രമേഷല്ല, രമയൻ
ദാക്ഷണ്യമില്ലാത്ത വേനലായിരുന്നു ഉത്തരേന്ത്യയിൽ 1999ൽ. മെയ്-ജൂണ്‍ മാസത്തിൽ ലഖ്‍നൌവിൽ തമ്പടിക്കേണ്ടി വന്നു. ഉത്തർ പ്രദേശ് തലസ്ഥാനത്തെ UNI വാർത്താ ഏജൻസിയുടെ ഡെസ്കിൽ ആളില്ലാഞ്ഞതിനാൽ അയച്ചിട്ടുള്ളതാണ്. ഉച്ചയൂണിനു മുക്കാൽ നാഴിക നടക്കണം. നാൽപ്പത്തിയെട്ടു ഡിഗ്രീ ചൂടിൽ പുറത്തേക്കിറങ്ങി ലേശം ചെന്നാൽ നിലാവാണോ എന്ന് ശങ്കിച്ച് ഭ്രാന്താവും. വഴിയോരക്കടയിൽ കയറി റൊട്ടിയും സബ്ജിയും കഴിച്ച് തിരിച്ചു വന്ന് ആപ്പീസിലെ ശീതളിമയിൽ ഹിന്ദുസ്ഥാൻ ടൈംസ് നോക്കി. സൂര്യാഘാതം ഏറ്റുള്ള മരണങ്ങൾതന്നെ ഒന്നാം പേജിൽ മുഖ്യമായും. അലസമായി മറിച്ചു മുന്നാക്കം നീങ്ങിയപ്പോൾ ഇടത്തെ താളിൽ പരിചിതമുഖം. 'സിംഹം' എന്ന കഥകളിമുദ്ര പിടിച്ച പയ്യൻ. രണ്ടു നിമിഷം നോക്കിയപ്പോൾ മനസ്സിലായി: രമയൻ!