ഉണ്ണായി വാര്യർ

ഉണ്ണായി വാര്യരുടെ ജീവചരിത്രം, ആമുഖം:
ഉണ്ണായി വാര്യര്‍, പ്രസിദ്ധനായ കുഞ്ചന്‍ നമ്പ്യാരുടെ സഹജീവിയായിരുന്നു. നമ്പ്യാരും വാര്യരും ഒന്നിച്ചു വളരെക്കാലം തിരുവനന്തപുരത്ത്‌ രാജസഭയില്‍ താമസിച്ചിരുന്ന കാലത്തെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ട്‌. ഈ മഹാകവികള്‍ തങ്ങളില്‍ കണ്ടറിഞ്ഞുതുതന്നെ വളരെ വിചിത്രമായിട്ടാണ്‌. യദൃച്ഛയാ രണ്ടുപേരും പത്മതീര്‍ഥക്കരയില്‍വെച്ചു തങ്ങളില്‍ സന്ധിച്ചു. അപ്പോള്‍ ഒരു തറവാട്ടുകാരിയായ സ്ത്രീ രൂപവതിയായ ദാസിയെക്കൊണ്ട്‌ എണ്ണയും താളിയും എടുപ്പിച്ചുകൊണ്ട്‌ ആ വഴിയെ കടന്നുപോകുകയുണ്ടായി. ഇതു കണ്ടിട്ട്‌ കവികളില്‍ ഒരുവന്‍ "കാതിലോലാ" എന്ന്‌ യജമാനത്തിയുടെ കുണ്ഡലത്തെ അഭിനന്ദിക്കുന്നമട്ടില്‍ പറഞ്ഞു. അതിന്‌ ഉത്തരമായി മറ്റേയാള്‍ "നല്ലതാളി" എന്നുദാസിയുടെ കൈയിലിരുന്ന അഭ്യംഗോപകരണങ്ങളെപ്പറ്റി പ്രസ്താവിച്ചു. ഈ ചോദ്യോത്തരങ്ങളിലെ വ്യംഗ്യാര്‍ത്ഥത്തിന്റെ ഔചിത്യം പ്രമാണിച്ച്‌ അവര്‍ തങ്ങളില്‍ ചോദിച്ചറിഞ്ഞു എന്നാണുകഥ. ഇതില്‍ ചോദ്യം ഇന്നാരുടേതെന്നും ഉത്തരം ഇന്നാരുടെതെന്നും നല്ല തീര്‍ച്ചയില്ല. വ്യംഗ്യത്തില്‍ കാ (ഏവള്‍) അതിലോല (അധികം സുന്ദരി) എന്നുഭാഷ ശുദ്ധസംസ്കൃതമായിരിക്കുന്നതിനാല്‍ ചോദ്യം പണ്ഡിതരായ വാര്യരുടേതും, നല്ലത്‌ ആളി (തോഴി)എന്നുള്ള സരളമായ മലയാളവാചകം സരസകവിയായ നമ്പ്യാരുടെയും പേരില്‍ സ്ഥാപിക്കേണ്ടിയിരിക്കുന്നു. മഹാരാജാവ്‌ ഒരിക്കല്‍ ഒരാനയെ ഇറക്കി കുളം കലക്കിച്ചതിന്റെശേഷം അന്നു മുഖം കാണിക്കാന്‍ ചെന്നകവികളോട്‌ എല്ലാവരോടും അന്നത്തെ വിശേഷങ്ങള്‍ ചോദിച്ചതില്‍ ഉണ്ണായിവാര്യര്‍ "ഒരു കരി കലക്കിയ കുളം കണ്ടു" എന്നും കുഞ്ചന്‍ നമ്പ്യാര്‍ "ഒരു കളഭം കലക്കിയ കുളം കണ്ടു" എന്നും അറിയിച്ചതായിട്ടാണ്‌ മറ്റൊരു കഥ. ഈവക കേട്ടുകേള്‍വികള്‍ പരമ്പരയാ വന്നിട്ടുള്ളതാണ്‌. അതുകളില്‍ വാസ്തവം സ്വല്‍പം അതിശയോക്തികൊണ്ടു മിനുക്കി കാണും. ചോദ്യോത്തരം പരിചയപ്പെട്ടതിന്റെ ശേഷം ഇക്കവികള്‍ തങ്ങളില്‍ ഒരിക്കലുണ്ടായ സംഭാഷണമേ ആയിരുന്നുള്ളൂ എന്നുവന്നേയ്ക്കാം. മറ്റേതിലും സന്ദര്‍ഭം കുറച്ചുമാറിപ്പോയി എന്നു വരാമെന്നുള്ളതല്ലാതെ പ്രധാന സംഗതിയില്‍ ഭേദം വരാനിടയില്ല. അന്നത്തെക്കാലത്തു വിദ്വാന്മാര്‍ക്ക്‌ ആത്മാഭിമാനവും പരസ്പരബഹുമാനവും രാജാവിന്‌ അവരുടെമേല്‍ ഗൌരവബുദ്ധിയും പ്രതിപത്തിയും അത്രത്തോളമുണ്ടായിരുന്നു.ഈ വക കഥകളില്‍നിന്നും രണ്ടുപേരുടെയും ബുദ്ധിചാതുര്യത്തിന്റെ ഗതി നമുക്ക്‌ ഊഹിക്കാം. വാര്യര്‍ക്ക്‌ കരി കലക്കിയ കുളം എന്ന്‌ എന്തെങ്കിലും രണ്ടര്‍ത്ഥമുള്ള വാചകം പറയണമെന്നേയുള്ളൂ. നമ്പ്യാര്‍ക്ക്‌ അത്രയും പോരാ. താന്‍ പറയുന്ന വാക്ക്‌ രാജാവിന്റെ പ്രശംസയില്‍ പരിണമിക്കണമെന്നുകൂടിയുണ്ട്‌. അതാണ്‌ "കളഭം കലക്കിയത്‌" എന്നുപറയുന്നത്‌. രാജാവിന്റെ പ്രവൃത്തികൊണ്ട്‌ കുളത്തിന്‌ ദോഷമാണുണ്ടായത്‌ എന്നല്ലയോ വാര്യരുടെ വാക്കില്‍നിന്നുഫലിക്കുന്നത്‌? നമ്പ്യാര്‍ അതുകൂടെ കരുതി ഗുണത്തെ എടുത്തുകാണിക്കുന്നു. അതിനാല്‍ ഒരാള്‍ ഗുണഗ്രാഹിയും മറ്റേയാള്‍ പുരോഭാഗിയും ആണെന്നുവരുന്നു.

