കലാമണ്ഡലം സോമന്‍ - അരങ്ങും ജീവിതവും

Saturday, January 28, 2012 - 14:24
Kalamandalam Soman

ശ്രീചിത്രന്‍: സമകാലീന കഥകളിയരങ്ങിലെ നായക നടന്മാരുടെ മുന്‍നിരയില്‍ എന്തുകൊണ്ടും ശ്രദ്ധേയനാണ്‌ ശ്രീ കലാമണ്ഡലം സോമന്‍. കല്ലുവഴി സമ്പ്രദായത്തിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അഭിമാനവും വരദാനവുമായ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ വത്സല ശിഷ്യന്‍. കലാമണ്ഡലത്തില്‍ നിന്ന് കഥകളി കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കലാമണ്ഡലം സോമന്‍ ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട എല്ലാ കഥകളിയിലെ പച്ച കത്തി വേഷങ്ങളിലെല്ലാം തിളങ്ങിക്കൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും കഥകളിയിലെ ഭാവിയിലെ ഏറ്റവും നല്ല പ്രതീക്ഷകളിലൊന്നായ ശ്രീ കലാമണ്ഡലം സോമനെ കഥകളി ഡോട്ട് ഇന്‍ഫോക്കായി പരിചയപ്പെടുത്തുന്നു. 

സോമേട്ടാ, സ്വാഗതം.
കലാ. സോമന്‍: സ്വാഗതം

ശ്രീചിത്രന്‍: കഥകളി പഠിക്കാനായി എത്തിച്ചേര്‍ന്ന അനുഭവം ഒന്ന് ചുരുക്കി വിശദീകരിക്കാമോ?
കലാ. സോമന്‍: ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കണ സമയത്താണ്‌ കലാമണ്ഡലത്തില്‍ പഠിക്കാന്‍ കുട്ടികളെ എടുക്കുന്നുണ്ട് എന്ന് കേട്ടത്. അതിനു മുന്‍പ് തന്നെ നാട്ടില്‍ കഥകളി എവിടേയൊക്കെ ആണ്‌ ഉള്ളതാച്ചാല്‍ അവിടെ ഒക്കെ പോയിട്ട് കണ്ട് കഥകളി പഠിക്കണം സ്കൂള്‍ പഠിത്തം വേണ്ട എന്ന് ആദ്യം തന്നെ ഉറപ്പിച്ചിരുന്നു. ഏതായാലും എന്റെ അമ്മയുടെ അച്ഛനെ കൂട്ടിയിട്ട് കലാമണ്ഡലത്തില്‍ ഇന്റെര്‍വ്യൂവിനു പോയി. ആ കൊല്ലം എനിക്ക് കിട്ടിയില്ല. വീണ്ടും കാറല്‍മണ്ണ സ്കൂളില്‍ ചേര്‍ന്നു. എട്ടാം ക്ലാസില്‍ തോറ്റു. എന്നിട്ട് രാമന്‍കുട്ടി ആശാനെ പോയി കണ്ട് രണ്ടാമതും ഇന്റെര്‍വ്യൂവിനു പോയി. അന്നാണ്‌ എനിക്ക് കലാമണ്ഡലത്തില്‍ കഥകളി വേഷം വിദ്യാര്‍ത്ഥിയായി പഠിക്കാന്‍ അവസരം കിട്ടിയത്. ആദ്യത്തെ കൊല്ലം എം.പി.എസ് (ശങ്കരന്‍ നമ്പൂതിരി)ന്റെ കളരിയില്‍ പഠിച്ചു. രണ്ട്, മൂന്ന്, നാല്‌ വര്‍ഷങ്ങളില്‍, വാഴേങ്കട കുഞ്ചു നായരാശാന്റെ മകനായ വാഴേങ്കട വിജയാശാന്റെ കീഴില്‍ പഠിച്ചു. അഞ്ചാം കൊല്ലവും വിജയാശാന്‍ തന്നെ. പിന്നെ ആറാമത്തെ കൊല്ലം അതായത് ലാസ്റ്റ് ഇയര്‍, ഗോപ്യാശാന്റെ കളരിയില്‍ ഒരു മൂന്ന് മാസം, പിന്നെ അദ്ദേഹം കോട്ടക്കല്‍ ചികിത്സക്ക് പോയി. ആ സമയത്ത് മാസക്കളി നടത്തണ സമയം ആണ്‌. കുട്ടികള്‍ക്ക് വേഷം കെട്ടി പരിചയം വരാന്‍ വേണ്ടിയിട്ട്. അപ്പോ ഇപ്പോ ഉള്ള ശ്രദ്ധേയനായ ഒരു നടന്‍ കലാമണ്ഡലം കൃഷ്ണകുമാര്‍.. അദ്ദേഹത്തിന്റെ ബൃഹന്നളയും എന്റെ ഉത്തരനും നിശ്ചയിച്ചു. പദ്മനാഭന്‍ ആശാന്റെ കളരിയില്‍ ഒരു ചൊല്ലിയാട്ടം വെച്ചു. ആ ചൊല്ലിയാട്ടത്തില്‍ അരവിന്ദമിഴി.. എന്നതിലെ മിഴി കാണിച്ചപ്പോള്‍ അല്‍പ്പം വലിപ്പായി എന്ന കാരണത്താല്‍ പദ്മനാഭന്‍ ആശാന്‍ അവിടെ നിന്ന് ഇറക്കി വിട്ടു. കളരിയില്‍ നിന്ന് ഇറക്കി വിട്ടതിന്റെ സങ്കടം കൊണ്ട് അവിടെ നിന്ന് ഇറങ്ങിയിട്ട് ആ മദ്ദള കളരിയുടെ അദ്യേങ്ങ്ട് കീഴ്പ്പട്ട് ഇറങ്ങുമ്പോ രാമന്‍കുട്ടി ആശാന്റെ റൂം ആണ്‌. ആശാന്‍ അവിടെ നിന്ന് വിളിച്ചു. എന്തെടോ കരയണത് എന്ന് ചോദിച്ചു. അപ്പോ കാര്യങ്ങള്‍ പറഞ്ഞു. ങ്ഹാ ശരി നാളെ മുതല്‍ ഇവിടെ കളരി തുടങ്ങുന്നുണ്ട്. അന്ന് ആശാന്‍ പ്രിന്‍സിപ്പള്‍  ആണ്‌. പിന്നെ അവിടെ നിന്ന് അങ്ങ്ട് ആശാന്റെ കളരിയില്‍ ആണ്‌. കലാമണ്ഡലത്തിലെ കോഴ്സ് കഴിഞ്ഞ് പിന്നെ ഒരു രണ്ട് വര്‍ഷം ഗുരുകുല സമ്പ്രദായത്തില്‍ ആശാന്റെ വീട്ടില്‍ പോയീട്ട് പഠിച്ചു. അന്ന് ആ ഭാഗത്ത് ചെണ്ട മദ്ദളം പാട്ട് എലാവരും ഉണ്ടായിരുന്നു. അപ്പോ എടക്കെടക്ക് അവരെയെല്ലാം സംഘടിപ്പിച്ച് ആശാന്റെ വീട്ടില്‍ പൂമുഖത്ത് ചൊല്ലിയാടും. ഇത് കഴിഞ്ഞ് സ്കോളര്‍ഷിപ്പിന്‌ അപേക്ഷിക്കാന്‍ ഒരു മോഹം. അപ്പോ ആശാന്റെ പിന്നാലെ നടന്ന് ചോദിക്കും ആശാനെ സ്കോളര്‍ഷിപ്പിന്‌ അപേക്ഷിക്കട്ടെ എന്ന്. അപ്പോ ആശാന്‍ അങ്ങനെ കൊറെ കഴിഞ്ഞപ്പോ അദ്ദേഹം സമ്മതിച്ചു. വേണമെങ്കില്‍ അപേക്ഷിച്ചോ. അങ്ങനെ അപേക്ഷിച്ചു അത് കിട്ടി. രണ്ട് വര്‍ഷക്കാലം ആശാന്റെ കീഴില്‍ കത്തിവേഷത്തിനു മാത്രമായിട്ടുള്ളതിന്‌ ചൊല്ലിയാട്ടം ആയിരുന്നു. വീട്ടിലാണ്‌ ചൊല്ലിയാട്ടം എങ്കിലും, ഗാന്ധി സേവാസദനത്തിലെ കുമാരേട്ടന്‍ രാമന്‍കുട്ടി നായരെ അങ്ങ്ട് ക്ഷണിച്ചു. അപ്പോ ആശാന്‍ എന്നോട് പറഞ്ഞു ന്നാ നീയും പോരെ.. അവിടെ ചൊല്ലിയാടാന്‍ സൌകര്യമുണ്ട് എന്ന് പറഞ്ഞു. അപ്പോ നോക്കുമ്പോള്‍ അവിടെ.. എങ്ങന്യാണച്ചാല്‍.. എനിക്ക് ഇത് അപേക്ഷിക്കേണ്ടായിരുന്നു എന്ന് ആയി. കാരണം അവിടെ കറന്‍റ് ഒന്നും ഇല്ലായിരുന്നു. കമ്പ്രാന്തല്‍ കൊളുത്തി വെച്ചാണ്‌ കണ്ണ് സാധകം. പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേല്‍ക്കണം. എഴുന്നേറ്റ് ഒന്നര മണിക്കൂര്‍ കണ്ണ് സാധകം. നാലരക്ക് ഉഴിച്ചില്‍ കളരിയില്‍ പോയി എണ്ണയൊക്കെ ഇട്ട് അതിന്റെ മുറക്ക് കാല്‍സാധകം, ഉഴിച്ചില്‍ അങ്ങനെ. പിന്നെ കലാമണ്ഡലത്തിലെ മാതിരി ബെല്ല് ഒന്നും ഇല്ല. ഞാന്‍ കലാമണ്ഡലത്തിലെ അന്തരീക്ഷത്തില്‍ പഠിച്ച് ഒരു കറണ്ട് പോലുമില്ലാതെ ഉള്ള സ്ഥലത്തേക്ക് പോകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട്. പിന്നെ രാവിലത്തെ കളരി എന്ന് പറഞ്ഞാല്‍ ബെല്ല് ഇല്ല. പ്രത്യേകിച്ച് രാമന്‍കുട്ടി ആശാന്റെ കളരി എന്ന് പറഞ്ഞാല്‍ തുടങ്ങി കഴിഞ്ഞാല്‍.. കിര്‍മ്മീരവധം തുടങ്ങിയാല്‍ പാത്രചരിത്രം കഴിഞ്ഞേ നിര്‍ത്തുള്ളൂ. അതിന്റെ ഉള്ളില്‍ എന്ത് വന്നാലും ഒരു തുള്ളി വെള്ളം കുടിക്കാനും സമ്മതിക്കില്ല നിര്‍ത്തുകയുമില്ല. നരകാസുരന്റെ ശ്ലോകം അങ്ങ്ട്ട് തുടങ്ങിയാല്‍ ചെറിയ നരകാസുരന്റെ ആ ഭാഗം, സ്വര്‍ഗ്ഗജയം .. അതിന്റെ ഇടയില്‍ നിര്‍ത്തില്ല. അങ്ങനെ ഒരു സമ്പ്രദായമാണ്‌. ബെല്ലുകൂടെ ഇല്ലാന്ന് കണ്ടപ്പോ അദ്ദേഹത്തിനും നല്ല ഉത്സാഹമാണ്‌. ഒരു പന്ത്രണ്ടര മണിയാവും രാവിലത്തെ കഴിയാന്‍. എന്നിട്ട് ഊണുകഴിക്കാന്‍ പോകാന്‍ കുറെ ദൂരമുണ്ട്. അവിടെ പോയി ഊണുകഴിക്കുക വരുക ആദ്യേ പൈജാമ ഇടുക തുടങ്ങി വൈകുന്നേരത്തെ ചൊല്ലിയാട്ടം. കലാമണ്ഡലത്തില്‍ രണ്ട് നേരം ചൊല്ലിയാട്ടമുണ്ട്. പക്ഷെ അത് രണ്ട് വിഭാഗം വിദ്യാര്‍ത്ഥികളാകും. രാവിലെ ചൊല്ലിയാടിയ കുട്ടികള്‍ക്ക് ഉച്ചതിരിഞ്ഞ് ചൊല്ലിയാടണ്ട. ഇത്.. ഞാനടക്കം മൂന്നോ നാലോ വിദ്യാര്‍ത്ഥികളെ ഉള്ളൂ അവിടെ. അപ്പോ രാവിലെ ഉത്ഭവത്തിലെ രാവണനാണെങ്കില്‍ വൈകുന്നേരം ബാലിവിജയം. ഇത് കഴിഞ്ഞ് രാത്രി കുളി ഒക്കെ കഴിഞ്ഞ് വന്നാല്‍ ഇരുന്നിട്ട് മുദ്ര കാണിക്കണം. അങ്ങനെ സ്കോളര്‍ഷിപ്പ് പൂര്‍ത്തിയാക്കി. പിന്നെ വടക്കും തെക്കും കുറേശ്ശെ കളിക്ക് പോയി തുടങ്ങി.

ശ്രീചിത്രന്‍: ഏത് വര്‍ഷത്തിലാ സ്കോളര്‍ഷിപ്പ് പൂര്‍ത്തിയാക്കിയത്?
കലാ. സോമന്‍: 1988-89

ശ്രീചിത്രന്‍: അന്നൊക്കെ '88 കാലങ്ങളില്‍ ഒക്കെ രാമന്‍കുട്ടി ആശാനൊക്കെ ജ്വലിച്ച് നില്‍ക്കുന്ന.. ഒരു പാട് വേഷങ്ങളുമായിട്ട്.. അപ്പോ അന്ന് രാമന്‍കുട്ടി ആശാന്റെ ഒപ്പം പോവുകയോ രാമന്‍കുട്ടി ആശാന്റെ വേഷങ്ങള്‍ കാണുകയോ ഒക്കെ ഉണ്ടായിട്ടുണ്ടോ?
കലാ. സോമന്‍: ആശാന്റെ വേഷമേ കണ്ടിരുന്നുള്ളൂ എന്നതാണ്‌ സത്യം. മറ്റ് ആചാര്യന്മാര്‍ ഗോപ്യാശാന്‍ ഒക്കെ ഉണ്ടെങ്കിലും എനിക്കെന്തോ ആശാന്റെ വേഷത്തിനാണ്‌ എന്റെ മനസ്സില്‍ തൃപ്തി. അത് ഞാന്‍ കഥകളി പഠിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഞാളാകുറിശി അമ്പലത്തിലൊക്കെ ഹനുമാന്‍ ഒക്കെ കഥകളി പഠിക്കണേന്റെ മുപന്നെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ അന്നൊന്നും ഈ ഹനൂമാന്റെ എന്താണ്‌ പ്രത്യേകത എന്നോ ആശാന് എന്താ ത്ര പ്രത്യേകത എന്നോ ഒന്നും അറിയില്ല. പക്ഷെ അന്ന് മുതലേ എനിക്ക്.. ആശാന്റെ പരശുരാമന്‍.. അപ്പോ ആശാന്റെ അനവധി വേഷങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അനവധി കൂടെ ഞാന്‍ കെട്ടിയിട്ടുണ്ട്. അനവധി ചെറിയ് ചെറിയ വേഷങ്ങള്‍.. ആശാന്റെ നരകാസുരനും എന്റെ ഇന്ദ്രനും അനവധി ഉണ്ടായിട്ടുണ്ട്. ആശാന്റെ ഹനൂമാന്‍ എന്റെ ലവകുശന്മാരില്‍ ലവനായിട്ടോ അല്ലെങ്കില്‍ കുശനായിട്ടോ ഞാനുണ്ടാകും. അങ്ങനെ അനവധി. പിന്നെ കുറച്ച് മുതിര്‍ന്ന സമയത്ത് സ്കോളര്‍ഷിപ്പ് ഒക്കെ കഴിഞ്ഞതോടു കൂടീട്ട് ആശാന്റെ സന്താനഗോപാലം ബ്രാഹ്മണന്‍ എന്റെ അര്‍ജ്ജുനന്‍ ആയിട്ട് ഒരു മൂന്ന് നാല്‌ സ്ഥലത്ത് ഉണ്ടായിട്ടുണ്ട്. പിന്നെ തോരണയുദ്ധം.. അത് കുറുപ്പാശാന്‍ ഉള്ള സമയത്താണ്‌ രാവണന്‍ കെട്ടാന്‍ ആരാ വേണ്ടത്.. എന്നൊരു.. അന്ന് പട്ടിക്കാം‍തൊടി സ്മാരക കലാഭവന്‍ ന്ന് പറഞ്ഞിട്ട് വെള്ളിനേഴി ഒരു സംഘം രൂപീകരിച്ചു. അന്ന് ഇങ്ങനെ.. എന്നും എന്റെ കിരാതം ആവുമുണ്ടാവുക. കിരാതം ലാസ്റ്റ് കഥയാണ്‌. അപ്പോ കുറുപ്പാശാന്‍ പറയും രാമന്‍കുട്ട്യാശാന്‍, നിങ്ങടെ ശിഷ്യനല്ലെ നല്ലൊരു വേഷം കൊടുക്കൂ.. അപ്പോ അങ്ങനെ വന്നപ്പോ ഈ രാവണന്‍ അവന്‍ മത്യോ ന്ന് ചോദിച്ചു. സോമന്‍ മത്യോ.. സോമന്‍ കെട്ടട്ടെ (കുറുപ്പാശാന്‍) അപ്പോ എരുമ്പുലാശേരിയില്‍ ഒരു ക്ഷേത്രത്തില്‍ ഷാരോടി വാസു ആശാന്റെ ഉഷാചിത്രലേഖ ശിവരാമാശാന്റെ കല്ലുവഴി വാസു ഒക്കെ ആണ്‌ എന്ന് തോന്നുണ്‌ണ്ട്. പിന്നെ നാലാം ദിവസമുണ്ട് അത് കഴിഞ്ഞ് തോരണയുദ്ധം ആണ്‌. അപ്പോ അന്ന് ഒരു രാവണന്‍. പിന്നെ ഒരു മൂന്ന് നാല്‌ പ്രാവശ്യം ആശാന്റെ കൂടെ രാവണന്‍ കെട്ടിയിട്ടുണ്ട്. സൌഗന്ധികം ഒരു പന്ത്രെണ്ടെണ്ണോ പതിമൂന്നെണ്ണോ ഉണ്ടായിട്ടുണ്ട്.

ശ്രീചിത്രന്‍: ദുര്യോധനവധത്തിലൊക്കെ ഒരു പാട്‌ എണ്ണത്തിലുണ്ടായിട്ടുണ്ടാവും ല്ലെ?
കലാ. സോമന്‍: ദുര്യോധനവധത്തില്‍ ആശാന്റെ ദുര്യോധനനും എന്റെ ദുശ്ശാസനനുമായി ഒരുപാട് എണ്ണത്തില്‍ ഉണ്ടായിട്ടുണ്ട്. പിന്നെ കിരാതം.. അത് ഇവിടെ ഒന്നും കാണാത്ത കഥയല്ലെ.. ആശാന്റെ കാട്ടാളനും എന്റെ അര്‍ജ്ജുനനും ആയിട്ട് സ്പിക്ക് മക്കേടെ പരിപാടിക്ക് പോയിട്ട്.. സ്പിക്ക് മക്കേടെ പരിപാടി കിരാതം വൃത്തിയായിട്ട് ഉണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ നേരത്തെ പ്രോഗ്രാം ആയിട്ടാണ്‌ അവതരിപ്പിച്ചിരുന്നത്.

