വന്ദേ ഗുരുപരമ്പരാം

Sunday, August 4, 2013 - 19:33
Image scanned from the book NEPATHYAM

(ഇരിങ്ങാലക്കുട ഡോ ക്.എ.എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സുവനീര്‍ 2012ല്‍ പ്രസിദ്ധീകരിച്ചത് അനിയന്‍ മംഗലശേരിയുടെ അനുവാദത്തോടെ പുനഃപ്രസിധീകരിക്കുന്നു)

തൃശൂര്‍ ആകാശവാണി നിലയം ഒരുക്കിയ അഭിമുഖമാണ്‌ ഈ ലേഖനത്തിന്‌ ആധാരം. മംഗലശ്ശേരി അനിയന്‍ എന്ന് ഞാന്‍ പറയുന്ന ശ്രീ എം.കെ അനിയന്‍ ദൃശ്യകലയുടെ കാണാപ്പുറങ്ങളിലേയ്ക്ക് എത്തിനോക്കുന്നു. ഒരു ജിജ്ഞാസുവിന്‍റെ കൌതുകം ഈ അന്വേഷണങ്ങളിലും ചോദ്യങ്ങളിലും കാണാന്‍ കഴിയും. ആ ചോദ്യങ്ങളും ഉത്തരങ്ങളും ചേര്‍ത്തുവെച്ചപ്പോള്‍ അതിങ്ങനെ രൂപപ്പെട്ടു. ശരിയും തെറ്റും വേര്‍തിരിക്കേണ്ടത് വായനക്കാരാണ്‌.


'കഥകളിയരങ്ങില്‍ വേഷം, പാട്ട്, കൊട്ട് തുടങ്ങി എല്ലാ വിഭാഗങ്ങളിലും നമ്പൂതിരിമാര്‍  പണ്ടേ ഉണ്ടായിരുന്നു. അണിയറയിലേക്ക് പോകാനുള്ള കാരണം?'

അനിയന്‍റെ ഈ ചോദ്യത്തിന്‌ ഉത്തരമായി ഞാനെങ്ങനെ ഇങ്ങനെയായി എന്നെനിക്ക് പറയേണ്ടി വന്നു. ചെര്‍പ്പുളശ്ശേരി പഞ്ചായത്തിലാണെങ്കിലും വെള്ളിനേഴിയുടെ അതിര്‍ത്തിയിലാണ്‌ ഞാന്‍ താമസിച്ചിരുന്നത്. വെള്ളിനേഴി ഹൈസ്കൂളിലാണ്‌ പഠിച്ചത്. ചിത്രകാരനാവാന്‍ മോഹിച്ചു. നടന്നില്ല. കഥകളിയും ഒളപ്പമണ്ണ മനയും ഇല്ലാതെ വെള്ളിനേഴിയെ കുറിച്ച് ചിന്തിക്കാനാവില്ല. ആരും ചിന്തിക്കാറുമില്ല. വെള്ളിനേഴി ഹൈസ്കൂളില്‍ കഥകളിയുടെ എല്ലാ വിഭാഗങ്ങളും ആരംഭിച്ചപ്പോള്‍ ചുട്ടി പഠിക്കാന്‍ ആഗ്രഹിച്ചു. നിര്‍ഭാഗ്യവശാല്‍ അതും നടന്നില്ല. പത്തം ക്ലാസ്സുകഴിഞ്ഞ് ഒരുകൊല്ലം ടൈപ്പ് റൈറ്റിങ്ങ്. അക്കാലത്ത് അച്ഛന്‌ ശാന്തിയുള്ള അമ്പലത്തില്‍ ചന്ദനം ചാര്‍ത്താന്‍ അച്ഛന്‍ പരിചയിപ്പിച്ചു. കലാപരമായിത്തന്നെ അച്ഛന്‍ ചന്ദനം ചാര്‍ത്തുമായിരുന്നു. ഞാനും തരക്കേടില്ലെന്ന് പറയിപ്പിച്ചു. വെള്ളിനേഴി കാന്തള്ളൂര്‍ അമ്പലത്തില്‍ എന്‍റെ അമ്മാമനാണ്‌ ശാന്തി. ഒരേകാദശി വിളക്കിന്‌ അമ്മാമന്‍ എന്നെക്കൊണ്ട് ചന്ദനം ചാര്‍ത്തിച്ചു. കാന്തള്ളൂരടക്കമുള്ള പല ക്ഷേത്രങ്ങളിലെ മാനേജരും, ഒളപ്പമണ്ണ മനയിലെ പ്രധാന കാര്യസ്ഥനുമായിരുന്ന അച്ചുതപൊതുവാളും കലാമണ്ഡലം അച്ചുണ്ണി പൊതുവാളും പ്രത്യേകം അഭിനന്ദിച്ചു. ഇതെന്‍റെ കലാമണ്ഡലം പ്രവേശത്തിന്‌ വഴി തുറന്നു.

കലാമണ്ഡലത്തില്‍ വാഴേങ്കട ഗോവിന്ദവാര്യരാശാന്‍റെ കീഴില്‍ രണ്ടുകൊല്ലത്തെ പഠനം. പിതാവിന്‌ തുല്യനായ ഗുരുനാഥന്‍. പുത്രവാത്സല്യമോ ശിഷ്യവാത്സല്യമോ? രണ്ടുപേരേയും പരസ്പരം ബന്ധിച്ച രണ്ടുകൊല്ലം. കലാമണ്ഡലത്തിലെ അഭ്യാസം കഴിഞ്ഞു. ഇനിയെന്ത്? 'പോരാ ഇനിയും പലതുമുണ്ട്. മോഹനന്‍ രാമേട്ടന്‍റെ അടുത്തേയ്ക്ക് പൊയ്ക്കോളൂ. ഞാന്‍ രാമേട്ടനോട് പറയാം'. ആശാന്‍ പറഞ്ഞു. കലാമണ്ഡലത്തില്‍ കോപ്പുപണിയ്ക്ക് വരാറുള്ള കൃഷ്ണവാര്യരെ ഞാന്‍ പലവട്ടം കണ്ടിട്ടും, കലാമണ്ഡലത്തില്‍ വെച്ച് ധാരാളം കോപ്പുപണിയ്ക്ക് സഹായിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ ജേഷ്ഠനാണ്‌ രാമവാരിയര്‍. ഗോവിന്ദവാരിയരാശാന്‍റെ ഗുരുനാഥന്‍. രാമേട്ടനെന്നങ്ങോട്ടും ഗോപി എന്നിങ്ങോട്ടും വിളിക്കുന്ന ഗുരു-ശിഷ്യ സൌഹൃദ ബന്ധം.  വാഴേങ്കടക്കാരായ വടക്കേവാരിയത്ത് രാമവാരിയരും പടിഞ്ഞാറേ വാരിയത്ത് ഗോവിന്ദവാരിയരും. പെട്ടെന്ന് ആരേയും കൂട്ടാക്കാത്ത രാമവാരിയര്‍ ഗോപി പറഞ്ഞാല്‍ എതിര്‍ക്കില്ല ഒരാഴ്ചക്കുള്ളില്‍ ആശാന്‍ എന്നെക്കൂട്ടി രാമവാരിയരുടെ മുന്നില്‍ എത്തി. വിവരങ്ങള്‍ പറഞ്ഞു. വാഴേങ്കട വടക്കേവാരിയത്തിന്‌ തൊട്ടു പിന്നെ ട്രസ്റ്റി പട്ലൂരിന്‍റെ പത്തായപ്പുരയിലാണ്‌ രാമവാരിയര്‍ താമസം. അവിവാഹിതന്‍. കോപ്പുപണിയും അവിടെത്തന്നെ. ഭക്ഷണം വാരിയത്ത്. "ഇവിടെ കുറച്ച് പണിയുണ്ട്. ഇവിടെ തന്നെ താമസിക്കാം. അതിനുള്ള ഒരുക്കത്തോടെ നാളെ വന്നോളൂ." ഞങ്ങള്‍ മടങ്ങി.

ഈ ഗുരുകുലവാസം ആറുകൊല്ലം നീണ്ടു. രണ്ടുഗുരുനാഥന്മാര്‍‍ ‍. തീരത്തുനിന്നേറെ ദൂരെമാത്രം നങ്കൂരമിടുന്ന രണ്ടുവലിയ കപ്പലുകള്‍. രണ്ടും അക്ഷയമായ നിധികളുടെ ഖനികള്‍. തീരത്തിനിന്നാല്‍ രണ്ടു കപ്പലുകളില്‍ നിന്നും ഒന്നും കിട്ടില്ല. അങ്ങോട്ട് തുഴഞ്ഞുചെന്നാല്‍ എല്ലാം തരുന്ന ഗോവിന്ദവാരിയരാശാന്‍. ചെന്നാല്‍ മാത്രം പോരാ. ആവശ്യപ്പെടണം. ആവശ്യപ്പെട്ടതുമാത്രം തരുന്ന രാമവാരിയരാശാന്‍. അല്‍പമാത്രസാമ്യരും അതിവ്യത്യസ്തരുമായ രണ്ടു ഗുരുനാഥന്മാര്‍.

വാഴേങ്കട പഠിക്കാന്‍ തുടങ്ങി അധികം കഴിയുന്നതിനുമുന്പെ കലാമണ്ഡലം കൃ‍ഷ്ണന്‍ കുട്ടി പൊതുവാള്‍ 'സഹൃദയസംഘം' എന്ന പേരില്‍ യുവകഥകളിക്കാര്‍ക്കുവേണ്ടി ഒരു കളിയോഗം രൂപീകരിച്ചു. വാഴേങ്കട വിജയന്‍, സദനം കൃഷ്ണന്‍ കുട്ടി, വാസുപ്പിഷാരടി തുടങ്ങി അന്നത്തെ യുവകലാകാരന്മാരെല്ലാം ഉള്‍പ്പെടുന്ന സംഘം. സംഘത്തിന്‍റെ വക ഒരുമാസത്തെ കഥകളി ക്യാമ്പ് കാന്തള്ളൂര്‍ അഗ്രശാലയില്‍ നടന്നു. പിന്നീട് കുറേയേറെ കളികള്‍ ഏറ്റ് നടത്തി. ഞാനും ഇതില്‍ പങ്കാളിയായി. ധാരാളം ചുട്ടികുത്താനുള്ള അവസരം കിട്ടി. ഇതെനിക്കുപകരിച്ചു. കളിയുള്ളപ്പോള്‍ കളിക്ക് പോകും. തിരിച്ച് വാഴേങ്കട ചെല്ലും. എന്‍റെ വിദ്യാര്‍ത്ഥിജീവിതം ധന്യമായി. അങ്ങനെ ഞാനിങ്ങനെ ആയി. പിന്നീടാണ്‌ കലാമണ്ഡലത്തില്‍ കളിയ്ക്കും കോപ്പുപണിയ്ക്കും ആശാനെ സഹായിക്കാന്‍ അവസരം വന്നത്.

