കലാമണ്ഡലം കൃഷ്ണൻ നായർ

Kalamandalam Krishnan Nair

കഥകളിയുടെ ആധുനിക ചരിത്രത്തില്‍ അനല്പമായ സ്ഥാനമുണ്ട് ശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ക്ക്. മോരില്‍ വെണ്ണകണക്കെ കഥകളിയുടെ മുകളില്‍ എന്നും പൊങ്ങിക്കിടക്കാന്‍ ഗുരുനാഥനില്‍ നിന്നും ആശീര്‍വാദം ലഭിച്ച കൃഷ്ണന്‍ നായര്‍ , കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ താലൂക്കിലുള്ള ചെറുതാഴം അംശം കുന്നുമ്പുറം ദേശം പുതിയേടത്ത് വീട്ടില്‍ 1914 മാര്‍ച് 27ന് (മീന മാസത്തിലെ മകം നക്ഷത്രത്തില്‍) ആണ് ജനിച്ചത്. അമ്മ മാധവി. കാഞ്ഞിരക്കോട്ടു നാരായണന്‍ നായര്‍ ആണ് അച്ഛന്‍. അമ്മയുടെ രണ്ടാമത്തെ ഭര്‍ത്താവായിരുന്നു നാരായണന്‍ നായര്‍. അമ്മയുടെ ആദ്യബന്ധത്തിലൂടെ കൃഷ്ണന്‍ നായര്‍ക്ക് ഒരു ജ്യേഷ്ഠസഹോദരനുണ്ട്. കുഞ്ഞിരാമന്‍ എന്നാണ് ജ്യേഷ്ഠന്റെ പേര്‍. കൃഷ്ണ്‍നായര്‍ക്ക് ഒരു അനുജനും ഉണ്ട്. ജ്യേഷ്ഠന്‍ അരിവെയ്പ്പ് കാരനായിരുന്നു. അമ്മ കൂലിപ്പണിയും. അതുകൊണ്ടായിരുന്നു വീട് പുലര്‍ന്നിരുന്നത്. ജ്യേഷ്ഠന്‍ മൂന്നാം ക്ലാസ്സ് വരെ പഠിച്ചിരുന്നതിനാല്‍ എഴുതാനും വായിക്കാനും അറിയുമായിരുന്നു. അന്നാട്ടിലെ ജന്മികുടുംബമായ വാരണക്കോട്ട് മനവക സ്കൂളില്‍ എട്ടാം വയസ്സില്‍ കൃഷ്ണന്‍ നായര്‍ വിദ്യഭ്യാസത്തിനായി ചേര്‍ന്നു. പന്ത്രണ്ടാം വയസ്സില്‍ മൂന്നാം ക്ലസ്സ് പാസ്സായി. മൂന്നില്‍ ഒരു കൊല്ലം തോറ്റത് ഹാജറ് കുറഞ്ഞതുകൊണ്ടായിരുന്നു.

കൃഷ്ണന്‍ നായര്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കൊല്ലമായിരുന്നു വാരണക്കോട്ട് മനയില്‍ കഥകളി കോപ്പ് നിര്‍മ്മാണം ആരംഭിച്ചത്. കോപ്പ് നിര്‍മ്മാണ സമയത്ത് തന്നെ ചന്തുപ്പണിക്കര്‍, അമ്പുപ്പണിക്കര്‍, ചിങ്ങപ്പണിക്കര്‍ എന്നിവരെ വിളിച്ച് ചൊല്ലിയാടിച്ചിരുന്നു. കോപ്പ് നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍, കൊല്ലവര്‍ഷം 1103-ല്‍ കളിയോഗം ആരംഭിച്ചു. കോടോത്ത് കളിയോഗത്തിലും തളിപ്പറമ്പ് കളിയോഗത്തിലും ചന്തുപ്പണിക്കരുടെ കീഴില്‍ ശിക്ഷണം നേടിയവരേയും കൂടെ വാരണക്കോട്ട് കളിയോഗത്തില്‍ ചേര്‍ത്തു. പ്രധാന ആശാന്‍ ചന്തുപ്പണിക്കര്‍ അയിരുന്നെങ്കിലും സ്ത്രീവേഷത്തിന് ചെന്താമരപ്പിഷാരടിയും താടിവേഷത്തിന് കണാരന്‍ നായരും ഉണ്ടായിരുന്നു. (കണാരന്‍ നായര്‍ കുഞ്ചുനായരാശാന്റെ ആദ്യഭാര്യ പിതാവാണ്)

