കലാനിലയം ഗോപി
കലാനിലയം ഗോപി തൃശ്ശൂർ ജില്ലയിൽ നെല്ലുവായ് വടുതല കുഞ്ഞികൃഷ്ണൻ നായരുടേയും വെള്ളറക്കാട് മേയ്ക്കാട്ട് കാർത്ത്യായനി അമ്മയുടേയും ആറാമത്തെ പുത്രനായി 1959 ഫെബ്രുവരി 10ആം തീയ്യതി ജനിച്ചു. എരുമപ്പെട്ടി സ്കൂളിലെ പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം 1971ൽ (പന്ത്രണ്ടാം വയസ്സിൽ) ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ കഥകളിവേഷം വിദ്യാർത്ഥിയായി ചേർന്നു. കലാനിലയത്തിൽ ആറുവർഷത്തെ ഡിപ്ലോമയും ഉപരിപഠനവും കഴിഞ്ഞ് കേന്ദ്രസർക്കാറിന്റെ സ്കോളർഷിപ്പോടെ രണ്ടുവർഷം കേരളകലാമണ്ഡലത്തിൽ ഉപരിപഠനം നടത്തി.
കലാമണ്ഡലത്തിൽ ആറുമാസക്കാലം താൽക്കാലിക അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1982 ഒക്റ്റോബറിൽ ഉണ്ണായിവാര്യർ സ്മാരകകലാനിയലത്തിൽ അദ്ധ്യാപകനായി സേവനം ആരംഭിച്ചു.
പ്രസിദ്ധകഥകളി നടനും ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിലെ പ്രിൻസിപ്പാളുമായിരുന്ന കലാനിലയം രാഘവന്റെ മകൾ കെ.ആർ ജയശ്രീ (ഇരിങ്ങാലക്കുട കാർഷികവികസന ബാങ്കിൽ എക്കൌണ്ടന്റ്) ആണ് ഭാര്യ. മകൾ: ഐശ്വര്യ ജി.നായർ (സിവിൽ ബി.ടെക്ക് വിദ്യാർത്ഥിനി)
2004ൽ കഥകളിയിലെ സമഗ്രസംഭാവനയെ മാനിച്ച് കേരളകലാമണ്ഡലം ആദരിച്ചു. വന്ദേമാതരം, അഷ്ടപദിയാട്ടം, ജയദ്രഥചരിതം എന്നിവ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇറ്റലി, പാരീസ്, അബുദാബി, ദുബായ് എന്നിവിടങ്ങളിൽ പര്യടനം നടത്തിയിട്ടുണ്ട്.