അണിയറയുടെ പ്രാധാന്യം? ചുട്ടി അഭ്യസിയ്ക്കുന്ന രീതി? അതില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടോ? - അനിയന്‍റെ അടുത്ത ചോദ്യം.

നടന്‍ കഥാപാത്രമായി മാറുന്നത് അണിയറയിലാണ്‌. ഈ മാറ്റം സംഭവിയ്ക്കുന്ന പ്രക്രിയയാണ്‌ ആഹാര്യം. ഏത് കലയുടേയും രംഗാവതരണയോഗ്യതയ്ക്ക് പ്രധാനഘടകമാവുന്നത് ആഹാര്യമാണ്‌. കഥാപാത്രത്തിന്‍റെ രൂപലബ്ധി നടന്‌ അഭിനയം എളുപ്പമാക്കുന്നു. നൃത്തനാടകാദികളില്‍ താരതമ്യേന ലളിതമായ ആഹാര്യരീതയാണ്‌ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കൂടിയാട്ടവും കൃഷ്ണനാട്ടവും കഥകളിയും സ്വീകരിച്ചത് കൂടുതല്‍ ശ്രമകരമായഅത് രീതിയാണ്‌. അതുകൊണ്ടുതന്നെയാണ്‌ ഈ കലാരൂപങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് അമാനുഷികരൂപം കൈവരിക്കാന്‍ സാധിച്ചതും.

"നാനാവസ്ഥ പ്രകൃതയാ പൂര്‍വ്വം നൈപഥ്യ സാധിതാ"

കഥാപാത്രങ്ങളുടെ പല അവസ്ഥകളിലുള്ള പ്രകൃതികളെ ആദ്യം വേഷവിധാനം കൊണ്ട് സാധിച്ചെടുക്കുന്നു. ഇത് അണിയറയിലാണ്‌. 'സോസ്മീതി.." അവന്‍ ഞാന്‍ തന്നെയാണ്‌ എന്ന് കഥാപാത്രബോധം നടനില്‍ ഉണ്ടാക്കുന്നതും ഈ വേഷവിധാനങ്ങളാണ്‌. ഇതുതന്നെയാണ്‌ അണിയറയുടെ പ്രാധാന്യം.

Photo from SARANG Cult.exchange centre FB page

മണ്‍ചട്ടി കമിഴ്ത്തി വെച്ച് അതിനുമുകളില്‍ ചുട്ടിയുടെ രേഖകള്‍ വരച്ചാണ്‌ ചുട്ടി അഭ്യസിക്കുന്നത്. പൊളിക്കാത്ത നാളികേരത്തിന്‍റെ മേല്‍ ചുട്ടി അഭ്യസിക്കുന്ന രീതിയും ഉണ്ടായിരുന്നു. കലാമണ്ഡലത്തില്‍ മണ്‍ചട്ടിയാണ്‌ അന്നും ഇന്നും ഉപയോഗിക്കുന്നത്. രണ്ടിനും ഗുണവും ദോഷവുമുണ്ട്. മണ്‍ചട്ടിയാവുമ്പോള്‍ ഇടത്തും വലത്തും ഭാഗങ്ങള്‍ ഒരേ സമയം കാണാം. കോട്ടം തീര്‍ക്കാന്‍ എളുപ്പമുണ്ട്. നാളികേരത്തില്‍ എപ്പോഴും ഒരു വശം മാത്രമേ കാണുകയുള്ളൂ. മുഖത്തും അങ്ങനെതന്നെയാണ്‌. അതുകൊണ്ട് മുഖത്തു ചുട്ടികുത്തുന്ന പ്രതീതി നാളികേരത്തില്‍ പഠിക്കുമ്പോള്‍ ഉണ്ടാകുന്നു. പക്ഷെ വിദ്യാര്‍ത്ഥികള്‍ക്ക്  കോട്ടം തീര്‍ത്ത് ചുട്ടി കുത്താന്‍ പ്രയാസമാണ്‌. ചട്ടിയില്‍ പരിശീലിച്ചാല്‍ രണ്ട് വശവും ഒരേസമയം കാണുമെന്നതിനാല്‍ കോട്ടം തീരാന്‍ ചുരുങ്ങിയ സമയം മതി. ഇങ്ങനെ പഠിച്ചാല്‍ മുഖത്ത് ചെയ്യുമ്പോഴും സ്വാഭാവികമായി കോട്ടം വരുകയില്ല. എന്‍റെ ഗുരുനാഥന്മാര്‍ ഇതാണ്‌ സ്വീകരിച്ചത്.

അന്നൊക്കെ ചട്ടിയില്‍ പെന്‍സില്‍കൊണ്ട് വരയ്കുകയായിരുന്നു. എന്നാല്‍ രണ്ടുദിവസം കഴിയുമ്പോഴേയ്ക്കും ഇതെല്ലാം മാഞ്ഞുപോകും. വീണ്ടും വരയ്ക്കണം. ൧൯൭൮ (1978) ല്‍ ഞാന്‍ കലാമണ്ഡലത്തില്‍ അദ്ധ്യാപകനായപ്പോള്‍ ആശാന്‍റെ അനുവാദത്തോടുകൂടി യഥാര്‍ത്ഥ മുഖത്തേപ്പ് അതേവര്‍ണ്ണങ്ങളില്‍ ചട്ടിയില്‍ പെയിന്‍റ് ചെയ്ത് ഉപയോഗിക്കാന്‍ തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് ഏത്‌ വര്‍ണ്ണങ്ങള്‍ എവിടെയെല്ലാം വരുന്നു എന്ന് കണ്ട് മനസ്സിലാക്കാന്‍ കൂടി ഇത് സൌകര്യമായി. അക്കാലത്ത് കലാമണ്ഡലത്തില്‍ ഒരുവര്‍ഷം രണ്ടുവിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം കൊടുക്കും. 1979ല്‍ കലാമണ്ഡലത്തില്‍ തെക്കന്‍കളരി ആരംഭിച്ചപ്പോള്‍ എന്‍. ഗോപാലപ്പിള്ള ചുട്ടി അദ്ധ്യാപകനായി വന്നു. ആ കളരിയിലേക്കും ഒരു വിദ്യാര്‍ത്ഥിയെ എടുക്കാന്‍ തുടങ്ങി. മുഖത്തേപ്പിലും ചുട്ടിയിലും തെക്കും വടക്കും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ല. മലയാളഭാഷയ്ക്ക് തിരുവനന്തപുരത്തും, തൃശ്ശൂരും, പാലക്കാട്ടും  മറ്റുപ്രദേശങ്ങളിലും കാണുന്ന പ്രാദേശികമായ വ്യത്യാസം പോലെ ചെറിയ ശൈലിമാറ്റം. ഇതുകാരണം പിന്നീട് കലാമണ്ഡലത്തില്‍ ഈ വിഷയത്തില്‍ തെക്കും വടക്കും തിരിച്ച് വിദ്യാര്‍ത്ഥികളെ എടുക്കുന്ന രീതി ഇല്ലാതയി.

വിദ്യാര്‍ത്ഥികള്‍ രണ്ടുതരമുണ്ട്. യഥാര്‍ത്ഥത്തില്‍ പഠിക്കാനാഗ്രഹിച്ച് വരുന്നവര്‍. എങ്ങനെയെങ്കിലും കലാമണ്ഡലത്തില്‍ കടന്നുകൂടിയാല്‍ മതി എന്ന രക്ഷിതാക്കളുടെ ആഗ്രഹം കാരണം സ്വാധീനം ഉപയോഗിച്ച് വരുന്നവര്‍. ഇവരെ തിരിച്ചറിയാന്‍ പ്രയാസമില്ല. പഠിക്കാന്‍ ആഗ്രഹിച്ച് വരുന്നവര്‍ ക്ലാസില്ലെങ്കിലും കളരിയുടെ പരിസരത്ത് വിളിപ്പാടകലെ എപ്പോഴുമുണ്ടാകും. മറ്റുതരക്കാരെ ക്ലാസിലല്ലാതെ അദ്ധ്യാപകന്‌ കാണാന്‍ വിഷമം ആണ്‌. കലാമണ്ഡലത്തില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചപ്പോള്‍ പലപ്പോഴും തുടര്‍ച്ചയായ പഠനം നടക്കാതെ ആയി. സ്കൂളിനുവേണ്ടി കളരി ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടിവന്നു. എങ്കിലും പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകള്‍ കൂടി ഉള്ളതിനാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് രണ്ടുകൊല്ലം കൂടുതല്‍ കിട്ടാന്‍ തുടങ്ങി. ബിരുദപഠനം കൂടിയായപ്പോള്‍ മൂന്നുകൊല്ലം കിട്ടിയിരുന്ന ഒരു വിദ്യാര്‍ത്ഥിയ്ക്ക് എട്ടുകൊല്ലം പഠനകാലമായി. എട്ടുകൊല്ലത്തെ അഭ്യാസവും അനുഭവവും. ഇത് ഉപയോഗപ്പെടുത്താല്‍ കലാമണ്ഡലവും വിദ്യാര്‍ത്ഥികളും ശ്രദ്ധിക്കുന്നില്ല എന്ന ദോഷം മാത്രം.

ചുട്ടിയുടെ ആവിര്‍ഭാവവും ചരിത്രവുമാണ്‌ അനിയന്‍ അടുത്തതായി അറിയാന്‍ ആഗ്രഹിച്ചത്.

കൂടിയാട്ടം മുതല്‍ നാടന്‍കലകള്‍ വരെയുള്ള കേരളീയരംഗകലകളില്‍ ചിലതില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക മുഖാലങ്കാരമാണ്‌ ചുട്ടി. മറ്റ് ഭാരതീയ കലകളിലോ, അന്യദേശകലകളിലോ ഇത് കാണുന്നില്ല. നാട്യശാസ്ത്രം തുടങ്ങിയ നാടകാവതരണരീതികള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിലും ഇത്തരമൊരു മുഖാലങ്കാരത്തിന്‍റെ പരാമര്‍ശമില്ല. ചുട്ടിയുടെ ഒരു വകഭേദം എന്ന് കരുതാവുന്ന പത്തിക്കീറ്റെഴുതുന്ന സമ്പ്രദായം സ്ത്രീകഥാപാത്രങ്ങള്‍ക്ക് പണ്ടേ നിലവിലുണ്ടായിരുന്നു.

