പദ്മഭൂഷണവാസുദേവം - ഭാഗം ഒന്ന്

Wednesday, June 22, 2011 - 22:49
പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍

കഥകളിയിലെ ശൈലീഭേദങ്ങളില്‍ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന് നൂറ്റാണ്ടുകളുടെ പഴക്കവും തീര്‍ച്ചയായും പരമപ്രാധാന്യവും ഉണ്ട്. കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ തനതു വഴക്കങ്ങളെ സ്വാംശീകരിച്ച കഥകളിയുടെ തെക്കന്‍ സമ്പ്രദായത്തിന്റെ ഇന്നത്തെ സമകാലിക കഥകളിയുടെ പരമാചാര്യന്റെ മുന്നിലാണ് കഥകളി.ഇന്‍ഫൊയുടെ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത് - ശ്രീ മടവൂര്‍ വാസുദേവന്‍ നായര്‍. ഇന്ന് ഇന്ത്യയിലെ പരമോന്നത ബഹുമതികളിലൊന്നായ പദ്മഭൂഷണ്‍ അവാര്‍ഡടക്കം നേടി കഥകളിയിലെ അഭിമാനമായി മാറിയിരിക്കുന്ന മടവൂര്‍ വാസുദേവന്‍ നായരെ, സ്നേഹപൂര്‍വ്വം മടവൂര്‍ ആശാനെ ഈ അഭിമുഖത്തിലേക്ക് പരിചയപ്പെടുത്തുന്നു.

ആശാന്‍, സ്വാഗതം.
നമസ്തേ.

ആദ്യമായിട്ട് ചോദിക്കാനുള്ളത്, ആശാന്റെ ആചാര്യനായ ചെങ്ങന്നൂര്‍ ആശാനെക്കുറിച്ചുകൂടിയാണ്. അവിടെ നിന്ന് നമുക്ക് തുടങ്ങാം എന്ന് തോന്നുന്നു. ആശാന്റെ ആദ്യകാലത്തെ, ചെങ്ങന്നൂര്‍ ആശാന്റെ ഒപ്പമുള്ള അനുഭവങ്ങള്‍, ആ ശിക്ഷണത്തിന്റെ അനുഭവങ്ങള്‍, ഒന്ന് പങ്കു വെക്കാമോ ?
കഥകളിയില്‍ എല്ലാ സമ്പ്രദായക്കാര്‍ക്കും ശിക്ഷണത്തിന്റെ കാര്യത്തില്‍ കുട്ടിക്കാലം വളരെ ബദ്ധപാടുള്ള കാര്യമാണ്. അത്, ഗുരു ചെങ്ങന്നൂരിന്റെ മുമ്പിലും അതു തന്നെയായിരുന്നു. ശരീരം രൂപപ്പെടുത്തുക എന്നുള്ളതാണ് ആദ്യത്തെ ജോലി, ഗുരുനാഥന്റെ. അവയവങ്ങള്‍ മുഴുക്കെ ഗോഷ്ടിയില്ലാതെ, നല്ല സ്വാധീനമായിക്കിട്ടുന്നതിനുള്ള സാധകങ്ങളാണ്.. ഈ സാധകങ്ങള്‍ പൊതുവെ തന്നെ ശരീരത്തെ ഒരു പാട് ഉപദ്രവമുണ്ടെങ്കിലും ഗുണം ചെയ്യുന്നതാണ്. അത്.. ഒരു കാലം അതിനു വേണ്ടിത്തന്നെ ചിലവഴിക്കാറുണ്ട്. അതിന്റെ കൂടെ പിന്നെ ഇടയ്ക്കിടയ്ക്ക് മുദ്രകളും രസങ്ങളും കഥാപാത്രത്തിന്റെ പദങ്ങളും ഇങ്ങിനെ ഇടയ്ക്കിടയ്ക്ക് പഠിപ്പിച്ചുകൊണ്ടുപോകുമെങ്കിലും, പ്രധാനമായിട്ടും ശരീരം വൃത്തിയാക്കലാണ്. അതിപ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴൊക്കെ കാണാന്‍ കഴിയും, എങ്ങോട്ട് തിരിഞ്ഞാലും ഏതെങ്കിലും ഒരു ഗോഷ്ടി കാണിക്കാന്‍.. പ്രേക്ഷകനെ കാണിക്കാന്‍ സാധിക്കില്ല - അതുപോലെ വാര്‍ത്തെടുക്കുന്നതാണ്, അത്രയും ജോലി ചെയ്തെടുക്കുന്നതുകൊണ്ടാണ്. അല്ലെങ്കില്‍ നമ്മുടെ പ്രവര്‍ത്തിക്കൊക്കെ ഒരുപാട് ഗോഷ്ടിയും, ഫലമില്ലാതെയും ഒക്കെ വരും. ഓരോന്നിനും ചെയ്യുന്നത്.. കഥകളിയില്‍ സ്ത്രീവേഷത്തിന് ഒരു സമ്പ്രദായം, പുരുഷവേഷത്തിന് പച്ചയ്ക്ക് ഒരു സമ്പ്രദായം, കത്തിയ്ക്ക് ഒരു സമ്പ്രദായം, താടിയ്ക്ക് ഒരു സമ്പ്രദായം, മിനുക്കുകള്‍ക്ക് ഒരു സമ്പ്രദായം - ഇങ്ങിനെ ആണ് രൂപപ്പെടുത്തുന്നത്. എല്ലാത്തിനും അതാതിന്റേതായ സ്വഭാവത്തിനനുസരിച്ച് ശരീരത്തില്‍ വായു നിയന്ത്രിക്കാന്‍ കഴിയണം, ആ വിദ്യാര്‍ത്ഥി. അങ്ങിനെ നിയന്ത്രിപ്പിച്ചെടുക്കുക എന്നുള്ളതും ഗുരുനാഥന്റെ കടമയാണ്. ഒരു കഥാപാത്രം.. എല്ലാറ്റിനും കയ്യിന്റെ അകലം കണക്കു പറയും.. അതില്‍ നിന്നും ചിലത് ഒതുങ്ങും, ചിലത് വലുതാകും. അതാ കഥാപാത്രങ്ങളുടെ സമ്പ്രദായമനുസരിച്ചാണ്.

ചെങ്ങന്നൂരാശാന്റെ മുമ്പ് ആശാന്‍ പഠിച്ചിരുന്ന ആശാന്മാരുണ്ടല്ലൊ.
എന്റെ ആദ്യത്തെ ഗുരുനാഥന്‍ മടവൂര്‍ പരമേശ്വരന്‍ പിള്ളയാശാന്‍ ആയിരുന്നു. അദ്ദേഹം നാട്ടില്‍, ഈ തെക്കന്‍ സമ്പ്രദായത്തില്‍, തെക്കന്‍ നാടെന്ന് ഞങ്ങള്‍ പറയും.. അന്ന് വടക്ക് ചെങ്ങന്നൂരൊക്കെയാണ്. ഇവിടെ ഒക്കെ തെക്കാണ്. ഇപ്പോള്‍ വടക്ക് മലബാറും തെക്ക് തിരുവിതാംകൂറും ആയല്ലൊ.എന്നു പറഞ്ഞ വ്യത്യാസം അന്ന് ഞങ്ങള്‍ക്ക് വടക്ക് എന്ന് പറയുന്നത്.. ചെങ്ങന്നൂര്‍ ആശാനൊക്കെ വടക്കന്മാരാണ്. ഞങ്ങള്‍..ഇവിടെ..എന്റെ കുട്ടിക്കാലം..ആ പരമേശ്വരന്‍ പിള്ളയാശാന്‍ ഈ നാട്ടില്‍ വലിയ അംഗീകാരമുള്ള ആളായിരുന്നു, കൊച്ചാശാനെന്ന് പറയും, കളിയോഗമുണ്ട്. നല്ല വ്യുല്പത്തിയുള്ള ആളായിരുന്നു.

പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായരുമായിട്ടുള്ള അഭിമുഖത്തിന്‍റെ വീഡിയോ
 

അദ്ദേഹത്തിന്റെ സമ്പ്രദായം? ഈ തെക്കന്‍ സമ്പ്രദായം എന്ന് പറയുമ്പോള്‍ അതിനകത്ത് ഒരു പാട് സമ്പ്രദായങ്ങളുണ്ടല്ലൊ. ഈ കിടങ്ങൂര്‍..
പല സമ്പ്രദായങ്ങളുമുണ്ട്. ഇപ്പോള്‍ ചാത്തന്നൂര്‍ സമ്പ്രദായം എന്നു പറയുന്ന ഒരു ചെറിയ സമ്പ്രദായമാണ് എന്റെ ആദ്യത്തെ ആശാനുണ്ടായിരുന്നത്. ആ സമ്പ്രദായത്തിലാണ് ഞാന്‍ ആദ്യം പഠിക്കുന്നത്. അദ്ദേഹത്തിന് എല്ലാ ആട്ടങ്ങളും.. പറഞ്ഞു തരാന്‍ കൂടുതല്‍.. പാടുകയും കൊട്ടുകയും എല്ലാം ചെയ്യും, കഥകളിയില്‍ എല്ലാം ചെയ്യുന്ന ആളാ. അപ്പോള്‍ ഒരു മൂന്നു വര്‍ഷം അദ്ദേഹത്തിന്റെ കൂടെ ജീവിച്ചു.

ആ കാലത്താണോ ആശാന്റെ അരങ്ങേറ്റമൊക്കെ നടക്കുന്നത് ?
അതെയതെ. ആറാമത്തെ മാസത്തില്‍ അരങ്ങേറ്റം നടന്നു.

ഏതായിരുന്നു അരങ്ങേറ്റത്തിനുണ്ടായ വേഷം ?

അരങ്ങേറ്റത്തിന്.. ആശാന്റെ വീട്ടില്‍ തന്നെയാണ് താമസം, അവിടെ അടുത്തൊരു പുലിയോട്ടുകുന്ന് എന്നു പറഞ്ഞൊരു ശിവക്ഷേത്രമുണ്ട്. അവിടെ വെച്ചായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റത്തിന് ഉത്തരാസ്വയംവരമായിരുന്നു. ആദ്യം എന്റെ രണ്ടു വേഷവും കാണണമെന്ന് പറഞ്ഞ് ബഹളം തുടങ്ങിയിട്ട് ആദ്യം ദുര്യോധനന്റെ പത്നിയായിട്ട് - ഭാനുമതിയായിട്ട് കൂടി. അതു കഴിഞ്ഞ് വേഗം വന്ന് തേച്ച് ചുട്ടിയുണ്ടാക്കി, ഉത്തരന്‍ കെട്ടിച്ചു. ഉത്തരനൊക്കെ രണ്ടാം തരം വേഷങ്ങളാണ് ! ഇത് രണ്ടും ആ അരങ്ങേറ്റത്തിന് കഴിഞ്ഞു. അതുകഴിഞ്ഞ് അടുത്ത അന്യാരംഭത്തിന് ദുര്യോധനവധത്തില്‍ കൃഷ്ണനാ എന്നെക്കൊണ്ട് കെട്ടിച്ചത്. അപ്പൊ അങ്ങിനെയാ.. അതൊരു വേഗം വേഗം രൂപപ്പെടുന്ന ഒരു സമ്പ്രദായമായിരുന്നു. ധാരാളം കുട്ടിത്തരം ഇടത്തരം ആയിട്ടുള്ള വേഷങ്ങള്‍ മൂന്നു വര്‍ഷം കൊണ്ടു ഞാന്‍ കെട്ടി ജനങ്ങളുടെ പ്രീതി ആര്‍ജ്ജിച്ചു.

ആറു മാസം കൊണ്ടൂ തന്നെ ഉത്തരന്‍ പോലെ ഒരു വലിയ വേഷം കെട്ടിയാണ് അതിലേക്ക് എത്തിയത് ആശാന്‍..
ദുര്യോധനവധത്തില്‍ കൃഷ്ണന്‍. അന്നായതുകൊണ്ട് ഒരു നേരിയതൊക്കെ കൊണ്ടിട്ടു. ദുര്യോധനന്‍ കെട്ടിയവന്‍ പിണങ്ങി. ദൂതിന്. അങ്ങിനെയൊക്കെ ഒരു ജനപ്രിയം അന്നേ ഉണ്ട്. പറയുന്നത്, എന്റെ ഗുരുനാഥന്‍ പറയും, ഗുരുവല്ല വലുത് , ശിഷ്യനാണ് എന്ന്. ഗുരു ചെങ്ങന്നൂര്‍ പറയും. അതായത്, അവനില്‍ രത്നം.. ഒരു ചെളിയില്‍ കിടക്കുന്ന രത്നം എടുത്തേച്ച് ചെത്തി അതിനെ കഴുകി പ്രഭയുണ്ടാക്കുന്ന ജോലിയേ ഉള്ളൂ ഗുരുനാഥനെന്നാണ്. നേരേ മറിച്ച് വെറും കല്ലെടുത്ത് എത്ര ചെത്തിയാലും അതില്‍ പ്രഭയുണ്ടാവുകയില്ല. അതാണ് ശിഷ്യനാണ് വലുത് എന്ന് പറയാന്‍ കാര്യം. രത്നമുള്ള ഒരു ശിഷ്യനെ കിട്ടുക എന്നുള്ളതാണ് ഒരു ഗുരുനാഥന്റെ ഭാഗ്യം. പ്രഭ .. നമ്മുടെ കയ്യില്‍ ജന്മ ഗുണം.. തലച്ചോറിന്റെ ഗുണം എന്നൊക്കെ പറയില്ലേ.. അതൊക്കെത്തന്നെയാ ഈ പ്രഭ എന്നു പറയുന്നേ..

ആദ്യ ആചാര്യനിലേക്ക് ഒന്നു കൂടി പോയാല്‍, അദ്ദേഹത്തിന്റെ ആദ്യകാലശിക്ഷണം.. നമുക്ക് ഈ തെക്കന്‍ സമ്പ്രദായത്തിലെ ആദ്യകാല ശിക്ഷണത്തെപ്പറ്റിയിട്ട്..
ഞങ്ങളുടെ ഈ.. ഇവിടെയുള്ള സമ്പ്രദായത്തിന് ശരീരത്തിന്റെ രൂപപ്പെടുത്തലിന് ഭംഗിക്കുറവുണ്ടായിരുന്നു. ആവശ്യമില്ലാത്തിടത്തൊക്കെ വായു പിടിക്കലും, ആ ഒരു കാലത്തെ അഭ്യാസരൂപം അതായിരുന്നു. ആ ജാതി കാര്യങ്ങള്‍ വരുമ്പോള്‍.. ഈ കപ്ലിങ്ങാടന്‍ സമ്പ്രദായം - ചെങ്ങന്നൂര്‍ ആശാന്റെ ഒക്കെ സമ്പ്രദായം അനുസരിച്ച് ശരീരം രൂപപ്പെടുത്തലിന് .. ഇവിടുത്തെ അഭ്യാസത്തിന് ഇത്രയും നിഷ്കര്‍ഷ ഇല്ലായിരുന്നു. ഒരു ഗ്രാമരൂപം പോലെ.

ആദ്യകാലത്തെ അഭ്യസനം - പുറപ്പാട് പഠിപ്പിക്കുക..
അങ്ങിനെ തന്നെ. പുറപ്പാടൊക്കെ അന്നുള്ളതാ. പുറപ്പാടിന്നാണല്ലൊ തുടങ്ങുന്നതു തന്നെ. അത് അങ്ങിനെ തന്നെയായിരുന്നു. തുടങ്ങുന്നത് ആദ്യം സാധകം - കാലുകളും .. അതു കഴിഞ്ഞ് പുറപ്പാട്.. തോടയം, തോടയം കഴിഞ്ഞ് പുറപ്പാട്. കുട്ടിത്തരം വേഷം. അങ്ങിനെ തന്നെ പഠിക്കുന്നതാ. ഒക്കെ ഇവിടെയും അവിടെയും ഒന്നു പോലെ തന്നെ.

