പീശപ്പള്ളി രാജീവന്‍
തൃശൂര്‍ ജില്ലയില്‍ കടവല്ലൂര്‍ പഞ്ചായത്തില്‍ പൊറവൂര്‍ ഗ്രാമത്തില്‍ പീശപ്പള്ളി മനയില്‍ നാരായണന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി 1964 മെയ് ഇരുപത്തിഎഴാം തിയ്യതി ജനിച്ചു. 1975 മുതല്‍ ശ്രീ ചെറുവള്ളി രാമന്‍ നമ്പൂതിരിയുടെ ഗുരുകുല സമ്പ്രദായ ശിക്ഷണത്തില്‍ കഥകളി പഠനം ആരംഭിച്ചു.1977 ജനുവരി ഇരുപത്തിമൂനാം തിയ്യതി കൂത്താട്ടുകുളം ഇലഞ്ഞി ആലപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വച്ച് സുഭദ്രാഹരണം കൃഷ്ണനായി അരങ്ങേറി. 1984 മുതല്‍ കോട്ടക്കല്‍ പി, എസ്. വി നാട്യസംഘത്തില്‍ ശ്രീ കൃഷ്ണന്‍ കുട്ടി നായര്‍ ആശാന്‍ ,ശ്രീ ചന്ദ്രശേഖര വാര്യര്‍ ആശാന്‍ എന്നിവരുടെ കീഴില്‍ രണ്ടു വര്‍ഷത്തോളം കഥകളി വേഷം അഭ്യസിച്ചിട്ടുണ്ട്. കേന്ദ്ര ഗവര്‍മെണ്ടിന്റെ സ്കോളര്‍ഷിപ് 1979 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം ലഭിക്കുകയുണ്ടായി.
കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന കഥകളി മത്സരത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇദ്ദേഹം നിരവധി തവണ കേരള സംസ്ഥാന യുവജനോത്സവങ്ങളിലും സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനിടെ എക്നോമിക്സില്‍ ബിരുദം നേടി. കൂടാതെ തൃശൂര്‍ school of drama യില്‍ നിന്നും BTA ( bachilor of theatrical arts ) പൂര്‍ത്തിയാക്കി.
ദുബായ്, ബോംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങി ഇന്ത്യക്ക് അകത്തും പുറത്തും അനേകം വേദികളില്‍ കഥകളിയും സോദാഹരണ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.ഇദ്ദേഹത്തിന്റെ സോദാഹരണ ക്ലാസ്സുകളിലുള്ള മികവു പ്രശംസനീയം ആണ് .
കഥകളി കൂടാതെ 1985 മുതല്‍ അമേച്വര്‍ നാടകങ്ങളിലും 1995 മുതല്‍ പ്രഫഷണല്‍ നാടകങ്ങളിലും സജീവ സാന്നിധ്യം ആണ്. 2002 - 2003 വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാനത്തെ മികച്ച പ്രഫഷണല്‍ നാടക നടനുള്ള പുരസ്‌കാരം ലഭിച്ചു
നളചരിതം നാലാം ദിവസം ദമയന്തി, സന്താനഗോപാലം ബ്രാഹ്മണന്‍ ,സൌഗന്ധികം ഭീമന്‍, ബാലിവിജയം രാവണന്‍, കീചകന്‍ തുടങ്ങിയവയാണ് ഇഷ്ട വേഷങ്ങള്‍.
ഇപ്പോള്‍ എടപ്പാള്‍ പെരുമ്പറമ്പ് ഹൈസ്കൂളില്‍ ഗുമസ്തനായി ജോലി ചെയ്യുന്നു. ഭാര്യ : സിന്ധു അന്തര്‍ജ്ജനം , മക്കള്‍ : ശ്രീദേവി, സാവിത്രി