വാരണാസി മാധവന്‍ നമ്പൂതിരി

Varanasi Madhavan Namboodiri Photo:Ravindranathan Purushothaman

വാരണാസി മാധവന്‍ നമ്പൂതിരി കൊല്ലവര്‍ഷം 1107 ചിങ്ങമാസത്തില്‍ 12ന്‌ (1932) ആലപ്പുഴ ജില്ലയിലെ മാവേലിക്കര വാരണാസി മഠത്തില്‍ നാരായണൻ നമ്പൂതിരിയുടേയും, ദ്രൌപതി അന്തർജ്ജനത്തിന്റേയും മകനായി ജനിച്ചു. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെ കീഴില്‍ ചെണ്ട അഭ്യസിച്ച് തുടങ്ങിയിരുന്നു. ശേഷം കുളക്കട സി.വി. പണ്ടാരത്തിലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ശ്രീകുലം കലാസമിതിയിൽ ചേർന്ന് കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാളിന്‍റെ അതിവിദഗ്‍ധമായ ശിക്ഷണത്തില്‍ ഉപരിപഠനം പൂർത്തിയാക്കി.

കേരള കലാമണ്ഡലം തെക്കൻ കളരിയിൽ ചെണ്ട വിഭാഗം പ്രൊഫസ്സറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കഥകളി മദ്ദള വിദഗ്ദ്ധനായ അനുജൻ വാരണാസി വിഷ്ണു നമ്പൂതിരിയുമൊത്ത് വാരണാസി സഹോദരന്മാർ എന്ന പേരിൽ സുപരിചിതനായിരുന്നു. ഇരുവരും ചേർന്നു നടത്തുന്ന മേളപ്പദം പ്രത്യേക അനുഭൂതി ഉളവാക്കുന്നത് തന്നെയായിരുന്നു.

കുലീനമായ പെരുമാറ്റം കൊണ്ടും സ്വതസിദ്ധമായ ഫലിതം കൊണ്ടും കഥകളി ആസ്വാദകർക്ക് വളരെ ആരാദ്ധ്യനായിരുന്നു മാധവൻ നമ്പൂതിരി. കഥകളി രംഗത്തെ നവാഗതരെ പ്രോത്സാഹിപ്പിക്കാനും, അവർക്ക് അവസരങ്ങൾ ഉണ്ടാക്കി കൊടുക്കാനും അദ്ദേഹം വളരെയേറെ ശ്രദ്ധിച്ചിരുന്നു. മാത്രമല്ല അവരോട് സമഭാവനയോട് പെരുമാറുകയും അവരോടോപ്പമിരുന്നു നർമ്മ സംഭാഷണം നടത്താനും അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. ഉത്സവഭാരവാഹികളേയും, കഥകളി യോഗ മാനേജർമാരേയും കളിയാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഫലിതങ്ങൾ വളരെ പ്രസിദ്ധങ്ങളാണ്.

കലാമണ്ഡലം തെക്കൻ കളരിയിൽ അദ്ധ്യാപകനായ വാരണാസി നാരായണൻ നമ്പൂതിരി മകനാണ്. മാധവൻ നമ്പൂതിരിയുടെ പൗത്രൻ മധു വാരണാസി അറിയപ്പെടുന്ന കഥകളി നടനും ആട്ടക്കഥാകൃത്തുമാണ്.

ആകാശവാണിയിലും ദൂരദര്‍ശനിലും ഫസ്റ്റ് ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. കേരള കലാമണ്ഡലം അവാര്‍ഡ്, സഗീതനാടക അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 

ഭാര്യ: ദേവകി അന്തര്‍ജ്ജനം (ചെങ്ങനാശേരി കിഴക്കുംഭാഗം മന) മക്കള്‍: കലാമണ്ഡലം നാരായണന്‍ വാരണാസി, തങ്കമണി, ദേവി, ശ്രീദേവി & കലാദേവി.
 

 

പൂർണ്ണ നാമം: 
വാരണാസി മാധവന്‍ നമ്പൂതിരി
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Friday, January 1, 1932
മരണ തീയ്യതി: 
Friday, May 24, 2002
ഗുരു: 
അരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി
കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍
കളിയോഗം: 
കേരള കലാമണ്ഡലം
പുരസ്കാരങ്ങൾ: 
കേരളകലാമണ്ഡലം
കേരള സംഗീതനാടക അക്കാദമി