മലനട അപ്പൂപ്പനും പന്നിശ്ശേരി നാണുപിള്ളയും
Friday, April 11, 2014 - 16:03
പാഞ്ചാലീ സ്വയംവരം കഴിഞ്ഞു. പാണ്ഡവർക്ക് ബന്ധു ബലത്തോടൊപ്പം, സൈനിക ശക്തിയും, സമ്പത്തും വന്നു ചേർന്നു. കുരുസഭയിലെ ഗുരു കാരണവന്മാരുടെ ഉപദേശപ്രകാരം അർദ്ധരാജ്യം നൽകാൻ ദുര്യോധനൻ നിർബന്ധിതനായി.
പാണ്ഡവർക്ക് നൽകാൻ, ദുര്യോധനൻ തെരഞ്ഞെടുത്ത അർദ്ധരാജ്യം ഖാണ്ഡവം എന്ന ഘോര വനമായിരുന്നു. അത് സ്വീകരിക്കുകയെ പാണ്ഡവർക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. മിത്രവും ബന്ധുവുമായ ശ്രീകൃഷ്ണന്റെ ഉപദേശവും മറിച്ചായിരുന്നില്ല. കൃഷ്ണനും അർജ്ജുനനും കൂടി ഖാണ്ഡവ വനം അഗ്നിക്ക് ഇരയാക്കി, വാസയോഗ്യമാക്കി തീർത്തു. അർജ്ജുന സാരഥിയായി കൃഷ്ണൻ സേവനമഷ്ഠിച്ച ആദ്യ സന്ദർഭമിതാണ്. മയൻ എന്ന അസുര ശില്പി അതിമനോഹരങ്ങളായ കൊട്ടാരങ്ങളും, പാർശ്വഗൃഹങ്ങളും നിർമ്മിച്ചു. മയന്റെ ശില്പ ചാതുര്യം പ്രകടമായത് അവയിലൊന്നുമായിരുന്നില്ല. "ശില്പി മയാസുര ശില്പ വിശേഷം" സഭാ മണ്ഡപം ആയിരുന്നു. "മോദകരം അരികളുടെ മോഹന സഭാ ഗൃഹം" എന്ന് ദുര്യോധനനു പോലും അസൂയ ജനിപ്പിച്ച ആ സഭാ മണ്ഡപം.
പാണ്ഡവരുടെ ഈ അഭിവൃദ്ധിയും, ഐശ്വര്യവും സ്വാഭാവികമായും ദുര്യോധനനെ അസ്വസ്ഥനാക്കി. ചാരന്മാർ ദിനേന കൊണ്ടുക്കൊടുത്തിരുന്ന വാർത്തകൾ കർണ്ണപീയൂഷവുമായിരുന്നില്ല. പാണ്ഡവരെ എങ്ങനെയും നശിപ്പിക്കണമെന്ന ചിന്ത ദുര്യോധനനിൽ വർദ്ധിച്ചുകൊണ്ടേയിരുന്നു.
അങ്ങനെയാണ് ചൂതുകളിയിൽ തോൽപ്പിച്ച് പാണ്ഡവരുടെ ഐശ്വര്യത്തിന് ഹാനി വരുത്താം എന്ന മാതുലൻ ശകുനിയുടെ ഉപദേശം ദുര്യോധനൻ സ്വീകരിച്ചത്. വ്യാസ ഭാരതത്തിൽ ഇങ്ങനെയാണ് കഥ. വയസ്ക്കര മൂസ്സ് 'ദുര്യോധനവധം' ആട്ടക്കഥയ്ക്ക് സ്വീകരിച്ചിട്ടുള്ളതും ഈ കഥ തന്നെ.
ദുര്യോധനൻ ചാരന്മാരെ നാനാ ദിക്കിലേക്കും അയച്ചതായി പരാമർശിച്ചല്ലോ? അതിലൊരു ചാരൻ ദുര്യോധന സന്നിധിയിൽ വന്ന്, ഭാരത മലയൻ എന്നൊരു മഹാമാന്ത്രികൻ ഉണ്ടെന്നും, അയാൾ നിഴലിൽ കുത്തി ശത്രുക്കളെ വധിക്കാൻ മിടുക്കനാണെന്നും അറിയിച്ചു.
