ജയിക്ക ജയിക്ക കൃഷ്ണ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
 
ജയിക്ക ജയിക്ക കൃഷ്ണ! ജയിക്ക ഫൽഗുന വീര!
കനക്കും ശോകത്താൽ മുന്നം അധിക്ഷേപിച്ചതിലൊന്നും

നിനയ്ക്കൊല്ലേ കൃഷ്ണാ ഒന്നും നിനയ്ക്കൊല്ലേ ഫൽഗുനാ

നിനയ്ക്കൊല്ലാ മനക്കാമ്പിൽ അനർഗ്ഗള ഭുജവീര്യ!
 
നിനയ്ക്കുന്നവർക്കും നിന്നെ ഭവിക്കും ഭൂരിമംഗളം
മഹിതഭാഗ്യാംബുരാശേ! മുകുന്ദപ്രസാദാൽ.
അർത്ഥം: 

കൃഷ്ണാ, ജയിച്ചാലും, ജയിച്ചാലും. വീരനായ അർജ്ജുനാ, ജയിച്ചാലും. കനത്ത ദുഃഖത്താൽ മുൻപ് അധിക്ഷേപിച്ചതുകൊണ്ട് മനസ്സിൽ ഒന്നും വിചാരിക്കരുതേ. തടവില്ലാത്ത കരവീര്യത്തോടുകൂടിയവനേ, മഹാഭാഗ്യത്തിന്റെ സമുദ്രമേ, അങ്ങയെ സ്മരിക്കുന്നവർക്കുപോലും മുകുന്ദന്റെ അനുഗ്രഹത്താൽ മേൽക്കുമേൽ മഗളം ഭവിക്കും.

അരങ്ങുസവിശേഷതകൾ: 

കുട്ടികളെയെല്ലാം സന്തോഷത്തോടെ ഏറ്റുവാങ്ങി പത്നിയെ ഏൽപ്പിച്ചശേഷം ബ്രാഹ്മണൻ പദം അഭിനയിക്കുന്നു. ശേഷം ആട്ടം-

ബ്രാഹ്മണൻ:'അറിയാതെ ചെയ്ത തെറ്റുകൾക്ക് എന്നോട് ക്ഷമിക്കുകയില്ലെ? മനസ്സിൽ ഒന്നും വിചാരിക്കരുതേ'

കൃഷ്ണാർജ്ജുനന്മാർ:'ഒന്നും വിചാരിക്കുകയില്ല.'

ബ്രാഹ്മണൺ:'ആ വിഷ്ണുഭഗവാൻ എന്തിണാവോ എന്റെ കുട്ടികളെ എല്ലാം ഒളിച്ചുവെച്ചത്? ഞാൻ വല്ല മഹാപാപവും ചെയ്തിരിക്കുമോ?'

ശ്രീകൃഷ്ണൻ:'ഇല്ല, അതല്ല. ഞങ്ങളെ ഇരുവരേയും ഒരുമിച്ച് കാണുവാനായി അവിടുന്നുചെയ്ത ഒരു സൂത്രമായിരുന്നു ഇത്'

ബ്രാഹ്മണൻ:'ഹോ! അപ്രകാരമാണോ. പുണ്യപുരുഷന്മാരേ, ദുഃഖസാഗരത്തിൽ പെട്ട് നീന്തിക്കുഴഞ്ഞ എന്നെ ഇപ്പോൾ ഭവാന്മാർ പിടിച്ചുകയറ്റി സന്തോഷസാഗരത്തിലേയ്ക്ക് തള്ളിയിരിക്കുന്നു. ഇതിനുപകരമായി ഞാൻ എന്താണ് ചെയ്യുക?'

അർജ്ജുനൻ:'ഒന്നും വേണ്ട. അങ്ങയുടെ അനുഗ്രഹം മാത്രം മതി'

ബ്രാഹ്മണൻ:'നിങ്ങളുടെ കീർത്തി സൂര്യചന്ദ്രന്മാർ ഉള്ളകാലത്തോളം ലോകത്തിൽ വിലസട്ടെ' (ഇരുവരേയും അനുഗ്രഹിച്ചിട്ട് കൃഷ്ണനോടായി)'ഞങ്ങളിൽ എന്നും കരുണയുണ്ടാകേണമേ'

ശ്രീകൃഷ്ണൻ:'അപ്രകാരം തന്നെ'

ബ്രാഹ്മണൻ:(വന്ദിച്ച് പോകാൻ ഒരുങ്ങുന്ന ശ്രീകൃഷ്ണനെ തടുത്തിട്ട്)'നിൽക്കൂ, നിൽക്കൂ, അല്ലയോ കൃഷ്ണാ, ഈ കുട്ടികളെയെല്ലാം ഇവിടെ കൊണ്ടുവന്നുവിട്ടിട്ട് പൊയ്ക്കളയരുതേ. എല്ലാവരേയും വേണ്ടതുപോലെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ. അതിനുള്ള ഭാരം എനിക്കല്ല, അങ്ങേയ്ക്ക് തന്നെയാണ്.'

ശ്രീകൃഷ്ണൻ:'അപ്രകാരം തന്നെ. എന്നും എന്റെ കൃപാകടാക്ഷം നിങ്ങളിൽ ഉണ്ടാകും'

ശ്രീകൃഷ്ണനും അർജ്ജുനനും വന്ദിക്കുന്നു. ബ്രാഹ്മണൻ അനുഗ്രഹിക്കുകയും കുട്ടികളെക്കൊണ്ട് അനുഗ്രഹിപ്പിക്കുകയും ചെയ്യുന്നു. കൃഷ്ണാർജ്ജുനന്മാരും അവരെ യാത്രയാക്കിക്കൊണ്ട് ബ്രാഹ്മണകുടുംബവും നിഷ്ക്രമിക്കുന്നു.