുതിർന്നപ്പോൾ ഉണ്ടായത് ‘നിഴൽക്കുത്ത്’!

നമുക്കിന്നു പരിചിതമായ കളരിവഴക്കങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു തിരുവിതാംകൂർകളരികളുടെ സ്വഭാവം. അതു നഷ്ടപ്പെടാതെ സൂക്ഷിക്കാൻ മഹാകാലത്തിനു കഴിഞ്ഞില്ല. ചില ഘടകങ്ങളെങ്കിലും കലാമണ്ഡലംതെക്കൻകളരിയിൽ സംരക്ഷിക്കപ്പെടുന്നുവെന്നതോർത്ത് ആശ്വസിക്കാൻ ശ്രമിക്കാം.

ലേഖനത്തിനു പിന്നാലെ കാണുന്ന വിവിധാഭിപ്രായങ്ങളിൽ പലതിനോടും പ്രതികരിക്കാൻ ആശയുണ്ടെങ്കിലും ഇപ്പോൾ മുതിരുന്നില്ല. സമയമുള്ളപ്പോൾ മറ്റൊരിക്കലാകാം..

തെക്കന്‍ വടക്കന്‍ കഥകളി സമ്പ്രദായങ്ങളില്‍ കാണുന്ന ശൈലീ ഭേദങ്ങള്‍ക്ക് ശ്രീ കണ്ണന്‍ നല്‍കുന്ന സാമൂഹ്യപരമായ അപഗ്രഥനം നന്നായിട്ടുണ്ട്. നാട് കേരളം ആണെങ്കിലും കേരളത്തിന്റെ തെക്കും വടക്കും തമ്മില്‍ സാമൂഹ്യപരമായും സാംസ്കാരികപരമായും വളരെ വ്യത്യാസങ്ങള്‍ ഉണ്ട്. കഥകളിയുടെ നവോഥാന കാലഖട്ടമായിരുന്ന ഈ നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ ഈ സാമൂഹ്യ
സാംസ്കാരിക വ്യത്യാസങ്ങള്‍ വളെരെ ത്രീവ്രമായിരുന്നുവെങ്കില്‍ ഇന്ന് ലോകം ചെറുതാകുന്ന മുറയ്ക്ക് ആ സ്ഥിതിക്ക് മാറ്റം വരുന്നുണ്ട് എന്ന് മാത്രം . എങ്കിലും ഇന്നും കേരളത്തിന്റെ തെക്കും വടക്കും ഒരുപോലെ ചിന്തിക്കുന്നു എന്ന് പറയാന്‍ കഴിയില്ല. ഒരുദാഹരണം. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ട്രെയിനില്‍ വെച്ചു ഒറ്റപ്പാലം സ്വദേശി വിദ്യാസമ്പന്നയായ ഒരു മാന്യ വനിതയെ (അറുപതു വയസ്സിനു മുകളില്‍ പ്രായം ) പരിചയപ്പെടാനിടയായി. സംസാര മദ്ധ്യേ അവര്‍ എന്നോട് പറഞ്ഞു, 'വടക്കന്‍ കേരളത്തിലുള്ള ഞങ്ങളുടെ സംസ്കാരം തെക്കുള്ളവരില്‍ നിന്നും വളെരെ വ്യത്യാസം ഉള്ളതാണ്; ഞങ്ങള്‍ തെക്ക് നിന്നുള്ള വിവാഹ ബന്ധങ്ങള്‍ ഇന്നും ഇഷ്ടപ്പെടുന്നില്ല'.

ശ്രീ. കണ്ണന്‍ എടുത്തു പറഞ്ഞ സാമൂഹ്യ സാഹചര്യങ്ങള്‍ തെക്കന്‍ കഥകളിയ്ക്കു കൂടുതല്‍ ആവിഷ്ക്കാര സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. കഥകളി ഗുരുക്കന്മാരെയും അവര്‍ നിയന്ത്രിച്ചിരുന്ന കളിയോഗങ്ങളെയും കേന്ദ്രമാക്കി തെക്കന്‍ കഥകളി വികസിച്ചപ്പോള്‍ അതില്‍ അറിഞ്ഞോ അറിയാതെയോ സമൂഹചിന്തയുടെ പല അമ്സങ്ങളും കടന്നു കൂടിയിരുന്നു. ഇതില്‍ ചിലത് കഥകളി ശരീരത്തെ പോഷിപ്പിച്ചിരിക്കാം, മറ്റു ചിലത് ശോഷിപ്പിച്ചിരിക്കാം. സാമാന്യ ജനവിഭാഗവുമായി വലിയ സമ്പര്‍ക്കമില്ലാതെ, സമ്പന്നമായ മനകളെ കേന്ദ്രമാക്കി, ബ്രാഹ്മണ മേധാവിധ്യത്തില്‍ വികസിച്ച വടക്കന്‍ കഥകളി ആ സംസ്കാരത്തിന്റെ നല്ലതും നല്ലതല്ലാതതുമായ വശങ്ങള്‍ പേറി എന്നതാണ് സത്യം. ഒരു വ്യക്തിയെ അവന്‍ വളരുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും ഷേപ്പ് ചെയ്യുന്നതുപോലെ തെക്കും വടക്കുമുള്ള കഥകളിയെ ഷേപ്പ് ചെയ്തതിലും സമൂഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇതില്‍ രണ്ടിലും ഗുണദോഷങ്ങള്‍ ഉണ്ടാവുമെന്നത്‌ സ്വാഭാവികം.

Very informative, though noted quite late. Thanks. Expecting more.