നമ്പ്യാര്‍ ഒരു വാസനകവിയും വാര്യര്‍ ഒരു വലിയ പഠിത്തക്കാരനും ആയിരുന്നുവെന്നുള്ളതിലേക്ക്‌ അവരുടെ കൃതികള്‍ സാക്ഷ്യം വഹിക്കുന്നു. കുഞ്ചന്റെ തുള്ളല്‍ കഥകള്‍ സരളപ്രസന്ന മധുരദ്രുതഗതിയോടെ തുള്ളിച്ചാടിക്കുതിക്കും; ഉണ്ണായിയുടെ കഥകളിയാകട്ടെ പ്രൌഢഗംഭീരതാളമേളത്തോടെ പതിഞ്ഞ ആട്ടമാണ്‌. ഒരാളുടെ ഫലിതങ്ങളെല്ലാം പാമരന്മാര്‍ക്കുപോലും സുഗ്രഹങ്ങളാണ്‌. മറ്റേയാളുടെ നേരമ്പോക്കുകള്‍കൂടി ഗാംഭീര്യം കലശലാണ്‌. ഗ്രന്ധവിസ്താരഭയത്താല്‍ ഉദാഹരണങ്ങളെ എടുത്തുകാണിക്കുന്നില്ല. വാര്യര്‍ മലയാളത്തിലെ ശ്രീഹര്‍ഷന്‍ അല്ലെങ്കില്‍ മില്‍ട്ടണും, നമ്പ്യാര്‍ കാളിദാസന്‍ അല്ലെങ്കില്‍ ഷേക്‍സ്പിയറും ആണെന്നുപറഞ്ഞാല്‍ ഏറെ തെറ്റുകയില്ല.

ജീവചരിത്രം:
കവിയുടെ ജീവചരിത്രത്തെപ്പറ്റിയുള്ള തീര്‍ച്ചയായ അറിവ്‌ വളരെ ചുരുങ്ങും. ഭാഷാചരിത്രത്തില്‍ കാണുന്നതിന്റെ അടിസ്ഥാനമാക്കി ഇവിടെ സ്വല്‍പം പ്രസ്താവിക്കാമെന്നേയുള്ളൂ. ഉണ്ണായിവാര്യരുടെ ഗൃഹം ("അകത്തൂട്ട്‌ വാരിയം" എന്നാണ്‌ പറയപ്പെടുന്നത്‌-Sunil)കൊച്ചിസംസ്ഥനത്ത്‌ ഇരിങ്ങാലക്കുട ക്ഷേത്രത്തിന്‌ സമീപമായിരുന്നു. അവിടെ തൃശ്ശിവപേരൂരും ആയിരുന്നിരിക്കണം. വിദ്യാഭ്യാസവും ബാല്യകാലത്തില്‍ താമസവും ഗുരു ആരായിരുന്നുവെന്നും അറിവാന്‍ മാര്‍ഗ്ഗമില്ല. സംസ്കൃതത്തില്‍ കാവ്യനാടകാദികളും വ്യാകരണാലങ്കാരശാസ്ത്രങ്ങളും പഠിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹത്തിന്റെ കൃതികളില്‍നിന്ന്‌ ഊഹിക്കാം. പുരുഷപ്രാപ്തിയായതിന്റെശേഷം വളരെക്കാലം തിരുവനന്തപുരത്തുവന്നു താമസിച്ചിരുന്നതായി ലക്ഷ്യങ്ങളുണ്ട്‌. 973ല്‍ നാടുനീങ്ങിയ രാമവര്‍മ്മ മഹാരാജാവ്‌ വാര്യരുടെ യോഗ്യതയെ അറിഞ്ഞു വേണ്ടുംവണ്ണം സംഭാവനകള്‍ ചെയ്തിട്ടുണ്ട്‌. പണ്ഡിതപക്ഷപാതിയായ ആ മഹാരാജാവിന്റെ ആശ്രയം, കുഞ്ചന്‍ നമ്പ്യാര്‍ മുതലായ മഹാകവികളുടെ സഹവാസം, ആക്രമികളായ തുലുക്കരില്‍നിന്നും മറ്റും ഭയം കൂടാതെ താമസിക്കാനുള്ള സൌകര്യം പൊതുവേയുള്ള സമ്പത്സമൃദ്ധി ഇതെല്ലാം തിരുവനന്തപുരുത്തുള്ള താമസം സ്ഥിരപ്പെടുത്തുന്നതിന്‌ വാര്യരെ ഉത്സാഹിപ്പിച്ചിരിക്കണം.

