പള്ളം മാധവൻ

Pallam Madhavan

ആറ്‌ പതിറ്റാണ്ടിലേറെ കഥകളിസംഗീതലോകത്ത്‌ നിറഞ്ഞുനിന്ന പ്രമുഖ കഥകളി സംഗീതജ്ഞനായിരുന്നു പനച്ചിക്കാട്‌ അമ്പലക്കരോട്ട്‌ സി.കെ. മാധവൻ എന്ന പള്ളം മാധവൻ. കോട്ടയം പനച്ചിക്കാട്ട്‌ കരിമ്പനയ്ക്കൽ (പാത്താമുട്ടം) അമ്പലക്കരോട്ട്‌ പത്മനാഭൻ കേളന്റെയും കൊച്ചുപെണ്ണുകുട്ടിയുടെയും മകനായി 1928ൽ (കൊല്ലവർഷം 1104 ചിങ്ങം 29) പള്ളം മാധവൻ ജനിച്ചു. ഏഴാമത്തെ വയസിൽ പരമു ആശാന്റെ കുടിപള്ളിക്കൂടത്തിൽ തുടങ്ങിയ വിദ്യാഭ്യാസം ചിങ്ങവനത്തെ സെന്റ്‌ തോമസ്‌ പ്രൈമറി സ്കൂളിൽ നാലാം ക്ലാസിൽ പരാധീനതകൾ കാരണം തൽക്കാലം നിർത്തേണ്ടി വന്നു.

അക്കാലത്ത്‌ പള്ളം കൊട്ടാരത്തിൽ രുദ്രവാര്യർ എന്നൊരു സംഗീതാദ്ധ്യാപകനുണ്ടായിരുന്നു. കർണാടക സംഗീതത്തിൽ പ്രഗത്ഭനായിരുന്ന അദ്ദേഹം വീണ, ഫിഡിൽ, ഫ്ലൂട്ട്‌ എന്നിവയുടെ വാദനത്തിലും മുമ്പനായിരുന്നു. രുദ്രവാര്യരുടെ കീഴിൽ മൂന്നു കൊല്ലം കർണാടക സംഗീതവും തുടർന്ന്‌ പിച്ചേപ്പള്ളി (കുറിച്ചി) രാമൻപിള്ള ആശാന്റെ കീഴിൽ കഥകളിസംഗീതവും അഭ്യസിച്ചു. പതിനഞ്ചാം വയസ്സിലാണ്‌ കഥകളി സംഗീതം അഭ്യസനം തുടങ്ങിയത്‌. പതിനെട്ടാം വയസ്സിൽ അരങ്ങേറ്റവും നടന്നു.

കുറിച്ചിയിലും നീലമ്പേരൂരിലുമുളള കളിയോഗങ്ങളിലെ ശിങ്കിടിപ്പാട്ടുകാരനെന്ന നിലയിൽ പരിശീലനം നേടിയ മാധവൻ കുടമാളൂർ കരുണാകരൻ നായരുടെ കളിയോഗത്തിലെ പൊന്നാനിപ്പാട്ടുകാരനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌.

കഥകളിയുടെ ആരാധകനും 'ഫാക്ട്‌ മനേജിങ്‌ ഡയറക്ടറുമായിരുന്ന എം.കെ.കെ. നായർ കേരള കലാമണ്ഡലത്തിന്റെ ചെയർമാനായിരുന്ന കാലത്ത്, കഥകളി സംഗീതത്തിൽ പള്ളം മാധവനുണ്ടായിരുന്ന  കഴിവ്‌ മനസ്സിലാക്കി 1966ൽ കലാമണ്ഡലത്തിലെ സംഗീതവിഭാഗത്തിന്റെ ഇൻസ്ട്രക്ടറായി അദ്ദേഹത്തെ നിയമിച്ചു. താമസിയാതെ പ്രൊഡക്ഷൻ വിഭാഗത്തിലെ അസിസ്റ്റന്റ്‌ പ്രൊഫസറായി മാധവൻ. 1984ൽ കലാമണ്ഡലത്തിന്റെ വൈസ്‌ പ്രിൻസിപ്പലായ പള്ളം മാധവൻ അഞ്ചുകൊല്ലം ആ പദവിയിലിരുന്നു. 1989ൽ കലാമണ്ഡലത്തിൽ നിന്ന്‌ അദ്ദേഹം വിരമിച്ചു.