ശ്രീചിത്രന്‍: രാമന്‍കുട്ടി ആശാന്റെ കത്തിവേഷം ആണല്ലോ കൂടുതല്‍ മനസ്സില്‍ പതിഞ്ഞിരിക്കുന്നത്.. ആശാന്റെ രീതികളാണല്ലൊ..
കലാ. സോമന്‍: അത് സംശയമില്ല

ശ്രീചിത്രന്‍: അപ്പോ അത് എന്താ ആശാന്റെ കത്തിവേഷത്തിന്റെ പ്രത്യേകതയായിട്ട് ഒരു ശിഷ്യന്‍ എന്ന നിലക്ക് ഇപ്പോ നോക്കി കാണുമ്പോള്‍ തോന്നണത്.. ആശാന്‍ കത്തി വേഷത്തിന്റെ സൗന്ദര്യം..
കലാ. സോമന്‍: ആശാന്റെ കത്തി വേഷത്തിന്റെ സൗന്ദര്യം അദ്ദേഹത്തിന്റെ പ്രവൃത്തിയിലാണ്‌. ആര്‍ക്കും ചെയ്യാന്‍ പറ്റില്ല ആ പ്രവൃത്തി. എനിക്കെന്നെ ഒരു നരകാസുരനോ ബാലിവിജയം രാവണനോ കൈകാര്യം ചെയ്യുമ്പോള്‍ മാനസിക സംഘര്‍ഷം നല്ലോം ഉണ്ടാവാറുണ്ട്. ച്ചാല്‍..അത് എത്രത്തോളം പണി എടുത്താലാണോ അത്രത്തോളം  അദ്ദേഹമത് പണി എടുത്ത് ഒരു ടോപ്പിലേക്ക് എത്തിച്ചിരിക്കുന്നു. ഓരോ വേഷങ്ങളും. ഇപ്പോ അങ്ങനെ ഒരു വേഷം കാണുന്നില്ലല്ലൊ. അത്.. ഒരു നരകാസുരന്‍ എങ്ങനെ ആണോ അരങ്ങത്ത്ക്ക് പോവണത് അതേ മാതിരി ആണ്‌ അത് കഴിഞ്ഞിട്ട് തിരിച്ച് പോണതും. എന്റെ കയ്യിലത്തെ വീഡിയോ കാസറ്റുകള്‍ കണ്ട് കഴിഞ്ഞാല്‍.. ആശാന്‌ ഒരു ക്ഷീണം എന്ന് പറയുന്ന ഒന്ന്.. മുഖത്തുണ്ടാവില്ല. അതിനി നിണമല്ല എന്ത്ണ്ടായാലും അവിടെ ഒരു പ്രശ്നവുമില്ല.

ശ്രീചിത്രന്‍: ആശാന്‍ വേഷം കഴിഞ്ഞ് തിരിച്ച് വരുമ്പോഴും അതേ പോലെ ഉണ്ടാകും..
കലാ. സോമന്‍: അതേ പോലെ ഉണ്ടാകും.. പിന്നെ വേണ്ടത് മാത്രേ ചെയ്യൂ.. പ്പോ ഈ അഹല്യാമോക്ഷം പലവിധത്തില്‍ ആടുന്നവര്‍ ഉണ്ട്. നരകാസുരവധത്തില്‍.. പലവിധത്തില്‍.. ഇന്ദ്രന്‍ ആ പൊതപ്പ് ഇടുത്ത് മൂടിപ്പൊതച്ചിരുന്ന് ആ സമയത്ത് ദേവസ്ത്രീകള്‍ അതിന്റെ ഉള്ളില്‍ കയ്യിട്ട് നോക്കി.. ഹേയ്.. (അറപ്പ്) കാണിക്കുക.. പലവിധത്തില്‍.. പക്ഷെ ആരാണ്‌ ചെയ്യുന്നത്.. പകര്‍ന്നാടുന്നത് ആരാണ്‌ ചെയ്യുന്നത് എന്ന് ആലോചിച്ച് കഴിഞ്ഞാല്‍ ഈ വക വൃത്തികേട് അവിടെ ചെയ്യില്ല. നരകാസുരന്‍ അത്രേം ഗാംഭീര്യത്വത്തോട് കൂടിയാണ്‌ സ്വര്‍ഗത്തില്‍ എത്തിയിരിക്കുന്നത്. ഇന്ദ്രനെ യുദ്ധത്തിനു വിളിച്ച് ഇന്ദ്രന്‍ മുമ്പില്‍ നില്‍ക്കുന്നുണ്ട്. ആ കത്തിനില്‍ക്കുന്ന നരകാസുരനാണ്‌ കയ്യിട്ട് നോക്കുക എന്നൊക്കെ.. പറഞ്ഞാല്‍.. ആ വേഷത്തിന്റെ മുഴുവന്‍ അങ്ങ്ട്.. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മുഴുവന്‍ അങ്ങ്ട് കളഞ്ഞ് കുളിച്ചൂന്ന് ന്ന് പറയില്ലേ? ഇങ്ങനെ ഓരോന്നും വളരെ കൃത്യതയായിട്ട്.. ബാലിവിജയത്തില്‍ പാര്‍വതീവിരഹമൊക്കെ.. വളരെ.. ആ പാര്‍വതി.. കുളിക്കാന്‍ പോവട്ടെ ഞാന്‍ ഇവരുടെ കൂടെ? ങ്ഹേ ഇപ്പോഴോന്ന് ചോദിക്കും ശിവന്‍. . ഹേയ്.. പറ്റില്ല്യ പോണ്ടാ.. പിന്നേം ചോദിക്കും..ഹേയ്..എന്താ ഞാന്‍ പോയീട്ട് വേഗം വരാം. ഹേയ്..പറ്റില്യാ.. അപ്പോ പാര്‍വതി കരയുകയാണ്‌ അത് രാവണനായിട്ട് പകര്‍ന്നാടുകയാണ്‌. കണ്ണീര്‌.. ഒന്നൂല്യ..കള്ളക്കരച്ചില് ആണ്‌..  പിന്നെ ഗണപത്യേ പിടിച്ചിട്ട് ആ അപ്പം കൊടുക്കുന്ന സമയത്ത് തുമ്പി ഇങ്ങനെ പിടിച്ചിട്ട് (കാണിക്കുന്നു) കുട്ടി ഗണപതി അപ്പം തിന്നുകയാണ്‌..ആശാന്റെ ആ ചെറിയ കയ്യ്.. എന്തൊരു ഭംഗിയാണ്‌ അതിനൊക്കെ!!! അറിയ്വോ?..

ശ്രീചിത്രന്‍: ശരിയാണ്‌.. രാമന്‍കുട്ടി ആശാന്റെ അരങ്ങിലെ പ്രയോഗങ്ങളെ കുറിച്ച് നമ്മള്‍ ധാരാളം വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. രാമന്‍കുട്ടി ആശാന്‍ കളരിയില്‍ എങ്ങനെ ആയിരുന്നു. എത്രകണ്ട് നിഷ്കര്‍ഷ ഉള്ളവനായിരുന്നു. അതിന്റെ കുറച്ച് അനുഭവങ്ങള്‍ ഒക്കെ പറയാമോ?
കലാ. സോമന്‍: വളരെ കര്‍ക്കശമാണ്‌ ആശാന്‍. എന്നെ സംബന്ധിച്ചിടത്തോളം.. എന്നെ.. എനിക്കുള്ള അനുഭവങ്ങളെ പറയാന്‍ പറ്റൂ.. ആശാന്റെ കളരി ആയിരുന്നു എന്റെ അനുഭവത്തില്‍ ടോപ്പ്. എന്റെ അനുഭവത്തില്‍ പറയുകയാണെങ്കില്‍ രണ്ട് കളരികളാണ്‌. ഒന്ന് വാഴേങ്കട വിജയാശാന്റെ.. ഇതില്‍ രണ്ട്‌ ആശാന്മാരില്‍ ആരാ അധികം ശിക്ഷിക്കുക എന്ന് പറയാന്‍ പറ്റില്ല. അവര്‍ അപ്പപ്പോ തോന്നണപോലെ അപ്പളത്തെ സമ്പ്രദായം എന്താച്ചാല്‍ അതേ പോലെയാ. രാമന്‍കുട്ടി ആശാന്റെ കളരിയില്‍ ഒരു മുട്ടി ഉണ്ടായിരുന്നു പുളിമുട്ടി. അത് ഒരുപാട്‌ പഴയതാണ്‌. നെല്ലില്‍ പുഴുങ്ങിയതാണ്‌. അതിന്റെ മുകളില്‍ ടി.ടി.ആര്‍.. തെങ്ങിന്‍തോട്ടത്തില്‍ രാമന്‍കുട്ടി നായര്‍ എന്നാണ്‌.. നെല്ലിലിട്ട് പുഴുങ്ങിയമുട്ടി ആണ്‌ അത് അത് പൊളിയില്ല. അദ്ദേഹത്തിനു‌ അതാ കയ്യില്‍ കിട്ട്യേത് ച്ചാല്‍ അത്. പിന്നെ ഈ മോതിരമിട്ട വിരലല്ലേ. ചെകിടിനല്ലാതെ കിട്ടില്ല. ഇവടക്കല്ലാതെ അടിക്കില്ല (കാണിക്കുന്നു.) എനിക്കിപ്പോ ചെറിയ ഒരു കാര്യം ഓര്‍മ്മവരണത് എന്റെ ആറാമത്തെ കൊല്ലത്തില്‍ കാലകേയവധമാണ്‌ ചൊല്ലിയാട്ടം. ഇപ്പോ മിലിട്ടറി..സി.ആര്‍.പി.യില്‍ ഉള്ള രാമന്‍കുട്ടി.. അദ്ദേഹവും ഞാനും അര്‍ജ്ജുനനായിട്ടും കായങ്കുളത്തുള്ള ഒരു കൃഷ്ണപ്രസാദ് മാതലി ആയിട്ടും. മാതലിയുടെ ഒരു പദത്തില്‍ ശരമഞ്ചും മുറിച്ചെയ്തു.. എയ്യല്‌..എടത്തേ കാലോണ്ട് ഒന്ന് ചവിട്ടി രണ്ടാമതു വീണ്ടും ചവിട്ടി ഇത്രേ ഉള്ളൂ (കാണിക്കുന്നു). അത് ഈ കാലകേയവധം അര്‍ജ്ജുനന്റെ രണ്ടാമത്തെ രംഗത്തില്‍ വരുന്നുല്ലൊ അരിപടലങ്ങളെ ഒക്കവെ.. അവടെ രണ്ട് ദിക്കിലും അമ്പെയ്ത്.. അത് എടുത്തു കൃഷ്ണപ്രസാദ്. അന്ന് ഒന്നും മിണ്ടീല്യ. അന്ന് കാലകേയവധം കഴിഞ്ഞു ചൊല്ലിയാട്ടം അവസാനിച്ചു. പിറ്റേദിവസം.. ഇന്നലത്തെ തന്നെ.. ന്ന് പറഞ്ഞു. അപ്പോ എനിക്ക് തോന്നി. എന്തോ ചെലപ്പോ അത് ഉണ്ടായാലോ ന്ന് വിചാരിച്ച് ഞാന്‍ മാതലിയുടെ ഭാഗം റൂമില്‍ നിന്ന് വൃത്തിയായി ചൊല്ലിയാടി വന്നിരുന്നു. അപ്പോ എന്നോട് പറഞ്ഞു നീയ്യ് മാതലിക്ക് നിക്ക്. ഇന്നലെ നിന്റെ അര്‍ജ്ജുനനല്ലെ. കൃഷ്ണപ്രസാദ് അര്‍ജ്ജുനന്‌ നിക്കട്ടെ. രാഗം പാടാന്‍ തൊടങ്യേ സമയത്ത് നിര്‍ത്താന്‍ പറഞ്ഞു. ഇന്നലെ ഇങ്ങനെ ഒരു വിഷയമുണ്ടായി അതൊന്ന് കാണിക്ക് ന്ന് പറഞ്ഞു. അപ്പോ ഞാനത് നേരെ ആടി കാണിച്ച് കൊടുത്തു. അപ്പോ ഞാനാണ്‌ മാതലി ഇന്നലെ ആടിയത് എന്ന ധാരണയില്‍ എന്റെ അടുത്തേക്ക് മുട്ടിയുമായി ചാടിയപ്പോ ഞാന്‍ പറഞ്ഞു ആശാന്‍ ഞാനല്ല ഇന്നലെ മാതലി ആടിയത്. കൃഷ്ണപ്രസാദ് ആണ്‌. അപ്പോ അവനോട് കാണിക്കാന്‍ പറഞ്ഞു. പ്രസാദ് നേരെ കാണിച്ച് കൊടുത്തു. അപ്പോ ഇന്നലെ നീയെന്നെ പരീക്ഷിക്കാനായിരുന്നു അല്ലേ ന്ന് ചോദിച്ചിട്ട്.. പ്രസാദ് സ്വതേ വെളുത്ത ശരീരം ആണ്‌. പ്രസാദിന്റെ തൊടക്ക് എത്രണ്ണാ കിട്ടീത് ന്ന് അറിയില്ല. പ്രസാദ് അത് ഇന്നും മറക്കില്ല. അപ്പോ അങ്ങനെ.. എല്ലാ കാര്യത്തിലും വളരെ നിഷ്കര്‍ഷ ആയാണ്‌ ആശാന്‍. ആശാന്‍ എങ്ങടാ നോക്കണത് ന്ന് മനസ്സിലാവില്ല. കണ്ണട വെച്ചാല്‍. ചെറിയ കണ്ണാണല്ലൊ. ആ ഗൌരവം .. ച്ചാല്‍ എനിക്ക് വേണ്ടേര്‍ന്നില്യാന്നായി അവസാനം. പണി എടുത്ത് പണി എടുത്ത് ഞാന്‍ അന്തം വിട്ടു. അത്ര ദായിരുന്നു. അത്രേം വളരെ ശ്രദ്ധിച്ചിരുന്നു എന്നെ ഒക്കെ.

ശ്രീചിത്രന്‍: ഒരു കഥതന്നെ എത്ര തവണ ചൊല്ലിയാടിച്ചിട്ടുണ്ട് ആശാന്‍ ആ കാലത്ത്?
കലാ. സോമന്‍: അങ്ങനെ ഒന്നുമില്ല. മാറി മാറി അനവധി വട്ടം. നിശ്ചയമില്ലാത്തത്...മുമ്പില്‍ നിന്ന് കാണിച്ച് തരും. ഉത്ഭവവും നരകാസുരനുമൊക്കെ.. ഓ.. കൂടെ ഞങ്ങടെ ഒപ്പം നിന്ന് ആ വരം മേടിക്കലൊക്കെ.. ആ നടത്തമൊക്കെ.. വായു പോരെങ്കില്‍ അരയിലേക്ക് മുട്ട്യോണ്ട് അടിച്ച് അര വളപ്പിച്ച്..എല്ലാം വൃത്തിയായിട്ട്.. ഉദാഹരണത്തിന്‌.  സ്കോളര്‍ഷിപ്പിന്‌ പഠിക്കണ സമയത്ത് ആശാന്റെ കിണറിന്റെ വക്കിന്‌ ചില്ലീലതകള്‍ക്കൊണ്ട് എന്ന് തല്ലീടായ്ക ധന്യേ.. പുരികം ഇങ്ങനെ പൊക്കി അടിക്കണതൊക്കെ എന്നെ പഠിപ്പിക്കുന്നത്. ഞാന്‍ ഒരു ദിവസം ചെന്നപ്പോ എന്തോ തമാശ പറഞ്ഞ് അവിടെ അങ്ങനെ ഇരിക്കുകയാണ്‌. ഒരു വര്‍ത്തമാനത്തിന്റെ ഇടയില്‍ ആശാന്‍ ഈ ചില്ലീലതകള്‍ കൊണ്ട്.. എങ്ങന്യാ.. പുരികം പൊക്കണം.. ആദ്യമൊന്നും ശീലാവില്ല അങ്ങനെ പറഞ്ഞ് അത് ഞാന്‍ പിന്നെ വീട്ടില്‍ പോയി പരിശീലിച്ച്.. അങ്ങനെ നോക്കീട്ടാണ്‌ അതിന്റെ ഒരു.. അതേ പോലെ ആര്‍ക്കും ചെയ്യാന്‍ പറ്റില്ല. ഞാന്‍ ഞാനായിട്ട് അത് ചെയ്യണത്.