നളചരിതത്തില്‍ ഉപയോഗിച്ചിട്ടുള്ള ഭാഷയുടെ സ്വഭാവം നോക്കുമ്പോള്‍ ഈ കൃതി തെക്കന്‍ദിക്കുകളില്‍വച്ചുതന്നെ എഴുതിയിരിക്കുന്നതിനാണ്‌ അധികം സംഭാവ്യത. നളചരിതം കൂടാതെ "ഗിരിജാകല്യാണം" അല്ലെങ്കില്‍ "പാര്‍വതീസ്വയംവരം" എന്നൊരു കൃതികൂടി വാര്യര്‍ രചിച്ചിട്ടുണ്ട്‌. ഗിരിജാകല്യാണം കിളിപ്പാട്ടിന്റെ മട്ടില്‍ മൂന്നദ്ധ്യായത്തിലുള്ള പ്രബന്ധമാണ്‌. ഇതുവാര്യരുടെ കൃതിയല്ലെന്നും ചിലര്‍ തര്‍ക്കിക്കുന്നു. രാജവര്‍ണ്ണനയായും മറ്റും പല ഒറ്റശ്ലോകങ്ങളും ഉണ്ണായിവാര്യര്‍ ഉണ്ടാകിയിട്ടുള്ളതായി കേള്‍വിയുണ്ട്‌. വാര്യരുടെ ജനനം 915-മാണ്ടാണെന്നും അറുപതുവയസ്സിനു മേല്‍ ജീവിച്ചിരുന്നു എന്നുമാണ്‌ ഊഹം.

"അപി ച മമ ദയിതാ
കളിയല്ലനതിചിരസൂതാ
പ്രാണന്‍ കളയുമതിവിധുരാ
എന്നാല്‍കുലമിതഖിലവുമറുതിവന്നിതു"

എന്നിടത്ത്‌ "അറം" വന്നിട്ടുണ്ടെന്നും, അതിനാല്‍ അദ്ദേഹത്തിന്റെ അടുത്ത തലമുറയോടുകൂടെ കുലത്തില്‍ സന്തതിച്ഛേദം വന്നു എന്നുമാണ്‌ കേള്‍വി.

ഭാഷ:
നളചരിതത്തിലുപയോഗിച്ചിരിക്കുന്ന ഭാഷ സംസ്കൃതബഹുലമായ മണിപ്രവാളമാകുന്നു. മണിപ്രവാളകൃതിയുടെ മാര്‍ഗ്ഗദര്‍ശി എഴുത്തച്ഛനാണല്ലോ. അദ്ദേഹം അതിശൈശവാവസ്ഥയിലിരുന്ന മലയാളഭാഷയെ സംസ്കൃതത്തിന്റെ കരാവലംബത്തോടെ പ്രൌഢവിഷയങ്ങള്‍ പ്രതിപാദിക്കുന്നതിനുവിനിയോഗിച്ചു. നമ്പ്യാര്‍ എത്തുംപിടിയുമില്ലാത്ത വേദാന്തതത്ത്വങ്ങളില്‍ പ്രവേശിക്കാതെ മലയാളത്തിന്‌ സാര്‍വ്വജനീനങ്ങളായ ലൌകികസംഗതികള്‍ വര്‍ണ്ണിക്കുന്നതില്‍ എത്രത്തോളം ശക്തിയുണ്ടെന്ന്‌ വെളിപ്പെടുത്തി. അദ്ദേഹം ആവശ്യംപോലെ സംസ്കൃതത്തില്‍നിന്നും ശബ്ദപ്രകൃതികള്‍ കടംവാങ്ങിയതേയുള്ളൂ. രണ്ടുപേര്‍ക്കും (എഴുത്തച്ഛനും നമ്പ്യാര്‍ക്കും) കടംവാങ്ങേണ്ടിവന്നിട്ടുണ്ട്‌. എന്നാല്‍ ഒരാള്‍ നാണയങ്ങള്‍ ഒന്നായി വാങ്ങി ആവശ്യങ്ങള്‍ക്കുവിനിയോഗിക്കുകയും മറ്റേയാള്‍ ആവശ്യപ്പെട്ട സാമാനങ്ങള്‍ തന്നെ വാടകയുടെ മട്ടില്‍ വാങ്ങി ഉപയോഗിക്കുകയും ചെയ്തു എന്നതാണ്‌ ഭേദം. ഉണ്ണായിയുടെ പോക്ക്‌ ഈ രണ്ടുവഴിയിലുമല്ല. "മുരാരേസ്തൃതീയഃ പാന്ധഃ" എന്നുപറയുന്നതുപോലെ അദ്ദേഹത്തിന്റെ മാര്‍ഗ്ഗമൊന്നു വേറെയാണ്‌. ഉണ്ണായിക്കു മലയാളവും സംസ്കൃതവും ഒന്നുപോലെ സ്വാധീനമാണ്‌. അപ്പോഴപ്പോള്‍ നാവിലുദിച്ച ഭാഷയില്‍ അദ്ദേഹം എഴുതും എന്നല്ലാതെ കടം വാങ്ങീട്ട്‌ ആവശ്യമുണ്ടോ എന്നുള്ള വിചാരമേ അദ്ദേഹത്തിനില്ല.