വടക്കേ മലബാറിലെ കളിയോഗ ചരിത്രം

വടക്കേമലബാറില്‍ ആദ്യമായി കഥകളിയോഗം സ്ഥാപിച്ചത് തൃക്കരിപ്പൂര്‍ താഴെക്കാട്ട് മനയിലായിരുന്നു. ഏതാണ്ട്‌ പന്ത്രണ്ട് കൊല്ലക്കാലം ഈ യോഗം നടന്നുവന്നു. പാലക്കാട്ട്കാരനായ തോലനൂര്‍ ഈച്ചരമേനോനായിരുന്നു പ്രസ്തുത കളരിയിലെ പ്രധാന ആശാന്‍. കല്ലടിക്കോടന്‍ സമ്പ്രദായം വടക്കേ മലബാറില്‍ പ്രചരിപ്പിച്ചത് ഈച്ചരമേനോനായിരുന്നു. ഈച്ചരമേനോന്റെ ശിഷ്യന്മാരാണ് ചന്തുപ്പണിക്കര്‍, അമ്പുപ്പണിക്കര്‍, ചിങ്ങന്‍ പണിക്കര്‍ എന്നീ ത്രിമൂര്‍ത്തികള്‍. താഴെക്കോട്ട് കളിയോഗം നശിച്ചതിനുശേഷമാണ് കോടോത്ത് കളിയോഗം ആരംഭിച്ചത്. ആദ്യത്തെ കൊല്ലം ആശനായി കണാരമേനോന്‍ ആയിരുന്നു. പിന്നീട് പ്രധാന ആശാനായി ചന്തുപ്പണിക്കര്‍ നിയമിതനായി. ഏഴെട്ട് കൊല്ലക്കാലം ഈ കഥകളിയോഗം നടന്നു. അടുക്കാടന്‍ കൃഷ്ണന്‍ നായരും ഐങ്കോടന്‍ കൃഷ്ണനുമായിരുന്നു അവിടെ ചന്തുപ്പണിക്കരുടെ പ്രധാന ശിഷ്യന്മാര്‍. കൊല്ലവര്‍ഷം 1093ല്‍ പ്രസ്തുതകളിയോഗത്തിന്റെ പ്രവര്‍ത്തനങ്ങളും നിലച്ചു. അതോടേ വടക്കെ മലബാറിലെ കഥകളികളരിയോ കളിയോഗമോ ഇല്ലാതായി. കളിയോഗങ്ങള്‍ ഇല്ലാതായതോടേ കഥകളി ആശാന്മാരുടെ കഷ്ടകാലവും ആരംഭിച്ചു. അമ്പുപ്പണിക്കര്‍ക്കും ചിങ്ങന്‍ പണിക്കര്‍ക്കും അല്‍‌പ്പം കൃഷി ഉണ്ടായിരുന്നത് അവര്‍ക്കാശ്വാസമായി. എന്നാല്‍ ചന്തുപ്പണിക്കര്‍ വല്ലാതെ വലഞ്ഞു. അദ്ദേഹം വീടിനുമുന്നില്‍ ഒരു ചായക്കട തുടങ്ങി. അങ്ങനെ ഇരിക്കുമ്പോഴായിരുന്നു തളിപ്പറമ്പിലെ നമ്പൂതിരിമാരും മറ്റ് പ്രമുഖരും ചേര്‍ന്ന് കളിയോഗം തുടങ്ങിയത്. ചന്തുപ്പണിക്കരാശാനെ അവിടെ ആശാനായി നിയമിച്ചു. ഈ കളിയോഗവും കുറച്ച്കൊല്ലങ്ങള്‍ പ്രമുഖമായ നിലയില്‍ തന്നെ നടന്നു.

വടക്കെ മലബാറില്‍ കഥകളിക്ക് പ്രചാരം സിദ്ധിച്ചത് ഈച്ചരമേനോനും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ചന്തുപ്പണിക്കര്‍, അമ്പുപ്പണിക്കര്‍, ചിങ്ങന്‍ പണിക്കര്‍ എന്നിവരിലൂടെ ആയിരുന്നു. ഇവരില്‍ ചന്തുപ്പണിക്കര്‍ക്കായിരുന്നു കൂടുതല്‍ ശിഷ്യബലം.