ശ്രീചിത്രന്‍: അപ്പുറത്തേക്ക് വാഴേങ്കട വിജയാശാന്റെ കളരി.. ഇപ്പോഴും സോമേട്ടന്റെ പച്ച വേഷങ്ങള്‍  കാണുമ്പോ വാഴേങ്കട വിജയാശാന്റെ രീതിയിലെ പല ഭംഗികളും തോന്നാറുണ്ട്. ആ മുദ്രകളിലുമൊക്കെ. കത്തി വേഷം ചെയ്യുമ്പോള്‍  രാമന്‍  കുട്ടി ആശാന്റെ വഴിയും. വിജയാശാന്റെ എങ്ങനെ ആണ് സ്വാധീനിച്ചത്? വിജയാശാന്റെ കളരിയിലെ പ്രത്യേകതകള്‍  എന്തൊക്കെ ആണ്?
കലാ. സോമന്‍: സ്വാഭാവികമായിട്ടും. കലാമണ്ഡലത്തില്‍ ഒന്നാം കൊല്ലം എം.പി.എസ് ആശാന്റെ കഴിഞ്ഞ് കഴിഞ്ഞാല്‍ രണ്ടാം കൊല്ലം വിജയാശാന്റെ ആണ്. മൂന്നാം കൊല്ലം ഷരോടി വാസു ആശാന്‍ . അങ്ങനെ അങ്ങനെ കേറി പോവും. അപ്പോ സ്വാഭാവികമായും രണ്ടാമത്തെ കൊല്ലം വിജയാശാന്റെ കളരിയില്‍ ചെന്നു. മൂന്നാമത്തെ കൊല്ലം വിജയാശാന്‍  പറഞ്ഞു. ഒരാള്‍ ഷാരോടി വാസു ആശാന്റെ കളരിയിലേക്ക് പോവുക ഒരാള്‍ ഇവിടെ നില്‍ക്കുക എന്ന്. ഞാനും പ്രസാദും ആണ് ഒരേ ബാച്ച്. അപ്പോ ഞാന്‍ പ്രസാദിനോട് പറഞ്ഞു പ്രസാദ് അങ്ങോട്ട് പോക്കോളൂ. അവിടെ കുറച്ച് സീനിയര്‍  വിദ്യാര്‍ത്ഥികള്‍  ഉണ്ട്. അതിന്റെ പകുതി ഇവിടേയും. സീനിയര്‍ വിദ്യാര്‍ഥികളുടെ കൂടെ ജൂനിയര്‍ വിദ്യാര്‍ഥികളെ കൂടെ നിര്‍ത്തിയാല്‍ അവരെ  മുന്നില്‍ നിര്‍ത്തും ഞങ്ങളെ പിന്നില്‍ നിര്‍ത്തും. അങ്ങനെ ആണ് ചൊല്ലിയാടിച്ചിരുന്നത്. വിജയാശാന്‍  അന്ന് നല്ല ശിക്ഷണമാണ്. ഗോപ്യാശാന്‍  പിന്നേം ദയ ഉണ്ടായിരുന്നു എന്ന് തോന്നാറലുണ്ടായിട്ടുണ്ട്. മുകളില്‍ നിന്ന് നമ്പീശന്‍കുട്ടി ആശാന്‍ അടിതുടങ്ങിയാല്‍ ചോട്ടില്‍ നിന്ന് ബ്ടെ തുടങ്ങും. നേരെ മുകളും ചോടുമാണ്. അത് അന്ന് ഉള്ളവര്‍ ക്കൊക്കെ അറിയാം. നാടുകാരനാണ് എന്ന നിലയില്‍ എനിക്ക് നല്ലോം കിട്ടീയിരിക്കുന്നു. മുന്‍ഭാഗത്തൊരു മൈലാഞ്ചി ഉണ്ട്. അത് ഇന്ന് ഉണങ്ങിയിരിക്കുന്നു എന്നാലും ആ മരം അവിടെ ഉണ്ട്. അതിന്മേല്‍ നിന്ന് ആശാന്‍  തന്നെ പൊയീട്ട് വെട്ടി കൊണ്ട് വരും. മുള്ള് കളയില്ല ചിലപ്പോ. ഭവദീയ നിയോഗം കാലകേയവധം മാതലീടെ.. ഭവദീയ എന്ന ഈ മുദ്രകഴിഞ്ഞാല്‍ നിയോഗം.. (വായ്ത്താരി ചൊല്ലി കാണിക്കുന്നു) കെട്ടി ചാടണം. അതിന് ഞാന്‍  (വായ്ത്താരി ചൊല്ലി കാണിക്കുന്നു) അവിടെ ചാട്യേര്‍ ന്നുള്ളൂ. ആദ്യം നിര്‍ത്തി അത് അവിടെ ആണോ ചാടുക എന്ന് ചോദിച്ച് (അടി) തന്നു. വീണ്ടും അവിടെ തന്നെ ചാടി വീണ്ടും കിട്ടി. അങ്ങനെ എത്ര ആയാലും ഞാന്‍ ശരിക്കുള്ള സ്ഥാനത്ത് ഞാന്‍  ചാടില്ല. അന്ന് എത്ര അട്യാ കൊണ്ടണ്ണ് ന്ന് ചോയ്ച്ചാല്‍ നിക്ക് അറീല്യ. അവസാനം മുതോത്ത്ന്ന് ചോര ഒക്കെ വരല് തൊടങ്ങി. അപ്പോ ഞാന്‍ ആലോചിച്ച് ഇനി ഒന്ന് ശരിയായ സ്ഥാനത്ത് തന്നെ ചാടാന്‍ ശ്രമിക്കട്ടെ എന്ന്. അതാണ് തല്ല് കൊണ്ടാല്‍ അത് (ശരി) വരും. എഴുപത്തിയെട്ടിലാണ് ഞാന്‍  പഠിക്കാന്‍  ചെന്നത്. എഴുപത്തിയൊന്‍പതില്‍ നടന്ന കാര്യമാണ്. ഇന്നും എനിക്ക് ആ മുദ്ര ഞാന്‍ എവിടെ ആണെങ്കിലും മറക്കില്ല. അങ്ങനെ ഓരോ ഭാഗങ്ങളും.. വിജയാശാന്‍  മുന്‍പില്‍ നിന്ന് കാണിച്ച് തരുകയൊന്നും ഇല്ല. കസേരയിട്ട് ഇരിക്കും. അദ്ദേഹം ഇരുന്നാല്‍ മതി. ഇരുന്ന് കാണിച്ച് തരും. അത് മതി. ഏത് കാര്യവും എപ്പോ ചോദിച്ചാലും പറഞ്ഞ് തരുകയും ചെയ്യും.

ശ്രീചിത്രന്‍: സാധരണ മറ്റ് കഥകളിക്കാരില്‍ നിന്ന് വ്യത്യാസമായിട്ട് വിജയാശാന്റെ മുദ്രകളുടെ രീതി ഉണ്ടായിരുന്നല്ലൊ. മുദ്രാഖ്യം മുതലായവ..
കലാ. സോമന്‍: മുദ്രാഖ്യം ദേ ഒന്ന് മൂന്ന് വിരലുകള്‍  (കാണിക്കുന്നു). അര്‍ദ്ധചന്ദ്രന്‍  ദേ ഇങ്ങനെ.. (കാണിക്കുന്നു) ശൈലി ആയിരിക്കാം. സൂചികാമുഖം ഇങ്ങനെ പിടിക്കും (കാണിക്കുന്നു). ഒന്നുകൂടെ ഭംഗി വരുത്താനാണ് ഇങ്ങനെ പിടിക്കുന്നത് (കാണിക്കുന്നു - ഇത്തവണ ചെറുവിരല്‍ കൂടെ അല്‍‌പ്പം മടക്കി പൊക്കി).  വിജയാശാന്റെ കളരിയില്‍ ഒരു മൂന്ന് നാല് കൊല്ലം ഉണ്ടായതിനാല്‍ എനിക്ക് ഈ മുദ്ര (കാണിക്കുന്നു) ഇങ്ങന്യേ അറിയാതെ വരൂ. അപ്പോ ഇങ്ങനെ (സൂചികാമുഖം) പിടിക്കുന്നതിന് രാമന്‍  കുട്ടി ആശാന്‍  ചില സമയത്ത് ചീത്ത പറയും.. എന്താ ദിനൊരു ഭംഗി ഇല്ല്യാത്തത്. അപ്പോ ഞാന്‍ ദേ വേഗം ഇങ്ങനെ പിടിക്കും. അത് വിജയാശാന്റെ കളരിയില്‍ നിന്ന് ശീലമായതാണ്. മനഃപ്പൂര്‍വം അങ്ങനെ പിടിക്കുകയല്ല. ആശാന്‍  അതിനൊക്കെ ഓരോ ശാസ്ത്രങ്ങള് അടിസ്ഥാനങ്ങളൊക്കെ പറയാറുമുണ്ട് ന്ന് തോന്നുണൂ. മുദ്രകളുടെ വ്യത്യാസങ്ങളൊക്കെ.. (ചിരിച്ച് കൊണ്ട്) ഞാന്‍  എന്താപ്പോ ദിന് പറയുക.. ആശാന്‍  അടിസ്ഥാനമില്ലാതെ ഒന്നും ചെയ്യില്ല.

ശ്രീചിത്രന്‍: രാമന്‍കുട്ടി നായരുടെ കളരിയില്‍ നിന്ന് പഠിച്ചിറങ്ങിയശേഷം ആദ്യകാലങ്ങളിലൊക്കെ ചുവന്ന താടി വേഷങ്ങളാണോ കൂടുതല്‍ ചെയ്തിരുന്നത്?
കലാ. സോമന്‍: അല്ല. പച്ചയും കത്തിയുമായി അങ്ങനെ പോകുമ്പോ നല്ലൊരു മോഹം തോന്നി ഒരു താടി വേഷം കെട്ടാന്‍ . അങ്ങനെ ഇരിക്കണസമയത്ത് തൂറ്റ ഭദ്രകാളീക്ഷേത്രത്തില്‍ ഒരു കളി വന്നു. ദക്ഷയാഗമാണ്. പരിയാനമ്പറ്റ ദിവാകരേട്ടന്റെ ആണ് വീരഭദ്രന്‍  വെച്ചിരുന്നത്. അന്ന് എന്തോ കാരണങ്ങള്‍  കൊണ്ട് അദ്ദേഹം വരില്ലാന്ന് പറഞ്ഞു. ഞാന്‍  ങ്ങനെ പറഞ്ഞിരുന്നു എനിക്കൊരു താടി വേഷം കെട്ടണം ന്ന്. ന്നാല്‍ നിന്റെ ആയിക്കോട്ടെ. അന്ന്‌ വിജയാശാന്റെ ആണ് ദക്ഷന്‍ . അങ്ങനെ ആ വീരഭദ്രന്‍  കഴിഞ്ഞിട്ട്.. വീരഭദ്രന്‍  തന്നെ ആണ് അധികവും. ആ ഒരു സീസണ്‍  അങ്ങനെ.. എവിടേയും വീരഭദ്രന്‍ . അത് കഴിഞ്ഞിട്ടാണ് പിന്നെ ആശാന്റെ കൂടെ ദുര്യോധനവധം സോദരന്മാരെ മുതല്‍ തുടങ്ങുമ്പോ ദുശ്ശാസനന്‍ . താടി വേഷക്കാരന്‍  എന്ന നിലയിലാണ് ഈ മലബാര്‍  ഭാഗത്തിലേക്ക് വന്നിരുന്നത്. അത് കഴിഞ്ഞ് ആദ്യവസാന കത്തി കെട്ട്യപ്പോ തരക്കെടില്ലാന്ന് ചെലോരൊക്കെ പറഞ്ഞു. കത്തിയില്‍ ശ്രദ്ധ കൂടുതല്‍ കൊടുക്കുക എന്നൊക്കെ പറഞ്ഞപ്പോ.. പിന്നെ രാമന്‍കുട്ടി ആശാന്റെ കീഴില്‍ പഠിച്ച ഒരു അനുഭവവും ഉണ്ടല്ലൊ. താടി വേഷക്കാരന്‍  ആകണം എന്നൊന്നും മോഹമില്ല. അയാള്‍  താടിവേഷക്കാരനാണ് എന്നത് ഈ ആസ്വാദകര്‍  ഉണ്ടാക്കുന്നതാണ്. (ശ്രീചിത്രന്‍ - അതേയതെ) എന്റെ പ്രശ്നം പറയുകയാണ് എങ്കില്‍, കഥകളിയിലുള്ള വേഷമാണ് താടി. അത് നമ്മള്‍  വൃത്തിയായി ചെയ്യുകയാണ് എങ്കില്‍..പച്ച കത്തി ചെയ്യണോനൊരു താടി..താടി കെട്ടുമ്പോള്‍  അതിന്റേതായ ഗുണങ്ങള്‍  ഉണ്ടാകണം. കത്തി കെട്ടുമ്പോള്‍  അതിന്റേതായത് പച്ച കെട്ടുമ്പോള്‍  അതിന്റെ.. അങ്ങനെ അല്ലെ ഇപ്പോ നമ്മള്‍ .. താടി കെട്ട്യാല്‍ പച്ച കെട്ട്യേപോലെ കാണിച്ചാല്‍ നന്നല്ല. (ശ്രീചിത്രന്‍ - അതേയതെ) പച്ച കെട്ടീട്ട് താടിവേഷം കാണിക്കണ മാതിരി കാണിച്ചാലും നന്നല്ല. ആഹാര്യത്തിനനുസരിച്ച് പച്ചക്ക് ഒരു  ഫ്രേം താടിക്കൊരു ഫ്രേം കത്തിക്കൊരു ഫ്രേം. ഉദാഹരണത്തിന് ഞാന്‍  എന്നുള്ള മുദ്ര ഇങ്ങനെ കാണിച്ചാല്‍ (കാണിക്കുന്നു) പച്ചക്കും കത്തിക്കും ഒക്കെ ആകാം. താടിവേഷത്തിന് കുറച്ച് അകത്തീട്ട്.. (കാണിക്കുന്നു) കാരണം..കുറ്റിച്ചാമരം വലുതാണ് ആഹാര്യം വലുതാണ്.. കാണില്ല്യ ഒതുക്കി കാണിച്ചാല്‍. അതാണ് അതിന്റെ ഘനത്തിന് ഇങ്ങനെ പിടിച്ച് (കാണിക്കുന്നു..) പിന്നെ കണ്ണിന് ഒരു ഒതുക്കം ഒന്നും വേണം എന്നില്ല. വെള്ളിനേഴി നാണുനായര്‍  എന്റെ അമ്മാമനയിട്ടാണ് വരുക. അദ്ദേഹം, ഒരു ഒരുമ്പോക്കനാണ് താടി എന്ന് പറയാറുണ്ട്. ഒരു ഒരുമ്പോക്ക് പണി ആണേനീം.

ശ്രീചിത്രന്‍: പക്ഷെ ഒരു ഒരുമ്പോക്ക് പണി ആണെങ്കില്‍ കൂടി ചുവന്നാടി വേഷത്തിനൊരു നിലയും സ്ഥാനവും ഒക്കെ ഇല്ലേ?
കലാ. സോമന്‍: തീര്‍ച്ചയായിട്ടും.

ശ്രീചിത്രന്‍: കാര്‍ട്ടൂണ്‍ - ഒരു കോമാളി വേഷമായി മാറുമ്പോള്‍  വാസ്തവത്തില്‍ അങ്ങനെ അല്ല താടി വേഷം വേണ്ടത് എന്ന് തോന്നാറില്ലേ? സോമേട്ടന്റെ താടി വേഷം ഒന്നും ആ രീതിയില്‍ അല്ലല്ലൊ നിന്നിരുന്നത്. സോമേട്ടന്‍  താടി വേഷം ചെയ്യുമ്പോഴും താടി വേഷത്തിന്റേതായ ചില നിലകളൊക്കെ കാത്ത് സൂക്ഷിക്കുക..
കലാ. സോമന്‍: വേണ്ടതാണ്. തീര്‍ച്ചയായും വേണ്ടതാണ്.

ശ്രീചിത്രന്‍: ജരാസന്ധന്‍  പോലുള്ള ചില അപൂര്‍വ താടി വേഷങ്ങള്‍ക്ക് മാത്രമേ നിലവില്‍ ഒരു നില കാത്ത് സൂക്ഷിക്കേണ്ടതുള്ളൂ. ബാക്കിയൊക്കെ ദുശ്ശാസനന്‍  വീരഭദ്രന്‍ .. തുടങ്ങി താടി വേഷങ്ങള്‍  ഒക്കെ ഒരു കാര്‍ട്ടൂണ്‍  പോലെ അവതരിപ്പിക്കുക എന്നത്..
കലാ. സോമന്‍: അല്ല. ദുശ്ശാസനന്‍ , ദുര്യോധനന്റെ അനിയനാണ്. ദുശ്ശാസനന്‍  അതിന്റേതായ സ്ഥായി നിലനിര്‍ത്തീട്ട് വേണം ചെയ്യാന്‍ . ദുശ്ശാസനന്‍  ഒരു കോമാളി അല്ല. അങ്ങനെ ചിലര്‍  കാണിക്കുന്നുണ്ടാവുമായിരിക്കാം. അത് അവരുടെ വ്യക്തിത്വം എന്നേ പറയാന്‍ പറ്റൂ. എനിക്കങ്ങനെ സങ്കല്‍‌പ്പിക്കാന്‍ പറ്റില്ല. നമ്മളൊക്കെ ഒരു വീരഭദ്രനാണ് കെട്ടണത് ച്ചാല്‍ അത് വൃത്തിയായീട്ട് ചെയ്യുക. കോമാളി അല്ലാതെ.

ശ്രീചിത്രന്‍: നാണുനായര്‍  ആശാന്റെ വേഷങ്ങള്‍  കണ്ടിട്ടുണ്ടാവുമോ?
കലാ. സോമന്‍: ഓ.. ഉവ്വ് കൂടെ കെട്ടിയിട്ടുമുണ്ട്.

ശ്രീചിത്രന്‍: നാണുനായര്‍  ആശാന്റെ താടി വേഷം പിന്നീട് സോമേട്ടന്‍  കണ്ട താടിവേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നത് എങ്ങന്യാ ?
കലാ. സോമന്‍: അദ്ദേഹം..ഇപ്പറഞ്ഞ മാതിരി കോമാളിത്തം കാണിക്കാറില്ല. ആരെങ്കിലും ഇപ്പോ കാണിക്കുന്നുണ്ടോ ന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷെ അദ്ദേഹത്തിന് അങ്ങനെ ഒന്നും അല്ല. ഒരു തമാശരൂപത്തിലുള്ള വേഷം അല്ല അദ്ദേഹത്തിന്. ഇടിവാള്‍ .. ഇടി മിന്നി.. കഴിഞ്ഞാല്‍ അതിന്റെ സ്പാര്‍ക്കിങ്ങ്.. അതേ മാതിര്യാ കണ്ണിന്റെ ഉള്ള്.. വേഷം കെട്ടുമ്പോഴൊക്കെ മഹാസാധു ആയിട്ടുള്ള ഒരു മനുഷ്യന്‍ . പക്ഷെ ആ കുറ്റിചാമരം വെച്ച് വന്നാല്‍.. അലര്‍ച്ചക്കധികം നീട്ടമല്ല. കനം ആണ്. കണ്ണ്‌ മിഴിച്ച് കഴിഞ്ഞാല്‍ നമുക്ക് പേട്യാവും. ആ വായയിലുള്ള ദംഷ്ട്രമൊക്കെ കണ്ടാല്‍.. അങ്ങനെ ആ കുറ്റിചാമരം ഊരിയാലും ഒരു സാദാ.. ഇദ്ദേഹം ആണോ ഇപ്പോ അത് കൈകാര്യം ചെയ്തത്..ന്ന് സംശാവും. എന്റെ മനസ്സില്‍ ആ താടിയാണ് കിടക്കുന്നത്. കലാമണ്ഡലത്തില്‍ നിന്നും കോഴ്സ് കഴിഞ്ഞ് കുറുവട്ടൂരാണ് അദ്ദേഹം.. വെള്ളിനേഴി നാണുനായര്‍ എന്ന് പറയും ച്ചാലും കുറുവട്ടൂരാണ് അദ്ദേഹം താമസം. എന്റെ അമ്മ വീടിന്റെ നേര്‍ചുവട്ടില്‍ ഭാര്യ വീട്ടില്‍ ആണ് താമസിച്ചിരുന്നത്. പക്ഷെ തറവാട്‌ ഇവിടെ ചെമ്മന്നൂര്‍ രാമന്‍കുട്ടി ആശാന്റെ വീടിന്റെ അടുത്ത് ഞാളാകുറുശ്ശി ആണ്. കോഴ്സ് കഴിഞ്ഞ് ഞങ്ങള്‍  കുറുവട്ടൂരു പോയി ഒരു നാല് മാസം.. ഞാനും കലാനിലയം ഗോപാലകൃഷ്ണനും ചെണ്ട തിയറിക്കായി ഒരു പാട്‌ കാര്യങ്ങള്‍ എഴുതി, വീരഭദ്രന്റെ ആട്ടങ്ങള്‍ .. എഴുതി മേടിച്ച് ഞാന്‍ പ്പോ അത് നോക്കി ചെയ്യാറുണ്ട്.. പക്ഷെ അത് അദ്ദേഹത്തിന്റെ അത് പോലെ ഒന്നും സങ്കല്‍‌പ്പിക്കരുത്. അദ്ദേഹം പറഞ്ഞ് തന്നു ഞാനത് ചെയ്യുന്നു. അത്രേ ള്ളൂ.