"തേടിയ വള്ളി കാലില്‍ ചുറ്റി" എന്നുള്ള മലയാളത്തിലെ പഴമൊഴിയെ അദ്ദേഹം "മിളിതം പദയുഗളെ നിഗളിതയാ മാര്‍ഗ്ഗിതയാ ലതയാ" എന്ന പ്രൌഢസംസ്കൃതത്തില്‍ തര്‍ജ്ജമചെയ്താണ്‌ ഉപയോഗിക്കുന്നത്‌.

സംസ്കൃതത്തിലെ പ്രയോഗവിശേഷങ്ങളെല്ലാം ഉണ്ണായിവാര്യര്‍ മലയാളത്തിലും കുത്തിച്ചെലുത്തിയിട്ടുണ്ട്‌.
"നലമുള്ളൊരു നവഗുണപരിമളനെനളനെന്നൊരു നൃപനെ അവള്‍ വരിച്ചു"എന്നു നാമവിശേഷണത്തിന്‌ വിശേഷ്യത്തിന്റെ വിഭക്തി വചനങ്ങള്‍.

"വിദര്‍ഭനന്ദിനി സുന്ദരി സന്തത-
മതിപ്രിയാസി വിലാസിനി മേ
പതിപ്രിയാചരണാവഹിതാ എ-
ന്നതിപ്രയാസമൃതേചതിപ്പതിന്നവനാഗതനായി."

ഇവിടെ "എന്നു" എന്ന നിപാതത്തിന്‌ "എന്നു വിചാരിച്ചിട്ട്‌" എന്നര്‍ത്ഥം. സംസ്കൃതത്തില്‍ ഈ സ്ഥാനത്തുള്ള "ഇതി" എന്നതിന്‌ "ഇതി മത്വാ" "ഇതി ഹേതു" എന്നും മറ്റും അര്‍ത്ഥമുണ്ട്‌.

"അപരിഹരണീയവിധിയന്ത്രത്തിരിപ്പുമൂന്നി" എന്നിടത്തും "ഈ മൂന്ന്‌" എന്നതിനെ മറിച്ച്‌ "മൂന്നീ" എന്നവിശേഷണം "വിശേഷ്യത്തിന്‌ മുമ്പെന്ന്‌ നടപ്പ്‌" എന്ന വ്യാകരണസൂത്രത്തിന്‌ ലംഘനം.

നമ്മുടെ കവിക്ക്‌ സംസ്കൃതവും മലയാളവും ഭിന്നഭാഷകളാണെന്നുള്ള വികാരമേ ഇല്ല. "നേര്‍ന്ന നേര്‍ച്ചകളും മമ സഫലാനി" എന്നു "നേര്‍ച്ചകള്‍ എന്ന നിര്‍ദ്ദേശികാബഹുവചനാന്തവിശേഷ്യത്തിന്‌ "സഫലാനി" എന്ന പ്രഥമബഹുവചനാന്തമാണ്‌ വിശേഷണം. പാച്ചുമൂത്തതിന്റെ വ്യാകരണപ്രകാരം "നേര്‍ച്ചയെ" സ്ത്രീലിംഗമാക്കി "സഫലാം" എന്നുപ്രയോഗിക്കാത്തതു ഭാഗ്യമെന്നേ വിചാരിപ്പാനുള്ളൂ. "ഈര്യതേ എല്ലാം ശോഭനവാണി മുദാ" എന്നിടത്തു ഭാഷാപദസ്ഥമായ നിമിത്തത്തെ പുരസ്കരിച്ച്‌ "എചോയവായ വഃ" എന്ന സംസ്കൃതസന്ധി.

രണ്ടുഭാഷകള്‍ കൂട്ടിക്കലര്‍ത്തുമ്പോള്‍ ഈമാതിരി പല ദുര്‍ഘടങ്ങളും നേരിടുന്നതാണ്‌. അതുകള്‍ തടവും തീര്‍ന്നു പ്രയോഗിക്കുന്നതിന്‌ ഉണ്ണായിവാര്യര്‍ക്കു മാത്രമേ ധൈര്യമുണ്ടാകുകയുള്ളൂ. രണ്ടുഭാഷകള്‍ക്കു തിലതണ്ഡുലന്യായേനാ ഉള്ള സംസൃഷ്ടികൊണ്ടു തൃപ്തിപ്പെടാതെ അദ്ദേഹം നിരക്ഷീരന്യായേന സങ്കരം തന്നെ സ്വീകരിച്ചു.