മലയനെ കൂട്ടിക്കൊണ്ടു വരുവാൻ ദുര്യോധനൻ ദൂതനെ അയച്ചു. വരുന്ന മന്ത്രവാദി കഴിവുള്ളവനാണെന്ന് ഉറപ്പ് വരുത്തണമല്ലോ? മലയന്റെ കഴിവുകൾ പരീക്ഷിക്കാൻ, സുശർമ്മാവ് എന്ന ത്രിഗർത്തേശന്റെ സഹായം ദുര്യോധനൻ തേടി. കോട്ട വാതിലിൽ കാവൽ നില്ക്കുക. മന്ത്രവാദി വരുമ്പോൾ തടയണം. വേണ്ടിവന്നാൽ അവനോട് ദ്വന്ദ യുദ്ധം ചെയ്യുക. ഇതായിരുന്നു ദുര്യോധനന്റെ നിർദ്ദേശം.
കോട്ടവാതിലിൽ കാവൽ നിന്ന ത്രിഗർത്തൻ മലയനെ തടഞ്ഞു. മാന്ത്രിക വിദ്യകൊണ്ട് ത്രിഗർത്തനെ മലയൻ അസ്തപ്രജ്ഞനാക്കി. അയാളുടെ കഴിവുകൾ നേരിട്ട് മനസ്സിലാക്കിയ ത്രിഗർത്തൻ, ക്ഷുദ്രകർമ്മത്തിന്, കക്ഷി പരമയോഗ്യനാണെന്ന് ദുര്യോധനനെ അറിയിച്ചു.
യുധിഷ്ഠിര മഹാരാജാവിനോട് പ്രത്യേക മമതയും ആദരവുമുള്ളയാളാണ് മലയൻ. മലയത്തിക്കാകട്ടെ, പാണ്ഡവമാതാവ് കുന്തീദേവി കണ്കണ്ട ദൈവവും. നിഴൽ കുത്തി പാണ്ഡവ നാശത്തിന് മന്ത്രവാദി വിമുഖത പ്രകടിപ്പിച്ചു. പാണ്ഡവരെ ഹനിക്കുക, അല്ലെങ്കിൽ നിന്റെ തല ഞാനെടുക്കും എന്ന ദുര്യോധനന്റെ ഭീഷണിയിൽ ഭയപ്പെട്ടുപോയ അയാൾ, നിഴൽ കുത്തി പാണ്ഡവരെ വധിച്ചു.
ലഭിച്ച വിലപിടിപ്പുള്ള പാരിതോഷികങ്ങളുമായി, കാട്ടിൽ മടങ്ങിയെത്തിയ മലയൻ, വൃത്താന്തമെല്ലാം പ്രിയതമയോട് പറഞ്ഞു. മഹാരാജ്ഞി കുന്തീദേവിക്ക് നഷ്ടപ്പെട്ട പുത്ര സുഖം തനിക്കും വേണ്ടെന്ന് ആക്രോശിച്ചു കൊണ്ട് ഏക പുത്രൻ മണികണ്ഠനെ മലയത്തി വധിച്ചു. വിലാപത്തോടെ കുന്തീ സന്നിധിയിലേക്ക് പുറപ്പെട്ടു.
ശ്രീകൃഷ്ണ കാരുണ്യത്താൽ പുനർജ്ജനിച്ച പുത്രരോടൊപ്പം മഹാരാജ്ഞിയെ കണ്ട് മലയത്തി മൂർച്ഛിച്ചു വീണു. കഥയെല്ലാം മനസ്സിലാക്കിയ ശ്രീകൃഷ്ണൻ മണികണ്ഠനെ ജീവിപ്പിച്ച്, മലയത്തിയെ അനുഗ്രഹിച്ചയച്ചു. ഇതാണ് നിഴൽക്കുത്ത് ആട്ടക്കഥ.