ആ കാലത്തും ഇതേ രീതിയിലുള്ള അഭ്യസനം തന്നെയായിരുന്നു നില നിന്നിരുന്നത്.
അതെ. വെളുപ്പിനേ ഉള്ള പ്രയോഗമാണല്ലൊ നമ്മുടെ കളരികള്‍ക്കെല്ലാം തന്നെ. പയറ്റിനായാലും അതല്ലേ. എല്ലാറ്റിനും കായികമായി ഒരു പാടു ജോലി ചെയ്യേണ്ട എല്ലാറ്റിനും വെളുപ്പാന്‍ കാലം എല്ലാവരും നിര്‍ബന്ധമായിട്ടും വെച്ചിരിക്കുന്ന സമയമാണ്. സാധകത്തിന് ആ സമയമേ കൊള്ളാവൂ. നിശ്ചലമായ സമയം. നല്ല അന്തരീക്ഷം. ഇതു വെളുപ്പിനേ അല്ലേ കിട്ടൂ. അപ്പൊ മൂന്ന് മൂന്നരയ്ക്കു മുമ്പു തന്നെ എല്ലാവരും തടിയിളക്കും. പിന്നെ പുലരിയൊക്കെയായിക്കഴിഞ്ഞാല്‍ ഒരു എട്ടുമണി വരെയുള്ള പണിയാ അത്.

മുഖത്തിലുള്ള അഭ്യസനരീതി ഒക്കെ ഉണ്ടായിരുന്നോ? ഉപാംഗാഭിനയം, ഈ കണ്ണു സാധകം, അതൊക്കെ അന്ന് ഉണ്ടായിരുന്നോ?
അത് ഓരോ സമയം വെച്ചിട്ട്. രാവിലെ എഴുന്നേറ്റാല്‍ പായേല്‍ പടര്‍ന്നിരുന്ന് കണ്ണു സാധകവും, പുരികമിളക്കലും, കഴുത്തിളക്കലും, ഇങ്ങിനെ കുറെ ഐറ്റങ്ങള്‍ ചെയ്തിട്ടേ അവിടെ നിന്ന് എണീക്കാന്‍ അനുവദിക്കൂ. അങ്ങിനെയുണ്ട്. ഗുരുനാഥന്റെ വീട്ടിലുള്ള അഭ്യാസങ്ങളില്‍. കളരിയിലെ രീതിയ്ക്ക് പിന്നെ രാവിലെ എണീച്ചാല്‍ പിന്നെ ചാട്ടങ്ങള്‍ അങ്ങോട്ട് തുടങ്ങുകയല്ലേ. പിന്നെ വൈകീട്ടേ ഉള്ളൂ കണ്ണു സാധകവുമൊക്കെ. വെളിപ്പിനേ ഉള്ള കണ്ണൂ സാധകം ഗുരു ചെങ്ങന്നൂരിന്റെ ഒപ്പം താമസിക്കുന്ന കാലത്ത് - പിന്നെ ഈ കാലുസാധകവുമൊന്നുമല്ല പിന്നെ. മെയ്യുടെ ഒക്കെ രൂപപ്പെടുത്തലും .. രാവിലെ എഴുന്നേറ്റാല്‍ പായിലിരുന്നു തന്നെ കണ്ണ് സാധകം നടത്തണം എന്നാണ്.

ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ളയും ശിഷ്യന്മാരുംപിന്നീട് ചെങ്ങന്നൂരാശാന്റെ ശിക്ഷണത്തിലേയ്ക്ക് എത്തിപ്പെട്ടത് എങ്ങിനെ എന്ന് ഒന്ന് പറയാമോ ?
അത് ഒരു വലിയ കാര്യമായിരുന്നു. ഒരു ബദ്ധപ്പാട് വന്നു. ഞങ്ങള്‍ തമ്മില്‍ ഒരുപാട് അകലെയല്ലേ താമസിക്കുന്നത്. എന്റെ മൂത്ത ജ്യേഷ്ഠന്‍ - ദിവാകരന്‍ നായര്‍ എന്നു പറയും - അദ്ദേഹത്തിന്റെ മകനാ ഇപ്പം വിളിച്ചേ - അദ്ദേഹം മരിച്ചു പോയി. അദ്ദേഹം സംസ്കൃതം പഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഈ കഥയെല്ലാം പറഞ്ഞു തന്നതു കൊണ്ട് ഒരു പത്തു വയസ്സു മുതല്‍ ഞാന്‍ കഥകളി കാണാന്‍ അരങ്ങിന്റെ മുമ്പില്‍ പോയി ഇരിക്കുമായിരുന്നു. കഥയറിയാം. പിന്നെ ജ്യേഷ്ഠന്‍ തന്നെയാണ് ഇതിന്റെയൊക്കെ പിന്നില്‍. കൊണ്ടു നടന്നതും. തുറവൂര്‍ മാധവന്‍ പിള്ള എന്നു പറഞ്ഞിട്ട് എന്റെ ഒരു ബന്ധു കൊട്ടാരത്തില്‍ ചെങ്ങന്നൂര്‍ ആശാനെക്കാളും സീനിയര്‍ ആയ ഒരു നടനുണ്ടായിരുന്നു. അദ്ദേഹം ഞങ്ങള്‍ക്ക് കുറച്ച് ബന്ധമുണ്ടായിരുന്നു. ഞങ്ങള്‍ അവിടെ കൊട്ടാരത്തില്‍ ചെന്നു, സേവ കൂടി, ഒരാളിന് അഞ്ചു രൂപ കൈക്കൂലി കൊടുത്തിട്ട് എന്നെക്കൊണ്ട് പുറപ്പാടൊക്കെ എടുപ്പിച്ചു. അത് കഴിഞ്ഞ് അമ്മാമനെ കണ്ട് കാര്യം പറഞ്ഞു - അമ്മാമന്‍ തുറവൂര്‍ മാധവന്‍ പിള്ളയാശാന്‍ - അദ്ദേഹത്തിനെക്കണ്ട് പറഞ്ഞു ഇങ്ങിനെ ചെങ്ങന്നൂരാശാനോട് ഒന്ന് പറയണം. ആശാന് വലിയ ബഹുമാനമുള്ള ആളാണ് തുറവൂര്‍ മാധവന്‍ പിള്ള. അപ്പൊ പറഞ്ഞു എന്റെ ഒരു കുഞ്ഞാ കൂടെ ഒന്ന് നേരെയാക്കണം എന്ന് പറഞ്ഞു. അതിനെന്താ വര്‍ഷക്കാലത്ത് അങ്ങ് പോരട്ടേ. എന്ന് പറഞ്ഞു. അത് കഴിഞ്ഞ് അങ്ങട് വീട്ടില്‍ വന്നു. ആ വര്‍ഷകാലമായപ്പം ഇവിടെ നിന്ന് പാളയില്‍ ചോറൊക്കെ പൊതിഞ്ഞ് .. അന്ന് അങ്ങിനെയല്ലേ വണ്ടിയൊക്കെ വളരെ കുറവല്ലേ - ചെങ്ങന്നൂര്‍ ചെന്നു. ചെന്നപ്പോള്‍ ആശാന്‍ വേറെ സ്ഥലത്ത് അഭ്യാസത്തിന് പോവുകയാണ്. അവിടെ ചെന്ന് കയറിയതു തന്നെ എന്റെ അവിടെ കൊണ്ടാക്കിയിട്ടു പോരാനാ ചേട്ടന്‍ എല്ലാം ഒരുങ്ങി എല്ലാവരോടൂം പറഞ്ഞു പോയിരിക്കുന്നേ. അവിടെ ചെന്നപ്പോള്‍ വേറെ ഒരു സ്ഥലത്ത് അഭ്യാസമുണ്ട് അവിടെ വന്നാല്‍ സൌകര്യമായിരിക്കും എന്നാ പറയുന്നേ. ഞങ്ങളാകപ്പാടെ അപ്പഴേ തളര്‍ന്നു. അതു കഴിഞ്ഞ് അവിടുന്ന്.. ഞങ്ങള്‍ പോകുന്നേന്റെ സമയത്തിന് ഈ എഴുത്തയക്കാം, എന്നു പറഞ്ഞ് അഡ്രസ്സും കൊടുത്തിട്ടുപോന്നു. ആശാന്‍ അങ്ങോട്ട് പോകുമ്പോള്‍ ആശാന്റെ ഭാര്യ അമ്പലത്തില്‍ വെളുത്ത വാവിനു തൊഴാന്‍ പോരുമ്പോള്‍ .. അമ്മ പറഞ്ഞു..എന്നെ കണ്ടിട്ട് അപ്പോള്‍ എന്തോ ഒരു പ്രത്യേകത തോന്നി. “തെക്കുന്നൊരു കുട്ടി വന്നിട്ടുണ്ടല്ലൊ, അതിനെ കൂടെ എടുത്തയക്കാനൊക്കെ പറഞ്ഞില്ലായിരുന്നോ ?”. “ഓ അങ്ങിനെ ആരോട് എന്തെല്ലാം പറയുന്നു” എന്ന് എന്റെ ഗുരുനാഥന്റെ വാക്ക്. “അതങ്ങിനെയല്ല കുട്ടി കൊള്ളാം”. “എന്നാല്‍ ചെല്ലമ്മയോട് പറഞ്ഞേര്“ (ആശാന്റെ മകള്‍). എഴുത്തയച്ചേക്കാന്‍ പറഞ്ഞു. എഴുത്തു വന്നു. ഇവിടെ നിന്ന് ഞാനും ചേട്ടനും ഇവിടെ .. തൂവര എന്ന് പറഞ്ഞ അടൂര് .. താനെയുള്ള വീടാ. അവിടെ അഭ്യാസത്തിനു പോയിരിക്കുകയാ. അവിടെ ചെന്നു. അപ്പോള്‍ ഒരു ഹോട്ടലുകാരന്റെ കുട്ടികളും ഉണ്ടായിരുന്നു കൂടെ. ആ ഹോട്ടലില്‍ ഒരു മാസത്തെ കാശും കൊടുത്ത് അവിടെ നിര്‍ത്തി ചേട്ടന്‍ പോയി. അത് കഴിഞ്ഞ് അഭ്യാസം തുടങ്ങി. അതിനു മുമ്പു ഞാന്‍ വിയര്‍ക്കാന്‍ വിഷമമായിരുന്നു. ചെങ്ങന്നൂരാശാന്‍ തൊട്ടപ്പൊ മുതല്‍ വിയര്‍പ്പല്ലാതെ ഒന്നുമില്ല. ആ സ്ഥാനങ്ങളില്‍ വായു വരുമ്പോഴല്ലേ വിയര്‍ക്കൂ. മറ്റതു ഞാന്‍ പുറത്തിറങ്ങി കപ്പയുടെ ഇലയിലെ മഞ്ഞ് ഒക്കെ മേത്തിട്ടോണ്ടാ .. തിരുമ്മണമെങ്കില്‍ എഴുന്നേല്‍ക്കണം. കുടഞ്ഞേച്ചാ വരുന്നേ തിരുമ്മാന്‍. ചെങ്ങന്നൂര്‍ ആശാന്‍ കയ്യില്‍ തൊട്ടോ, പിന്നെ വിയര്‍പ്പിനു എവിടെ ഒന്നും പോണ്ട. വിയര്‍ത്തൊഴുകുക തന്നെ. അതാ അഭ്യാസരൂപത്തിന്റെ ഒരു പ്രത്യേകതയാണ്.

