സെവൻ‌അപ്പ് ആനന്ദനൃത്തവും ആത്മരോഷങ്ങളും

Saturday, April 20, 2013 - 07:31
7 Up advertisement featuring Kathakali

പെപ്‌സി‌കോ കമ്പനിയുടെ സെവൻ അപ് എന്ന ശീതളപാനീയത്തിന്റെ വീഡിയോപരസ്യത്തിൽ കഥകളിവേഷത്തിന്റെ ഉപയോഗം ഇപ്പോൾ വിവാദമായിരിയ്ക്കുന്നു. ഇതാ, അവസാനം കഥകളിയുടെ അഭിമാനസ്ഥാപനമായ കേരളകലാമണ്ഡലം പെപ്‌സി‌കോ കമ്പനിയുമായി കേസിനുപോകുന്നിടത്തെത്തിയിരിയ്ക്കുന്നു കാര്യങ്ങൾ.

ഈ പരസ്യവും അനുബന്ധസംഭവങ്ങളും മറ്റേതൊരു സാമൂഹികസംഭവത്തെയും പോലെത്തന്നെ ഒറ്റപ്പെട്ട ഒന്നല്ല. കേരളീയകലാസ്വാദകരുടെ ഭാവുകത്വപരിണാമം, അഭിരുചികളുടെയും അവയുടെ ഊന്നലുകളുടെയും സവിശേഷതകൾ - ഇങ്ങനെ അനേകം അടരുകൾ ഇക്കാര്യത്തിലുണ്ട്. വൈകാരികവേലിയേറ്റങ്ങൾക്കപ്പുറം, അവ കൂടി പരിഗണിച്ചുകൊണ്ടുള്ള ആശയവ്യക്തതയ്ക്കുള്ള ഒരു ശ്രമമാണിത്.

വിവാദമായ സെവൻ‌അപ് പരസ്യം വളരെ ഋജുവാണ്. ഒരു കഥകളിവേഷം ( പോലെ ഒന്ന് ) സെവൻ‌അപ്പിന്റെ ഒരു കുപ്പി കൊണ്ടുവന്ന് തെരുവിൽ നിൽക്കുന്ന ഒരു പെൺ‌കുട്ടിയ്ക്ക് കൊടുക്കുന്നു. പെൺ‌കുട്ടി അമ്പരന്നു നോക്കുമ്പോൾ ഒരു പാട്ടുപെട്ടി ഓൺചെയ്‌ത് കഥകളിവേഷം ഡപ്പാങ്കൂത്ത് രീതിയിലുള്ള നൃത്തച്ചുവടുകൾ ചവിട്ടുന്നു. അതിനനുയോജ്യമായ ഒരു ജിങ്ങ് ആണ് പാട്ടുപെട്ടിയിൽ നിന്നെന്നവണ്ണം കേൾക്കുന്നത്. പെൺ‌കുട്ടിയും ചുറ്റുമുള്ള തെരുവുകാഴ്ച്ചക്കാരും ചിരിയ്ക്കുന്നു. അവസാനം പെൺ‌കുട്ടിയെ കഥകളിവേഷം കൈകളിൽ വാരിയെടുക്കുന്നു. പെൺ‌കുട്ടി സെവൻ‌അപ് കുടിച്ചുനിൽക്കുന്നിടത്ത് പരസ്യവാചകം കേൾക്കാം.

സാധാരണ നവീനപരസ്യങ്ങളിൽ കാണുന്ന ധ്വന്യാത്മകതയോ, സമർത്ഥമായ ഇമേജറികളോ ഇതിലില്ല. സെവൻ‌അപ് എന്ന കോള കുടിയ്ക്കുന്നതിന്റെ ആനന്ദനൃത്തം ആയി  ഡെപ്പാങ്കൂത്ത് കളിയ്ക്കുന്ന കഥകളിക്കാരൻ, അതുകണ്ട് സന്തോഷിയ്ക്കുന്ന ഒരു പെൺ‌കുട്ടി, ആ ആനന്ദത്തിൽ കണ്ണിചേരുന്ന തെരുവ് - ഇത്രയുമാണ് ആകെ പരസ്യത്തിന്റെ ആവിഷ്കാരം. പരസ്യം വിവാദമായ സമയത്ത് പരാതിയുന്നയിച്ചവർക്കു പെപ്‌സി‌കോ നൽകിയ മറുപടിയിലും ‘ ഒരു കഥകളിനർത്തകന്റെ ആനന്ദാഘോഷം ‘ മാത്രമാണ് ചിത്രീകരിച്ചിരിയ്ക്കുന്നത് എന്നു വ്യക്തമാക്കിയിട്ടുണ്ട്. കഥകളിനർത്തകൻ ആനന്ദനൃത്തം എങ്ങനെ ചെയ്യണം, അഷ്ടകലാശം ആനന്ദനൃത്തമാണോ അല്ലയോ - എന്നിങ്ങനെയുള്ള എന്ന പഴയ  ഗ്രഹിതവിവാദമൊന്നും എന്തായാലും കോളക്കമ്പനിക്കാരും അവരുടെ പരസ്യവിഭാഗവും കേട്ടിരിയ്ക്കാൻ വഴിയില്ല. അവർക്ക് ആനന്ദനൃത്തം എന്തായാലും ആ പരസ്യത്തിലുള്ളതാണ്,  കഥകളിക്കാരനും ആനന്ദം വന്നാൽ അതേ കളിയ്ക്കാൻ വഴിയുള്ളൂ എന്നവർക്കുറപ്പാണു താനും. പക്ഷേ പ്രസ്തുതപരസ്യത്തിൽ അതുകളിയ്ക്കുവാൻ ഐപോഡിലോ മൊബൈലിലോ കേൾക്കുന്ന ഹൈടെക്ക് സംഗീതം പോര, പഴയമോഡലിൽ ഒരു പാട്ടുപെട്ടി ഓൺ‌ചെയ്യേണ്ടതുണ്ട്. നോർത്തിന്ത്യയിൽ സർവ്വസാധാരണമായ ഏതോ തെരുവുസർക്കസ് പോലെ ഒരു സംഭവമായി കഥകളിവേഷത്തിന്റെ ഡപ്പാങ്കൂത്തും കാണിയ്ക്കുന്നു. ഫ്ലാറ്റുകളുടെ ജനാലകളിലൂടെ തെരുവുസർക്കസ് മട്ടിൽ പലരും അതു കാണുന്നുമുണ്ട്.

എന്തായാലും പരസ്യം കണ്ടതോടെ കഥകളിയാസ്വാദകരുടെ ആത്മരോഷമുണർന്നു. ‘മഹത്തായ കല’ ‘നമ്മുടെ പൈതൃകം’ തുടങ്ങിയ വികാരങ്ങൾ അണപൊട്ടിയൊഴുകി. ഈ പരസ്യം ബാൻ ചെയ്യണമെന്ന് പോസ്റ്ററുകളുണ്ടാക്കി  സോഷ്യൽ നെറ്റ്‌വർക്ക് ഇടങ്ങളിലൂടെ പന്തം‌കൊളുത്തിപ്രകടനം നടത്തി. 'ഇതോടെ നിർത്തി സെവൻ‌അപ് കുടി' എന്നു ചിലർ സത്യപ്രതിജ്ഞയെടുത്തു. ഇതെല്ലാം കടന്ന് ചിലർ ഓർത്തുകളിച്ചോ സൂക്ഷിച്ചോ എന്ന മട്ടിൽ പെപ്‌സി‌കോ കമ്പനിയ്ക്കു മെയിൽ അയച്ചു പരാതിപ്പെട്ടു. അവസാനം കേരളകലാമണ്ഡലത്തിന്റെ അധികാരികൾ തന്നെ പെപ്‌സി‌കോ കമ്പനിയ്ക്കെതിരെ പോരിനുവിളിപ്പദം ആടിയിരിയ്ക്കുന്നു. കഥകളി, കേരളസം‌സ്‌കാരം എന്നിവയെ അപമാനിച്ചു, ആഭാസകരമായ നൃത്തച്ചുവടുകൾ ഉപയോഗിച്ചു എന്നിവയാണ് കലാമണ്ഡലമുന്നയിച്ചിരിയ്ക്കുന്ന ആരോപണങ്ങൾ എന്നാണ് പത്രവാർത്തയിലെ വിവരം. ആഭാസനൃത്തം എന്നൊന്നുണ്ട് എന്നു കലാമണ്ഡലം നിർവ്വചിച്ചത് എന്തായാലും നന്നായി. പത്നിയുടെ മുലക്കണ്ണ് തലോടിയിരിയ്ക്കുന്ന കമലദളത്തിലെ രാവണനേയും , ‘സ്മരനുടെ കളികളിലുരുസുഖമൊടു തവ പരവശതകൾ കാണ്മാൻ കൊതിപെരുകുന്ന’ ഭാനുമതിയേയും കണ്ടുശീലിച്ച കഥകളിഭ്രാന്തർക്കു പോലും ആഭാസമായോ അശ്ലീലമായോ തോന്നുന്ന ചിലത് ലോകത്ത് അവശേഷിയ്ക്കുന്നതും ഒരു ഭാഗ്യമാണ്.

ഒന്നു ചിന്തിയ്ക്കാം - ഏതാനും വർഷങ്ങൾ മുൻപു മുതലേ ചാക്യാർ‌കൂത്തിന്റെ ആഹാര്യമണിഞ്ഞുകൊണ്ട് ചില മിമിക്രിക്കാർ പലതരം പരിപാടികൾ അവതരിപ്പിയ്ക്കുകയുണ്ടായി. ഒരു ടി വി കോമഡി ഷോ തന്നെ, ഒരു മിമിക്രി കലാകാരൻ ചാക്യാർ വേഷമണിഞ്ഞുകൊണ്ടും ചാക്യാർ ഭാഷയുടെ പാരഡിയായും നിർവ്വഹിക്കപ്പെട്ടു. എന്തിന്, കേരളത്തിന്റെ പാരമ്പര്യമഹോത്സവമായ തൃശ്ശൂർ പൂരത്തിന്റെ ജനക്കൂട്ടത്തിനിടയിൽ, ചാക്യാർ വേഷവും കെട്ടി ഹാൻഡ് മൈക്കും പിടിച്ചുനടന്ന് നടന്ന് ആളുകളോട് അഭിപ്രായം ചോദിച്ച് വരെ ഷോകൾ നടന്നു. ആരുമുണ്ടായില്ല പ്രതിഷേധിയ്ക്കാൻ. ചാക്യാരുടെ കലാരൂപത്തിന്റെ അത്ര പൈതൃകവും പാരമ്പര്യവുമൊന്നുമില്ല കഥകളിയ്ക്ക്. പക്ഷേ ആർക്കും  ചോര തിളച്ചില്ല. മോഹിനിയാട്ടം വേഷത്തിൽ നോൺ‌സ്റ്റിക്ക് പാനിൽ നർത്തകി ദോശ ചുടുന്ന പരസ്യങ്ങൾ വരെ വന്നു. ആർക്കും കൂടുതലൊന്നും തോന്നിയില്ല. പക്ഷേ, കഥകളിവേഷത്തെ കോളക്കമ്പനി ഡപ്പാങ്കൂത്തുകളിപ്പിച്ചപ്പോൾ ഇതുവരെയില്ലാത്ത വികാരമുണർന്നു. എന്തുകൊണ്ട്?

One of the posters protesting the 7 Up Ad which featured Kathakali

ഈ പ്രതിഷേധവേലിയേറ്റത്തിലെ പ്രധാനകഥാപാത്രം കഥകളിയാണ്. ‘കഥകളിക്കാരോട് കളിയ്ക്കണ്ട’ . ‘കഥകളിയെ തൊട്ടുകളിച്ചാൽ’ എന്നൊക്കെ പലമട്ടാർന്ന വാചകങ്ങൾ ഫെയ്സ്ബുക്ക് കഥകളിഗ്രൂപ്പിൽ പോസ്റ്റായും കമന്റായും കാണാം. കഥകളി ഒരു പ്രത്യേക ‘സെൿട്’ ആയി കാണുന്ന മനോഘടനയാണ് ഈ പ്രതിഷേധങ്ങളുടെ കാതൽ. ഒരു സിമിറ്റിക്ക് മതഘടന ആർജ്ജിച്ച കഥകളിമൌലികവാദം ഈ വികാരപ്പെരുമഴയ്ക്കു പിന്നിൽ കാണാൻ വലിയ അകക്കണ്ണൊന്നും ആവശ്യമില്ല.

മറ്റു ഭാരതീയ തീയറ്റർ കലകളിൽ നിന്നു വിഭിന്നമായി, കഥകളിയുടെ കാഴ്ച്ചസംസ്കാരത്തിനുള്ള സവിശേഷവ്യക്തിത്വമാണ് ഈ അന്തരീക്ഷത്തെ നിർമ്മിച്ചെടുത്തത്. പ്രത്യേക അവസരങ്ങളിൽ മാത്രമുള്ള അനുഷ്ഠാനകലകളോ, സവിശേഷവേദികളിൽ നിശ്ചിതസമയം മാത്രം അവതരിപ്പിയ്ക്കുന്ന മറ്റു ക്ലാസിക്കൽ നൃത്തരൂപങ്ങളോ കാണാനുള്ള പ്രേക്ഷകരെപ്പോലെയല്ല കഥകളിയുടെ തീയറ്റർ പ്രേക്ഷകസമൂഹം. ഒരരങ്ങിൽ നിന്ന് മറ്റൊരരങ്ങിലേക്ക് സഞ്ചരിച്ചുകൊണ്ടിരിയ്ക്കുന്ന, ഒരേ കഥയും ഒരേ കലാകാരന്മാരും അവർത്തിച്ചാലും വീണ്ടും വീണ്ടുമുള്ള ആസ്വാദനാവർത്തനങ്ങളിൽ അഭിരമിയ്ക്കുന്ന ചെറുതല്ലാത്ത ആസ്വാദകസമൂഹം കഥകളിയ്ക്കുണ്ട്. ഇത് മറ്റൊരു ഭാരതീയക്ലാസിക്കൽ കലയിലും ഈയളവിൽ കാണാനാവുമെന്നു തോന്നുന്നില്ല. ഏതാണ്ട് ‘ഭാഗവതമേള’യ്ക്കാണ് സമാനമായൊരു ആവർത്തിതാസ്വാദനഭാവുകത്വം നിലവിലുണ്ടായിരുന്നത്; എന്നാൽ അതുതന്നെയും ചുരുക്കം ഗ്രാമങ്ങളിൽ ഒതുങ്ങിനിന്നു. കഥകളിയെപ്പോലെ വിശാലമായൊരു സംസ്കാരഭൂമികയിലാകമാനം ആസ്വാദകസമൂഹത്തെ സഞ്ചാരികളാക്കി മാറ്റിയ കലാരൂപം വേറെ കാണില്ല. ഈ ആസ്വാദനസമൂഹത്തിലെ വലിയൊരു പക്ഷം മറ്റു ഇന്ത്യൻ ക്ലാസിക്കൽ തീയറ്ററുകളോടു തന്നെയും പ്രതിപത്തിയുള്ളവരല്ല എന്നതും കാണേണ്ടതുണ്ട്. കഥകളിയാസ്വാദനശേഷിയ്ക്ക് അത്തരമൊരു പൊതുഭാവുകത്വനിർമ്മിതി അനിവാര്യമല്ല താനും. കഥകളിയെ കഥകളിയ്ക്കുള്ളിൽ നിന്നു കൊണ്ടു തന്നെ മനസ്സമാധാനത്തോടെ കണ്ടാസ്വദിയ്ക്കാം. പൊതുകലാലോകവുമായി, മറ്റു കലാഘടനകളുമായി - ഒക്കെയുള്ള സമ്പർക്കം കഥകളിക്കാഴ്ച്ചയെ കൂടുതൽ സമ്പന്നമാക്കിയേക്കാം, എങ്കിലും അതൊരു അനിവാര്യതയല്ല. ഇത്തരമൊരു അകമേയുള്ള സ്വയം പര്യാപ്തത, ക്രമേണ ഒരു മൌലികവാദഘടനയായി ആസ്വാദനസമൂഹത്തെ മാറ്റിത്തീർക്കുകയാണുണ്ടായത്. ‘കഥകളിക്കമ്പം’, ‘കഥകളിഭ്രാന്ത്’ തുടങ്ങിയ സംജ്ഞകൾ ഈ പ്രത്യേകസമൂഹനിർമ്മിതിയെ പ്രതിനിധീകരിയ്ക്കുന്നുണ്ട്. ഭ്രാന്ത് എന്നതിനർത്ഥം പൊതുസമൂഹത്തിന്റെ മനോഘടനയിൽ നിന്നുള്ള വിടർച്ചയോ വ്യതിയാനമോ ആണല്ലോ. കഥകളിഭ്രാന്തും അപ്രകാരം തന്നെ.

