ശ്രുതിയിൽനിന്ന് അണുവിട മാറാതെ

Monday, June 12, 2017 - 22:56
Mavelikkara P Subrahmanyam

വെണ്മണി ഹരിദാസ് സ്മരണ - 2
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)

തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിലായിരുന്നു എന്റെ സംഗീത പഠനം. കോളേജിൽ പഠിച്ചിരുന്ന കാലത്താണ് കഥകളിയിലുള്ള സംഗീതപരമായ കാര്യങ്ങളും താ‍ളസംബന്ധിയായ കാര്യങ്ങളും അഭിനയ പ്രധാനമായ കാര്യങ്ങളുമൊക്കെ കുറച്ചു ശ്രദ്ധിച്ചു തുടങ്ങിയത്. അന്നവിടെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഒരു കഥകളി. മൂന്നു കഥകളാണ്. കോട്ടയ്ക്കൽ ശിവരാമന്റെ പൂതനാമോക്ഷം, കൃഷ്ണൻ നായരാശാനും സദനം കൃഷ്ണൻകുട്ടിയും ചേർന്നുള്ള സുഭദ്രാഹരണം, പിന്നെ ദുര്യോധനവധം. അന്നു പാട്ട് ഗംഗാധരാശാനായിരുന്നു. കളികണ്ടുകൊണ്ടിരിക്കുമ്പോൾ  ഒരു സംഗീതവിദ്യാർത്ഥിയെന്ന നിലയ്ക്ക് എനിക്കന്ന് സങ്കൽ‌പ്പിക്കാൻ പോലും പറ്റാത്ത പല പല രാഗസഞ്ചാരങ്ങളിലൂടെ ഇങ്ങനെ പോവുകാണ് ഗംഗാധരാശാൻ. അപ്പോൾ വെളുത്ത് മെലിഞ്ഞ് ഒരു സുന്ദരൻ കൂടെനിന്ന് അതിഗംഭീരമായിട്ട് അതിനെ ഫോളോ ചെയ്യുന്നു. ഇദ്ദേഹത്തിന്റെ ഓരോ സംഗതിയും വളരെ മനോഹരമായിട്ട് ആ യുവത്വത്തിന്റെ ഒരു പ്രസരിപ്പോടെ present ചെയ്യുന്നു. എനിക്ക് വല്ലാതെ അതിശയം തോന്നി. On the spot, പാടിക്കേൾക്കുമ്പോൾ നമുക്കതറിയാമല്ലോ. അദ്ദേഹം പാടുന്നു. അതു കേട്ട് ഹരിദാസേട്ടൻ, അന്ന് ഹരിദാസ് എന്നെനിക്കറിഞ്ഞുകൂടാ, ഈ ചെറുപ്പക്കാരൻ പാടുകാണ്. അന്നു വെളുക്കുന്നതു വരെ കളികണ്ടിട്ട് ഇദ്ദേഹത്തെ കാണാൻ വേണ്ടി.., ഒരു യുവാവാകുമ്പോൾ നമുക്ക് കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ടല്ലോ, കാത്തുനിന്നു. അദ്ദേഹം ഫ്രീയായപ്പോൾ ഞങ്ങൾ രണ്ടുപേരും കൂടി ഒരുമിച്ചു നടക്കാൻ തുടങ്ങി. അന്നു പാടിയ ഓരോ രാഗത്തെയും പറ്റി അതസാധ്യമായിരുന്നു എന്ന് ഞാൻ പറഞ്ഞു. അപ്പോ‍ൾ ഹരിദാസേട്ടൻ പറയുന്നത് ‘ഗംഗാധരാശാന്റെ വഴികള്… അയ്യോ അത് സങ്കൽ‌പ്പിക്കാൻ പറ്റുന്നതേയല്ല. ഞാൻ ഹരിദാസേട്ടനെ പറ്റി പറയുന്ന compliments ഒന്നും കേട്ട ഭാവമേയില്ല. ‘അതല്ല ഹരിദാസേട്ടൻ അതങ്ങനെ ഫോളോ ചെയ്തു’. ‘ഏയ്  ഗംഗാധരാശന്റെ ആ വഴികളുടെയൊരു… വളരെ ബുദ്ധിമുട്ടാ. നമുക്ക് അതുപോലെയൊന്നും പറ്റില്ല. ആ ഭാവമൊന്നും കിട്ടില്ല’, എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. അവിടെയടുത്ത് എന്റെ മുറിയിൽ ചെന്ന് ഞങ്ങളൊരു കട്ടൻ കാപ്പിയിട്ട് കുടിച്ചു. അപ്പോ എന്റെ പാട്ട് കേൾക്കണമെന്നായി. ഞാനും പാടി. പാടിക്കഴിഞ്ഞപ്പോൾ അദ്ദേഹം അതിനേക്കുറിച്ച് ഒരു compliment പറഞ്ഞു. അന്നദ്ദേഹത്തിന് കുടുംബമൊക്കെയായോ എന്നു കൃത്യം ഓർമയില്ല. അതിനടുത്തുതന്നെ ഈഞ്ചയ്ക്കൽ ജംഗ്ഷൻ, അവിടെയാണ് അദ്ദേഹം താമസിച്ചിരുന്നത്. പിന്നെ അദ്ദേഹം അവിടെയടുത്ത് എവിടെയെങ്കിലും കളിക്കു വരുമ്പോഴൊക്കെ ഞാനും കൂടെപ്പോവും.