"തിലകാഃ പത്രലേഖാ ച
ഭവേത് ഗണ്ഡവിഭൂഷണം"

എന്ന് നാട്യശാസ്ത്രത്തില്‍ സ്ത്രീകളുടെ അലങ്കാരങ്ങളില്‍ പറയുന്നുണ്ട്.

Sadanam Krishnankutty Photos by Shaji Mullookkaran

കേരളീയ ദൃശ്യകലകളില്‍ ഏറ്റവും പ്രാചീനത കല്‍പ്പിക്കാവുന്നത് കൂടിയാട്ടമാണ്‌. ആ കൂടിയാട്ടത്തിലും അതിനോട് ബന്ധം പുലര്‍ത്തുന്നതും തുടര്‍ന്ന് രൂപം കൊണ്ടതുമായ കൃഷ്ണനാട്ടം, കഥകളി തുടങ്ങിയ കലാരൂപങ്ങളിലും മാത്രം കാണപ്പെടുന്നതുകൊണ്ട്, ഇതിന്‍റെ ആവിര്‍ഭാവം കൂടിയാട്ടത്തില്‍ നിന്നാണെന്ന് ഊഹിക്കാം. സംസ്കൃതനാടകങ്ങളുടെ പ്രത്യേകതരത്തിലുള്ള ഒരാവിഷ്കരണസമ്പ്രദായമാണ്‌ കൂടിയാട്ടം. ഈ രീതി കേരളത്തില്‍ മാത്രം നിലനിന്നു വന്നതാണ്‌. സംസ്കൃതഭാഷയും അര്യസംസ്കാരവും ഉത്തരഭാരതത്തിലാണ്‌ കൂടുതല്‍ പ്രചരിച്ചതെങ്കിലും സംസ്കൃതനാടകങ്ങളുടെ ഇത്തരമൊരു അവതരണരീതി അവിടേയും ഉണ്ടായിരുന്നില്ല. ഒരു രീതിയും സ്ഥിരമായി നിലന്നിന്നതുമില്ല. കേരളത്തില്‍ ക്ഷേത്രങ്ങ്ലുമായി ബന്ധപ്പെട്ട് അനുഷ്ഠാനരൂപത്തില്‍ ചാക്യാര്‍, നമ്പ്യാര്‍ കുടുംബങ്ങള്‍ നിലനിര്‍ത്തിയതുതന്നെയാണ്‌ ഈ രീതി. അനുഷ്ഠാനപരമായ പരിശുദ്ധി അഭിനയത്തിന്‍റെ മറ്റെല്ലാ സങ്കേതങ്ങളുമെന്നതുപോലെ ആഹാര്യത്തിലും കൂടിയാട്ടം സൂക്ഷിച്ചുപോന്നു.

പത്തിക്കീറ്റ്. കഥകളി എഫ്.ബി ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ച ഇവിടെ വായിക്കാം.


കഥാപാത്രങ്ങള്‍ രംഗമദ്ധ്യത്തില്‍ വച്ച് നിലവിളക്കിനുമുന്നില്‍ അഭിനയിക്കുന്ന പഴയ അവതരണരീതിയില്‍ വെളിച്ചത്തിന്‍റെ അപര്യാപ്തത വ്യക്തമാണല്ലൊ. രണ്ടുകഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമായാല്‍ പോലും വശങ്ങളിലേക്ക് തിരിഞ്ഞു നില്‍ക്കാതെ വിളക്കിനുനേരെനോക്കിമാത്രം അഭിനയിക്കുന്ന രീതി നിലവില്‍ വന്നത് ഇക്കാരണത്താലാവാം. ഇത്തരം അഭിനയത്തില്‍ മുഖത്തിന്‍റെ മുന്‍ വശത്തുമാത്രം ചായം തേയ്ക്കുന്ന രീതിയാണ്‌ ഉണ്ടായിരുന്നത്. ചെവിയുടെ മുന്‍വശത്ത് കൃതാവുവരെ മാത്രം ചായങ്ങള്‍ തേയ്ക്കുന്നു. ചായം തേയ്ക്കുന്നതിന്‌ അതിരിട്ടുകൊണ്ട് കറുപ്പോ, വെളുപ്പോ നിറത്തില്‍ മുഖത്തെ നിറത്തിനനുസരിച്ച് ഒരു രേഖവരച്ചിരുന്നു. കൂടിയാട്ടത്തില്‍ പഴയ രീതിയിലുള്ള സ്ത്രീവേഷങ്ങളുടെ മുഖത്തേപ്പിലും ഇത്തരം രേഖകള്‍ കാണാം. കൂടാതെ ചുവന്നതാടി, വെള്ളത്താടി വേഷങ്ങള്‍ക്ക് രണ്ടുവര്‍ണ്ണങ്ങള്‍ ചേരുന്നിടത്ത്-ചുവപ്പ്, കറുപ്പ്, പച്ച ഇവയില്‍ ഏതെങ്കിലും- വെളുത്ത രേഖ വരച്ചിരുന്നു. പച്ച, കത്തി, താടി വേഷങ്ങള്‍ക്ക് കാലക്രമേണ ഈ രേഖകള്‍ വീതിയും ഉയരവും കൂട്ടിവന്നിരിക്കാം. വീതികൂടിയപ്പോള്‍ ഒറ്റരേഖകള്‍ രണ്ടും മൂന്നും രേഖകളായി വികസിപ്പിച്ചു. അങ്ങനെയാവാം പച്ചയ്ക്കും കത്തിയ്ക്കും രണ്ടുവളയങ്ങളും നാലുനൂലുകളുമായത്. ഈ നാലുനൂലുകളും ക്രമത്തില്‍ പി‍ന്‍ഭാഗത്തെയ്ക്ക് ഉയരം കൂടി, ഇന്നുകാണുന്ന ചുട്ടിയുടെ ഒരു ചെറിയ രൂപം കാലക്രമേണ ഉണ്ടായി എന്ന് അനുമാനിക്കാം. വീതിയെ മൂന്നുനൂലുകളാക്കി വിഭജിക്കാതെ ഒറ്റപ്രതലത്തില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവരുന്ന രീതി കൃഷ്ണനാട്ടത്തിലെ ചുട്ടിയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ നൂലിട്ട് ഉയര്‍ത്തുമ്പോള്‍ ഉയരത്തിന്‌ ഒരു പരിധി ഉണ്ട്. ഒരിഞ്ചിലധികം ഉയര്‍ത്താന്‍ വിഷമം ആണ്‌. ഉയര്‍ത്തിയാല്‍ത്തന്നെ അഭിനയിക്കുമൊപോള്‍ ഉണ്ടാവുന്ന മുഖത്തെ പേശികളുടെ ചെറിയ ചലനം പോലും ഇതിനെ പൊട്ടിച്ചുകളയും. അരിച്ചുട്ടിയുടെ കാലത്ത് ആദ്യവസാനവേഷത്തിന്‌ പതിനൊന്ന് നൂല്‍ എന്ന കണക്ക് ഇതില്‍ നിന്നുണ്ടായതാവണം. അതായത് പതിഒനൊന്ന് നൂലിട്ടാല്‍ ഒരിഞ്ചിലധികം വരില്ല. താടിവേഷങ്ങള്‍ക്ക് മൂന്നോ, നാലോ നൂല്‍ ഉയര്‍ത്തി കെടേശം കൂര്‍ത്ത ആകൃതിയില്‍ വെട്ടി കുത്തിനിര്‍ത്തുന്ന സമ്പ്രദായം പിന്നീട് വന്നതാണ്‌. കെടേശം ഒരു ജലസസ്യമാണ്‌. ഇതിന്‍റെ കിഴങ്ങ് ജലാശയങ്ങളിലെ ചെളിയില്‍ പൂണ്ട് കിടക്കും. വള്ളി മേലോട്ട് വന്ന് ഇലകള്‍ ജലനിരപ്പില്‍ പാറിക്കിടക്കും.കിഴങ്ങുകള്‍ വലിച്ചെടുത്ത് ഉണക്കിയാല്‍ വെളുത്ത ഭാരമില്ലാത്ത ഒരു വസ്തുവാകും. ഇതിനെ യഥേഷ്ടം മുറിച്ച് ആകൃതിപ്പെടുത്തി ചുട്ടിപ്പൂവും, താടിച്ചുട്ടിക്ക് വേണ്ട അരിമ്പും ഉണ്ടാക്കുന്നു.  'പാളമുതല്‍ കെടേശം വരെ' എന്ന് അണിയറയെക്കുറിച്ചൊരു ചൊല്ലുണ്ടായിരുന്നതായി രാമവാരിയരാശാന്‍ പറഞ്ഞിട്ടുണ്ട്. ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന കവുങ്ങിന്‍റെ പാളമുതല് ഏറ്റവും അടിയില്‍ കിടക്കുന്ന കെടേശംവരെയും, അതിന്നിടയിലുള്ള പലവസ്തുക്കളും ഒരണിയറയില്‍ ഉണ്ടായേ തീരൂ എന്നര്‍ത്ഥം. ഏതായാലും ചുട്ടി എന്ന സമ്പ്രദായം കൂടിയാട്ടത്തിന്‍റെ കാലത്ത് തന്നെ രൂപ്പപ്പെട്ടിരുന്നുവെന്ന് വ്യക്തം. അങ്ങനെയാവുമ്പോള്‍ ആദ്യത്തെ ചുട്ടിക്കാരന്‍ ഒരു നമ്പ്യാരായിരിക്കും. കൂടിയാട്ടത്തില്‍ മുഖത്ത്തേച്ചുകൊടുക്കുന്നതു, ചിട്ടുകുത്തിയിരുന്നതും നമ്പ്യാരായിരുന്നു. അരങ്ങത്ത് കൊട്ടാന്‍ പോവുന്നതിനുമുമ്പ് വേഷം മുഴുവനും അണിയിച്ചൊരുക്കേണ്ട ഭാരം നമ്പ്യാര്‍ക്കായിരുന്നു. എന്‍റെ അറിവില്‍ അടുത്ത കാലത്ത് അന്തരിച്ച ചാത്തക്കുടത്ത് കൃഷ്ണന്‍ നമ്പ്യാര്‍ ഈ പ്രാഗത്ഭ്യത്തിന്‍റെ അവസാനത്തെ കണ്ണിയാണ്‌.