പൊതുസമൂഹത്തിൽ നിന്ന് ഏതെങ്കിലും സവിശേഷകാരണങ്ങളാൽ പ്രാന്തവൽക്കരിക്കപ്പെട്ടവർക്കുള്ള അഭയാർത്ഥിക്യാമ്പ് ആയി പലപ്പോഴും ക്ലാസിക്കൽ‌കലാലാവണങ്ങൾ പ്രയോജനപ്പെടാറുണ്ട്. കഥകളി ഏറെക്കാലമായി അത്തരമൊരു സുരക്ഷിതലാവണമാണ്. ‘പഴയൊരില്ലം എന്നേ വിറ്റുപോയിട്ടും പുതിയൊരോട്ടോ വാങ്ങാൽ കൂട്ടാക്കാത്ത” അനേകം ഉണ്ണിക്കുട്ടന്മാർ, കഥകളിയുടെ അണിയറവരാന്തയിലും വിളക്കിൻ ചുവട്ടിലുമായി നിർവൃതിയടഞ്ഞു കഴിഞ്ഞുപോരുന്നുണ്ട്. നാലുകെട്ട് പൊളിഞ്ഞുപോയിട്ടും മനസ്സിലൊരു നാലുകെട്ടുകെട്ടി അതിന്റെ നടുമിറ്റത്തു ചാരുകസേലയിട്ടിരിയ്ക്കുന്ന ഇവർക്കു സിംഹാസനം ലഭിയ്ക്കുന്ന മറ്റിടങ്ങൾ ഇന്ന് അത്യപൂർവ്വമാണ്. സാഹിത്യത്തിന്റെ സമകാലലോകത്തു പ്രവേശം കിട്ടാത്ത ഇച്ഛാഭംഗം മറയ്ക്കാനെത്തുന്ന മലയാളം അദ്ധ്യാപകർ, ബുദ്ധിജീവിയാനുള്ള വ്യായാമമുറകൾ ഫലിയ്ക്കാത്ത നാണക്കേടുമായി വരുന്ന അക്കാദമീഷ്യന്മാർ, ഏതോ വംശനാശം വന്ന മാനവസമൂഹത്തിന്റെ മാറാലപിടിച്ച പ്രാകൃതഭാവുകത്വം ചെറുപ്പത്തിലേ ശീലിച്ചുപോയ ദുരന്തമനുഭവിയ്ക്കുന്ന ചില ചെറുപ്പക്കാർ,  കഥകളിയേ കാണാതെ കഥകളിയെപ്പറ്റിയെഴുതിയെഴുതി കണ്ണിൽ‌ദീനം വന്ന എഴുത്തുജീവികൾ, ഇടയ്ക്കു വെയിൽ‌കായാൻ കരയ്ക്കുവന്നുകിടക്കുന്ന മുതലകളെപ്പോലെ  വേറേതെങ്കിലും കലാലോകങ്ങളിൽ നിന്നു ബഹിഷ്കൃതരായി ഇടവേളയാസ്വദിയ്ക്കാൻ വരുന്നവർ, പെൻഷൻ പറ്റിയപ്പോൾ വാർദ്ധക്യകാലവിനോദമായി ഇനിയൽ‌പ്പം വൈയ്യാകരണനായേക്കാം എന്നു തീരുമാനിച്ചിറങ്ങിയവർ - ഇങ്ങനെ പലമട്ടാർന്ന പ്രാന്തവൽകൃതജനതതിയുടെ അഭയാർത്ഥിക്യാമ്പ് എന്ന നിലയിൽ കഥകളി കേരളത്തിന് വലിയൊരു പ്രയോജനമാണ് ചെയ്യുന്നത്. (കഥകളി കാണാൻ വരുന്നവരെല്ലാം ഈ ഗണത്തിൽ പെടുന്നെന്ന് അർത്ഥമാക്കുന്നതേയില്ല.)ഇവർക്കെല്ലാം പ്രതിഷേധിയ്ക്കാൻ പറ്റിയ നല്ലൊരു സ്ഥലം വീണുകിട്ടിയത് ഇപ്പോൾ കോളപ്പരസ്യരൂപത്തിലാണ്. നമ്മുടെ പൂർവ്വമഹത്വം, പൈതൃകം - ഇത്തരം തിരുശേഷിപ്പുകളിൽ തൊട്ടുകളിച്ചാൽ തിളയ്ക്കുന്ന, പ്രത്യേകതരം റഫ്രിജറേറ്ററുകളിൽ സൂക്ഷിക്കപ്പെട്ട രക്തമെല്ലാം തിളച്ചുമറിയുന്നതിനു പറ്റിയ തക്കം.

ഈ പ്രതിഷേധം മുഴുവൻ അർത്ഥശൂന്യമെന്നോ, പൂർണ്ണമായും പ്രതിലോമകരമെന്നോ അല്ല അർത്ഥമാക്കുന്നത്. ഇപ്പോഴുയർന്ന ഈ പോരിനുവിളികളും യുദ്ധവട്ടങ്ങളും ഒരു ആകസ്മികതയല്ലെന്നും, സവിശേഷഭാവുകത്വപരിണിതിയുടെ സൃഷ്ടിയാണെന്നും വിലയിരുത്തപ്പെടേണ്ടതുണ്ട്. ഈ മൌലികവാദത്തെ കാണാതെ, കാളപെറ്റപ്പോൾ കയറെടുക്കുന്നതെന്തിനെന്നു മനസ്സിലാക്കാനാവില്ല. കോളക്കമ്പനിയെ, വിശേഷിച്ചും പെപ്‌സി‌കോ എന്ന അന്താരാഷ്ട്രഭീമനെ എതിർക്കാൻ ഇതിലും ഏറെ പ്രാധാന്യമർഹിയ്ക്കുന്ന കാരണങ്ങളുണ്ട്. മനുഷ്യന്റെ അടിസ്ഥാനാവശ്യവും അവകാശവുമായ ജലം ഊറ്റിവിൽക്കുന്ന ഒരു രാക്ഷസക്കമ്പനിയ്ക്കെതിരെ നടന്ന ജനകീയസമരങ്ങളിലോ പ്രതിഷേധങ്ങളിലോ ഒരിയ്ക്കലും വാക്കുകൊണ്ടു പോലും പങ്കാളികളാകാത്ത മാന്യമഹാസ്വാദകർ കഥകളിയെ തൊട്ടുകളിച്ചപ്പോൾ വികാരവിജൃംഭിതരാവുന്നതിലെ ഫലിതം ചെറുതല്ല. നമുക്ക് ഉന്മേഷമുണ്ടാവാൻ സെവൻ‌അപ് കുടിയ്ക്കണം എന്ന പരസ്യമനഃശാസ്ത്രവിൽ‌പ്പനയാണ് ചാനലുകൾക്കും സീരിയലുകൾക്കും ചിലവിനുകൊടുക്കുന്നത് എന്നതാണ് പ്രധാനം. അരാണ് ചിലവിനുകൊടുക്കുന്നത് എന്നതൊരു പഴയ ഫ്യൂഡൽ ചോദ്യമാണ്. മുൻപ് ആരാണ് കഥകളിയ്ക്കു ചിലവിനു കൊടുക്കേണ്ടത് എന്ന ചോദ്യം പലവട്ടം ചോദിയ്ക്കപ്പെട്ടിട്ടുണ്ട്. ലോട്ടറിടിക്കറ്റുവിറ്റും പൊതുജനങ്ങളിൽ നിന്നു സമാഹരിച്ച തുക കൊണ്ടൊരു കലാസ്ഥാപനം തുടങ്ങി, അതിൽ ജനങ്ങൾ ചിലവിനുകൊടുക്കുന്ന അവസ്ഥ കഥകളിയ്ക്കുണ്ടാക്കും എന്ന വള്ളത്തോളിന്റെയും സഹപ്രവർത്തകരുടെയും ഇച്ഛാശക്തിയുടെ ഫലമാണ് കലാമണ്ഡലം. ഇന്ന് നമ്മുടെ സംസ്കാരത്തിന്, സംഗീതത്തിന്, രംഗകലകൾക്ക് - എല്ലാം ചിലവിനു കൊടുക്കുന്നത് മുതലാളിത്തമാണെന്നു വന്നിരിയ്ക്കുന്നു. ആ അർത്ഥത്തിൽ, നാമിന്നു ജീവിച്ചുകൊണ്ടിരിയ്ക്കുന്ന ലോകത്തിലെ പ്രധാനമതം വ്യാവസായികമതമാണ്. കവി പാടിയപോലെ ‘ഉലകിന്നുയിരായി ഒരൊറ്റമത’മുണ്ടായിരിയ്ക്കുന്നു. ഈ വ്യാവസായികമതം ലോകത്തെ മുഴുവൻ വലയം ചെയ്യുകയും നമ്മുടെ പുണ്യപാപങ്ങളെ നിശ്ചയിക്കുകയും നമ്മുടെ  പ്രാർത്ഥനയ്ക്കുള്ള കാരണങ്ങൾ കണ്ടെത്തുകയും നമ്മുടെ സന്തോഷം ഒരു മധുരവെള്ളം കുടിയ്ക്കുന്നതാണെന്നു പറഞ്ഞുതരികയും ചെയ്യുന്നു. സമൂഹത്തോടു പ്രതിസ്പന്ദിക്കുന്ന കലാസ്നേഹികൾ എന്ന നിലയിൽ ഏതുതരം കോളവിരുദ്ധപ്രതിരോധത്തിനും അർത്ഥവും പ്രാധാന്യവുമുണ്ടെന്നും കരുതുന്നു. പക്ഷേ, ഉപഭോഗസംസ്കൃതിയുടെ ജീർണ്ണതയ്ക്കു മറുപടി അതിലും ജീർണ്ണമായ മൌലികവാദമല്ല. പ്രകൃതിയിലെ ജൈവവൈവിദ്ധ്യം പോലെ നമ്മുടെ സംസ്കാരനിർമ്മിതികളിലും വൈവിദ്ധ്യമുണ്ടെന്നും, അവയുടെ തനിമകളൂടെ നിലനിൽ‌പ്പ് പ്രസക്തമാണെന്നും, അത്തരം കലാവൈവിദ്ധ്യങ്ങളുടെ ജനാധിപത്യഭൂമിയിൽ നിന്നാണ് കഥകളിയേയും കാണുന്നതെന്നും ചിന്തിയ്ക്കുന്ന ഒരാൾക്ക്, കോളക്കമ്പനിയോട് ഈ പരസ്യം കൊണ്ട് പ്രത്യേകിച്ചൊരു വിരോധവും തോന്നാനില്ല; താല്പര്യം പണ്ടേ ഇല്ലല്ലോ.

Malayalam

Comments

ഒരു പറ്റം കഥകളി ആസ്വാദകരുടെയും, കഥകളി എന്താണ് എന്ന് പോലും അറിയാതെ വരുന്നതെന്തും ഷെയര്‍ ചെയ്യാന്‍ വേണ്ടി ഫെസ്ബൂകില്‍ ഇരിക്കുന്ന വേറെ ചില കേരളസ്നേഹികളുടെയും അധികം ആലോചിക്കാതെ ചെയ്യുന്ന ചില കാര്യങ്ങള്‍ ആയി മാത്രമേ ഈ പ്രതിഷേധത്തെ കാണാന്‍ പറ്റൂ..ചിത്രന്‍ പറഞ്ഞത് പോലെ ഇതിലുമൊക്കെ അധികം(ഒരു മനുഷ്യന്‍ എന്നാ നിലയില്‍ നമ്മള്‍ പ്രതിഷേധിച്ചു കൊണ്ടേ ഇരിക്കേണ്ട) ഒരായിരം നീചപ്രവര്‍ത്തികള്‍ ഈ കുത്തകഭീമന്മാര്‍ ചെയ്യുന്നുണ്ട്.. അതൊന്നും കാണാതെ ഇപ്പോള്‍ ഈ പ്രതിഷേധം നടത്തുന്നവരോട് ഒന്നേ പറയാനുള്ളൂ...ഇപ്പൊ പെപ്സി ചെയ്ത കാര്യങ്ങള്‍ കൊണ്ടൊന്നും കഥകളിയുടെ മാനം പോവുകയില്ല.. പിന്നെ നിലനില്‍ക്കേണ്ട കലയാണ്‌ കഥകളി എങ്കില്‍ നിലനില്‍ക്കുക തന്നെ ചെയ്യും..അതിനിപ്പോള്‍ നിങ്ങളെ പോലെ ഉള്ളവരുടെ ഈ പ്രതിഷേധത്തിന്റെ ഒന്നും ആവശ്യവും ഇല്ലാ....

haree's picture

പെപ്സികോ കമ്പനിയുടെ 7Up പരസ്യത്തോട് എന്തേ ഇത്ര എതിര്‍പ്പ് എന്നാണല്ലോ വിഷയം. ഇന്ന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള പ്രചാരവും, മറ്റെന്തിനേക്കാളും ഈ പരസ്യം കാണുവാനുള്ള സാഹചര്യവും (അത്രയും വട്ടം പോസ്റ്റില്‍ സൂചിപ്പിച്ച മറ്റുള്ള കാര്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നില്ല.) കൂടി പ്രതിഷേധത്തിന്റെ തോതുയര്‍ത്തിയിരിക്കാം. അതില്‍ തന്നെ അവതാരകന്‍ ചാക്യാര്‍ വേഷത്തിലെത്തിയ പരിപാടിക്കെതിരേ പ്രതിഷേധമുണ്ടായി എന്നാണ് എന്റെ ഓര്‍മ്മ. അതെന്തോ ആവട്ടെ, കഥകളിയുടെ പരസ്യ സാന്നിധ്യമാണല്ലോ വിഷയം. അതിലേക്കു ചിലത് കൂടി;