ശ്രീചിത്രന്‍: കലിക്കൊക്കെ വളരെ വ്യത്യസ്തമായിട്ടുള്ള് മൂപ്പരുടെ വഴി തന്നെ ഉണ്ടായിരുന്നു. ല്ലെ? അതൊക്കെ ഇപ്പോ ആരുടെ കയ്യിലും ഇല്ലാത്തതാണല്ലൊ. സോമേട്ടനൊന്നും ചെയ്യാത്തതാണല്ലൊ.
കലാ. സോമന്‍: ചെയ്യണോര് എന്താണ്ച്ചാല്‍.. ഓരോ അരങ്ങും പുതിയ ചില സംഭവങ്ങള്‍  ഉണ്ടാക്കി.. പുതിയത് ഉണ്ടാക്കാം പക്ഷെ അത് പഴതിനെ മറന്ന് കൊണ്ടാകരുത്.. പുതിയത് ഉണ്ടാകാം.. പക്ഷെ അത് കലി എന്ന കഥാപാത്രത്തെ മറന്നിട്ടാവരുത്. അത്രെ പറയാനുള്ളൂ. അദ്ദേഹം അത് മറക്കാതെ ചെയ്തിരുന്നു.

ശ്രീചിത്രന്‍: ഇപ്പോ സോമേട്ടന്റെ ഈ കത്തിവേഷങ്ങളൊക്കെ ആരംഭിച്ചതിനു ശേഷം..പിന്നീട് കത്തി വേഷവും പച്ച വേഷവും ചെയ്യുമ്പോള്‍  താടി വേഷം ചെയ്യുന്നത് ഒരു പ്രശ്നമായിട്ട് തോന്നീട്ടുണ്ടോ? സാധാരണ ഒരു പ്രശ്നമായിട്ട് അത് പറയാറുണ്ട്.
കലാ. സോമന്‍: ഇപ്പോ ഈ അടുത്ത കാലത്ത് ഒന്നാമത്ത് അല്‍‌പ്പം കൂടുതല്‍.. ചിത്രനറിയാലോ അല്‍‌പ്പം ഒന്നുമല്ല നല്ലോം മദ്യസേവ ഉണ്ടായിരുന്നു. അപ്പോ അന്ന് എന്താണ് ഇതിന്റെ ഗൌരവം എന്നൊന്നും ഞാന്‍  ചിന്തിക്കാറുണ്ടായിരുന്നില്ല. ഒരു നരകാസുരനാണ് ച്ചാല്‍ അത് കളരിയില്‍ ചൊല്ലിയാടീതാണ്.. നരകാസുരന്റെ കാരക്റ്ററിനെ പറ്റി ആലോചിച്ച് ഒക്കെ ചെയ്യുന്നത് ഇപ്പോ ദാ ഈ അടുത്ത കാലത്ത് ആണ് തുടങ്ങിയത്. എത്രത്തോളം നമുക്കത് ഉള്‍ക്കൊള്ളാന്‍  പറ്റും.. പ്പോ അതാണ് നേര്‍ത്തെ ചിത്രന്‍  കാതില്‍ വന്ന് ഒരു കാര്യം ചോദിച്ചപ്പോ (മേയ് 7ലെ കഥകളി ഡോട്ട് ഇന്‍ഫോ ഉദ്ഘാടനചടങ്ങ് കഴിഞ്ഞുണ്ടായ നിണത്തോട് കൂടെ ഉള്ള നരകാസുരവധം കളിയ്ക്കിടക്ക് അരങ്ങത്ത് പിന്നില്‍ നടന്ന ഒരു സംഭാഷണം ഓര്‍മ്മിക്കുകയാണ് സോമന്‍  ഇവിടെ) അപ്പോ ഞാന്‍  ആ സമയത്ത് നരകാസുരന്‍  ആയിരുന്നു. മറ്റതൊന്നും ഞാന്‍  നോക്കീട്ടില്ല്യ. ആരാണ് നടക്കണത് താങ്ങണത്.. എന്നൊന്നും ഞാന്‍  നോക്കീട്ടില്ല്യ എനിക്ക് അറിയില്ല. സൂക്ഷിച്ച് നോക്യപ്പോഴാ മനസ്സിലായത് ഇന്ന ആള്‍ക്കാര്.. ഒന്നാമത് കാറല്‍മണ്ണ മാതിരി ഒരു അരങ്ങ്. അവിടെ എന്റെ നരകാസുരന്‍ വരുക. അപ്പോ എന്തോ ഒരു നിശ്ചല്യ എനിക്ക് അന്ന് നല്ല മൂഡിലായിരുന്നു. അതാണ് മറ്റ് ഒന്നും ശ്രദ്ധിക്കാണ്ടെ.. നിണത്തിനെ വിളിച്ച് വരുത്തുക, ആരോ താങ്ങ്ണൂ.. പരിപൂര്‍ണ്ണമായി ഞാന്‍  നരകാസുരന്‍  ആയിരുന്നു. ഇങ്ങനെ ചെയ്യുന്ന സമയത്ത് ഇപ്പൊ ..തെക്ക് നിന്ന് ചിലര്‍ .. തെക്ക് ചിലകളിക്ക് പോവാറുള്ളത്.. ആസ്വാദകര്‍  അവര്‍  പറഞ്ഞു പതിഞ്ഞ പദം ചെയ്യണ സമയത്ത് കുറച്ചൊരു വായു കിട്ടാത്ത പോലെ തോന്നുന്നുണ്ട്. അപ്പോ അവര്‍  എന്റെ താടി കണ്ടിട്ടുണ്ട് അവിടെ. താടി വേഷം അതുകൊണ്ട് കെട്ടരുത്. അത് കെട്ടി കഴിഞ്ഞാല്‍ ഇതിന് കോട്ടം വരുന്നുണ്ട്. അപ്പോ എടപ്പള്ളി ക്ലബിന്റെ തിരുമേനി ഒക്കെ ന്നാള് വിളിച്ച് പറഞ്ഞു. സോമന്‍  കഴിഞ്ഞ മാസം ഇവിടെ വീരഭദ്രനായിരുന്നു വേഷം, ഇപ്രാവശ്യം സൌഗന്ധികം ഭീമനായിരുന്നു. പാഞ്ചാലരാജ തനയേ ചെയ്യണ സമയത്ത് ഒരു വായു കിട്ടായ്ക ഉണ്ട്. ഞാന്‍ തന്നെ താടി വേഷം വിളിച്ച് കെട്ടിച്ചതാണ് തന്നെ, പക്ഷെ മേലാലത് ചെയ്യരുത് - എന്ന് വിളിച്ച് പറഞ്ഞു. അപ്പോ ഞാനിനി ഒരു തീരുമാനത്തിലാണ് ഇപ്പോള്‍ . ഒന്നാമത് രാമന്‍കുട്ടി ആശാന്‍  ചെയ്തിരുന്ന കത്തി വേഷം  എന്നിലൂടെ ചെയ്യുമ്പോ എനിക്ക് മാനസികസംഘര്‍ഷം.. ഒന്നാമത് ആശാന്‍  ആ പ്രവൃത്തി ആശാന്‍  അത് എത്രത്തോളം പണി എടുത്ത് മുകളിലേക്ക് കേറ്റി വെക്കാന്‍ പറ്റുണൂച്ചാല്‍ അത്രത്തോളം കേറ്റി വെച്ചിരിക്കുണൂ. അതിന്റെ ഒരു കാല്‍ ഭാഗമെങ്കിലും നമ്മളിലൂടെ ചെയ്യാന്‍ പറ്റ്വോ ന്നാണ് ഞാന്‍ നോക്കണത്. അപ്പോ ഈ താടി വേഷം അതിനൊരു തടസ്സായി നില്‍ക്കുകയാണ് എന്ന് എനിക്കൊരു തോന്നല്‍. അപ്പോ ഞാന്‍ വീരഭദ്രന്‍, ദുശ്ശാസനന്‍, തൃഗര്‍ത്തന്‍  എന്നിങ്ങനെ ഉള്ള താടി വേഷങ്ങള്‍  ഒക്കെ മാറ്റി വെക്കുക. ജരാസന്ധനും, ബാലിവധം ബാലിയും - ഈ രണ്ട് താടികളെ ഞാന്‍  ചെയ്യുന്നുള്ളൂ, മറ്റുള്ളത് ഒഴിച്ച് നിര്‍ത്തിയിരിക്കുകയാണ്. കത്തിയും പച്ചയും തുടര്‍ന്ന് ചെയ്യുകയുമാണ്.

ശ്രീചിത്രന്‍: നക്രതുണ്ഡി പോലത്തെ കരിവേഷങ്ങളൊക്കെ ചെയ്യാറുണ്ടോ?
കലാ. സോമന്‍: ചെയ്യാറുണ്ട്. നക്രതുണ്ഡി കെട്ടീട്ട്ണ്ട് നിണം ഉണ്ടായിട്ടുണ്ട്.. പക്ഷെ നിക്കെന്തോ അതിനോടങ്ങ്ട് ഒരു... യോജിപ്പിലൊന്നും അല്ല.. യോജിപ്പ്ന്ന് വെച്ചാല്‍ വിയോജിപ്പുമില്ല. പക്ഷെ നക്രതുണ്ഡി ആവാറില്ലാ.. അത് പലരും പറയാറുണ്ട്. കെട്ടാം, തേക്കാനൊക്കെ അറിയാം.

ശ്രീചിത്രന്‍: പൊതുവെ കഥകളിയില്‍ മദ്യപാനം ഒരു വലിയ ദുരന്തമായി മാറുകയും കലാകാരന്മാര്‍  അതിന് അടിമപ്പെടുകയും ചെയ്യുക എന്നതും ഒരു സത്യമായിട്ട് മാറിയിട്ടുണ്ട്. എന്ത് കൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് തോന്നുന്നത്? മറ്റ് കലാരൂപങ്ങളെ അപേക്ഷിച്ച് എന്ത് കൊണ്ടാ കഥകളിയില് ഇങ്ങനെ സംഭവിക്കുന്നത്? കലാകാരന്മാരെ എടുത്ത് കൊണ്ട് പോവുന്ന ഒരു അവസ്ഥ..
കലാ. സോമന്‍: ഇതിപ്പോ കഥകളിയില്‍ മാത്രമൊന്നും അല്ല ഉള്ളൂ. ഇന്നിപ്പോ മദ്യം ഇല്യാത്ത ഒരു വിഷയം.. ഒരു കല്യാണം ആണെങ്കില്‍ മദ്യം വേണം. പിറന്നാള്‍  സദ്യക്ക് വരെ മദ്യം വേണം. കഥകളിയില്‍ എന്തുകൊണ്ട് ഇങ്ങനെ വരുന്നൂ ന്ന് ചോദിച്ചാല്‍ മറ്റുള്ളവരെ ചൂണ്ടിക്കാണിക്കുന്നതില്‍ ഭേദം ഞാന്‍  എന്റെ കാര്യം പറയുന്നതാണ്. കലാമണ്ഡലത്തില്‍ പഠിക്കുന്ന കാലത്ത് രാമന്‍  കുട്ടി ആശാന്‍  നാട്ടുകാരനല്ലേ എന്ന് വിചാരിച്ചിട്ട് എല്ലാ കളിക്കും എന്റെ പേരിടും. അപ്പോ കളീടെ അലവന്‍സ് ഒന്നിച്ച് കിട്ടും. അപ്പോ പൂരമൊക്കെ ആവുമ്പോ കൂട്ടുകാരൊക്കെ ആയി കുറച്ച് ഉപയോഗിച്ചു.. ആരും അറിയാതെ. ആശാന്മാരുടെ കണ്ണൊക്കെ വെട്ടിച്ച് കുറച്ച് ഉപയോഗിച്ചു. പിന്നെ ഈ കുറച്ച് എന്നുള്ളത് മാറി ലേശം കൂടി ആയി... അപ്പോഴേക്കും  ഇത് ആരെങ്കിലും ഒന്നോ രണ്ടോ പേര്‍  ഇതറിഞ്ഞിട്ടുണ്ടാവും. ഇതങ്ങനെ പിന്നെ കളികഴിഞ്ഞ് വരുമ്പോ.. പ്രത്യേകിച്ചും വീട്ടിലൊന്നും ആരും ശ്രദ്ധിക്കാനുണ്ടാവാത്ത ഒരു കുട്ടിയും ആവുക.. എപ്പോഴോ വരുന്നു എപ്പോഴോ പോകുന്നു. അങ്ങനെ ഒക്കെ ഉള്ള് ചുറ്റുപാട്‌ വീട്ടില്‍ ഉള്ള ഒരുത്തന്‍  ഇങ്ങനെ കുറച്ച് കഴിക്കുന്ന വിദ്വാനൊക്കെ ആകുമ്പോ.. പിന്നെ ഉറക്കം കിട്ടാനൊക്കെ വേണ്ടീട്ട് കുറച്ച് അധികം കഴിക്കും. വീട്ടില്‍ ആരും ഇല്ലാ നോക്കാനും ശ്രദ്ധിക്കാനും. നിയന്ത്രിക്കാനും ആരുമില്ല. പിന്നീട് ഇതിന്റെ അളവ് ക്രമേണ കൂടുകയാണ് ചെയ്യുള്ളൂ. ഉദാഹരണത്തിനു നമ്മള്‍  ഒരു പൈന്റ് റം  എടുത്ത് കഴിക്കണവന്‍  അതിന്റെ കീഴ്പ്പട്ടല്ല വരുക നേരെ മുകളിലേക്കാ. അത് ഈ മദ്യത്തിനുള്ള ഒരു പ്രത്യേകതയാണ്. അങ്ങനെ ഞാനൊന്നും ഒരു നിയന്ത്രണവുമില്ലാതെ...

ശ്രീചിത്രന്‍: ഇത് കഴിച്ച് കഴിഞ്ഞാല്‍ ഈ കലാ പ്രകടനത്തിന്‍  കൂടുതല്‍ മെച്ചമുണ്ടോ അതോ നിര്‍ത്ത്യാലാണോ മെച്ചം?
കലാ. സോമന്‍: നിര്‍ത്തിയാല്‍ തന്നെ ആണ് മെച്ചം, സംശല്യ. ഇത് കഴിച്ച് കഴിഞ്ഞാലുള്ള ദോഷം എന്താണ് ന്ന് വെച്ചാല്‍ ആ സമയത്ത് ഒരു കലാശം എടുക്കുമ്പോള്‍  അമര്‍ന്നാണ് എടുക്കുന്നത് എന്ന് നമുക്ക് തോന്നും, പക്ഷെ ആസ്വാദകര്‍ക്ക് തോന്നില്യ. പിന്നെ എന്ത് കാണിക്കാനും ചങ്കൂറ്റം ഉണ്ടാവും മദ്യത്തിന്റെ ..ദോണ്ട്. അരങ്ങത്ത് നമ്മള്‍ വിചാരിക്കും അത് ഗോഷ്ടി അല്ലാന്ന്, പക്ഷെ പരമബോറാവും അത് കാണിക്കുന്നത്. എന്നിട്ട് അതിനെ പറ്റിയൊക്കെ ആസ്വാദകര് നേരിട്ട് അഭിപ്രായം പറഞ്ഞാല്‍ അവരോട് ചാടിക്കളിക്കും. നമ്മള്‍ ആവില്ലാ പറയുന്നത്, നമ്മുടെ ഉള്ളില്‍ കിടക്കുന്ന മദ്യമാവും. പലപ്പോഴും എന്റെ അനുഭവം തന്നെ ആണ്‌ ഇത്. പറയണത് അപ്പോഴത്തെ ഉള്ളൂ എനിക്ക്, പക്ഷെ കേള്‍ക്കുന്നവന്‍ അങ്ങനെ അല്ല. പിന്നെ ഇയാളോടൊന്നും മിണ്ടണ്ട അതിന്‌ പറ്റ്യേതല്ല ന്നാവും. ഞാന്‍ പിറ്റേദിവസം അദ്ദേഹത്തിനെ കാണുമ്പോ ഞാന്‍ ഇങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ടാവും എന്ന് എനിക്ക് ഓര്‍മ്മയുമുണ്ടാകില്ല. എനിക്ക് വളരെ വേദന തോന്നീട്ട്ണ്ട്‌. ഇതൊന്ന് നിര്‍ത്താന്‍ ഞാന്‍ എന്താ ചെയ്യണത് ന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. കരഞ്ഞിട്ടുണ്ട് ഞാന്‍. കാരണം എനിക്ക് ഉറക്കമുണ്ടായിരുന്നില്ല. ഇത് കഴിച്ചാലെ ഉറക്കം കിട്ടുമായിരുന്നുള്ളൂ.

ശ്രീചിത്രന്‍: വാസ്തവത്തില്‍ ബാക്കിയുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന കാര്യമാവുന്നതുകൊണ്ട്.. എങ്ങനെയാണ്‌ നിര്‍ത്തിയത്.. നിര്‍ത്താനുള്ള വഴി..
കലാ. സോമന്‍: അയ്യോ ഞാന്‍ അത്രയും.. നിര്‍ത്താനുള്ള സഹായം നമ്മടെ കുറുപ്പാശാന്റെ മകന്‍ വെള്ളിനേഴി ഹരിദാസ്..ഹരിദാസ്..നല്ലൊരു സഹായമായി. അതേ മാതിരി 2007 തിരുവോണദിവസം ഒരു കുപ്പി വാങ്ങി ഞാന്‍ കഴിച്ചു. പിറ്റേദിവസം  രാവിലെ അതിന്റെ ബാക്കി ഉണ്ടായിരുന്നത് കഴിച്ചപ്പോ എനിക്ക് ങ്ങ്നെ തോന്നി. എനി.. ഇത്.. ഒന്നാമത് വീട്ടില്‍ മക്കളാരും മിണ്ടുന്നില്ല, ഭാര്യ മിണ്ടുന്നില്ലാ.. അങ്ങനെ ഒരു ചുറ്റുപാടിലേക്ക് വന്നപ്പോ.. ഇനി ഇത് തുടര്‍ന്ന് പോയാല്‍.. ഞാന്‍ ഇല്ല.. അതിന്റെ ഇടയില്‍ രണ്ട് വട്ടം ആത്മഹത്യ ചെയ്യാനൊക്കെ നോക്കി. അതൊന്നും ഫലിച്ചില്ല. എന്താന്ന് നിശ്ചല്യ. അല്ലെങ്കില്‍ അന്ന് കഴിഞ്ഞിരുന്നു.