നളചരിതത്തിലെ ഭാഷ മണിയും പ്രവാളവും കലര്‍ത്തു ചേര്‍ത്തതല്ല. സംസ്കൃതമാകുന്ന ചെമ്പും മലയാളമാകുന്ന വെളുത്തീയ്യവും ചേര്‍ത്തുണ്ടാക്കിയ ഒരു വെങ്കലഭാഷയാണ്‌.ഉണ്ണായിവാര്യരെപ്പോലെ സ്വതന്ത്രനായ ഒരു കവി മലയാളത്തിലുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്‌.

കഥകളി ഗ്രന്ഥങ്ങളില്‍ പ്രായേണ ശ്ലോകങ്ങള്‍ സംസ്കൃതവും പദങ്ങള്‍ മണിപ്രവാളവും എന്നാണ്‌ ഒരേര്‍പ്പാട്‌. നളചരിതത്തിലെ ശ്ലോകങ്ങളില്‍ പകുതി എണ്ണവും മണിപ്രവാളമാണ്‌; ചിലതു ശുദ്ധമലയാളത്തില്‍ത്തന്നെയുണ്ട്‌.

"പേടിക്കേണ്ടാ വരുവനരികെ" എന്ന ശ്ലോകം നോക്കുക. ഇതില്‍ സംസ്കൃതശബ്ദം തന്നെ മൂന്നോ നാലോ, നാലാംപാദത്തിന്റെ ഒടുവില്‍ വന്നിട്ടുള്ളതേ ഉള്ളൂ.

എന്നാല്‍ നേരേമറിച്ച്‌, പദങ്ങളില്‍ ചില വരികള്‍ ശുദ്ധസംകൃതമായിട്ടുണ്ട്‌.
1. "വ്യസനം തേ ദമയന്തി സമസ്തമസ്തമയതാം"
2. "യാമി യാമി ഭൈമീ, കാമിതം, ശീഘ്രം സാധയി-ഷ്യാമി സാമി സാധിതം മയാ"
3."അനല്‍പം വാ വസ്തു ഭവ്യം മമ പ്രസാദേന"

ഇത്യാദി പല്ലവികളില്‍ മലയാളം തൊടുവിച്ചിട്ടെയില്ല.

"പ്രേമാനുരാഗിണീ ഞാന്‍ വാമാ രമണീയശീലാ
ത്വാമാതനോമി ഹൃദി സോമാഭിരാമമുഖ

ശ്യാമ ശശിനം രജനീ വാമാകലിതുമുപൈതു-
കാമാ ഗതയാമാ കാമിനീ"

ഇത്യാദി പദങ്ങളില്‍ മരുന്നിനുമാത്രം ഒരു മലയാള പദമേ ഉള്ളൂ. ശ്ലോകവും ദണ്ഡകവും പോരാഞ്ഞിട്ടു ഗദ്യവും കൂടി ചൂര്‍ണ്ണികയിട്ട്‌ ഉണ്ണായിവാര്യര്‍ ഉപയോഗിച്ചിട്ടുണ്ട്‌. കവിവാക്യം ശ്ലോകവും പാത്രങ്ങളുടെ സംഭാഷണങ്ങള്‍ പദവും എന്നുള്ള ഏര്‍പ്പാടും അദ്ദേഹം നാലാം ദിവസത്തെ കഥയുടെ ആരംഭത്തില്‍ ലംഘിച്ചിരിക്കുന്നു.

വാക്യരീതി:
അര്‍ത്ഥപുഷ്ടിയും ശബ്ദപുഷ്ടിയും നളചരിതത്തില്‍പ്പോലെ മറ്റൊരു മണിപ്രവാളകൃതിയിലും ഒന്നുപോലെ ചേര്‍ന്നുയോജിച്ചിട്ടുണ്ടോ എന്നു സന്ദേഹമാണ്‌. പരിചൊടും, വിരവില്‍, അങ്ങനെ, ഓര്‍ത്താല്‍, അങ്ങു, ഇഹ, ഉടനെ, ആശു, മുതലായ പാദപൂരണങ്ങള്‍ അദ്ദേഹം വളരെ അപൂര്‍വ്വമായേ ഉപയോഗിച്ചിട്ടുള്ളൂ. പ്രാസത്തിനുവേണ്ടി ഈ വക പദങ്ങള്‍ കൊണ്ടു വിടവടയ്ക്കുന്ന സമ്പ്രദായമേ ഉണ്ണായിവാര്യര്‍ മനസ്സിലാക്കിയിരുന്നില്ല. അതുകൊണ്ടു സാധാരണ മലയാളകവിതകളില്‍ കാണുന്ന ബന്ധശൈഥില്യം നളചരിതത്തെ ബാധിച്ചിട്ടില്ല. എന്നാല്‍ പ്രാസനിര്‍ബന്ധം വാര്യരേയും നേര്‍വഴിതെറ്റി നടത്തിച്ചിട്ടില്ലെന്നില്ല.