  • കഥകളിയെ പരസ്യത്തില്‍ കാണുന്നത് ഇതാദ്യമല്ല. സോണി ടിവിയുടെ പരസ്യം വര്‍ഷങ്ങള്‍ക്ക് മുന്‍പേ അവര്‍ തുടങ്ങിയതാണ്, ഇപ്പോഴുമുണ്ട്. അതിലും കഥകളി വേഷങ്ങള്‍ തെരുവിലൂടെ ഓടുകയും കഥകളിയില്‍ പതിവില്ലാത്ത കാര്യങ്ങള്‍ ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നിട്ടുമെന്തേ അതിനോട് ഇത്രത്തോളം എതിര്‍പ്പുണ്ടായില്ല അല്ലെങ്കില്‍ ഇപ്പോഴും അതിനെ ആരും എതിര്‍ക്കുന്നില്ല? ആ പരസ്യം കഥകളിയുടെ ഒരു സവിശേഷതയെ തങ്ങളുടെ ഉത്പന്നം എങ്ങിനെ മിഴിവോടെ കാട്ടുന്നു (നിറങ്ങളുടെ ഉത്സവമെന്നൊക്കെ പറയാവുന്ന തരത്തില്‍ ദൃശ്യപരമായി സമ്പന്നമായ കഥകളിയെ ആ നിറങ്ങളുടെ ചാരുത ഒട്ടും കുറയാതെ സോണിയുടെ ടി.വി.കള്‍ ദൃശ്യമാക്കുന്നു എന്നാണല്ലോ അതില്‍ ഉദ്ദേശിച്ചിരിക്കുന്നത്.) കലാരൂപമായ കഥകളിയെ തികച്ചും പോസിറ്റീവായ രീതിയിലാണ് പ്രസ്തുത പരസ്യത്തില്‍ ഉപയോഗിച്ചതെന്നു കാണാം. പിന്നെ പലപ്പോഴും ഉപയോഗിക്കാറുള്ളത് പാരമ്പര്യത്തെ സൂചിപ്പിക്കുവാനും (സ്വര്‍ണത്തിന്റെ തനിമയും അച്ചാറിന്റെ രുചിയും 'കേമ'മെന്ന് കാട്ടുന്ന കഥകളി വേഷങ്ങള്‍) അല്ലെങ്കില്‍ സാര്‍വ്വത്രികതയെ സൂചിപ്പിക്കാനും (ഒരു പ്രത്യേക പത്രം വായിക്കുന്ന / ഒരു പ്രത്യേക ബ്രാന്‍ഡ് ചായ കുടിക്കുന്ന കഥകളി വേഷക്കാരന്‍) അതുമല്ലെങ്കില്‍ വിശ്വാസ്യതയെ സൂചിപ്പിക്കുവാനും (പണമിടപാടില്‍ / താക്കോല്‍ ദാനത്തിന് സാക്ഷിയാവുന്ന കഥകളിവേഷം) ഒക്കെയാണ്. ഇവയില്‍ നിന്നൊക്കെ വിഭിന്നമായി ഒരു കഥകളി വേഷത്തിന്റെ വികല രൂപം, അതിനൊട്ടും യോജിക്കാത്ത സംഗീതത്തിന്റെ അകമ്പടിയില്‍, ഈ കലയോട് ഒട്ടും തന്നെ ചേര്‍ന്ന് നില്‍ക്കാത്തൊരു സാംസ്കാരിക പശ്ചാത്തലത്തില്‍ രൂപം കൊണ്ടൊരു നൃത്തരൂപത്തിന്റെ ചുവടുകള്‍ വെച്ച് ജനക്കൂട്ടത്തെ സന്തോഷിപ്പിക്കുന്നു എന്നു പറയുമ്പോള്‍ അത് ഈ കലയേയും അത് ജീവിതമാര്‍ഗമായി സ്വീകരിച്ച കലാകാരന്മാരേയും ഒരുപോലെ പരിഹസിക്കുകയാണെന്ന തോന്നലാണ് അതു കണ്ട എനിക്കുണ്ടായത്. 'അയ്യേ!' എന്നു പറഞ്ഞു പോവുന്ന തരത്തില്‍ ചെടിപ്പുണ്ടാക്കുന്നൊരു കാഴ്ച.
  • 7Up കുടിച്ചാല്‍ ഒരു കഥകളി വേഷം വന്ന്‍ ഡെപ്പാങ്കൂത്താടുന്ന ഇഫക്ടാണുണ്ടാവുക എന്നത് എന്തു തരം ചിന്തയാണ് ഉണ്ടാക്കുന്നത്? അത്തരമൊരു ആനന്ദമാണ് നല്‍കുന്നതെങ്കില്‍ അതെന്തുതരം ആനന്ദമാണ്? കഥകളി വേഷങ്ങളെ മറ്റ് പല പരസ്യങ്ങളില്‍ കാണുമ്പോള്‍ തോന്നാത്ത പ്രതിലോമപരത ഇതില്‍ തോന്നുന്നതും ഈ രീതിയില്‍ പരസ്യത്തെ സമീപിക്കുമ്പോഴാണ്. കഥകളി വേഷക്കാരനെ ഒരു കോമാളിയെന്ന പോലെ അവതരിപ്പിക്കുമ്പോള്‍ അതിനെ ലാഘവബുദ്ധിയോടെ കാണണമെന്നൊക്കെ പറയാമെങ്കിലും, അത് എല്ലാവര്‍ക്കും കഴിഞ്ഞുകൊള്ളണമെന്നില്ല.
  • കഥകളിക്കും അതുപോലെ കേരളത്തില്‍ ഉരുവം കൊണ്ട ഇതര കലാരൂപങ്ങള്‍ക്കുമായി നിലകൊള്ളുന്ന ഒരു സ്ഥാപനം എന്ന നിലയ്ക്ക് കലാമണ്ഡലത്തിന്റെ എതിര്‍പ്പ് മനസിലാക്കാവുന്നതേയുള്ളൂ. കഥകളിക്ക് ഇണങ്ങാത്ത ചുവടുകള്‍ (പശുവിന്‍ പാലില്‍ ചാരായം ചേര്‍ത്ത പോലെ) ഉപയോഗിച്ചതിനാലാവാം ആഭാസനൃത്തം എന്നതിനെ അവര്‍ വിളിച്ചത്. അങ്ങിനെയുള്ള തീര്‍പ്പുകള്‍ ഇത്തരമൊരു വിഷയത്തില്‍ കേരള കലാമണ്ഡലം പോലെയൊരു സ്ഥാപനം നിലപാടെടുക്കുമ്പോള്‍ ഒഴിവാക്കാമായിരുന്നു എന്നതിനോട് യോജിക്കുന്നു. കലാമണ്ഡലം ഉയര്‍ത്തിയ യഥാര്‍ത്ഥ പ്രശ്നവും അതിന്റെ സാധുതയും ചോദ്യം ചെയ്യപ്പെടുവാന്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഇടയാക്കിയത്, നിലപാടിനെ ദുര്‍ബലമാക്കുകയും ചെയ്തു. ഒരുപക്ഷേ ഇത്തരം കാര്യങ്ങളില്‍ നിലപാടെടുത്തൊരു ശീലം കലാമണ്ഡലം പോലെയൊരു സ്ഥാപനത്തിന് ഇല്ലാത്തതിനാലും, പ്രതികരണം വൈകാരികമായ ഒന്നായതിനാലുമാവാം അതീവിധമായത്!
  • പരസ്യത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെല്ലാവരും എന്തെങ്കിലും അന്ധമായ വിരോധം കൊണ്ടാണ് അല്ലെങ്കില്‍ വൈകാരികമായി സമീപിച്ച് എന്തെങ്കിലും അന്ധതയോടെയാണ് അതു ചെയ്യുന്നത് എന്നും കരുതേണ്ടതില്ല. മൗലികവാദമോ താലിബാനിസമോ ഫാസിസമോ ആവാതെ; ഒരു കലാരൂപത്തിന്റെ, അതുകൊണ്ട് ഉദ്ദേശിച്ചിട്ടില്ലാത്ത രീതിയിലുള്ള ഉപയോഗത്തെ (അങ്ങിനെ വിശ്വസിക്കുന്നുവെങ്കില്‍) എതിര്‍ക്കുവാന്‍ ആര്‍ക്കും അവകാശമുണ്ട്. അതുകൂടി അനുവദിക്കുമ്പോഴേ ലേഖനത്തില്‍ പ്രതിപാദിക്കുന്ന ജനാധിപത്യഭൂമിക യഥാര്‍ത്ഥത്തില്‍ സാര്‍ത്ഥകമാവുന്നുമുള്ളൂ.
sreechithran's picture

ഹരീ, എന്തിനേയും എതിർക്കാനുള്ള അവകാശത്തെ ഞാൻ ചോദ്യം ചെയ്തിട്ടേയില്ല. കഥകളിക്കമ്പ / പ്രേമി / ഭ്രാന്തന്മാരുടെ എതിർപ്പ് മനസ്സിലാകാനാവാത്ത സങ്കുചിതത്വവും ഇല്ല. പക്ഷേ ഒരു പ്രത്യേക സെ‌ൿട് എന്നനിലയിൽ കഥകളിയെ ഒറ്റതിരിച്ചുകാണുകയും വിലയിരുത്തുകയും വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്നത് അവകാശത്തിന്റെ പ്രശ്നമല്ല. അത്തരമൊരു മനോഘടന അത്രമേൽ ലളിതവുമല്ല. അതിനൊപ്പം ചേരേണ്ട ബാദ്ധ്യത തീർച്ചയായും കലാമണ്ഡലത്തിനില്ലായിരുന്നു എന്നു തന്നെ കരുതുന്നു.

അപ്പോൾ പറഞ്ഞുവന്നത്, എതിർക്കുന്നവർക്ക് ‘ ഞങ്ങൾക്ക് എതിർപ്പുണ്ട്’ എന്നോ ‘ പ്രതിഷേധമുണ്ട്’ എന്നോ പറയാം. പക്ഷേ നിരോധിക്കണം, നീക്കം ചെയ്യണം എന്നൊക്കെയാവുമ്പോൾ വിധം മാറി. വാഴയിലയിൽ ഉണ്ണുന്നത് നന്ന് എന്നു പറയാം, സ്റ്റീൽ പാത്രത്തിൽ ഉണ്ണുന്നതിലും രസമുണ്ട് വാഴയിലയിൽ ഉണ്ണാനെന്നും പറയാം, വാഴയിലയിലെ ഉണ്ണലിന്റെ മുന്നിലെന്ത് പാത്രത്തിലൂണ് എന്നും പറഞ്ഞോളൂ, പിന്നെ പാത്രത്തിലുണ്ണുന്നത് നിരോധിയ്ക്കണം എന്നുപറയുമ്പോൾ അതിനു ഫാഷിസമെന്നേ പറയാനാവൂ.

 

haree's picture

യോജിക്കുന്നു. കലാമണ്ഡലം പോലെയുള്ള ഒരു സ്ഥാപനം പ്രതികരിക്കുമ്പോള്‍ കൂടുതല്‍ പക്വത വേണ്ടിയിരുന്നു. നിയമവഴി തേടും എന്നതിനാല്‍ (കഥകളി ഇന്ന രീതിയില്‍ അവതരിപ്പിക്കണമെന്ന് വ്യവസ്ഥയില്ലാത്തത്തിനാല്‍ കേസ് തള്ളിപ്പോവും) താലിബാനിസമായി കാണുന്നില്ല. നിയമവഴി തേടും എന്നത് അടിച്ചേല്‍പ്പിക്കലായി കാണാത്തതിനാല്‍ (അതിനു നിയമം നിന്നുകൊടുക്കില്ല എന്നു കരുതുന്നതിനാല്‍) ഫാഷിസമായും കണക്കാക്കുന്നില്ല. 'പാത്രത്തിലുണ്ണുന്നത് നിരോധിക്കുവാനായി കോടതിയെ സമീപിക്കും' എന്നല്ലേയുള്ളൂ? :-)

It is insulting the traditional artform of Kathakali.The vidion and advertisement must be removed forthwith

കഴിഞ്ഞു പോയതില്‍ പറഞ്ഞിട്ടു കാര്യം ഒന്നും ഇല്ല.. അങ്ങനെ പറയണം എങ്കില്‍ കാമാഭ്രാന്തന്മാരുടെ വിളയാട്ടം എന്നും ചര്‍ച്ച ചെയ്യ പെടുമായിരുന്നു... എന്തു കൊണ്ടു രണ്ടു delhi-rape-cases-ല്‍ മാത്രം ജനത മുന്നിട്ടിറങ്ങി...?....! അതിനു മുമ്പും ശേഷവും അത്തരം സംഭവങ്ങള്‍ ഒരുപാടു നടന്നു നമ്മുടെ നാട്ടില്‍...! ചിലതിനു ഒരിക്കലും ഉത്തരം കിട്ടില്ല.. അതു പോലെയാണ് മോഹിനിയാട്ടം നര്‍ത്തകിയുടെയും..! നര്‍ത്തകി ദോശ ഉണ്ടാക്കുന്നതു അന്നു എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടില്ല എന്ന് വേണമെങ്ങില്‍ പറയാം.. അല്ലെങ്കില്‍ അങ്ങനെ ശ്രദ്ധ പെടുന്ന ഒരു പരുപാടിയുടെ ad കളുടെ ഇടയില്‍ ആയിരികണമെന്നില്ല.. എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യപെടുന്നതു അത്തരത്തില്‍ ഉള്ള ഒന്നല്ല..
7up-ന്‍റെ ഈ ad കാണിക്കുന്നത് ഇന്ത്യ മുഴുവന്‍ കാണുന്ന ഒരു സദസിനു ഇടയില്‍ ആണ്... IPL എന്നത് എല്ലാ പ്രായക്കാരും കാണുന്ന ഒന്നാണ്... അതിലും തന്നെ ഒരു youth-ന് പ്രാധാന്യം കൂടുതലും ആണ്... ഇന്നത്തെ തലമുറക്കാര്‍ ഇത്തരം ad-ഉം കണ്ടാണ്‌ വളരുന്നത്‌ എങ്കില്‍ അവര്‍ക്ക് കഥകളിയെ കുറിച്ചു തെറ്റായ ധാരണകള്‍ മാത്രമാണ് കിട്ടുക.. ഭാരതം മുഴുവന്‍ കണ്ടു വരുന്ന ഒരു പരുപാടിയുടെ ഇടയില്‍ ഇത്തരം ആഭാസങ്ങള്‍ ഒഴിവാക്കണം എന്ന് മാത്രമാണ് ഈ social-networked തലമുറ ആഗ്രഹിച്ചതും ചെയ്തതും...!