കൊല്ലവര്‍ഷം 1103ല്‍ താഴേക്കോട്ടു മനവക കോപ്പുകള്‍ വാരണക്കാട്ട് കളിയോഗത്തിലേക്ക് വിലയ്ക്ക് വാങ്ങുകയും പോരാത്തവ വള്ളുവനാട്ടില്‍ നിന്നും വന്നവര്‍ നിര്‍മ്മിക്കുകയും ചെയ്തു. ആ പണിക്കാര്‍ തന്നെ പഴയ കോപ്പുകള്‍ പുതുക്കിപ്പണിയുകയും ചെയ്തു. ധാരാളം അരങ്ങുകള്‍ തുടക്കത്തില്‍ തന്നെ കിട്ടുകയുണ്ടായി. ഏകദേശം നാലുമാസത്തോളം വിറ്റൂണ് കൂടാതെയാണ് നടന്നത് എന്ന് പറയുന്നു. കളിയോഗമായി നടക്കുന്ന കാലത്ത് കഥകളിയില്ലാതിരിക്കുന്ന ദിവസമാണ് ‘വിറ്റൂണ്’ അഥവാ ‘വെറ്റൂണ്’ എന്ന് പറയുന്നത്. അപ്പോള്‍ തന്നെ കളിയോഗത്തിന്റെ കേമത്തം മനസ്സിലാക്കാമല്ലൊ.

കഥകളി കമ്പം

അങ്ങനെ ഒരു ദിവസം വാരണക്കോട്ട് കഥകളി നടക്കുമ്പോള്‍ കൃഷ്ണന്‍ നായരും ചെന്ന് കണ്ടു. ബാലനായ കൃഷ്ണന്‍ നായര്‍ അരങ്ങത്തും അണിയറയിലും ചെന്ന് കയറി അന്നത്തെ കളിയുടെ വിവരങ്ങള്‍ മനസ്സിലാക്കി. കഥ ബാലിവിജയം ആയിരുന്നു. രാവണനായി ചന്തുപ്പണിക്കരും ബാലിയായി കണാരന്‍ നായരും നാരദനായി അമ്പുപ്പണ്ണിക്കരുമായിരുന്നു. ചന്തുപ്പണിക്കരുടെ രാവണനെ കണ്ട് കൃഷ്ണന്‍ നായര്‍ കഥകളിയില്‍ ഭ്രമിച്ചു. അങ്ങനെ പതിമൂന്നാം വയസ്സില്‍ ഗുരു ചന്തുപ്പണിക്കരുടെ കയ്യില്‍ നിന്നും കച്ചയും മെഴുക്കും വാങ്ങി കഥകളി അഭ്യസനം തുടങ്ങി. ചന്തുപ്പണിക്കരുടെ മറ്റൊരു ശിഷ്യനായ നാരായണന്‍ നായരാശാനായിരുന്നു കളരിയില്‍ ചൊല്ലിയാടിച്ചിരുന്നത്. ഗുരു ചന്തുപ്പണിക്കര്‍ തന്നെ സഹായത്തിനായി നാരായണന്‍ നായരാശാനെ കൊണ്ട് വന്നതാണ്.

രണ്ട് കൊല്ലത്തിനുശേഷം കൃഷ്ണന്‍ നായരുടെ അരങ്ങേറ്റം നടന്നു. കല്യാണസൌഗന്ധികത്തിലെ കൃഷ്ണനായിട്ടായിരുന്നു അരങ്ങേറ്റം. സാധാരണ രണ്ടാം തരം സ്ത്രീ വേഷമായിരുന്നു കൃഷ്ണന്‍ നായര്‍ ചൊല്ലിയാടി പഠിച്ചിരുന്നത് എങ്കിലും വാരണക്കോട്ട് മനയിലെ നാരായണന്‍ കുഞ്ഞി എഴുന്നള്ളിയേടത്തിന്റെ തീരുമാനപ്രകാരമായിരുന്നു കൃഷ്ണന്റെ വേഷം നിശ്ചയിച്ചത്. നാരായണന്‍ നായരുടെ ധര്‍മ്മപുത്രന്‍, കൃഷ്ണന്‍ നായരുടെ ഒരു സഹപാഠിയുടെ വക പാഞ്ചാലി, അടുക്കാടന്‍ കൃഷ്ണന്‍ നായരുടെ ആദ്യത്തെ ഭീമന്‍, ഗുരു ചന്തുപ്പണിക്കരുടെ രണ്ടാമത്തെ ഭീമന്‍, അച്ചുപ്പണിക്കരുടെ ജടാസുരന്‍ എന്നിങ്ങനെ ആയിരുന്നു വേഷം. വാരണക്കോട്ട് കളിയോഗം കളിക്ക് നടന്നിരുന്ന കാലത്ത് അധികവും കോട്ടയം കഥകള്‍ ആയിരുന്നത്രെ കളിച്ചിരുന്നത്. തമ്പിക്കഥകളും ഉണ്ടാകാറുണ്ട്. നരകാസുരവധം, സീതാസ്വയംവരം, ബാലിവധം, തോരണയുദ്ധം, രാജസൂയം, സുഭദ്രാഹരണം, സന്താനഗോപാലം, അംബരീഷചരിതം, രുഗ്മിണീസ്വയംവരം, കിരാതം എന്നിവ ചുരുക്കമായും ഉണ്ടാകാറുണ്ട്. കൃഷ്ണന്‍ നായര്‍ക്ക് അധികവും സ്ത്രീവേഷമായിരുന്നു പതിവ്.