അന്വയകാഠിന്യമാണ്‌ നളചരിതത്തിലെ വൈകല്യം. വാര്യര്‍ക്ക്‌ അര്‍ത്ഥത്തില്‍ വളരെ നിഷ്കര്‍ഷയുണ്ട്‌. എന്നാല്‍ ശബ്ദത്തിലും ഒട്ടും കുറവല്ല. താളത്തിന്റെ മുറയ്ക്കു പ്രാസം കണക്കിനു വീണുകൊണ്ടിരിക്കണം. ശബ്ദം ഈ നിര്‍ബന്ധത്തിനു കീഴടങ്ങി തനിയെ വന്നില്ലെങ്കില്‍ അദ്ദേഹം പിടിച്ചു വലിച്ചിഴച്ചെങ്കിലും വരുത്തും. ഈ സാഹസത്തില്‍ ശബ്ദങ്ങളുടെ വാലോ തലതന്നെയോ ഉടഞ്ഞുപോയാലും വകയില്ല.
"ചാകം ഇവ" എന്ന പ്രാസത്തിനുചേരാന്‍ വേണ്ടി "വസ്ത്രമേതദുല്‍സൃജാമി ചാമിവ"- എന്നു ചുരുങ്ങിപ്പോയി.
"മരത്തിനിടയില്‍ കാണാമേ സുന്ദരത്തിനുടെ സാദൃശ്യേയം" ഇവിടെ "ശ്യേയം" എന്നാവര്‍ത്തിക്കാന്‍വേണ്ടി പ്രയോഗിച്ച "സാദൃശ്യേയം" എന്ന ഭാഗത്തില്‍ പദച്ഛേദം തന്നെ സ്പഷ്ടമാകുന്നില്ല.
"അപുത്രമിത്രാ കാന്താരം"-എന്ന പദത്തില്‍ "ണാളേ" എന്നു നാലുതരം ആവര്‍ത്തിച്ചു ചെയ്തതില്‍ ഒന്നുരണ്ടിനു വളരെ ക്ലേശിച്ചാലേ അര്‍ത്ഥമുണ്ടാകുന്നുള്ളൂ. ഇങ്ങനെ ദൃഷ്ടാന്തം പലതും എടുത്തുകാണിക്കാം.

എന്നാല്‍ അങ്ങനെ ചില ഭാഗങ്ങള്‍ ഒഴികെയുള്ളിടത്തെല്ലാം ശബ്ദാര്‍ത്ഥങ്ങളുടെ പുഷ്ടിയാലുണ്ടായിട്ടുള്ള സാരസ്യം ആന്യാദൃശമാണ്‌; ഗ്രന്ധം മുഴുവനും അതിലേക്കു ദൃഷ്ടാന്തമാകയാല്‍ പ്രത്യേകിച്ച്‌ ആ അംശം ഉദാഹരിച്ചു കാണിക്കേണ്ടതില്ല. ആദിപ്രാസം, അന്ത്യപ്രാസം,ദ്വിതീയപ്രാസം ഇതെല്ലാം കവി ഒന്നുപോലെ ദീക്ഷിക്കുന്നുണ്ട്‌.

അദ്ധ്യാഹാരപൂര്യതയാണ്‌ വേറൊരു ദോഷം. നളചരിതത്തിലെ വാക്യങ്ങള്‍ മിക്കതും വെളിയില്‍നിന്നു പുതിയ പദങ്ങള്‍ കൂട്ടിച്ചേര്‍ത്താലേ അന്വയിക്കൂ. "ആളയിച്ചിട്ടുണ്ടെമ്മാനില്ല" എന്നിടത്ത്‌ "ഉണ്ട്‌" എന്ന ക്രിയയുടെ കര്‍ത്താവിനെ പ്രയോഗിക്കാത്തതിനാല്‍ അര്‍ത്ഥം ദുര്‍ഗ്രഹമായിത്തീര്‍ന്നു. പാഠം കൂടി "ആളയിച്ചിട്ടുണ്ടെമ്മാനില്ല" എന്നു ദുഷിച്ചുപോകാനിടയായി.

"അവടങ്ങള്‍ സങ്കടങ്ങള്‍" എന്ന ചരണത്തില്‍ വാക്യങ്ങള്‍ എവിടെവിടെ അവസാനിക്കുന്നുവെന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. പദങ്ങള്‍ മാത്രമല്ല, വാക്യങ്ങളും ചിലെടുത്തു പ്രയോഗിക്കാതെ വിട്ടുകളയും.

