പള്ളം മാതുപിള്ള

രംഗ പ്രചാരം കിട്ടിയിട്ടില്ലാത്ത ഒട്ടനവധി കഥകൾക്ക് പ്രത്യേക ചിട്ടകളും രംഗ കർമ്മങ്ങളും നിർവ്വഹിച്ച് ആ കഥകൾ പ്രചരിപ്പിക്കുന്നതിൽ വിലപ്പെട്ട സംഭാവനകൾ നല്കിയിട്ടുള്ള കഥകളി ആചാര്യനായിരുന്നു പള്ളം മാതുപിള്ള.
 
അതിൽ പ്രധാനപ്പെട്ടത് താഴവന ഗോവിന്ദനാശാന്റെ ദേവയാനീചരിതത്തിലെ വൃഷപർവ്വാവ്, കെ.സി. കേശവപിള്ളയുടെ ശൂരപത്മാസുരവധത്തിലെ ശൂരപത്മൻ എന്നീ വേഷങ്ങളുടെ അവതരണത്തിൽ പ്രത്യേക ചിട്ടകൾ ഏർപ്പെടുത്തിയതാണ്. ( കണ്ടിയൂർ മഹാദേവശാസ്ത്രി എന്ന പണ്ഡിതനും ശൂരപത്മാസുരവധം എന്നൊരു ആട്ടക്കഥ എഴുതിയിട്ടുണ്ട് )
 
കോട്ടയത്തിനടുത്തുള്ള പള്ളത്ത് തുണ്ടിയിൽ വീട്ടിൽ 1870ൽ അദ്ദേഹം ജനിച്ചു. കുറിച്ചിയിലെ കളരിയിൽ നിന്നാണ് ശിക്ഷണം നേടിയത്. പല സുപ്രസിദ്ധ കഥകളി ആചാര്യന്മാരുടേയും സാന്നിദ്ധ്യംകൊണ്ട് ധന്യമായിരുന്നു കുറിച്ചി കളരി.
 
കൊച്ചപ്പിരാമന്മാർ എന്നറിയപ്പെട്ടിരുന്ന കുറിച്ചി കൊച്ചയ്യപ്പപ്പണിക്കരുടേയും, അനുജൻ കുറിച്ചി രാമപ്പണിക്കരുടേയും കളിയോഗത്തിൽ വളരെക്കാലം പ്രവർത്തിച്ചു.
 
ആദ്യവസാന വേഷങ്ങൾ മാത്രമേ കെട്ടുകയുള്ളൂ എന്ന് നിർബന്ധമുള്ള ആളായിരുന്നു മാതുപിള്ളയാശാൻ. നളൻ, അർജുനൻ, ഭീമൻ തുടങ്ങിയ നായക പ്രധാനമായ പച്ചവേഷങ്ങളും, സുപ്രധാന കത്തിവേഷങ്ങളായ ദുര്യോധനൻ, രാവണൻ, ജരാസന്ധൻ തുടങ്ങിയ വേഷങ്ങളും അദ്ദേഹം തന്നെ പ്രത്യേക ചിട്ടകൾ ഏർപ്പെടുത്തിയ മറ്റു രണ്ടു വേഷങ്ങളുമേ അദ്ദേഹം സാധാരണ കെട്ടാറുണ്ടായിരുന്നുള്ളൂ.
 
കണക്കും ചിട്ടയുമുള്ള ചൊല്ലിയാട്ടവും, ശൈലീസുന്ദരമായ കലാശങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതകൾ ആയിരുന്നു. വേർപാട്, രുഗ്മാംഗദന്റെ ധർമ്മസങ്കടം തുടങ്ങിയ സന്ദർഭങ്ങൾ മാതുവാശാന്റെ മാസ്റ്റർപീസായി പഴയ കളിഭ്രാന്തന്മാർ വിശേഷിപ്പിച്ചിട്ടുണ്ട്.
 
അരങ്ങത്ത് കത്തിജ്വലിച്ചു നിൽക്കുമ്പോൾ, 1957ൽ, തളർവാതം വന്നു രംഗം വിടേണ്ടിവന്ന പ്രസിദ്ധ നടനായ നാട്ടകം വേലുപ്പിള്ള അദ്ദേഹത്തിൻറെ ശിഷ്യനാണ്. കോട്ടയത്തെ കഥകളി പ്രേമികൾക്ക് സുപരിചിതനായ പള്ളം ചന്ദ്രൻ മാതുപിള്ളയാശാന്റെ പൌത്രനാണ്.
 
കഥകളി രംഗത്തും കളരിയിലും ഒരുപോലെ ശോഭിച്ച ആ മഹാനടൻ 72-)മത്തെ വയസ്സിൽ 1942ൽ ദിവംഗതനായി.
പൂർണ്ണ നാമം: 
പള്ളം മാതുപിള്ള
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Saturday, January 1, 1870
മരണ തീയ്യതി: 
Thursday, January 1, 1942
കളിയോഗം: 
കുറിച്ചി