Mohandas's picture

ഈ കോളാ പരസ്യം തികച്ചും അപലപനീയമാണ്. ഇതിനെ കോളാക്കമ്പനികളുടെ മുതലാളിത്ത സ്വഭാവവും അതിലെ കമ്യുണിസ്റ്റ് ചിന്താഗതികളുമായൊന്നും താരതമ്യപഠനം നടത്തി ലളിതവൽക്കരിക്കുന്നതിൽ അർത്ഥമില്ല. മോഹിനിയാട്ടത്തിനെയും ചാക്യാർ  കൂത്തിനെയും അധിക്ഷേപിച്ചപ്പോൾ ചോദിക്കാത്തവർ കഥകളിയുടെ കാര്യം വന്നപ്പോൾ രോഷാകുലരാകുന്നത് എന്തിനു എന്ന ചോദ്യം അതിശയകരംതന്നെ. ആ പരസ്യങ്ങൾ  കണ്ടിട്ടുള്ളവർ അത്  അപലപിക്കേണ്ടതായിരുന്നു. അത് ചെയ്യാഞ്ഞത് കൊണ്ട് ഇത് ചെയ്യരുത് എന്ന് പറയുന്നത് എന്ത് ന്യായം?  ഇപ്പറഞ്ഞ കലകളെല്ലാം മലയാളിയുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ചിഹ്നങ്ങളാണ്. അത് തെരുവിൽ പേക്കൂത്ത് കാണിക്കാനുള്ളതല്ല.  ഒരു നേരത്തെ ആഹാരം കഴിക്കാനായി ഒരു കഥകളി കലാകാരൻ  ഗത്യന്തരമില്ലാതെ ഇങ്ങനൊരു കാര്യം ചെയ്‌താൽ ക്ഷമിക്കാം. മറ്റെല്ലാം  നിന്ദാർഹം തന്നെ. കേരള കലാമണ്ഡലം ചെയ്യേണ്ടത് തന്നെയാണ് ചെയ്യുന്നത് .  

sreechithran's picture

നിന്ദാർഹമെന്ന് അങ്ങേയ്ക്കും, അവഗണനാർഹമെന്ന് എനിയ്ക്കും പറയാനുള്ള സ്വാതന്ത്ര്യവും വേണമെന്നേ ഞാൻ പറയുന്നുള്ളൂ, മോഹൻ‌ദാസ് സർ :)

>>"ഇതിനെ കോളാക്കമ്പനികളുടെ മുതലാളിത്ത സ്വഭാവവും അതിലെ കമ്യുണിസ്റ്റ് ചിന്താഗതികളുമായൊന്നും താരതമ്യപഠനം നടത്തി ലളിതവൽക്കരിക്കുന്നതിൽ അർത്ഥമില്ല."

എന്താണീ മുതലാളിത്ത സ്വഭാവത്തിലെ കമ്മ്യൂണിസ്റ്റ്‌ ചിന്താഗതി?

ഈ പരസ്യം അത്ര സീരിയസ് ആയി എടുക്കേണ്ടതുണ്ടോ?

വികാരം പൊട്ടിയൊലിക്കുമോയെന്നറിയണമല്ലോ.. സിമിയുടെ വര.
https://plus.google.com/u/0/109976698719627847127/posts/Rgbei73uhxv

ഇത്തരത്തിലുള്ളത് കാണുംബോൾ രക്തം ഇരച്ച് കയറി കണ്ണ് കാണാതാവുകയും പല്ല് ഇറുമി അവ പൊട്ടുകയും ചെയ്യുന്നുവെങ്കിൽ ശരിക്കും സൂക്ഷിക്കുക. നിങ്ങക്ക് ഒരു ബ്രെയിക്ക് എടുക്കാനുള്ള സമയമായി. മാറ്റാവുന്ന അസുഖമേയുള്ളൂ. പക്ഷെ അതു മനസ്സിലാകണം, ചികിത്സ തുടങ്ങണം.

sreechithran's picture

രവിശങ്കർ, കഴിഞ്ഞ ഇരുപത്തഞ്ചിലധികം വർഷമായി കഥകളിപ്രേക്ഷകനായിട്ടും ഇതുകാണുമ്പോൾ എനിയ്ക്കു ചിരി മാത്രമേ വരുന്നുള്ളൂ. ഞാനും ചികിത്സ തേടണോ ? :)

ഈ ആർട്ടിക്കിൾ നിങ്ങക്കുള്ളതല്ല മാഷേ :)
ഇവിടെ വന്ന് പോകുന്നവർക്കൊള്ള ഒരു ടെസ്റ്റ് മാത്രം :)

C.Ambujakshan Nair's picture

കേരളത്തിലെ പല ഘോഷയാത്രയിലും കഥകളി വേഷം കെട്ടി പോകുന്നത് കണ്ടു പ്രതികരിച്ചവർ ഉണ്ട്. പണത്തിനു വേണ്ടി ആറന്മുള വള്ളം കളിയുടെ ഘോഷയാത്രയിൽ അര്ജുനന്റെയും കൃഷ്ണന്റെയും വേഷത്തിൽ ഗീതോപദേശം അവതരിപ്പിച്ചിട്ടുണ്ട്. ലോക സുന്ദരിമാരെ സ്വീകരിക്കുവാൻ കഥകളി വേഷക്കാരെ നിർത്തിയിട്ടുണ്ട്. ഇപ്പോഴിതാ കഥകളി വേഷമിട്ട് 7 അപ്പ്‌  ഡപ്പാൻ കൂത്തും.
ടി. വി. യിലെ ഈ  7 UP  പരസ്യം കണ്ടു എന്നോടൊപ്പം ജോലി ചെയ്യുന്ന ഒരു മലയാളിയും പ്രതികരിചില്ല. എന്നാൽ പല തമിഴ് സുഹൃത്തുക്കളും എന്നോട് പറഞ്ഞു " രൊമ്പ ഷയിം" എന്ന്.

പ്രിയ ചിത്രന്‍,
ഏറെ കാലത്തിനുശേഷമാണ് നിന്റെ ഒരു എഴുത്ത് കാണുന്നത്. ഭാവുകങ്ങള്‍.
നിന്റെ അതേ ലൈനില്‍ മനോജ് കുറൂരിന്റെ ലേഖനവും കണ്ടു. സാംസ്കാരിനായകരും മറ്റു മാലോകരെല്ലാവരും പ്രതിഷേധിക്കുമ്പോള്‍, രണ്ടു കഥകളി വിശാരദന്‍മാര്‍ ഈ പ്രതിഷേധത്തിനെതിരെ പ്രതിഷേധിക്കുന്നതിലെ കൗതുകം രസായി.
എങ്കിലും എന്തോ ദഹിക്കാതെ കിടക്കുന്നു. അതു പ്രകടിപ്പിക്കാനുള്ള ശ്രമമാണിവിടെ...

നിന്റെ വഴിഞ്ഞൊഴുകുന്ന ഉദാരതയുടെ, അതിജനാധിപത്യവാദത്തിന്റെ നിലപാടുതറ ഇതാണ്: "പ്രകൃതിയിലെ ജൈവവൈവിദ്ധ്യം പോലെ നമ്മുടെ സംസ്കാരനിർമ്മിതികളിലും വൈവിദ്ധ്യമുണ്ടെന്നും, അവയുടെ തനിമകളൂടെ നിലനിൽ‌പ്പ് പ്രസക്തമാണെന്നും, അത്തരം കലാവൈവിദ്ധ്യങ്ങളുടെ ജനാധിപത്യഭൂമിയിൽ നിന്നാണ് കഥകളിയേയും കാണുന്നതെന്നും ചിന്തിയ്ക്കുന്ന ഒരാൾക്ക്, കോളക്കമ്പനിയോട് ഈ പരസ്യം കൊണ്ട് പ്രത്യേകിച്ചൊരു വിരോധവും തോന്നാനില്ല; " ഈ പറഞ്ഞതിന്റെ എതിര്‍വാദമാണ് ഇതിന്റെ തൊട്ടുമുന്നിലത്തെ വാചകത്തിലുള്ളത് : "പക്ഷേ, ഉപഭോഗസംസ്കൃതിയുടെ ജീർണ്ണതയ്ക്കു മറുപടി അതിലും ജീർണ്ണമായ മൌലികവാദമല്ല." ഈ വാചകത്തില്‍ കോളയുടെ പരസ്യം സമം ഉപഭോഗസംസ്കൃതിയുടെ ജീര്‍ണ്ണത എന്നു വായിക്കാം. തൊട്ടുമുമ്പുദ്ധരിച്ച വാചകത്തിലത് തനിമയുള്ള വേറിട്ട നവസംസ്കാരനിര്‍മ്മിതിയാണത്. രണ്ടും ചേരുംപടി ചേരുന്നില്ല. കോളപരസ്യത്തിനെതിരായ പ്രതിഷേധങ്ങള്‍, ജീര്‍ണ്ണമായ മൗലികവാദമാണ്. നമ്മളാകട്ടെ, കലാവൈവിദ്ധ്യങ്ങളുടെ വിശാലമായ ജനാധിപത്യഭൂമിയില്‍നിന്നാണ് കഥകളിയെ കാണുന്നതെന്നതിനാല്‍, പരസ്യത്തോട് "പ്രത്യേകിച്ചൊരു വിരോധവും തോന്നാനില്ല". സ്ഥലജലഭ്രമം, അല്ലാതെന്താ പറയുക!

മാര്‍ക്സിസവും പോസ്റ്റ് മോഡേണിസവും കൂടിക്കുഴഞ്ഞതിന്റെ പരിണാമം. ഇന്നത്തെ ലോകം ഏറെ ആശയകാലുഷ്യമുള്ളതാകയാല്‍ നമുക്ക് ലളിതമായ, വൈയക്തികമായ ഒരു ഉദാഹരണത്തിലേക്ക് വരാം.

ഞാന്‍ മാര്‍ക്സിസം അല്പം തലയ്ക്കു പിടിച്ച ഒരാളാണ്. ഫ്യൂഡലിസത്തോട് എനിക്ക് കടുത്ത എതിര്‍പ്പാണ്. കേരളത്തിലെ ചില സമുദായങ്ങള്‍ മരുമക്കത്തായത്തില്‍ നിന്ന് മക്കത്തായത്തിലേക്ക് വന്നത് വലിയ നവോത്ഥാനമുന്നേറ്റമായിരുന്നെന്നും അതിനായി പ്രവര്‍ത്തിച്ച മന്നത്തിനെപ്പോലുള്ളര്‍ നവോത്ഥാനനായകര്‍തന്നെയെന്നും ഞാന്‍ കരുതുന്നു. അടുക്കളകള്‍ സ്ത്രീകളുടെ ജയിലുകള്‍ തന്നെയാണെന്നാണ് എന്റെ വിശ്വാസം. ആചാരനിബന്ധമല്ലാത്തതും ഇഴകിയടുക്കാത്തതുമായ കുടുംബബന്ധങ്ങളുമാണ് മെച്ചമെന്ന് ഞാന്‍ കരുതുന്നു. ഒരു വേള ഞാന്‍ മുസ്ലീം വിരുദ്ധന്‍ തന്നെയാണ്; മോഡേണിസ്റ്റും നാസ്തികനുമെന്ന നിലയില്‍. എങ്കിലും, "അപ്പങ്ങളെമ്പാടും ചുട്ടമ്മായി" എന്ന നാടന്‍പാട്ട് ഞാന്‍ ആസ്വദിക്കുന്നു. കോഴിക്കോട്ടും തലശ്ശേരിയിലുമുള്ള മരുമക്കത്തായ കുടുംബങ്ങളില്‍ പുതുമരുമകന്‍മാരെ സല്‍ക്കരിക്കാനായി അമ്മായി അമ്മമാര്‍ കാണിക്കുന്ന വെപ്രാളവും പെടാപ്പാടും ആവേശവും എനിക്ക് ഏറെ കേട്ടറിവുള്ളതാണ്. അതിന്റെ വര്‍ണ്ണനകള്‍ ആവിഷ്ക്കാരങ്ങള്‍ മനോഹരവും ആശ്ചര്യകരവുമെന്ന് പാട്ട് കേള്‍ക്കുമ്പോള്‍ തോന്നും. എന്നാല്‍, ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ റഫീഖ് അഹമ്മദ് എഴുതിയ "അപ്പങ്ങളെമ്പാടും ചുട്ടമ്മായി" എന്ന പാട്ട് കേള്‍ക്കുമ്പോല്‍ എനിക്ക് കലിപ്പ് വരും. ഒന്നുകില്‍ ചാനല്‍ മാറ്റും. അല്ലെങ്കില്‍ പാട്ട് ഓഫാക്കും.

ഇവിടെ, എന്റെ കലിപ്പ് ഫ്യൂഡല്‍ ആഭിമുഖ്യമെന്ന "ജീര്‍ണ്ണമായ മൗലികവാദ"മാണോ ? റഫീഖ അഹമ്മദിന്റേത്, തനിമയും വൈവിദ്ധ്യപൂര്‍ണ്ണവുമായ നവസംസ്കാരനിര്‍മ്മിതിയാണോ? എന്റെ മാര്‍ക്സിസവും പുരോഗമനാഭിമുഖ്യവും പൊള്ളയാണോ? "കലാവൈവിദ്ധ്യങ്ങളുടെ വിശാലജനാധിപത്യഭൂമി" എനിക്കന്യമാണോ?

കലയെന്താണ്? പാട്ടെന്താണ്? നവസംസ്ക്കാരനിര്‍മ്മിതിയെന്താണ്? തുടങ്ങിയ ചോദ്യങ്ങളിലേക്കാണ് ഈ അന്വേഷണം നമ്മെ എത്തിക്കുക. സംസ്കാരം, ഭാഷ, സംഗീതം തുടങ്ങിയ മനുഷ്യനിര്‍മ്മിതമായ എന്തും historical reality ആയിട്ടാണ് മാര്‍ക്സിസം കാണുന്നത്. അതു ശ്യൂന്യതയില്‍ ദൈവികമായി ഉണ്ടാവുന്ന ഒന്നല്ല. ഉദാഹരണത്തിന് സംഗീതം എന്നത്, ശബ്ദപ്രപഞ്ചത്തില്‍നിന്ന് ഇമ്പമാര്‍ന്നവ മനുഷ്യന്‍ ക്രമപ്പെടുത്തി ക്രമപ്പെടുത്തി വികസിപ്പിച്ചുകൊണ്ടുവന്ന ഒന്നാണ്. നിലവിലുള്ള ക്രമത്തെ പുതിയ താളപെരുക്കത്തിലൂടെ, താളലയവിന്യാസത്തിലൂടെ വികസിപ്പിക്കുമ്പോഴാണ് പുതിയ സംഗീതമുണ്ടാവുന്നത്. അതിന്റെ അടിത്തറ നിലവിലുള്ള ക്രമമാണ്. അതായത്, താളമില്ലാതെ ഒരാള്‍ക്ക് സംഗീതമുണ്ടാക്കുവാന്‍ കഴിയില്ല എന്നുതന്നെയാണ്. അത് അവതാളമായി തീരും. അവതാളം അവതരിപ്പിക്കുന്നവരെ നമ്മള്‍ കല്ലെഠിഞ്ഞ് ഓടിപ്പിക്കും.

ഇത്തരമൊരു ചരിത്രപരമായ യാഥാര്‍ത്ഥ്യത്തിന്റെ തുടര്‍ച്ചയിലാണ് നവസംസ്ക്കാരനിര്‍മ്മിതി കിടക്കുന്നത്. ഈ തുടര്‍ച്ച നഷ്ടപ്പെടുത്തുന്നിടത്താണ് നമുക്ക് സെവന്‍ അപ്പിന്റെ പരസ്യത്തിനോടും റഫീഖ് അഹമ്മദിന്റെ പാട്ടിനോടും കലിപ്പ് ഉണ്ടാവുന്നത്.

കഥകളി എന്നത് ഇത്തരം നിരന്തരമായ ക്രമപ്പെടുത്തലുകളിലൂടെ, മിനുക്കപ്പെടുത്തലിലൂടെ, നവീകരണത്തിലൂടെ ക്ലാസിക് പദവി നേടിയെടുത്ത ഒരു കലാരൂപമാണ്. ഫ്യൂഡല്‍ കാലത്താണ് അത് രൂപം കൊണ്ടതും വികസിച്ചതുമെന്നതിനാല്‍ അത് ഒരു "ഫ്യൂഡല്‍ " കലയായി തീരുമോ? നിലവിലുള്ള ക്രമപ്പെടുത്തലുകളെ, അതിന്റെ തുടര്‍ച്ചകളെ അപ്പാടെ നിരാകരിക്കുമ്പോള്‍, ആ കലയെ സ്നേഹിക്കുന്നവര്‍ പ്രതിഷേധിക്കുക സ്വാഭാവികമാണ്.

