കോട്ടക്കൽ ശിവരാമൻ

സ്ത്രീവേഷത്തിന്റെ ആവിഷ്കാരത്തെ ഉയരങ്ങളിലെത്തിച്ച മഹാനായ കഥകളിനടനാണ് കോട്ടക്കല്‍ ശിവരാമന്‍. കഥകളിചരിത്രം കണ്ട സ്ത്രീവേഷക്കാരില്‍ ശിവരാമന്‍ പ്രഥമഗണനീയനാണ്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് താരതമ്യേന പ്രാധാന്യം കുറഞ്ഞ കഥകളിയില്‍ കഥാപാത്രത്തിലെ ആഴങ്ങളിലേയ്ക്കിറങ്ങിയ അരങ്ങുപാഠനിര്‍മ്മാണം കൊണ്ടും, വിസ്മയകരമായ ഭാവാവിഷ്കരണപ്രതിഭ കൊണ്ടും കോട്ടക്കല്‍ ശിവരാമന്‍ സ്ത്രീവേഷങ്ങളെ മുഖ്യധാരയിലേക്കു നയിച്ചു. പരന്ന വായന, ജീവിതാവബോധം, ഔചിത്യദീക്ഷ, ഭാവാവിഷ്കരണപാടവം, സ്വത്വബോധം, രംഗസഹവര്‍ത്തിത്വം, നാടകീയത എന്നിവ ശിവരാമന്റെ അരങ്ങുകളെ ദീപ്തമാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ ആധുനികകഥകളി രംഗപാഠത്തില്‍ സ്ത്രീവേഷത്തിന്റെ സ്ഥാനം പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ടതില്‍ മുഖ്യപങ്ക് ശിവരാമനുള്ളതാണ്.

ജീവചരിത്രം

1936ല്‍ പാലക്കാട് ജില്ലയില്‍ ചെപ്പുളശ്ശേരിക്കടുത്ത് കാറല്‍മണ്ണ എന്ന ഗ്രാമത്തില്‍ ബ്രിട്ടീഷ് സര്‍ക്കാറില്‍ ഉദ്യോഗസ്ഥനായിരുന്ന ഞാളൂര്‍ കുഞ്ഞുണ്ണിനായരുടേയും  വാരിയത്തുവള്ളിയാലില്‍ കാര്‍ത്യായനി അമ്മയുടെയും എട്ടാമത്തെ പുത്രനായി ശിവരാമന്‍ ജനിച്ചു. വീട്ടില്‍ കടുത്ത ദാരിദ്ര്യമായിരുന്നു. കോട്ടക്കല്‍ അദ്ധ്യാപകനായിരുന്ന കഥകളി ആചാര്യന്‍ വാഴേങ്കട കുഞ്ചുനായരുടെ അടുത്തേയ്ക്ക് അമ്മ ശിവരാമനെ അയച്ചു. 1949 ജൂലായ് 29ന് ശിവരാമാന്‍ കോട്ടയ്ക്കല്‍ പി എസ് വി നാട്യസംഘത്തില്‍ ചേര്‍ന്നു. വാഴേങ്കട കുഞ്ചുനായരുടെ പതിനൊന്നില്‍ പരം വര്‍ഷങ്ങള്‍ നീണ്ട അഭ്യസനത്തിലൂടെയാണ് കോട്ടക്കല്‍ ശിവരാമന്‍ എന്ന കഥകളി നടന്‍ രൂപമെടുത്തത്. 1949 നവംബര്‍ 15നു കോട്ടയ്ക്കല്‍ വിശ്വംഭര ക്ഷേത്രസന്നിധിയില്‍ ലവണാസുരവധത്തിലെ ലവന്‍ എന്ന വേഷം ചെയ്തുകൊണ്ടായിരുന്നു അരങ്ങേറ്റം. ഔചിത്യചിന്തയിലൂന്നി കഥകളിയെ പരിഷ്കരിച്ച മഹാനടനായിരുന്ന വാഴേങ്കട കുഞ്ചുനായരുടെ പ്രിയശിഷ്യനായിരുന്നു ശിവരാമന്‍. കടുത്ത അഭ്യസനഘട്ടത്തിലൂടെ കടന്നുപോയ അനുഭവങ്ങള്‍ ശിവരാമന്‍ പങ്കുവെച്ചിട്ടുണ്ട്.

