വെച്ചൂർ രാമൻ പിള്ള
കഥകളി ഒരു ജീവിത മാർഗം അല്ലാതിരുന്നിട്ടുകൂടി അതിന്റെ വളർച്ച മഹത്തായൊരു ലക്ഷ്യമായി സ്വീകരിച്ച പ്രതിഭാധനനായ വെച്ചൂർ രാമൻ പിള്ള, വൈക്കത്തിനടുത്ത് തോട്ടകം എന്ന ഗ്രാമത്തിൽ വലിയപറമ്പ് എന്ന സമ്പന്നവും ആഭിജാത്യവുമുള്ള കുടുംബത്തിൽ 1890 ൽ ജനിച്ചു.
പിതാവ് മൈലക്കാട്ട് കൃഷ്ണൻ നമ്പൂതിരി. രാമൻ പിള്ള പഠിക്കാൻ അതിസമർത്ഥനായിരുന്നു. പക്ഷെ മാതുലനായ കൃഷ്ണപിള്ളയുടെ പാത പിന്തുടരാനാണ് ആഗ്രഹിച്ചത്. കൃഷ്ണപിള്ള അറിയപ്പെട്ട ഒരു നടനായിരുന്നു. രാമക്കുറുപ്പ് എന്നൊരു ആശാനാണ് കച്ചകെട്ടിച്ചതെങ്കിലും, അമ്മാവന്റെ കൂടെയുള്ള സഹവാസമാണ് അദ്ദേഹത്തിലെ നടനെ പാകപ്പെടുത്തിയത് എന്ന് സാമാന്യമായി പറയാം.
അരങ്ങേറ്റത്തിനുശേഷം ഇടത്തരം വേഷം കെട്ടിനടക്കുന്ന കാലത്താണ് ഇടപ്പള്ളി കളിയോഗത്തിൽ ചേരുന്നത്. വളരെ ഉയരമുള്ള ശരീരപ്രകൃതി കാരണം താടി വേഷം ചെയ്യാൻ നിർബന്ധിതനായി. ഇടപ്പള്ളിയിലാണ് വെച്ചൂർ ആദ്യമായി താടി വേഷം കെട്ടുന്നത്.
മഹാകവി വള്ളത്തോളുമായുള്ള സൗഹൃദം, വെച്ചൂരിനെ കലാമണ്ഡലവുമായി അടുപ്പിക്കാൻ ഇടയാക്കി. ഏതാണ്ട് 15 വർഷങ്ങളോളം കലാമണ്ഡലത്തിന്റെ കളികള്ക്ക് വെച്ചൂർ വേഷം കെട്ടുമായിരുന്നു. 1920 മുതൽ കൊട്ടാരം കളിക്കാരനും ആയിരുന്നു.
കഥകളി രംഗത്തു മാത്രമല്ല സമസ്ത മണ്ഡലങ്ങളിലും കുടുംബ മഹിമകൊണ്ടും ആഭിജാത്യമുള്ള പെരുമാറ്റം കൊണ്ടും അദ്ദേഹം ഏറെ ബഹുമാന്യനായിരുന്നു. കലാരംഗത്തും സമൂഹത്തിലും വലിയ സ്ഥാനമുള്ള ആളായിരുന്നെങ്കിലും അദ്ദേഹത്തിനെ അഹംഭാവം തെല്ലും തൊട്ടുതീണ്ടിയിട്ടില്ലായിരുന്നു.
വെച്ചൂരിന്റെ നരസിംഹം വളരെ പേരുകേട്ട വേഷം ആയിരുന്നു. "നരസിംഹം രാമൻപിള്ള" എന്നൊരു അപരനാമം കൂടിയുണ്ടായിരുന്നു.
താടി വേഷങ്ങൾക്ക് പുറമേ, കരി, വലലൻ, യവനൻ, രൗദ്രഭീമൻ തുടങ്ങിയ വേഷങ്ങളും പ്രശസ്തമായിരുന്നു. വെചൂരിന്റെ കണ്ണുകൾ താരതമ്യേന ചെറുതായിരുന്നു. പക്ഷെ രൗദ്രവേഷങ്ങളിൽ ആ കണ്ണുകള പ്രകാശിക്കുമ്പോൾ അസാമാന്യ വലുപ്പം ഉള്ളതാണെന്ന് തോന്നിയിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്തമായ വേഷമാണ് നളചരിതത്തിലെ കലി.
അമച്വർ നാടക രംഗത്തെ പ്രശസ്ത നടനും സംഗീത നാടക അക്കാഡമി അദ്ധ്യക്ഷനുമായിരുന്ന ടി.ആർ. സുകുമാരൻ നായർ വെച്ചൂരിന്റെ പുത്രനായിരുന്നു.
വെച്ചൂർ രാമൻ പിള്ള 1944 ൽ ദിവംഗതനായി.