നടകലിനളചരിതം

Monday, January 20, 2014 - 18:40
Kavalam Narayana Panicker Photo from Keleeravam 2013
(കലിവേഷം എന്ന സ്വന്ത നാടകത്തിന് ഒരു മുഖവുര)
 
ഉണ്ണായി വാര്യരുടെ പ്രഖ്യാതകൃതിയായ നളചരിതത്തെ കലി എന്ന കഥാപാത്രത്തിലൂടെയും, ആ കഥാപാത്രത്തിന്റെ ആവിഷ്‌കാരത്തിലൂടെയും പുനഃപരിശോധിക്കാന്‍ പുറപ്പെട്ടതിന്റെ അനുഭവമാണിവിടെ പരാമര്‍ശിക്കുന്നത്. അതാണ് കലിവേഷം എന്ന നാടകകൃതി. പ്രത്യേകിച്ചും ഭാരതീയമായ അഭിനയപ്രകാരങ്ങളെ കേരളീയരംഗശീലങ്ങളിലൂടെ എത്തിപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഭവിച്ച മനസ്സിന്റെ സര്‍ഗ്ഗാത്മകയാത്രയില്‍ പഴമയുടെ പുതുമയായി അടുങ്ങിവന്ന ഘടനയാണിവിടെ വിഷയം. കലികാലമാകയാല്‍ കലിയെപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഫലമായാണ് നളചരിതത്തിന്റെ നടുക്കുറ്റി ആ കഥാപാത്രത്തില്‍തന്നെ കെട്ടിയിടാന്‍ തോന്നിയത്. അങ്ങനെയാണു കലിവേഷമെടുക്കുന്ന ശുദ്ധബ്രാഹ്മണനായ ഒരു നടനില്‍ പഞ്ചമകാരങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സമകാലിക പ്രഹേളികയായി കലി എന്ന കഥാപാത്രം മാറുന്നതുതന്നെ. അതു കഥയുടെ ക്രിയാവേഗമായിത്തീരുന്നു.
നാടകത്തിന്റെ പൂര്‍വ്വരംഗമോ നാന്ദിയോ പോലെ വാര്‍ന്നു വീണ ''കലിസന്തരണം'' എന്ന കവിതയില്‍ പാകിയ കലിചരിതത്തിന്റെ വിത്തില്‍ ഉണരാനൊരുങ്ങിക്കിടന്ന ബിംബകല്പനകള്‍ കാണാം. കലിയുടെ കഥ എന്നതിലും ശരി കലിവേഷം കെട്ടാന്‍ നിയുക്തനാകുന്ന സാത്വികനായ നടന്റെ കഥ എന്നതാണ്.
 
''സന്ധ്യാവന്ദനവും വേദ
സന്ധാന പരിശുദ്ധിയും
വാഴ്‌വില്‍ കൈമുതലാക്കി'' യ ഈ നടന്‍
''മാറിയാടാന്‍ മനസ്സൂന്നി
മായികാവേഗശക്തിയാല്‍
വെളിപാടിന്നുറച്ചവ'' നാണ്.