ഗുരു കുഞ്ചുക്കുറുപ്പിന്റെ നളനായി നിശ്ചയിക്കപ്പെട്ട ഒരു നളചരിതം ഒന്നാം ദിവസത്തിന്റെ അരങ്ങിലെത്താന്‍ ദമയന്തിവേഷം കെട്ടേണ്ടിയിരുന്ന നടന് കഴിയാതെ വന്നപ്പൊള്‍ അയാള്‍ക്കു പകരമായാണ് ശിവരാമന്‍ ആദ്യമായി ദമയന്തീവേഷം അണിയുന്നത്. തുടര്‍ന്ന് ശിവരാമന്‍ സ്ത്രീവേഷങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന നടനായിത്തുടങ്ങി. വാല്‍സല്യനിധിയായ ഗുരുനാഥന്റെ ഉപദേശങ്ങളും പ്രോല്‍സാഹനവും ശിവരാമന് ലഭിച്ചു. രുഗ്മാംഗദചരിതത്തിലെ മോഹിനിയ്ക്കായി പന്തളം കേരളവര്‍മ്മയുടെ രുഗ്മാംഗദചരിതം വായിക്കുക തുടങ്ങിയ ഉപദേശങ്ങള്‍ കുഞ്ചുനായര്‍ നല്‍കിയ കാര്യം ശിവരാമന്‍ അനുസ്മരിച്ചിട്ടുണ്ട്. നളചരിതം, രുഗ്മാംഗദചരിതം തുടങ്ങിയ കഥകള്‍ക്ക് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരപാദത്തോടെ ലഭിച്ച പ്രചാരം ശിവരാമന്റെ  സ്ത്രീവേഷസാന്നിദ്ധ്യം  കൊണ്ട് അനുഗ്രഹിയ്ക്കപ്പെട്ടു. പ്രമുഖരായ മിക്ക നായകനടന്മാര്‍ക്കുമൊപ്പം ഒഴിച്ചുകൂടാനാവാത്ത നായികാസാന്നിദ്ധ്യമായി ശിവരാമന്‍ ഉണ്ടായിരുന്നു. കുഞ്ചുക്കുറുപ്പ്, വാഴേങ്കട കുഞ്ചുനായര്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കീഴ്പ്പടം കുമാരന്‍ നായര്‍, കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം വാസുപ്പിഷാരൊടി എന്നിങ്ങനെ കഴിഞ്ഞ നൂറ്റാണ്ടില്‍ കളിയരങ്ങുദര്‍ശിച്ച പ്രധാനനായകനടന്മാര്‍ക്കെല്ലാം ഒപ്പം നായികാസാന്നിദ്ധ്യമായി കോട്ടക്കല്‍ ശിവരാമന്‍ ഉണ്ടായിരുന്നു. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ക്കും കലാമണ്ഡലം ഗോപിയ്ക്കും ഒപ്പമാണ് ഏറ്റവും കൂടുതല്‍ അരങ്ങുകളില്‍ പങ്കാളിയായിട്ടുള്ളത്. നിരവധി വിദേശപര്യടനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ജീവിതസായാഹ്നത്തില്‍ അല്‍പ്പകാലം രോഗശയ്യയിലായി. 2010ല്‍ ശിവരാമന്‍ ലോകത്തോടു വിടപറഞ്ഞു.

പ്രസിദ്ധവേഷങ്ങള്‍

ഒന്ന്, രണ്ട്, നാല് ദിവസങ്ങളിലെ ദമയന്തി, രുഗ്മാംഗദചരിതത്തിലെ മോഹിനി, കര്‍ണ്ണശപഥത്തിലെ കുന്തി, കീചകവധത്തിലെ സൈരന്ധ്രി, ദക്ഷയാഗത്തിലെ സതി, കീര്‍മീരവധം, നരകാസുരവധം എന്നിവയിലെ ലളിത, കാലകേയവധത്തിലെ ഉര്‍വ്വശി, ലവണാസുരവധത്തിലെ സീത, കിരാതത്തിലെ കാട്ടാളസ്ത്രീ, പൂതനാമോക്ഷത്തിലെ പൂതന, ദുര്യോധനവധത്തിലെ പാഞ്ചാലി, രുഗ്മിണീസ്വയംവരത്തിലെ രുഗ്മിണി, ബാണയുദ്ധത്തിലെ ചിത്രലേഖ, രംഭാപ്രവേശത്തിലെ രംഭ, ദേവയാനീചരിതത്തിലെ ദേവയാനീ, കുചേലവൃത്തത്തിലെ രുഗ്മിണി.