കലാമണ്ഡലത്തിലേക്കുള്ള ക്ഷണം

വാരണക്കോട്ടെ കളിയോഗം നിറുത്തിയതിനുശേഷം കൃഷ്ണന്‍ നായര്‍ മയ്യഴിയില്‍ വാചാലി കൃഷ്ണന്‍ നടത്തിയിരുന്ന കളിയോഗത്തില്‍ ചേര്‍ന്നു. വലിയ ശങ്കരപ്പണിക്കര്‍ (കാവുങ്കല്‍ ശങ്കരപ്പണിക്കരെ വലിയ ശങ്കരപ്പണിക്കര്‍ എന്നാണ് പറയാറുള്ളത്) ആയിരുന്നു മേല്‍‌നോട്ടം. ആശാനും അദ്ദേഹം തന്നെ ആയിരുന്നു. വെള്ളിനേഴി നാണുനായരും ആ കളിയോഗത്തില്‍ ഉണ്ടായിരുന്നു. നാണുനായരുടെ അച്ഛന്‍ ആശാര്‍ കോപ്പന്‍ എന്നറിയപ്പെട്ടിരുന്ന കോപ്പന്‍ നാ‍യരും ഈ കളിയോഗത്തില്‍ ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ ചിറയ്ക്കല്‍ കടലാടി ക്ഷേത്രത്തിലെ അഞ്ചു ദിവസത്തെ കളി, അതില്‍ നാലാമത്തെ ദിവസത്തില്‍ നരകാസുരവധം ലളിത ആയിരുന്നു കൃഷ്ണന്‍ നായരുടെ വേഷം. അന്ന് കളി കാണാന്‍ വള്ളത്തോലും മുകുന്ദരാജാവും എത്തിയിരുന്നു. കലാമണ്ഡലം തുടങ്ങാനുള്ള ഫണ്ട് ഉണ്ടാക്കാനയി കലാമണ്ഡലം ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍‌പ്പനക്ക് വന്നതായിരുന്നു അവര്‍. ലളിത കണ്ടതിനുശേഷം അവര്‍ കൃഷ്ണന്‍ നായരെ കലാമണ്ഡലത്തിലേക്ക് ക്ഷണിച്ചു.

കലാമണ്ഡലത്തിലേക്കുള്ള ക്ഷണം കാത്ത് ഇരിക്കുന്ന സമയത്താണ് സ്റ്റാന്‍ ഹാര്‍ഡി എന്നൊരു മദാമ്മയെ പരിചയപ്പെടുന്നത്. കഥകളി ചൊല്ലിയാട്ടവും മുദ്ര പഠിപ്പിക്കുന്നതുമൊക്കെ കാണാന്‍ മദാമ്മ കരുണാകരമേനോന്‍ ആശാന്റെ അടുത്ത് വന്നതായിരുന്നു. അതിനു രണ്ട് വിദ്യാര്‍ത്ഥികളെ കൂടെ കരുണാകരമേനോന്‍ ആശാന് ആവശ്യമായിരുന്നു. അത് പ്രകാരം കൃഷ്ണന്‍ നായരും മാരാന്‍ ശങ്കരനും കരുണാകരമേനോന്‍ ആശാന്റെ ശിക്ഷണത്തിനായി തലശ്ശേരിയ്ക്ക് പുറപ്പെട്ടു. ഇവര്‍ ചൊല്ലിയാടുന്നതൊക്കെ മദാമ്മ പകര്‍ത്തും. ഇക്കാലത്ത് കുറിച്ചി കുഞ്ഞന്‍ പിള്ളയും ഗോപിനാഥന്‍ പിള്ള (ഗുരു ഗോപിനാഥ്) യും ഇവരോടൊപ്പം അല്പദിവസങ്ങള്‍ ചേര്‍ന്നിരുന്നു. ഇത് കൃഷ്ണന്‍ നായര്‍ക്ക്, കരുണാകരമേനോന്‍ ആശാന്റെ ശിക്ഷണം ലഭിക്കാനും കാരണമാക്കി.