ആദ്യത്തെ ഗുരുനാഥന്റെ അഭ്യസനക്രമവും ചെങ്ങന്നൂര്‍ ആശാന്റെ അഭ്യസനക്രമവും തമ്മിലുള്ള വ്യത്യാസമൊന്ന് പറയാമോ?
അതിപ്പൊ. ഇത്രയൊക്കയെ പറയനുള്ളൂ. അഭ്യാസക്രമം എല്ലാവരുടെയും ഒന്നാണല്ലൊ. അതിന്റെ ആ നിലയുടെ രൂപവും അതൊക്കെ കൂടുതല്‍..അത്രയും സ്വാധീനമുള്ള ആളല്ലായിരുന്നു ഇവിടത്തെ സമ്പ്രദായത്തിലുള്ളവര്‍, പിന്നെ അവര്‍ ഇങ്ങിനെ ധാരാളം വേഷം കെട്ടി ആട്ടക്കാരാകുന്ന ഒരു സമ്പ്രദായവും ഈ തെക്കന്‍ നാട്ടിലുണ്ടായിരുന്നു. അത് കാരണം നിയമപ്രകാരമുള്ളതെല്ലാന്‍ ചോര്‍ന്നു പോയി, ഈ ഭാഗത്ത്. അങ്ങിനെ ഒരു.. അതിപ്പം വടക്കന്‍ സമ്പ്രദായത്തിനാ പിടിച്ചു കെട്ടി വെച്ചിരിക്കുന്നതു കൊണ്ടുള്ളതു പോലെ ..ഞങ്ങളുടെ സമ്പ്രദായത്തില്‍ തന്നെ ചോര്‍ന്നു പോയില്ലേ ഒരു പാട്. കപ്ലിങ്ങാടനില്‍ തന്നെ ഒരു പാട് ചോര്‍ന്നു പോയി. കളരികളില്ല. ബലമായ ചുറ്റുപാടില്ലാത്തതിന്റെ വേരില്ലാതെ.

അതിലേക്ക് ആ വിഷയത്തിലേക്ക് നമുക്ക് പിന്നീട് വരാം.
അതു തന്നെയാ ആ അഭ്യസനരൂപത്തിന്റെ കാര്യത്തിലും പറഞ്ഞതേ. ആശാന്റെ അടുത്തു ചെന്നപ്പോഴാണ് അഭ്യാസത്തിന്റെ ഒരു ഗൌരവം മനസ്സിലാക്കുന്നത്.

ആശാന്‍ കടുത്ത ശിക്ഷയൊക്കെ ഉള്ള ആശാന്‍ ആയിരുന്നോ ?
ഒരിക്കലും അടിക്കത്തില്ല. എന്റെ ആശാന്മാര്‍ ആരും എന്നെ തല്ലിയിട്ടില്ല. ഞാനും ആരെയും തല്ലിയിട്ടില്ല. തല്ലിയേ പഠിക്കൂ എന്ന് പറയുന്നോര്‍ക്ക് ഒരു അവമാനമാണ് ഞങ്ങള്‍. ഞാനും ഒരു അടിയും കൊള്ളാതെ പഠിച്ച ആളാ. ഏതായാലും..

ഈ കഥകളി പോലെ ഉള്ള കല തല്ലിപ്പഠിപ്പിക്കണം എന്നു പറയുന്ന ആശയം ശരിയല്ല എന്നാണോ ആശാന്റെ..
ശരിയല്ല അത്. ഒന്നും തല്ലിപ്പഠിപ്പിക്കുന്നത് ശരിയല്ല. തല്ലേണ്ടവനെ തല്ലുന്ന രൂപവും .. 12 വയസ്സു കഴിഞ്ഞാല്‍ തല്ലാന്‍ പാടില്ലെന്നാ, കുട്ടികളെ. മക്കളയാലും ശരി, ശിഷ്യന്മാരായാലും ശരി. അപ്പഴ് അവര്‍ തന്നെത്താനെ ചിന്തിക്കാറായിത്തുടങ്ങി, കുറെ ഉപദ്രവിച്ചാല്‍ അത് അവരുടെ മനസ്സില്‍ തട്ടും. ആവശ്യമില്ലാതെ എന്തിനാ അടിക്കുന്നേ. അടിച്ചാല്‍ കൊള്ളുന്നവനാണെങ്കില്‍ വേണ്ടില്ല. പ്രയോജനമുള്ളവനെ അടിക്കണ്ട. പ്രയോജനമില്ലാത്തവനെ അടിച്ചാല്‍ പിന്നെ അവന്‍ വേറെ തൊഴിലില്‍ പോയിട്ട് പ്രാകുകയും ചെയ്യും. അതിലും ഭേദം ഉപദ്രവം കൂടുതല്‍ ഉണ്ടാക്കാതിരിക്കുകയല്ലേ നല്ലത് ?ഇത് ഗുരുനാഥന്റെ ക്ഷമക്കുറവാണ് ഈ അടി എന്ന് പറയുന്നത്. അയാള്‍ ദേഷ്യം തീര്‍ക്കാനാ ഈ അടിക്കുന്നേ. കുട്ടിയെ തല്ലിയത് നന്നാവാനാ എന്ന് പറഞ്ഞെങ്കിലല്ലേ രക്ഷപ്പെടാന്‍ ഒക്കൂ. മനസ്സിലായില്ലയോ? എനിക്ക് അനുഭവമാ, എന്റെ ഗുരുനാഥന്‍മാര്‍ എന്നെ അടിച്ചിട്ടില്ല, രണ്ടു പേരും പരമേശ്വരന്‍ പിള്ളയാശാനും അടിച്ചിട്ടില്ല, ചെങ്ങന്നൂരാശാനും അടിച്ചിട്ടില്ല. ഞാനും ആരെയും അടിച്ചിട്ടില്ല. ഞാന്‍ പഠിപ്പിച്ച കുട്ടികളും വലിയ ദോഷം ഇല്ലാതെ അങ്ങ് നില്‍ക്കുന്നുണ്ടല്ലൊ. ഞാനും നില്‍ക്കുന്നില്ലേ ? അടി കൊള്ളാതെ പഠിച്ചതുകൊണ്ട് എന്താ കുഴപ്പം ? ആശാന്‍ അടിച്ചതു കൊണ്ടാ ഞാന്‍ നേരെയായത് എന്ന് പറയുന്നവരുമുണ്ടാകും. അടിച്ചില്ലെങ്കിലും അവന്‍ നേരെയാവുന്നവനാ. അവനില്‍ പ്രതിഭയുള്ളവനാ. അവരെ ആവശ്യമില്ലാതെ അടിക്കുന്നത് അവരവരുടെ ദേഷ്യം തീരാനാ, ഗുരുക്കന്മാരുടെ. അത് പണ്ടത്തെ ഒരു ശീലമാ, കുടിപ്പള്ളിക്കൂടം മുതല്‍ ഉണ്ട് അത്. തല കീഴായി നീട്ടിയിട്ട് അടിക്കുക ഒക്കെ ചെയ്യില്ലയോ ? ദേഷ്യം വരുമ്പം കയ്യ് തലയില്‍ ഒന്നടിച്ചേക്കാനാ എന്നോടൊരാള്‍ ഉപദേശിച്ചത്. നമ്മുടെ കയ്യില്‍ കൊണ്ടു കഴിഞ്ഞാല്‍ ആ ദേഷ്യമങ്ങ് പോകും, അത് മാറും. പിന്നെ ആ കുട്ടിയെ അടിക്കേണ്ടി വരില്ല.