ചിട്ടയായ അരങ്ങുവഴക്കം, അപൂർവ്വമായ ആട്ടക്കഥകൾ പോലും തോന്നുന്ന കണിശമായ ഓർമ്മശക്തി, മുദ്രയ്ക്ക്‌ ചേർന്നു കൊണ്ടുള്ള പാട്ട്‌ എന്നിവയെല്ലാം അദ്ദേഹത്തിന്റെ സംഗീതത്തിന്റെ മുഖമുദ്രകളായിരുന്നു. ഫ്രാൻസ്‌, ഇറ്റലി, ജർമ്മനി, റഷ്യ, ഇറാൻ, ചൈന, ജപ്പാൻ, വടക്കെ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം കഥകളി പാട്ടുമായി പള്ളം മാധവൻ സഞ്ചരിച്ചിട്ടുണ്ട്‌. പല പുരാണകഥകളും കഥകളിരൂപത്തിലാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്‌.

കലാമണ്ഡലം അവാർഡ്‌, കോട്ടയം കളിയരങ്ങിന്റെ കലാമണ്ഡലം ഹരിദാസ്‌ സ്മാരക അവാർഡ്‌, തകഴി മാധവക്കുറുപ്പ്‌ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്‌ കഥകളി പുരസ്‌കാരം, 2011ലെ സംസ്ഥാന കഥകളി അവാ‌ർഡ്‌  തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. പ്രധാനമന്ത്രിയായിരുന്ന കാലത്തു ഇന്ദിരാഗാന്ധി എറണാകുളത്തു വന്നപ്പോൾ അദ്ദേഹത്തിനു പ്രശംസാപത്രം നൽകി.

പള്ളം മാധവൻ 2012 സെപ്തംബർ 12ന്‌ വാർദ്ധക്യ സഹജമായ അസുഖം മൂലം പനച്ചിക്കാട്ടെ സ്വവസതിയിൽ വെച്ച്‌ അന്തരിച്ചു. കോട്ടയം തിരുനക്കര കുറ്റിശ്ശേരിൽ കെ.കെ. ഗോമതിയാണ്‌ ഭാര്യ. മക്കൾ: രമണി, വിജയലക്ഷ്മി, രഘു, അനില, ഹേമാംബിക.

പള്ളം മാധവൻ ആലപിച്ച ദക്ഷയാഗം ആട്ടക്കഥയിലെ "കണ്ണിണയ്ക്കാനന്ദം" എന്ന പദത്തിന്റെ ഭാഗം ഇവിടെ കേൾക്കാം.

പൂർണ്ണ നാമം: 
പനച്ചിക്കാട്‌ അമ്പലക്കരോട്ട്‌ സി. കെ. മാധവൻ
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Thursday, September 13, 1928
മരണ തീയ്യതി: 
Wednesday, September 12, 2012
ഗുരു: 
രുദ്രവാര്യർ
പിച്ചേപ്പള്ളി രാമൻ പിള്ള
കളിയോഗം: 
കേരള കലാമണ്ഡലം
പുരസ്കാരങ്ങൾ: 
സംസ്ഥാന കഥകളി അവാ‌ർഡ്‌ (2011)
കലാമണ്ഡലം ഹരിദാസ്‌ സ്മാരക അവാർഡ്‌
കലാമണ്ഡലം അവാർഡ്‌
തകഴി മാധവക്കുറുപ്പ്‌ സ്മാരക കഥകളി പുരസ്‌കാരം