കൃഷ്ണനാട്ടത്തില്‍ പ്രധാനമായി ഉപയോഗത്തില്‍ വരുന്നത് പച്ചച്ചുട്ടിയാണ്‌. പ്രധാന സ്ത്രീവേഷങ്ങള്‍ക്കും ഈ ചുട്ടിയുണ്ട്. കൂടിയാട്ടത്തില്‍ ഒന്നോ രണ്ടോ സ്ത്രീവേഷങ്ങള്‍ക് ചുട്ടി ഉണ്ടെങ്കിലും കഥകളിയില്‍ തീരെയില്ല. കത്തിവേഷത്തിന്‍റെ ചുട്ടി മൂക്കിന്നിരുവശത്തും മൂക്കിന്‌ മുകളിലും ചുവന്ന വൃത്തങ്ങള്‍ വരച്ച് ചുറ്റും അരിയിടുന്ന ഒരു സമ്പ്രദായം കൃഷ്ണനാട്ടത്തിലുണ്ട്. കൂടിയാട്ടത്തിഒലും ഇത്തരം ഒരു വേഷമുണ്ട്. മറ്റ് വേഷങ്ങളുടെ മുഖത്തേപ്പിലും ഈ കലാരൂപങ്ങള്‍ സാമ്യത പുലര്‍ത്തുന്നു. കൃഷ്ണനാട്ടത്തില്‍ കൂടുതലും പൊയ്മുഖങ്ങള്‍ ആയതിനാല്‍ ഈ തേപ്പുകള്‍ അവയില്‍ സ്ഥിരമായി ചെയ്തുവെയ്ക്കുന്നു.

ചുട്ടി കഥകളിയിലാണ്‌ ഏറ്റവും വൈവിദ്ധ്യം പുലര്‍ത്തുന്നതും, വികാസം പ്രാപിച്ചിട്ടുള്ളതും. ആദ്യം മുതലേ സാധാരണക്കാരുടെ ഇടയില്‍ പ്രചരിച്ചതും, ധാരാളം കലാകാരന്മാര്‍ സമുദായഭേദമില്ലാതെ ഇതില്‍ പ്രവര്‍ത്തിച്ചതും നിരവധി അരങ്ങുകള്‍ കിട്ടിയതും എല്ലാം ഇതിനു കാരണമായി. ഉത്തരകേരളത്തെ അപേക്ഷിച്ച് ദക്ഷിണകേരളത്തിലും, മദ്ധ്യകേരളത്തിലുമാണ്‌ കൂടുതല്‍ ചുട്ടിക്കാര്‍ ഉണ്ടായത്. കഥകളിയ്ക്ക് പ്രചാരവും കൂടുതല്‍ ദക്ഷിണ-മദ്ധ്യകേരളത്തിലായിരുന്നു. മദ്ധ്യകേരളത്തിലെ ചുട്ടിക്കാരുടെ പഴയ തലമുറയെക്കുറിച്ചുള്ള അന്വേഷണം വെള്ളിനേഴി കുറുങ്കാട്ടില്‍ രാവുണ്ണിനായര്‍ക്ക് അപ്പുറം പോകാന്‍ സാധിച്ചിട്ടില്ല. ഇദ്ദേഹത്തിന്‍റെ കാലഘട്ടം, കല്ലുവഴിച്ചിട്ടയുടെ ഉപജ്ഞാതാവായ ഇട്ടിരാരിശ്ശമേനോന്‍റെ കാലഘട്ടമായിരിക്കണം. ഈ രാവുണ്ണിനായരുടെ ശിഷ്യനാണ്‌ ചുട്ടിയിലും, കോപ്പുപണിയിലും പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വെള്ളിനേഴിയിലെ തന്നെ ഒതേനത്ത് ഗോവിന്ദന്‍ നായര്‍. ഇദ്ദേഹത്തിന്‍റെ പ്രായം ഗോവിന്ദവാരിയരാശാന്‍റെ ഓര്‍മ്മയില്‍, 1940 കാലത്ത് അറുപത് വയസ്സ് എന്നാണ്‌. അങ്ങനെയാണെങ്കില്‍ 1880ലായിരിക്കണം ജനനം. അപ്പോള്‍ പട്ടിക്കാം‍തൊടി രാവുണ്ണിമേനോന്‍റെ അതേ പ്രായം. കുറുങ്കാട്ടില്‍ രാവുണ്ണി നായരുടെ മറ്റൊരു ശിഷ്യനാണ്‌ ചെത്തല്ലൂര്‍ രാമന്‍ നായര്‍. ചെത്തല്ലൂര്‍ വെള്ളിനേഴിയുടെ തൊട്ട പ്രദേശമാണ്‌. ഒരു പുഴയുടെ അക്കരേയും ഇക്കരേയും. ഒതേനത്ത് ഗോവിന്ദന്‍ നായരും ചെത്തല്ലൂര്‍ രാമന്‍ നായരും ഒരേ പ്രായക്കാര്‍ ആയിരുന്നു. ഇവരില്‍ താഴെ പ്രായമുള്ള മറ്റൊരു ശിഷ്യനായിരുന്നു മഞ്ചേരി ശങ്കുണ്ണി നായര്‍. (മദ്ദളവിദഗ്ദ്ധനായ മഞ്ചേരി ശങ്കുണ്ണി മറ്റൊരാളാണ്‌). 1930മുതല്‍ കലാമണ്ഡലം സ്ഥാപിക്കപ്പെട്ടപ്പോള്‍ കുറേക്കാലം ഗോവിന്ദന്‍ നായരായിരുന്നു കലാമണ്ഡലത്തില്‍ ചുട്ടിക്കാരനും കോപ്പുവിചാരിപ്പുകാരനും. പിന്നീട് കലാമണ്ഡലത്തില്‍ ഈ ചുമതല വഹിച്ചിരുന്നത് അതേ പ്രായക്കാരനായ തടുക്കശ്ശേരി മാധവന്‍ നായരായിരുന്നു. മാങ്കുറുശ്ശി ശങ്കുണ്ണി നായര്‍ എന്ന മറ്റൊരു പ്രഗത്ഭനായ ചുട്ടിക്കാരനും ഇക്കാലത്തുണ്ടായിരുന്നു. കാവുങ്ങല്‍ തറവാട്ടിലെ അംഗവും, കാവുങ്ങല്‍ കളിയോഗത്തിലെ ചുട്ടിക്കാരനുമായി സംശാരശേഷിയില്ലാത്ത  രാമകൃഷ്ണപ്പണിക്കര്‍ എന്നൊരാളും ഈ കലഘട്ടത്തിലാണുണ്ടായിരുന്നത്. മഞ്ചേരി ശങ്കുണ്ണിനായരും ഈ രാമകൃഷ്ണപ്പണിക്കരും കൂടി കാവുങ്ങല്‍ കളിയോഗത്തിന്‍റെ അണിയറ ഭരിച്ചിരുന്നതായി ഗോവിന്ദവാരിയരാശാന്‍ ഓര്‍മ്മിക്കുന്നുണ്ട്. ചെത്തല്ലൂര്‍ രാമന്‍ നായരുടെ ശിഷ്യന്‍ ചേലനാട്ട് അച്യുതമേനോന്‍ എന്ന ഒരു ചുട്ടിക്കാരനുണ്ടായിരുന്നു. ഇദ്ദേഹം നല്ല തുന്നല്‍ക്കാരനായിരുന്നു. വെള്ളിനേഴിയില്‍ ആദ്യമായി തുന്നല്‍ മെഷീന്‍ കൊണ്ടുവന്നത് ഇദ്ദേഹമാണെന്ന് കേട്ടിട്ടുണ്ട്. കഥകളിയിലെ തുണിത്തരങ്ങള്‍ മെഷീന്‍ ഉപയോഗിച്ച് ആദ്യമായി തുന്നാന്‍ ആരംഭിച്ചത് ഇദ്ദേഹമാണ്‌. (മദിരാശി സര്‍വ്വകലാശാലയില്‍ മലയാളവിഭാഗം അദ്ധ്യക്ഷനായിരുന്ന ഡോ. ചേലനാട്ട് അച്യുതമേനോന്‍ ഇതേ തറവാട്ടിലെ മറ്റൊരു അംഗമാണ്‌.) കഥകളി കോപ്പിലെ തുന്നല്‍പ്പണികളില്‍ ഇദ്ദേഹം ധാരാളം പുതുമകള്‍ കൊണ്ടുവന്നു. അച്യുതമേനോന്‍റെ ശിഷ്യനാണ്‌ വെള്ളിനേഴി ഹൈസ്കൂളിലെ ആദ്യ ചുട്ടി അദ്ധ്യാപകനായിരുന്ന ചുണ്ടയില്‍ ബാലന്‍ മേനോന്‍.  തടുക്കശ്ശേരി മാധവന്‍ നായരുടെ മരുമകന്‍ നാരായണന്‍ നായര്‍ ആദ്യകാലത്ത് ചുട്ടിക്കാരനായിരുന്നു. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്നു. പട്ടാളത്തില്‍ നിന്ന് തിരിച്ച് വന്ന് ഡ്രൈവറായി കുറേക്കാലം ജോലി ചെയ്തു. ഇക്കാലത്ത് ഇദ്ദേഹത്തെ ഞാന്‍ കണ്ടിട്ടുണ്ട്. അണിയറയുമായി എല്ലാ ബന്ധവും വിട്ടിരുന്നു. ഒതേനത്ത് ഗോവിന്ദന്‍ നായരുടെ ശിഷ്യനായി കഥകളിക്കോപ്പ് പണി പഠിച്ച വാഴേങ്കട രാമവാരിയര്‍ ആദ്യകാലത്ത് കഥകളിയിലെ മദ്ദ ളക്കാരനായിരുന്നു. പ്രസിദ്ധനായ മദ്ദളവിദഗ്ദ്ധന്‍ മാധവവാരിയരുടെ ശിഷ്യന്‍. ഇദ്ദേഹം ചുട്ടിപഠിച്ചത് ഒരു വിശേഷരീതിയിലാണ്‌.കൊല്ലവര്‍ഷം 1105-6-7-8 കാലത്ത് വാഴേങ്കട ക്ഷേത്രത്തില്‍ ഊരാളന്മാരിലൊരാളായ മല്ലിശ്ശേരി നമ്പൂതിരിക്ക് കളിയോഗമുണ്ടായിരുന്നു. പട്ടിക്കാം‍തൊടിയും, കരിയാട്ടില്‍ കോപ്പന്‍ നായരും കല്ലുവഴി അച്ച്യുതപ്പിഷാരടിയും ഇതിലെ ആശാന്മാരായിരുന്നു. ഈ അച്യുതപ്പിഷാരടി മണ്‍പാത്രത്തില്‍ വളയം‍ വരച്ച് ചുട്ടി കുത്താന്‍ പരിശീലിക്കുന്ന സമ്പ്രദായം പറഞ്ഞുകൊടുത്തു. അങ്ങനെ സ്വയം പരിശീലനം നടത്തി. മദ്ദളക്കാരനായി കളിയ്ക്ക് പോകുമ്പോള്‍ വിശ്രമസമയത്ത് അണിയറയിലിരുന്ന് ചുട്ടി കുത്തുന്നത് നോക്കി മനസ്സിലാക്കും. തെറ്റുകള്‍ തിരുത്തും വീണ്ടും പരിശീലിക്കും. അധികം താമസിയാതെ മദ്ദളം ഉപേക്ഷിച്ച് ഇദ്ദേഹം ചുട്ടിയിലും ഗോവിന്ദന്‍ നായരുടെ ശിക്ഷണത്തില്‍ കോപ്പുപണിയിലും വിദഗ്ധനായി. 1913 മുതല്‍ 1993 വരെയാണ്‌ ഇദ്ദേഹത്തിന്‍റെ ജീവിതകാലം. കോപ്പിന്‍റെ മരപ്പണിയില്‍ വിദഗ്ധനായിരുന്ന കോതാവില്‍ കൃഷ്ണനാശാരി എന്ന അനുപമകലാകാരനെ കണ്ടെത്തിയതും പരിശീലിപ്പിച്ചതും ഇദ്ദേഹമാണ്‌. ഇന്നും കൃഷ്ണനാശാരിയുടെ മകന്‍ രാമന്‍ കുട്ടിയും മക്കളും ഈ കോതാവില്‍ പാരമ്പര്യം നിലനിര്‍ത്തുന്നു. രാമവാരിയരുടെ സഹോദരന്‍ വാഴേങ്കട കൃഷ്ണവാരിയര്‍ ചുട്ടിക്കാരനായിരു‍ന്നില്ലെങ്കിലും പ്രസിദ്ധനായ കോപ്പുപണിക്കാരനായിരുന്നു. 1929 മുതല്‍ 1997 വരെയാണ്‌ ഇദ്ദേഹത്തിന്‍റെ ജീവിതകാലം.

