കലാമണ്ഡലം രാമൻകുട്ടി നായർ

Kalamandalam Ramankutty Nair

കഥകളിരംഗത്തെ മഹാനായ നടനും ആചാര്യനുമായിരുന്നു രാമൻകുട്ടി നായർ. പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ വാർദ്ധക്യദശയിൽ അദ്ദേഹത്തിന്റെ കീഴിൽ ദീർഘകാലം അഭ്യസിച്ച്, അദ്ദേഹത്തിന്റെ പ്രത്യേക പ്രീതിയ്കു പാത്രമായി, കഥകളിയിലെ കല്ലുവഴി സമ്പ്രദായത്തിന്റെ ഏറ്റവും ശക്തനായ പ്രയോക്താക്കളിരൊരാളായി മാറി അദ്ദേഹം.

ജനനം, ബാല്യം

പാലക്കാട്  ജില്ലയിലെ വെള്ളിനേഴി പഞ്ചായത്തിൽ ഞാളാകുറിശ്ശിയിൽ തെങ്ങിൻതോട്ടത്തിൽ എന്ന വീട്ടിൽ 1925ൽ രാമൻകുട്ടി നായർ ഭൂജാതനായി. അച്ഛൻ വളരെ ചെറിയ പ്രായത്തിൽ തന്നെ മരിച്ചതിനാൽ അമ്മയുടെ സംരക്ഷണയിലാണ് വളർന്നത്.

കുട്ടിക്കാലത്തു തന്നെ കഥകളിയോട് അഭിനിവേശം ഉണ്ടായിരുന്നു. വെള്ളിനേഴി സഹൃദയ സംഘം പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ കീഴിൽ ചൊല്ലിയാട്ട കളരി 1938ൽ തുടങ്ങിയപ്പോൾ രാമൻകുട്ടി നായരും ശിഷ്യനായി ചേർന്നു. ഒരു കൊല്ലം.അഭ്യാസം കഴിഞ്ഞപ്പോൾ സഹൃദയസംഘത്തിന്റെ പ്രവർത്തനം നിലച്ചു. പിന്നീട് ഒരു കൊല്ലം കഴിഞ്ഞ് 1940ൽ രാമുണ്ണി മേനോൻ കലാമണ്ഡലത്തിൽ ചേർന്നപ്പോൾ അദ്ദേഹം രാമൻകുട്ടി നായരേയും അവിടെ ചേർത്ത് അഭ്യസിപ്പിക്കാൻ തുടങ്ങി. എട്ട് വർഷത്തോളം അഭ്യാസമുണ്ടായി. 1948ൽ കലാമണ്ഡലത്തിൽ ജൂനിയർ അദ്ധ്യാപകനായി ചേർന്നു. 1951ൽ കടമ്പൂർ ഗോപാലൻ നായർ അന്തരിച്ചപ്പോൾ അവിടത്തെ പ്രധാനാദ്ധ്യാപകനായി രാമൻകുട്ടി നായർ.

കലാമണ്ഡലത്തിൽ

പിന്നീട് മൂന്നര ദശകത്തോളം കലാമണ്ഡത്തിന്റെ നെടുംതൂണായി അദ്ദേഹം പ്രവർത്തിച്ചു. 1985ൽ കലാമണ്ഡലത്തിലെ പ്രിൻസിപ്പാളായാണ് വിരമിച്ചത്. ഈ കാലഘട്ടത്തിൽ രാമൻകുട്ടി നായരും പദ്മനാഭൻനായരും ചേർന്ന് കലാമണ്ഡലത്തിൽ നിരവധി പ്രമുഖ ശിഷ്യരെ വാർത്തെടുത്തു. കലാമണ്ഡലം ഗോപി, കലാമണ്ഡലം കുട്ടൻ, കലാമണ്ഡലം വൈക്കം കരുണാകരൻ, കലാമണ്ഡലം വാസുപ്പിഷാരടി, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാമണ്ഡലം സോമൻ, കലാമണ്ഡലം ഷണ്മുഖൻ തുടങ്ങി നിരവധി പേർ രാമൻകുട്ടി കളരിയിൽ ചൊല്ലിയാടിയവരാണ്. ഈ കാലത്ത് നിരവധി വിദേശയാത്രകളും അദ്ദേഹം നടത്തി.