"മാരുത മാരുത മാനസവേഗം കണ്ടു തേരിനു" എന്ന ചരണത്തിലും മറ്റും മദ്ധ്യേ അവതാരികയായിച്ചേര്‍ക്കുന്ന വാക്യത്തിന്റെ ഭേദംപോലെ അര്‍ത്ഥവും ഭേദിക്കുമെന്നു വ്യഖ്യാനത്തില്‍ നോക്കുക. ചില ഭാഗങ്ങള്‍ വായിച്ചാല്‍ കടംകഥ പോലെ തോന്നും. നളജീവലസംവാദത്തിലും, ഭൈമീ ബ്രാഹ്മണരോടു പറഞ്ഞയക്കുന്ന സന്ദേശത്തിലും മറ്റു സന്ദിഗ്ദ്ധാര്‍ത്ഥത ഒരു ഗുണമായിത്തീര്‍ന്നിട്ടുണ്ട്‌. ശേഷമുള്ളിടത്തെല്ലാം അന്വയകാര്‍ക്കശ്യവും നേയാര്‍ത്ഥപ്രയോഗവുംകൊണ്ടു പ്രാസഗുണം കേവലം അസ്തമിതമായിപ്പോയി എന്നു പറയേണ്ടിയിരിക്കുന്നു. ബഹിരന്തഃസ്ഫുരദ്രസമായ ദ്രാക്ഷാപാകം ഉണ്ണായിയുടെ സ്വഭാവത്തിനു വിരുദ്ധമാണ്‌; അദ്ദേഹത്തിനു നാളികേരപാകത്തിലേ രസമുള്ളൂ.സഹൃദയര്‍ രസിക്കണം, സാധാരണക്കാരന്‍ അഭിനന്ദിച്ചില്ലെങ്കില്‍ എന്താണു ഹാനി എന്നാണ്‌ കവിയുടെ നില. സാഹിത്യം ആലോചനാമൃതമായിരിക്കണം. അതിനെ പണ്ഡിതന്മാര്‍ വായിച്ച്‌ ആലോചിച്ചു രസിക്കയും വേണം. ആപാദമാധുര്യപ്രിയന്മാരായ പാമരന്മാര്‍ വേണമെങ്കിലീസാഹിത്യത്തെതന്നെ പാടി രസിച്ചുകൊള്ളട്ടെ. രണ്ടിനും ചേര്‍ന്നാണല്ലോ തന്‍ കവിത ചെയ്തിരിക്കുന്നതാണെന്നാണു വാര്യരുടെ ഭാവമെന്നു തോന്നും. (ഉമേഷിന്റെ ചിലനിലപാടുകള്‍ ഇതുപോലെയല്ലേ? കവി, കാവ്യം എന്നിവയില്‍നിന്നും വിട്ടുചിന്തിയ്ക്കുക) ശ്രീഹര്‍ഷന്റെ നൈഷധം വായിച്ചിട്ട്‌ അതുപോലെ വ്യുല്‍പ്പാദകവും പ്രൌഢഗംഭീരവുമായ ഒരു കവിത ചമയ്ക്കാനാണ്‌ വാര്യര്‍ തുനിഞ്ഞത്‌. അദ്ദേഹത്തിന്റെ ഉദ്യമം വേണ്ടുംവണ്ണം ഫലിക്കുകയും ചെയ്തു.

അതുകൊണ്ട്‌ ഉണ്ണയിവാര്യര്‍ക്കും ശ്രീഹര്‍ഷനെപ്പോലെ ഗ്രന്ഥാന്തത്തില്‍,


"ഗ്രന്ഥാഗ്രന്ഥിരിഹ ക്വചില്‍ക്വചിതിദപി-
ന്യാസി പ്രയത്നാന്മയാ
പ്രാജ്ഞമ്മന്യമനാ ഹഠേന പഠതീ
മാസ്മിന്‍ ഖലഃ ഖേലതു
ശ്രാദ്ധാരദ്ധഗുരുഃ ശ്ലഥീകൃതദണ്ഡ
ഗ്രന്ഥീഃ സമാസാദയ-
ത്വേതല്‍ കാവ്യരസോര്‍മ്മിമജ്ജനസുഖ-
വ്യാസജ്ജനം സജ്ജനഃ"

എന്ന്‌ തന്റെ ഉദ്ദേശ്യം വിളിച്ചുപറയാമായിരുന്നു.

"ഈ ഗ്രന്ഥത്തില്‍ അവിടവിടെ ഞാന്‍ ചില കുരുക്കുകള്‍ ബുദ്ധിപൂര്‍വമായി പിനച്ചിട്ടുണ്ട്‌; അതിനാല്‍ മുടുക്കനാണെന്നു നടിച്ച്‌ മഠയന്‍ ബലാല്‍ക്കാരേണ ഇതില്‍ പ്രവേശിക്കാന്‍ പോകണ്ട. ശ്രദ്ധയോടെ ഗുരുവിനെ ആരാധിച്ച്‌ തന്മുഖത്തുനിന്ന്‌ രഹസ്യങ്ങള്‍ ഗ്രഹിച്ച്‌ ഇക്കാവ്യരസത്തെ സച്ഛിഷ്യന്മാര്‍ ആസ്വദിക്കട്ടെ" എന്നാണ്‌ ശ്ലോകത്തിന്റെ താല്‍പ്പര്യം.

