ദമയന്തി നാരായണപിള്ള

ദമയന്തി നാരായണപിള്ള ജനിച്ചത് അദ്ദേഹത്തിന്റെ കുടുംബം സ്ഥിതി ചെയ്തിരുന്ന ആലപ്പുഴയിലായിരുന്നു,1834ൽ. എങ്കിലും അദ്ദേഹം ബാല്യം തൊട്ട് തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ അച്ഛന് സ്വാതിതിരുനാളിന്റെ കാലത്ത് വലിയ കൊട്ടാരത്തിൽ ജോലി ഉണ്ടായിരുന്നു. അതു കാരണം നാരായണപിള്ള ആയില്യം തിരുനാളിന്റെ പള്ളിയറ തവണക്കാരനായും വിശാഖം തിരുനാളിന്റെ കാലത്ത് ഇലയമൃത് ജോലിക്കാരനായും പ്രവൃത്തി ചെയ്തു.

ഉത്രം തിരുനാളിന്റെ കളിയോഗത്തിൽ ഒരു നടനായിരുന്ന, കഥകളി ചിട്ടയിൽ കർക്കശക്കാരൻ എന്നറിയപ്പെട്ടിരുന്ന കിഴുകയിൽ ശങ്കരപ്പണിക്കർ ആയിരുന്നു അദ്ദേഹത്തെ കഥകളി അഭ്യസിപ്പിച്ചത്. കളിയ്ക്കു കച്ച കെട്ടുമ്പോൾ നാരായണപിള്ളയ്ക്ക് ഇരുപത് വയസ്സായിരുന്നു.

ദമയന്തി എന്ന ബിരുദം നാരായണപിള്ളയ്ക്ക് കല്പിച്ചു കൊടുത്തത് ആയില്യം തിരുനാളാണ്. എങ്കിലും അദ്ദേഹത്തിന് പേരിനനുസരിച്ച് കലാവിരുത് ഉണ്ടായിരുന്നോ എന്ന് സംശയമാണ് എന്ന് കെ.പി.എസ്. മേനോൻ കഥകളിരംഗത്തിൽ നിരീക്ഷിക്കുന്നുണ്ട്. സ്ത്രൈണമായ സൗന്ദര്യമുണ്ടായിരുന്നു എന്ന് കേൾവിയുണ്ട്. മദ്ധ്യവയസ്സിനു ശേഷം അദ്ദേഹം ബ്രാഹ്മണവേഷങ്ങൾ കെട്ടിയിരുന്നു, എങ്കിലും അദ്ദേഹത്തിന്റെ സ്ത്രീ വേഷമായിരുന്നു കളിഭ്രാന്തർക്ക് പഥ്യം.

വലിയ കൊട്ടാരത്തിലെ വേഷക്കരനായിരുന്ന പ്രസിദ്ധ നടനായ തുറവൂർ മാധവൻപിള്ള നാരായണപിള്ളയുടെ സഹോദരീ പുത്രൻ ആയിരുന്നു. മാധവൻപിള്ളയെ കച്ച കെട്ടി അഭ്യസിപ്പിച്ചത് അമ്മാവനായ നാരായണപിള്ളയാണ്. ഇതിനു പുറമേ നെടുമങ്ങാട് വെച്ച് അദ്ദേഹം തകഴി കൊച്ചുനീലകണ്ഠപിള്ളയുടെ മകൾ കാർത്ത്യായനിയെ കഥകളി അഭ്യസിപ്പിയ്ക്കുകയുണ്ടായി.

ദമയന്തി നാരായണപിള്ള 1903ൽ അന്തരിച്ചു

പൂർണ്ണ നാമം: 
ദമയന്തി നാരായണപിള്ള
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Wednesday, January 1, 1834
മരണ തീയ്യതി: 
Thursday, January 1, 1903
ഗുരു: 
കിഴുകയിൽ ശങ്കരപ്പണിക്കർ
കളിയോഗം: 
വലിയ കൊട്ടാരം കളിയോഗം
മുഖ്യവേഷങ്ങൾ: 
ദമയന്തി
സ്ത്രീവേഷങ്ങൾ
മിനുക്ക്