നിഴൽ കുത്തിയല്ലെങ്കിലും, ദുർമന്ത്രവാദത്തിലൂടെ പാണ്ഡവരെ നിഗ്രഹിക്കാനുള്ള ഒരു പദ്ധതി, കുലപതി കെ.എം. മുൻഷിയുടെ "ഭീമസേനൻ" എന്ന നോവലിൽ പരാമർശിക്കുന്നുണ്ട്. ഭീമസേനൻ വാസസ്ഥലം തീവെച്ച് ആ മന്ത്രവാദിയെ വധിക്കുന്നതാണ് കുലപതിയുടെ കഥ.
നിഴൽക്കുത്ത് ആട്ടക്കഥ രചിച്ചത് മഹാപണ്ഡിതനായ പന്നിശ്ശേരി നാണുപിള്ളയാണ്. കാവ്യ - സാഹിത്യ - ശാസ്ത്രാദികളിൽ മാത്രമല്ല വേദേതിഹാസങ്ങളിലും, ജ്യോൽസ്യത്തിലും വരെ അപാര അറിവുള്ള ഒരു മഹാനുഭാവനായിരുന്നു ബഹുഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹം. ഔദ്യോഗികമായി പ്രാഥമിക വിദ്യാഭ്യാസം മാത്രമേ നേടിയിരുന്നുള്ളൂവെങ്കിലും ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും അദ്ദേഹത്തിന് അപാര വ്യുല്പത്തിയുണ്ടായിരുന്നു.
ശ്രീ നീലകണ്ഠ തീർത്ഥപാദസ്വാമിയാണ് അദ്ദേഹത്തെ വേദാന്ത ദർശനം അഭ്യസിപ്പിച്ചത്. ചട്ടമ്പി സ്വാമികളിൽ നിന്ന് തർക്കശാസ്ത്രവും പഠിച്ചു. നാല് ആട്ടക്കഥകളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. നിഴക്കുത്ത് കൂടാതെ, ഭദ്രകാളീവിജയം, പാദുകപട്ടാഭിഷേകം, ശങ്കരവിജയം എന്നീ കഥകളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. എല്ലാ കഥകളും ചിട്ടപ്പെടുത്തി അരങ്ങേറിയിട്ടുണ്ടെങ്കിലും നിഴൽക്കുത്ത് മാത്രമാണ് രംഗപ്രചാരം നേടിയിട്ടുള്ള കൃതി.
നിഴൽക്കുത്ത് ആട്ടക്കഥയ്ക്ക് അദ്ദേഹം ആശ്രയിച്ചത് "വേലഭാരതം" എന്നൊരു നാടോടി കാവ്യകൃതിയാണ്. ഭവനങ്ങളിൽ വന്ന് ഉടുക്കു കൊട്ടി പാടി ദോഷമകറ്റുന്ന ഒരു ജാതി വിഭാഗമാണ് വേലന്മാർ. ഇവരിൽത്തന്നെ മഹാ മാന്ത്രികരുമുണ്ടായിരുന്നു. ദീപ പ്രഭയിൽ ശത്രുവിനെ നിഴൽ രൂപത്തിൽ ആവാഹിച്ച് നിഗ്രഹിക്കുന്ന നിഴല്ക്കുത്ത് എന്ന മാരണ മന്ത്രസിദ്ധിയുള്ളവരായിരുന്നു ഇവർ.
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ പോരുവഴി എന്ന പ്രദേശത്തുള്ള ഒരു ക്ഷേത്രമാണ് 'പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം.' ഇവിടെ ഭക്തജനങ്ങൾ ആരാധിക്കുന്നത്, മഹാഭാരതം ഇതിഹാസത്തിലെ പ്രതിനായകനായ ദുര്യോധനനെയാണ്. ഇവിടെ പ്രതിഷ്ഠയൊന്നുമില്ല. നാലു നാലരയടി ഉയരമുള്ള ഒരു പ്ലാറ്റ് ഫോം. ആ പ്ലാറ്റ് ഫോമിൽ ലോഹനിർമ്മിതമായ ഒരു ഗദ. ദുര്യോധനന്റെ സാന്നിധ്യം മലനടയിൽ എപ്പോഴും ഉണ്ടെന്നാണ് ഭക്തജനങ്ങൾ വിശ്വസിക്കുന്നത്. മലനട അപ്പൂപ്പൻ എന്നാണ് പറയുന്നത്. ദുര്യോധനൻ എന്നോ ദൈവമെന്നോ ഒന്നും ഭക്തർ വിശേഷിപ്പിക്കാറില്ല. നേർച്ച സമർപ്പിച്ച് പ്രാർത്ഥിച്ചാൽ കാര്യസിദ്ധി അച്ചെട്ടാണ്.
