കലാമണ്ഡലം ഗംഗാധരൻ
കലാമണ്ഡലം ശിവരാമൻ നായർ എന്ന കർക്കശക്കാരനായ ഗുരുനാഥനായിരുന്നു കലാമണ്ഡലത്തിൽ ഗംഗാധരനെ കാത്തിരുന്നത്. ഒരു ശ്ലോകം ആണെങ്കിലും പദമാണെങ്കിലും പഠിപ്പിച്ചു തുടങ്ങിയാൽ എത്ര സമയം വേണ്ടിവന്നാലും അത് താൻ നിഷ്കർഷിക്കുന്ന മട്ടിലാവാതെ മറ്റൊന്നിലേക്ക് പോവാത്ത, അതികഠിനമായി ശിക്ഷിക്കുന്ന ശിവരാമൻ നായരാശാനെ ഭയന്ന് 'എല്ലാം ഇട്ടേച്ചു പോയാലോ' എന്ന് വരെ ചിന്തിച്ചിട്ടുണ്ട് ഗംഗാധരൻ. ആ അവസ്ഥയിൽ നിന്ന് അദ്ദേഹത്തിനു ഒരു മോചനം ലഭിക്കുന്നത് മൂന്നാം കൊല്ലം കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആശാൻറെ കീഴിൽ വന്ന ശേഷമാണ്. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ അതിവേഗം പിടിച്ചെടുക്കുന്ന, വാസനാസമ്പന്നനായ, സംഗീതജ്ഞാനിയായ ശിഷ്യനെ ആ ഗുരുവിന് ദേഹോപദ്രവം ഏല്പിക്കേണ്ടി വന്നിട്ടില്ല. തന്നെയല്ല തൻറെ തന്നെ പാട്ടിനു ചേർന്നു പാടാൻ ഉത്തമനായ ഒരു ശങ്കിടി ഗായകനുമായി. പരിമിതമെങ്കിലും മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരുടെ ശിഷ്യത്തവും അദ്ദേഹത്തിനു ലഭിച്ചു. അക്കാലത്തെ പ്രമുഖഗായകനായിരുന്ന ചേർത്തല കുട്ടപ്പക്കുറുപ്പിന്റെ ആലാപനരീതികളിൽ അദ്ദേഹം വളരെ ആകൃഷ്ടനായിരുന്നു. അക്കാലത്ത് ഒരിക്കൽ കലാമണ്ഡലത്തിലെത്തിയ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അഭിനയസംഗീതത്തിലെ ദ്വിജാവന്തി രാഗം കേൾക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ തൻറെ ശിഷ്യന്റെ കഴിവിൽ നല്ല ബോധ്യമുണ്ടായിരുന്ന നമ്പീശനാശാൻ ഗംഗാധരനെക്കൊണ്ടാണു അത് പാടിച്ചത്. അതിനെ അഭിനന്ദിച്ച് 'ഈ പാട്ട് ഒരു കോട്ടവും വരുത്താതെ ഇങ്ങനെ തന്നെ നിലനിർത്തണം' എന്ന് ശെമ്മാങ്കുടി അഭിപ്രായപ്പെട്ടത് അദ്ദേഹം തൻറെ ജീവിതകാലം മുഴുവൻ അഭിമാനത്തോടെ ഓർത്തിരുന്നു. മറ്റൊരവസരത്തിൽ ചെമ്പെ വൈദ്യനാഥ ഭാഗവതരുടെ മുന്നിലും പാടാൻ അദ്ദേഹത്തിനു സാധിചിട്ടുണ്ട്.