ഒതേനത്ത് ഗോവിന്ദന്‍ നായരില്‍ നിന്നു തുടങ്ങി, വാഴേങ്കട രാമവാരിയര്‍ മുന്നോട്ടുകൊണ്ടുപോയ കഥകളി ആഹാര്യത്തിന്‍റെ പരിഷ്കരണം, കൂടിയാട്ടത്തിലും കൂടി സന്നിവേശിപ്പിച്ച്, ഇന്നുകാണുന്ന രൂപത്തില്‍ അവസാനിപ്പിച്ചത് വാഴേങ്കട ഗോവിന്ദവാരിയര്‍ ആശാനാണ്‌. രാമവാരിയരുടെ പ്രധാനശിഷ്യനും വളരെക്കാലം കലാമണ്ഡലത്തില്‍ അദ്ധ്യാപകനുമായിരുന്ന ഇദ്ദേഹം 1917ല്‍ ജനിച്ചു. 2003 ഡിസംബറില്‍ അന്തരിച്ചു. ഇത്രയധികം ശിഷ്യസമ്പത്തുള്ള മറ്റൊരദ്ധ്യാപകന്‍ ഈ ഗംഗത്തുണ്ടായിട്ടില്ല. ഇദ്ദേഹത്തിന്‌ ലഭിയ്ക്കാത്ത പുരസ്കാരങ്ങളും കുറവാണ്‌. വാഴേങ്കട രാമവാരിയരുടെ മറ്റൊരു പ്രധാനശിഷ്യനാണ്‌ കോട്ടയ്ക്കല്‍ പി.എസ്.വി.നാട്യസംഘത്തില്‍ നിന്ന് വിരമിച്ച മേക്കര നാരായണന്‍ നായര്‍. അണിയറയില്‍ ഓരോ കാര്യത്തിലും നിഷ്കര്‍ഷ ഇദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്‌. ചുട്ടിയുടേയും, പ്രത്യേകിച്ച് കോപ്പിന്‍റേയും കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും അദ്ദേഹം അനുവദിക്കില്ല. അതില്‍ മറ്റാരും ഇടപെടുന്നത് അദ്ദേഹം ക്ഷമിക്കുകയുമില്ല. നാട്യസംഘത്തിന്‍റെ പ്രശസ്തിയില്‍ പ്രധാനപങ്ക് ഇദ്ദേഹം ഭരിച്ചിരുന്ന അണിയറയില്‍ നിന്നാരംഭിക്കുന്നു. തെക്കന്‍ കേരളത്തില്‍ ഞാനറിയുന്ന പ്രസിദ്ധരായ രണ്ടു ചുട്ടിക്കാരായരുനു കങ്ങഴ മാധവനും, ഗോപാലപ്പിള്ളയും. രണ്ടുപേരും കലാമണ്ഡലത്തിന്‌ വേണ്ടപ്പെട്ടവരുമായിരുന്നു. ഗോപാലപ്പിള്ള കുറേക്കാലം കലാമണ്ഡലത്തില്‍ അദ്ധ്യാപകനുമായിരുന്നു. ഇവര്‍ തെക്കെന്നപോലെ തന്നെ വടക്കും സ്വീകാര്യരായ ചുട്ടിക്കാരായിരുന്നു. നാരായണപ്പിള്ള എന്ന മറ്റൊരു ചുട്ടിക്കാരനും തെക്കന്‍ കേരളത്തില്‍ പ്രധാനിയായിരുന്നു. ഡല്‍ഹി‍യിലെ 'ഇന്‍റര്‍നാഷണന്‍ സെന്‍റര്‍ ഫോര്‍ കഥകളി'യില്‍ ഇദ്ദേഹം കുറെ വര്‍ഷങ്ങളോളം ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ ശിഷ്യനാണ്‌ ഗാന്ധിസേവാസദനത്തില്‍ വളരെക്കാലം അദ്ധ്യപകനായി പ്രവര്‍ത്തിച്ച് പിന്നീട് വെള്ളിനേഴി ഹൈസ്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശ്രീ രാമചന്ദ്രന്‍ നായര്‍.  

Photo courtsy www.open.ac.uk

ചുട്ടിയുടെ വികാസപരിണാമങ്ങളുടെ പ്രധാനവഴിത്തിരിവെന്ന് വിശേഷിപ്പിക്കാവുന്ന കടലാസുചുട്ടിയുടെ ഉപജ്ഞാതാവാണ്‌ തിരുവല്ല കെ. പി. രാമകൃഷ്ണപ്പണിക്കര്‍. കൊണ്ടയത്ത് പരമേശ്വരപ്പിള്ളയാണ്‌ ഇദ്ദേഹത്തിന്‍റെ ഗുരു. 1925ലാണ്‌ ഇദ്ദേഹം ചുട്ടി പഠിക്കാനാരംഭിച്ചത് എന്ന് പറയുകയുണ്ടായി. 1929ലാണ്‌ കടലാസുചുട്ടി ആദ്യമായി രൂപം കൊണ്ടത്. രാമകൃഷ്ണപ്പണിക്കര്‍ ഇത് ആദ്യമായി പ്രയോഗിച്ചത് കണ്ണഞ്ചിറ രാമന്പിള്ള എന്നൊരു നടന്‍റെ മുഖത്തായിരുന്നുവത്രെ. 1952ല്‍ ഗുരു കുഞ്ചുക്കുറുപ്പ് ഇദ്ദേഹത്തെ കലാമണ്ഡലത്തില്‍ വരുത്തുകയുണ്ടായി. ഗോവിന്ദവാരിയരാശാന്‍ ഇദ്ദേഹത്തില്‍ നിന്ന് ഇത് മനസ്സിലാക്കുകയും ചെയ്തതോടെയാണ്‌ കടലാസുചുട്ടി വടക്കോട്ട് പ്രചരിച്ചത്. ഈ സംഭവം ദൂരദര്‍ശനും കലാമണ്ഡലവും ചേര്‍ന്ന് തയ്യാറാക്കിയ 'കഥകളി - അരങ്ങും അണിയറയും' എന്ന ഡോക്യുമെന്‍ററിയില്‍ ഇദ്ദേഹം തന്നെ വിവരിക്കുന്നുണ്ട്. ഗോവിന്ദവാരിയരാശാനും ഇക്കാര്യം പലവട്ടം പറഞ്ഞിട്ടുണ്ട്. ഓരോ ചുട്ടിയുടെ സവിശേഷതകളും ഇന്നുകാണുന്ന രീതിയിലേക്ക് മാറ്റവും കൂടുതല്‍ ഗവേഷണം അര്‍ഹിക്കുന്നതാണ്‌.

കഥകളി ആഹാര്യത്തെ പ്രതിപാദിക്കുന്ന ആദ്യത്തെ പുസ്തകമായ 'നേപഥ്യ'ത്തെക്കുറിച്ചും അനിയന്‍ ചോദിച്ചു. ഞാന്‍ ആ പുസ്തകമെഴുതാന്‍ കാരണം ഗോവിന്ദവാരിയരാശാന്‍റെ ഒരു ചെറിയ -വലിയ ശകാരമാണ്‌. കലാമണ്ഡലത്തില്‍ ഒരു സെമിനാറില്‍ ഞാനൊരു പ്രബന്ധം അവതരിപ്പിച്ചു. വേദിയില്‍ ആശാനുമുണ്ട്. ഗുരു-ശിഷ്യ പാരമ്പര്യത്തിലൂടെ പകര്‍ന്നു കിട്ടുന്ന അറിവല്ലാതെ, കഥകളിയുടെ ആഹാര്യം വിവരിക്കാന്‍ ഒരാധികാരിക ഗ്രന്ഥമില്ല എന്നും രാമവാരിയരാശാനെക്കൊണ്ട് എഴുതിക്കാനുണ്ടായ ശ്രമം അദ്ദേഹത്തിന്‍റെ മരണത്തോടെ പരാജയപ്പെട്ടു എന്നും ഞാന്‍ പ്രബന്ധത്തില്‍ പറഞ്ഞിരുന്നു.

