ആ പുഴയുടെ വക്കത്തിരുന്ന്…

Tuesday, May 30, 2017 - 21:06
Venmani Haridas photo by Sandeep from FB Venmani Haridas fans group

വെണ്മണി ഹരിദാസ് സ്മരണ - 1
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)


ഹരിദാസേട്ടനെ ആദ്യം കാണുകയല്ല, കേൾക്കുകയാണുണ്ടായത്. അന്ന് ടേപ് റിക്കോർഡർ വന്നുതുടങ്ങുന്ന സമയമാണ്. നളചരിതം ഒന്നാം ദിവസത്തിൽ നളൻ ദൂതിനു പോകുന്ന ഭാഗത്തെ ‘ഹേ മഹാനുഭാവ’ എന്ന പദം. ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്നെ എവിടെയോ പിടിച്ചെടുക്കുന്ന ഒരനുഭവം. അന്ന് ഞാൻ  ഡൽഹിയിലാണ്. മൃണാളിനി സാരാഭായി എന്നെ ‘ദർപ്പണ’യിലേക്ക് ക്ഷണിച്ചപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം ഹരിദാസേട്ടനും ബലരാമനുമൊക്കെയുള്ള ഒരു സ്ഥലത്തേക്ക് എത്തിപ്പെടാല്ലോ, കഥകളിയുടെ ലോകത്തേക്ക് എത്തിപ്പെടാല്ലോ എന്നതായിരുന്നു.

 
72 സെപ്റ്റംബറിലാണ് ഹരിദാസേട്ടനെ ആദ്യം കാണുന്നത്. ഞാൻ ചെല്ലുമ്പോൾ മൂപ്പര് വല്യ ഒരു കണ്ണാടി വെച്ച്, പെൻസിൽ മാതിരിയാ, കണ്ണാടി മാത്രേ പുറത്തേക്ക് കാണൂ, മഴയും തണുപ്പുമായിട്ട് ആകെയിങ്ങനെ കെട്ടിമൂടിയിരുന്ന് ക്യാരംസ് കളിക്കുകയാണ്. എന്നെയങ്ങ് കണ്ടപ്പോ എങ്ങനെയാ അതിഥിയെ സ്വീകരിക്കേണ്ടതെന്നുള്ള പരിഭ്രമമായി. പരിഭ്രമമാണ് സ്വതേ മൂപ്പരുടെ ബേസിക് ഭാവം. പരിഭ്രമിച്ച് അങ്ങോട്ടോടും ഇങ്ങോട്ടോടും, അപ്പോ ഞാൻ പറഞ്ഞു പരിഭ്രമിക്കയൊന്നും വേണ്ട, ഞാൻ എന്താച്ചാ ചെയ്തോളാന്ന്. അങ്ങനെ…അങ്ങനെയാണ് മൂപ്പരെ ആദ്യം കാണുന്നത്.

സബർമതിയുടെ വക്കത്താണ് ഞങ്ങൾ താമസിക്കുന്നത്. ആ പുഴയുടെ വക്കത്തിരുന്ന് എന്നും…ദുഃഖം തന്നെയാ കാര്യായിട്ട്. കാരണം കഥകളിയിൽ നിന്നും വിടുക, ദൂരത്തുവന്ന് താമസിക്കുക. അന്നുമിന്നും കഥകളിയിൽനിന്നും വിടുകാന്നുള്ളത് പറ്റുന്നേയില്ല. മൂപ്പര് ഓരോ പദങ്ങള് പാടും. പ്രത്യേകിച്ച് ഇവിടെ കേൾക്കാത്ത പദങ്ങളാണ് മൂപ്പര് കാര്യായിട്ട് പാടുക. എന്നിട്ട് അവിടിരുന്ന് ഇങ്ങനെ പറയും: ‘ഇന്ന് മാണിക്യമംഗലത്ത് കളിയാ, ഞായത്തോട് കളിയാ…’ ഞങ്ങളതൊക്കെ ആലോചിച്ചാലോചിച്ച് തുല്യ ദുഃഖിതരായുംകൊണ്ട് അങ്ങിനെ…
 