 
എന്റെ ഗുരുനാഥൻ പ്രഭാകരവർമ്മ സാറിന് ഹരിദാസേട്ടനെ വല്യ ഇഷ്ടമായിരുന്നു. കഥയെനിക്ക് കൃത്യം ഓർമ വരുന്നില്ല. ‘നീലാംബരി’ പാടിയിട്ട് ആ പദത്തിനിടയ്ക്ക് കുറച്ചു മനോധർമം. ഇതിനെ ഞങ്ങൾ നിരവൽ എന്നു പറയും. നീലാംബരിയിലൊക്കെ നിരവൽ പാടുകാന്നു പറഞ്ഞാൽ കർണാടക സംഗീതത്തിനെ സംബന്ധിച്ച്, പാടുകില്ലാന്നല്ല, അതൊരു ചലഞ്ചായിട്ട് തന്നെ എടുക്കണം. ഹരിദാസേട്ടൻ ഇതു വളരെ അനായാസമായിട്ട് പാടിയപ്പോൾ ഗുരുനാഥൻ പ്രഭാകരവർമ്മ സാറ് പറയുന്നുണ്ടായിരുന്നു, ‘നീലാംബരി ഒരു സാധാരണ രാഗം പോലെ എത്ര അനായാസമായിട്ടാണ് ഹരിദാസ് പാടിയതെന്ന് സുബ്രഹ്മണ്യം ശ്രദ്ധിച്ചോ?’ വളരെ വലിയൊരു പാട്ടാണെന്ന് സാറ് പറയുകയും ചെയ്തു. വർമ്മാ സാറിനെയൊക്കെ സ്വന്തം ഗുരുനാഥൻ നീലകണ്ഠൻ നമ്പീശനെ കാണുന്നതുപോലെയാണ് ഹരിദാസേട്ടൻ കണ്ടിരുന്നത്.
 
സംഗീതത്തിൽ ചെറിയ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുമായിരുന്നു. അദ്ദേഹം ‘ദൂരെ’ എന്നു പാടുകയാണെങ്കിൽ ദൂരെയാണെന്ന് നമുക്ക് തോന്നും. അങ്ങനെ വരുന്ന ചില പദങ്ങളൊക്കെയുണ്ടല്ലോ. ഒരു പദം കിട്ടിക്കഴിഞ്ഞ് അതിന്റെ സന്ദർഭത്തിനനുസരിച്ച് പാടുമ്പോൾ ഹരിദാസേട്ടന്റെ വാസനാബലം കൊണ്ട് സംഭവിച്ച് പോവുന്നതാണെന്ന് തോന്നാറുണ്ട്. ഒരുപാട് കേൾക്കും. ഒഴിവുള്ളപ്പോളൊക്കെ കച്ചേരികൾ കേൾക്കും. അതീന്നൊക്കെ ഓരോ രാഗങ്ങൾ മനസ്സിലാക്കി അത് ഇതിലേക്ക് സ്വാംശീകരിക്കും. അതിന്റെ ഗുണമാണ് പിന്നത്തെ തലമുറ അതെടുത്തുപാടി അനുഭവിക്കുന്നത്.
 
