കാവുങ്ങൽ ശങ്കരപ്പണിക്കർ
കൊല്ലവർഷം 1048ൽ ജനിച്ചു. കുഞ്ഞികൃഷ്ണപ്പണിക്കർ, ചാത്തുണ്ണിപ്പണിക്കർ തുടങ്ങിയ കാരണവന്മാർ തന്നെ ആയിരുന്നു ശങ്കരപ്പണിക്കരുടെ ആദ്യകാല ഗുരുനാഥന്മാർ. പതിനെട്ട് വയസ്സ് തികയുമ്പോഴേയ്ക്കും ശങ്കരപ്പണിക്കർ കോട്ടയം കഥകളിലെയും മറ്റും ആദ്യവസാനവേഷങ്ങൾ കെട്ടിതുടങ്ങിയിരുന്നു.
1080ൽ (1904 English year) ഉണ്ടായ സ്മാർത്തവിചാരത്തിൽ ശങ്കരപ്പണിക്കർ ഭ്രഷ്ടനാക്കപ്പെട്ടു. തല്ഫലമായി അദ്ദേഹം മലബാറിലേയും കൊച്ചിയിലേയും കഥകളി രംഗത്തിൽ നിന്ന് വിട്ട് നിൽക്കുവാൻ നിർബന്ധിതനായി. കഥകളിക്കാരിൽ ശങ്കരപ്പണിക്കർക്കു പുറമെ കാവുങ്ങൽ രാമുപ്പണിയ്ക്കർ, പാലത്തോൾ ഇട്ടീരി നമ്പൂതിരി, കാട്ടാളത്തു മാധവൻ നായർ, പനങ്ങാവിൽ ഗോവിന്ദൻ നമ്പ്യാർ, നായ്കാലി കുഞ്ഞിരാമൻ നമ്പീശൻ, അച്ച്യുത പൊതുവാൾ എന്നിവരും ഭ്രഷ്ടരായി. ശങ്കരപ്പണിക്കർ ഒഴിച്ച് മറ്റുള്ളവരെല്ലാം കഥകളിരംഗത്തിൽ നിന്നും മാറി; അത് ഉപേക്ഷിച്ചു.
ഭ്രഷിടിനെ തുടർന്ന് ഇല്ലങ്ങളിലേക്കും കോവിലകങ്ങളിലേക്കും ശങ്കരപ്പണിക്കർക്ക് പ്രവേശനമില്ലാതായി. അദ്ദേഹം പാടങ്ങളിലും പറമ്പുകളിലും കഥകളി അവതരിപ്പിച്ച് നടന്നു. ഭ്രഷ്ടിനെ തുടർന്നുള്ള മൂന്ന് കൊല്ലക്കാലം അദ്ദേഹം പാലക്കാട് പുത്തൂരിലായിരുന്നു താമസിച്ചിരുന്നത്. അവിടെ ഒരു നായർഗൃഹത്തിൽ നിന്നും വിവാഹവും കഴിച്ചു.