പിന്നെ, മലയാളസാഹിത്യത്തിനേപ്പറ്റിയൊക്കെ പറഞ്ഞ് വായിക്കാൻ പ്രചോദനം തന്നിരിക്കുന്നത്, അല്ലെങ്കിൽ എന്നേക്കൊണ്ട് ഇരുത്തി വായിപ്പിച്ചിരിക്കുന്നത്, സംസാരത്തിന് അക്ഷരസ്ഫുടത വരുത്തിയിരിക്കുന്നത്, ഒക്കെ ഹരിദാസേട്ടനാണ്. മാതൃഭൂമിയൊക്കെ ഞങ്ങള് എട്ടുകിലോമീറ്റർ പോയിട്ടുവേണം വാങ്ങിച്ചുകൊണ്ടുവരാൻ. അങ്ങനെ കൊണ്ടുവന്ന് അതു വായിക്കുക, ലളിതാംബിക അന്തർജനം, പിന്നെ സ്മാരകശിലകൾ, അങ്ങനെ കുറേ നോവലുകൾ. എം.ടി.,കേശവദേവ്, ഇവരെയൊക്കെ എനിക്കു പരിചയപ്പെടുത്തിയത് ഹരിദാസേട്ടനാണ്. ഏതാണ്ടേഴുകൊല്ലം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.

Kottakkal Sasidharan Venmani Haridas and Balaraman 
 
ഗുജറാത്തി പദങ്ങളൊക്കെ അതറിഞ്ഞു പാടുക; ഹിന്ദുസ്ഥാനി രാഗങ്ങള് വച്ചിട്ട്…അതിന്റെ മധുരം…എന്താ പറയുക! അക്ഷരം, ച്ചാൽ.. സ്വതേ സൌത്തിന്ത്യൻസ് നോർത്തിന്ത്യൻ ഭാഷയിൽ പാടുമ്പോ ഒരു സുഖക്കുറവുണ്ടാവുമല്ലോ? മൂപ്പരങ്ങനെയല്ല, എല്ലാം എഴുതിയെടുത്ത് ഇരുന്നു പഠിച്ച്, അതെന്താണ് പറയുന്നത്, എന്താണ് പറയേണ്ടത്… ‘ശ്യാമരംഗ് സമീപേ ന ജാവോ മാരെ, ആവോ സഖീ’, ച്ചാൽ ശ്യാമന്റെ അടുത്തേക്ക്, കൃഷ്ണന്റെയടുത്തേക്ക് ഞാൻ പോവില്ല. കറുത്തതിനെയൊന്നും ഞാൻ കാണില്ല, കറുപ്പിനോടു മുഴുവൻ എനിക്കു വെറുപ്പാണ്, പക്ഷെ ഞാൻ ശ്യാമന്റെയടുത്തേക്ക് പോവുകാണ്. ഈ വിരഹനായികമാരുടെ… അതൊക്കെ മൂപ്പരുടെ കേൾക്കണം. അതിന്റെ അനുഭവം പറഞ്ഞാൽ പറ്റില്ല.
 
‘അഷ്ടപദി’ അതൊക്കെ മല്ലികയും ഞാനും കൂടി ധാരാളം ചെയ്തിരുന്നതാണ്. മൂപ്പര് പാടും, ഞങ്ങള് കളിക്കും. എനിക്കിതിന്റെയൊന്നും അർത്ഥമറിയില്ലായിരുന്നു. അതൊക്കെ ദിവസവും ഇരുന്ന് എനിക്കു പറഞ്ഞുതരും.കൃഷ്ണന്റെയവസ്ഥ അങ്ങനെയാണ് രാധയുടെ അവസ്ഥയിങ്ങനെയാണ് എന്നൊക്കെ. ഞാനിവിടുന്ന് വെറും കഥകളി പഠിച്ചു പോയതാണ്. മൂപ്പരാണ് എനിക്കെല്ലാം പറഞ്ഞുതന്ന് ചെയ്യിച്ചിരുന്നത്.
 