കലാമണ്ഡലത്തിൽ നിന്ന് വിരമിച്ചതിനു ശേഷവും അദ്ദേഹം വിസിറ്റിങ്ങ് പ്രൊഫസറായി പല തവണ സേവനമനുഷ്ഠിച്ചു. 1994ൽ അദ്ദേഹത്തിന്റെ ആത്മകഥയായ "തിരനോട്ടം" മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. 1995ൽ സപ്തതി ഗംഭീരമായിത്തന്നെ ആഘോഷിച്ചു. 2001ൽ അർബുദരോഗം പിടിപെട്റ്റതു കാരണം കുറച്ചു കാലം അരങ്ങുകളിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. എങ്കിലും അര്ബുദരോഗത്തിൽ നിന്ന് മോചിതനായി അദ്ദേഹം വീണ്ടും അരങ്ങുകളിൽ സജീവമായി. 2005ൽ 5 ദിവസം നീണ്ടു നിന്ന അശീതിയാഘോഷവും 2009ൽ ശതാഭിഷേകവും ആഘോഷിക്കപ്പെട്ടു. 2007ൽ പദ്മഭൂഷൺ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

2013 മാർച്ച് 11നു വാർദ്ധ്യകസഹജമായ അസുഖം മൂലം കലാമണ്ഡലം രാമൻകുട്ടി നായർ യശഃശരീരനായി.

നടനവൈഭവം

ചെറുപ്പത്തിൽ തന്നെ നായകവേഷങ്ങൾ കെട്ടി പേരെടുക്കാൻ കഴിഞ്ഞ നടനാണ് രാമൻകുട്ടി നായർ. 1950ൽ കലാമണ്ഡലം സീതാസ്വയംവരം പരശുരാമന്റെ വേഷത്തെ പുതുക്കിപ്പരിഷ്കരിച്ചപ്പോൾ രാമൻകുട്ടി നായരായിരുന്നു ഇതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ പരശുരാമൻ ഏറെ ജനപ്രീതി നേടി പരശുരാമൻകുട്ടി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.കത്തി, വെള്ളത്താടി, കരി വേഷങ്ങളിലാണ് രാമൻകുട്ടി നായർ ഏറെ ശോഭിച്ചത്. ഉയരം കുറവെങ്കിലും ചൊല്ലിയാട്ടത്തിന്റെ അഴകും മിഴിവും, ലയാത്മകമായ ശരീരവ്യാകരണവും കൊണ്ട് അനേകം ആസ്വാദകരെ ആനന്ദിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കത്തി വേഷങ്ങൾക്ക് ഒരു പുതിയ നിർവചനം തന്നെ രാമൻകുട്ടി നായർ നൽകി. ലോകധർമ്മിയോടടുത്തു നിൽക്കുന്ന സന്ദർഭങ്ങളെപ്പോലും നാട്യധർമ്മിയായ ശൈലീകൃതസങ്കേതത്തിനുള്ളിൽ നിന്നു കാണിച്ച് ഫലിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

സ്വന്തം ദൃഢനിശ്ചയവും കഠിനാധ്വാനവും കൊണ്ട് തന്നേക്കാൾ പ്രായമേറിയ മഹാനടൻമാരുടെയൊപ്പം സ്ഥാനം പിടിച്ച അതുല്യപ്രതിഭാശാലിയാണ് കലാമണ്ഡലം രാമൻകുട്ടി നായർ.

പൂർണ്ണ നാമം: 
തെങ്ങിൻതോട്ടത്തിൽ രാമൻകുട്ടി നായർ
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Monday, May 25, 1925
മരണ തീയ്യതി: 
Monday, March 11, 2013
ഗുരു: 
പട്ടിക്കാംതൊടി രാമുണ്ണി മേനോൻ
കളിയോഗം: 
കലാമണ്ഡലം
മുഖ്യവേഷങ്ങൾ: 
രാവണൻ
ഹനൂമാൻ
കീചകൻ
പരശുരാമൻ
പുരസ്കാരങ്ങൾ: 
പദ്മഭൂഷൺ
കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ്
കേരള സംഗീത നാടക അക്കാദമി അവാർഡ്
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം 2010
ചിന്താ വെങ്കിട്ടരാമയ്യ പുരസ്കാരം (ആന്ധ്ര പ്രദേശ്) കുച്ചിപുടി
വിലാസം: 
ലക്ഷ്മി നിലയം
ടി.എൻ.പുരം (പി.ഒ)
വെള്ളിനേഴി
പാലക്കാട് ജില്ല
കേരളം
ഫോൺ: 
04662-285750