എന്നാല്‍ ഈ തുടര്‍ച്ചകളെ നിരാകരിച്ച് പോസ്റ്റ് മോഡേണിസം പറയുന്ന "കലാവൈവിദ്ധ്യങ്ങളുടെ വിശാല ജനാധിപത്യഭൂമിയില്‍ (sic)" കടന്നവര്‍ക്ക് നമുക്കും കിട്ടണം പണമെന്നല്ലാതെ എന്തിനോടെങ്കിലും "പ്രത്യേകിച്ച് ഒരു വിരോധവും തോന്നാനിടയില്ല".

ഇനി, കഥകളിയെ ഇങ്ങനെ നശിപ്പിക്കണമെന്ന് സെവന്‍ അപ് കമ്പനിക്ക് വല്ല നിര്‍ബന്ധബുദ്ധിയുണ്ടോ ? ഉണ്ടാവുക തരമില്ല. 'സോഷ്യല്‍ റിസ്പോണ്‍സിബിലിറ്റി'യെ മാനേജ്മെന്റ് തന്ത്രത്തിന്റെ ഭാഗമായി കൂടുതലായി കണ്ടുവരുന്ന സ്ഥിതിക്ക് കഥകളിക്ക് അവര്‍ വല്ല സഹായവും ചെയ്യാനേ തരമുള്ളൂ. ഇതൊന്നുമല്ലെങ്കില്‍, പരസ്യമുണ്ടാക്കിയ കക്ഷിയെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ പരിഹരിക്കാവുന്ന പ്രശ്നമേ ഇതിലുള്ളൂ. ഇതുകൊണ്ടൊന്നും അവര്‍ തെറ്റു തിരുത്തുന്നില്ലെങ്കില്‍ അവര്‍ സൃഷ്ടിക്കുന്ന ദുഷ്ഫലങ്ങള്‍ക്കെതിരെ കേസ് കൊടുക്കുന്നത് ന്യായവുമാണ്.

ടി ജയരാജന്‍

sreechithran's picture

പ്രിയ ജയരാജേട്ടൻ,

ആദ്യമായി, കാര്യങ്ങളുടെ മറുവശം, കൃത്യം മൂർച്ചയോടെ ചർച്ചയിൽ കൊണ്ടുവന്ന ആദ്യകമന്റിലുള്ള നന്ദി അറിയിക്കട്ടെ.

ശരിയാണ്, ഞാനായാലും മനോജ് കുറൂർ ആയാലും പ്രതികരണങ്ങളിൽ ഉണ്ടായൊരു പ്രശ്നം, റെസ്‌പോൺസിന്റെ രാഷ്ടീയം മാത്രമാണ് വിശദമാക്കാൻ ശ്രമിച്ചത് എന്നതാണ്. പെപ്‌സികോ പോലൊരു കമ്പനി കഥകളിപോലൊരു പ്രാദേശിക - പാരമ്പര്യ കലയെ ഉപയോഗിക്കുന്നതിന്റെ രാഷ്ടീയം കൂടുതൽ ചർച്ചകൾക്ക് സാദ്ധ്യതയുള്ളതാണ്. നിർഭാഗ്യവശാൽ ഈ വൈകാരികവേലിയേറ്റങ്ങൾക്കിടയ്ക്ക് എവിടെയും അതു സംഭവിച്ചില്ല.

1 - ജയരാജേട്ടൻ സൂചിപ്പിച്ചതുപോലെ, ചരിത്രപരമായി ഒരു കലാഘടനയെ കാണുമ്പോൾ അതിന്റെ ശൈലീകരണം ഒരു പ്രധാനവിഷയമാണ്. ആ ശൈലീകരണപദ്ധതിയെ പെട്ടെന്നു മുറിവേൽ‌പ്പിയ്ക്കുന്ന ഒന്ന് കാണുമ്പോഴുണ്ടാവുന്ന ‘ കലിപ്പ്’ മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ കലാമണ്ഡലം പോലൊരു സ്ഥാപനം അതിനെതിരെ നിരോധനാവശ്യവുമായി മുന്നോട്ടുപോവുന്നതിന്റെ അനിവാര്യത അപ്പൊഴും ബോദ്ധ്യമാവുന്നില്ല.

2 - ആദ്യം മനസ്സിലാക്കാവുന്ന ഒന്ന്, ഇതു കഥകളി ഏറ്റെടുക്കേണ്ട ഒരു കാര്യമല്ല എന്നതാണ്. ഈ വേഷം പൊതുവേ കേരളീയകലകളിൽ പലതിലും കാണാവുന്ന ( കൂടിയാട്ടം, കൃഷ്ണനാട്ടം...) ഒരു സഞ്ചിത ആഹാര്യമാണ്. കഥകളിയെ കഥകളിയാക്കുന്ന, ചരിത്രപരമായ ശൈലീകരണത്തിലൂടെ കൃത്യമായി സുഘടിതമാക്കപ്പെട്ട മറ്റനേകം ഘടകങ്ങൾ ഉണ്ട്. അവയൊന്നും ഈ പരസ്യത്തിൽ  മരുന്നിനു പോലും ഇല്ല. അങ്ങനെയിരിയ്ക്കേ ഇതു കഥകളിയാണെന്നു തന്നെ പറയുന്നതിൽ റോഡിൽ‌കൂടി പോവുന്ന ഒരുത്തനോട് “നീയെന്റെ തന്തയ്ക്കു വിളിക്കുമോടാ” എന്നു ചോദിച്ച് തന്തയ്ക്കുവിളിയും അടിയും വാങ്ങുന്നതരം ഫലിതമുണ്ട്.

3 - ചരിത്രപരമായി കാണുക എന്നതിനർത്ഥം ‘തനത്’ വാദമല്ല. ‘തനതുനാടകവേദി’ എന്ന കാവാലം - ശ്രീകണ്ഠൻ നായർ നാടകബോധമൊക്കെ എന്നേ മലയാളത്തിന്റെ ആധുനികനാടകവേദി പോലും കടന്നുപോന്നു എന്നതോർക്കുക. ചരിത്രപരമായി സാംഗത്യമുള്ള നിലയിൽ കഥകളി അവതരിപ്പിയ്ക്കുന്ന ഇടങ്ങളിൽ നടക്കുന്ന കഥകളിനിരാകരണമോ വികലീകരണമോ ആണ് എങ്കിൽ ഇപ്പറഞ്ഞതിനു സാംഗത്യമുണ്ടാവുമായിരുന്നു. ഇവിടെ അതല്ല സംഭവം. ഇതു കഥകളിയാണെന്ന പ്രസ്താവന തന്നെയും അങ്ങോട്ടു മെയിലയച്ചു ക്ഷണിച്ചുവരുത്തപ്പെട്ടതാണ്.

4 - ഉത്തരാധുനികാവസ്ഥ എന്നതിനെ ശത്രുതയോടെയോ മിത്രതയോടെയോ കാണുന്നതിനുപകരം അപഗ്രഥനാത്മകമായി സമീപിയ്ക്കാവുന്നതാണ്. മാത്രമല്ല, അതൊരു യാഥാർത്ഥ്യമാണെന്ന് അംഗീകരിയ്ക്കുകയും തിരിച്ചറിയുകയും അനിവാര്യമാണു താനും. സാംസ്കാരിക ഇറക്കുമതികളും കയറ്റുമതികളും അതിവേഗം നടക്കുകയും വിനിമയവേഗം നിരന്തരം വർദ്ധിയ്ക്കയും ബഹുവംശീയതയും അതുവഴി സാംസ്കാരികവൈവിദ്ധ്യവും സാംസ്കാരികമേൽക്കോയ്മയും വർദ്ധിയ്ക്കുകയും - ഇങ്ങനെ ആഗോളീകരണത്തിന്റെ ഫലമായ ഉത്തരാധുനികാവസ്ഥയുടെ സാംസ്കാരികചിത്രം നമുക്കു മുന്നിലുള്ള യാഥാർത്ഥ്യമാണ്. എഡ്വേഡ് സെയ്ദിന്റെ ഭാഷയിൽ പറഞ്ഞാൽ ആഗോളീകരണം ഒരു ഭാവനാഭൂമിശാസ്ത്രമാണ് ( Imagined geography ) നവലിബറലിസ്റ്റുകളുടെ രാഷ്ടീയയായുധം. ആഗോളമുതലാളിത്തത്തിന്റെയും സാമ്രാജ്വത്വത്തിന്റെയും താല്പര്യങ്ങൾക്കനുസരിച്ചുള്ള ഇമേജുകളും വ്യവഹാരങ്ങളും സൃഷ്ടിക്കപ്പെടുന്ന ഭാവനാഭൂമിശാസ്ത്രം. ഒരു പ്രത്യേകവീക്ഷണസ്ഥാനത്തുനിന്ന് കാര്യങ്ങളെ മനസ്സിലാക്കാനുള്ള ടൂൾ എന്ന നിലയിലാണ് ഉത്തരാധുനികത ചരിത്രത്തെയും സമീപിയ്ക്കുന്നത്. വസ്തുനിഷ്ഠമെന്നോ ചരിത്രപരമെന്നോ ഉള്ള നിരീക്ഷണപദ്ധതികളെ സനിഗ്ധമായി ( Contingent) ആയി മാത്രം കാണുന്ന ആധുനികോത്തരസമീപനത്തെ വിലയിരുത്താനുള്ള അനേകം ഘടകങ്ങൾ ഈ സംഭവത്തിലുണ്ട്. ഈ സംഭവത്തിനു സമീപസമയത്തുതന്നെയാണ് ഐ പി എൽ ക്രിക്കറ്റിൽ ഫോറിനും സിക്സിനും ചാടിക്കളിയ്ക്കുന്ന കഥകളി ( ?) വേഷവും വന്നത് എന്നതു ശ്രദ്ധിയ്ക്കുക. കേന്ദ്രീകൃത ഉൽ‌പ്പാദനവും ഫോർഡിസ്റ്റ് മാതൃകയും വെടിഞ്ഞ പിൽക്കാലമുതലാളിത്തത്തിന്റെ സാംസ്കാരികയുകതിയായി ഉത്തരാധുനികതയെ വിലയിരുത്തുന്ന ഫ്രഡറിക് ജെയിംസൺ സൂചിപ്പിയ്ക്കും പോലെ, ഉപരിപ്ലവതയിലൂന്നിയ വ്യവഹാരങ്ങളിലേക്ക് ശൈലീകൃതമായ ബൃഹദാഖ്യാനങ്ങൾ വരുമ്പോഴുള്ള പ്രശ്നങ്ങൾ ഉണ്ട്. ബൃഹദാഖ്യാനങ്ങളെ ഉത്തരാധുനികതയ്ക്കാവശ്യമായ ലഘുതമസാധാരണരൂപങ്ങളാക്കി മാറ്റുന്ന ഒരു രാഷ്ടീയപ്രക്രിയ കൂടി നടക്കുന്നുണ്ട്.

5 - എന്നാൽ, പ്രതികരണങ്ങളുടെ രാഷ്ടീയത്തെപ്പറ്റി പറയുമ്പോൾ ഈ ആധുനികോത്തരപ്രതിസന്ധി മാത്രമല്ല വിഷയം. കഥകളിയെയും വള്ളംകളിയേയും കുടവയറൻ മാവേലിയേയും ഓണപ്പൂക്കളത്തെയും - ഇത്തരം ചിഹ്നങ്ങളുടെ നിർമ്മിതി കൊണ്ട് ഉൽ‌പ്പാദിപ്പിയ്ക്കപ്പെടുന്ന മൌലികവാദത്തിന്റെ  പിന്നിലെ അപകടമാണ് ചൂണ്ടിക്കാട്ടാൻ ശ്രമിച്ചത്. ജയരാജേട്ടൻ സൂചിപ്പിച്ച അതേ മാർൿസിസത്തിന്റെ, ഡയലക്ടിക്കൽ മെറ്റീരിയലിസത്തിന്റെ ഇന്നത്തെ തലതൊട്ടപ്പന്മാർ തന്നെ കഥകളിയെ ‘ദിവ്യ’മെന്നും, ‘അഭിമാനോജ്ജ്വലകലാരൂപ’ മെന്നുമൊക്കെ പെട്ടെന്നു വിശേഷിപ്പിയ്ക്കുന്നതിനു പിന്നിലെ രാഷ്ടീയം വളരെ ഋജുവാണ്, ലളിതമാണ്.

6 - ഈ പരസ്യത്തിന്റെ നിരോധനം, പരസ്യങ്ങളിലെ പാരമ്പര്യകലകളുടെ ഉപയോഗം നിയന്ത്രിക്കാൻ നിയമനിർമ്മാണം, അതു സെൻസർ ചെയ്യാൻ ബോർഡ് - കലാമണ്ഡലത്തിന്റെ ആവശ്യങ്ങൾ എത്തിനിൽക്കുന്ന സ്ഥലം അത്രകണ്ട് ചരിത്രപരമെന്നോ മാർക്സിയനെന്നോ തന്നെ കരുതാൻ കഴിയുന്നില്ല. നിരോധനം കൊണ്ടാണ് കൾച്ചറൽ ഗ്ലോബലൈസേഷനെതിരെയുള്ള സമരം നടത്തേണ്ടത് എന്നു വിപ്ലവപ്പാർട്ടികൾ ചിന്തിയ്ക്കുന്നെങ്കിൽ അതിനോളം സഹതാപാർഹമായി മറ്റൊന്നില്ല താനും.

എന്തായാലും, ഈ വഴിക്കാണെങ്കിൽ ചർച്ച ചെയ്യാൻ രസമുണ്ട്, കൌതുകമുണ്ട്, ഒപ്പം ആഗ്രഹവുമുണ്ട്.
 

ചിത്രന്റെ മറുപടിയ്ക്ക് നന്ദി.

ഈ വേഷമിനി കഥകളിയുടെ തന്നെയാണെന്ന് വച്ചാലുമെന്താണു കുഴപ്പം? കോളയെന്ന ബഹുരാഷ്ടകംബനിയുടെ മാർക്കറ്റ് തന്ത്രമായതു കൊണ്ടാണോ? പോട്ടെ കോള കംബനി അല്ല, നാട്ടിലെ ഒരു കലാസമിതിക്കാരാണു ഇത് ചെയ്തതെങ്കിലോ? എനിക്ക് തോന്നുന്നത് ഒരു കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തി കാണേണ്ടതാണീ വിഷയം.

(ഉത്തരാധുനിക ചിന്താ പദ്ധതികളെ അകറ്റി നിർത്തണമെന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ആഹ്വാനം എനിക്കത്ര മനസ്സിലായിട്ടില്ല. ആധുനികതയുടെ മൂല്യങ്ങളെ തള്ളി കളയുന്നു, ലോജിക്കിനു പ്രാധാന്യം ഒട്ടും കൊടുക്കുന്നില്ല, നിയോലിബറലിസത്തിനെതിരെയുള്ള സമരങ്ങളെ പല കള്ളികളിലാക്കി ബലം കുറയ്ക്കുന്നു തുടങ്ങിയ വാദങ്ങൾ വായിച്ചിട്ടുണ്ട്. പലതും അത്ര കണ്വിൻസിങ്ങ് ആയിട്ടുമില്ല. അതു ചിലപ്പം ഒറിജിനൽ വാദം വായിക്കാതെ മറുവാദം മാത്രം വായിച്ചതു കൊണ്ടാകാം. എന്തായാലും ഈ പരസ്യത്തെ എതിർത്തില്ലാതാക്കുന്നത് മാർക്സിയൻ അല്ല. )

>സാംസ്കാരിക ഇറക്കുമതികളും കയറ്റുമതികളും അതിവേഗം നടക്കുകയും വിനിമയവേഗം നിരന്തരം വർദ്ധിയ്ക്കയും ബഹുവംശീയതയും അതുവഴി സാംസ്കാരികവൈവിദ്ധ്യവും സാംസ്കാരികമേൽക്കോയ്മയും വർദ്ധിയ്ക്കുകയും - ഇങ്ങനെ ആഗോളീകരണത്തിന്റെ ഫലമായ ഉത്തരാധുനികാവസ്ഥയുടെ സാംസ്കാരികചിത്രം നമുക്കു മുന്നിലുള്ള യാഥാർത്ഥ്യമാണ്.