1084ൽ (1908 English year) പറവൂർ ശങ്കരപ്പിള്ളയുടെ കളിയോഗത്തിൽ ചേർന്നു. ശങ്കരപ്പണിക്കരോടൊപ്പം അദ്ദേഹത്തിന്റെ കാരണവരായ ചാത്തുണ്ണിപ്പണിയ്ക്കരും ഈ കളിയോഗത്തിൽ ചേർന്നു. പറവൂർ കളിയോഗത്തിനു പ്രചാരം ഉത്തരതിരുവിതാംകൂറിലായിരുന്നു. അത് കാരണം 1087ൽ (1911 English year) അമ്പലപ്പുഴ വെച്ച് മാത്തൂർ കുഞ്ഞുപ്പിള്ളപ്പണിയ്ക്കരും ശങ്കരപ്പണിക്കരും തമ്മിൽ പരിചയപ്പെട്ടു. മാത്തൂരിനു ശങ്കരപ്പണിക്കരോട് ബഹുമാനം ആയിരുന്നു. അങ്ങനെ ശങ്കരപ്പണിക്കർ മാത്തൂർ കളിയോഗത്തിൽ ചേർന്നു. അതുമൂലം തിരുവിതാംകൂറിലെ കഥകളി പ്രേമികളുടെ ഇടയിൽ അദ്ദേഹം അംഗീകാരം നേടി. അത്യാവശ്യം സമ്പാദ്യം ഉണ്ടായിരുന്നു അവിടെ നിന്ന് എങ്കിലും ശങ്കരപ്പണിക്കർ ജന്മനാട്ടിൽ തിരിച്ചെത്തി സ്വന്തം കുടുംബകളിയോഗം പുഷ്ടിപ്പെടുത്താനായിരുന്നു ആഗ്രഹിച്ചിരുന്നത്. അതിനാൽ കഥകളിക്കാലമായ വൃശ്ചികം തൊട്ട് ഇടവപ്പത്ത് വരെ അദ്ദേഹം തിരുവിതാംകൂറിലും ബാക്കിയുള്ള കാലം പുത്തൂരിലും ആയി ഏകദേശം പത്ത് കൊല്ലം ജീവിച്ചു. തുടർന്ന് സമൂഹത്തിലുണ്ടായ രാഷ്ട്രീയമാറ്റങ്ങളുടെ കാരണമായി അദ്ദേഹത്തിന് മലബാറിൽ തന്നെ ജീവിതാവസാനം കഴിച്ച് കൂട്ടാൻ സാധിച്ചു. 1107ൽ വാച്ചാലി കിട്ടന്റെ കളിവട്ടത്തിലുണ്ടായിരുന്ന കാലത്ത് ചിറയ്ക്കൽ കോവിലകത്ത് വെച്ച് കോലത്തിരി സമക്ഷം അദ്ദേഹത്തിന് അരങ്ങ് ഉണ്ടായിരുന്നു. ഭ്രഷ്ട് കല്പിച്ച് കൊച്ചിമഹാരാജാവിന്റെ പിൻവാഴ്ച്ചക്കാരന്റെ സന്നിധിയിൽ തന്നെ പിന്നീട് അദ്ദേഹം വേഷം കെട്ടി.
1091ൽ (1893 English year)പാലക്കാട്ട് സ്ഥിരതാമസമാക്കിയശേഷം അന്ത്യം വരെ അദ്ദേഹം കുടുംബകളിയോഗം കൊണ്ട് നടത്തിയിരുന്നു. ചിലകാലത്ത് രാമുണ്ണി മേനോൻ, ചന്തുപ്പണിയ്ക്കർ എന്നീ പ്രഗത്ഭരും ഉള്ളനാട്ട് പണിയ്ക്കർ, വാച്ചാലി കിട്ടൻ മുതലായവരും അദ്ദേഹത്തിന്റെ കളിയോഗത്തിൽ ആദ്യവാസാനം ഉണ്ടായിരുന്നു.
1110 മേടം 3ന് പാലക്കാട്ട് ഗവണ്മെന്റ് കോളെജിന്റെ രജതജൂബിലി കളിയിൽ ശങ്കരപ്പണിക്കരുടെ സൌഗന്ധികം ഹനൂമാനും പട്ടിക്കാംതൊടിയുടെ ഭീമനും, മറ്റൊരു ദിവസം ഹിരണ്യകശിപുവും വെച്ചൂർ ആശാന്റെ നരസിംഹവും ആയി കളി ഉണ്ടായി.