സെമിനാര്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അല്‍പ്പം ഉരഞ്ഞ ശബ്ദത്തില്‍ ആശാന്‍ ചോദിച്ചു "ഇല്ല, ഇല്ല എന്ന് പറയാതെ അതൊന്നെ ഉണ്ടാക്കാന്‍ ശ്രമിച്ചുകൂടേ?" ആശാന്‍റെ സഹായമണ്ടെങ്കില്‍ ചെയ്യാമെന്ന് ഞാനേറ്റു. ഞാനെഴുതി. ആശാന്‍ പരിശോധിച്ചു. പുറത്തിറക്കാന്‍ അനുവദിച്ചു. ആയിടയ്ക്കുതന്നെ ആണ്‌ ആശാന്‌ കേന്ദ്രസംഗീതനാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചത്. പുരസ്കാരദാനം ആസ്സാമിന്‍റെ തലസ്ഥാനമയാ ഗോഹട്ടിയില്‍. ശാരീരികമായ അവശത കാരണം പോകാന്‍ ആശാന്‌ സമ്മതമില്ല. അണിയറയ്ക്ക് ലഭിക്കുന്ന ആദ്യത്തെ അംഗീകാരം ആശാന്‍ അവിടെച്ചെന്നുതന്നെ സ്വീകരിക്കണമെന്നും, ഞാന്‍ കൊണ്ടുപോകാമെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. ഗോഹട്ടിയില്‍ പോയി പുരസ്കാരം സ്വീകരിച്ചു. യാത്രയിലുടനീളം കലാമണ്ഡലത്തില്‍ പ്രസിദ്ധീകരിക്കാന്‍ കൊടുത്ത 'നേപഥ്യ' ത്തെ കുറിച്ചു തന്നെ ആയിരുന്നു സംസാരം. അദ്ദേഹം തൃപ്തനാണ്‌. ഞാന്‍ ധന്യനായി.

Scanned cover page of book NEPATHYAM

പിന്നീടൊരു ദിവസം സാധാരണ പോലെ ഞാനദ്ദേഹത്തെ കാണാന്‍ ചെന്നു. പതിവുവര്‍ത്തമാനങ്ങള്‍ക്കുശേഷം യാത്ര പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. "നില്‍ക്കൂ. ഞാനൊന്ന് അനുഗ്രഹിക്കട്ടെ. സ്വീകരിക്കില്ലെന്ന് പറയരുത്". അനുഗ്രഹം നിരസിക്കില്ല. എന്നും വേണം. ഞാന്‍ പറഞ്ഞു. ദിനപത്രത്തില്‍ നിന്ന് കീറിയെടുത്ത തുണ്ടുകടലാസില്‍ പൊതിഞ്ഞ ഒരു ചെറിയ സാധനം എന്‍റെ കയ്യില്‍ തന്നു. ഞാന്‍ നമസ്കരിച്ചു. അദ്ദേഹം തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. അഞ്ചു രൂപ നാണ്യമാണെന്ന് എനിക്ക് തോന്നി. ഞാന്‍ പോക്കറ്റിലിട്ടു. അതും സൂക്ഷികേണ്ട അമൂല്യമായ നിധി. പോരാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം ഒരു പ്ലാസ്റ്റിക്ക് ചെപ്പ് എന്‍റെ നേരെ നീട്ടി. "ഇതിലാക്കി സൂക്ഷിച്ചോളൂ. എന്‍റെ കയ്യിലുള്ളത് തന്നു. പോരാത്തത് കൂട്ടിക്കോളൂ." അദ്ദേഹത്തിന്‍റെ കയ്യിലുള്ളതെല്ലാം തന്നു എങ്കില്‍ പിന്നെ ഞാനെനെന്തെങ്കിലും കൂട്ടേണ്ടതുണ്ടോ? ഞാന്‍ പൊതി തുറന്നു നോക്കി. ഒരു പവന്‍റെ സ്വര്‍ണ്ണനാണയം. നിറഞ്ഞ  കണ്ണുകള്‍ കൊണ്ട് നോക്കിയപ്പോള്‍ നാണയം കയ്യില്‍ക്കിടന്ന് തുള്ളുന്നു. എന്‍റെ മനസ്സും.- അദ്ദേഹം വീണ്ടും തുടര്‍ന്നു. "ഒരു ചങ്ങല ഉണ്ടാക്കി ഇടണം. "ആവാം" എന്‍റെ ശബ്ദം  ഇടറിയൊ? ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ പുരസ്കാരം. യാത്ര പറയാന്‍ വാക്കുകള്‍ പുറത്തുവന്നില്ല. അദ്ദേഹത്തെ നോക്കി തലയാട്ടി ഞാന്‍ പടിപ്പുറത്തു കടന്നു. വേഗം നടന്നു. പെട്ടെന്നാണ്‌ പടിയടച്ചില്ലെന്ന് ഓര്‍ത്തത്. തിരിച്ചു നടന്നു. അദ്ദേഹം മുറ്റത്ത് നില്‍ക്കുന്നു. "അടയ്ക്കണ്ട, ഞാന്‍ ഇവിടെ ഉണ്ട്" ശരിയാണ്‌. അദ്ദേഹം അവിടെ ഉള്ളപ്പോള്‍ പടി ശിഷ്യരുടെ മുന്പില്‍ അടയില്ല.

"എല്ലായ്പ്പോഴും ശിഷ്യന്‌ ദേശികങ്കല്‍
‍ചെല്ലാം, സ്ഥലം സമയമെന്നിവ നോക്കിടേണ്ട"

ആരാണ്‌ പറഞ്ഞത്? പരശുരാമനോ, വള്ളത്തോളോ? എന്‍റെ ഗുരുനാഥനല്ല തീര്‍ച്ച. കാരണം അദ്ദേഹം അത് പറയേണ്ടതില്ല.

"ദൃശ്യകലയുടെ മുഖസൌന്ദര്യം? ആ സന്ദര്യനിര്‍മ്മാണത്തില്‍ ചുട്ടിക്കാരന്‍റെ പങ്ക്?" ചോദ്യം തുടര്‍ന്നു.

വര്‍ണ്ണങ്ങളും അത്യാവശ്യം അലങ്കാരങ്ങളും ഉപയോഗിച്ച് എല്ലാ ദൃശ്യകലകളും മുഖസൌന്ദര്യം ഉണ്ടാക്കി എടുക്കുകയാണ്‌. കഥകളിയില്‍ ഇത് ചുട്ടിക്കാരന്‍റെ മാത്രം കഴിവല്ല. നടനും തുല്യമായ പങ്കുണ്ട്. നടന്‍ സ്വന്തമായിട്ടാണ്‌ മുഖത്ത് തേക്കുന്നത്. കലാമണ്ഡലത്തില്‍ വേഷവിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക തേപ്പ് ക്ലാസ്സ് തന്നെയുണ്ട്. ഇതിന്‌ പ്രയോജനവുമുണ്ട്. തേപ്പില്‍ വരുന്ന ചില്ലറ വൈകല്യങ്ങള്‍ ചുട്ടിക്കാരന്ന് മാറ്റി എടുക്കാവുന്നതേയുള്ളൂ. തേപ്പിന്‍റെ വൃത്തി ചുട്ടിക്കാരന്‍റെ ജോലി എളുപ്പമാക്കുന്നു. രാമന്‍കുട്ടി നായരാശാന്‍റെ അരങ്ങത്തെ ചിട്ട അണിയറയിലും കാണാം. മുഖത്തേപ്പിലും ഈ വൃത്തിയും ചിട്ടയുമുണ്ട്. അന്തരിച്ച നടന്‍ കലാമണ്ഡലം ഗോപാലകൃഷ്ണനും വൃത്തിയായി വേഷം ഒരുങ്ങിയിരുന്നു. ഇത് ചുട്ടിക്കാര്‍ക്കും സഹായകരമാണ്‌. കണ്ണും പുരികവും ചുണ്ടും എഴുതുന്നതില്‍ വരുന്ന മാറ്റങ്ങള്‍ വേഷസൌന്ദര്യത്തെ ബാധിക്കുന്നു.

കൃഷ്ണന്‍ നായരാശാന്‍റെ പച്ച-കത്തി-വെള്ളത്താടി എന്നിങ്ങനെ എല്ലാ വേഷവും നന്നായിരുന്നതിന്‍റെ കാരണം? ആ മുഖത്ത് അല്‍പം വലിയ ചുട്ടി യോജിക്കുന്നതിന്‍റെ രഹസ്യം?

"ബ്രഹ്മസൃഷ്ടിയുടെ വൈഭവം! വലിയ മുഖത്ത് വലിയ ചുട്ടി തന്നെ വേണം. ."

"ചുട്ടി നന്നാവുന്നതും, ചീത്തയാവുന്നതും ഉപയോഗിക്കുന്ന സാധനങ്ങളുടെ ദോഷമാണോ?"

"അല്ല, ചുട്ടിക്കാരന്‍റെ കഴിവും കഴിവുകേടുമാണ്‌. സാധന ദോഷം അകൌശല ലക്ഷണം"

മേളവും പാട്ടും കേട്ടാല്‍ അതാരാണെന്ന് തിരിച്ചറിയുന്നത് പോലെ, ചുട്ടി കണ്ടാല്‍ തിരിച്ചറിയാത്തതിന്‍റെ കാരണം?

'ആസ്വാദകന്‍റെ സൂക്ഷ്മദൃഷ്ടി ഇല്ലായ്മ. സൂക്ഷ്മദൃക്കുകള്‍ക്ക് എല്ലാം തിരിച്ചറിയാനാകും.

ചുട്ടി പൊട്ടാതിരിക്കാന്‍ പഴയ സമ്പ്രദായത്തില്‍ നിന്ന് എന്തെങ്കിലും വ്യത്യാസപ്പെടുത്തിയിട്ടുണ്ടോ?

ആദ്യകാലത്ത് പശയ്ക്ക് ഉപയോഗിച്ചിരുന്നത്  കുന്നന്‍ കായയുടെ കറയാണ്‌. 'സ്പിരിട്ട് ഗം' ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ടു. ചുട്ടിയുടെ പിന്നിലെ തുണി നീക്കം ചെയ്യാതിരിക്കുന്നതും, പഞ്ഞിയുടെ ഉപയോഗവും പില്‍ക്കാലത്ത് വന്നതാണ്‌.