ശ്രീചിത്രന്‍: ആ ശ്രമത്തിനും ഈ മദ്യത്തിനൊരു പങ്ക് ഉണ്ട്.?
കലാ. സോമന്‍: നല്ലോണ്ട്. നല്ല മൂഡിലാണ്‌ കഴുത്തില്‍ കയറ് കെട്ടി.. അപ്പോഴേക്കും മകന്‍ വന്ന് കുട്ട്യോളെ ഒക്കെ പുറത്തേക്കാക്കി. വീടിന്റെ ഉള്ളില്‍ തന്നെ രണ്ടാമത്തെ വട്ടം. ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചു. അത് മദ്യത്തിന്റെ അല്ല. കലാഫീല്‍ഡിലെ തന്നെ ചെറിയ ചെറിയ പ്രശ്നങ്ങള്‍.. വീട്ടില്‍ നിന്ന് എന്നെ അടിച്ചിറക്കലും വീട്ടില്‍ നിന്ന് ആട്ടി വിടലും.. ഗതി ഇല്ലാതെ നടക്കലും.. അത് ഞാന്‍ തുറന്ന് പറയുകയാണെങ്കില്‍.. ഇങ്ങനെ ഒരു (അഭിമുഖം) ആയതോണ്ട് പലര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കും. ചെറിയൊരു ഉദാഹരണം പറയാം. കലാമണ്ഡലത്തില്‍ നിന്ന് കോപ്പി അടിച്ചു എന്ന് പറഞ്ഞിട്ട് പുസ്തകം മേടിച്ചു. ഫസ്റ്റ് ക്ലാസ്സോടുകൂടി പാസ് ആയ എന്നെ തോല്‍പ്പിച്ചു. അത് ഇപ്പോ ജീവിച്ചിരിക്കുന്ന ഒരു അദ്ധ്യാപകന്‍. അയാളാണ്‌ അത് ചെയ്തത്. പിന്നെ ഒരു പരീക്ഷക്ക് ഇരിക്കാന്‍ അനുവദിക്കില്ല എന്ന് ഒരു ഓര്‍ഡര്‍. അങ്ങനെ ഒക്കെ അവസാനം ഇരിക്കണ സമയത്ത്.. ഇയ്യങ്കോട് ശ്രീധരേട്ടന്‍ സെക്രട്ടറി ആയി ഇരിക്കുന്ന സമയത്ത്.. എന്നെ വിളിച്ചു. അന്ന് അദ്ദേഹത്തിന്റെ മാനവവിജയം കഥകളിണ്ട്. അപ്പോ ഞാന്‍ ശ്രീധരേട്ടാ സര്‍ട്ടിഫിക്കറ്റ് കിട്ടീട്ട്ല്യ.. ന്ന് പറഞ്ഞപ്പോ നീയങ്ട്‌ വായോ ന്ന് പറഞ്ഞു. അങ്ങനെ പരീക്ഷക്ക് ഫീസടച്ച് പരീക്ഷ എഴുതി. തിയറിയില്‍ ഞാന്‍ ഒരുമാര്‍ക്കിന്റെ കമ്മി കൊണ്ട് തോറ്റിരിക്കുന്നു. നാല്‍പ്പത് മാര്‍ക്കില്‍ എനിക്ക് മുപ്പത്തിയൊന്‍പതേ ഉള്ളൂ ന്ന് രാമന്‍കുട്ടി നായരാശാന്‍ അന്ന് എന്നോട് പറയുകയുണ്ടായിട്ടുണ്ട്. പ്രാക്റ്റിക്കലില്‍ കുമാരന്‍ നായരാശാന്‍, രാമന്‍കുട്ടി നായരാശാന്‍, പദ്മനാഭന്‍ നായരാശാന്‍, ഗോപ്യാശാന്‍, കലാമണ്ഡലം കിള്ളിമംഗലം സൂപ്രണ്ട് ഇവരൊക്കെ ആണ് പരീക്ഷക്ക് ഇരിക്കുന്നത്. ഏറ്റവും നന്നായി കാണിച്ചു. പാരീസില്‍ നിന്നുള്ള ബോളണ്ടിന്റെ മെഡല്‍ നിനക്കാണ്‌ ന്ന് പറഞ്ഞിട്ട് കൃഷ്ണന്‍ കുട്ടി പൊതുവാളാശാന്റെ ഷഷ്ടിപൂര്‍ത്തി ആവണസമയത്താണ്‌ ന്ന് തോന്നുന്നുണ്ട് ഏപ്രിലില്‍ കലാമണ്ഡലത്തില്‍ ഞാന്‍ ചെന്നപ്പോ രാമന്‍കുട്ടി ആശാന്‍ വിളിക്കുകയാണ്, നീയൊരു മാര്‍ക്കിന്റെ കുറവുകൊണ്ട് തോറ്റിരിക്കുന്നു. അപ്പോ അച്ഛന്‍ അന്ന് ഒരു ചൂടാണ്‌. അച്ഛന്‍ മിലിട്ടറിയില്‍ നിന്ന് മുന്‍പേ ലീവ് എടുത്ത് പോന്നതാണ്‌. ഹാര്‍ട്ടിന്‌ കേടാണ്‌ എന്നൊക്കെ പറഞ്ഞ്.  അച്ഛന്‍ നല്ല വെള്ളമാണ്‌ ന്ന് മാത്രല്ല അച്ഛന്‍ അച്ഛനാണ്‌ എന്ന് ഒഴിച്ച് ബാക്കി അച്ഛന്റെ ഒരു സ്നേഹമോ ഒന്നും അനുഭവിച്ചിട്ടില്ല. അച്ഛന്‍ വന്നു എന്ന് കേട്ടാല്‍ മുകളില്‍ തൊടിയില്‍ എവിടേയെങ്കിലും പൊന്തയില്‍ ഒളിച്ചിരിക്കുകയാണ്‌. കാരണം അച്ഛനെ അത്രയും പേടിയാണ്‌. എന്തോ നിശ്ചയമില്ല ഞാന്‍ അച്ഛന്റെ മകനാണോ എന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്. കാരണം എന്നെ അച്ഛന്‌ കണ്ണിനുനേരെ കണ്ടുകൂടാ. അവസാനം ആയപ്പോഴെക്കും അച്ഛന്‌ അതൊക്കെ മനസ്സിലായി തുടങ്ങി. ആട്ടി വിട്ടു അന്ന് ഭക്ഷണമില്ലാതെ എനിക്ക് ഗത്യന്തരമില്ലാതെ.. അന്നും എനിക്ക് രാമന്‍കുട്ടി നായരാശാനായിരുന്നു എനിക്ക്. ആശാനറിയാം.. ഞാന്‍ പട്ടിണികിടന്നിട്ടാണ് അവിടെ ചെല്ലണത് എന്ന്. നീയെന്തെങ്കിലും പോയി കഴിക്ക് ചെന്നിട്ട് ന്ന് പറയും. ആശാന്റെ ഭാര്യയുടെ അമ്മ എന്നെ വല്യേ ഇഷ്ടമായിരുന്നു അപ്പോ അവര്‍ വിളിച്ചിട്ട് പറയും. നീയ്യ് ലേശം വെള്ളച്ചോറ് കഴിക്ക് ന്ന് പറയും. ന്ന് ട്ട് വെള്ളച്ചോറ് തരും. പലപ്പോഴും ഞാന്‍ കരഞ്ഞിട്ടുണ്ട് അവിടെ പോയീട്ട്. അങ്ങനെ പഠിക്കുന്ന കാലത്ത് തന്നെ എന്നെ അവിടെ കൊണ്ട് നട തള്ളിയതായിരുന്നു. തിരിഞ്ഞ് നോക്കില്യ. ഒരു ട്രൌസറെ ഉണ്ടായിരുന്നുള്ളൂ. ആശാന്‍ എണ്ണക്ക് കാശുതരും സോപ്പിന്‌ കാശുതരും. എണ്ണ കഴിഞ്ഞാല്‍ ആശാന്റെ അടുത്തേക്ക് കാശിനു ചെല്ലും. ആശാന്‍ എണ്ണ കഴിഞ്ഞു.. അങ്ങനെ ഒരു ദിവസം എല്ലാ കുട്ട്യോളും കൂടെ സിനിമക്ക് പോവുമ്പോള്‍ ഞാന്‍ ചെന്നു. അപ്പോ എടോ ഇന്നലെ അല്ലെ കാശ് തന്നത് ഇന്ന് എന്താ. ന്ന് ചോദിച്ചപ്പോ ഞാന്‍ കുട്ട്യോളെക്കെ സിനിമക്ക് പോവുന്നു.. ആശാന്‌ സിനിമാന്ന് പറഞ്ഞാല്‍ ഇങ്ങനെ ഒരു ദേഷ്യം.. പക്ഷെ നീയൊരു കുട്ട്യല്ലെ ന്ന് പറഞ്ഞ് ന്നാ അഞ്ചുറുപ്യ തന്ന്. ധാരാളമാണ്‌ അത്.. നാളെ മേലാല്‍ സിനിമക്ക് കാശ് ചോദിക്കരുത്.. ന്ന് പറഞ്ഞു. എനിക്കറിയില്ല. ഇന്ന് ചെല പ്രശ്നങ്ങളൊക്കെ.. സിനിമാന്ന് കേട്ടാല്‍ ആശാന്‍ പറയാറുണ്ട്.. അങ്ങനെ ഉള്ള അനുഭവങ്ങളൊക്കെ എനിക്ക് ഉണ്ടായതോണ്ടാവും പിന്നെ മദ്യപാനത്തിലേക്ക് ഞാന്‍ തിരിഞ്ഞ്.. ഇത്ങ്ങനെ കുറച്ച് കുറച്ച് ന്ന് പറഞ്ഞ് കൂടുകയല്ലാതെ.. അതുകൊണ്ട്.. ആദ്യമൊക്കെ നല്ലോം കളികള്‍ ഉണ്ടായിരുന്നു. പിന്നീട് (മദ്യപാനം) കൂടിയ സമയത്ത് എന്നെ ഇഷ്ടമുള്ളവര്‍ കൂടി മുഖം ചുളിച്ച് അങ്ങേപുറത്ത് കൂടെ പോകും. കാരണം പലപ്പോഴും എന്റെ സ്വഭാവം ഭംഗിയാവില്ല. കഴിച്ചാല്‍ കണ്ണൊക്കെ ചൊകക്കും. അപ്പോ അധികം കഴിച്ച് ഫിറ്റ് ആയിട്ട് വരുകയാണ് എന്ന് തോന്നും. അതൊക്കെ വേദനയോടെ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. പക്ഷെ ഇതില്‍ നിന്ന് എങ്ങനെ ഞാന്‍..രക്ഷപ്പെടും. അങ്ങനെ ഇരിക്കുന്ന സമയത്താണ്‌ അവിട്ടം ദിവസം.. എന്റെ ഭാര്യക്ക് അറിയില്ല കുട്ടികള്‍ക്കറിയില്ല ഹരിദാസേട്ടന്റെ വീട്ടില്‍ പോയി. ഹരിദാസേട്ടാ എന്നെ എവിടേക്കെങ്കിലും കൊണ്ടുപോവണം ന്ന് പറഞ്ഞു. എനിക്ക് വെള്ളടി നിര്‍ത്തണം ന്ന് പറഞ്ഞു. ഇപ്പോ പോണം. ഇപ്പോഴോന്ന് ചോദിച്ചു. അവിട്ടം ദിവസമാണ്‌ ഒരു മഞ്ഞമുണ്ടാണ്‌ ഞാന്‍ ഉടുത്തിരിക്കുന്നത്. ഇപ്പോ പോണം.. അത് എവിടേക്കായാലും. അപ്പോ വിളിച്ചു, കയിലിയാട്‌ ഒരു കുട്ടി സാറുണ്ട്. അദ്ദേഹം ഒരു മനോരോഗ ചികിത്സകന്‍ ആണ്‌. അപ്പോ അദ്ദേഹത്തിന്റെ മുന്‍പിലേക്ക് എന്നെ വേറേ ഒരു കാര്യത്തിനുവേണ്ടി ഹരിയേട്ടന്‍ കൊണ്ടുപോയീട്ടുണ്ട്. അങ്ങനെ ഒരു പരിചയവുമുണ്ട്. അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിനൊക്കെ പങ്കെടുത്തിട്ടുണ്ട്. നല്ലൊരു  മനുഷ്യനാണ്‌. അയാളെ വിളിച്ചപ്പോ അയാള്‍ ബോംബേയില്‍ നിന്ന് വന്നുകൊണ്ടിരിക്കുകയാണ്‌. ഒരുകാര്യം ചെയ്യൂ സോമനെ സഞ്ജീവനി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവൂ ഞാന്‍ അവിടേക്ക് വിളിച്ച് പറയാം. സോമനെ കൈവിടരുത്. കാശില്ലെങ്കില്‍ വേണ്ട മരുന്ന് മേടിച്ചോളൂ കുട്ടി സാറ് പറഞ്ഞതാണ്‌ ന്ന് പറഞ്ഞാല്‍ മതി. നേരെ ഒരു ഓട്ടോറിക്ഷ എടുത്ത് അവിടെ പോയി. താല്‍ക്കാലികമായി ഒരു ഡോക്ടറെ കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു മരുന്ന് മേടിച്ച് പോന്നു. പിന്നീട് കുട്ടി സാര്‍ ബോംബെയില്‍ നിന്ന് വന്നിട്ട് എന്ത് കാരണത്താല്‍ ആണ്‌ കുടിക്കാന്‍ പോകുന്നത് എന്നെല്ലാം ചോദിച്ച് നോക്കി മനസ്സിലാക്കി കൌണ്‍സിലിങ്ങ് നടത്തി, ഒന്‍പത് മാസം കഴിഞ്ഞ് ഒരു രംഗനാഥന്‍ ഡോക്ടറുണ്ട് കൊളപ്പുള്ളി ബസ്സ് സ്റ്റാന്റിന്റെ ഓപ്പോസിറ്റ്. എന്നോടുള്ള പെരുമാറ്റം അത് മാതിരി ആയിരുന്നില്ല. നല്ല കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി.. ഞാന്‍ അവരോടും തിരിച്ചും അങ്ങോട്.. അവര്‍ പറയുന്ന മാത്രിരി മരുന്ന് കഴിച്ചു, മരുന്ന് തെറ്റാണ്ടെ. ചെലോരുണ്ട് ഒരാഴ്ച്ച കഴിഞ്ഞ് കഴിഞ്ഞാല്‍ മദ്യപിക്കാന്‍ പോകും. പക്ഷെ ഞാന്‍ ആ മരുന്ന് കഴിക്കാന്‍ തുടങ്ങി അന്ന് മുതല്‍ ഇന്ന് വരെ ഈ സാധനം വായില്‍ വെച്ചിട്ടില്ല. ദിവസോം ന്ന് പറഞ്ഞ മാതിരി വേറെ ഒരാള്‍ക്ക് വേണ്ടി ബാറില്‍ പോകും, അവിടെ ഇരിക്കും. കഴിക്കില്ല. നല്ലൊരു സഹായം ഹരിയേട്ടന്‍ ചെയ്ത് തന്നു.

ശ്രീചിത്രന്‍: ഈയൊരു വശം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്‌. മദ്യപാനം എന്താണ്‌..
കലാ. സോമന്‍: തീര്‍ച്ചയായിട്ടും..

ശ്രീചിത്രന്‍: ഇതൊരു വശത്തിരിക്കുമ്പോള്‍ തന്നെ മദ്യം എന്നൊരു കാര്യം വെച്ച് കൊണ്ട് കഥകളിക്കാരനെ അപമാനിക്കുകയും.. താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന അവസ്ഥ അപ്പുറത്തും ഉണ്ടാവുന്നില്ലേ എന്ന് തോന്നാറുണ്ട്. കളിക്കാര്‍ മദ്യപാനികളാണ്‌ ന്ന് പറഞ്ഞ് കഥകളിക്കാരെ എഴുതി തള്ളുകയും പൊതുസമൂഹത്തില്‍ നല്ല ആള്‍ക്കാരല്ലാതെ കഥകളിക്കാരെ ചിത്രീകരിക്കുകയും. തുറന്ന് പറഞ്ഞാല്‍ കഥകളിക്കാര്‍ക്ക് പെണ്‍കുട്ടികളെ കൊടുക്കരുത് എന്നൊരു അന്തരീക്ഷം കേരളത്തില്‍ രൂപം കൊണ്ടിരിക്കുന്നു.
കലാ. സോമന്‍: അതിപ്പോള്‍ ഈ അടുത്തകാലത്താണ്‌.. അടുത്ത കാലത്ത് പുരോഗമിച്ചുവല്ലൊ. എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍.. പണ്ട് കഥകളിക്കാരനു പെണ്ണിനെകൊടുക്കുക എന്ന് പറഞ്ഞാല്‍ സന്തോഷകരമായ കാര്യമായിരുന്നു. ഇപ്പോ നേരെ തിരിച്ച് വരാന്‍ ഒരു പരിധി വരെ കഥകളിക്കാരും.. ഒന്നിനും ഒരു നിയന്ത്രണമില്ല. ഉദാഹരണത്തിന്‌ ഇന്ന് നമ്മടെ കേരളത്തില്‍ കഴിക്കാത്തവര്‍ ചുരുക്കേ ഉണ്ടാവൂ. അനവധി ആളുകള്‍ സ്വകാര്യമായി കഴിക്കുന്നവര്‍ ഉണ്ടാകും. അല്ലെ? അതാരും അറിയില്ല. പക്ഷെ കേട് ഒന്നാണ് എന്ന് മനസ്സിലാക്കുന്നില്ല. സ്വകാര്യമായി കഴിച്ചാലും പബ്ലിക്കായി കഴിച്ചാലും.. രണ്ട് പേര്‍ക്കും കേട് ഒന്നാണ്‌ എന്ന് കഴിക്കുന്നവര്‍ തിരിച്ചറിയുന്നുണ്ടാവില്ല. കഥകളിക്കാരെ സ്വയം ഇരുത്തുന്നത് കഥകളിക്കാര്‍ തന്നെ ആണ്‌. അവര്‍ അതിനിട കൊടുത്തിട്ടാണ്‌. ഇപ്പോ ഞാന്‍.. മദ്യം നല്ലോം കഴിച്ചിരുന്നു ഇപ്പോ കഴിക്കുന്നില്ല അതുകൊണ്ട് എനിക്ക് നല്ലോം പറയാന്‍ പറ്റും. അങ്ങനെ ഒരു കളിക്കാരനാണ്‌ എങ്കില്‍ അവന്‌ ആവശ്യമില്ല പ്രോഗ്രാമിനു ചെന്നു എല്ലാം കഴിഞ്ഞ് വീട്ടില്‍ ചെന്നു വൈകുന്നേരം ലേശം കഴിച്ചു എന്നിട്ട് അങ്ങ്ട് കെടക്കാം. പുറത്ത് പോവുമ്പോ ഇങ്ങനെ നിരങ്ങണ്ട. ഇങ്ങനെ നിരങ്ങി കഴിഞ്ഞിട്ടാണ്‌ അവന്റെ നില പോകുന്നത്. ഈ നിരങ്ങുന്നത് ഒരു ആളല്ല കാണുള്ളൂ. കേരളത്തില്‍ ഇപ്പോ ഒരുസ്ഥലത്ത് കഥകളിക്ക് ചെന്നാല്‍.. അവിടെ ഉള്ളവരല്ല കളി കാണുള്ളൂ. അടുത്ത ക്ലബ്ബിന്റെ ആളുകള്‍ ചെലപ്പോ ഇവിടെ വന്നിട്ടുണ്ടാവും അവരടക്കം ഇത് കാണും. ഇല്ല്യേ? അപ്പോ അവനവന്റെ നില കീപ്പ് ചെയ്യണ്ടത് അവനവന്‍ തന്നെ ആണ്‌. അതിനുദാഹരണമാണ്‌ എന്നെ ചൂണ്ടിക്കാണിക്കൂ.  നല്ല ധൈര്യത്തില്‍ തന്നെ ആണ്‌ പറയുന്നത്. നാലു വര്‍ഷമായിട്ട്.. ഈ ചോദിക്കുന്ന ചിത്രനു‌ അറിയാമല്ലൊ.. വെള്ളമടിക്കുന്ന സോമേട്ടനേം കണ്ടിട്ടുണ്ട്, വെള്ളമടിക്കാത്ത സോമേട്ടനേയും കണ്ടിട്ടുണ്ട്. അപ്പോ ചിത്രന്‍ തീരുമാനിക്കൂ. ഞാന്‍ എന്റെ വില ഞാന്‍ തന്നെ ആണ്‌ കളഞ്ഞ് കുളിക്കുന്നത്. അത് തിരിച്ചറിയാന്‍ വൈകി. പക്ഷെ അറിഞ്ഞ അന്ന് മുതല്‍ അത് സ്റ്റോപ്പ് ചെയ്തു. പിന്നെ ഈ തെറ്റിലേക്ക് പോയിട്ടില്യ. മേലില്‍ ഈ ജന്മത്ത് അതൊട്ട് ഉണ്ടാവുകയും ഇല്ല.