സവിശേഷതകള്‍

അടിയുറച്ച കഥാപാത്രബോധം, പ്രമേയത്തിന്റെ ആഴമാര്‍ന്ന തലങ്ങളെ തിരിച്ചറിയുന്ന ഔചിത്യചിന്ത, ഉറച്ച സ്വപ്രത്യയസ്ഥൈര്യം, ഭാവപ്രകര്‍ഷങ്ങള്‍ക്ക് അനായാസം വഴങ്ങുന്ന അനുഗ്രഹീതമായ മുഖസൗന്ദര്യം എന്നിവ കൊണ്ട് അനുഗൃഹീതമായിരുന്നു കോട്ടയ്ക്കല്‍ ശിവരാമന്റെ അഭിനയജീവിതം. സ്വന്തം പരിമിതികളെ മറികടന്നും, സഫലമാം വിധം കഥകളിച്ചിട്ടകളെ പുനര്‍വചിച്ചും ആണ് കോട്ടയ്ക്കല്‍ ശിവരാമന്റെ രംഗപ്രയോഗങ്ങള്‍ ആസ്വാദകഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. സ്ത്രീവേഷത്തിന്റെ രംഗപരിചരണത്തിന്റെ സ്വകീയമായ മാര്‍ഗം വെട്ടിത്തെളിയ്ക്കുകയാണ് ശിവരാമന്‍ ചെയ്തത്.

കലാമണ്ഡലം ഗോപിയ്ക്കൊപ്പം ശിവരാമന്‍ നായികാവേഷമണിയുന്ന അരങ്ങുകളില്‍ ഉണ്ടായിരുന്ന ഒത്തിണക്കവും സൗന്ദര്യവും കഥകളി ആസ്വാദകര്‍ക്ക് അവിസ്മരണീയമായ അനുഭവമാണ്. ഗുരുനാഥന്മാരോടുണ്ടായിരുന്ന ഭയഭക്തിബഹുമാനങ്ങളുടെ പരിമിതിയില്ലാതെ പരസ്പരം അറിഞ്ഞഭിനയിക്കാന്‍ കഴിഞ്ഞത് കലാമണ്ഡലം ഗോപിയോടൊപ്പമാണ് എന്നു ശിവരാമന്‍ അനുസ്മരിച്ചിട്ടുണ്ട്.  പലവേഷങ്ങള്‍ക്കും സ്വന്തമായ പാഠങ്ങള്‍ ശിവരാമന്‍ നിര്‍മ്മിച്ചെടുത്തു. രുഗ്മാംഗദചരിതത്തിലെ മോഹിനിയെ ബ്രഹ്മകല്‍പ്പന കൊണ്ട് ഈ ദുഷ്കൃത്യം ചെയ്യാനുള്ള ഗതികേടുവന്നതില്‍ പരിതപിയ്ക്കുന്ന മോഹിനിയാക്കി പരിവര്‍ത്തനം ചെയ്തത് ശിവരാമനാണ്.  ഇത്തരത്തില്‍ കൃത്യനിര്‍വ്വഹണത്തിലെ ദ്വന്ദ്വഭാവം പൂതനാമോക്ഷത്തിലും അദ്ദേഹം സന്നിവേശിപ്പിച്ചിട്ടുണ്ട്.

ദമയന്തി എന്ന കഥാപാത്രത്തിന് മുന്‍പെങ്ങുമില്ലാത്ത വിധം തെളിഞ്ഞതും ദാര്‍ഡ്യമേറിയതുമായ പാത്രഘടന ശിവരാമന്‍ സമ്മാനിച്ചു. നളചരിതത്തിലെ കേന്ദ്രകഥാപാത്രം ദമയന്തിയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. സങ്കീര്‍ണ്ണവും ബഹുതലസ്പര്‍ശിയുമായ ദമയന്തി എന്ന കഥാപാത്രത്തിന്റെ അഭിനയസാദ്ധ്യതകളെ ഇഴ പേര്‍ത്തു വ്യാഖ്യാനിച്ചഭിനയിക്കുന്നതില്‍ ശിവരാമന്‍ വിജയം വരിച്ചു.

കഥകളിയുടെ ആധുനികഘട്ടത്തില്‍ ഏറെ പ്രചാരം നേടിയ കര്‍ണ്ണശപഥത്തിലെ കുന്തിയ്ക്ക് നിലവിലുള്ള  അവതരണസ്വരൂപം അരങ്ങിലൂടെ നിര്‍മ്മിച്ചെടുത്തത് ശിവരാമനാണ്. തീവ്രമായ നാടകീയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ കുന്തിയുടെ അഭിനയസന്ദര്‍ഭങ്ങളെ ശിവരാമന്‍ മനോഹരമായി സാക്ഷാത്കരിച്ചു.

