കീഴ്പ്പടം കുമാരൻ നായർ

Keezhpadam Kumaran Nair

കീഴ്പ്പടം കുമാരൻ നായർ 1915ൽ പുത്തൻ‌ മഠത്തിൽ രാവുണ്ണി നായരുടേയും കീഴ്പ്പടത്തിൽ ലക്ഷ്മിയമ്മയുടേയും മൂന്നാമത്തെ സന്തതിയായി പാലക്കാട് ജില്ലയിലെ വെള്ളിനേഴിയിൽ ജനിച്ചു. 1924ൽ ബാലനായ കുമാരൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് പട്ടിക്കാംതൊടി രാവുണ്ണി മേനോൻ വെള്ളിനേഴിയിൽ ഒളപ്പമണ്ണ മന വകയായി കാന്തള്ളൂർ അഗ്രശാലയിൽ അഭ്യസനം തുടങ്ങുന്നത്. കഥകളിയിൽ അപ്പോൾ തന്നെ താൽപര്യമുണ്ടായിരുന്ന കുമാരൻ നായർ സ്കൂൾ പഠനത്തിനു പകരം രാവുണ്ണിമേനോന്റെ കളരിയിൽ അഭ്യസനം കാണാൻ പോവുക പതിവാക്കി. കുമാരന്റെ താൽപര്യം മനസ്സിലാക്കിയ രാവുണ്ണി മേനോൻ അദ്ദേഹത്തെ ശിഷ്യനായി സ്വീകരിച്ചു, കച്ചയും മെഴുക്കും കൊടുത്ത് അഭ്യസിപ്പിക്കാൻ തുടങ്ങി.

കാന്തള്ളൂർ ഉൽസവകാലത്ത് സുഭദ്രാഹരണത്തിൽ ശ്രീകൃഷ്ണനായാണ് കുമാരൻ നായരുടെ കഥകളിയിലെ അരങ്ങേറ്റം. 1927ലായിരുന്നു അത്.

വെള്ളിനേഴിയിലെ അരങ്ങേറ്റം കഴിഞ്ഞിരിക്കുന്ന കാലത്ത് വാരണക്കോട്ട് കളരിയിൽ നിന്ന് കുട്ടിത്തരം വേഷങ്ങൾക്കു പറ്റിയ കുട്ടികളെ പറഞ്ഞുവിടണമെന്ന് ആവശ്യമുണ്ടായി. പട്ടിക്കാംതൊടിയുടെ സമ്മതപ്രകാരം കുമാരൻ നായർ വാരണക്കോട്ട് കളരിയിൽ ചേർന്നു. ചന്തുപ്പണിക്കരുടെ കളരിയിൽ ആ സമയത്ത് കലാമണ്ഡലം കൃഷ്ണൻ നായരും അഭ്യസിക്കുന്നുണ്ടായിരുന്നു. ഒരു വർഷത്തോളം അവിടെ അഭ്യസിച്ചിരിക്കണം.

1930-1932 കാലത്ത് പട്ടിക്കാംതൊടിയുടെ കീഴിൽ ലക്കിടിയിലെ കളരിയിൽ അഭ്യസിച്ചു. ഈ സമയത്ത് ലക്കിടി ശിവരാമകൃഷ്ണൻ, കരിയാട്ടിൽ കുമാരൻ നായർ എന്നിവർ അദ്ദേഹത്തിന്റെ സതീർത്ഥ്യരായിരുന്നു. 1932-1934 കാലത്ത് വാഴേങ്കടയിലും, 1934-35 കാലത്ത് വെള്ളിനേഴിയിലും അഭ്യസിച്ചു, ഈ കാലത്ത് വാഴേങ്കട കുഞ്ചുനായരും സഹപാഠിയായിരുന്നു.

അഭ്യസനം കഴിഞ്ഞ് കുട്ടിത്തരം വേഷങ്ങൾ കുറേശ്ശെയായി കുമാരൻ നായർ കെട്ടാൻ തുടങ്ങി. ഇരുപതു വയസ്സിൽ ഒളപ്പമണ്ണ മനയ്ക്കൽ വെച്ച് ആദ്യവസാന വേഷമായ രാവണൻ കെട്ടി. എങ്കിലും അരങ്ങുകൾ കുറവായതു കാരണം അദ്ദേഹം ജീവിതക്ലേശപരിഹാരാർത്ഥം ഏറെ കാലം നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1937ൽ ആണ് തമിഴ് നടൻ രഞ്ജനെ നൃത്തം പഠിപ്പിക്കാൻ അദ്ദേഹം മദിരാശിയിലെത്തുന്നത്.

