സദനം കൃഷ്ണദാസ്
1969 മെയ്‌മാസം പത്താം തിയ്യതി പാലക്കാട് ജില്ലയില്‍ കൂനത്തറ ഗ്രാമത്തില്‍ വെള്ളിയതൊടി മാധവന്‍ നായരുടെയും കറുത്തേടത്തു ലക്ഷ്മി അമ്മയുടെയും മകനായി ജനിച്ചു. 1983 ജൂണ്‍ മാസത്തില്‍ ശ്രീ കലാനിലയം ബാലകൃഷ്ണന്റെ ശിഷ്യനായി പേരൂര്‍ ഗാന്ധി സേവാ സദനത്തില്‍ കഥകളി പഠനം ആരംഭിച്ചു. അതേ വര്‍ഷം തന്നെ വിജയദശമി നാളില്‍ പുറപ്പാട് കൃഷ്ണനായി അരങ്ങേറി. ശ്രീ കീഴ്പടം കുമാരന്‍ നായര്‍, ശ്രീ കലാമണ്ഡലം പത്മനാഭന്‍ നായര്‍ , ശ്രീ സദനം ഹരികുമാര്‍ എന്നിവരുടെ കീഴിലും ചൊല്ലിയാടിയിട്ടുണ്ട്. ആറു വര്‍ഷത്തെ പഠനത്തിനു ശേഷം സദനത്തില്‍ തന്നെ അധ്യാപകനായി ജോലി ചെയ്തിരുന്ന കാലത്ത് 1993 ഇല്‍ കേന്ദ്ര ഗവര്‍ന്മെന്റ് സ്കോളര്‍ഷിപ് ലഭിച്ച് 2 വര്‍ഷം ഉപരി പഠനം പൂര്‍ത്തിയാക്കി.
കണ്ണൂര്‍ ജില്ലയിലെ കൈതപ്പുറം ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന "ഭാസ്കര" കലാലയത്തില്‍ ഒന്നര വര്‍ഷത്തോളം അധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ പേരൂര്‍ ഗാന്ധി സേവാ സദനത്തില്‍ അധ്യാപകന്‍ ആയും കണ്ണൂര്‍ ജില്ലയില്‍ ചെറുകുന്ന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ' ചെറുകുന്ന് കഥകളി അരങ്ങിന്റെ' രക്ഷാധികാരി ആയും പ്രവര്‍ത്തിച്ചു വരുന്നു.
ധാരാളം ചൊല്ലിയാട്ട മത്സരങ്ങളില്‍ പുരസ്കാര ജേതാവാണ്. ഫ്രാന്സ്,ജെര്‍മനി,ഇംഗ്ലണ്ട്, ലണ്ടന്‍, ജപ്പാന്‍, കാനഡ,സ്വിസര്‍ലാന്‍ഡ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിരവധി തവണ പര്യടനം നടത്തിയിട്ടുണ്ട്. സ്ത്രീ വേഷങ്ങള്‍ പതിവുണ്ടെങ്കിലും പൊതുവേ പുരുഷവേഷങ്ങള്‍ ആണ് പ്രിയം,(പച്ച, കത്തി, കരി , ചുവന്നതാടി, വെള്ളത്താടി ).
സഹധര്‍മിണി : ശുഭ കൃഷ്ണദാസ്
മകന്‍ : അജിത് കൃഷ്ണദാസ്