പൊതുവേ കഥകളിയിലെ ചടുലമായ രംഗങ്ങളിൽ, as a musician, അതിന്റെ സംഗീതാംശം കുറയാറുണ്ടെന്ന് എനിക്കു തോന്നുന്നു. അത് എന്റെയൊരു സംഗീത പക്ഷപാതം കൊണ്ട് തോന്നുന്നതാ‍യിരിക്കും. രംഗാവിഷ്ക്കാരത്തിന് അതു വേണ്ടതാവാം. ഒരു രാഗമിന്നതാണ്, പക്ഷെ… അതിലൊക്കെ ഹരിദാസേട്ടൻ ആ ചടുലത നിലനിർത്തുമ്പോൾ പൊലും ആ ചടുലതയുടെ പിന്നിൽ നമുക്കിഷ്ടം തോന്നുന്ന ഒരു മൃദുല ഭാവമുണ്ട്. അതാണെനിക്ക് വലിയ ഇഷ്ടം. അതു മറ്റു പലരിലും കാണാത്തതാണ്. എന്നാൽ അതൊരിക്കലും ആ സന്ദർഭത്തിലെ രംഗാവിഷ്ക്കാരത്തിന് യോജിക്കാതെ വരുന്നുമില്ല.
 
എന്റെയൊരു collegue, കലാമണ്ഡലം ശ്രീകുമാർ, പറയാറുണ്ട്, ഹരിദാസേട്ടൻ പാടാൻ വന്നു കഴിഞ്ഞാൽ നമ്മള് അഭിനയിക്കാൻ വേണ്ടി പ്രത്യേകിച്ചൊരു തയ്യാറെടുപ്പ് നടത്തണ്ട എന്ന്. ഇന്നയിന്ന രംഗം കഴിഞ്ഞ് ഇങ്ങനെയൊക്കെ വേണം, അങ്ങനെയൊരു തയ്യാറെടുപ്പ് ആവശ്യമില്ല. അതു തനിയെ വന്നോളും. അദ്ദേഹത്തിന്റെ ആലാപനം നമ്മളേക്കൊണ്ട് അതു ചെയ്യിച്ചോളും. കൃഷ്ണൻ കുട്ടി പൊതുവാളാശാന്റെ ചെണ്ടയെ പറ്റി അങ്ങനെ പറയാറുണ്ട്.
 