1940-42 കാലത്ത് കോട്ടയ്ക്കൽ പി. എസ്. വി. നാട്യസംഘത്തിൽ അദ്ധ്യാപകനായി, എങ്കിലും വിദ്യാർത്ഥികൾ കുറവായിരുന്നതു കാരണം, അവിടെ വിടേണ്ടി വന്നു.

1942-1955 കാലഘട്ടത്തിൽ വീണ്ടും സിനിമാരംഗത്തേയ്ക്ക് ചേക്കേറി, തമിഴ് സിനികളിലെ നൃത്തസംവിധായകൻ എന്ന നിലയ്ക്ക് ശ്രദ്ധേയനായി, പ്രശസ്ത നടൻ എം. ജി. രാമചന്ദ്രനുമായി പല ചലച്ചിത്രങ്ങളിലും സഹകരിച്ചു. എം. എൻ നമ്പ്യാർ, തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണി, പ്രശസ്ത നർത്തകി ഡോ. പത്മാ സുബ്രഹ്മണ്യം എന്നിവരും അദ്ദേഹത്തിന് ശിഷ്യപ്പെട്ടിട്ടുണ്ട്. ഗുരുനാഥൻ പട്ടിക്കാംതൊടിയുടെ സമ്മതത്തോടെയായിരുന്നു സിനിമയിലേക്കുള്ള ഈ ചുവടുമാറ്റം.

പ്രിയശിഷ്യൻ നൃത്തത്തിലേക്ക് ചുവടു മാറിയതിൽ ഗുരുനാഥൻ പട്ടിക്കാംതൊടിയ്ക്ക് പൂർണ്ണ യോജിപ്പുണ്ടായിരുന്നില്ലെങ്കിലും ഒരിക്കൽ കുമാരൻ നായർ ചിട്ടപ്പെടുത്തിയ "ഭസ്മാസുരമോഹിനി" കണ്ട ആചാര്യൻ "ഇങ്ങിനെയാണെങ്കിൽ നൃത്തവും തരക്കേടില്ല" എന്ന് അഭിപ്രായപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

സിനിമയിലെ ജീവിതം അദ്ദേഹത്തിന്റെ സാമ്പത്തികക്ലേശത്തിന് ലേശം അയവു വരുത്തി. പട്ടിക്കാംതൊടിയുടെ അവസാനകാലത്ത് സ്ഥിരമായി അദ്ദേഹത്തിന് സാമ്പത്തിക സഹായം ചെയ്തിരുന്ന ഏക ശിഷ്യൻ കുമാരൻ നായരായിരുന്നു എന്ന് വാഴേങ്കട കുഞ്ചുനായർ രേഖപ്പെടുത്തിയിട്ടുണ്ട്. 1948ൽ ആചാര്യൻ മരിച്ചപ്പോൾ, തേക്കിൻ‌കാട്ടിൽ രാവുണ്ണിനായരോടൊപ്പം ചിതയ്ക്ക് തീ കൊളുത്താൻ കീഴ്പ്പടവും ഉണ്ടായിരുന്നു.

1955-57 കാലത്ത് കലാമണ്ഡലത്തിൽ നിന്ന് രാമൻകുട്ടി നായരും മറ്റും തെറ്റിപ്പിരിഞ്ഞു പോയ ഒഴിവിൽ അവിടെ കഥകളി അദ്ധ്യാപകനായി. ആ സമയത്ത് കലാമണ്ഡലം ഗോപി തുടങ്ങിയവരെ ചൊല്ലിയാടിച്ചിട്ടുണ്ട്. കലാമണ്ഡലത്തിൽ അദ്ദേഹം നൃത്തവും അഭ്യസിപ്പിച്ചിരുന്നു. രാമൻകുട്ടി നായരും മറ്റും പിണക്കം മാറി കലാമണ്ഡലത്തിലേക്ക് തിരിച്ചു വന്നപ്പോൾ കുമാരൻ നായർ നൃത്തത്തിൽ മാത്രം അദ്ധ്യാപകനായി. ഇത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു, അതിനാൽ അദ്ദേഹം കലാമണ്ഡലം വിട്ട് 1958ൽ ചുനങ്ങാട് മൂരിയത്ത് വാരിയം കളിയരങ്ങിൽ ആശാനായി. 1960 വരെ അവിടെ തുടർന്നു.