ഈ മേൽചൊന്ന കൊടുക്കൽ വാങ്ങലുകൾ വഴിയുള്ള സാംസ്കാരിക വളർച്ചയും, അധീശവർഗ്ഗത്തിന്റെ കോയ്മയും എല്ലാ കാലത്തും ഉണ്ടായിട്ടില്ലേ? ഗ്രാംഷിയൻ ചിന്തയും ഈ മൂലയിലെവിടെയോ അല്ലേ ഉള്ളതും ?

Dear Chithran,
1. പെപ്സി കോളയുടെ പരസ്യത്തില്‍ കഥകളിയെ പ്രതിനിധാനം ചെയ്തിരിക്കുന്നത് അതിനെ അവഹേളിക്കുന്ന തരത്തിലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുമാണെന്നത് പല കോണുകളില്‍ നിന്നുള്ള പ്രതിഷേധത്തിനിടയാക്കി. ഇത് പ്രഥമദൃഷ്ട്യാ ന്യായമാണെന്നാണ് എന്റെ പക്ഷം.
2. എന്നാല്‍ ഈ പ്രതിഷേധങ്ങളുടെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടണമെന്നാണ് ചിത്രനും ഈ പ്രതിഷേധങ്ങളെ എതിര്‍ത്ത മറ്റുള്ളവരും പറയുന്നത്. ആദ്യമായി ഉന്നയിക്കുന്ന കാര്യം, ജനാധിപത്യാവകാശം, ആവിഷ്ക്കാരസ്വാതന്ത്ര്യം തുടങ്ങിയവയുടെ നിഷേധത്തിന്റെ പ്രശ്നമാണ്. ഈ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആവശ്യങ്ങളിലെ - പരസ്യത്തിന്റെ നിരോധനം, പരസ്യങ്ങളിലെ പാരമ്പര്യകലകളുടെ ഉപയോഗം നിയന്ത്രിക്കാൻ നിയമനിർമ്മാണം, അതു സെൻസർ ചെയ്യാൻ ബോർഡ് - തുടങ്ങിയ കലാമണ്ഡലത്തിന്റെ ആവശ്യങ്ങളിലെ - അമിതാധികാര, ഫാസിസ്റ്റ് പ്രവണതയുടെ പ്രശ്നമാണ്. "എന്തായാലും ഈ പരസ്യത്തെ എതിർത്തില്ലാതാക്കുന്നത് മാർക്സിയൻ അല്ല." എന്നും കണ്ടു.

ഇത് ചില കാര്യങ്ങളിലേക്ക് നമ്മെ കൊണ്ടുപോകും. ഒന്ന്, പ്രതിഷേധങ്ങളെ ക്കുറിച്ചുള്ള മാര്‍ക്സിയന്‍ പരികല്പന എന്താണ് എന്നതാണ്. വലിയൊരു വിഷയമാണിതെന്നതിനാല്‍ ഇക്കാര്യത്തില്‍ തമാശയായി പറയാറുള്ള കാര്യങ്ങളെ സൂചിപ്പിക്കാം : കമ്യൂണിസം സ്വകാര്യസ്വത്തിനെതിരാണ്. എന്നുവെച്ച്, ഒരു ബാങ്ക് കൊള്ളയടിക്കണമെന്ന് നമുക്ക് ഒരാളെ ഉപദേശിക്കാന്‍ പറ്റുമോ? ബാങ്ക് കൊള്ള ഒരു ക്രിമിനല്‍ കുറ്റമാണ്. മുതലാളി തൊഴിലാളികളുടെ മിച്ചാധ്വാനം ചൂഷണം ചെയ്താണ് ലാഭമുണ്ടാക്കുന്നത്. എന്നുവെച്ച്, ഒരു മുതലാളിയുടെ കഴുത്തിന് കത്തിവെച്ച്, "നീ തൊഴിലാളികളെ ചൂഷണം ചെയ്യുന്നവനാണ്. അത് ഉടന്‍ നിര്‍ത്തിക്കോ" എന്നു പറയാന്‍ പറ്റുമോ. അതും ക്രിമിനല്‍ പ്രവര്‍ത്തനമാണ്. അതായത്, പ്രതിഷേധങ്ങളെ വളര്‍ത്തികൊണ്ടുവരേണ്ടത്, സാമൂഹ്യമായ ഒരു തലത്തിലാണ് എന്നാണ് ഇത് അര്‍ഥമാക്കുന്നത്. അതിന്റെ വളര്‍ച്ചാ ഘട്ടമാണ് പ്രതിഷേധത്തിന്റെ പ്രായോഗികരൂപം നിര്‍ണ്ണയിക്കുന്നത്. ഇവിടെ കലാമണ്ഡലത്തിന്റെ ആവശ്യത്തിന്റെ വിശദാംശങ്ങള്‍ എനിക്കറിയില്ല. അവരുടെ ഇത്തരം ആവശ്യങ്ങളെ അനുകൂലിക്കേണ്ട ആവശ്യവുമില്ല. ആവിഷ്കാരസ്വാതന്ത്ര്യത്തിനായി നിലകൊള്ളുകയും വേണം. എന്നാല്‍ പ്രതിഷേധങ്ങള്‍ അപ്പടി തെറ്റായിരുന്നുവെന്ന് പറയുന്നത് തെറ്റുതന്നെയാണ്. സാമൂഹ്യമായ തലത്തില്‍ പ്രതിഷേധങ്ങളെ വളര്‍ത്തികൊണ്ടുവരാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന്, പോസ്റ്റ് മോഡേണിസത്തിന്റെ തണലില്‍ ഒഴിഞ്ഞു നില്ക്കുന്നത്, നിരുത്തരവാദപരവും വ്യവസ്ഥിതിക്ക് സേവ ചെയ്യുന്നതുമാണെന്നും പറയാം.

ഭാഷ പ്രയോഗിക്കുമ്പോള്‍, വ്യാകരണം നിര്‍ബന്ധമാണെന്നത്, നിയമനിര്‍മ്മാണത്തിലൂടെയല്ലാതെ തന്നെ നടപ്പാക്കപ്പെടുന്ന ഒരു പൊതുബോധമെന്ന പോലെ, കഥകളിയെ പ്രതിനിധാനം ചെയ്യുമ്പോള്‍ ചില 'വ്യാകരണ'മൊക്കെ വേണം എന്ന പൊതുബോധനിര്‍മ്മിതിയാണ് ഈ പ്രതിഷേധങ്ങളുടെ ലക്ഷ്യം. ഇവിടെ പെപ്സിയെന്നത് ഒരു അധീശത്വശക്തിയും കഥകളി എന്നത്, കീഴ്പ്പെട്ടവന്റെ കലയുമാകുമ്പോള്‍ ഈ പ്രതിഷേധത്തിനു പ്രത്യേക സാംഗത്യവുമുണ്ട്.

3. പ്രതിഷേധങ്ങളെ എതിര്‍ക്കുന്നതിന് ചിത്രന്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ കൗശലം, 'മൗലികവാദം' എന്ന ആരോപണമാണ്. കൂടുതല്‍ ആളുകളെ ആയുധരഹിതരാക്കുന്ന ഈ കൗശലം ചിത്രന്‍ ഉപയോഗിക്കുന്നത്, കൊളോണിയല്‍ കാലഘട്ടത്തിന്റെ ആരംഭത്തില്‍ ഏറെ ബുദ്ധിജീവികളെയും റിവൈവലിസത്തിന്റെയും നവോത്ഥാനത്തിന്റെയും ഇടക്ക് വട്ടംകറക്കിയതിനെ ഓര്‍മ്മിപ്പിക്കും. തനതു നാടകവേദിയുടെ കാര്യവും കഥകളിയെ ചിലര്‍ 'ദിവ്യ'മെന്നും ‘അഭിമാനോജ്ജ്വലകലാരൂപ’ മെന്നും വിളിച്ചതിനെയും ചിത്രന്‍ പരാമര്‍ശിക്കുന്നത് അതുകൊണ്ടാണ്. ആഗോളവല്ക്കരണാനന്തരകാലഘട്ടത്തിലെ സാംസ്ക്കാരികപ്രവര്‍ത്തനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ പറയാം.

4. പോസ്റ്റ് മോഡേണിസത്തെ ചിത്രന്‍ മനസ്സിലാക്കിയപോലല്ല ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഉദാഹരണത്തിന്, "ആഗോളീകരണത്തിന്റെ ഫലമായ ഉത്തരാധുനികാവസ്ഥയുടെ സാംസ്കാരികചിത്രം നമുക്കു മുന്നിലുള്ള യാഥാർത്ഥ്യമാണ്" എന്ന് ചിത്രന്‍ പറയുന്നു. ഇതില്‍ ആഗോളീകരണം എന്നത് സ്പഷ്ടമായി പറഞ്ഞാല്‍, 1971 ല്‍ അടിത്തറയിട്ടതെങ്കിലും റീഗണ്‍, താച്ചര്‍ കൂട്ടുകെട്ടിന്റെ സാമ്പത്തികനയങ്ങള്‍ക്കു തുടര്‍ച്ചയായി 1985 മുതല്‍ ആരംഭിച്ച ഒരു ഘടനാക്രമീകരണ പദ്ധതിയാണ്. നിയതമായ ചരിത്ര പ്രക്രിയയായിട്ടാണ് നാമതിനെ കാണേണ്ടത്. ഒരു വേള, ചൈനീസ് വിപ്ളവാനന്തരം, 'ഒരൊറ്റ രാജ്യമാകാം' എന്ന മാവോയുടെ നിര്‍ദ്ദേശത്തെ സ്റ്റാലിന്‍ സ്വീകരിച്ചിരുന്നുവെങ്കില്‍, സോഷ്യലിസ്റ്റ് കാര്‍മ്മികത്വത്തില്‍ നടക്കുമായിരുന്ന ഒരു പ്രക്രിയയാണിത്. നേഷന്‍ സ്റ്റേറ്റിന്റെ അടിത്തറ തകര്‍ക്കുക, അസമവികാസസമൂഹങ്ങള്‍ തമ്മിലുള്ള വിനിമയങ്ങളില്‍ ജനാധിപത്യപരമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക തുടങ്ങിയ ഒട്ടേറെ നല്ല കാര്യങ്ങള്‍ ആഗോളവല്‍ക്കരണത്തിലുണ്ട്. ഇന്നത് നടക്കുന്നത്, സാമ്രാജ്യത്വ ഫൈനാന്‍സ് മൂലധനത്തിന്റെ താല്പര്യത്തിനൊത്താണ് എന്നതിനാല്‍, അത് പിന്നാക്ക ജനസമൂഹങ്ങള്‍ക്ക് എതിരാണെന്നു മാത്രം. Imperialist Globalisation എന്ന് നാമതിനെ വേര്‍തിരിച്ച് കാണണം. എന്നാല്‍ പോസ്റ്റ് മോഡേണിസം എന്നു പറയുന്നത്, അറുപതുകളില്‍ പോസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റിയുടെ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് തുടങ്ങിയ വൃദ്ധ മുതലാളീത്തത്തിന്റെ പ്രത്യയശാസ്ത്ര ജല്പനങ്ങളാണ്. ആഗോളീകരണത്തെയും പോസ്റ്റ് മോഡേണിസത്തെയും നേരിട്ട് ബന്ധിപ്പിക്കരുതെന്നര്‍ഥം.

ആഗോളീകരണം ഇന്ന് സാമ്രാജ്യത്വ ആഗോളീകരണമാണെങ്കില്‍ തന്നെയും, പലതിനെയും കീഴ്മേല്‍ മറിച്ചിട്ടിരിക്കുന്നു എന്നാണ് സത്യം. ഇന്നത്തെ, യൂറോ കേന്ദ്രിത ലോകത്തിനു പകരം ഒരു ഏഷ്യന്‍ കേന്ദ്രിത ലോകത്തെ സ്വപ്നം കാണാന്‍ വരെ അത് നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ചൈനീസ് കമ്പനികള്‍ യൂറോപ്പിലെയും അമേരിക്കയിലെയും കമ്പനികള്‍ ഏറ്റെടുക്കുന്നത് ഒരു കാലത്ത് അചിന്ത്യമായിരുന്നെന്ന് ഓര്‍ക്കണം. ഒരു വേള കഥകളി ലോക വിതാനത്തിലേക്ക് ഉയരുകയും, അതിനു ലോകത്തെങ്ങും ആസ്വാദകരും കാണികളുമുണ്ടാവുകയും ചെയ്യുന്ന ഒരു കാര്യം അചിന്ത്യമെന്ന് പറയുന്നത് തെറ്റാവും. അതേസമയം, ഫ്യൂഡല്‍ കെട്ടുപാടുകളില്‍ നിന്ന് സ്വതന്ത്രമാവാനാകാതെ, സ്വയം നവീകരണത്തിലൂടെ അന്താരാഷ്ട്രമാനകത്തിലേക്കുയരാനാവാതെയും സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ പശ്ചിമവാതത്തില്‍ ആടിയുലഞ്ഞും നശിച്ചുപോകാനുമാവും അതിന്റെ വിധി.

മുകളിലെ രണ്ടു ഖണ്ഡിക വായിച്ചുകഴിയുമ്പോള്‍, മൗലികവാദം, മൗലികവാദം എന്നു കുറച്ചുകൂടി ഉച്ചത്തില്‍ പറയാന്‍ ചിത്രനു ചിലപ്പോള്‍ തോന്നുന്നുണ്ടാവും. എനിക്ക് പറയുവാനുള്ളത്, ആഗോളീകരണം ചിത്രനെ പോലുള്ളവരുടെ ചുമലില്‍ ഏല്പിച്ചിരിക്കുന്ന കടുത്ത ദൗത്യങ്ങളെ ക്കുറിച്ചാണ്.