പിന്നെ ചെങ്ങന്നൂര്‍ ആശാന്റെ അഭ്യസനത്തെപ്പറ്റി പറയുമ്പോ അങ്ങ് ആദ്യവസാന വേഷങ്ങളൊക്കെ .. എങ്ങിനെയായിരുന്നു അതിന്റെ ഒരു ക്രമം എന്നറിയാന്‍ ഞങ്ങള്‍ക്ക് താല്പര്യമുണ്ട്. ഈ കോട്ടയം കഥകളൊക്കെ പഠിപ്പിച്ചിരുന്നോ ?
കോട്ടയം കഥകളാണല്ലൊ ചൊല്ലിയാടിക്കുന്നത്. കളരിയില്‍ കോട്ടയം കഥ തന്നെയാണ് പ്രധാനം. ചൊല്ലിയാട്ടത്തിന്.

നാലു കഥയും പഠിപ്പിക്കും ?
നാലു കഥയും പഠിപ്പിക്കും.

അതിനു ശേഷം പ്രധാനപ്പെട്ട കഥകള്‍ - രുക്മിണീസ്വയംവരം ഒക്കെ കളരിയില്‍ ഉണ്ടായിരുന്നോ?
അതുണ്ട്. രുക്മിണീസ്വയംവരം ഉണ്ട്, അതല്ലേ കൃഷ്ണന്റെ ഒക്കെ കുട്ടിക്കാലത്തെ ആദ്യത്തെ ഇത് വരുന്നത്. കൃഷ്ണന്‍, പിന്നെ രുക്മിണി ഇതിനൊക്കെ ചൊല്ലിയാട്ടരൂപമുള്ളതല്ലേ. പിന്നെ ശിശുപാലന്‍ അതൊക്കെ രണ്ടാം തരം മൂന്നാം തരം ഒക്കെ ആയിട്ടിങ്ങിനെ വരും.

രാജസൂയത്തിലെ കത്തി വേഷമായിട്ടുള്ള ജരാസന്ധന്‍ പഠിപ്പിക്കുമായിരുന്നോ?
കളരിയില്‍ വലുതായിട്ടൊന്നും ചെയ്യാറില്ല.

ബാണന്‍ പോലത്തെ വേഷങ്ങള്‍ ?
ബാണനൊക്കെ കളരിയില്‍ ചെയ്യും. പദങ്ങളൊക്കെ ചൊല്ലിയാടിക്കും, ജരാസന്ധന്റെ. ആട്ടങ്ങളൊക്കെ പറഞ്ഞു തരികയൊക്കയെ ഉള്ളൂ. പിന്നെ അതിന്റെ രൂപം കണ്ടെടുക്കുകയോ സ്വയം ഉണ്ടാക്കുകയോ ചെയ്തോളണം. സ്വയമുണ്ടാക്കന്‍ കുറച്ചനുവാദം ഞങ്ങള്‍ക്കുണ്ട്. എല്ലാം വാര്‍ത്തു വെച്ചുകൊണ്ട് പോവുകയല്ല. പക്ഷെ അതിന്റെ ഔചിത്യരൂപം കയ്യിലുണ്ടാവണം. അല്ലെങ്കില്‍ കാറുമ്മൂടും ആയിപ്പോകും.

ഇത് പുറത്ത് പുരാണങ്ങളൊക്കെ വായിച്ച് മനസ്സിലാക്കുക, കഥകളൊക്കെ കേള്‍ക്കുക, അതൊക്കെ എങ്ങിനെയാണ് സാധിച്ചിരുന്നത് ആശാന് ?
അന്നേ പുരാണങ്ങളെല്ലാം ഉണ്ടല്ലൊ. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതം, മൂന്ന് വാള്യം ആയിരുന്നു അന്ന്. ഭാഗവതം പോലെ. ഇപ്പോള്‍ ഏഴ് വാള്യം ആക്കിയിട്ടുണ്ട്. അത് ആശാന്റെ അവിടെ ഇരുന്ന് ദിവസവും...അത് 2-3 ആവര്‍ത്തി ആ മഹാഭാരതം മുഴുവന്‍ വായിച്ചിട്ടുണ്ട്.

ചെങ്ങന്നൂരാശാന് അതൊക്കെ നിഷ്കര്‍ഷയുണ്ടായിരുന്നോ?
നിഷ്കര്‍ഷയുണ്ടായിരുന്നു. ആശാന് സന്ദര്‍ഭങ്ങളെല്ലാം നല്ല നിശ്ചയാ. അതിന് പരിശ്രമം വേണമല്ലൊ. പുരാണവും കവിയേയും അറിയാതെ ഇരുന്നാല്‍ കഥകളി നടന്‍‍ എങ്ങിനെ നേരേയാവും ? കവി എന്തു പറഞ്ഞിരിക്കുന്നു എന്നറിയണം, പുരാണത്തില്‍ എന്തു പറഞ്ഞിരിക്കുന്നു എന്നും അറിയണം. പുരാണമാണ് എന്നും പറഞ്ഞ് നമ്മള്‍ പ്രവര്‍ത്തിച്ചാല്‍ ചെലപ്പോള്‍ അപകടം വരും. കവിയ്ക്ക് സ്വാതന്ത്രം ഉണ്ട് അതിനെ മാറ്റിയെടുക്കാന്‍. അപ്പോള്‍ കവി ഉദ്ദേശിച്ചതിനെ നമ്മള്‍ ഖണ്ഡിക്കാന്‍ പാടില്ല. കവി ഉദ്ദേശിച്ചത് ദോഷം വരാതെ നമുക്ക് പുരാണത്തില്‍ ഉള്ളത് കൈകാര്യം ചെയ്യാം. ഇതു രണ്ടും കൂടി രൂപപ്പെടുത്തിക്കോളണം.