1960ൽ കുമാരൻ നായർ പേരൂർ ഗാന്ധി സേവാ സദനത്തിൽ കഥകളി അദ്ധ്യാപകനായി. സദനവുമായുള്ള അദ്ദേഹത്തിന്റെ ദീർഘകാലബന്ധം അവിടെ നിന്ന് ആരംഭിക്കുന്നു. സദനം കൃഷ്ണൻകുട്ടി, സദനം രാമൻകുട്ടി, സദനം പി. വി. ബാലകൃഷ്ണൻ, സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി, സദനം ഹരികുമാരൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി. 1967ൽ സദനം സാമ്പത്തികക്ലേശത്തിൽ അകപ്പെട്ടപ്പോൾ അദ്ദേഹത്തിന് സദനം വിട്ടു പോകേണ്ടി വന്നു.

തുടർന്ന് കുറച്ചു കാലം ശിഷ്യൻ സദനം പി. വി. ബാലകൃഷ്ണൻ അദ്ധ്യാപകനായ ദില്ലിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ കഥകളി(ICK)യിൽ സേവനമനുഷ്ഠിച്ചു. 1972ൽ അദ്ദേഹം കേരളത്തിൽ തിരിച്ചെത്തിയെങ്കിലും ഡൽഹിയുമായുള്ള ബന്ധം തുടർന്നു. 1980 തൊട്ട് മരണം വരെ അദ്ദേഹം കേരളത്തിൽ തന്നെയാണ് താമസിച്ചത്. ഈ കാലത്താണ്, അപ്പോഴേക്കും 65 വയസ്സു കഴിഞ്ഞ കുമാരൻ നായരുടെ അരങ്ങുകൾ ആസ്വദിക്കാൻ കേരളീയർക്ക് കൂടുതൽ അവസരം ലഭിയ്ക്കുന്നത്.

അരങ്ങുകൾ

നിരന്തരം പരീക്ഷണോന്മുഖവും ധൈഷണികവ്യാപാരം നിറഞ്ഞതുമായ കഥകളിയുടെ, അന്നു വരെ ആസ്വാദകർക്ക് പരിചിതമല്ലാത്ത ഒരു മുഖം, അദ്ദേഹത്തിന്റെ അരങ്ങുകളിൽ പ്രത്യക്ഷീഭവിച്ചു. സ്ത്രീവേഷം ഒഴിച്ച് ഏതു വേഷവും അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നുവെങ്കിലും, വെള്ളത്താടി, കത്തി, പച്ച, മിനുക്ക് വേഷങ്ങളാണ് ഏറെ പ്രശസ്തമായത്, അവയിൽ തന്നെ ലവണാസുരവധം, കല്യാണസൗഗന്ധികം, തോരണയുദ്ധം എന്നിവയിലെ ഹനുമാന്മാർ, സന്താനഗോപാലം ബ്രാഹ്മണൻ, നരകാസുരവധത്തിലെ ചെറിയ നരകാസുരൻ, ഉൽഭവത്തിലെ രാവണൻ, ബാലിവിജയം നാരദൻ, ഒന്നാം ദിവസത്തിലെ നളൻ തുടങ്ങിയവ വ്യത്യസ്തത കൊണ്ടും, അഭിനയസവിശേഷത കൊണ്ടും വളരെ ശ്രദ്ധേയങ്ങളായ വേഷങ്ങളാണ്. കല്യാണസൗഗന്ധികത്തിലെയും ലവണാസുരവധത്തിലേയും അഷ്ടകലാശങ്ങൾ അനുപമമായ നൃത്തശില്പങ്ങളായി പ്രകീർത്തിക്കപ്പെട്ടു. അനുപമമായ താളബോധത്തിന് ഉടമയായിരുന്നു അദ്ദേഹം.

ധ്വന്യാത്മകങ്ങളായ മനോധർമ്മങ്ങൾ അദ്ദേഹത്തിന്റെ ആട്ടങ്ങളുടെ സവിശേഷതയായിരുന്നു. പുരാണേതിഹാസങ്ങളിലും ഉപനിഷത്തുക്കളിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം അവയിലെ പല ആശയങ്ങളും ആട്ടങ്ങളായി സ്വീകരിച്ചിട്ടുണ്ട്. ഈ കാലത്ത് സദനം ഭാസി തുടങ്ങിയ യുവനിരയിലെ കലാകാരന്മാരും അദ്ദേഹത്തിന് ശിഷ്യപ്പെട്ടു.