സമവയസ്കനായിരുന്ന വെങ്കിച്ചൻ സ്വാമി, ഭ്രഷ്ട് മാനിച്ച് അന്ന് ശങ്കരപ്പണിക്കരുടെ കളിയ്ക്ക് മദ്ദളമെടുത്തില്ല എന്ന് പറയപ്പെടുന്നു. എന്നിരുന്നാലും വെങ്കിച്ചൻ സ്വാമിയ്ക്ക് ശങ്കരപ്പണിക്കരെ നല്ല മതിപ്പും ബഹുമാനവും ആയിരുന്നു. 1111 കന്നി 10ന് (1935 Sept 26 English year) കൊച്ചി മഹാരാജാവ് ചിറ്റൂർക്ക്, കൊല്ലങ്കോട് രാജാ വാസുദേവരാജാവിന്റെ ക്ഷണപ്രകാരം വന്നിരുന്നു. ആ സമയം അദ്ദേഹത്തിന്റെ മുന്നിൽ സൌഗന്ധികം ഭീമന്റെ ശൌര്യഗുണം അവതരിപ്പിച്ച് ആദരം പിടിച്ച് പറ്റാൻ സഹായിച്ചത് വെങ്കിച്ചൻ സ്വാമി ആയിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിന് പല്ലശ്ശന, തിരുവാലത്തൂർ എന്നീ ദേശക്ഷേത്രങ്ങളിൽ വേഷം കെട്ടുവാൻ സാധിച്ചു. 1111 മിഥുനത്തിൽ (1936 July English year) പനിപിടിച്ച് കിടപ്പിലായ ശങ്കരപ്പണിക്കർ താമസിയാതെ ഇഹലോകം വെടിഞ്ഞു.
ഒട്ടും തന്നെ ദുർമേദസ്സ് ഇല്ലാത്ത ദേഹം, നീണ്ട മൂക്ക്, നല്ല പല്ലുകളും വലിപ്പമുള്ള കണ്ണുകളും ഇങ്ങനെ ആയിരുന്നുവത്രെ ശങ്കരപ്പണിക്കരുടെ പ്രകൃതം. വേഷപ്പകർച്ച അസമാന്യമായിരുന്നു. അലർച്ച കേമമായിരുന്നു. സ്ത്രീവേഷമൊഴികെ (ദുർലഭമായി അതും ഉണ്ടായിട്ടുണ്ട്) എല്ലാതരം വേഷങ്ങളും ശങ്കരപ്പണിക്കർ കെട്ടിയിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. കിർമ്മീരവധം ലളിതയും ദുർലഭമായി കെട്ടിയിട്ടുണ്ട്. പച്ചയിലും കൂടുതൽ ഭംഗി കത്തിയ്ക്കാണ് എന്ന് അഭിപ്രായവും ഉണ്ട്. അദ്ദേഹത്തിന്റെ കീചകൻ കണ്ടിട്ടാണല്ലൊ താത്രിക്കുട്ടി ഭ്രമിച്ചത്. (ഇതിന് കേട്ട് കേൾവി മാത്രം. അടിസ്ഥാനം ഒന്നും ഇല്ല. കഥകളിരംഗത്തിൽ ഇതിനെ പറ്റി പറയുന്നുമില്ല) വീര ഹാസ്യരസങ്ങളെ പോലെ തന്നെ ശൃംഗാരവും ശങ്കരപ്പണിക്കർക്ക് വഴങ്ങിയിരുന്നു. തെക്കൻ കേരളത്തിൽ നിന്നും മടങ്ങിയതിനുശേഷം രസാഭിനയവും കേമമായിരുന്നു എങ്കിലും ഗോഷ്ഠി (ഗ്രാമ്യത) ഉണ്ടായിരുന്നു എന്ന് മലബാറിലുള്ളവർ പറഞ്ഞിരുന്നു. മാത്തൂരിൽ നിന്നും പല ആട്ടങ്ങളും അദ്ദേഹം കണ്ട് പഠിച്ചിരുന്നു. വേഷപ്രൌഢിയും അഴകുറ്റ മെയ്യും മോടിയും അദ്ദേഹത്തിനുണ്ടായിരുന്നു. ബാഹുകന്റെ ആട്ടങ്ങളെല്ലാം മാത്തൂരിൽ നിന്നും പഠിച്ചതാണ്. മലബാറിൽ മൂന്നാം ദിവസം നളചരിതത്തിന് പ്രചാരം വരുത്തുന്നതിൽ ശങ്കരപ്പണിക്കർക്ക് ഒരു പങ്കുണ്ടെന്ന് കെ.പി.എസ് മേനോൻ തന്റെ “കഥകളിരംഗം” എന്ന ഗ്രന്ഥത്തിൽ സ്മരിക്കുന്നു.