കോപ്പുപണിയില്‍ വന്ന പരിഷ്കാരങ്ങളും ചുട്ടിക്കാരന്‍ കോപ്പുപണിക്കാരനാവുന്ന സാഹചര്യവും അനിയന്‌ അറിയണം.

കോപ്പുപണിയില്‍ പരിഷ്കാരങ്ങള്‍ ആരംഭിക്കുന്നത് ഒതേനത്ത് ഗോവിന്ദന്‍ നായരുടെ കാലം മുതല്‍ക്കാണ്‌. ആ മാറ്റങ്ങള്‍ പ്രധാനമായും കോപ്പിലെ വെള്ളിപ്പണിയിലായിരുന്നു. അലുക്കിന്‍റെ ഇലകളും, കുമിളകളുടെ വലിപ്പവും അദ്ദേഹം ചെറുതാക്കി. ആദ്യമായി അലുക്കിലെ വെള്ളിയിലകള്‍ മത്തന്‍ വിത്തിന്‍റെ വലിപ്പത്തില്‍ നിന്ന് കുമ്പളവിത്തിന്‍റെ വലിപ്പത്തിലേയ്ക്ക് ചുരുക്കി. മഞ്ചാടിക്കുരുവിന്‍റെ വലിപ്പമുണ്ടായിരുന്ന കുമിളകള്‍ കുന്നിക്കുരിവിന്‍റെ വലിപ്പത്തിലേക്കും മാറ്റി. കല്ലുകള്‍ ഉറപ്പിക്കാന്‍ അരക്ക് ഉപയോഗിച്ചിരുന്നത് ആദ്യം കൂട്ടുമെഴുകിലേയ്ക്കും പിന്നീട് വജ്രപ്പശയിലേക്കും മാറ്റി. ഗോവിന്ദന്‍ നായരുടെ ശിഷ്യനായ രാമ വാരിയരാശാന്‍ വെള്ളിപ്പണികള്‍ വീണ്ടും ചെറുതാക്കി. അലുക്കിന്‍റെ ഇലകള്‍ ‍ കുമ്പളവിത്തില്‍ നിന്ന് കുറച്ച് വെള്ളരിവിത്തിന്‍റെ വലുപ്പമാക്കി. കുന്നിക്കുരുവിന്‍റെ വലിപ്പമുള്ള കുമിളകള്‍ കൊത്തമ്പലമണിയുടെ വലിപ്പത്തിലേക്ക് ചുരുക്കി. വലിയവസ്തുവിന്‍റെ വലിയ ചലനത്തേക്കാള്‍, ചെറിയ വസ്തുവിന്‍റെ ചെറിയ ചലനം വെള്ളത്തിലെ ഓളത്തിന്‍റെ പ്രതീതി ഉണ്ടാക്കുന്നു എന്നാണ്‌ അദ്ദേഹത്തിന്‍റെ അഭിപ്രായം. ഗോവിന്ദവാരിയരാശാനും വളരെ അധികം സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അവയിലൊന്നാണ്‌, ഇന്നുകാണുന്ന കൂടിയാട്ടത്തിലെ സ്ത്രീവേഷം. പ്രത്യേകിച്ചും ആ സ്ത്രീവേഷമുടി. കലാമണ്ഡലത്തിലെ സരസ്വതിമുടിയില്‍ മാറ്റങ്ങള്‍ വരുത്തി അദ്ദേഹം വിഭാവനം ചെയ്ത മുടിയാണ്‌, പൈങ്കുളം രാമച്ചാക്യാര്‍ അംഗീകരിച്ചതും, അമേരിക്കന്‍ കലാഗവേഷകനായ ക്ലിഫോര്‍ഡ് ജോണ്സ് തന്‍റെ സ്കെച്ചില്‍ ഉള്‍പ്പെടുത്തിയതും.

Photo courtsy  COMMONS.WIKIPEDIA.ORG

പരിഷ്കാരങ്ങള്‍ വിവരിക്കാന്‍ തന്നെ ഒരു ലേഖനം വേണ്ടിവരും. ചുട്ടിക്കാരന്‍ കോപ്പുപണിക്കാരനാവുന്ന സാഹചര്യമൊരുക്കുന്നത് അണിയറയില്‍ തന്നെ ആണ്‌. തേപ്പും, ചുട്ടിയും, കോപ്പും അണിയറയിലെ വിഷയങ്ങളാണ്‌. ആഹാര്യത്തിന്‍റെ രണ്ടുഭാഗങ്ങളായ അംഗരചനയും, അലങ്കാരവും. കോപ്പുകള്‍ ഉപയോഗിക്കാനുള്ള സൌകര്യം, കോപ്പണിഞ്ഞ നടന്‍റെ അരങ്ങത്തെ പെരുമാറ്റം, കോപ്പുകള്‍ ശരീരത്തിനുണ്ടാക്കുന്ന വൈഷമ്യങ്ങള്‍, അത് അഭിനയത്തിനെ സ്വാധീനിക്കുന്ന രീതി എന്നിവയെല്ലാം മനസ്സിലാക്കാന്‍ ചുട്ടിക്കാരനോളം സൌകര്യം മറ്റാര്‍ക്കുമില്ല.

"ഉടുത്തുകെട്ട് ക്രമത്തിലധികം വലുതാവുന്നു എന്ന ആക്ഷേപത്തിനു കാരണം?"

വേഷക്കാര്‍ നേരിട്ട് സ്വാധീനം ചെലുത്താന്‍ തുടങ്ങിയതും, ഉള്ളുവാലുകള്‍ തുണിയില്‍ നിന്ന് മാറ്റി ക്യാന്‍വാസ്, പ്ലാസ്റ്റിക്ക് ചാക്കുകള്‍ എന്നിവയിലേക്ക് മാറിയതും.

"കളി കഴിയുന്നതിനു മുന്പ് ചുട്ടിക്കാര്‍ ചുട്ടികുത്തി സ്ഥലം വിടുന്നു. ഇത് ശരിയാണോ?"

താല്‍ക്കാലികമായി വിളിക്കുന്ന ചുട്ടിക്കാരാണ്‌ ഇങ്ങനെ ചെയ്യുന്നത്. അവര്‍ക്ക് ഉത്തരവാദിത്വമില്ല. ഒരു സമ്പൂര്‍ണ്ണകളിയോഗത്തിലെ ചുട്ടിക്കാരന്‍ ഇങ്ങനെ പോകില്ല. പോകരുത്.

"തേപ്പിനും ചുട്ടിക്കും ചിത്രവുമായി വ്യത്യാസമെന്ത്?" സാമാന്യേന കുഴക്കുന്ന ചോദ്യം.

ചിത്രം ക്യാന്‍വാസിലാണ്‌. അല്ലെങ്കില്‍ ചുമരിലുമാവാം. രണ്ടും പരന്ന പ്രതലമാണ്‌. നിംമ്നോന്നതങ്ങള്‍ ഇല്ല. വര്‍ണ്ണങ്ങളുടെ സാന്ദ്രത കൂട്ടിയും കുറച്ചും നിഴലും വെളിച്ചവും ഉണ്ടാക്കി, ത്രിമാനത തോന്നിക്കണം. മുഖം യഥാര്‍ത്ഥമാകയല്‍ ത്രിമാനത വരുത്തേണ്ടതില്ല. ചിത്രം ചലനമില്ലാത്തതാണ്‌.  ചെയ്ത് വെച്ചത് അതേപടി ഇരിക്കും. മുഖത്തിന്‌ ചലനമുണ്ട്. പേശികളുടെ ചലനം, ഉപയോഗിക്കുന്ന വര്‍ണ്ണങ്ങള്‍ക്കും വസ്തുക്കള്‍ക്കും സ്ഥാനഭ്രംശം വരുത്തും. രണ്ടും രണ്ടുതരമാണ്‌.

"ഇന്നത്തെ തലമുറ?"

രണ്ടുതരമുണ്ട്. ഒരു കൂട്ടര്‍ക്ക് പണത്തിനോടാണ്‌ ആര്‍ത്തി. അവര്‍ക്ക് ഒന്നും അറിയണമെന്നില്ല. പഠിക്കാനും മനസ്സിലാക്കാനും ദുര്‍ലഭം ചിലര്‍ക്ക് ‍ ആഗ്രഹിമില്ലെന്നുമില്ല.

"മൂല്യശോഷണത്തിന്‍റെ പ്രധാന കാരണം?"

കലാകാരന്മാരുടെ ബാഹുല്യം. പത്തുവേഷക്കാര്‍ പുറത്തിറങ്ങുമ്പോള്‍, പത്ത് ചുട്ടിക്കാരും ഇറങ്ങുന്നു. ഇവര്‍ക്ക് പണിയില്ല. അവര്‍ മൂല്യം നോക്കാതെ എന്തും ചെയ്യും. പത്ത് വേഷക്കാര്‍ക്ക് രണ്ട് ചുട്ടിക്കാരിലധികം ആവശ്യമില്ല.

ഇന്നത്തേതില്‍ നിന്ന് മാറ്റങ്ങള്‍ ഈ വിഷയത്തില്‍ ആവശ്യമുണ്ടോ എന്നാണ്‌ അടുത്ത ചോദ്യം.

മാറ്റങ്ങളും രണ്ടുതരമുണ്ട്. ഞാന്‍ അത് മാറ്റി, ഇതും മാറ്റി എന്ന് ഊറ്റം കൊള്ളാന്‍ വേണ്ടി ചെയ്യുന്ന മാറ്റങ്ങള്‍. ഇത് അത്യാവശ്യമില്ല, കഴിയുന്നത്ര അതേപടി നിലനിര്‍ത്തുക. അസൌകര്യവും സാധനങ്ങളുടെ അലഭ്യതയും ഉണ്ടാവുന്ന സാഹചര്യത്തില്‍ മാത്രം ഖേദഃപൂര്‍വ്വം മാറ്റുക. മാറ്റുമ്പോള്‍ ഈ തത്വത്തെ ഓര്‍മ്മിക്കുക.

'ന ശാസ്ത്രപ്രഭവം കര്‍മ്മ
തേഷാം ഹി സമുദാഹൃതം
ആചാര്യ ബുദ്ധ്യാ കര്‍ത്തവ്യ-
മൂപാ പോഹ പ്രയോജിതം'

ശാസ്ത്രത്തില്‍ പറഞ്ഞപോലെ തന്നെ പ്രവര്‍ത്തിക്കണമെന്നില്ല. ആചാര്യന്‍റെ (ചെയ്യുന്ന ആളുടെ) ബുദ്ധികൊണ്ട്, ഊഹാപോഹം ചെയ്ത് (ആലോചിച്ച്) വേണ്ടതു ചെയ്യണം. അതായത് ശസ്ത്രം മനസ്സിലാക്കി, അതില്‍ നിന്ന് വേണ്ടത് ഉള്‍ക്കൊണ്ട് ശാസ്ത്രനിയമങ്ങള്‍ക്ക് എതില്ലാത്ത വിധം മാറ്റണം.