A scene from the drama Natanakalinalacharitham
 
നടന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, മനുഷ്യജീവിതത്തെത്തന്നെ ചൂഴ്ന്നുള്ള ഒരു സ്വഭാവവിശേഷമാണ് മനസ്സിന്റെ തെളിയൊളിവുകളില്‍ ദുഷ്‌പ്രേരണകളുടെ മേല്‍ക്കൈയ്യുണ്ടാവുക എന്നത്. ചെയ്യരുതാത്തതു ചെയ്യാന്‍ പ്രേരിതനാകുന്ന നിശാവേളകളിലെ അനുഭവം ആ നടനെ പ്രഭാതമായിട്ടും വിടാതെ പിന്തുടരുന്നു, വേട്ടയാടുന്നു. ജീവിതാവശ്യങ്ങള്‍ക്കായി ചന്തയിലേക്കോ മറ്റെങ്ങോട്ടെങ്കിലുമോ നീങ്ങിയാലും കണ്ടുമുട്ടുന്നതെല്ലാം കലികയറിയ മര്‍ത്ത്യരാണെന്ന തോന്നല്‍. അതില്‍പെട്ടുഴലുന്നത് ആത്മവിശ്വാസമില്ലായ്കയാലോ സുകൃതക്ഷയം കൊണ്ടോ മാത്രമല്ല; കലിയുടെ ശക്തിപ്പെരുക്കം കൊണ്ടും കൂടിയാണ്. നളചരിതത്തെ പൊതുവെ ബാധിക്കുന്ന ഈ പ്രഹേളിക നളചരിതത്തില്‍ നളപക്ഷത്തുനിന്നാണെങ്കില്‍, കലിചരിതത്തില്‍ നടപക്ഷത്തു നിന്നും കൂടെയാണ്. അതിനു കാരണം സ്വക്ഷേത്രരഹിതനായി ഒരു ആശയമായോ സങ്കല്പമായോ കരുതാവുന്ന കലി സ്വയം ഒരു കഥാപാത്രമാണിവിടെ എന്നുള്ളതാണ്. ചില ദുര്‍ഗുണങ്ങളുടെ മൊത്തമായ വിളനിലമാണ്. പെണ്ണാശ, പൊന്നാശ, ചൂതാശ, മദ്യക്കമ്പം, കൊലപ്പറ്റ് ഇതെല്ലാം ചേര്‍ന്ന കലിയ്ക്കു ബാധിക്കാന്‍ ഒരു ശരീരമാണു വേണ്ടത്. അപ്പോള്‍ ആ ശരീരത്തെ നേരത്തെതന്നെ വാസസ്ഥാനമാക്കി കലിയ്ക്കു നല്‍കിയ നടനെങ്ങോട്ടു പോകും? കലിയാവേശം ആ ശരീരത്തില്‍ വസിക്കുന്ന നടനില്‍ പകര്‍ന്നാടുകയാണ്.
 
കളി കഴിഞ്ഞു പിറ്റേന്നു വീട്ടിലെത്തുന്ന നടന് നേരേചൊവ്വെ ജീവിച്ചാല്‍ കൊള്ളാമെന്നുണ്ട്. താനാണു തലേന്നു രാത്രിയ്ക്കു കലിവേഷം കെട്ടി ഉറക്കമിളച്ചതെങ്കിലും ഉറക്കച്ചടവു തന്റെ ഭാര്യയില്‍ കണ്ടെത്തുന്ന നടന് കുടുംബജീവിതം വിലപ്പെട്ടതാണ്. എന്നിട്ടും സന്ധ്യാവന്ദനത്തിനു കൈക്കുടന്നയില്‍ കോരിയെടുത്ത വെള്ളം അടുത്തെത്തുന്ന കലി തട്ടിത്തെറിപ്പിച്ചു കളയുന്നു. ദേഹമില്ലാത്ത കലി കഥാപാത്രമാണ്. അടുത്തുതന്നെ നില്‍ക്കുന്ന നടന്റെ ഭാര്യയ്ക്ക് കലി അദൃശ്യനാണ്; നടനു പക്ഷെ കലിയെ കാണാം. ആദ്യമാദ്യം നടനായ തന്നെ ഭരിക്കാന്‍ കഥാപാത്രമായ കലിയെ അനുവദിക്കുകയില്ലെന്നു വലിപ്പം വെച്ച നടന്‍ ക്രമേണ കലിയുടെ സ്വഭാവവുമായി ഇണങ്ങിച്ചേര്‍ന്ന് രംഗത്തേക്ക് ആവേശപൂര്‍വ്വമെത്തി തന്റെ പ്രതിയോഗിയായ നളനെ ആവേശിക്കാന്‍ തക്കം നോക്കിനടക്കുന്നു.

