അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കർ
ജന്മസിദ്ധമായ വാസന, ചിട്ടയോടെയുള്ള അഭ്യസനത്തിൽ നിന്ന് ലഭിച്ച അഭിനയത്തിലുള്ള പരിജ്ഞാനം, സംസ്കൃതത്തിലുള്ള പാണ്ഡിത്യം ഇതൊന്നിച്ചു ചേർന്ന ഒരപൂർവ്വ പ്രതിഭയായിരുന്നു അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കർ. അനവധി കഥകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കുചേലന്റെയും പൂതനയുടെയും ആട്ടം ചിട്ടപ്പെടുത്തിയത് അദ്ദേഹമാണ്. പ്രസിദ്ധമായ അനേകം വേഷങ്ങൾക്കുള്ള ഇളകിയാട്ടങ്ങളിൽ ഭേദഗതികളും ചില പരിഷ്കാരങ്ങളും അദ്ദേഹം ഏർപ്പെടുത്തി. കിർമ്മീരവധത്തിൽ ധർമ്മപുത്രരുടേയും ബകവധത്തിൽ ഭീമന്റേയും ഇളകിയാട്ടത്തിൽ അദ്ദേഹം ചില ഭേദഗതികൾ വരുത്തുകയും അത് തിരുവിതാംകൂറിൽ നടപ്പിലാക്കുകയും ചെയ്തു. കരീത്രയോടൊപ്പം കാവാലത്തിന്റെ കളരിയിലാണ് കുഞ്ഞുകൃഷ്ണൻ കഥകളി അഭ്യസിച്ചു തുടങ്ങിയത്. കിർമ്മീരവധത്തിൽ ധർമ്മപുത്രരായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വേഷം. 35 വയസുവരെ അദ്ദേഹം സ്ത്രീവേഷം മാത്രമായിരുന്നു കെട്ടിയിരുന്നത്. ആദ്യാവസാന വേഷങ്ങൾ കെട്ടുമ്പോഴും സ്ത്രീ വേഷം കെട്ടുമായിരുന്നു. രണ്ടും ഒരുപോലെ കേമമാവുകയും ചെയ്യും. പണിക്കർക്ക് 5 അടിയിലധികം ഉയരം ഉണ്ടായിരുന്നില്ല. പക്ഷെ, വേഷം കെട്ടി അരങ്ങത്തു വന്നാൽ ആ പോരായ്മ അനുഭവപ്പെടുകയില്ല. എട്ടുപത്തു വർഷം തോപ്പിൽ കളിയോഗത്തിലെ പ്രധാന നടനായി പ്രവർത്തിച്ചിട്ടുണ്ട്. അതിനുമുമ്പ് കുറച്ചുകാലം കൊട്ടാരം കളിയോഗത്തിൽ ആശാനായിരുന്നു. അവിടെയുണ്ടായിരുന്ന കാലത്താണ് ആറ്റങ്ങളിൽ ചില ഭേദഗതികളും പരിഷ്കാരങ്ങളും നടപ്പിലാക്കിയത്. അവസാനകാലത്ത് കുചേലൻ മാത്രമേ അദ്ദേഹം കെട്ടിയിരുന്നുള്ളൂ. സന്താനഗോപാലം ബ്രാഹ്മണൻ കെട്ടാൻ പോലും വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു. ആദ്യം മുതൽ അവസാനം വരെ കുചേലന്റെ വികാരം ഭഗവൽ ഭക്തി മാത്രമാണല്ലോ? സന്താനഗോപാലം ബ്രാഹ്മണന് ഭഗവാനെ പള്ളുവിളിക്കേണ്ട സന്ദർഭങ്ങളുണ്ട്. അത് ഒഴിവാക്കാനായിരുന്നത്രേ അദ്ദേഹം ആ വേഷം കെട്ടാൻ മടിച്ചത്.