കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ
ആധുനിക കഥകളി സംഗീതചരിത്രത്തിൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ അഗ്രഗണ്യനാകുന്നു. മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരോടൊപ്പം അദ്ദേഹത്തെയും ആധുനിക കഥകളി സംഗീതത്തിന്റെ പിതാവായി നിസ്സംശയം പറയാം. ആകർഷകമായ ഘനശാരീരം, സംഗീത ജ്ഞാനം, കഥകളിയുടെ ചിട്ടയിൽ ആഴത്തിലുള്ള അറിവ്, ആശായ്മ എന്നിങ്ങനെ പല മേഖലകളിലും ഈ മഹാഗായകൻ ദീർഘകാലം പ്രശോഭിച്ചു.
ജനനം, ബാല്യം
നീലകണ്ഠൻ നമ്പീശൻ 1919ൽ പാലക്കാട് ജില്ലയിലെ കോതച്ചിറയിൽ ജനിച്ചു. അദ്ദേഹം കുട്ടിക്കാലത്ത് വെള്ളാറ്റഞ്ഞൂർ രാമൻ നമ്പീശൻ എന്ന മദ്ദള കലാകാരന്റെ കീഴിൽ അഷ്ടപദി പാടുവാൻ പഠിച്ചു. പിന്നീട് ഒരു പിഷാരടിയുടെ ശിഷ്യനായി ഓട്ടൻതുള്ളലും പഠിച്ചു.
അഭ്യാസം
തുള്ളൽക്കാരനായി നടന്നിരുന്ന കാലത്ത്, 1930ൽ അദ്ദേഹം കുന്നംകുളത്ത് കക്കാട് കാരണവപ്പാടിന്റെ കോവിലകത്ത് എത്തിച്ചേരുകയും അവിടെ കാരണവപ്പാട് സംഗീതശിക്ഷണത്തിന് താമസിപ്പിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം കലാമണ്ഡലത്തിൽ ചേർന്നു. കലാമണ്ഡലത്തിലെ ആദ്യത്തെ വിദ്യാർത്ഥികളിലൊരാളായിരുന്നു നമ്പീശൻ, സംഗീതവിഭാഗത്തിൽ ആദ്യത്തേയും.
കാവശ്ശേരി സാമിക്കുട്ടി ഭാഗവതരുടെ കീഴിലാണ് നമ്പീശൻ കഥകളി സംഗീതത്തിൽ അഭ്യാസം തുടങ്ങിയത്. കുട്ടൻ (രാമഗുപ്തൻ) ഭാഗവതരും കലാമണ്ഡലത്തിൽ അദ്ദേഹത്തെ അഭ്യസിപ്പിച്ചു. മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരുടെ ഒപ്പം ശങ്കിടിയായി ദീർഘകാലം പാടി അരങ്ങുപരിചയവും അദ്ദേഹം നേടി, വെങ്കിടകൃഷ്ണ ഭാഗവതരുടെ ശൈലി അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ കളരിയിൽ ചൊല്ലിയാടിക്കൊണ്ട് കഥകളിയിലെ ചിട്ടയും ചൊല്ലിയാടിക്കാനുള്ള കഴിവും അദ്ദേഹത്തിൽ കൂടുതൽ ഉറച്ചു.
സംഗീതാചാര്യൻ
കലാമണ്ഡലത്തിൽ ദീർഘകാലം അദ്ധ്യാപകനായിരുന്ന നമ്പീശൻ നിരവധി പ്രഗൽഭരായ ശിഷ്യരെ വാർത്തെടുത്തു. ആധുനിക കഥകളി സംഗീതത്തിൽ മുദ്ര പതിപ്പിച്ച ഒട്ടു മിക്ക ഗായകരും അദ്ദേഹത്തിന്റെ ശിഷ്യ-പ്രശിഷ്യരാണ്. കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ്, കലാമണ്ഡലം രാമൻകുട്ടി വാര്യർ, കലാമണ്ഡലം ഗംഗാധരൻ, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, കലാമണ്ഡലം ഹൈദരാലി, കലാമണ്ഡലം തിരൂർ നമ്പീശൻ, കലാമണ്ഡലം വെണ്മണി ഹരിദാസ്, കലാമണ്ഡലം സുബ്രഹ്മണ്യൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്മാരാണ്. കലാമണ്ഡലത്തിൽ സംഗീതവിഭാഗത്തിന്റെ പഠനക്രമം രൂപപ്പെടുത്തിയതും, കർണാടക സംഗീത പഠനം നിർബന്ധമാക്കിയതും നമ്പീശന്റെ നേതൃത്വത്തിലാണ്.
കലാമണ്ഡലത്തിന്റെ പ്രിൻസിപ്പാളായാണ് അദ്ദേഹം വിരമിച്ചത്. തുടർന്ന് അദ്ദേഹം കൊട്ടക്കൽ പി. എസ്. വി. നാട്യസംഘത്തിലും കുറച്ചു കാലം അഭ്യസിപ്പിച്ചു.
1985ൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ യശഃശരീരനായി.
ഗേയമാർഗ്ഗം
ഘനശാരീരത്തോടു കൂടെയുള്ള ശബ്ദമാധുര്യത്തിനുടമയായിരുന്നു നീലകണ്ഠൻ നമ്പീശൻ. ഉറച്ച താളബോധവും, തികഞ്ഞ സംഗീതജ്ഞാനവും അദ്ദേഹത്തിന് സ്വായത്തമായിരുന്നു. വികാരപ്രധാനമായ പല പദങ്ങൾക്കും അദ്ദേഹം ഭാവപ്പൊലിമ നൽകി. കാംബോജി, ശങ്കരാഭരണം തുടങ്ങിയ ഘനരാഗങ്ങൾ കഥകളിയിൽ പാടി ഫലിപ്പിക്കാൻ അദ്ദേഹത്തോളം കഴിവുള്ളവർ അധികമുണ്ടായിട്ടില്ല എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചൊല്ലിയാടിക്കാനും അനന്യസാധാരണമായ കഴിവുണ്ടായിരുന്ന അദേഹത്തിന്റെ സ്ഥാനം കഥകളിരംഗത്തെ യുഗപ്രഭാവന്മാർക്കൊപ്പമാണ്.