ചെങ്ങന്നൂർ നാണുപ്പിള്ള
തിരുവിതാംകൂറിലെങ്ങും രംഗപ്രസിദ്ധി നേടിയ സ്ത്രീ വേഷക്കാരൻ ആയിരുന്ന ചെങ്ങന്നൂർ നാണുപിള്ള, ചെങ്ങന്നൂർ കിഴക്കേ മഠത്തിൽ 1873ൽ ജനിച്ചു. ആശാരി കേശവപ്പണിക്കർ, ഭീമൻ കേശവപ്പണിക്കർ എന്നൊക്കെ അറിയപ്പെട്ടിരുന്ന തകഴി കേശവപ്പണിക്കരായിരുന്നു മുഖ്യ ഗുരു.
പ്രചാരമുള്ള ഏതു കഥകളിലേയും സ്ത്രീ പാത്രങ്ങളെ കെട്ടി ഫലിപ്പിക്കുന്നതിൽ നാണുപിള്ള ബഹുമിടുക്കനായിരുന്നു. തോപ്പിൽ കളിയോഗത്തിലെ മുഖ്യ സ്ത്രീവേഷക്കാരൻ ആയിരുന്നു.
സ്ത്രീ വേഷങ്ങൾക്കു പുറമേ മഹർഷി, ബ്രാഹ്മണ വേഷങ്ങൾ (മിനുക്ക്) മാത്രമേ അദ്ദേഹം കെട്ടുമായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ നാരദൻ, ദുർവ്വാസാവ് തുടങ്ങിയ വേഷങ്ങളുടെ അവതരണം നടത്തുന്നത് അതിഗംഭീരമായി വിജയിക്കുമായിരുന്നു.
തെക്കൻ ചിട്ടയുടെ പരമാചാര്യനായിരുന്ന ഗുരു ചെങ്ങന്നൂർ രാമൻപിള്ളയുടെ പിതൃസഹോദരനായിരുന്നു നാണുപ്പിള്ള. ചെങ്ങന്നൂർ രാമൻ പിള്ളയുടെ കീചകനും നാണുപിള്ളയുടെ സൈരന്ധ്രിയും, അതുപോലെ രാവണനും രംഭയും, അക്കാലത്ത് വളരെയധികം ജനപ്രീതി നേടിയിരുന്നു.
(ചവറ പാറുക്കുട്ടിയോടൊപ്പം സംഭോഗശ്രുംഗാരം ആടുന്നതു കണ്ട ഒരു കളിഭ്രാന്തൻ അണിയറയിൽ വെച്ച് ചെങ്ങന്നൂർ രാമൻപിള്ളയാശാനോട് ചോദിച്ചു.
" ആശാനെ, ഒരു കൊച്ചു പെണ്‍കുട്ടിയോടൊപ്പം സംഭോഗശ്രുംഗാരമാടാൻ മടിതോന്നാറില്ലേ?"
"ആദ്യകാലങ്ങളിൽ ചിറ്റപ്പനായിരുന്നു എന്റെ കൂട്ടുവേഷം" എന്നായിരുന്നു ആശാന്റെ മറുപടി.)
നാണുപിള്ള 1935ൽ ചെങ്ങന്നൂരിൽ വെച്ച് യശ:ശരീരനായി.
(സമ്പാദകൻ: രവീന്ദ്രനാഥ് പുരുഷോത്തമൻ)