വടക്കൊക്കെ സ്വതേ നൃത്തത്തിനാവുമ്പോ നർത്തകി ആരാണെന്നേ അന്വേഷിക്കൂ. പാടിയത് ആരാണെന്നു ചോദിക്കില്ല. കഥകളിയിലാവുമ്പോ ആരാ വേഷത്തിന് ആരാ പാട്ടിന് എന്നൊക്കെ ചോദിക്കുമല്ലോ. ഭരതനാട്യത്തിന് അതില്ല. നർത്തകിക്ക് മാത്രമാണ് ആ സ്ഥാനം. പക്ഷെ ഹരിദാസേട്ടനെ എല്ലാവരും വന്ന് അന്വേഷിച്ചിരുന്നു. പ്രത്യേകിച്ച് മൃണാളിനിക്കൊക്കെ വളരെ ഇഷ്ടവുമായിരുന്നതുകൊണ്ടും ഹരിദാസേട്ടന്റെ ശബ്ദ സുഖം കൊണ്ടുമൊക്കെ ആൾക്കാര് വന്ന് അന്വേഷിച്ചിരുന്നു. ‘നാ സദാസി  നാ സദാസി’ എന്നൊരു ശ്ലോകമുണ്ട്. എന്നും എട്ടുമണിയാവുമ്പം ദർപ്പണ തുറന്നുകഴിഞ്ഞാൽ മൂപ്പരുടെ ആ ശ്ലോകങ്ങൾ കേൾക്കുന്നതോടെ അവിടുത്തെ അന്തരീക്ഷം ആകെയങ്ങ് മാറും. അവിടെയെല്ലാവർക്കും ഇഷ്ടമായിരുന്നു. പിന്നെ ഒരു കയർപ്പോ…നമ്മളോടൊന്നും ഒരു എതിർപ്പോ ഒന്നുമുണ്ടായിരുന്നില്ല. പരിഭ്രമം മൂപ്പരുടെ സ്ഥായീഭാവം ആയിരുന്നു.  അതിനിപ്പോ അവസാനം കാണുമ്പോഴും വല്യ കുറവൊന്നും ഉണ്ടായിട്ടില്ല.
 
അന്ന് അഹമ്മദാബാദില് ആന്ധ്ര മഹാസഭ, കർണാടക സംഘം, തമിഴ് സംഘം, മലയാളി സമാജം ഇവരൊക്കെ സംഗീതത്തിന് വളരെ പ്രാധാന്യം കൊടുത്തിരുന്നു. ഹിന്ദുസ്ഥാനിസംഗീതത്തിനു വേണ്ടി രാത്രി മുഴുവൻ…, ഇവിടെ കളി നടക്കുന്നതു പോലെ, നല്ല തണുപ്പുണ്ടെങ്കിലും ഞങ്ങളതൊക്കെ കേൾക്കാൻ പോവുമായിരുന്നു. മൃണാളിനിയമ്മക്ക് ഇതിന്റെയൊക്കെ പാസ് വരും. ടിക്കറ്റെടുക്കാൻ ഞങ്ങൾക്കു പറ്റില്ലല്ലോ. എല്ലാ പാസിനും ഞങ്ങളെ പറഞ്ഞയക്കും. മൂപ്പരതു കേട്ടു വന്നു കഴിഞ്ഞാൽ റൂമിലിരുന്ന് ‘നമുക്ക് നമ്മുടെയാ പദം ഈ രാഗത്തിലാക്കിയാൽ എങ്ങനെയുണ്ടാവും’… മേളപ്പദമൊക്കെ വളരെ മാറ്റങ്ങൾ ഞങ്ങൾ റൂമിലിരുന്ന് താളം പിടിച്ച് ചെയ്തു നോക്കിയിട്ടുണ്ട്. അതുപോലെ നളചരിതത്തിലേയുമൊക്കെ പദങ്ങള്, കർണശപഥമൊന്നും അന്നു വന്നിട്ടില്ല, പാടി എന്നെ കേൾപ്പിക്കും. ‘അങ്ങനെ ചെയ്താൽ നന്നാവില്ലേ ഇങ്ങനെ ചെയ്താൽ നന്നാവില്ലേ‘ എന്നൊക്കെ. ച്ചാൽ, സെർച്ച് ചെയ്യാനുള്ള കഴിവ്, അതിനുള്ള ഒരു താല്പര്യം മൂപ്പർക്കുണ്ടായിരുന്നു. അല്ലാതെ ഈ കളരിയിൽ പഠിച്ചത് മാത്രമല്ലായിരുന്നു. അതുകൊണ്ടാ മൂപ്പര് വളർന്നത്. കളരീ പഠിച്ചത് മാത്രാച്ചാൽ വളർച്ചയുണ്ടാവില്ല. കലാകാരനാവില്ല.
 