ഇനി വീണ്ടും നമ്മളാ കാലത്തേയ്ക്ക് വരാം. ആശാന്‍ ആദ്യകാലത്ത് വേഷങ്ങള്‍ കെട്ടിത്തുടങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ കെട്ടിയിരുന്ന വേഷങ്ങള്‍ ഏതായിരുന്നുവെന്ന് ഓര്‍മ്മിക്കുമോ?
ഞാന്‍ ആദ്യകാലത്ത് കെട്ടിയിരുന്നത്, ഞാന്‍ പരമേശ്വരന്‍ പിള്ളയാശാന്റെ കൂടെ നടക്കുന്ന കാലത്തു തന്നെ രാജസൂയത്തില്‍ കൃഷ്ണന്‍, കംസവധത്തില്‍ കൃഷ്ണന്‍, ദുര്യോധനവധത്തില്‍ കൃഷ്ണന്‍, ജയന്തന്‍, സ്ത്രീവേഷങ്ങള്‍, നരകാസുരവധത്തില്‍ ലളിത വരെ കെട്ടിയിട്ടുണ്ട്. രണ്ടാം തരം സ്ത്രീവേഷങ്ങള്‍, ആദ്യവസാന സ്ത്രീ വേഷങ്ങള്‍ വരെ അന്നേ കൈകാര്യം ചെയ്തിരുന്നു.

കെ. പി. എസ്. മേനോന്റെ പുസ്തകത്തില്‍ ആശാന്റെ സ്ത്രീവേഷം എടുത്തു പറയുന്നുണ്ട് അദ്ദേഹം.
സ്ത്രീവേഷത്തിന്റെ ഒരു കാലം ഉണ്ടായിരുന്നു എനിക്ക്. അന്ന് ഞാനും കരുണാകരന്‍ നായര്‍ ചേട്ടനും മാത്രമേ ഉള്ളൂ കേരളത്തില്‍. ശിവശങ്കരച്ചേട്ടന്‍ ഡാന്‍സ് എന്നും പറഞ്ഞ് അങ്ങ് പോയി. മങ്കൊമ്പും കരുണാകരന്‍ നായരും ഞാനും ആയിരുന്നു ഉണ്ടായിരുന്നത്, അതില്‍ മങ്കൊമ്പ് കഥകളിരംഗത്തു നിന്ന് പൊയ്ക്കളഞ്ഞു. ഡാന്‍സ് എന്നും പറഞ്ഞു മദ്രാസില്‍ പോയി. അപ്പൊ ഞങ്ങള്‍ രണ്ടു പേരേ ഉള്ളൂ അംഗീകരിക്കപ്പെട്ടത്. അവിടെ ഒരു ബാലകൃഷ്ണന്‍ നായരും. നമ്മുടെ രാമന്‍കുട്ടിനായരുടെ ഒക്കെ കൂടെ - ഒറ്റപ്പാലത്തെ - ബാലകൃഷ്ണന്‍ നായര്. അയാളുടെ വേഷത്തിന് ഞങ്ങളുടെ സ്ത്രൈണം ഇല്ലായിരുന്നു. ഓവല്‍ മുഖമാ. വേഷത്തിന് ഞങ്ങള്‍ രണ്ടു പേരും ആയിരുന്നു അംഗീകാരം. ചൊല്ലിയാട്ടത്തിന് അങ്ങേര് മേലെയായിരുന്നു. അങ്ങിനെ മൂന്ന് സ്ത്രീവേഷക്കാര്‍ മാത്രം കേരളത്തില്‍ ഓടിയ കാലമുണ്ട്. അപ്പോള്‍ ആണ് കൃഷ്ണന്‍ നായര്‍ ചേട്ടന്റെ ഇങ്ങോട്ടുള്ള വരവും, ചേട്ടന്റെ പൂതനയും ഒക്കെ വരലും, ഞങ്ങളുടെ ഉഷ-ചിത്രലേഖകള്‍ - അങ്ങോട്ടും ഇങ്ങോട്ടും മാറിയും തിരിഞ്ഞും. പിന്നെ ഒരു പാട് - അത് ചെങ്ങന്നൂര്‍ ആശാന്റെ കൂടെ നടക്കുന്ന കാലത്താണ് ഈ സാഹചര്യങ്ങള്‍ മുഴുക്കെ. ധര്‍മാംഗദന്‍ എത്രയാ കെട്ടിയിരിക്കുന്നത് എന്ന് ഒരു ഓര്‍മയുമില്ല. കൃഷ്ണന്‍ നായരും കരുണാകരന്‍ നായരും ഞാനും. അത് കഴിഞ്ഞാല്‍ ആശാന്റെ രാജസൂയമാ. ഈ ധര്‍മാംഗദന്‍ ആയിരിക്കും കൃഷ്ണന്‍. അങ്ങിനെ ഒരു വലിയ.. ഒരു ഏഴെട്ടുപത്തു കൊല്ലം അതങ്ങിനെ നിരന്നോടിയ കാലമുണ്ടായിരുന്നു. കുട്ടപ്പക്കുറുപ്പിന്റെ പാട്ടിന്റെ കാലമാ. അങ്ങേര് വലിയ സംഗീതജ്ഞനായിരുന്നല്ലൊ, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്.

അതിനു ശേഷമാണ് ശിവരാമനാശനൊക്കെ..
അത് എന്നേക്കാളും ഒരു ഏഴെട്ടു പത്തു വയസ്സിന്റെ വ്യത്യാസമില്ലേ. ആ മാറ്റം വളരെ മാറ്റമാ. മാധവന്‍‌കുട്ടിയും ശിവരാമനും ഇങ്ങോട്ട് ഉയര്‍ന്നു വന്നപ്പൊ ഞാന്‍ അവിടുന്ന് പിന്നോട്ടിങ്ങ് മാറി. അപ്പോഴേക്കും എന്റെ വേഷത്തിന് മുഖത്തിന് ഈ നീളം കാരണം ഇച്ചിരി ഒടിവ് വന്നപ്പോള്‍ വേഷത്തിന് ഭംഗി കുറഞ്ഞു എന്ന് എനിക്ക് തോന്നി, ജനങ്ങള്‍ വിടുന്നില്ല. ഞാന്‍ സ്വയം അങ്ങോട്ട് മാറി. അപ്പോഴേക്കും അവര്‍ രണ്ടു പേരും നല്ല തിളക്കത്തില്‍ അങ്ങ് വന്നില്ലേ.

ആശാന്റെ ചെറുപ്പത്തില്‍ കൃഷ്ണന്‍ നായര്‍ ആശാന്റെ വളര്‍ച്ചയുടെ ഒക്കെ കാലഘട്ടമൊക്കെ..
പിന്നെ !