ഉള്ളൂരിന്റെ 'പിംഗള' എന്ന ഖണ്ഡകാവ്യത്തിന് ആട്ടക്കഥാരൂപമൊരുങ്ങിയപ്പോള്‍ മുഖ്യകഥാപാത്രമായി അരങ്ങിലെത്തിയത് ശിവരാമനാണ്.

ഗുരുനാഥന്റെ സ്മാരകമായ വാഴേങ്കട കുഞ്ചുനായര്‍ സ്മാരകട്രസ്റ്റിന്റെ രൂപീകരണകാലം മുതല്‍ തന്റെ അന്ത്യം വരെ നിതാന്തസഹചാരിയും പ്രവര്‍ത്തകനുമായിരുന്നു.

കുടുംബം

1969ല്‍ കോട്ടയ്ക്കല്‍ ശിവരാമന്റെ വിവാഹം നടന്നു. ഭവാനി ആണ് ഭാര്യ. മൂന്നുമക്കള്‍.

പുരസ്കാരങ്ങള്‍

1978ല്‍ കാറല്‍മണ്ണയിലെ പൗരാവലി നല്‍കിയ മണിമാലയാണ് ആദ്യ പുരസ്കാരം. 2009ലെ കേരളസര്‍ക്കാര്‍ കഥകളി പുരസ്കാരം, കലാമണ്ഡലത്തിന്റെ പ്രഥമ കലാരത്നം പുരസ്കാരം, കേന്ദ്ര സംഗീതനാടക അക്കാഡമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാഡമി അവാര്‍ഡ്, സംഗീതനാടക അക്കാഡമി ഫെല്ലോഷിപ്പ്, കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്, ജെ ടി പാര്‍ക്ക് ഫൗണ്ടേഷന്റെ കഥകളി ഫെല്ലോഷിപ്പ്, ഭാരതസര്‍ക്കാരിന്റെ സംഗീതനാടക അക്കാഡമി പുരസ്കാരം എന്നിങ്ങനെ ഒട്ടേറെ അവാര്‍ഡുകള്‍ തുടര്‍ന്ന് കോട്ടയ്ക്കല്‍ ശിവരാമന് ലഭിച്ചു.

ഡോക്യുമെന്ററികള്‍

ശിവരാമന്റെ കലാജീവിതത്തെ അധികരിച്ചുകൊണ്ട് രണ്ട് ഡോക്യുമെന്ററികള്‍ പ്രകാശിതമായിട്ടുണ്ട്. എം വി രാജന്‍ സംവിധാനം ചെയ്ത 'മിനുക്ക്' , ;കളിവിളക്കിന്റെ ഇടം പാതി' എന്നിവയാണ് ക്വ. 'മിനുക്ക്' മികച്ച ഡോക്യുമെന്ററിയ്ക്കുള്ള ദേശീയ പുരസ്കാരം നേടി.

കഥകളിയുടെ ആധുനികഘട്ടം കണ്ട സ്ത്രൈണസൗന്ദര്യമായിരുന്നു കോട്ടയ്ക്കല്‍ ശിവരാമന്‍. സ്ത്രീവേഷങ്ങള്‍ക്ക് അരങ്ങില്‍ സമാദരണീയമായ സ്ഥാനം നിര്‍മ്മിയ്ക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച കോട്ടയ്ക്കല്‍ ശിവരാമന്റെ കലാജീവിതം കഥകളിചരിത്രത്തെ ഒളിമങ്ങാത്ത അദ്ധ്യായമാണ്.

<iframe width="6

പൂർണ്ണ നാമം: 
കോട്ടയ്ക്കൽ ശിവരാമൻ
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Friday, May 7, 1937
മരണ തീയ്യതി: 
Monday, July 19, 2010
ഗുരു: 
വാഴേങ്കട കുഞ്ചു നായർ
കളിയോഗം: 
കോട്ടയ്ക്കൽ
മുഖ്യവേഷങ്ങൾ: 
ദമയന്തി
മോഹിനി
കുന്തി
മറ്റു സ്ത്രീവേഷങ്ങൾ
പുരസ്കാരങ്ങൾ: 
കേരളസർക്കാർ കഥകളി പുരസ്കാരം (2009)
കലാമണ്ഡലത്തിന്റെ പ്രഥമ കലാരത്നം പുരസ്കാരം
കേന്ദ്ര സംഗീതനാടക അക്കാഡമി അവാർഡ്
കേരള സംഗീതനാടക അക്കാഡമി അവാർഡ്
സംഗീതനാടക അക്കാഡമി ഫെല്ലോഷിപ്പ്
കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ്
ജെ ടി പാക്ക് ഫൗണ്ടേഷന്റെ കഥകളി ഫെല്ലോഷിപ്പ് (JT PAC)