Photo courtsy  COMMONS.WIKIPEDIA.ORG

ഒരു "നിര്‍മ്മിതി" എന്നാല്‍ മൂന്ന് 'തി'കാരങ്ങളുടെ ഫലമായിരിക്കണം. സ്മൃതി, ശ്രുതി, കൃതി എന്നിവയാണ്‌ ഈ 'തി'കാരത്രയം. -സ്മൃതി എന്നത് നാം ചെയ്യാന്‍ പോകുന്ന കാര്യത്തെ കുറിച്ച് സ്മരിക്കുക. അതായത് നല്ലവണ്ണം ചിന്തിക്കുക. ശ്രുതി എന്നത് പൂര്‍വ്വസൂരികള്‍ പറഞ്ഞിട്ടുള്ളതും സഹപ്രവര്‍ത്തകര്‍ പറയുന്നതും കേള്‍ക്കുകയും, നമുക്ക് പറയാനുള്ളത് അവരോട് പറയുകയും ചെയ്യുന്നതാണ്‌. പിന്നീടുവരുന്ന കൃതി എന്നത് നാം സ്വയം ചെയ്തുനോക്കുന്നതാണ്‌. ഇത് പരീക്ഷണം മാത്രമാണ്‌. അന്തിമമല്ല. മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ വരുത്തുക. ഇതിനുശേഴമേ 'നിര്‍മ്മിതി' ചെയ്യാവൂ. അതായത് പുതിയതൊന്ന് ഉണ്ടാക്കാവൂ. നമ്മുടെ 'നിര്‍മ്മിതി'യെപ്പറ്റി ഉയരുന്ന ചോദ്യങ്ങള്‍ക്ക് അനായാസമായി ഉത്തരം പറയാന്‍ നിര്‍മ്മാതാവ്‌ ബാദ്ധ്യസ്ഥനാണ്‌. ഇത് ഞാന്‍ പറയുന്നതല്ല. രാമവാരിയരാശാന്‍ എപ്പോഴും പറയുന്നതാണ്‌. ഞാനനുസരിക്കാറുണ്ടെന്ന് മാത്രം.Article Category: 
Malayalam

Comments

ശ്രീ കെ.പി. രാമകൃഷ്ണപ്പണിക്കർ ഒരു ഡ്രോയിംഗ് വാദ്ധ്യാർ ആയിരുന്നു. സന്താനഗോപാലത്തിൽ അർജ്ജുനന്റെ വേഷത്തിനാണ് കണ്ണഞ്ചിറയുടെ മുഖത്ത് കടലാസ് ചുട്ടി വെച്ചത്. പണിക്കർ സാർ കഥകളി നടന്ന തിരുവല്ല അമ്പലത്തിൽ, സ്കൂളിലെ എന്തോ തിരക്ക് കാരണം, എത്താൻ വൈകി. അതാണ്‌ കടലാസ് ചുട്ടി വെയ്ക്കാൻ പ്രേരിപ്പിച്ചത്. രാമൻ പിള്ളയുടെ അനുവാദത്തോടെ. ചുട്ടി തീർന്ന് കണ്ണാടിയിൽ നൊക്കിയിട്ട് കണ്ണഞ്ചിറ പറഞ്ഞത്രേ..പണിക്കരുസാറേ, സംഗതി ജോറായിട്ടുണ്ട്, ഇനി മുതൽ ഇങ്ങനെ മതി.

പ്രസിദ്ധ നടൻ RLV രാജശേഖരന്റെ പിതാവായിരുന്നു കണ്ണഞ്ചിറ രാമൻപിള്ള. ഗായകൻ തിരുവല്ല ഗോപിക്കുട്ടൻ നായരുടെ ചിറ്റപ്പനും.

അഭിമുഖത്തില്‍ അവനവന്‍റെ കാര്യം അല്ലേ വരൂ.. അതിനാല്‍ ഈ അഭിമുഖം നന്നായിട്ടുണ്ട്.
എന്നിരുന്നാലും.... ചിലത് എനിക്ക് തന്നെ തോന്നണത് ഞാന്‍ പറയട്ടെ...
അഭിമുഖം വായിച്ചാല്‍ ചുട്ടി തുടങ്ങീതും ഇപ്പോഴത്തെ രീതി എത്തീതും വെള്ളിനേഴീന്നാന്ന് തോന്നും. അത്രയൊക്കെ ബോധമേ ഉള്ളോ? ലോകത്ത് മറ്റാരും ഇല്ലേ?
ആചര്യന്മാര്‍ എന്നപേരില്‍ പറയുന്നവരുടെ പേരുകള്‍ നോക്കുക.. കടലാസ് ചുട്ടി എന്ന നൂതനസങ്കേതം വന്നത് ഒന്നും തന്നെ ഈ ആചാര്യന്മാരില്‍ നിന്നല്ല എന്നതും ഓര്‍ക്കുക.

"കേരളീയരംഗകലകളില്‍ ചിലതില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക മുഖാലങ്കാരമാണ്‌ ചുട്ടി. മറ്റ് ഭാരതീയ കലകളിലോ, അന്യദേശകലകളിലോ ഇത് കാണുന്നില്ല. നാട്യശാസ്ത്രം തുടങ്ങിയ നാടകാവതരണരീതികള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിലും ഇത്തരമൊരു മുഖാലങ്കാരത്തിന്‍റെ പരാമര്‍ശമില്ല."

ഈ പറഞ്ഞതെന്തോ എനിക്കത്ര വിശ്വാസം വന്നിട്ടില്ലാ... ആഹാര്യത്തെ പറ്റി നാട്യശാസ്ത്രത്തിലുണ്ടെങ്കില്‍ പത്തിക്കീറ്റ് പോലെയുള്ള മുഖാലങ്കാരങ്ങള്‍ പണ്ട് മുതലേ ഉണ്ട് എന്ന്കില്‍... എന്തുകൊണ്ട് നാട്യശാസ്ത്രത്തില്‍ പരമാര്‍ശിച്ചില്ലാ എന്നത് ഒരു ചോദ്യമല്ലേ?

കാരണം എന്താവാം?
ചിന്തനീയം തന്നെ....

പരമ്പര തുടക്കം നന്നായിട്ടുണ്ട്. വേഷക്കാരനെ ആസ്വദിക്കുമ്പോള്‍, വേഷത്തോടുകൂടിയ നടനെയാനല്ലോ കാണുന്നത്. വ്യക്തി ആരാധനയ്ക്ക് മുന്‍പ് വേഷം തന്നെയാണ് സംഭവിക്കുന്നത്‌.. അതിന് കാരണക്കാരായി വര്‍ത്തിക്കുന്ന അണിയറയില്‍ ഉള്ള എല്ലാ ഒരുക്കുകാരും ആദരിക്കപ്പെടെണ്ടവര്‍ തന്നെ.

Mohandas's picture

കഥകളി കണ്ടു പോകുന്നതല്ലാതെ, ആ വേഷങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ സാധാരണ ആരും ശ്രദ്ധിക്കാറോ അംഗീകരിക്കാറോ ഇല്ല. കഥകളിയുടെ ചാതുർവർണ്യ വ്യവസ്ഥയിൽ പിന്നിലാക്കപ്പെട്ടിരിക്കുന്ന ചുട്ടി എന്ന കലയെയും അതിലെ പ്രശസ്ത കലാകാരന്മാരെയും പരാമർശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത് തികച്ചും നന്നായി. ലേഖകന്റെ അന്വേഷണങ്ങളുടെ കുറവ് കാരണമാകാം, ലേഖനവിഷയം കലാമണ്ഡലത്തിനും കഥകളിയുടെ മറ്റ് അറിയപ്പെടുന്ന പാലക്കാടൻ പ്രദേശങ്ങളിലുമായി ഒതുങ്ങിപ്പോയത്. ഈ വിഷയത്തിലുള്ള ദക്ഷിണ-ഉത്തര കേരളകലാകാരന്മാരുടെ സംഭാവനകളെയും അതർഹിക്കുന്ന പ്രാധാന്യത്തോടെ ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നുവെങ്കിൽ നന്നായിരുന്നേനെ എന്നൊരഭിപ്രായം എനിക്കുണ്ട്. 'നേപധ്യ' ത്തിൽ ഈ പോരാഴ്മ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ശ്രമിക്കണം. കുറെ അന്വേഷണങ്ങൾ ഇതിനു വേണ്ടി വരും. അങ്ങിനെയാകുമ്പോൾ 'നേപഥ്യം', 'കഥകളിരംഗം' പോലെ ഈ വിഷയത്തിലെ ഒരാധികാരിക ഗ്രന്ഥം ആകും.           ( 'നേപഥ്യം' ഞാൻ വായിച്ചിട്ടില്ല . അതിനാൾ അതിന്റെ ഉള്ളടക്കവും അറിയില്ല. ഈ ലേഖനത്തെ അടിസ്ഥാനപ്പെടുത്തി എഴുതുന്നു എന്നെ ഉള്ളൂ).

ഏതായാലും മോഹൻദാസിന്റെ കമന്റ്‌ കണ്ടപ്പോൾ ഒരു കാര്യം ഓർമ്മ വന്നു. താങ്കൾ ഗുരു ചെങ്ങന്നൂരിനെപ്പറ്റിയുള്ള documentory ശ്രദ്ധിചിട്ടുണ്ടാകും. അദ്ദേഹവും ചിട്ടപ്രധാനങ്ങളായ കളികളാണ് ചൊല്ലിയാടിയിട്ടുള്ളത്. കഥകളിയുടെ എല്ലാ ദേശഭേദങ്ങളിലും ഉത്സുകനായ താങ്കൾ അത് മുൻപേ ശ്രദ്ധിക്കാതെ പോയതാണോ ?

എത്രയോ അജ്ഞാതരായ കലാപ്രതിഭകളുടെ സംഭാവനയാണ് കഥകളി വേഷത്തിലെ ചന്തിമെത്ത മുതലുള്ള കഥകളി കോപ്പുകളും മറ്റുമെല്ലാം.