കലാമണ്ഡലം ജീവിതം

1108ല്‍ അദ്ദേഹം കലാമണ്ഡലത്തില്‍ എത്തി. ശേഷമാണ് കൃഷ്ണന്‍ നായര്‍ക്ക് ക്രമമായ ഒരു ശിക്ഷണം ലഭിച്ചത്. ആദ്യകാലത്ത് കലാമണ്ഡലത്തില്‍ കവളപ്പാറ നാരായണന്‍ നായരും കുഞ്ചുക്കുറുപ്പാശാനുമായിരുന്നു പ്രധാന അദ്ധ്യാപകന്മാര്‍. കുട്ടികൃഷ്ണമാരാരാര് ആയിരുന്നു സാഹിത്യം പഠിപ്പിച്ചിരുന്നത്. വിദ്യാര്‍ത്ഥികളെ ചിട്ടയായി അഭ്യസിപ്പിക്കാനായി വള്ളത്തോള്‍, പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ ആശാനെ പിന്നീട് വരുത്തുകയായിരുന്നു. ഗുരു (തകഴി) കുഞ്ചുക്കുറുപ്പിന്റെ രസാഭിനയ കഴിവും പട്ടിക്കാംതൊടിയുടെ ചിട്ടയായ പരിശീലനവും അദ്ദേഹത്തിനു ലഭിച്ചു. പൂതനയുടെ ലളിതഭാഗം പഠിപ്പിച്ചത് ഗുരു കുഞ്ചുക്കുറുപ്പായിരുന്നു. കൊല്ലവര്‍ഷം 1112 ആയപ്പോഴേക്കും കൃഷ്ണന്‍ നായര്‍ പുരുഷവേഷങ്ങളും ധാരാളം കെട്ടി തുടങ്ങി. കോട്ടയം കഥകളും തമ്പിക്കഥകളും നളചരിതം രണ്ടാംദിവസവും അഭ്യസിപ്പിച്ചത് പട്ടിക്കാംതൊടി രാവുണ്ണിമേനോനായിരുന്നു. അതേ സമയം പദ്മശ്രീ മാണിമാധവ ചാക്യാരില്‍ നിന്നും നേത്രാഭിനയം അഭ്യസിക്കുകയും ചെയ്തു.

കലാമണ്ഡലത്തില്‍ ഉദ്യോഗസ്ഥനായിരിക്കുന്ന കാലത്താണ് കൃഷ്ണന്‍ നായര്‍ക്ക് മാണി മാധവചാക്യാരില്‍ നിന്നും കണ്ണുസാധകം പഠിക്കാന്‍ കഴിഞ്ഞത്. ഇതിനു കാരണം ദേശമംഗലം മനയ്ക്കലെ വലിയ തമ്പുരാനായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചാക്യാരെ മനയ്കലേക്ക് വരുത്തി അവിടെ വെച്ച് ഒന്നരകൊല്ലം കൊണ്ട് മൂന്നില്‍ ചില്വാനം മാസത്തെ കണ്ണുസാധകം അഭ്യസിപ്പിച്ചത്. ഇതിന്റെ ചെലവുകള്‍ എല്ലാം വഹിച്ചത് ദേശമംഗലം മന ആയിരുന്നു. പിന്നീട് ദേശമംഗലം മനയുടെ സഹായത്തോടെ സ്വന്തമായി വെള്ളികൊണ്ടുള്ള കഥകളി കോപ്പുകളും കൃഷ്ണന്‍ നായര്‍ നിര്‍മ്മിച്ചു. ഇതിനുവേണ്ട വെള്ളി തന്ന് സഹായിച്ചത് വഞ്ഞിപ്പുഴ മഠത്തില്‍ നിന്നായിരുന്നു. വാരണക്കോട്ടെ കളിയോഗത്തില്‍ നിന്നും സമ്മാനമായി ലഭിച്ച ആദ്യവസാന കിരീടം പുതുക്കി പണിയിച്ചതും ദേശമംഗലം മന വക ആയിരുന്നു.

വിവാഹവും ശേഷം ജീവിതവും

1115ല്‍ കലാമണ്ഡലത്തില്‍ തന്നെ മോഹിനിയാട്ടം അഭ്യസിയ്ക്കുവാന്‍ താമസിച്ചിരുന്ന കരിങ്ങമണ്ണ (കുറ്റിപ്പുറം) കല്യാണിക്കുട്ടിയമ്മയെ ഇരുപത്തിയേഴാം വയസ്സില്‍ കൃഷ്ണന്‍ നായര്‍ വിവാഹം കഴിച്ചു. കലാമണ്ഡലം കൊച്ചി രാജാവ് ഏറ്റെടുക്കുന്ന സമയം കൃഷ്ണന്‍ നായര്‍ കലാമണ്ഡലത്തില്‍ നിന്നും യാത്ര പറഞ്ഞ് പിരിഞ്ഞു. പതിനാല് കൊല്ലക്കാലം അദ്ദേഹം കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിയായും അദ്ധ്യാപകനായും ഒക്കെ സേവനം അനുഷ്ഠിച്ചു. ശേഷം കൃഷ്ണന്‍ നായരും ഭാര്യ കല്യാണിക്കുട്ടിയമ്മയും തിരുവനന്തപുരത്ത് ശ്രീചിത്രോദയ കലാലയത്തില്‍ 1941ല്‍ ചേര്‍ന്നു.