ഹരിദാസേട്ടന്റെ ഒരു വ്യക്തിത്വം, …മൃണാളിനി സാരാഭായിയുടെ നൃത്തത്തിനു പാടിയിട്ടുള്ള ആ ഒരു അനുഭവസമ്പത്ത് ഈ കഥകളിസംഗീതം കൈകാര്യം ചെയ്യുമ്പോഴുള്ള ചില വശ്യതയ്ക്കു കാരണമായിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വശീകരിച്ചെടുക്കുക… പ്രത്യേകിച്ച് ശൃംഗാരപ്പദങ്ങളിലൊക്കെ വരുന്ന ആ ഒരു സൌഖ്യഭാവം. അദ്ദേഹം ചിലതൊക്കെ പാടിക്കേൾപ്പിക്കാറുണ്ട്. മൃണാ‍ളിനിയുമായുള്ള സമ്പർക്കത്തില് ആ സമയത്ത് പാടിയിരുന്ന ഒരു പാട്ട് പാടിക്കേൾപ്പിച്ചിട്ടുണ്ട്. സിന്ധുഭൈരവിയിലാണത്. എല്ലാം വന്ന് ‘സുന്ദരി രാധേ’ എന്നവസാനിക്കും. പിന്നെ കുറേ കണക്ഷൻസൊക്കെ ചെയ്തിട്ട് വീണ്ടും ‘സുന്ദരി രാധേ’ എന്ന്. അതു വളരെ ആസ്വദിച്ച് സുന്ദരി രാധേ എന്നു പറയുന്ന ആ ഡിക്ഷനുണ്ടല്ലോ, അതിന്റെ ഉച്ചാരണഭംഗി. അതിനകത്ത് വാക്കിനു കൊടുക്കുന്ന ഒരു ഭംഗിയുമുണ്ടാകും. ഹ്രസ്വാക്ഷരങ്ങൾ ഹ്രസ്വാക്ഷരങ്ങളായിട്ടു തന്നെ പറയാനും അവിടെ സംഗതികൾ കുറയ്ക്കാനും ദീർഘാക്ഷരങ്ങളിൽ സംഗതികൾ കൂടുതൽ വരാനും ഒക്കെ ശ്രദ്ധിക്കുന്ന ഒരു പാട്ട്. അതു കേൾക്കുമ്പളാണ് നമുക്കൊരു ഭ്രമം തോന്നുന്നത്. വളരെ നന്നായിട്ടു പാടി. അതു വിട്ടിട്ട് നമ്മളെ hond ചെയ്യുക. ആ പാട്ടിന്റെ പല ഭാവങ്ങളും, ഇത്രയും വർഷങ്ങൾക്കു ശേഷം ആ സിന്ധുഭൈരവി ഓർത്തു പറയണമെങ്കിൽ അത് honding music ആണ്. നമ്മുടെ മനസ്സീന്നത് പോവില്ല. നമുക്ക് സുഖകരമായ ഒരലോസരഭാവത്തെ അതുണ്ടാക്കും. അതു തീർന്നല്ലോന്നൊരു സങ്കടവും, അതിന്റെ ഓർമ ഒരു സുഖവും.
 
ഓരോന്നിനും കൊടുക്കേണ്ട പ്രാ‍ധാന്യം ഏതു രീതിയിൽ കൊടുക്കണം എന്നദ്ദേഹത്തിനറിയാം. കാംബോജി, കല്യാണി, തോടി, ശങ്കരാഭരണം, അതിനൊക്കെ കൊടുക്കേണ്ട പ്രാധാന്യമെന്താണ്, ആ സമയത്തുണ്ടാകേണ്ട tonal പ്രത്യേകതകളെങ്ങനെയായിരിക്കണം, മറുവശത്ത് കാപി, കമാസ് എന്നിങ്ങനെയുള്ള ഉപാംഗരാഗങ്ങൾ പാടുമ്പോൾ എങ്ങനെ വേണം എന്നൊക്കെയുള്ള ധാരണ, അതു വളരെയധികം ആളുകളിൽ കാണാനൊക്കൂല്ല. ഒരിക്കൽ ചോറ്റാനിക്കര അമ്പലത്തില്, ഒന്നാം ദിവസമായിരിക്കണം… ‘കണ്ടേൻ നികടേ’ എന്ന പദം. സാധാരണ അത് ‘കമാസി’ലാണു പാടുന്നത്. അന്നദ്ദേഹമത് വളരെ ബുദ്ധിപൂർവം ‘വാഗധീശ്വരി‘യിൽ പാടി. സ്വതേ കർണാടക സംഗീതജ്ഞരു പാടുന്ന ഒരു രാഗമാണത്. അന്നൊന്നും കഥകളിയിൽ അതു കേട്ടിട്ടില്ല. അതു വളരെ അനായാസമായിട്ട്… കമാസ് ആ സന്ദർഭത്തിന് ഏറ്റവും യോജിച്ച ഒരു രാഗമായിട്ടാണ് തോന്നിയിട്ടുള്ളത്. പക്ഷെ അതിനൊരു ഭംഗം വന്നതായിട്ട് തോന്നിയില്ല. എങ്ങനെ ആ മാജിക്ക് സാധിക്കുന്നു എന്നെനിക്ക് മനസ്സിലായിട്ടില്ല.
 