ശ്രീചിത്രന്‍: കഥകളിയെ സംബന്ധിച്ച് അതൊരു ഭാഗ്യമാണ്‌. ഇനി ഇതിന്റെ അപ്പുറത്ത് പറഞ്ഞാല്‍. കഥകളിക്കാരന്. നിലവിലുള്ള കലാരൂപങ്ങള്‍ക്കൊക്കെ വളരെ കുറച്ച് കാലത്തെ പഴക്കം. അത് തന്നെ താരതമ്യേന ശാരീരികാധ്വാനമോ മാനസികാധ്വാനമോ ഇത്രകണ്ട് വേണ്ടി വരാത്ത.. ഇതൊക്കെ ചെയ്ത കലാകാരന്മാര്‍ക്ക് വലിയ പ്രതിഫലം കൊടുക്കാനോ, വലിയരീതികളില്‍ അവരുടെ ആവിഷ്കാര സ്വാതന്ത്ര്യം തുറന്ന് കൊടുക്കാനോ വേദികളുമുണ്ട്, അവസരങ്ങളുമുണ്ട്. അതിനുള്ള പ്രതിഫലവും വളരെ കൂടുതല്‍ ആണ്‌. പക്ഷെ അതേസമയം കഥകളിക്ക് മാത്രം വളരെ ദീര്‍ഘകാലത്തെ പഠനം, ആ ദീര്‍ഘകാലപഠനത്തിനു ശേഷം മറ്റൊരു ജോലിക്കും പോവാന്‍ പറ്റാത്ത വിധം കഥകളിക്കാരന്റെ ആ ഒരു ഒറ്റ കൃത്യമായ സ്ഥലത്തേക്ക് അവനെ പ്ലേസ് ചെയ്യുന്നു. അതായത് കഥകളിക്കാരനായി മാത്രമേ അവന്‌ ജീവിതം ഉള്ളൂ.. അതിനുശേഷം അവനുകിട്ടുന്ന പ്രതിഫലം വളരെ ചുരുങ്ങിയതും. ഈ ഒരു അവസ്ഥ ഇന്നും വളരെ ഗുരുതരമായി നിലനില്‍ക്കുന്നില്ലേ? വാസ്തവത്തില്‍ ഇത്രയും കാലം സോമേട്ടന്‍ പഠിച്ചു, ഇന്നും കുടുംബം ഒരു സുസ്ഥിരമായ അവസ്ഥയിലേക്ക് എത്തിക്കാന്‍ പറ്റിയിട്ടില്ല. ഇത് സംഭവിക്കുന്നത് പൂര്‍ണ്ണമായിട്ട് മദ്യം കൊണ്ടാണ്‌ എന്ന് പറയാന്‍ പറ്റില്ല. വാസ്തവത്തില്‍ എന്താ ഇതിന്റെ ഒരു കാരണം? വടക്കോട്ട് കൂടുതലും തെക്കോട്ടും വ്യാപിച്ചിരിക്കുന്ന ചുരുങ്ങിയ പൈസ കൊടുത്താല്‍ കഥകളിക്കാര്‍ കളിക്കും എന്ന ധാരണ വരാന്‍ എന്താണ്‌ കാരണം?
കലാ. സോമന്‍: കഥകളിയില്‍ കാശില്ലാന്ന് പറയരുത്. കാശുണ്ട്. ഒരോ തട്ട് തട്ടായിട്ടാണ്‌. സിനിമയിലെ പോലെ തന്നെ. സൂപ്പര്‍സ്റ്റാറ്.. അങ്ങനെ കഥകളിയിലും ആ ഗ്രേഡ് നോക്കി.. അങ്ങനെ ചോട്ടിലേക്ക് വരുമ്പോ നിങ്ങള്‍ ചിലപ്പോ നാലാമത്തേയോ അഞ്ചാമത്തേയോ തട്ടില്‍ നില്‍ക്കുന്നതാവാം.

ശ്രീചിത്രന്‍: പക്ഷെ ഈ അഞ്ചാമത്തെ കഥകളിക്കാരന്‍ എന്ന് പറഞ്ഞാല്‍ പന്ത്രണ്ട് വര്‍ഷം കഥകളി പഠിച്ച് ഇരുപത്തിയഞ്ച് വര്‍ഷം എക്സ്പീരിയന്സ് ഉള്ള ആളാവും.
കലാ. സോമന്‍: അത്.. കൊടുക്കുന്ന ആളുകള്‍ക്ക് തോന്നണം. ഞാന്‍ കൊടുക്കുന്ന ആളുടെ പ്രായം അയാള്‍ ചെയ്ത പരിചയം.. അയാള്‍ക്കിത്ര ചെയ്താല്‍ പോരാ. സന്തോഷായിട്ട് എന്തെങ്കിലും ചെയ്യണം. ഒന്നോ രണ്ടോ ദിക്കില്‍ നമ്മള്‍ പോയി കഴിഞ്ഞാല്‍.. ചെലപ്പോ അത്രേ കിട്ടാറുള്ളൂ. നമ്മള്‍ ഒന്നും പറയാറില്ല കാരണം   നമുക്കറിയാം അത്രേ ഉള്ളൂ.. പിന്നെ അങ്ങനെ ഇങ്ട് ഒരു കാര്യമുണ്ട്.. ഇപ്പോ ഈ പുറത്തൊക്കെ ധാരാളം കളികള്‍ ഉണ്ട്. ഒരു നിശ്ചിത സംഖ്യ തന്നെ ആണ്‌ എനിക്ക് കിട്ടുന്നത്.. തെക്കോട്ട് ഇപ്പോ ഞാന്‍ കഴിഞ്ഞ് രണ്ട് വര്‍ഷമായി പോകാന്‍ തുടങ്ങിയപ്പോ.. അവര്‍ കുറച്ച് പ്രതിഫലം തന്നു. അത് ഞാന്‍ ഇവിടെ തമാശ രൂപേണ പറഞ്ഞപ്പോ.. ഇവിടെ കളിനടത്തുന്ന ഒന്ന് രണ്ട് സുഹൃത്തുക്കള്‍ ചോദിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട്.. അവടെ ദാണ് തന്നത് നിങ്ങള്‍ ഇത്രയല്ലെ എനിക്ക് തരാറുള്ളൂന്ന്. തമാശയാണ് അത് അവര്‍ക്കുമറിയാം. അവര്‍ ന്നാള്‍ പറഞ്ഞു ഹെയ് എങ്ങന്യാ അവിടെ പോയി ഇത്രകിട്ടുന്ന ആള്‍ക്ക് ഞങ്ങള്‍ ഇത്ര തരുകാന്ന് പറഞ്ഞ് കുറച്ച് കയറ്റി തന്നു. അപ്പോ അവര്‍ക്ക് തരാന്‍ മോഹം ഇല്യായ്കയല്ല. അവരുടെ കയ്യില്‍ നിന്ന് എടുക്കണം. ഇപ്പോ നമ്മടെ നാട്ടില്‍ ഇവിടെ ഒക്കെ ഒരു കളിനടത്തുകയാണ് എന്ന് പറഞ്ഞാ ചുരുങ്ങീത് ഒരു പതിനഞ്ചായിരം ഉറുപ്പിക അതിലുമീതെ ഒന്നും  തരില്ല്യ. അത് ഒരു കഥകളിക്ക് എന്തൊക്കെ വേണം..

ശ്രീചിത്രന്‍: കഥകളിക്ക് മൊത്തമായിട്ട് പതിനഞ്ചായിരം ഉറുപ്പിക..
കലാ. സോമന്‍: ങ്ഹാ അതെ. അതുകൊണ്ട് കഥകളിക്ക് എന്തൊക്കെ വേണം - വേഷം, ചെണ്ട, മദ്ദളം, പാട്ട്, ചുട്ടി, കോപ്പ്, അണിയറ അത് കൊണ്ടുവരാന്‍ ആളു വേറേ, വാഹനം.. ഇതില്‍ നിന്ന് ഞാനാണ് മുതിര്‍ന്ന കലാകാരന്‍ ന്ന് വിചാരിക്കുക.. എന്റെ ചോടെ ഉള്ള കുട്ടിക്ക് എത്ര കൊടുക്കും..!! അങ്ങനെ ആലോചിച്ചാല്‍ മതി. ഏറ്റവും ടോപ്പായ ആര്‍ട്ടിസ്റ്റുകള്‍ കളിക്കുന്നുണ്ടാകുമ്പോള്‍ എനിക്ക് എത്ര കിട്ടും എന്ന് അപ്പോ മനസ്സിലാകും. അപ്പോ.. മുഴുവന്‍ കുറ്റം പറയുകയില്ല. ചിലോടത്തില്‍ കാശുണ്ടായിട്ട് അങ്ങനെ രണ്ടാംതരം കാണിക്കുന്നതൊക്കെ ഉണ്ടായിട്ടുണ്ട്. അയാള്‍ക്കത്രമതി. അത് കൊടുത്താലും അരങ്ങത്ത് കേറും.. അങ്ങനേമുണ്ട്. പക്ഷെ.. എന്നെ സംബന്ധിച്ചിടത്തോളം ഒരു മര്യാദ..നിലവില്‍ പോകുന്നുണ്ട്.

ശ്രീചിത്രന്‍: പക്ഷെ ഞാന്‍ പറയുന്നത് ഒരു മാസം ഏകദേശം ഒരു പത്ത് കഥകളിയെങ്കിലും കിട്ടുന്ന ഒരു അവസ്ഥ നിലവില്‍ ഒരു കഥകളിക്കാരനുണ്ടോ ഒരു ചെറുപ്പക്കാരനായ കളിക്കാരന്..?
കലാ. സോമന്‍: ഒരു മൂന്നുകൊല്ലം മുന്‍പേ.. ജനുവരി ഫെബ്രുവരി മാര്‍ച്ച് മൂന്ന് മാസങ്ങളിലും കൂടെ ഒരു പന്ത്രണ്ട് കളി കളിച്ചിട്ടുണ്ട് ഞാന്‍. ഈ പന്ത്രണ്ട് കളികളിലും കൂടെ കൊണ്ടാണ് ഞാന്‍ എന്റെ കുടുംബം നടത്തുന്നത്. എന്റെ ഡയറി കാണിച്ച് തരാം. ഒരു രണ്ട് മൂന്ന് വര്‍ഷം മുന്‍പെ. അതില്‍ നമ്മള്‍ടെ ചുറ്റുപാടിലുള്ള കളികളൊക്കെ വരും. കാന്തള്ളൂര്‍ ഉത്സവക്കളിയാണ്. നമ്മടെ സ്വന്തം അമ്പലമാണ്. എന്ത് തന്നാലും നമുക്ക് സന്തോഷമാണ്. നി ഒന്നും തന്നില്ലെങ്കില്‍ ചോദിക്കാറുമില്ല. അന്ന് ഞാന്‍ കരഞ്ഞിട്ടുണ്ട്.. ഇങ്ങനെ ഒരു കലാരൂപം പഠിച്ചിട്ട് ഞാന്‍.. കഷ്ടത്തിലായീലേ ന്ന്. ഇതൊക്കെ അവിടെനിന്ന് മാറ്റം വന്ന് തിരുവിതാംകൂര്‍‌ ഭാഗത്തൊക്കെ കളി ആയി..

ശ്രീചിത്രന്‍: അപ്പോ വാസ്തവത്തില്‍ സോമേട്ടന്‍ പഠിച്ച് തുടങ്ങുന്ന കാലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ കളികളുടെ എണ്ണം കൂടുകയാണോ കുറയുകയാണോ ചെയ്തിരിക്കുന്നത്?
കലാ. സോമന്‍: കളി ധാരാളം ഉണ്ട്. ഇഷ്ടം പോലെ കളികള്‍ ഉണ്ട്. തിരുവിതാംകൂര്‍ ഭാഗത്തൊക്കെ എത്ര കളികളാണ് ന്ന് ചോയ്ച്ചാല്‍ നിശ്ചല്യ. അന്നും ഈ കളികളൊക്കെ ആയിരുന്നു. കലാമണ്ഡലം ട്രൂപ് ശക്തമായിരുന്നു രാമന്‍കുട്ടിആശാന്റെ ഒക്കെ കാലത്ത് മുപ്പത് ദിവസം ഉണ്ടെങ്കില്‍ മുപ്പത്തിയഞ്ച് കളി ആണ്. എനിക്കോര്‍മ്മയുണ്ട് ദിവസം കണ്ണിന്റെ പോള അടക്കാന്‍ സമ്മതിക്കില്ല കുട്ടികളെ. ഒരു ട്രൂപ്പ് വന്ന് കഴിഞ്ഞാല്‍ ആ ദോക്കെ തോരട്ടു ഉണക്കാനിട്ടു അടുത്തത് രണ്ട് മണിക്ക് പോവുകയാവും. അപ്പോഴേക്കും.. കറക്റ്റ് രണ്ട് മണിക്ക് വണ്ടിയില്‍ കയറണം അല്ലെങ്കില്‍ അപ്പോ പൊട്ടും അടി. അവിടെ ചെന്ന് പഞ്ചപാണ്ഡവന്മാരുടെ പുറപ്പാടാവും അഞ്ച് വേഷം..പിന്നെ ഒരു പാഞ്ചാലിയും ഒരുങ്ങണം. അവിടെ ചെന്ന് മനയോലകുത്തിപൊടിക്കുക അതിനിടക്ക് വെച്ച് തേക്കുക.. ഭക്ഷണം കഴിച്ചുവോ എന്ന ചോദ്യമൊന്നും ഇല്ല. അതൊന്നും മിണ്ടാന്‍ പറ്റില്ല. ഭക്ഷണം കഴിച്ചൂച്ചാല്‍ കഴിച്ചു ഇല്ലെങ്കില്‍ ഇല്ല. അപ്പോ അങ്ങ്നെ കളിച്ചിരുന്ന കളികളൊക്കെ എന്താന്ന് നിശ്ചല്യ കലാമണ്ഡലം ഇപ്പോ കമ്മിയായിട്ടാണ് ഏല്‍ക്കണത്. പക്ഷെ ആ കളികളൊക്കെ ആ ഭാഗത്ത് പ്രൈവറ്റായി നടക്കുന്നുണ്ട്. കഥകളി ധാരാളമുണ്ട്.

ശ്രീചിത്രന്‍: പക്ഷെ.. കഥകളി ധാരാളം നടക്കുന്നിടത്ത് ഒരു സ്ഥിരം കോക്കസ് എന്നൊക്കെ പറയാവുന്ന കുറച്ച് ആളുകള്‍ക്ക് മാത്രം വേഷം കിട്ടുന്നു. ബാക്കി ഒരു വലിയ ഭൂരിപക്ഷം ആളുകള്‍ക്ക് പ്രധാനപ്പെട്ട വേഷം കിട്ടാതിരിക്കുന്ന അവസ്ഥ ഇപ്പോഴുമുണ്ടോ?
കലാ. സോമന്‍: അതിനുദാഹരണം നമ്മടെ ഈ കഥകളി ഫീല്‍ഡില്‍ ഉള്ളവര്‍ തന്നെ ആണ്.

ശ്രീചിത്രന്‍: ഞാന്‍ ചോദിക്കുന്ന മറ്റ് കലാരൂപങ്ങളെക്കാള്‍ ശക്തമായി കോക്കസ് നിലനില്‍ക്കുക ഓരോ കഥകളി ആശാന്മാരും അവര്‍ക്ക് അവരുടെ സ്വാര്‍ത്ഥതക്കനുസരിച്ച് വേഷം നിശ്ചയിക്കുക ഇതൊക്കെ ഇന്നും സജീവായിട്ട്..
കലാ. സോമന്‍: ആശാന്മാര്‍ എന്ന് പറഞ്ഞാല്‍.. ഇപ്പോ ഈയിടെ കലാമണ്ഡലത്തില്‍ നിന്ന് റിട്ടയര്‍ ആയ ഒരു അദ്ധ്യാപകന്‍ ഉണ്ട്. പേരു ഞാന്‍ പറയുന്നില്ല. അദ്ദേഹം ഈ അടുത്തകാലത്ത് കൂടെ എനിക്കെതിരായി പ്രവര്‍ത്തിച്ച തെളിവ് അടക്കം ഉണ്ട്. നടന്ന് പറഞ്ഞ് നടക്കുന്നുണ്ട് അവനെ ഒക്കെ എന്തിനാ വിളിക്കുന്നത്? എന്താ ഇവരോടൊക്കെ പറയുക? പറയൂ.. ഇത്രയും വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച അന്‍പത്തിയഞ്ച് വയസ്സ് കഴിഞ്ഞ് ഇങ്ങനെ ഒരു ഗംഭീര മഹാസ്ഥാപനത്തില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഒരാള്‍ ഇങ്ങനെ ഒക്കെ പറയുക എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിനെ എങ്ങിനെ ആണ് ഒരു ആചാര്യനായി കണക്ക് കൂട്ടുക? എന്റെ കാര്യമാണ് ഞാന്‍ പറയുന്നത് എനിക്ക് അനുഭവമുള്ള കാര്യം. അതും ഒരു കഥകളിക്കാരന്‍ ആണ് ഇതും ഒരു കഥകളിക്കാരന്‍ ആണ്. എന്റെ ചോറ്..അത് ചെയ്യരുത്. ഈ പഠിച്ചവര്‍ക്കൊക്കെ ഒരു അവസരം വേണം. അവര്‍ക്കൊക്കെ ചെയ്യണം. ഇത് മുഴുവന്‍ കാശ് എന്ന നിലയിലല്ല എന്നെ സംബന്ധിച്ചിടത്തോളം.. കാശ് വേണം, കാശ് കണ്ട് ഞാന്‍ മോഹിക്കാറുമുണ്ട്, പറഞ്ഞ് മേടിക്കാറുമുണ്ട്. പക്ഷെ അതിനേക്കാള്‍ കൂടുതല്‍ നിക്കൊരു കത്തിവേഷം കെട്ടുക ന്ന് പറഞ്ഞാല്‍ ചിലപ്പോ കാശു തന്നില്ലെങ്കിലും ഞാനത് കെട്ടി കളിച്ച് പോരും. മാനസികമായ ഒരു സന്തോഷം കൂടെ ഉണ്ട്. ഒരു കലാകാരന് ആറ് കൊല്ലം എട്ട് കൊല്ലം കലാമണ്ഡലത്തില്‍.. ചവിട്ടി എല്ല് നുറുങ്ങി.. ഇത്..ന്ന്ട്ട് അരങ്ങത്തൊരു വേഷം കൂടെ കെട്ടാന്‍ പറ്റീല്യാന്ന് പറഞ്ഞാല്‍..