അത് ആശാന്‍ നേരിട്ട് കണ്ടൂ വളര്‍ന്നതാണ്.
ഞാന്‍ പറഞ്ഞില്ലേ, ഞാന്‍ അന്ന് .. 15-16ആമത്തെ വയസ്സിലാണ് കൃഷ്ണന്‍ നായര്‍ ആശാനെക്കാണുന്നേ. അവിടെ ഒരു അഭ്യാസമുണ്ടായിരുന്നു. കുഞ്ഞന്‍ പണിക്കര്‍ ആശാന്‍ വന്നിട്ട് ഞങ്ങള്‍ 3-4 പേരേ ഒരു രണ്ട് മാസം പഠിപ്പിച്ചായിരുന്നു. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ എന്നു പറയുന്ന കളഹംസം. അദ്ദേഹം തന്ന ചുണ്ടാ ഇത്. അദ്ദേഹം എത്ര കാലം ഉപയോഗിച്ചതാ. അദ്ദേഹം ഞങ്ങളെ ഒന്ന് പഠിപ്പിച്ചായിരുന്നു, ഓയൂരിനേയും എന്നേയും ഒക്കെ കൂടെ. അന്ന് അദ്ദേഹത്തിന് കുറെ സമ്മാനം ഒക്കെ കൊടുക്കുന്നതിനു വേണ്ടി ഒരു ടിക്കറ്റ് കളി വെച്ചു. അന്നിവിടെയൊക്കെ വലിയ ടിക്കറ്റ് കളി നടക്കുന്ന കാലമാ. ചാത്തന്നൂര്‍ എന്നു പറയുന്ന സ്ഥലത്ത് ടിക്കറ്റ് കളി. അപ്പോള്‍ ജപ്പാന്‍‌കാരിക്ക് കാണാനാണ് ഈ അഭ്യാസം വെച്ചതും കളി നടത്തുന്നതും ഒക്കെ. അദ്ദേഹത്തിന്റെ ഭാര്യ ഒരു ജപ്പാന്‍‌കാരിയുണ്ട്. അതായത് പപ്പു ഡോക്ടറില്ലേ ? പഴയ നമ്മടെ നാരായണഗുരുവിന്റെ ഒക്കെ. പപ്പു ഡോക്ടറുടെ മകന്‍ ഒരു ഹരിഹരന്‍ ഹോട്ടല്‍ മാനേജര്‍ ആയിട്ട് വന്നിരുന്നു. അയാളുടെ ഭാര്യയാണ് "സേട്ടക്കൊ" എന്നു പറയുന്ന ഈ ജപ്പാന്‍‌കാരി. അവര്‍ക്ക് കാണാനായിരുന്നു ഈ അഭ്യാസവും ഒക്കെ. അവിടെ വെച്ചാണ് ഞാന്‍ ആദ്യം കൃഷ്ണന്‍ നായരെ കാണുന്നേ. അവിടെ ഈ സമാപനത്തിന് കൃഷ്ണന്‍ നായരുടെ പൂതനയും രൌദ്രഭീമനും. ചെങ്ങന്നൂര്‍ ആശാന്റെ ദുര്യോധനന്‍, ചമ്പക്കുളത്തിന്റെ ദുശ്ശാസനന്‍, കുടമാളൂരിന്റെ പാഞ്ചാലി, ഇങ്ങിനെ ആ ദുര്യോധനവധം കഥ. കൃഷ്ണന്‍ നായരുടെ രൌദ്രഭീമന്‍ ഒടുക്കം. അപ്പോള്‍ എനിക്ക് വേഷമില്ല. ഞാന്‍ ഇവരുടെ ഇടയില്‍ കൊണ്ട്... എന്നെ കയ്യില്‍ കൊണ്ട് നടക്കുകയാ അവരേ.. കുഞ്ഞല്ലേ.. ഈ ഹരിഹരന്റേയും ജപ്പാന്‍‌കാരിയുടെയും ഇടയില്‍ എന്നെ വെച്ചോണ്ടിരിക്കുകയല്ലേ കളി കാണാന്‍. മുമ്പില്‍ ഇരിക്കുകയാ. പൂതനയങ്ങോട്ട് വന്ന് ആളുകളെ അത്രയങ്ങോട്ട് ആകര്‍ഷിച്ചില്ലയോ. ഒരു വിധപ്പെട്ട പെണ്ണുങ്ങള്‍ക്കൊക്കെ ചിലപ്പോള്‍ മുഖത്തോട്ടൊക്കെ നോക്കിയിരിക്കാന്‍ ധൈര്യം വരില്ലായിരുന്നു. അത്ര മാദകത്തമായിരുന്നു കൃഷ്ണന്‍ നായരുടെ അഭിനയത്തിനേ. ഒടുക്കത്തില്‍ പന്തടി. നര്‍ത്തനകേളിക്കിടയ്ക്ക് പന്തടിച്ച് പന്തു തട്ടി ഒരേറ്. പിടിച്ചു നിന്ന കണ്ണു കൊണ്ടാ പന്തു അങ്ങ് വീണു കുതിച്ചു പോകുന്നതൊക്കെ അങ്ങ് കാണിച്ചു. ഞാന്‍ തിരിഞ്ഞു പുറകോട്ട് നോക്കി പന്ത് എങ്ങോട്ട് പോയി എന്ന്. അപ്പഴേ എനിക്ക് തോന്നിയേ അയ്യേ പന്ത് ഇല്ല. അപ്പൊ നോക്കിയപ്പൊ മുന്‍പിലിരിക്കുന്നവരുടെ എല്ലാം മുഖം പുറകോട്ടാ. അടിച്ചങ്ങോട്ട് എറിഞ്ഞേച്ച് ഒറ്റ പിടിച്ചവിടെ നിന്ന് കണ്ണൂ കൊണ്ട് ഉരുണ്ടങ്ങണെ തിയറ്ററിന്റെ അങ്ങറ്റത്ത് പോയി പന്ത്. കാണികള്‍ മുഴുക്കെ തിരിഞ്ഞ് പുറകോട്ട് നോക്കി. അതായിരുന്നു കൃഷ്ണ നായര്‍. അങ്ങിനെയാ ഞാന്‍ അങ്ങേരുടെ ആദ്യം ഒരു പൂതനയെ കാണുന്നേ.

(തുടരും)

Article Category: 
Malayalam

Comments

ഇതാണ്‌ ആശാന്‌ പദ്മഭൂഷണ്‍ അവാര്‍ഡ് കിട്ടിയതിനുശേഷം നടന്ന ആദ്യ ഇന്‍റെര്വ്യൂ. ആശാനുമായി ഇതുപോലെ സമഗ്രമായ ഒരു അഭിമുഖസംഭാഷണം നെറ്റില്‍ എവിടേയും ഇതുവരെ ലഭ്യമല്ല.

ഇത് നടന്നത് മേയ് 20, 2011 രാവിലെ പത്തുമണിമുതല്‍ ആയിരുന്നു. (എം.ബി.സുനില്‍കുമാര്‍)

This is a highly appreciable and constructive effort. To conduct and share such an insightful dialougue with a celebrated artist like Madavoor aashan is both commendable and the need of the hour. It is interesting to know how these men of great talent acquired and honed their skills to such perfection. The training methods of maestros like Chengannur aashaan have to be documented and extended to the coming generations. It was particularly interesting to hear what aashan says about the legendary and unparallelled Krishnan Nair aashan. Thanking you for this highly informative attempt and wishing you success with all the future endeavours..

Shalini Somanath

മടവൂര്‍ ആശാനില്‍ നിന്നും ഈ കഥകള്‍ കുറച്ചു ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ഇങ്ങിനെ ഒരു അഭിമുഖത്തിനു മുന്‍കയ്യെടുത്ത എന്റെ സുഹൃത്തുക്കള്‍ക്ക് നന്ദി.

ശരിക്കും അസൂയാവഹമായ അഭിമുഖം . . . അസൂയ എന്ന് പറയാന്‍ കാരണം ആശാനെ നേരിട്ട് പരിചയപ്പെടാമായിരുന്നു, അത് സാധിച്ചില്ലല്ലോ എന്നത് കൊണ്ട് മാത്രം . . . :)

വളരെ മനോഹരമായ ടീം വര്‍ക്ക്‌ . . . അഭിനന്ദനങ്ങള്‍ . . . :)

Very good interview. Anxiously looking forward for the next part.

Dear Sree & Sunilettan,

Really phenomenal interview and attempt. Waiting for 2nd part :-)

Regards,
Sajeesh

Great work dear friends Chithran & Sunilji.

Thank you Sreechitran and Sunil. Hope you will do more such interviews with other asaans that will form a definitive account of their work and times. later these can be compiled as a book. i have a couple of suggestions: please give a brief intro in the beginning that gives personal details about the interviewee which will help the readers. for example even those who have seen Madavoor perform may not know details such as his age or place of birth etc etc. secondly please also describe the setting of the interview -- where it was done, how many sessions, was it after a kali or in a relaxed setting etc. i think this will help set the mood for the interview that follows. Looking forward to part 2 of the interview. thank you once again. -- achuthan

http://kathakali.info/special/madavoor_interview

The above link would contain links to Madavoor Ashan's profile, and all parts of this interview series.

ചാത്തന്നൂര്‍ സമ്പ്രദായത്തെക്കുറിച്ച് ഇതില്‍ മടവൂരാശാന്‍ പറയുന്നുണ്ട്. ആദ്യമായിട്ടാണ്‌ കേള്‍ക്കുന്നത്. ഇങ്ങിനെ എത്രയെത്ര നമ്മള്‍ കേള്‍ക്കാത്ത/കാണാത്ത സമ്പ്രദായങ്ങള്‍ കഥകളിയില്‍ ഉണ്ടായിരുന്നിരിക്കണം ! ചാത്തന്നൂര്‍ സമ്പ്രദായത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം ചെയ്യാന്‍ തിരുവനന്തപുരം/കൊല്ലം ഭാഗത്തെ ആസ്വാദകര്‍ക്ക് കഴിഞ്ഞാല്‍ വളരെ നന്നാകും എന്ന് തോന്നുന്നു.

