സാധുതരം മനുജാധമ ചരിതം

കഥാപാത്രങ്ങൾ: 
സാധുതരം മനുജാധമ ചരിതം 
താപസകുലവരരേ ചരിതം
 
ആധി നമുക്കില്ല ശരഭോജന സാധനമല്ലൊ
മാനുഷനവനും 
സാധുതരം മനുജാധമ ചരിതം
താപസകുലവരരേ
 
സൂര്യകുലാധിപനൊരു നരപാലൻ
പോരിൽ മയാ ഹതനായതുമറിക
സാധുതരം മനുജാധമ ചരിതം താപസകുലവരരേ
 
രുദ്രനിവാസം കുത്തിയെറിഞ്ഞഹം
അദ്രിവരം തിലപുഷ്പസമാനം
സാധുതരം മനുജാധമ ചരിതം താപസകുലവരരേ
അർത്ഥം: 

പദസാരം:- അല്ലയോ മഹർഷിശ്രേഷ്ഠരെ, മനുഷ്യാധമന്റെ കഥ കേമം തന്നെ! എനിക്ക് ഒട്ടും പരിഭ്രമം ഇല്ല. രാക്ഷസന്മാരുറ്റെ ഭക്ഷണമാണല്ലൊ മനുഷ്യനായ അവനും. സൂര്യവംശത്തിലെ ഒരു രാജാവ്് എന്റെ കൈകൊണ്ട് വധിക്കപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാലും. പരമേശ്വരൻ വാഴുന്ന മഹാപർവ്വതത്തെ ഒരു എള്ളിൻ പൂവ് എന്ന കണക്ക് ഞാൻ എടുത്ത് എറിഞ്ഞവൻ ആണ് എന്ന് അറിഞ്ഞാലും.

അരങ്ങുസവിശേഷതകൾ: 
ശ്ലോകത്തിൽ തുംബുരു, നാരദൻ എന്നിങ്ങനെ രണ്ട് മുനിമാർ രാവണസമീപം വരുന്നു എന്ന് പറയുന്നുണ്ടെങ്കിലും അരങ്ങത്ത് നാരദൻ മാത്രമെ പതിവുള്ളൂ.
 
പരമേശ്വരൻ വാഴുന മഹാപർവ്വതത്തെ ഒരു എള്ളിൻ പൂവ് (തിലപുഷ്പം) സമാനം എടുത്ത് എറിയുന്നുണ്ട് എന്ന പറയുന്ന സന്ദർഭത്തിൽ ഇവിടേയും കൈലാസോദ്ധാരണം പാർവ്വതീ വിരഹം ഒക്കെ ആടാവുന്നതാണ്. ബാലിവിജയത്തിൽ ഉള്ളത് പോലെ.
 
ആട്ടം:-
രാവണൻ വാ‍ാളിളക്കി വലത്തും ഇടത്തും കാലുകൾ തൂക്കിമാറി നാരദനെ നോക്കി രണ്ട് പ്രാവശ്യം നീട്ടിവലിച്ച് തൊഴുത്, വാൾ മാറിനു നേരെ പിടിച്ഛ് വലത്തെ കാൽ മുന്നിലേക്ക് വെച്ചു ചവിട്ടി നിന്ന്,
എന്നാൽ ഇനി വേഗം ആ മനുഷ്യപ്പുഴുവിനെ പിടിച്ച് കെട്ടി കൊണ്ടുവരാൻ പുറപ്പെടുകയല്ലേ? എന്ന് ചോദിക്കുന്നു. അപ്പോൾ,
നാരദൻ:- അങ്ങിനെ തന്നെ.
നാലാമിരട്ടിയെടുത്ത് രാവണൻ നാരദന്റെ കൈകോർത്ത് പിടിച്ച് തേരിൽ കയറി പോകുന്നതായി കാണിച്ച് പിന്നിലേക്ക് കുത്തിമാറി പിൻ തിരിയുന്നു,
 
തിരശ്ശീല