ശ്രീചിത്രന്‍: സോമേട്ടനെ പോലെ ഉള്ള ഇത്രയും സീനിയര്‍ ആയ ആളുകള്‍ ഇത് അഭിമുഖീകരിക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ ഈ കുട്ടികളായിട്ടുള്ളവരുടെ കാര്യം.. അവരെത്ര അനുഭവിക്കുന്നുണ്ടാകും..
കലാ. സോമന്‍: ഓ.. അനുഭവിക്കുകയെ പറ്റുള്ളൂ.. പഠിച്ച് കഥകളിക്കാരനാകണോ..  പക്ഷെ.. ഞാന്‍ അത്.. ഇപ്പോഴും ഞാന്‍ രാമന്‍കുട്ടി നായര്‍ ആശാന്റെ അടുത്ത് പോകാറുണ്ട്. അദ്ദേഹത്തിനറിയാം ദാ ഇപ്പോ പറഞ്ഞ കഥകളൊക്കെ അറിയാം. അപ്പോ എടോ  അത് ഞാന്‍ വേഷം കെട്ടാറുള്ള കാലത്തും ഇത്തരം കളികളൊക്കെ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ ഒന്നും സമ്മതിക്കില്ല. അന്ന് പ്പോ പാടാന്‍ നില്‍ക്കണത് ആരാണച്ചാല്‍ നരകാസുരന്റെ പദം ബാലിബാലികമാര്‍.. പദം ഒന്ന് താഴ്ത്തി പിടിച്ചാല്‍ ഞാന്‍ ഒന്നുകൂടെ താണ്‌ നില്‍ക്കും. ഞാന്‍ വിട്ട് കൊടുക്കില്ല. ഇത് മനസ്സില്‍ ഉള്‍ക്കൊള്ളുക. ദാ പ്പോ അടുത്തകാലത്തും കൂടെ പറഞ്ഞു ചെന്നപ്പോ.. ഏടോ നിന്റെ വേഷം ഒക്കെ നന്നാവുന്നുണ്ട് ന്ന് കേള്‍ക്കുന്നുണ്ട്. നളചരിതക്കാരെ പോലെ രംഗത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുക.. പണി എടുക്കണം നല്ലോണം.. അതിനു വെക്ക്വോ നിനക്ക്? അദ്ധ്വാനിക്കണം, അദ്ധ്വാനിച്ചാലെ നിലനില്‍പ്പുള്ളൂ അത് മനസ്സിലാക്കിക്കോ. 

ശ്രീചിത്രന്‍: അല്ല എന്താ ഈ നളചരിതത്തിന്റെ പ്രശ്നം?
കലാ. സോമന്‍: നളചരിതം നല്ല കഥയാണ്‌. പച്ച.. നളന്‍.. ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളൊക്കെ ഉണ്ട്. അതും കത്തി വേഷവുമായി ഒരിക്കലും താരതമ്യപ്പെടുത്തരുത്. ചിട്ടപ്രധാനമായ കത്തി. ചെലപ്പോ നളചരിതം ആദ്യത്തെ കഥ ഗോപ്യാശാനാവും, ഗംഭീരമായി കഴിഞ്ഞാല്‍ പിന്നെ ഒരു കത്തി വേഷമാവും. നളചരിതത്തിന്റെ ഭംഗി ഒന്ന് വേറേ തന്നെ ആണ്‌. കിര്‍മ്മീരവധം ധര്‍മ്മപുത്രര്‍ ചെയ്യുന്ന മാതിരി അല്ല ഒരു ഒന്നാം ദിവസം നളചരിതത്തിലെ നളന്‍. അത്രത്തോളം പണി വേണ്ട. ഗോപ്യാശാന്‌ നിഷ്പ്രയാസം മുഖത്തു വരും. കിര്‍മ്മീരവധം ധര്‍മ്മപുത്രര്‍ എന്ന് പറഞ്ഞാല്‍ താണ്‌ നിന്ന് ചൊല്ലിയാടി വട്ടം വച്ച് കലാശം പതിഞ്ഞ് എടുത്ത് വായു പിടിച്ച് കാല്‌ പൊക്കി.. നിലത്ത് പതുക്കെ വെച്ച്.. അതിന്റെ പണിയുടെ കാല്‍ ഭാഗം വേണ്ടല്ലോ നളന്‌. അതാണ്‌ ഉദ്ദേശിക്കുന്നത്. അത് മാതിരി ഒരു കത്തി വേഷം കെട്ടീട്ട് അരങ്ങത്ത് കൂടെ നടന്നാല്‍..  അതാണ്‌ ഉദ്ദേശിക്കുന്നത്.. അത് പറ്റില്ല. പണി എടുക്കണം നല്ലോണം. വയ്യാന്ന് ള്ളത് ആശാന്റെ ജീവിതത്തില്‍ ഇല്ല. വയ്യായ എന്ന് പറഞ്ഞാല്‍ എന്താന്ന് ചോദിക്കും.

ശ്രീചിത്രന്‍: ഇതിന്റെ തന്നെ രണ്ട് തരത്തിലുള്ള ആസ്വാദനം പറയാറുണ്ട്. ഒന്ന് രാമന്‍കുട്ടി ആശാന്‍ ചെയ്യണത് പോലെ വളരെ കടുത്ത രൂപത്തില്‍ കലാശങ്ങള്‍ ഒക്കെ എടുക്കുക.. ഈ ക്ഷത്രിയവംശം.. ഒക്കെ എടുക്കുമ്പോള്‍ ഉള്ളപോലെ വളരെ അദ്ധ്വാനിച്ച് കലാശങ്ങള്‍ ഒക്കെ എടുക്കുക അപ്പോളുള്ള അവസ്ഥ.. പിന്നെ മറ്റുള്ള ആചാര്യന്മാര്‍ ചെയ്ത് കണ്ടപോലെ ചെയ്യുമ്പോള്‍ ഉള്ള അദ്ധ്വാനം അത്രകണ്ട് ഉണ്ടാവില്യേരിക്കും.. ചെലപ്പോ പക്ഷെ അതിന്റെ ഒരു പ്രതീതി ഉണ്ടാക്കുക. കൂടുതല്‍ അദ്ധ്വാനിച്ചതിന്റെ പ്രതീതി പുറത്തേക്ക്.. ഉണ്ടാക്കുക. ഏതാ.. നല്ലത് എന്നാണ്‌ സോമേട്ടന്‌ തോന്നീട്ടുള്ളത്? ഈ രണ്ട് വഴിയും സജീവമാണ്‌ ഇപ്പോള്‍ അരങ്ങില്‍. ഞാന്‍ പറഞ്ഞത് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. കുറച്ചദ്ധ്വാനിച്ച് ആ പ്രതീതി അരങ്ങില്‍ ഉണ്ടാക്കുക, രണ്ടാമത് രാമന്‍കുട്ടി നായര്‍ ആശാന്‍ ചെയ്തിരുന്നപോലെ നല്ലോം അദ്ധ്വാനിച്ച് അതിന്റെ പ്രതീതി ഉണ്ടാക്കുക.
കലാ. സോമന്‍: എനിക്ക് രണ്ടാമത് പറഞ്ഞതിനോട് തന്നെ ആണ്‌.. നമ്മള്‍ പണി എടുത്തിട്ട് ഫലം കിട്ടുന്നത് പോലെ.. മറ്റേത് താല്‍ക്കാലിക ഫലമേ ഉണ്ടാവൂ. കയ്യിന്മേല്‍ വരില്ല മുറീടെ പാട് എന്ന് സാധനം. വെട്ടണമാതിരി കാണിച്ചാല്‍ കാണിച്ചത് മാത്രെ ഓര്‍മ്മ ഉണ്ടാവുള്ളൂ. ചവിട്ടണം എന്നുള്ളത് ചവിട്ടുക തന്നെ വേണം അത് എങ്ങനെ.. ചവിട്ടണം കഥകളിയില്‍.. അതിനു ചില അടിസ്ഥാനങ്ങള്‍ ഉണ്ട്. കാലിന്റെ വക്ക്.. മലത്തി.. കാലിന്റെ ചുവട്‌ ഒന്ന് പൊക്കി.. അതിനു ചില കണക്കുകള്‍ ഉണ്ട്.. അതിന്‌ ആവണത് ചെയ്യണം.. അരക്ക് ബലം കൊടുത്ത് മാറ്‌ അയച്ച്.. അങ്ങനെ ഒക്കെ ഒരു സമ്പ്രദായം ഉണ്ടല്ലൊ.. കഥകളിയില്‍. അത് മാതിരി ചെയ്യുക. ഇപ്പോ ക്ഷത്രിയ വംശം.. ന്ന് ഉള്ളതൊക്കെ നല്ല വൃത്തിയായി പണി എടുക്കണ്ട ഭാഗം ആണ്‌. അതൊന്നും പണി എടുക്കാതെ.. ഗോഷ്ടി കാണിച്ചാല്‍.. ഹേ.. എന്താ കാണിക്കണത് ന്ന് തന്നെ ആണ്‌ പറയാന്‍ തോന്നുക, സംശയമില്ല ആ കാര്യത്തി, കഥകളി നിശ്ചണ്ടായിട്ട് കാണാന്‍ ഇരിക്കുന്ന ഒരു ആള്‍ക്ക്. അല്ലേ?

ശ്രീചിത്രന്‍: അവിടെ നിന്ന് ഇങ്ങോട്ട് ഒരു ചോദ്യം ചോദിക്കട്ടെ.. കഥകളി നിശ്ചള്ള കാണികളുടെ എണ്ണം അന്നത്തേക്കാള്‍ ഇന്ന് കൂടുകയാണോ കുറയുകയാണോ ചെയ്തിരിക്കുന്നത്?
കലാ. സോമന്‍: കൂടുകയാണ്‌ ചെയ്തിരിക്കുന്നത്. അത് സംശയമില്ല. കാരണം ഏത് ഭാഗത്ത് പോയാലും ചെറുപ്പക്കാര്‍ ഒരു ഭാഗം .. മുന്‍പൊക്കെ ഒരുപാട്‌ ആചാര്യന്മാരുടെ വേഷങ്ങള്‍ മാത്രെ കണ്ടിരുന്നുള്ളൂ. ഉദാഹരണത്തിന്‌ അരങ്ങത്ത് നരകാസുരന്‍.. രാമന്‍കുട്ടി നായര്‍ ആശാനാണ്‌ കളിക്കുന്നത്.. കളി കഴിഞ്ഞ് ആശാന്‍ സ്റ്റൂളിന്മേല്‍ ഇരിക്കുകയാണ്‌.. നരകാസുര പത്നിയുടെ ഭാഗം തുടങ്ങി കഴിഞ്ഞാല്‍ അപ്പോ എഴുന്നേറ്റ് പോകും.. ചായകുടിക്കാനോ ബീഡിവലിക്കാനോ ഒക്കെ. ഈ നരകാസുരപത്നി കെട്ടിയ ആള്‍.. കലാമണ്ഡലത്തിലേയോ കോട്ടക്കലേയോ ഇരിങ്ങാലക്കുടയിലേയോ സീനിയര്‍ വിദ്യാര്‍ത്ഥി ആവും. ആ കുട്ടി എന്താണ്‌ കാണിക്കുന്നത്, ആ കുട്ടി ഭാവിയില്‍ എന്താവും, ആ കുട്ടിയെ കൊണ്ട് കഥകളി നടനാകാന്‍ പറ്റുമോ, എന്നൊന്നും ചിന്തിക്കില്ല.. പോവാം ആട്ടം തുടങ്ങുമ്പോഴേക്കും വരാം.. ഇന്ന് ആ ചിന്താഗതി മാറീട്ട്.. ന്നാ നമക്കത് നോക്ക്വ.. അധികവും ചെറുപ്പക്കാരാ.. ഈയിടെ കാറല്‍മണ്ണയില്‍ നമ്മടെ (മേയ് 7 2010 കഥകളി ഡോട്ട് ഇന്‍ഫോ ഉദ്ഘാടന ദിവസം കളി) കളികാണാന്‍ ആയിട്ട് ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ നിന്ന് തിരുമേനിയുടെ മകന്‍ കളികാണാന്‍ എത്തിയിരിക്കുന്നു. ഒരു ഇരുപത്തിമൂന്ന് ഇരുപത്തിയഞ്ച് വയസ്സായിട്ടേ ഉള്ളൂ അയാള്‍ക്ക്. ഈ കഥകളി കാണാന്‍ വാഴപ്പള്ളിയില്‍ നിന്ന് വന്നു. എന്നിട്ട് ഞാന്‍ അദ്ദേഹത്തിന്റെ അച്ഛനെ വിളിച്ചു എത്ത്യോന്ന് ചോദിച്ചു. ഉവ്വ് അവന്‍ രണ്ട് മണിക്ക് ഊണുകഴിക്കാന്‍ പാകത്തിനു ഇവിടെ എത്തി. നരകാസുരന്‍ കേമായി ന്ന് പറയുകയും ചെയ്തു. അപ്പോ ഞാന്‍ പറഞ്ഞു തിരുമേനി ഇത്രയും ദൂരത്തില്‍ നിന്ന് മകന്‍ കളി കാണാന്‍ വരും എന്ന് നിരീച്ചില്യ. ന്നാല്‍ ഞാന്‍ വീട്ടില്‍ കൊണ്ട് വരുമായിരുന്നു. അതേയ് സോമന്‍ ഞാന്‍ എന്റെ കുട്ടികള്‍ക്ക് മുലയൂട്ടുന്ന സമയത്ത് ഞാന്‍ എന്റെ മക്കളെ കഥകളി കാണാന്‍ കൊണ്ടുപോയിരിക്കുന്നു. കളി എവിടെ ഉണ്ടെങ്കിലും അവന്‍ വരും. വെളിച്ചാവുവോളം ഇരുന്ന് കണ്ടിരിക്കുന്നു. 

ശ്രീചിത്രന്‍: എന്തായാലും ആസ്വാദകരില്‍ അത്ര പേടിക്കാനുള്ള ആവശ്യം ഉണ്ട് എന്നൊന്നും സോമേട്ടനു തോന്നുന്നില്ല.
കലാ. സോമന്‍: ഇല്യ. ആസ്വാദകരുടെ എണ്ണം കൂടുക തന്നെ ആണ്‌. കളികളുടെ എണ്ണവും കൂടുക തന്നെ ആണ്‌.

ശ്രീചിത്രന്‍: കഥകളിക്കാരുടെ എണ്ണമോ?
കലാ. സോമന്‍: കഥകളിക്കാരുടെ എണ്ണത്തില്‍ കൂടുക എന്ന വാക്കിലും മീതെ എന്തെങ്കിലും കൂടുന്നതിന്‌ ഉപയോഗിക്കുകയാവും നല്ലത്. അത്രയും ആണ്‌. കലാമണ്ഡലത്തിലെ കാര്യമേ എനിക്ക് പറയാന്‍ അറിയൂ..

ശ്രീചിത്രന്‍: ഇത്രയും പറഞ്ഞ് നിര്‍ത്തി കഴിഞ്ഞാല്‍.. ഇനി ചോദിക്കാനുള്ളത് കഥകളിയുടെ ഗുണം.. രാമന്‍കുട്ടി നായര്‍, കീഴ്പ്പടം കുമാരന്‍ നായര്‍, കുഞ്ചു നായര്‍ ഒക്കെ നിന്ന് കളിച്ചിരുന്ന കാലത്തെ കഥകളിയുടെ ഗുണം ഇപ്പോഴത്തെ കഥകളിയില്‍ പൊതുവെ കീപ്പ് ചെയ്യാന്‍ പറ്റുന്നുണ്ടോ ഇല്ലയോ?
കലാ. സോമന്‍: അത് ഞാന്‍ എങ്ങന്യാ പറയുക? ഞാന്‍ കളിക്കുക ഞാന്‍ തന്നെ നന്നായി എന്ന് പറയുക.. അത് മാതിരി ഒരു ചോദ്യമാണല്ലൊ ഇത്. അത് ആസ്വാദകരുടെ ഭാഗത്ത് നിന്ന് ആലോചിച്ച് തീരുമാനിക്കണ്ട ഒരു കാര്യമാണ്‌. അല്ലെ?

ശ്രീചിത്രന്‍: തീര്‍ച്ചയായിട്ടും.
കലാ. സോമന്‍: പിന്നെ ഒരാളെ.. പ്രത്യേകിച്ചും രാമന്‍കുട്ടി നായര്‍ ആശാനെ ഒക്കെ കമ്പേയര്‍ ചെയ്യുക കഥകളിയില്‍ നടക്കാന്‍ പറ്റാത്തെ കേസ് ആണ്‌ എന്ന് വിചാരിച്ചാല്‍ മതി. അദ്ദേഹം ഒരു മദയാന തന്നെ ആണ്‌. ടോപ്പില്‍ അവിടെ നിന്നോട്ടെ. അദ്ദേഹത്തിനെ ഒന്നും നമ്മള്‍ ആരും തൊട്ട് കളിക്കണ്ട. അത് മാതിരി ഒന്നും നമുക്ക് ചെയ്യാനും പറ്റില്ല. ആ ശൈലി കുറേശെ എങ്കിലും നശിക്കാണ്ടെ കൊണ്ട് പോകണം എന്ന് എനിക്ക് നല്ല ഒരു അഗ്രഹം ഉണ്ട്. എന്നാല്‍ പറ്റുന്ന വിധം. അതേ ഇപ്പോ ഞാന്‍ വിചാരിക്കുന്നുള്ളൂ. രാമന്‍കുട്ടി നായര്‍ ആശാന്‍ ഒന്ന് വേറേ, ഗോപ്യാശാന്‍ ഒന്ന് വേറെ..അതൊന്നും ഈ ജന്മം ഉണ്ടാവില്ല ഇനി. ഗോപ്യാശാന്‍ ഒന്നേ ഉള്ളൂ.. അത് മാതിരി ഇപ്പോ പലരും കാണിക്കുന്നതൊക്കെ ഉണ്ട്. അതൊന്നും കാര്യമില്ല. ഗോപ്യാശാന്‍ ഗോപ്യാശാന്‍ തന്നെ ആണ്‌. കിരീടം വെച്ചാല്‍ പിന്നെ.. ഇനി വേറേ ഒരു ഗോപ്യാശാന്‍ ഇല്ല. അങ്ങനെ തന്നെ രാമന്‍കുട്ടി ആശാന്‍ രാമന്‍കുട്ടി ആശാന്‍ തന്നെ. അത് രണ്ടും അവിടെ നില്‍ക്കട്ടെ. നമ്മളൊക്കെ കുട്ട്യോളാണ്‌ കുട്ട്യോള്‍ടെ കാര്യം.. ആ കണക്കിന്‌..