കലാമണ്ഡലം വിട്ട് ദേശമംഗലത്ത് താമസിക്കുമ്പോള്‍ (അപ്പോഴും കലാമണ്ഡലത്തിലെ ഉദ്യോഗസ്ഥനായിരുന്നു) തന്നെ കേരളമങ്ങോളമിങ്ങോളം കൃഷ്ണന്‍ നായര്‍ക്ക് അരങ്ങുകള്‍ ലഭിച്ച് കൊണ്ടിരുന്നു. കലാമണ്ഡലം എന്ന് പേരിനോട് കൂടെ ചേര്‍ത്ത് പ്രശസ്തനായ ആദ്യകലാകാരനായിരുന്നു ശ്രീ കൃഷ്ണന്‍ നായര്‍. തിരുവിതാംകൂര്‍ ഭാഗത്തായിരുന്നു കൂടുതല്‍ അരങ്ങുകള്‍ ലഭിച്ചിരുന്നത് എന്നതിനാല്‍ അദ്ദേഹം 1120ല്‍ എറണാകുളത്ത് താമസമാക്കി. തിരുവനന്തപുരം വലിയ കൊട്ടാരം കളിയോഗത്തില്‍ 1124ല്‍ അദ്ദേഹത്തേയും ഉള്‍പ്പെടുത്തി. 1127 മുതല്‍ ആലുവാ വെള്ളാരപ്പള്ളിയിലേക്ക് താമസം മാറ്റി.

തൃപ്പൂണിത്തുറ ഉത്സവക്കളിക്ക് മഹാരാജാവില്‍ നിന്നും കിട്ടിയ സ്വര്‍ണ്ണമെഡലില്‍ “കലാമണ്ഡലം കൃഷ്ണന്‍ നായര്‍ക്ക്” എന്ന് കൊത്തിവെച്ചിട്ടുണ്ടായിരുന്നു. അന്ന് മുതലാണ് കലാമണ്ഡലം കൃഷ്ണന്‍ നായര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് എന്ന് അദ്ദേഹം തന്റെ ആത്മകഥയായ “എന്റെ ജീവിതം - അരങ്ങിലും അണിയറയിലും” പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ കലാമണ്ഡലം എന്നപേരില്‍ വളാരെ മുന്‍പേ തന്നെ ജനപ്രീതിയാര്‍ജ്ജിച്ചതായി മറ്റു പുസ്തകങ്ങളിലും പറയുന്നുണ്ട്.

ദേശമംഗലത്ത് നിന്നും വിട്ട് കരുമാംകുഴിയില്‍ വാടകവീട്ടില്‍ താമസമാക്കിയ 1940കളില്‍ കൃഷ്ണന്‍ നായര്‍ക്ക് അധികവും കളി കിട്ടിയിരുന്നത് കൊച്ചി തിരുവിതാംകൂര്‍ എന്നിവിടങ്ങളിലായിരുന്നു. സ്വന്തം കോപ്പുകളുമായാണ് അദ്ദേഹം കളിക്ക് പോയിരുന്നത്. അക്കാലത്താണ് തോട്ടം ശങ്കരന്‍ നമ്പൂതിരി, ചെങ്ങന്നൂര്‍ രാമന്‍ പിള്ള, കുറിച്ചി കുഞ്ഞന്‍പണിക്കര്‍, മാങ്കുളം വിഷ്ണു നമ്പൂതിരി, കുടമാളൂര്‍ കരുണാകരന്‍ നായര്‍, വെച്ചൂര്‍ രാമന്‍പിള്ള തുടങ്ങിയ വേഷക്കാരും ഉണ്ണിത്താന്‍ സഹോദരന്മാര്‍, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, തകഴി കുട്ടന്‍ പിള്ള തുടങ്ങിയ പാട്ടുകാരുമായും ഇടപെടാന്‍ കഴിഞ്ഞത്. തോട്ടം ശങ്കരന്‍ നമ്പൂതിരി ധാരാളം ഉപദേശങ്ങള്‍ നല്‍കിയതായി കൃഷ്ണന്‍ നായര്‍ തന്റെ ജീവചരിത്ര ഗ്രന്ഥത്തില്‍ സ്മരിക്കുന്നുണ്ട്. തോട്ടം പോറ്റി തേപ്പ് നന്നായി മനസ്സിരുത്തി ചെയ്യുന്നതിനാല്‍ വേഷം തയ്യാറാകാന്‍ സമയമെടുക്കും. അതിനാല്‍ രണ്ടാമത്തെ കഥയ്ക്കേ തോട്ടം ശങ്കരന്‍ നമ്പൂതിരിയുടെ വേഷം ഉണ്ടാകാറുള്ളൂ.