5. കഥകളിയെക്കുറിച്ച് എനിക്ക് കാര്യമായിട്ട് ഒന്നുമറിയാത്തതിനാല്‍, ഞാന്‍, കേരളത്തില്‍ വാദ്യകലയെക്കുഠിച്ച് പറയാം. വെബ് സൈറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട്, ചെറിയൊരു പരിശോധന അതേക്കുറിച്ച് നടത്തിയതുകൊണ്ടാണ് ഇതു പറയുന്നത്.
1). വാദ്യകലയെ ഏറ്റവും മനോഹരമായ കലാരൂപങ്ങളായി വികസിപ്പിച്ച ചുരുക്കം സമൂഹങ്ങളിലൊന്നാണ് കേരളം.
2). അതിന്റെ മേളം പഞ്ചവാദ്യം തുടങ്ങിയ കലാരൂപങ്ങള്‍, ലോകത്തിലെ ഏതൊരു കാണികളെയും വിസ്മയിപ്പിക്കത്തക്കവണ്ണം ഉന്നത നിലവാരമുള്ളതാണ്.
3). എന്നാല്‍, കേരളത്തിലെ വാദ്യകല ഒരു തരത്തിലും ഡോക്കുമെന്റ് ചെയ്യപ്പെട്ടിട്ടില്ല. അതേക്കുറിച്ചുള്ള ലിഖിത സാഹിത്യം കാര്യമായിട്ടൊന്നുമില്ല. അതേക്കുറിച്ച് കേരളത്തില്‍ കാര്യമായ പഠനഗവേഷണമൊന്നും നടക്കുന്നില്ല.
4). കേരളത്തിലെ വാദ്യകലയെക്കുറിച്ച് ആകെക്കൂടി നടന്നതെന്ന് പറയാവുന്ന ഒരു പഠനം ഒരു അമേരിക്കന്‍ ഗവേഷകന്റേതാണ്. അത് അവരുടെ വീക്ഷണത്തിലും താല്പര്യത്തിലുമുള്ളതാണ്.
5). മ്യൂസിക്കോളജിയുടെ അന്താരാഷ്ട്രനിലവാരവുമായി സംവദിച്ചുകൊണ്ട്, അതില്‍ സ്ഥാനം കിട്ടത്തക്കവണ്ണം കേരള വാദ്യകലയെ ഡോക്കുമെന്റ് ചെയ്യുകയും അതേക്കുറിച്ച് പഠനഗവേഷണങ്ങള്‍ നടക്കുകയും വേണം.
6) അതിലൂടെയാണ്, അതിന്റെ ശാസ്ത്രീയത സ്ഥാപിക്കപ്പെടുകയും അതിന്റെ ആചാരപരവും ജാതീയവുമായ ഫ്യൂഡല്‍ കെട്ടുപാടുകളീല്‍നിന്ന് രക്ഷപ്പെടുത്തുകയും അതിനെ അമ്പലങ്ങളുടെ പടിയിറക്കി ലോകവിതാനത്തിലേക്കുയര്‍ത്തുകയും ചെയ്യാനാവൂ.
7) കേരളത്തിലെ വാദ്യകലയെ ഡോക്കുമെന്റ് ചെയ്യാന്‍ ശ്രമിച്ച ഒരാള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണ്. ഫ്യൂഡല്‍ പാരമ്പര്യത്തിലുള്ള ഒരാളല്ല. ഇത് യാദൃശ്ചികമല്ല.

6. ഇത് കേരളവാദ്യകലയെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങളാണ്. കഥകളിയുടെ ചിത്രവും ഏതാണ്ട് ഇതു തന്നെയാവും. ആഗോളവല്ക്കരണം മുന്നോട്ടുവെക്കുന്ന വെല്ലുവിളികളും അവസരങ്ങളും മനസ്സിലാക്കി, കൊളോണിയല്‍ ദാസ്യവും ഫ്യൂഡല്‍ കെട്ടുപാടുകളും വിട്ടെറിഞ്ഞ്, പോസ്റ്റ് മോഡേണിസത്തിന്റെ വിഭ്രമങ്ങളില്‍നിന്ന് ഉണര്‍ന്ന് കഥകളിയെ നവീകരിക്കുകയാണ് വേണ്ടത്.

7. ഞാന്‍ ഈ പറഞ്ഞത്, ജീര്‍ണ്ണമായ പുനരുജ്ജീവനവാദമെന്നു (മൗലികവാദം?‌) ചിത്രന്‍ വിളിക്കുമോ?

ടി ജയരാജന്‍.

ഹുസൈന്റെ ചിത്രങ്ങൾക്കെതിരെ തിരിഞ്ഞ ആരെസെസ് കാരുടെ "പ്രതിഷേധത്തിന്റെ മാർക്സിയൻ" അനാലിസിസ് എന്താണു? അവരുടെ പ്രതിഷേധത്തിൽ നിന്നും തരിംബും വ്യത്യസ്തമല്ല, "കഥകളിയെയും കേരള സംസ്‌കാരത്തെയും അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതിയില്‍ പരസ്യം നല്‍കിയ 'സെവന്‍അപ്പ്' കമ്പനി പരസ്യം ഉടന്‍ പിന്‍വലിച്ച് കേരള ജനതയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട" (കലാമണ്ഡലത്തിന്റെ പത്രകുറിപ്പിൽ നിന്നുമുള്ള വാചകങ്ങളാണിവ) കലാമണ്ഡലത്തിന്റെയും, കൂട്ടരുടെയും നില. ഇതിനെ മൗലികവാദമെന്നോ താലിബാനിസമെന്നോ വിളിക്കുന്നതിനെ കുറ്റം പറയാൻ പറ്റില്ല.

>ഇവിടെ പെപ്സിയെന്നത് ഒരു അധീശത്വശക്തിയും കഥകളി എന്നത്, കീഴ്പ്പെട്ടവന്റെ കലയുമാകുമ്പോള്‍ ഈ പ്രതിഷേധത്തിനു പ്രത്യേക സാംഗത്യവുമുണ്ട്.

ഈ പരസ്യം പെപ്സി നടത്തിയതു കൊണ്ടൊന്നുമല്ല ഈ വിധം പ്രതിഷേധം വന്നത്. പെപ്സിക്ക് പകരം നാളെ "രാമൂസ് കോള" ഈ പരസ്യം ചെയ്താലും പ്രതികരണം ഇപ്രകാരം തന്നെയാകുമെന്ന് കലാമണ്ഡലത്തിന്റെ കുറിപ്പിലെ വാചകങ്ങളും, സോഷ്യൽ മിഡിയയിൽ വന്ന കമന്റ്കളും ഷെയറുകളും സൂചിപ്പിക്കുന്നു. ("കോയാസ് കോള"യാണീ പരസ്യം ചെയ്തെങ്കിൽ പണി പാളുമെന്ന് നിസംശ്ശയം പറയാം..).

>ഒരു വേള കഥകളി ലോക വിതാനത്തിലേക്ക് ഉയരുകയും, അതിനു ലോകത്തെങ്ങും ആസ്വാദകരും കാണികളുമുണ്ടാവുകയും ചെയ്യുന്ന ഒരു കാര്യം അചിന്ത്യമെന്ന് പറയുന്നത് തെറ്റാവും.

വാദം പോയത്, മറ്റേതെങ്കിലും ദുർബല രാഷ്ട്രത്തിന്റെ മേൽ കുതിരകയറികൊണ്ടായാലുംഇൻഡ്യയ്ക്ക് ഈ ലോകക്രമത്തിൽ നിർണ്ണായകമായ നേത്രുസ്ഥാനത്ത് വന്നാൽ കൊള്ളാമെന്നാണു.. ഇൻഹെറെന്റിലി തന്നെ അന്യായമായ ഈ വ്യവസ്ഥയ്ക്കകത്ത് കഥകളിയ്ക്കെങ്ങിനെ ഗുണമുണ്ടാക്കാമെന്ന് ചിന്ത തുടരുന്നു... അത്രയ്ക്കുദ്ദേശിച്ചിട്ടുണ്ടോയെന്നറിയില്ല, എന്നാലും.....

ഫ്യൂഡൽ പാരംബര്യ്ത്തിൽ നിന്നും വിടർത്തണമെന്ന വാദമൊക്കെ നല്ലതു തന്നെ, അതു നടപ്പില്ലെന്നാണു ഈ പ്രതിഷേധമേള എന്നോട് പറയുന്നത്.. കാത്തിരുന്നു കാണാം...

(കീഴ്പെട്ടവന്റെ കലയെന്ന പ്രയോഗവും, ഇതൊരു ഫ്യൂഡൽ കലയോ എന്ന് മുൻപ് ചോദിച്ചതും ചേർത്ത് വായിക്കുംബോളൊരു ചിരി വരുന്നുണ്ട്.. :) )

ചിത്രന്റെ ലേഖനവും അതിനെ തുടര്‍ന്നു വന്ന അഭിപ്രായങ്ങളും വായിച്ചു. പ്രത്യേകിച്ച് ശ്രീ ടി ജയരാജന്റേത്. "ആഗോളവല്ക്കരണം മുന്നോട്ടുവെക്കുന്ന വെല്ലുവിളികളും അവസരങ്ങളും മനസ്സിലാക്കി, കൊളോണിയല്‍ ദാസ്യവും ഫ്യൂഡല്‍ കെട്ടുപാടുകളും വിട്ടെറിഞ്ഞ്, പോസ്റ്റ് മോഡേണിസത്തിന്റെ വിഭ്രമങ്ങളില്‍നിന്ന് ഉണര്‍ന്ന് കഥകളിയെ നവീകരിക്കുകയാണ് വേണ്ടത്" എന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഇത്തരത്തില്‍ പുരോഗമനമാര്‍ഗത്തിലൂടെ കഥകളിയുടെ പ്രചാരവും അര്‍ഥപൂര്‍ണ്ണമായ ആസ്വാദനവും ഉറപ്പാക്കുന്നതിനുമുള്ള കര്‍മ്മപരിപാടികള്‍ക്കിടയില്‍ കോളക്കമ്പനിയോടുള്ള പ്രതിഷേധത്തിനു എന്തു പ്രസക്തിയെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഈ കോളക്കമ്പനി ചെയ്യുന്നതിനെക്കാള്‍ കഥകളിക്കു ദ്രോഹകരമായ അനവധി കാര്യങ്ങള്‍ ചുറ്റുപാടും നടക്കുന്നുണ്ട്. കഥകളി ആവേശമായുള്ളവര്‍ പ്രതിഷേധിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്യേണ്ടത് അങ്ങനെയുള്ള കാര്യങ്ങളെയാണ്. കോളക്കമ്പനിയിലെ വേഷക്കാരനെക്കാള്‍ മോശമായി അരങ്ങില്‍ പ്രവര്‍ത്തിക്കുന്ന ചില നടന്മാരുടെ കൂടെ വേഷം കെട്ടേണ്ടി വന്നിട്ടുണ്ട് എനിക്ക്. ആരോടു പ്രതിഷേധിക്കും? വേഷഭംഗിയുള്ളതുകൊണ്ടു മാത്രം, ഒരു മുദ്രപോലും കാട്ടാനറിയാന്‍ വയ്യെങ്കിലും, ആദ്യവസാനവേഷം കെട്ടുകയും അവാര്‍ഡുകള്‍ നേടിയെടുക്കുകയും ചെയ്യുന്നവരില്ലേ? ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ നൃത്തോല്‍സവങ്ങളില്‍ കഥകളിയെന്ന പേരില്‍ അവസരം നേടി ആഭാസനൃത്തം ചെയ്യുന്ന ചില 'നടന്മാരെ' മിക്കവര്‍ക്കും അറിയാം. അവര്‍ക്കെതിരെ പ്രതിഷേധം ഉയരുന്നില്ലല്ലോ. പ്രതിഷേധാര്‍ഹമല്ലേ ഇതെല്ലാം? കഥകളിയുടെ മാന്യതയെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം. അടുത്തയിടെ ഭാരതത്തിലെ അതിപ്രശസ്തമായ ഒരു സര്‍വകലാശാലയില്‍നിന്ന് കഥകളിക്ക് എംഎ ബിരുദം നേടിയ ഒരു കുട്ടി എന്റെ അടുത്ത് ഉപരിഗവേഷണത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചു വന്നു. അവര്‍ കഥകളി ഒരിക്കലെങ്കിലും കാണുകപോലും ചെയ്തിട്ടില്ല! അവര്‍ക്ക് കഥകളിയില്‍ എംഏ ബിരുദമുണ്ടെന്ന് ഓര്‍ക്കുക!! ഇങ്ങനെ അക്കമിട്ടു പറഞ്ഞാല്‍ പ്രതിഷേധാര്‍ഹവും കഥകളിക്ക് ദോഷം ചെയ്യുന്നതുമായ എത്രയോ കാര്യങ്ങള്‍ ചുറ്റും നടക്കുന്നു. അടുത്തകാലത്ത് ആചാര്യന്മാരെയുള്‍പ്പെടെ കലാകാരന്മാരെ കേരളത്തിനു പുറത്തേക്ക് പരിപാടിക്കെന്നു പറഞ്ഞ് ക്ഷണിച്ചുകൊണ്ടുപോയിട്ട് നിരുത്തരവാദപരമായി പെരുമാറിയ സംഭവം ഉണ്ടായിട്ടും കാര്യമായ ഒരു പ്രതിഷേധവും കണ്ടില്ല. ഇത്രയൊന്നും പ്രാധാന്യമില്ലാത്ത, താരതമ്യേന അപ്രധാനമായ, കോളക്കമ്പനിയുടെ പരസ്യത്തിനെതിരെയുള്ള ഈ പ്രതിഷേധങ്ങള്‍ ആ പരസ്യത്തെ വീണ്ടും പരസ്യപ്പെടുത്താനും അങ്ങനെ കോളക്കമ്പനിയുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടാനും മാത്രമേ സഹായിക്കൂ. നാട്ടുകാര്‍ക്ക് അവകാശപ്പെട്ട ശുദ്ധജലം ഊറ്റിയെടുത്തു വില്‍ക്കുന്നവര്‍ കഥകളിവേഷത്തെയും ഡപ്പാംകൂത്ത് സംഗീതത്തെയും പെണ്ണിന്റെ ശരീരത്തെയും എല്ലാം വില്പനച്ചരക്കാക്കുന്നതില്‍ അത്ഭുതമില്ല. പ്രതിഷേധിക്കേണ്ടത് കോളക്കമ്പനികളുടെ ആര്‍ത്തിപിടിച്ച മുതലാളിത്തമനോഭാവത്തെയാണ്. കഥകളി വേഷത്തെ മോശമായി അവതരിപ്പിച്ചതിലൂടെ എന്നതിനെക്കാള്‍ പ്രധാനമായി ആര്‍ത്തിപിടിച്ച, ലാഭക്കൊതിമൂത്ത ഈ മനോഭാവം വഴിയാണ് കോളക്കമ്പനിക്കാര്‍ നാടിനും നമ്മുടെ സാസ്കാരിക മൂല്യങ്ങള്‍ക്കും ഹാനി ചെയ്യുന്നത്.

haree's picture

ഇതിനേക്കാള്‍ ഗൗരവമായി കാണേണ്ട മറ്റിടങ്ങളില്‍ പ്രതിഷേധമില്ല, പക്ഷേ ഇവിടെ എന്തുകൊണ്ട് പ്രതിഷേധം; ചോദ്യം ന്യായം തന്നെ. എന്നാല്‍ ഒപ്പം പറയേണ്ട മറ്റൊരു കാര്യം; ഇതര പ്രശ്നങ്ങള്‍ക്കൊന്നും 7Up പരസ്യത്തിന്റെ പോല്‍ visibility ഇല്ല, മാത്രവുമല്ല നേരിട്ടൊരു അലോസരം ഉണ്ടാക്കുന്നതുമില്ല. എന്നാലിത് വ്യക്തികളുടെ കാര്യത്തിലാണ് സാധുവായ കാര്യമാവുന്നത്. കലാമണ്ഡലം പോലെയൊരു സ്ഥാപനം ഇവിടെ പറഞ്ഞ കാര്യങ്ങളില്‍ (കഥകളി കാണാതെ MA നേടുക, സംഘാടകര്‍ വിളിച്ചുകൊണ്ടുപോയി അപമാനിക്കുക, പ്രഫഷണലായ നടന്മാര്‍ പോലും അരങ്ങത്ത് തോന്നും പോലെ പ്രവര്‍ത്തിക്കുക... ഇങ്ങിനെയുള്ളവ) ഇടപെടാതെ മാറി നില്‍ക്കുന്നതിന് ന്യായീകരണമില്ല, പ്രത്യേകിച്ചും അക്കാദമിക് തലത്തിലുള്ള കാര്യങ്ങളില്‍. (മറ്റു വിഷയങ്ങളില്‍ കലാമണ്ഡലത്തിന് പോലും എത്രത്തോളം ഇടപ്പെടുവാന്‍ കഴിയും എന്ന്‍ സംശയം.)