ശ്രീചിത്രന്‍: സോമേട്ടന് ഇഷ്ടപ്പെട്ട കത്തി വേഷങ്ങള്‍ ഏതൊക്കെയാ? ചെയ്യാന്‍ താല്‍പ്പര്യമുള്ള കഥകള്‍ ഏതൊക്കെയാ?
കലാ. സോമന്‍: കത്തി വേഷം പ്രധാനമായിട്ട് ബാലിവിജയം രാവണന്‍. പിന്നെ ഉത്ഭവം, നരകാസുരന്‍. ഇതിലാണ്‌ കാര്യമായിട്ട്, എനിക്ക് ഈ മൂന്ന് വേഷമാണ്‌ താല്‍പ്പര്യം.

ശ്രീചിത്രന്‍: ഇഷ്ടപ്പെട്ട പച്ച വേഷങ്ങള്‍ ഏതൊക്കെയാ?
കലാ. സോമന്‍: കാലകേയവധം അര്‍ജ്ജുനനാണ്‌ ഏറ്റവും ഇഷ്ടപ്പെട്ട പച്ച. പിന്നെ കല്യാണസൌഗന്ധികം ഭീമന്‍. മുന്‍പൊക്കെ ഈ പതിഞ്ഞ പദം.. എന്ത് പതിഞ്ഞ പദം എന്നൊക്കെ തോന്നീരുന്നു. ഇപ്പോ പതിഞ്ഞ പദത്തിനോട് എന്താ നിശ്ചല്യ.. പതിഞ്ഞ പദം ഇല്ല്യെങ്കില്‍.. പതിഞ്ഞപദം വേണം. അത് വൃത്തിയായിട്ട് ചൊല്ലിയാടാന്‍ പറ്റണം. ചെയ്യാന്‍ അറിയുന്നവര്‍ക്ക്. ഇപ്പോ സൌഗന്ധികം പാഞ്ചാലരാജ തനയെ ഇല്യാണ്ടെ കളിക്കുക എന്ന് പറഞ്ഞാല്‍ ആ കഥയുടേയും ചെയ്യണ ആള്‍ടേം മനോനിലയൊക്കെ പോയി. പിന്നെ ഒക്കെ കാര്യം. അത് ആ പാഞ്ചാലരാജ തനയെ തൊടങ്ങി വനവര്‍ണ്ണന ഒക്കെ ആണ്‌ ഭീമന്റെ.. ജരാസന്ധന്‍ എനിക്ക് നല്ലോം അനുഭവമുണ്ട്. ലാസ്റ്റ് ആവുമ്പോഴേക്കാണ്‌. അഹങ്കാരത്തിന്റെ ആ മൂര്‍ത്തീകരണം. അതിന്റെ ആ ദ് മുഴുവനും നമ്മടെ.. ച്ചാല്‍ എനിക്ക് രണ്ട് മണിക്കൂര്‍ കഴിഞ്ഞാലും ഒട്ടും ക്ഷീണം തോന്നാറില്ല. ഒന്നു കൂടെ ഊക്ക് ആണ്‌ വരണത്. ആ ഭീമനെ ഒക്കെ കയ്യില്‍ കിട്ടുമ്പോള്‍ അതിങ്ങനെ പണി എടുത്ത് പണി എടുത്ത് കൊണ്ടുവരണം അത്.. ദേ മാതിരി ആണ്‌ നരകാസുരന്‍. പതിഞ്ഞ പദം.. തിരനോക്ക്, പതിഞ്ഞ പദം, ശബ്ദവര്‍ണ്ണന, പിന്നെ നിണത്തിന്റെ വരവ്, പടപ്പുറപ്പാട്‌ , ആറാമത്തെ ആണ്‌ പോരിനു വിളി, പിന്നെ ഇന്ദ്രനുമായുള്ള യുദ്ധം, സ്വര്‍ഗ്ഗം ജയിക്കല്‍ (എട്ട്) ഇങ്ങനെ ആണ്‌ അതിന്റെ ക്രമീകരണം. കൂറ്റന്‍മൂരി എന്നാണ്‌ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത് അല്ലേ? അത് ചെയ്യാന്‍ പറ്റുന്നവര്‍ക്ക് അതിന്റെ സ്ഥായി വിടാതെ ശരിക്കനുഭവിക്കും നമ്മള്‍ അവസാനം അങ്ങ്ട് എത്തുമ്പോഴേക്കും ആ നരകാസുരന്‍ അങ്ങ്ട് നല്ലോം കേറിട്ടുണ്ടാവും.

ശ്രീചിത്രന്‍: എന്തായാലും ഈ ആവേശത്തോട് കൂടീട്ട് തന്നെ ധാരാളം അരങ്ങുകളില്‍ ഇനിയും നരകാസുരനായിട്ടും രാവണനായിട്ടും ഒക്കെ ശോഭിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
കലാ. സോമന്‍: നന്ദി, നമസ്കാരം.

സാങ്കേതിക സഹായം  - എം  ബി സുനില്‍ കുമാര്‍, നിക്സ്.

Article Category: 
Malayalam

Comments

somanumayulla abhimukham valare nannayittundu.Njanum annathe pazhayakalathilekku thirichupoyi, Soman paranjirikkunna Military/crpf karan Raman kutty njan anu.ingineyulla avatharanathinu nanni.
Kalamandalam Raman kutty
I C C R artist
Prime ministers security, New Delhi

NICE TO SEE YOUR REPLY.

വളരെ നല്ല അഭിമുഖം. ഇത്രയും പച്ചയായി ആരും പറഞ്ഞു കേട്ടിട്ടില്ല ദോഷങ്ങളും ഗുണങ്ങളും... തീര്‍ച്ചയായും ഈ കലാകാരന്‍ ഉയര്‍ച്ചയില്‍ എത്തും സംശയം ഇല്ല, അത് ഈ അഭിമുഖം വായിച്ചാല്‍ തന്നെ അറിയും. ഇദ്ധേഹത്തിനു എല്ലാ വിധ വിജയവും ഭാഗ്യവും ജഗധീശ്വരന്‍ കൊടുക്കട്ടെ എന്ന് പ്രാര്ത്തിക്കുന്നു.

അഭിമുഖം വളരെ നന്നായി..നല്ല ചോദ്യങ്ങളും അതിനൊക്കെ സത്യസന്ധമായ തുറന്ന മറുപടികളും ..അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും ഒരുപാടു ചിന്തിപ്പിക്കുന്നു..ഇതെല്ലാം ഒരു തുറന്ന ചര്‍ച്ചക്ക് വരേണ്ടത് ആണ്..അല്ലെങ്കില്‍ ഇതിനൊക്കെ എന്ത് അവസാനമാണ് ഉള്ളത്??
അദ്ദേഹത്തിന്റെ കലാജീവിതത്തില്‍ എല്ലാ വിധ ഉയര്ച്ചകളും ആശംസിക്കുന്നു..

വളരെ നല്ല അഭിമുഖം. ചോദ്യങ്ങള്‍ക്ക് ഉള്ളു തുറന്ന, കറയില്ലാത്ത മറുപടിയും. ഭാഷയിലെ പ്രാദേശികത ഏറെ ഹൃദ്യം തന്നെ. എന്നിരിക്കിലും എല്ലാ പ്രദേശങ്ങളിലും ഉള്ള മലയാളികള്‍ക്ക് പൂര്‍ണമായും മനസ്സിലാകുന്ന തരത്തില്‍, ചില വാക്കുകള്‍ അല്പമൊന്നു (തനിമ ഒട്ടും നഷ്ടപ്പെടാതെ തന്നെ) മാറ്റി എഴുതുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. ശ്രീ കലാ. സോമന് വ്യക്തി ജീവിതത്തിലും കലാജീവിതതിലും എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു.

നിര്‍ദ്ദേശത്തിനു നന്ദി. അത്രയും പ്രാദേശികത ഉണ്ടായിരുന്നോ? ചിലപ്പോ എനിക്ക് മനസ്സിലാകാത്തതായിരിക്കാം. കാരണം ഞാന്‍ വള്ളുവനാട്ടുകാരന്‍ ആണല്ലൊ. വള്ളുവനാടന്‍ ഭാഷ മനസ്സിലാകത്തവര്‍ക്ക് പ്രശ്നമായേക്കാവുന്ന ഏത് വാക്കാണ്‌ ഉള്ളത് എന്ന് കൂടെ പറഞ്ഞാല്‍ ഉപകാരമായിരുന്നു. അതിനനുസരിച്ച് ചെയ്യാമല്ലൊ.
എന്തായാലും ഇനിയുള്ളതില്‍ അങ്ങനെ ചെയ്യാം ശ്രീഹരി സര്‍. വാസ്തവത്തില്‍ എഴുതിയത് വായിക്കുകയല്ല, വീഡിയോ കാണുകയും കേള്‍ക്കുകയും തന്നെ വേണം. വീഡിയോവില്‍ പറയുന്നത് എഴുതി ടെക്സ്റ്റാക്കി ഇടുന്നത് സെര്‍ച്ച് എഞ്ചിനുകള്‍ക്കു കൂടി വേണ്ടിയാണ്‌. :)

വാക്കുകളുടെ അല്ല, വള്ളുവനാടന്‍ slang അതേപടി പകര്‍ത്തിയെഴുതിയപ്പോള്‍ വായന കുറച്ചു ബുദ്ധിമുട്ടായി ("ഉള്ളതാച്ചാല്‍, ഗോപ്യാശാന്റെ, അദ്യേങ്ങ്ട് കീഴ്പ്പട്ട് " തുടങ്ങിയവ പോലത്തെ!!). പക്ഷേ വായന നിര്‍ത്തി, വീഡിയോ കണ്ടപ്പോള്‍ ഒരു വിഷമവുമുണ്ടായില്ല മനസ്സിലാക്കാന്‍. അഭിമുഖത്തിന് അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളും നന്ദിയും.

സോമന്‍ ഇനിയും ഉന്നതങ്ങളില്‍ എത്തട്ടെ എന്നാശംസിക്കുന്നു.

Its very happy to see an interview of Soman...indeed I am a great fan of this dedicated artist, thanks to all who worked behind this initiative.

വളരെ നല്ല അഭിമുഖം....അദ്ദേഹത്തിന്റെ കലാജീവിതത്തില്‍ എല്ലാ വിധ ഉയര്ച്ചകളും ആശംസിക്കുന്നു..

2011 മേയ് ആറാം തീയ്യതി അര്‍ജ്ജുനവിഷാദവൃത്തം പുസ്തകപ്രസാധനവും കഥകളിയും ആയിരുന്നു. അന്ന് രാത്രി കളി തുടങ്ങിയപ്പോ കാറല്‍മണ്ണ ട്രസ്റ്റ് ഹാളില്‍ ഞാന്‍ കളി കണ്ട് ഇരിക്കുമ്പോള്‍ വിനു വാസുദേവന്‍ തുടങ്ങി പരിചയമുള്ളവരും പരിചയമില്ലാത്തവരും ഒക്കെ ആയി കളി കാണാന്‍ അനവധി പേരുണ്ടായിരുന്നു. എനിക്കൊന്ന് മുറുക്കണം. എന്‍റെ കുട്ടികള്‍ ഉണ്ടെങ്കില്‍ സമ്മതിക്കില്ല. അവര്‍ എത്തിയിട്ടുമില്ല. ആ സമയത്താണ് ചെല്ലവുമായി മുറുക്കിക്കൊണ്ട് വിനു വാസുദേവനോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്നു കറുത്ത ഒരാളെ കണ്ടത്. നല്ലോണം കണ്ട പരിചയം തോന്നി. പക്ഷെ ആരാന്ന് അറിയില്ല. ങ്ഹാ പോട്ടെ ന്ന് വിചാരിച്ച് ചെല്ലം വാങ്ങി മുറുക്കി. അദ്ദേഹം പിന്നീട് എവിടേക്കോ പോയി അപ്പോഴാണ്‌ ഞാന്‍ വിനുവിനോട് ചോദിക്കുന്നത് ആരാ ഈ ആള്‍ എന്ന്.  
ഇതാണ്‌ എനിക്ക് സോമനുമായുള്ള ആദ്യ പരിചയം. നാട്ടില്‍ നിന്ന് പോരുന്നതിനു മുന്പ് തന്നെ കുറച്ച് അഭിമുഖങ്ങള്‍ എടുത്ത് വെക്കണം എന്ന് തീരുമാനിച്ചിരുന്നതിനാല്‍ ഒരു ദിവസം ഞാനും ചിത്രനും എന്‍റെ മകളും മരുമകളും കൂടി മേയ് മാസം പതിനൊന്നിന്‌ (2011)  പുറപ്പെട്ടു. ഷാരോടി വാസു ആശാന്‍റെ അഭിമുഖം ആയിരുന്നു വിചാരിച്ചിരുന്നത്. കൂട്ടത്തില്‍ സോമനുമായുള്ളതും. തൃശൂരില്‍ നിന്ന് വന്ന് ചിത്രനെ ആദ്യം പിക്ക് ചെയ്തു. പിന്നെ വെള്ളിനേഴിയില്‍ നിന്നും വരുന്ന സോമനെ പിക്ക് ചെയ്ത് ഒരു സംഘമായി ഷാരോടി വാസു ആശാന്‍റെ വീട്ടിലേക്ക് തിരിച്ചു. ആദ്യം അദ്ദേഹത്തിന്‍റെ തന്നെ എന്ന് തീരുമാനിച്ചിരുന്നതിനാല്‍ അത് ചെയ്തു. പിന്നെ നേരെ പാലക്കാട്ടേക്ക് വിട്ടു. അവിടെ ഷാജി മുള്ളൂക്കാരന്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഒപ്പം ഊണുകഴിച്ച് ഞങ്ങള്‍ അങ്ങനെ ഷാജിയുടെ വീട്ടില്‍ എത്തി. അപ്പോഴേക്കും ഹബിയും വന്നിരുന്നു. കുറച്ച് ബഹളം വെച്ച് വര്‍ത്തമാനം പറഞ്ഞ് ഒന്നുകൂടി മുറുക്കി. എന്നാല്‍ അവിടെ വെച്ച് തന്നെ ആവാം സോമനുമായുള്ള അഭിമുഖം എന്ന് തീരുമാനിച്ചു. എന്തിനും റെഡിയായുള്ള ഷാജിയുടെ വീട് അങ്ങനെ ഒരു കൊച്ചു സ്റ്റുഡിയോ ആയി. ഷാജിയുടെ കുടുംബം നാട്ടിലായിരുന്നു എന്നതിനാല്‍ അദ്ദേഹം ഏകനായിരുന്നു. കുട്ടികളോട് ബഹളം വെക്കാതെ ഇരിക്കാനും നിര്‍ദ്ദേശിച്ചു.
അഭിമുഖം കഴിഞ്ഞപ്പോഴേക്കും വൈകുന്നേരം അഞ്ച് മണി കഴിഞ്ഞിരുന്നു. പിന്നെ സോമനെ വെള്ളിനേഴി കൊണ്ട് വിട്ടു. ചിത്രനെ കുണ്ടൂര്‍ക്കുന്നിലും. ശേഷം ഞാനും മൊളും മരുമകളും കൂടി ഒരു യാത്ര ആയിരുന്നു. രാത്രി പത്ത് മണി ആകാറായിരിക്കുന്നു സമയം. അതിനിടക്ക് രാജാനന്ദന്‍റെ വീട്ടിലും ഒന്ന് കയറി. കുട്ട്യോളോട് വിശക്കുന്നുണ്ടോ ഭക്ഷണം കഴിച്ച് പോകാം ന്ന് പറഞ്ഞപ്പോ രണ്ട് പേരും പറഞ്ഞു വേണ്ട, അവിടെ തൃശൂരില്‍ ഏട്ടന്‍ (എന്‍റെ പത്താം ക്ലാസ്സുകാരന്‍ മകന്‍) കാത്തിരിക്കുന്നുണ്ടാകും അവിടെ ചെന്ന് മതി ഭക്ഷണം എന്ന്. അങ്ങനെ വണ്ടി ആഞ്ഞ് ഒരു ചവിട്ടാണ്‌ തൃശൂരിലേക്ക്. അവിടെ എത്തി ഭക്ഷണം കഴിച്ച് കിടന്നതേ ഓര്‍മ്മയുള്ളൂ. പിന്നെ പിറ്റേദിവസം രാവിലെ ആയതേ അറിഞ്ഞത് തന്നെ ഉള്ളൂ.
ഇതാണ്‌ ഈ ഇന്‍റെര്വ്യൂവിന്‍റെ പിന്നിലെ കഥ. :)

സോമേട്ടന്റെ അനുഭവവും ആത്മാർഥതയും നിറഞ്ഞ വാക്കുകളിലുള്ള അഭിമുഖം വായിക്കുന്നത് ഹൃദ്യമായിത്തോന്നി. കലാകാരന്മാർക്കുള്ള പ്രതിഫലം, കഥകളിയുടെ ഭാവി, പുതിയ ആസ്വാദകരുടെ സ്വഭാവം തുടങ്ങിയ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ശ്രദ്ധേയമാണ്. സോമേട്ടനു് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു..

>ജരാസന്ധന്‍ എനിക്ക് നല്ലോം അനുഭവമുണ്ട്. ലാസ്റ്റ് ആവുമ്പോഴേക്കാണ്‌. അഹങ്കാരത്തിന്റെ ആ മൂര്‍ത്തീകരണം.<

iyyide kaanuvanulla bhaagyam undaayi. abhipraayam parayanulla arivillenkilum, assalaayi ennanu thonniyathu.

കഥകളി സംഘാടകരുടെ വിഷമം അനുഭവിച്ച ആളാണ് ഞാൻ. ഫണ്ട് സ്വരൂപിക്കാൻ നല്ല ബുദ്ധിമുട്ടുതന്നെയാണ്.കൈയ്യിൽ നിന്നും കുറേ പോകും. വീട്ടുകാരുടെ ആപ്രീതിയും നേടും.കേരളത്തിലെ കാര്യം അറിയില്ല.കലാകാരന്മാർ ആവശ്യപ്പെടുന്ന/അവർ സ്ഥിരം വാങ്ങിക്കുന്ന പ്രതിഫലം കൊടുക്കാറുണ്ട്. എന്നാലും അതു കൊടുക്കുമ്പോൾ, അവർ അർഹിക്കുന്നതിനേക്കാൾ എത്രയോ കുറവാണ് കൊടുക്കുന്നതെന്ന ഒരു തോന്നൽ. ഒരു ഗാനമേള / മിമിക്രി നടത്തുന്നവർക്ക് കൊടുക്കുന്നതിന്റെ എത്രയോ മടങ്ങ് കുറവാണ് കളിക്കാർക്ക് കിട്ടുന്നത്. അദ്ധ്വാനവും, പരിശീലനവും തുലനം ചെയ്യാൻ പറ്റാത്തവിധവും.
സോമന്റെ തുറന്ന അഭിപ്രായം ഉള്ളിൽ തട്ടുന്ന വിധമായി. രാമൻ കുട്ടിയാശ്ശാന്റെ കത്തിയും വിജയേട്ടന്റെ പച്ചയും സോമന്റെ വേഷങ്ങളിൽ കാണാം. സോമന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.