Another Scene from the same drama
 
കലിയ്ക്ക് സുന്ദരിയായ ദമയന്തിയെ നളനോടൊപ്പം കാണുന്നപാടെ ഉള്ളില്‍ അടക്കാനാവാത്ത അഭിനിവേശമുണ്ടായി. പക്ഷെ നടനിലൂടെയല്ലേ കഥാപാത്രത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയൂ. കഥാപാത്രം ഒരു പാമ്പായി മാറാന്‍ നടനെ പ്രേരിപ്പിക്കുന്നെങ്കിലും നടന്‍ അതില്‍ വിമനസ്സാണ്. കലി ദമയന്തിയില്‍ സര്‍പ്പഭീതി വരുത്തിക്കഴിഞ്ഞു. ഇനി അതിനു രൂപം നല്‍കേണ്ടത് നടനാണ്. കഥയില്‍ അങ്ങനെയൊരു സന്ദര്‍ഭമില്ലെന്നു നടന്‍ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നുവെങ്കിലും കലി മനോധര്‍മ്മത്തെപ്പറ്റി ബോധമില്ലാത്തവന്‍ എന്നു നടനെ കുറ്റപ്പെടുത്തി പാമ്പായി മാറാന്‍ പ്രേരിപ്പിക്കുകയും നടന്‍ പാമ്പായി ദമയന്തിയെ ഭയപ്പെടുത്തുകയും ചെയ്യുന്നു. നളന്‍ ദമയന്തിയെ ഓര്‍മ്മിപ്പിക്കുന്നതിങ്ങനെയാണ്. ''നിന്റെ സ്വയംവരത്തിന് സര്‍പ്പരാജാവായ വാസുകിയുടെ നേതൃത്വത്തില്‍ അനേകം സര്‍പ്പങ്ങള്‍ വന്നിരുന്നു. അതിലൊന്നാണിവനും. ദേവിയെ വരിക്കാന്‍ കഴിയാത്തതിന്റെ ദുഃഖം അറിയിയ്ക്കാന്‍ വന്നതാണ്''. നളന്‍ പാമ്പിനെ ഓടിച്ചുകളയുന്നുണ്ടെങ്കിലും ദമയന്തിയുടെ മേല്‍ കലിനടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. അതിനു വശംവദനാകുന്നതോടെ അഭിനയത്തിലൂടെ, സാത്വികനായ നടനില്‍, അധര്‍മ്മബോധം ക്രമേണ ഉദയം ചെയ്യുന്നു. തുടക്കത്തില്‍ ഉറച്ചമനസ്സുണ്ടായിരുന്ന നടനില്‍ കാലദോഷത്താല്‍ മാറ്റം സംഭവിയ്ക്കുന്നു.
 
''പിണിയാളാം നളനൊത്തു
നടനും കലിദോഷമായ്
സ്വഭാവഹതിയേല്‍ക്കുമോ!
നാട്യധര്‍മ്മം പുലര്‍ത്തീട്ടു-
മന്തര്‍ദ്വന്ദ്വനിവേശനാല്‍
പരിക്ഷീണിതനായ് നടന്‍.
തുലാഭാരത്തട്ടുകള്‍ക്കു
നടുത്തൂശികണക്കയാ
ളങ്ങിങ്ങാടിയുലഞ്ഞുപോയ്!''
 
ആദ്യം കഥാപാത്രത്തിനു കീഴ്‌പ്പെടാതെ, അനുഷ്ഠാനകലയില്‍ എന്നപോലെ ദേവതയാല്‍ ആവേശിക്കപ്പെടാതിരിയ്ക്കുകയും പാത്രത്തെ തന്നിലേക്കാവാഹിയ്ക്കുകയും ചെയ്യുന്ന നാട്യത്തിലെ നടന്റെ കഴിവു തിരിച്ചറിഞ്ഞ കഥകളിനടന്‍ ക്രമേണ കഥാപാത്രവുമായി താരതമ്യപ്പെടുന്നു. കഥാപാത്രത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി, അയാള്‍ ചൊല്ലിക്കൊടുക്കുന്ന ജീവിതശീലങ്ങളോടു പൊരുത്തപ്പെടാന്‍ തയ്യാറായ നടന്‍ കലിയുമായി ഉടമ്പടി നടത്തുന്നു. നടധര്‍മ്മം ജീവിതധര്‍മ്മിയായോ എന്ന വിചാരം നടന്റെ ഉള്ളില്‍ ദ്വന്ദ്വഭാവങ്ങളുടെ സംഘട്ടനം സൃഷ്ടിയ്ക്കുന്നത് കൂടുതല്‍ രൂക്ഷമാകുന്നത് കളികഴിഞ്ഞു വീട്ടില്‍ മടങ്ങിയെത്തി തന്റെ ഭാര്യയുടെ മുഖം കാണുമ്പോഴാണ്.
 