ദുര്യോധനനെ ആരാധിക്കുന്ന ദക്ഷിണേന്ത്യയിലെ ഏക ക്ഷേത്രമാണ് മലനട. ഇവിടെ ദുര്യോധനനെ ആരാധിക്കാനുള്ള കാരണങ്ങളായി പറയുന്ന വസ്തുതകളൊന്നും യുക്തിക്ക് നിരക്കുന്നതല്ല.
കുരുക്ഷേത്ര യുദ്ധം നടന്ന സ്ഥലമാണ് പോരുവഴി എന്നാണ് ഒരു കഥ. പോര് അവിടെ നടന്നതു കൊണ്ടാണ് അങ്ങനെ പേര് കിട്ടിയത്. കീചകപ്പള്ളിയാണത്രെ കീച്ചപ്പള്ളി ആയത്. പാണ്ഡവർ വസിച്ച പ്രദേശം ഐവർകാലാ എന്നറിയപ്പെടുന്നു. സംഗതി ശരിയാണ്. ഇതെല്ലാം അടുത്തടുത്ത സ്ഥലങ്ങൾ തന്നെ.
യുദ്ധത്തിൽ പരാജയപ്പെട്ട ദുര്യോധനൻ യുദ്ധക്കളത്തിൽ നിന്ന് പലായനം ചെയ്തു. അദ്ദേഹത്തിന് അഭയം കൊടുത്തത് മലനടയിലുള്ള കുറവ സമുദായത്തിൽപ്പെട്ടവരായിരുന്നു. അദ്ദേഹത്തിന് മദ്യവും മാംസവും നല്കി അവർ സൽക്കരിച്ചു. അതിന്റെ പ്രതീകമാണത്രേ ഈ ക്ഷേത്രം.
മറ്റൊരു കഥ. വനവാസ കാലത്ത് പാണ്ഡവരുടെ നീക്കങ്ങൾ മനസ്സിലാക്കാൻ ദുര്യോധനൻ ചാരന്മാരെ നിയോഗിച്ചു. അതിലൊരു ചാരൻ ഈ പ്രദേശത്തു വന്നുചേരുകയും, പ്രസിദ്ധനായ ഒരു മന്ത്രവാദിയെക്കുറിച്ച് അറിയാനിടയാവുകയും ചെയ്തുപോൽ. ഇയാളാണത്രേ ക്ഷുദ്ര കർമ്മത്തിന് നിയുക്തനായ ഭാരതമലയൻ എന്ന മന്ത്രവാദി.
ദുര്യോധന ദൂതൻ, കുന്നത്തൂർ താലൂക്കിലെ പോരുവഴിയിലും, കീച്ചപ്പള്ളിയിലും, ചക്കുവള്ളിയിലുമൊക്കെ പാണ്ഡവരെ തിരഞ്ഞു നടന്ന കഥ കേൾക്കാൻ രസമുണ്ട്.
തലമുറകളിൽ നിന്ന് തലമുറകളിലേക്ക് മാറ്റമില്ലാതെ രേഖപ്പെടുത്തുന്ന വിവരങ്ങളല്ല ചരിത്രം. ചരിത്രപരമായ സാഹചര്യങ്ങൾ വിശദീകരിക്കണം. ആ വിശദീകരണങ്ങളാകട്ടെ തെളിവുകളുടെ അടിസ്ഥാനത്തിലും ആയിരിക്കണം. പുതിയ തെളിവുകളോ നിലവിലുള്ള തെളിവുകളോ അവലംബിക്കാതെ നടത്തുന്ന ഭൂതകാല ചരിത്ര രചന സാധുവല്ല എന്ന് സാരം.