എനിക്ക് മറക്കാനാവാത്ത സംഭവം, തുറവൂരമ്പലത്തിൽ ഹരിദാസേട്ടനും ഞാനുമായിട്ട് ഒരു ജുഗൽബന്ദിയുണ്ടായി. അതിന്റെയവസാനം ഇദ്ദേഹം ‘ശിവം ശിവകരം ശാന്തം’ എന്ന് സിന്ധുഭൈരവിയിൽ പാടി. അതേപ്പറ്റി ഒന്നും പറയാനില്ല. ഒരു സംഗീതജ്ഞൻ എന്ന നിലയ്ക്ക് നമ്മുടെ മനസ്സിനകത്ത് കുറേ അവിസ്മരണീയ മുഹൂർത്തങ്ങൾ കാണും. കച്ചേരികളിൽ അങ്ങനെ പലതുമുണ്ട്. അതുപോലെയാണ് ഇദ്ദേഹത്തിന്റെ ആ സിന്ധുഭൈരവി. അനർഘനിമിഷം എന്നൊക്കെ പറയില്ലേ. ആ സിന്ധുഭൈരവിയുടെ സഞ്ചാരങ്ങളൊന്നും പറയാനില്ല. അങ്ങനൊരു സിന്ധുഭൈരവി വളരെ ദുർലഭമായിട്ടേ കേൾക്കാനൊക്കൂ. മഹാന്മാരായിട്ടുള്ള പല ഗായകരും കർണാടക സംഗീതത്തിൽ പാടിക്കേട്ടിട്ടുള്ളതാണ്. അതിൽ ഹരിദാസേട്ടന്റേതായ ഒരു ചാരുത, ഭംഗി എല്ലാം കലർത്തി… അവിടെയാ ഞാൻ പറഞ്ഞത്, കുറച്ച് ആ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഒരിത്. ഭീംസെൻ ജോഷിയുടെയൊക്കെ വലിയൊരാരാധകനാ ഹരിദാസേട്ടൻ. പിന്നിട് കാണുമ്പോളൊക്കെ ഞാനീ സിന്ധുഭൈരവിയുടെ കാര്യം പറയും. അപ്പോ അദ്ദേഹം പറയും: ‘അതൊന്നുമല്ല, സുബ്രഹ്മണ്യം പാടിയ കാപിയാണ് അന്ന് കേമമായത്’. ഞാൻ പറയുന്ന compliments ഒന്നും അങ്ങോട്ട് കേൾക്കില്ല.  കാരണം ആ ഒരു… എന്നെ ഒരു സ്നേഹിതൻ എന്നതിലുപരി ബഹുമാനത്തോടുകൂടി കാണുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. എനിക്കും അതേ ഭാവമാണ്. ഇഷ്ടമാണ്. ഞങ്ങള് തമാശകളൊക്കെ പറയും. അപ്പളും ആ ഒരു ബഹുമാനം തോന്നാറുണ്ട്. ആരെയും വിമർശിക്കുന്ന സ്വഭാവമില്ല. നല്ലതിനെപ്പറ്റി മാത്രം പറയും. അങ്ങനൊരു രീതിയാ. വളരെ വിശാലമായ ഒരു കാഴ്ചപ്പാട്. നല്ലതു പറഞ്ഞേ ഞാനിതുവരെ കേട്ടിട്ടുള്ളൂ. തന്നേക്കാൾ വളരെ ജൂനിയറയിട്ടുള്ളവരെ കുറിച്ചുപോലും ‘നല്ല വാസനയാ കേട്ടോ’ എന്നൊക്കെ ഒരു compliment പറയാൻ മടിക്കാറില്ല.
 