തിരുവിതാംകൂര്‍ വലിയ കൊട്ടാരം ഒന്നാം ഗ്രേഡ് നടന്‍ ആക്കിയതും ഇക്കാലത്ത് തന്നെ ആയിരുന്നു. കൃഷ്ണന്‍ നായരെ തെക്കോട്ട് കളിക്ക് വരുത്തുന്നതില്‍ ആ ഭാഗത്തെ പലര്‍ക്കും എതിര്‍പ്പ് ഉണ്ടായിരുന്നു. ഒന്നാം ഗ്രേഡ് കലാകാരനാക്കിയപ്പോള്‍ അത് വര്‍ദ്ധിക്കുകയും എതിര്‍പ്പുള്ള കലാകാരന്മാര്‍ ഒരു യോഗം ചേരുകയും ഉണ്ടായി എന്ന് അദ്ദേഹം തന്റെ ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്.

1946ല്‍ കൃഷ്ണന്‍ നായര്‍ ആലുവ ചൊവ്വരയിലേക്ക് താമസം മാറ്റി. അകവൂര്‍ മനയ്ക്കല്‍ നിന്ന് സ്വന്തമായി വാങ്ങിയ സ്ഥലത്തേക്കായിരുന്നു താമസം മാറ്റിയത്. 1953ല്‍ ആലുവായില്‍ താമസിക്കുന്ന കാലത്ത് കൃഷ്ണന്‍ നായരും കുടുംബവും ‘കേരളകലാലയം’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തിയിരുന്നു. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയായിരുന്നു പഠിപ്പിച്ചിരുന്നത്. ചെങ്ങന്നൂരിലെ ‘വിജ്ഞാനകലാവേദി’ നടത്തിയിരുന്ന ലൂബാ ഷീല്‍ഡ് കൃഷ്ണന്‍ നായരുടെ കീഴില്‍ അഭ്യസിച്ചിട്ടുണ്ട്. ക്കൃഷ്ണന്‍ നായര്‍ 1944 മുതല്‍ 1953 വരെ നല്ല മദ്യപാനി ആയിരുന്നു എന്ന് തന്റെ ആത്മകഥാപരമായ പുസ്തകത്തില്‍ സ്മരിക്കുന്നുണ്ട്.

1945-50 കാലഘട്ടത്തില്‍ ആദ്യമായി പരശുരാമന്റെ വേഷം കെട്ടി. കൊച്ചി മഹാരാജാവ് പരീക്ഷിത്ത് തമ്പുരാന്റെ നിര്‍ദ്ദേശപ്രകാരം കലാമണ്ഡലത്തില്‍ ചിട്ടപ്പെടുത്തിയതില്‍ നിന്ന് വ്യത്യസ്തമായി, ദശരഥാദികളുടെ സൈന്യസമേതമുള്ള യാത്രയുടെ ഘോഷം കേട്ട് പരശുരാമന്റെ തപസ്സിന് ഭംഗം വരുന്നതായി ആണ് ആടാറുള്ളത്. ഒറ്റപ്പാലം സാഹിത്യപരിഷത്തില്‍ കഥകളിയ്ക്കായിരുന്നു ആദ്യമായി പരശുരാമന്‍ കെട്ടിയത്. ‘മല്‍ഗുരുവിന്‍ വില്‍ മുറിച്ച്കൊണ്ട് പോവിവളെ ഫല്‍ഗുവായുരച്ചിടാതെ തന്നീടുകില്‍ പോകാം’ എന്നിങ്ങനെയുള്ള ചരണങ്ങള്‍ കവിയ്ക്ക് പറ്റിയ നോട്ടപ്പിശകായാണ് കൃഷ്ണന്‍ നായര്‍ തന്റെ ജീവചരിത്രഗ്രന്ഥത്തില്‍ പറയുന്നത്. ആ ഭാഗം അരങ്ങില്‍ അദ്ദേഹം ആടാറില്ല. ഒറ്റപ്പാലത്ത് നിന്ന് ആന്‍ കൃഷ്ണന്‍ നായര്‍ക്ക് നാട്യരത്നം ബഹുമതി നല്‍കി. ‘നാട്യരത്നം’ എന്നെഴുതിയ ഒരു സ്വര്‍ണ്ണമെഡലായിരുന്നു അത്. ശേഷം കൊല്ലങ്കോട്ട് രാജാവിന്റെ റക്കമന്റേഷന്‍ പ്രകാരം മൈസൂര്‍ രാജാവിനു മുന്നില്‍ പൂതന കെട്ടി. മൈസൂര്‍ രാജാവ് പൊന്നാടയും സ്വര്‍ണ്ണമെഡലും നല്‍കി അഭിനന്ദിച്ചു. 1955ല്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നെഹൃവിന്റെ മുന്നില്‍ പൂതന കെട്ടി ആടി. പ്രധാനമന്ത്രിയും സ്വര്‍ണ്ണമെഡല്‍ നല്‍കി ആദരിച്ചു. പിന്നീട് തളിപ്പറമ്പ് ക്ഷേത്രം വക വീരശൃംഘലയും ലഭിച്ചു.