വൈദിക കാലത്ത് സമൂഹത്തെ വ്യത്യസ്ത ജാതികളാക്കി വിഭജിച്ചു. ആര്യനു വിപരീതമായി ദാസൻ എന്നൊരു ജാതി ഇതിന്റെ ഫലമായി ഉണ്ടായതാണ്. അതായത് ദ്രാവിഡൻ. ഋഗ്വേദത്തിൽ ദാസനെ തൊലിയുടെ നിറത്തിൽ വ്യത്യസ്തനായിട്ടാണ് വിവരിച്ചിട്ടുള്ളത്.
ആവാസകേന്ദ്രം സ്ഥാപിക്കാനായി ദാസർ വനം ചുട്ടെരിച്ചു. മറ്റു ജാതി സമൂഹത്തിന് പുറത്തായിരുന്നതിനാൽ ഇവരെ കാട്ടാളർ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ആദ്യകാല ഗ്രന്ഥങ്ങളിൽ വിശേഷിപ്പിക്കപ്പെടുന്ന ശബരന്മാർ, പുളിന്ദർ, നിഷാദർ തുടങ്ങിയവർ ഇക്കൂട്ടരായിരുന്നിരിക്കാം. ഇവർ പ്രാകൃതമായിരുന്നു സംസാരിച്ചിരുന്ന ഭാഷ. ആചാരങ്ങളിലും ആരാധനകളിലും ഇവർ വ്യത്യസ്തത പുലർത്തിയിരുന്നു. മദ്യവും മാംസവും ആയിരുന്നു ഇവരുടെ നിവേദ്യം.
ഈയൊരു മാനദണ്ഡം വെച്ച് ഈ ക്ഷേത്രത്തിന്റെ ചരിത്രം പരിശോധിച്ചാൽ മതി. കുറവ സമുദായത്തിൽപ്പെട്ടവർക്കായിരുന്നു ഉടമസ്ഥതയും ഭരണച്ചുമതലയും. മദ്യവും മാംസവും ആണ് ഇവിടെ നേദിക്കുന്നത് എന്നു പറഞ്ഞല്ലോ. മലനടയിൽ വരുന്ന ഭക്ത ജനങ്ങൾ പണ്ട് ഇഷ്ടാനുസരണം മദ്യം നടയ്ക്ക് വെയ്ക്കുമായിരുന്നു. അതിപ്പോൾ നിയന്ത്രിച്ചിരിക്കുകയാണ്. പ്രതീകാത്മകമായി ഒരു കുപ്പി കള്ള് രാവിലെ നടയ്ക്ക് വെയ്ക്കും. ഇപ്പോൾ ഭക്തർ മദ്യത്തിനും മാംസത്തിനും എന്ന് മനസ്സിൽ സങ്കൽപ്പിച്ച് പണം ഭാരവാഹികളെ ഏൽപ്പിച്ചാൽ മതി. സംഗതി വഴി പോലെ നടന്നു കൊള്ളും.
ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള ക്ഷേത്രമാണ് പോരുവഴി പെരുവിരുത്തി മലനട. അതുകൊണ്ട് കൂടിയായിരിക്കണം ഇപ്പോൾ ഭരണ സംവിധാനം തന്നെ പൊളിച്ചെഴുതിയിരിക്കുകയാണ്. 24 അംഗ ഭരണ സമിതിക്കാണ് ഭരണച്ചുമതല. ഇതിൽ ഏഴു പേർ നായന്മാരും ഏഴു പേർ ഈഴവരും ആണ്. ഇതര ഹിന്ദുസമുദായങ്ങളെല്ലാവരും കൂടി പത്തുപേർ. ഭരണസമിതിയിൽ മലനട ഉടമസ്ഥരായ കുറവരുടെ എണ്ണവും മദ്യത്തിന്റെ കാര്യത്തിലെന്നപോലെ ഇപ്പോൾ പ്രതീകാത്മകമായി മാറിയിരിക്കുകയാണ്. അവർ രണ്ടു പേരെയുള്ളൂ ഭരണസമിതിയിൽ. അതാത് സമുദായാംഗങ്ങളാണ് അവരവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്.