കളരി

കഥകളിയുടെ പഠനസമ്പ്രദായത്തിലും കാതലായ സംഭാവന നൽകിയിട്ടുള്ള ആചാര്യനായ കീഴ്പ്പടം. കീഴ്പ്പടം കളരിയുടെ സവിശേഷതകളെക്കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് ഏറെ പറയാനുണ്ട്. ഓരോ ശിഷ്യന്റേയും കഴിവുകൾ കൃത്യമായി മനസ്സിലാക്കി, അതിനനുസരിച്ചുള്ള ശിക്ഷണമായിരുന്നു അദ്ദേഹത്തിന്റേത്. ശരീരസംസ്കരണം, താളജ്ഞാനസമ്പാദനം, രസാഭിനയം തുടങ്ങിയ മേഖലകളിലെല്ലാം വ്യത്യസ്തവും, മൗലികവുമായ കാഴ്ച്ചപ്പാടായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

"കളിവിളക്ക്" എന്ന പേരിൽ അദ്ദേഹമെഴുതിയ ആത്മകഥ സദനം 1999ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥം എന്ന സിനിമയിൽ കഥകളിയാശാനായി അഭിനയിച്ചിട്ടുണ്ട്. "കളിയരങ്ങിലെ കെടാവിളക്ക്" എന്ന പേരിൽ കെ. മധുസൂദനൻ കർത്താ എഴുതിയ അദ്ദേഹത്തിന്റെ ജീവചരിത്രവും 2013ൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

വാരണക്കോട്ട് കളിയോഗവുമായി ബന്ധമുള്ള കാലത്താണ് അദ്ദേഹത്തിന്റെ വിവാഹം കടയപ്രത്ത് ഗൗരിയമ്മയുമായി  നടക്കുന്നത്. അവരിൽ മൂന്ന് ആൺമക്കളും അഞ്ച് പെൺമക്കളും അദ്ദേഹത്തിനുണ്ടായി - ഗൗരീകുമാർ, വിജയലക്ഷ്മി, ചന്ദ്രമതി, ഗീതാദേവി, നാരായണൻകുട്ടി, പാർവ്വതി, കൈരളി, രാമനുണ്ണി.

2004ൽ അദ്ദേഹം കേന്ദ്രസർക്കാരിന്റെ പത്മശ്രീ പുരസ്കാരത്തിന് അർഹനായി. ഇതിനു പുറമേ 1976ൽ കേരള സംഗീത നാടക അക്കാദമി അവാർഡും, 1995ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

90ആം വയസ്സിൽ തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സിൽ കുചേലവൃത്തം ബ്രാഹ്മണനായി അവസാനമായി അദ്ദേഹം വേഷം കെട്ടി. 2007ൽ ആ മഹാനടൻ തന്റെ 92ആം വയസ്സിൽ യശഃശരീരനായി.

അവലംബം

  1. "കളിയരങ്ങിലെ കെടാവിളക്ക്", കെ. മധുസൂദനൻ കർത്താ, കേരള സംഗീത നാടക അക്കാദമി.
  2. A return that proved historic for Kathakali, T. K. Sreevalsan
  3. "കീഴ്പ്പടം സ്മരണ" - വിവിധ ലേഖനങ്ങളടങ്ങുന്ന കഥകളി.ഇൻഫോയിലെ കീഴ്പ്പടം കുമാരൻ നായരുടെ സ്മരണാർത്ഥം ഉണ്ടാക്കിയിരിക്കുന്ന ഓൺലൈൻ അനുസ്മരണ താള്.
പൂർണ്ണ നാമം: 
കീഴ്പ്പടം കുമാരൻ നായർ
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Thursday, May 27, 1915
മരണ തീയ്യതി: 
Thursday, July 26, 2007
ഗുരു: 
പട്ടിക്കാംതൊടി രാവുണ്ണി മേനോൻ
കളിയോഗം: 
ഒളപ്പമണ്ണ കളിയോഗം
പേരൂർ ഗാന്ധി സേവാസദനം
വാരണക്കോട്ട് കളിയോഗം
മുഖ്യവേഷങ്ങൾ: 
കത്തി
വെള്ളത്താടി
പച്ച
മിനുക്ക്
പുരസ്കാരങ്ങൾ: 
പത്മശ്രീ