1957-58 കാലത്ത് ആലുവ താമസം മാറ്റി തൃപ്പൂണിത്തുറയിലേക്ക് വന്നു. ‘രാധാലക്ഷിവിലാസം’ (ആര്‍.എല്‍.വി) സ്കൂളില്‍ കഥകളി അദ്ധ്യാപകനായി ജോലിയ്ക്ക് ചേര്‍ന്നു. തോന്നയ്കല്‍ പീതംബരന്‍, ചെങ്ങാരപ്പള്ളി അനുജന്‍, മയ്യനാട് കേശവന്‍ നമ്പൂതിരി, വെമ്പായം അപ്പു പിള്ള, തലവടി അരവിന്ദന്‍ തുടങ്ങി പതിമൂന്ന് പേരടങ്ങുന്നതായിരുന്നു ആര്‍.എല്‍.വിയിലെ ആദ്യ ബാച്ച്.

1958-69 വര്‍ ആര്‍.എല്‍.വി.യില്‍ സേവനമനുഷ്ഠിച്ചു. രണ്ട് കൊല്ലത്തേക്ക് കൂടെ സേവനം നീട്ടിയതിനാല്‍ മൊത്തം പതിനാല് കൊല്ലം ആര്‍.എല്‍.വിയില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച ശേഷം തിരുവനന്തപുരം മാര്‍ഗ്ഗിയില്‍ ചേര്‍ന്നു. മാര്‍ഗ്ഗി വിജയകുമാര്‍ അങ്ങനെ കൃഷ്ണന്‍ നായരുടെ ശിഷ്യനായി.

 

1968ല്‍ കേന്ദ്ര സംഗീതനാടക അക്കാദമിയുടെ നാഷണല്‍ അവാര്‍ഡ് കിട്ടി. 1968 ഫെബ്രുവരി 22ന്‍ ആയിരുന്നു ആ അവാര്‍ഡ് ദാന ചടങ്ങ് നടന്നത്.

പൂർണ്ണ നാമം: 
കൃഷ്ണൻ നായർ
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Friday, March 27, 1914
മരണ തീയ്യതി: 
Wednesday, August 15, 1990
ഗുരു: 
ഗുരു ചന്തുപ്പണിക്കർ
പട്ടിക്കാംതൊടി രാവുണ്ണി മേനോൻ
കവളപ്പാറ നാരായണൻ നായർ
ഗുരു കുഞ്ചുക്കുറുപ്പ്
മാണിമാധവ ചാക്യാർ (നേത്രാഭിനയം)
കളിയോഗം: 
കേരള കലാമണ്ഡലം
ആർ.എൽ.വി ഫൈൻ ആർട്ട്സ് സ്കൂൾ, തൃപ്പൂണിത്തുറ
മാർഗ്ഗി തിരുവനന്തപുരം
മുഖ്യവേഷങ്ങൾ: 
പച്ച, കത്തി, സ്ത്രീ, മിനുക്ക്
പുരസ്കാരങ്ങൾ: 
പദ്മശ്രീ - 1970
കേരള സംഗീത നാടക അക്കാദമി അവാർഡ് & ഫെല്ലോഷിപ്പ്
കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ് & ഫെല്ലൊഷിപ്പ്
കൊച്ചിരാജാവിന്റെ വീരശൃംഘല
മൈസൂർ രാജാവിന്റെ സ്വർണ്ണമെഡൽ
നാട്യരത്നം ബഹുമതി-പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു
പ്രധാന കൊട്ടാരനടൻ (തിരുവിതാംകൂർ രാജാവ്)
കൂടുതൽ വിവരങ്ങൾ: 

ഭാര്യ: കലമാണ്ഡലം കല്യാണിക്കുട്ടി അമ്മ