സംഗീതം:
ആട്ടക്കഥകളിലെ സംഗീതമെല്ലാം പഴയ ദേശികസമ്പ്രദായത്തില്‍ നിബന്ധിക്കപ്പെട്ടതാണ്‌. പിന്നീട്‌ കപ്ലിങ്ങോടനാണ്‌ അതിന്റെ ദൃുതഗതി മാറ്റി നീട്ടിപ്പതിഞ്ഞമട്ടില്‍ചൊല്ലുന്ന ഇപ്പോഴത്തെ സമ്പ്രദായം ഏര്‍പ്പെടുത്തിയത്‌. നളചരിതത്തില്‍ ചില പദങ്ങള്‍ നീട്ടിച്ചൊല്ലുന്നതിന്‌ യോജിക്കാതെയുണ്ട്‌. അതുകള്‍ അരങ്ങത്ത്‌ ചൊല്ലിയാടുന്നത്‌ ഒട്ടും എളുതല്ല. പാട്ടുകാരന്‍ രണ്ടാവൃത്തി പാടുന്ന ഇടകൊണ്ട്‌ രണ്ടോ മൂന്നോ വാക്കുകള്‍ മാത്രമേ വേഷക്കാരന്‌ കൈകാണിച്ച്‌ ആടിവരാന്‍ സാധിക്കുകയുള്ളൂ. ഈ വക പദങ്ങളും വെറുതെ പാടുന്നതിന്‌ വളരെ നന്നു തന്നെ.

ഉണ്ണായിവാര്യരുടെ സ്വാതന്ത്ര്യം അദ്ദേഹം സംഗീതത്തിന്റെ അംശത്തിലും കാണിക്കാതിരുന്നില്ല. ചിലേടുത്തു പല്ലവി മാത്രം മതി എന്നുവെയ്ക്കും അനുപല്ലവി കാണുകയില്ല. ചരണങ്ങളിലെ വരികളില്‍ അക്ഷരസംഖ്യയ്ക്കു യാതൊരു ക്ലിപ്തവുമില്ല. രണ്ടാം ദിവസത്തെ കഥയുടെ ഒടുവില്‍ രാജമാതാവിനോട്‌ ദമയന്തി പറയുന്ന പദത്തില്‍ "ആര്യേ" എന്നു രണ്ടക്ഷരം മാത്രമേ പല്ലവിഭാവമുള്ളൂ. ശേഷമെല്ലാം പാട്ടുകാരന്‍ സ്വരം കൊണ്ടു നിറച്ചു പാടിക്കൊള്ളണം. ഈ മാതിരി ചില അസൌകര്യങ്ങള്‍ കൊണ്ട്‌ ആട്ടക്കാര്‍ക്ക്‌ ആടി ഫലിപ്പിക്കുന്നതിനു സ്വല്‍പം ശ്രമം നേരിടുന്നുണ്ടെങ്കിലും നളചരിതത്തിലെ പദങ്ങള്‍ പ്രാസവ്യവസ്ഥകൊണ്ടും ശബ്ദങ്ങള്‍ക്ക്‌ ഉള്ള ശ്ലേഷ ഗുണം കൊണ്ടും ഉദാരതകൊണ്ടും പാടിയാല്‍ അത്യന്തം കര്‍ണ്ണമധുരങ്ങളായിരിക്കും.

ദേശികസമ്പ്രദായം വിട്ടുപല പുതിയരീതികളിലും ഈ പദങ്ങള്‍ പാടാറുണ്ട്‌. "അംഗനമാര്‍ മൌലേ.." "പൂമാതിനൊത്ത ചാരുതനോ", "മാന്യമതേ അഖില" മുതലായ പദങ്ങളും സ്ത്രീകള്‍ കൈകൊട്ടികളിയില്‍ ഉപയോഗിച്ചുകണ്ടിട്ടുണ്ട്‌.

സംഗീതസാഹിത്യങ്ങള്‍ രണ്ടും ഒന്നുപോലെ പലമാതിരിയിലും നയിക്കാവുന്നതിലുള്ള സര്‍വ്വതോമുഖത, പ്രകൃതിസിദ്ധമായ ഗാംഭീര്യം, ഉദാരമായ ബന്ധം, സ്വകപോലകല്‍പിതങ്ങളായ നൂതനഭംഗികള്‍ (ഉമേഷിനെ വീണ്ടും ഓര്‍മ്മവരുന്നുണ്ടോ?), ആലോചിക്കുന്തോറും അവസാനിക്കാതെ നീണ്ടുപോകുന്ന വ്യംഗ്യാര്‍ത്ഥത്തിന്റെ ബാഹുല്യം, പ്രയോഗവൈചിത്ര്യങ്ങളാലുള്ള വ്യുല്‍പാദകത, എല്ലാവിഷയത്തിലുമുള്ള ക്ഷോദമക്ഷമത ഇതുകള്‍ നളചരിതത്തെ മണിപ്രവാളകൃതികളില്‍ പ്രഥമഗണനീയമാക്കിച്ചമച്ചിരിക്കുന്നു.
 

-ഏ.ആര്‍. രാജരാജവര്‍മ്മ
("കാന്താരതാരകം" എന്ന നളചരിതം വ്യഖ്യാനത്തിന്റെ ആമുഖത്തില്‍ നിന്നും ഉദ്ധരിച്ചത്‌)