പൊയിലത്ത് ശേഖരവാരിയർ‌

പൊയിലത്ത് ശേഖരവാരിയർ കപ്ലിങ്ങാടൻ സമ്പ്രദായത്തിലെ ആദ്യകാലത്തെ ഒരു പ്രധാന നടനും ആശാനും ആയിരുന്നു. പൊന്നാനി താലൂക്കിലെ നാഗലശ്ശേരി അംശത്തെ ചാലപ്പുറം ദേശത്തുള്ള പൊയിലത്ത് അമ്പലത്തിന്റെ തെക്കേ വശത്താണ് പൊയിലത്ത് വാരിയം. 1770-1780 കാലത്താണ് അദ്ദേഹത്തിന്റെ ജനനം. കപ്ലിങ്ങാടൻ സമ്പ്രദായത്തിലെ ആദ്യത്തെ ആശാനായ വലിയ ഇട്ടീരിപ്പണിക്കരുടെ കളിയോഗത്തിൽ അദ്ദേഹം ചെറുപ്പത്തിൽ പാട്ടുകാരനായി ചേർന്നു. പിന്നീട് ആ കളിയോഗത്തിൽ തന്നെ നടനായി മിനുക്കു വേഷങ്ങൾ‌ കെട്ടിയിരുന്നു.

വലിയ ഇട്ടീരിപ്പണിക്കർ കളിയോഗം കാവുങ്ങൽ പണിക്കർമാർക്ക് ഏൽപ്പിച്ചു കൊടുത്തപ്പോൾ അവരുടെ താൽ‌പര്യമനുസരിച്ച് ശേഖരവാരിയർ തിച്ചൂരും കളിയോഗത്തിലെ ആശാനായി കുറച്ചു കാലം താമസിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം വെള്ളത്താടിയാണ് കെട്ടിയിരുന്നത്. ശേഖരവാരിയർ 1853ൽ അന്തരിച്ചു.

തെക്കൻ കേരളത്തിൽ കപ്ലിങ്ങാടൻ സമ്പ്രദായം പ്രചരിപ്പിച്ച കുണ്ടത്തിൽ (കലവൂർ) നാരായണമേനോൻ അനുജനോടൊപ്പം തിച്ചൂർ വെച്ച് കഥകളി അഭ്യസിക്കുമ്പോൾ പൊയിലത്ത് ശേഖരവാരിയരും അവരുടെ ആശാനായി അവിടെ ഉണ്ടായിരുന്നു.

ഈശ്വരപ്പിള്ള വിചാരിപ്പുകാരുടെ ശിക്ഷണം

ഉത്രം തിരുനാൾ കളിയോഗത്തിലെ അഖിലകേരള പ്രശസ്തിയാർജ്ജിച്ച നടൻ ഈശ്വരപ്പിള്ള വിചാരിപ്പുകാർ പൊയിലത്ത് ശേഖരവാരിയരുടെ ശിഷ്യനാണ്. വലിയ കൊച്ചയ്യപ്പപ്പണിക്കരുടേയും കൊച്ചൂഞ്ഞന്റേയും കീഴിൽ 3 വർഷം അഭ്യസിച്ച ശേഷമാണ് ഈശ്വരപ്പിള്ള വിചാരിപ്പുകാർ അദ്ദേഹത്തിന്റെ കീഴിൽ അഭ്യസിക്കുന്നത്. ഈശ്വരപ്പിള്ളയെ കോട്ടയം കഥകൾ കപ്ലിങ്ങാടൻ സമ്പ്രദായത്തിൽ അഭ്യസിപ്പിക്കുവാൻ സമർത്ഥനായ ഒരാശാനെ അന്വേഷിച്ചതിന്റെ ഫലമായി ഉത്രം തിരുനാൾ മഹാരാജാവ് ശേഖരവാരിയരെ തിരുവനന്തപുരത്തേക്ക് വരുത്തി. ആ സമയത്ത് ശേഖരവാരിയർക്ക് 70 വയസ്സ് കഴിഞ്ഞിരുന്നു. ശേഖരവാരിയരുടെ വിദഗ്ധശിക്ഷണം കൊണ്ട് ഈശ്വരപ്പിള്ള ഒരു മികച്ച ആദ്യവസാനക്കാരനായി.

വിചാരിപ്പുകാർ ആയ ശേഷം ഈശ്വരപ്പിള്ള പൊയിലത്ത് വാരിയത്തു വന്ന് അദ്ദേഹത്തിന് ഗുരുദക്ഷിണ ചെയ്യുകയുണ്ടായിട്ടുണ്ട്.

പൂർണ്ണ നാമം: 
പൊയിലത്ത് ശേഖരവാരിയർ‌
വിഭാഗം: 
സമ്പ്രദായം: 
കളിയോഗം: 
വലിയ ഇട്ടീരിപ്പണിക്കർ കളിയോഗം
കാവുങ്ങൽ കളിയോഗം
മുഖ്യവേഷങ്ങൾ: 
മിനുക്ക്
വെള്ളത്താടി