C.Ambujakshan Nair's picture

ആശയഗംഭീരം എന്ന പേരില്  കോളാ കമ്പനിയുടെ പരസ്യം സംബന്ധിച്ചുള്ള പോസ്റ്റിലെ അഭിപ്രായങ്ങളിൽ  ശ്രീ. ഏറ്റുമാനൂർ  കണ്ണന്റെ അഭിപ്രായം വളരെ അധികം ചിന്തിക്കേണ്ടിയിരിക്കുന്നു.
 
"കോളക്കമ്പനിയിലെ വേഷക്കാരനെക്കാള്‍ മോശമായി അരങ്ങില്‍ പ്രവര്‍ത്തിക്കുന്ന ചില നടന്മാരുടെ കൂടെ വേഷം കെട്ടേണ്ടി വന്നിട്ടുണ്ട് എനിക്ക്. ആരോടു പ്രതിഷേധിക്കും? വേഷഭംഗിയുള്ളതുകൊണ്ടു മാത്രം, ഒരു മുദ്രപോലും കാട്ടാനറിയാന്‍ വയ്യെങ്കിലും, ആദ്യവസാനവേഷം കെട്ടുകയും അവാര്‍ഡുകള്‍ നേടിയെടുക്കുകയും ചെയ്യുന്നവരില്ലേ? " എന്ന പ്രതിഷേധ സ്വരത്തിന് ഒരു ഉത്തരം  നല്കണം എന്ന് ആഗ്രഹിക്കുന്നു. 

ഒരു മുദ്ര പോലും ഭംഗിയായി ചെയ്യാൻ കഴിവില്ലാത്ത ഒരു നടന്റെ ആദ്യവസാന വേഷത്തോടൊപ്പംകൂട്ടു  വേഷം കെട്ടുക എന്ന ഗതികേട് ഒരു കഴിവുള്ള കലാകാരന് ഉണ്ടാവുക എന്നത് പുതിയ കഥ അല്ല. കലാമണ്ഡലവും അതുപോലുള്ള  പല സ്ഥാപനങ്ങളിൽ കൂടി വന്നിട്ടുള്ള കലാമണ്ഡലം കൃഷ്ണൻ നായര് , കോട്ടക്കൽ ശിവരാമൻ  തുടങ്ങിയ പ്രതിഭാശാലികളായുള്ള കലാകാരന്മാർ പലര്ക്കും കഥകളി ഒരു ജീവിത മാര്ഗ്ഗമായി സ്വീകരിക്കേണ്ടി വന്നപ്പോൾ, അവര്ക്ക് അരങ്ങുകൾ ലഭിക്കേണ്ടത് ആവശ്യമായി വരികയും അതിനു വേണ്ടി എത്ര മോശമായി കളിക്കുന്ന    നടന്റെ കൂടെയും കൂടുവേഷംചെയ്യാൻ തയ്യാറായി  എന്നതാണ് വസ്തുത.  ഇതിനു ആസ്വാദകരോട്  പ്രതികരിച്ചിട്ട് കാര്യമില്ല. 
"ലഭിക്കുന്ന കളികൾ മതി  എന്ന് തൃപ്തിപ്പെട്ടുകൊണ്ടു  അഭ്യസിച്ച സമ്പ്രദായത്തിന്റെ ശുദ്ധിയും ദൃശ്യഭംഗിയും കാത്തു സൂക്ഷിക്കുന്നതില് ശ്രദ്ധ തിരിച്ചിരുന്നു എങ്കിൽ ഇത്തരം പ്രതിഷേധ ധ്വനിക്ക് അവസരം ഉണ്ടാവുകയില്ല" എന്നാണ് എന്റെ വിശ്വാസം.

ഈ അടുത്ത കാലത്ത് ദക്ഷിണ കേരളത്തിൽ സ്ഥാനം ഉറപ്പിച്ച കലാമണ്ഡലം EX : Principal ഈ വര്ഷം ഏപ്രിൽ മാസമായപ്പോൾ തനിക്കു നൂറുകളി കഴിഞ്ഞു എന്ന്  അവകാശപ്പെടുമ്പോൾ "പഞ്ചാല രാജാ തനയെ" ഇല്ലാതെ സൌഗന്ധികത്തിൽ ഭീമൻ ചെയ്യാൻ  തയ്യാറായി  എന്ന സത്യം  സമ്പ്രദായത്തിൽ ഉറച്ചു നിന്നുകൊണ്ട്   അഭിമാനത്തോടെ പറയുവാൻ കഴിയുമോ?.

പത്തനംതിട്ട ഓമല്ലൂർ ക്ഷേത്രത്തിൽ (1979, മടവൂര് ആശാനും, മത്തൂരും , തിരുവല്ല ഗോപികുട്ടൻ നായരും പങ്കെടുത്ത കഥകളി ) ഒരു കളിക്ക് എന്റെ പിതാവ് സൌഗന്ധികത്തിൽ ഭീമൻ ചെയ്തപ്പോൾ അദ്ദേഹത്തിന് പഞ്ചാലിയായി നിശ്ചയിച്ചത് ആലാ രാഘവപ്പണിക്കർ എന്നാ ഒരു വൃദ്ധനായ നടനെയാണ്. ഒരു മുദ്ര പോലും  വൃത്തിയായി ചെയ്യാൻ  അദ്ദേഹത്തിനു കഴിവുണ്ട് എന്ന് ഞാൻ അവകാശപ്പെടുന്നില്ല. എന്റെ പിതാവ്  മൌനമായി പ്രതിഷേധിച്ചു.  ഇത് മനസിലാക്കി ശ്രീ മാത്തൂർ ഗോവിന്ദൻ കുട്ടി ആ വേഷം ചെയ്തു. അടുത്ത വര്ഷം  (1980, കലാനിലയം ഗോപാലകൃഷ്ണൻ പങ്കെടുത്ത , ഗായകൻ കലാനിലയം ഉണ്ണികൃഷ്ണന്റെ ചുമതലയിൽ നടന്ന കളി ) ശ്രീ. കണ്ണന്റെ ഗുരുനാഥൻ ശ്രീ. വാസുപിഷാരടി അവർകൾ  ഓമല്ലൂരിനു സമീപമുള്ള തട്ടയിൽ ക്ഷേത്രത്തിൽ ഒരു സാഹചര്യത്തിൽ ആലാ രാഘവപ്പണിക്കരുടെ മോഹിനിയോടൊപ്പം രുഗ്മാംഗദനായും, ദുര്യോധനവധത്തിൽ പാഞ്ചാലിയോടൊപ്പം കൃഷ്ണനായും വേഷമിട്ട് കണ്ടിട്ടുണ്ട്.

ശ്രീ. കണ്ണന്റെ ആദ്യഗുരുനാഥൻ ശ്രീ. കലാനിലയം മോഹനകുമാറിനെ ഉള്പ്പെടുത്തി ഒരു കളി കായംകുളത്തിന് പടിഞ്ഞാറ് വാരണപ്പള്ളിയിൽ നടന്നത് ഒര്മ്മയുണ്ട്. സ്ഥാപന നടനായി അദ്ദേഹം മാത്രമാണ് ക്ഷണിക്കപ്പെട്ടത്‌. നളചരിതം ഒന്നും ദുര്യോധനവധവും കഥകൾ. ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടിയുടെ പിതാവും വള്ളിക്കീഴ് ശങ്കരപിള്ളയും ആയിരുന്നു പാട്ടിന്. ശ്രീ. കലാനിലയം മോഹനകുമാറിനെ കളി ഏൽപ്പിക്കുമ്പോൾ ദമയന്തി വേഷത്തിന് ഒരു യുവ നടനെ കൂടി കൂട്ടി വരണം എന്ന് അറിയിച്ചിരുന്നു. അദ്ദേഹം കൂട്ടി വന്നത് ശ്രീ. മുളവന ഉണ്ണികൃഷ്ണൻ എന്ന ഒരു നടനെയാണ്.  മുളവന ഉണ്ണികൃഷ്ണനും കുറച്ചു കഥകളി പഠിച്ചു വേഷം കെട്ടുന്ന നടനാണ്‌. അത്ര മേന്മയൊന്നും അവകാശപ്പെടുവാൻ അദ്ദേഹത്തിൻറെ പ്രവർത്തിയിൽ ഇല്ല. ശ്രീ. മുളവനയാണ്‌ ദമയന്തിക്ക് എത്തുന്നത് എന്ന് അറിഞ്ഞപ്പോൾ ഒരു ആസ്വാദകൻ ശ്രീ. ഓയൂർ രാമചന്ദ്രനെ  സ്പോൻസർ ചെയ്തു. മുളവന സഖിയാണ് ചെയ്തതു.
ശ്രീ. മുളവന ഉണ്ണികൃഷ്ണന്റെ ചുമതലയിൽ ധാരാളം കളികള നടന്നിരുന്നു .  അതില്  തനിക്കു അവസരം ലഭിക്കണം എന്നാ താല്പ്പര്യമാണ് മുളവനയെ ക്ഷണിക്കുവാൻ ശ്രീ. മോഹനകുമാറിനെ പ്രേരിപ്പിച്ചത്.
 
ശ്രീ. കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയുടെ കൂടെ ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണൻ ശങ്കിടിപാടി ദക്ഷിണ കേരളത്തിൽ എത്തിയിരുന്ന കാലഘട്ടം എനിക്ക് നല്ല ഓർമ്മയുണ്ട്. ശ്രീ. മോഹന കൃഷ്ണനും ഈ കാലഘട്ടം  ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ട് . കലാമണ്ഡലത്തിലെ പ്രഗത്ഭ കലാകാരന്മാരെ വിശേഷാൽ ക്ഷണിച്ചു കളികൾ നടത്തുന്ന രീതി അന്നും നിലനിന്നിരുന്നു.  ഒരു സ്ഥാപനത്തിൽ ബഹുമാന്യാർഹമായ  ജോലിയുള്ളതിനാൽ  മാസശമ്പളം,  വിദേശയാത്ര  എന്നിവ മൂലം ജീവിതത്തിനുള്ള വരുമാനം ഉറപ്പിച്ചിട്ടുള്ള ഈ മഹാരഥന്മാർ , അവർ
 ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കഥകളി ട്രൂപ്പിനെ  ഭംഗിയായി നിലനിർത്തി നല്ല തരമായ കഥകളികൾ അവതരിപ്പിച്ചു, സമ്പ്രദായ ശുദ്ധിയും സമ്പ്രദായത്തിന്റെ ശിൽപ്പസൗന്ദര്യവും നില നിർത്തുന്നതിനേക്കാൾ ശ്രദ്ധ കളികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലായിരുന്നു എന്ന്  ഓർക്കണം.
 
അന്ന് ചിട്ട പ്രകാരം അഭ്യസിക്കാത്ത നടന്മാരാണ് ( ഒരു ആശാന്റെ കൂടെ കുറച്ചു അഭ്യസിച്ചു കഥകളി വേഷം ചെയ്യുന്ന കുറച്ചു നടന്മാർ ) ദക്ഷിണ കേരളത്തിൽ പ്രബലരായി നിന്നിരുന്നത്. അവരുടെ കഥകളിക്കു  അന്ന്  വിശേഷാൽ  ക്ഷണിക്കപ്പെട്ടിരുന്ന ശ്രീ. കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാൾ ആശാനോ , ശ്രീ.കലാമണ്ഡലം  രാമൻകുട്ടി ആശാനോ, ശ്രീ എമ്പ്രാന്തിരിയോ  അവരെ പോലെ സമർത്ഥരോ അല്ലെങ്കിൽ പ്രഗത്ഭരോ,  സമ്പ്രദായ ശുദ്ധിയും മുദ്രാഭംഗിയും  ഇല്ലാത്ത നടന്മാരുടെ പിന്നിൽ നിന്ന് കൊട്ടുകയില്ല എന്നോ , പാടുകയില്ല എന്നോ , കൂട്ട് വേഷം ചെയ്യുകയില്ല എന്നോ  വാശി പിടിച്ചിരുന്നു എങ്കിൽ കഥകളിയുടെ നില ശ്രീ. കണ്ണൻ ഇത്ര കണ്ടു  കുണ്ഡിതപ്പെടുന്ന നിലയിൽ എത്തുമായിരുന്നില്ല എന്നതാണ് പരമ പ്രധാനമായ സത്യം.
 

ഒരു സ്ഥാപനത്തിൽ ബഹുമാന്യാർഹമായ ജോലിയുള്ളതിനാൽ മാസശമ്പളം, വിദേശയാത്ര എന്നിവ മൂലം ജീവിതത്തിനുള്ള വരുമാനം ഉറപ്പിച്ചിട്ടുള്ള ഈ മഹാരഥന്മാർ , അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കഥകളി ട്രൂപ്പിനെ ഭംഗിയായി നിലനിർത്തി നല്ല തരമായ കഥകളികൾ അവതരിപ്പിച്ചു, സമ്പ്രദായ ശുദ്ധിയും സമ്പ്രദായത്തിന്റെ ശിൽപ്പസൗന്ദര്യവും നില നിർത്തുന്നതിനേക്കാൾ ശ്രദ്ധ കളികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലായിരുന്നു എന്ന് ഓർക്കണം.

അഭിപ്രായത്തിന് ബലേ ഭേഷ്.

ടപ്പാണ്‍കുത്ത് മോടൽ നൃത്തം കഥകളിയിൽ ആദ്യം കളിച്ചത് മൈസൂറിലാണ് ആണ്. വള്ളത്തോലിനു അത് പിടിച്ചില്ലാന്നുവെച്ച് എല്ലാർക്കും ഇഷ്ടമില്ല എന്നുണ്ടോ.
ആ കഥകളി നൃത്തത്തിന്റെ മോടൽ സെവൻ അപ്പ് പരസ്യത്തിന് ഉപയോഗിച്ചതിൽ പ്രതിഷെതം എന്ത്തിനു ?

വള്ളത്തോൾ മൈസൂര് മഹാരാജാവിന്റെ മുൻപിൽ കഥകളി അവതരിപ്പിക്കുവാൻ കഥകളി സംഘത്തെ അയച്ചുവെന്നും കാലം മാറ്റി പാടിയ ഗായകനോട് പ്രതിഷേധിച്ച് പ്രധാന ആചാര്യൻ പട്ടിക്കാന്തൊടി മേനോണ്‍ ഡപ്പാംകൂത്ത് കഥകളി അവതരിപ്പിച്ചതും വള്ളത്തോൾ പട്ടിക്കാന്തൊടിയെ കലാമണ്ഡലത്തിൽ നിന്നും പുരത്താകിയതും ചരിത്രം.
അദ്ദേഹം പ്രതിഷേധാത് മകമായി അവതരിപ്പിച്ച ഡപ്പാംകൂത്ത് കഥകളിയും സെവാൻ അപ് ഡപ്പാംകൂത്ത് കഥകളിയും ഒത്തുനോക്കുന്നത് എങ്ങിനെ സ്വീകാര്യമാകും.