മറ്റു ക്ഷേത്രങ്ങളിൽ എന്ന പോലെ ഇവിടെയും വെളിച്ചപ്പാടുണ്ട്. പക്ഷെ വെളിച്ചപ്പാട് എന്നല്ല ഊരാളി എന്നാണ് ഇവർ അറിയപ്പെടുന്നത്. കുറവ സമുദായത്തിലെ ഒരു കുടുംബക്കാർക്കാണ് ഊരാളി സ്ഥാനം വഹിക്കാനുള്ള അവകാശം.
മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് മലനടയിൽ ആചാരാനുഷ്ഠാനങ്ങളിൽ വ്യത്യാസം ഉണ്ടെന്ന് പറഞ്ഞല്ലോ? ആ സ്ഥിതിക്കും മാറ്റം വന്നിരിക്കുകയാണ്. കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി ഭാഗവതം സപ്താഹം ഇവിടെ നടത്തിവരാറുണ്ട്. കുംഭമാസത്തിലാണ് ഇവിടെ ഉത്സവം. കെട്ടുകാഴ്ചയും, വെടിക്കെട്ടും, കഥകളിയുമാണ് പ്രധാന പരിപാടി. വെടിക്കെട്ട് ചെറിയ തോതിലെ ഇപ്പോഴുള്ളൂ. പത്തുപതിനഞ്ചു വർഷം മുമ്പ് വെടിക്കെട്ടപകടത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെയൊരു പരിഷ്ക്കാരം വരുത്തിയത്.
കഥകളിക്ക് നിർബ്ബന്ധമായും നിഴൽക്കുത്ത് കളിച്ചിരിക്കണമെന്നാണ് അലിഘിത നിയമം. അത് സമ്പൂർണ്ണമായിത്തന്നെ ആടണം. ദുര്യോധനവധം ഇവിടെ അവതരിപ്പിക്കാൻ പാടില്ല. മലനട അപ്പൂപ്പൻ കോപിക്കും.
ഇക്കൊല്ലത്തെ മലനട കൊടിയേറ്റിന് ഞാൻ പോയിരുന്നു. അന്ന് നിഴൽക്കുത്തും, വെടിക്കെട്ടും ആയിരുന്നു പ്രധാന പരിപാടി. വിപുലമായ കൊടിയേറ്റുസദ്യ ഇവിടെ വളരെ പ്രധാനമാണ്. അത്താഴ സദ്യയിൽ പങ്കെടുക്കാനും എനിക്കും യുവ സുഹൃത്ത് ജനിത് ജെ. പിള്ളയ്ക്കും അവസരമുണ്ടായി. നിഴൽക്കുത്ത് സമ്പൂർണ്ണമായി ഇതിനു മുമ്പ് ഞാൻ കണ്ടിട്ടില്ല. ദൂതനും ദുര്യോധനനുമായുള്ള രംഗം മുതലാണ് കണ്ടിട്ടുള്ളത്. പാണ്ഡവരും കുന്തിയുമായുള്ള രംഗം മുതലുള്ള ഭാഗം പന്നിശ്ശേരിയുടെ ആട്ടക്കഥയിലുണ്ട്. അദ്ദേഹത്തിന്റെ ഭവനത്തിലും, സമീപത്തുള്ള മരുതൂർക്കുളങ്ങര ക്ഷേത്രത്തിലും ഈ രംഗം മുതലുള്ള കഥ അവതരിപ്പിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.
മലനടയിൽ ദുര്യോധനനും ഭാനുമതിയും കൂടിയുള്ള പാടിപ്പദം മുതലുള്ള രണ്ടാം രംഗമാണ് അവതരിപ്പിക്കാറുള്ളത്. ഈ ഭാഗം ഹൃദിസ്ഥമായിട്ടുള്ള ഗായകർ ഇന്ന് വിരളമാണ്. തിരുവല്ല ഗോപിക്കുട്ടൻനായർക്കും, കലാമണ്ഡലം സുരേന്ദ്രനും ശ്ലോകങ്ങളും പദങ്ങളും കാണാപാഠമാണ്. ഇവരൊത്തുള്ള അരങ്ങു പരിചയം കൊണ്ട് പരിമണം മധുവിനും പുസ്തകം നോക്കാതെ പാടാൻ കഴിയുന്നുണ്ട്. പാടിപ്പദം മധുവും കലാമണ്ഡലം സജീവനുമാണ് പാടിയത്. ദൂതന്റെ ഭാഗം മുതൽ പൊന്നാനി പാടിയത് പത്തിയൂർ ശങ്കരൻകുട്ടിയായിരുന്നു.
ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള ദുര്യോധനൻ, തലവടി അരവിന്ദൻ ത്രിഗർത്തൻ, കലാമണ്ഡലം രാമചന്ദ്രൻഉണ്ണിത്താൻ ഭാരതമലയൻ, ഓയൂർ രാമചന്ദ്രൻ മലയത്തി, കലാമണ്ഡലം വിജയകൃഷ്ണൻഉണ്ണിത്താൻ മന്ത്രവാദി എന്നിങ്ങനെയായിരുന്നു പ്രധാന വേഷക്കാർ.
കാർത്ത്യവീരാർജ്ജുനവിജയത്തിലെ കമലദളം പോലെ "വദനജിത ചന്ദിരേ മദനരസ മന്ദിരേ" എന്ന പാടി രാഗത്തിലുള്ള പതിഞ്ഞ പദം തറയിൽ ഇരുന്നുകൊണ്ടാണ് ദുര്യോധനൻ ആടുന്നത്. ദുര്യോധനന്റെ ശ്ലോകവും തികഞ്ഞ സാഹിത്യ ഭംഗിയുള്ളതും, ഭാഷാ സമ്പുഷ്ടിയുള്ളതുമാണ്.
"കാലേസ്മിൻ പാർശ്വ വിശ്വോത്തര സുബഹുയശ: സാന്ദ്രചന്ദ്രാംശുപൂരാ
ശ്രാന്ത സ്വന്തം ബുധേന സ്വയുവതി സദനാ സദനേ യേനസക്കം" എന്നു തുടങ്ങുന്ന ശ്ലോകം ഉദാഹരണം.
കാമകേളികൾക്കായി അന്ത:പുരത്തിലെത്തിയ ദുര്യോധനന്, ഭാനുമതി വശംവദയാകുന്നില്ല. രാജാവിനെ പലപ്പോഴും രാജകൊട്ടാരത്തിൽ തന്നെ കാണാറില്ല. ഭർത്താവിന്റെ ഈ അപഥസഞ്ചാരമാണ് തന്നോടുള്ള വിരക്തിക്ക് കാരണം എന്ന ചിന്തയാണ് ഭാനുമതിയെ കൊപാകുലയാക്കിയത്. കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തി പ്രിയതമയെ പാട്ടിലാക്കുന്നതാണ് "വദനജിത ചന്ദിരേ" എന്ന പദം.
കമലദളത്തിൽ "പട നടുവിൽ" എന്ന ചരണമാകുമ്പോഴാണല്ലോ രാവണൻ തറയിൽ നിന്നെഴുന്നേൽക്കുന്നത്. നിഴൽക്കുത്തിൽ
"അടരിലേറ്റ മമ ദൃഡ്ഡതനു വിതദ്യ തവ
കടനയനമുനയേറ്റു ഝടിതി തളരുന്നു തേ" എന്ന ചരണം ദുര്യോധനൻ എഴുന്നേറ്റു നിന്നാണ് ആടുന്നത്.
"അശോ ശ്രുത്യ പ്രണയ മധുരം ഭാരതീ ഭാരതീയാം
ദാരാ ദുരീകൃത പരിഭവാ ഗാഡ്ഡമാലിംഗ്യ ഭംഗ്യാ" - അങ്ങനെ കാന്തനോടുള്ള വൈരാഗ്യമെല്ലാം മറന്ന് ഭാനുമതി പ്രണയ വിവശയാവുകയാണ് ചെയ്യുന്നത്.