കച്ചേരീന്ന് പറയുമ്പം സകലതും ശ്രുതിമയമായിരിക്കും. കഥകളിയിൽ ചെണ്ടയ്ക്കൊരു ശ്രുതി കാണും, മദ്ദളത്തിന് വേറൊരു ശ്രുതിയായിരിക്കും, ചേങ്ങിലയ്ക്കും ഇലത്താളത്തിനും ഇതൊന്നുമായിരിക്കില്ല. ഇതിന്റെ നടുവിലും ഇത്ര ശ്രുതിശുദ്ധമായിട്ട് പാടുകാന്നു പറഞ്ഞാൽ… ഹൈദരലിയേട്ടനും അതുണ്ടായിരുന്നു. എമ്പ്രാന്തിരിയേട്ടൻ ആ ശാരീരത്തിന്റെ ഒരു ഗംഭീരത്വം കൊണ്ട് ഉണ്ടാക്കുന്ന ഒരന്തരീക്ഷം, അതാണദ്ദേഹത്തിന്റെ പ്രത്യേകത. പതിനെട്ട് വാദ്യങ്ങളും ചെണ്ടയ്ക്ക് കീഴെയാണെന്ന് പറയില്ലേ,  അതിന്റെയൊക്കെ അകമ്പടിയുള്ളപ്പോൾ പൊലും ശ്രുതിയിൽനിന്ന് അണുവിട മാറാതെ പാടാൻ കഴിയുന്നത്, അതൊരു സവിശേഷത തന്നെയാണ്.
 
അദ്ദേഹത്തിന് സംഗീതം മാത്രം ശ്രദ്ധിക്കുന്നവരെ തൃപ്തിപ്പെടുത്താനും കഥകളിയും സംഗീതവും ഒരുപോലെ ശ്രദ്ധിക്കുന്നവരെ തൃപ്തിപ്പെടുത്താനും കഥകളി മാത്രം ശ്രദ്ധിക്കുന്നവർക്ക് അവരറിയാതെ ആ സംഗീതത്തിന്റെ മഹിമ കൊണ്ട് അവർക്കും ഒരു തൃപ്തി തോന്നാനുമൊക്കെ അദ്ദേഹത്തിന്റെ സംഗീതത്തിനു കഴിഞ്ഞിരുന്നു. അതാണു അദ്ദേഹത്തേ പറ്റി എനിക്കു പറയാ‍ൻ തോന്നിയിട്ടുള്ള ഒരു കാര്യം. ഒരുപക്ഷെ വേഷക്കാരെ തൃപ്തിപ്പെടുത്തണമെങ്കിൽ സംഗീതത്തിൽ വരുന്ന ചില സഞ്ചാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും. അല്ലെങ്കിൽ ആ സന്ദർഭത്തിനു യോജിക്കാതെ വരും. അതൊക്കെ പാലിച്ചുകൊണ്ടുള്ള വളരെ enriched ആയിട്ടുള്ള ഒരു സംഗീത ശൈലി കൊണ്ടുവരാൻ പറ്റി എന്നുള്ളതാണ്. വളരെ വലിയ ഒരാർട്ടിസ്റ്റ്. ഏതു രംഗത്തു പറയുമ്പോഴും അങ്ങനെ caliber ഉള്ള ആൾക്കാര് വളരെ വലിയ ശ്രേണിയിലാണ് വരുന്നത്. അക്കൂട്ടത്തിലാണ് ഹരിദാസേട്ടനും. അതിൽ യാതൊരു സംശയവുമില്ല. 

 

Article Category: 
Malayalam

Comments

venmany's picture

Valare nannayittnd..
manasikamayi haridasettanod aduppalla oralkke ingane ezhudan sadhikku..
Oru thavana njan haridasettante koode padeettnd ..I mean adinu oru bhagyam ..
Ettan pidichirutheedanu..
Karnatic and kadhakali songs paranjitt..
any way thanks for a chance..
Smarakku munnil pranaamam                        ..
- Vaikkam Jayachandran ( Mavelikkara Subramanyan sir's disciple)
 
NB: Its not hond.. haunt .. haunting music.. please correct it in the article.