മനോഹരം..കണ്ടു വായിച്ചു..വീണ്ടും കണ്ടു...
അപ്പൊ ഈ തെക്കും വടക്കും ഉള്ള അഭ്യസന രീതികൾക്കു പണ്ടു വലിയ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല അല്ലേ. അവിടെയും കളരിയിൽ കോട്ടയം കഥകൾ ചൊല്ലിയാടിച്ചിരുന്നു. പിന്നെ ഒരു വ്യത്യാസം ശ്രദ്ധിച്ചതു കല്ലുവഴിക്കളരിയിലെ പ്രധാനമായ രാജസൂയം ചൊല്ലിയാടിക്കാറില്ല. പകരം വടക്കു പതിവില്ല്ലാത്ത ബാണൻ ചൊല്ലിയാടിക്കും. പിന്നെരുഗ്മിണീസ്വയംവരത്തെ പറ്റി പറഞ്ഞപ്പോൾ പ്രധാന വേഷമായ സുന്ദര ബ്രാഹ്മണനെ അദ്ദേഹം പരാമർശിച്ചു കണ്ടില്ല (ഇനി പറഞ്ഞ്വൊ?).ഒരു പക്ഷെ വിട്ടു പൊയതാവം അല്ലെ? പിന്നെ മെയ്യിനു കൊടുത്തിരുന്ന പ്രാധാന്യത്തെ പറ്റിയും പറഞ്ഞു. (അതു അശാന്റെ മെയ്യു കണ്ടാൽത്തന്നെ അറിയാം. ഈ 82 വയസ്സിലും എന്തൊരു ഫിറ്റ് ബോഡി). സ്വതെ അഭിനയപ്രാധാന്യമായ തെക്കൻ ചിട്ടയിൽ മെയ്യിനും പണ്ടു അതേ പ്രാധാന്യം കൊടുത്തിരുന്നു എന്നതു കൌതുകകരമാണു.

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...നന്ദി...നമസ്കാരം

എത്ര നാളായി കാത്തിരിക്കുന്നു . ഗംഭീരമായ അഭിമുഖം. ബാക്കി കൂടെ കാത്തിരിക്കുന്നു .വളരെ നന്ദി ചിത്രന്‍ . ഒരുപാട് ശ്രദ്ധ കിട്ടേണ്ട ഒന്നാണ് ഈ അഭിമുഖം . ഇതെടുക്കാന്‍ വേണ്ടി പ്രയത്നിച്ച ശ്രീചിത്രനും സുനിലിനും ഇത് പ്രോസസ് ചെയ്യാന്‍ പണിപ്പെട്ട നിഖിലിനും ഈ ഇന്റര്‍വ്യു അറേഞ്ച് ചെയ്ത വൈദ്യ നാഥനും നിറഞ്ഞ നന്ദി .

ചാത്തന്നൂര്‍ സമ്പ്രദായത്തെക്കുറിച്ച് അറിയാവുന്ന ചിലര്‍ ഇവിടെയുണ്ട് . വിവരങ്ങള്‍ ശേഖരിച്ചു വരുന്നു .

ചെങ്ങന്നൂര്‍ ആശാനെ പോലെ ശിഷ്യ സ്നേഹം ഉള്ള ഒരു ഗുരുനാഥന്‍ വേറെ ഇല്ല എന്നാണ് അദ്ദേഹത്തിന്‍റെ പ്രധാന ശിഷ്യന്മാര്‍ നാലുപേരും പറഞ്ഞിട്ടുള്ളത്. തൂവയൂരില്‍ (തൂവര) ആശാന്‍ തുടങ്ങിയ കളരിയില്‍ കഥകളിക്കു പറ്റിയ കുട്ടിയായി മടവൂരിനെ മാത്രമേ ആശാന് തോന്നിയുള്ളൂ. അതിനാല്‍ കളരി അവസാനിപ്പിച്ചു മടവൂരിനെയും കൂട്ടി സ്വഗൃഹത്തിലേക്ക് ആശാന്‍ മടങ്ങി. ആശാന്‍ ശിഷ്യനെ സ്വപുത്രനെ പോലെ ശരീരമാകെ ഇഞ്ച്ച തേച്ചു കുളിപ്പിച്ചിട്ടുണ്ട്.
ആറന്മുള ക്ഷേത്രത്തിലെ ഉത്സവക്കളിക്ക് അടുത്ത ദിവസം ആകും ആശാന്റെ ജന്മനാള്‍. ആശാനും ശിഷ്യരും കളി കഴിഞ്ഞു ഒന്നിച്ചു ആശാന്റെ വസതിയില്‍ എത്തുകയാണ് പതിവ്. ഒരിക്കല്‍ ആ പതിവ് തെറ്റി. ആശാന്‍ ആദ്യ കഥയിലെ വേഷം കഴിഞ്ഞു മടങ്ങി. ശിഷ്യന്മാര്‍ ആശാന്റെ ജന്മദിനത്തിനു ആറന്മുള ക്ഷേത്രത്തില്‍ കുളിയും ദര്‍ശനവും കഴിഞ്ഞു ആശാന്റെ ഗൃഹത്തില്‍ എത്തുവാന്‍ വൈകി. ആശാന്‍ കളിക്ഷീണം മറന്നു തന്റെ ശിഷ്യന്മാരെ കാത്തിരിക്കുകയാണ്. ശിഷ്യന്മാര്‍ എത്തിയെ കാപ്പി കുടിക്കൂ എന്ന നിര്ബ്ബന്ധത്തോടെ. ഇടയ്ക്കിടെ വീട് വിട്ടു വെളിയില്‍ വന്നു ശിഷ്യന്മാര്‍ വരുന്നുണ്ടോ എന്ന് റോഡിലേക്ക് നോക്കും. ഒടുവില്‍ ദൂരെ തന്റെ ശിഷ്യന്മാരെ കണ്ടപ്പോള്‍ അദ്ദേഹം തന്റെ സഹധര്‍മ്മിണിയെ വിളിച്ചു പറഞ്ഞു " കുഞ്ഞുങ്ങള്‍ എത്തി". നീ കാപ്പിക്ക് ഉള്ളതെല്ലാം വിളമ്പി വെയ്യ്‌.
ശിഷ്യന്മാര്‍ എത്തി. ആശാന്‍ ഊണ് മേശയില്‍ ഇരുന്നും ശിഷ്യന്മാര്‍ നാലുപേരും അദ്ദേഹത്തിന്റെ എതിരില്‍ താഴെ ഇരുന്നും കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ആശാന്‍ തന്റെ സഹധര്‍മ്മിണിയെ വിളിച്ചു പറഞ്ഞു. നിനക്കു ഒരു ദുഃഖം ഉണ്ട്. ഒരു മകന്‍ ഇല്ല എന്ന ദുഃഖം. ഇതാ ഇരിക്കുന്നു നിനക്കു നാലു മക്കള്‍. പ്രസവ വേദന അനുഭവിക്കാതെ നിനക്കു എന്റെ നാലു മക്കള്‍. ഇതില്‍ കൂടുതലൊന്നും ആശാന്റെ ശിഷ്യ വാത്സല്ല്യം ഞാന്‍ എഴുതി അറിയിക്കേണ്ടതില്ലല്ലോ.
തിരുവനന്തപുരത്തുള്ള മാര്‍ഗി എന്ന കഥകളി സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന ശ്രീ. അപ്പുകുട്ടന്‍ നായര്‍ അവര്‍കള്‍ക്കു ഒരിക്കല്‍ ആശാന്റെ ഗൃഹത്തില്‍ പോകണം എന്നുള്ള താല്‍പ്പര്യം എന്റെ പിതാവിനെ അറിയിച്ചു. അന്ന്‌ അദ്ദേഹത്തിനോടൊപ്പം ചെറു ബാലന്‍ ആയിരുന്ന ഞാനാണ് ചെങ്ങന്നൂരിനു പോയത്. ആശാനെ കണ്ടു തെക്കന്‍ ചിട്ടയിലുള്ള അഭ്യാസക്രമങ്ങള്‍ എന്ന പുസ്തകം എഴുതണം എന്ന് ആദ്യം ആവശ്യപ്പെട്ടത്‌ ശ്രീ.അപ്പുകുട്ടന്‍ നായര്‍ അവര്‍കള്‍ ആണ്.

ചെങ്ങന്നൂരാശാനെ പറ്റി അദ്ദേഹം കൂടുതല്‍ പറയുന്നുണ്ട് വരുന്ന ഭാഗങ്ങളില്‍. അംബുജാക്ഷന്‍ നായര്‍ പറഞ്ഞ കഥപോലെ ഉള്ളതും പറയുന്നുണ്ട്.