മലയന്റെ "തന്വികളണിമണി മാലികേ, വ്രതമിന്നവസാനിച്ചിതു ബാലികേ" എന്നത് ഇതിലെ അതീവ ഹൃദ്യമായ ഒരു പദമാണ്. തോഡി രാഗമാണ് ഈ പദത്തിന് പന്നിശ്ശേരി നിഷ്ക്കർഷിച്ചിരുന്നത്. തോഡിയിലാണ് ഇത് പാടിക്കൊണ്ടിരുന്നതും. ഇത് ഇപ്പോൾ പാടുന്ന രീതിയിൽ സിന്ധുഭൈരവിയിലാക്കിയത് മഹാ ഗായകനായിരുന്ന ചേർത്തല കുട്ടപ്പപ്പണിക്കരാണ്.
ഇരയിമ്മൻതമ്പിയുടെ ഉത്തരാസ്വയംവത്തിന്റെ ഒരു നിഴലും, നിഴൽക്കുത്തിൽ കാണാൻ കഴിയും. ദൂതന്റെ കാമോദരിയിലുള്ള "ചാരുഗുണ ഗണ വാരിധേ" യും, ദുര്യോധനന്റെ മറുപടിയായ ഘണ്ടാരത്തിലുള്ള "ദൂതാ ചെറിയൊരു സംഗതി കൂടി, നീ തന്നെയിന്നു സാധിക്കണം" എന്ന പദവും കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഉത്തരാസ്വയംവരം ഓർമ്മ വരും. അത് ഒരു വലിയ കുറ്റമായിട്ടൊന്നും കാണേണ്ടതില്ല. "ഒന്നിനോടൊന്നു സാദൃശ്യമുള്ള" താണല്ലോ മിക്ക ആട്ടക്കഥകളും.
"ക്ഷുദോദനവിജയം" എന്നൊരു ആട്ടക്കഥ എഴുതാൻ പേട്ടയിൽ രാമൻപിള്ളയാശാനെ പ്രേരിപ്പിച്ചത് ഈ അനുകരണ ഭ്രാന്ത് കണ്ട് മനം മടുത്തിട്ടാണ്. ആടാനും പാടാനും ആളുണ്ടെങ്കിൽ രംഗത്ത് വളരെയധികം ശോഭിക്കുന്ന ഒരാട്ടക്കഥയാണ് നിഴൽക്കുത്ത്.
Malayalam
Comments
C.Ambujakshan Nair
Mon, 2014-04-14 07:39
Permalink
പി. രവീന്ദ്രനാഥ്
പോരുവഴി ക്ഷേത്ര ഐതിഹ്യം ഞാൻ നേരത്തെ മനസിലാക്കിയിട്ടുണ്ട്. ഓർമ്മ പുതുക്കലിന് താങ്കളുടെ പോസ്റ്റ് വളരെ ഉപകരിച്ചു. വിഷു ആശംസകൾ.
anju (not verified)
Wed, 2014-04-16 08:55
Permalink
e kshethrathe kurichum
e kshethrathe kurichum,aviduthe aachaarangalum,avde avatharippikkarulla nizhalkooth aattakathaye kurichu ariyaan kazhinjathil santhosham
.
Anju (not verified)
Wed, 2014-04-16 09:44
Permalink
e oru informationu thanks(
e oru informationu thanks( malanada kshethrathekkurichum,itheehyavum,avde avathrippikkaarulla kalayaya aattakkatha nizhalkoothineyum kurichum) ariyaan kazhinjathinu thankz..eniyum ethuppoleyulla kooduthal artcle nalkuka
പി. രവീന്ദ്രനാഥ... (not verified)
Sun, 2014-04-20 21:34
Permalink
പോരുവഴി മലനട ദക്ഷിണേന്ത്യയിലെ
പോരുവഴി മലനട ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമാണെന്ന പ്രസ്താവന തെറ്റാണ്. തിരുവല്ലയ്ക്ക് സമീപം, കുമ്പനാട് കോയിപ്രം, കടപ്രമലനട ക്ഷേത്രത്തിൽ ആരാധിക്കുന്നത് ദുര്യോധനനെയാണ്. പോരുവഴിയിൽ മലനട അപ്പൂപ്പൻ എന്നു പറയുമ്പോൾ കടപ്രമലയിൽ വല്ല്യച്ഛൻ എന്നാണ് പറയുന്നത്. ഇവിടെയും കഥകളിക്ക് വളരെ പ്രാധാന്യമുണ്ട്.