നളദമയന്തിമാരുടെ കാട്ടിലൂടെയുള്ള യാത്രകലിചരിതത്തിലും തുടര്‍ന്നു നടക്കുന്നു. വിശന്നുവലയുന്ന അവരുടെ മുന്‍പില്‍ നടകലികള്‍ പക്ഷിരൂപത്തില്‍ പറന്നുവരികയും സ്വന്തവസ്ത്രം വലയാക്കി ദമയന്തിയുമൊത്തു പക്ഷിപിടുത്ത
ത്തിനു നളന്‍ ശ്രമിച്ചു പരാജയമടയുകയും ചെയ്യുന്നു. തന്റെ മടിയില്‍ തലചായ്ച്ചുറങ്ങുന്ന ദമയന്തിയെ കാട്ടിലുപേക്ഷിച്ചു നടന്‍ പോകുന്നതോടെ നടനിലൂടെ ദമയന്തിയെ അപമാനിയ്ക്കാന്‍ കലിയുടെ ശ്രമം തുടങ്ങുകയായി.
ചാരിത്രവതിയായ ദമയന്തിയുടെ കോപം അഗ്നിയായി മാറി; ചൂടു സഹിക്കാനാവാതെ കലി താന്നിമരത്തില്‍ അഭയം തേടി. ദമയന്തീ വ്യസനം കാട്ടുതീയ്യായ് പടര്‍ന്നുകയറി, അതില്‍ കാര്‍ക്കോടകസര്‍പ്പം പതിയ്ക്കുന്നു. വിരഹവിഷാദത്തിലാണ്ട നളന്‍ ആവഴി വരുന്നതും കാര്‍ക്കോടകനെ രക്ഷിയ്ക്കുന്നതുമെല്ലാം നളചരിതത്തിന്റെ നിഴലില്‍ത്തന്നെ നടക്കുന്ന കാര്യങ്ങളാണ്. ഒടുവില്‍ കലിസന്തരണമന്ത്രത്തിലൂടെ കലി നളനെവിട്ടു പോവുകയും സ്വാഭാവികമായി നടനും കലിയില്‍ നിന്നും സ്വതന്ത്രനാവുകയും ചെയ്യുന്നു. സജ്ജനങ്ങളേയും ധര്‍മ്മികളേയും ഒരുനാളും തീണ്ടിപ്പോകരുതെന്ന നളന്റെ ഭീഷണമായ ആജ്ഞയും കേട്ടുകൊണ്ട് കലി എന്ന കഥാപാത്രം ''ദുര്‍ജ്ജനമെവിടേ സജ്ജനമെവിടേ'' എന്നു പ്രേക്ഷകരുടെ ഇടയില്‍ തിരക്കിക്കൊണ്ട് അപ്രത്യക്ഷനാകുന്നതോടെ നാടകം ഭരതവാക്യത്തിലെത്തുന്നു.

One more Scene from the same drama Natanakalinalacharitham
 
ഭരതവാക്യം :- ''ബ്രഹ്മചക്രപരിക്രമസന്ധിയിതില്‍
നൈമിശവനാങ്കഭൂതലമിതില്‍
സ്ഥലകാലങ്ങളിണങ്ങുമൊരേ ബിന്ദുവില്‍
വിലയം കൊള്ളും കലിബാധ കടക്കാതെഴു-
മഭയസ്ഥാനമിതില്‍
കഥയുടെ പുനരാവര്‍ത്തനമാകാം''
 
ഇവിടെ കലിചരിതത്തിന്റെ പ്രകടനത്തിനു വിരാമമാകുന്നു.
Article Category: 
Malayalam