അവിടെ 375 രൂപ ശമ്പളം കിട്ടുമ്പോൾ 300 അമ്മയക്കാണ് അയച്ചിരുന്നത്. ഞാനാണ് എല്ലാ മാസവും പൊസ്റ്റോഫീസിൽ പോയി അതയച്ചിരുന്നത്. മൂപ്പർക്ക് ആ സമയത്ത് ക്ലാസ്സുണ്ടാവും. ദേവസേന അന്തർജനം എന്നെഴുതിയ ആ സ്ലിപ്പുകൾ അദ്ദേഹം ദർപ്പണ വിട്ടു പോരുമ്പോൾ ഞാനെടുത്ത് സൂക്ഷിച്ചിരുന്നു. അത്രയും വീടിനുവേണ്ടിയൊക്കെ ശ്രദ്ധിച്ചിരുന്ന ആളാണ്.
 
ഒരു ദിവസം രാവിലെ, അന്നു ഭയങ്കര മഴയായിരുന്നു, അവിടെ ആ വർഷത്തെ വിക്രം സാരാഭായി ഫെസ്റ്റിവലിന് റിഹേഴ്സൽ നടക്കുകയാണ്. എന്നോട് ‘ഞാൻ പോവുകാണ് കേട്ടോ’ എന്നു പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. കല്യാണം കഴിഞ്ഞു വന്നിട്ട് ഒരു മാസോ മറ്റോ അവിടെ നിന്നിട്ടുള്ളൂ. അപ്പൊ, എന്തൊക്കെയോ.. ചാത്തുണ്ണിപ്പണിക്കരായിട്ടും ഒക്കെയൊരു..പിന്നെ ഇവിടെ മാർഗീല് ജോലി കിട്ടാനുള്ള ഒരു സാധ്യത. എങ്കിലും അദ്ദേഹത്തിന് അവിടെ ഇഷ്ടമായിരുന്നു. സബർമതീടെ വക്കത്തുള്ള താമസമൊക്കെയായിട്ട്. പക്ഷെ എനിക്കതിന്റെ ഉൾവലികളൊന്നുമറിയില്ല. ആ ദിവസം ഒരുച്ച സമയത്ത് ദർപ്പണയിൽ നിന്നിറങ്ങി, രാത്രി ഒൻപതു മണിക്ക് അഹമ്മദാബാദ് വിട്ടു. ഞാനതങ്ങനെ നോക്കി നിന്നു. എനിക്കാകെയുണ്ടായിരുന്ന സുഹൃത്താണ്. ബലരാമൻ പോന്നു, നാരായണേട്ടൻ പോന്നു, കഥകളീന്നൊരു ബന്ധത്തിന് മൂപ്പര് മാത്രമാണുണ്ടായിരുന്നത്. മൂപ്പരും ഇങ്ങോട്ടു പോന്നു.

Sasidharan Painkulam Narayana chakyar Narayanan nambiar Venmani haridas 

 
പക്ഷെ അവിടുന്ന് വന്നിട്ട്, അവിടുന്ന് ആർജിച്ചതു മുഴുവൻ അദ്ദേഹമിവിടെ പ്രയോഗിച്ചിട്ടുണ്ട്. ഗുജറാത്തിന്റെ ഫോക്ക് സംഗീതം കൂടി, ഇപ്പോ നളചരിതത്തിലെ കാട്ടാളന്റെ പദങ്ങളൊക്കെ പാടുമ്പോൾ, മൂപ്പരതൊക്കെ ഇതില് പ്രയോഗിക്കാറുണ്ട്. എന്നുവെച്ചാൽ നമ്മുടെ ചട്ടക്കൂട് വിട്ടിട്ടല്ല, പക്ഷെ അതിന്റെ ചെറിയ ചലനങ്ങള്. അതാണല്ലോ കലാകാരൻ, നമുക്കു പലതും എടുക്കാൻ സാധിക്കുക, അതു പ്രയോഗിക്കുക. അതിവിടെ എഫെക്ടായിട്ടുമുണ്ട്. ഹരിദാസേട്ടൻ കളിക്കു പാടുമ്പോൾ എനിക്കു തോന്നീട്ടുള്ളത്, ഒന്ന് മൂപ്പര് കഥാപാത്രമാവും. ഞാനോരോ വെക്കേഷനും വരുമ്പോൾ ആൾക്കാര് ഹരിദാസേട്ടൻ ഹരിദാസേട്ടൻ എന്നിങ്ങനെ… അനുദിനം വളർന്നുകോണ്ടേയിരുന്നു അത്. പിന്നെയുള്ള തലമുറ മുഴുവൻ ഹരിദാസേട്ടനാവാൻ ആഗ്രഹിക്കുന്ന പോലെ…
Article Category: 
Malayalam