കറുത്തമ്മ

Sunday, June 17, 2012 - 21:10
Karuthamma and Palani Kathakali Kalimandalam

 

കഥകളിയെ സാധാരണ ജനങ്ങളിലേക്ക് എന്ന് ദൌത്യവുമായി കഴിഞ്ഞ ആറുവർഷമായി പ്രവർത്തിക്കുന്ന “കളിമണ്ഡലം തൃപ്രയാർ” സ്കൂൾ തലത്തിൽ നിന്ന് തന്നെ ആണ് പ്രവർത്തനം ആരംഭിച്ചത്. മുൻപ് തിരനോട്ടം ദുബായുടെ പ്രവർത്തകനായതിനാൽ അതിലൂടെയുള്ള അനുഭവസമ്പത്ത് സഹായകരമായി. തൃപ്രയാർ കേന്ദ്രീകരിച്ച് മണപ്പുറത്തെ സ്കൂൾ കുട്ടികൾക്കായി വർഷം തോറും കഥകളി ശില്പശാല നടത്തുന്നുണ്ട്. കൂട്ടത്തിൽ നമ്മുടെ പൈതൃക കലകളെ മാറിമാറി ഓരോവർഷവും, കൂടിയാട്ടം, മുടിയേറ്റ് എന്നിങ്ങനെ, പരിചയപ്പെടുത്തുന്നു.

എന്നാൽ ഇന്നത്തെ സാധാരണ ജനങ്ങളും നമ്മുടെ തനതായ കലകളെ കണ്ടിരിക്കണം എന്ന ആശയം സഫലീകരിക്കാനായി കർണ്ണശപഥം പോലുള്ള കഥകൾ ആദ്യമായി പ്രദർശിപ്പിക്കാനാണ് കളിമണ്ഡലം തീരുമാനിച്ചത്. ആദ്യം കഥകളികാണുന്നവർക്ക് സമയദൈർഘ്യം അനുഭവപ്പെട്ടാൽ ശരിയാവില്ല എന്ന വസ്തുത മനസ്സിലാക്കി കർണ്ണശപഥത്തിലെ കർണ്ണൻ-കുന്തി സംവാദം ആണ് കളിമണ്ഡലം പ്രവർത്തകർ തെരഞ്ഞെടുത്തത്. കുടുംബ, നാട്ട് ക്ഷേത്രങ്ങളിൽ ഉത്സവക്കമ്മറ്റിക്കാരുമായി ബന്ധപ്പെട്ട് അമ്പലപ്പറമ്പുകളിൽ പ്രദർശിപ്പിച്ച കർണ്ണശപഥം നാട്ടുകാർ ഏറ്റുവാങ്ങി. പദങ്ങൾ മുഴുവനും കഥയും സന്ദർഭവും എല്ലാം വിസ്തരിച്ച് എഴുതി തയ്യാറാക്കി വിതരണം ചെയ്യാറുണ്ട്.

ഈ വർഷത്തെ കളിമണ്ഡലത്തിന്റെ നാലാമത്തെ പരിപാടി ആയിരുന്നു കറുത്തമ്മ.

ആലപ്പുഴ തകഴി സ്മൃതിമണ്ഡപത്തിൽ ചെമ്മീനിലെ പരീക്കുട്ടി-കറുത്തമ്മ രംഗത്തിന്റെ കഥകളി ആവിഷ്കാരം നടക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ അവിടെ പോവുകയും കലാമണ്ഡലം ഗണേഷുമായി കാണുകയും പരിചയപ്പെടുകയും ഉണ്ടായി. ഞങ്ങളുടെ നാട്ടികയും ചെമ്മീൻ സിനിമയും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. അതിനാൽ അവിടെ വച്ചു തന്നെ ഗണേഷിനു ഉറപ്പ് കൊടുത്തു കുറച്ചുകൂടെ ഭംഗിയായി പളനിയെ കൂടെ ഉൾപ്പെടുത്തി കൊണ്ടുള്ള രംഗം തൃപ്രയാറിൽ അവതരിപ്പിക്കണമെന്ന്. കഥകളിയിൽ സാമൂഹ്യകഥകളുടെ പ്രസക്തിയെ കുറിച്ച് രണ്ട് അഭിപ്രായം ഉണ്ടെങ്കിലും ചില പരീക്ഷണങ്ങൾ കഥകളിയെ ജനങ്ങളിലേക്ക് അടുപ്പിക്കുന്നുണ്ട്. കർണ്ണശപഥം പോലെ വളരെ ലളിതമായ പദങ്ങളും സംഗീതാത്മകവും വികാരഭരിതവുമായ രംഗങ്ങളാലും കറുത്തമ്മ കാണുന്ന ഒരു നവ ആസ്വാദകന് “കഥകളി ശ്രദ്ധിച്ചിരുന്നു കണ്ടാൽ ആസ്വദിക്കാവുന്നതേ ഉള്ളൂ“ എന്നൊരു തിരിച്ചറിവാണ് നൽകുന്നത്.

തൃപ്രയാർ കളിമണ്ഡലം സഹകരണത്തോടെ നാട്യകല ആലപ്പുഴ അവതരിപ്പിച്ച കലാമണ്ഡലം ഗണേഷിന്റെ കറുത്തമ്മ കാണാൻ പങ്കെടുത്ത സാധാരണ ജനങ്ങൾ ഒന്നര മണിക്കൂർ ശരിക്കും ഇരുന്ന് ആസ്വദിക്കുകയായിരുന്നു. പരീകുട്ടിയുടേയും കറുത്തമ്മയുടേയും പ്രണയം ചെമ്മീൻ സിനിമ ചിത്രീകരിക്കപ്പെട്ട നാട്ടിക വാസികൾക്ക് സുപരിചിതമാണ്.

വിവാഹം ഉറപ്പിച്ച ശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്ന രംഗത്തോടെ കഥകളി ആരംഭിക്കുന്നു. രണ്ടാം രംഗത്തിനു മുൻപായി ദണ്ഡകരൂപത്തിൽ കാലമാറ്റങ്ങൾ എല്ലാം വിവരിക്കുന്നു. അരയന്മാർ പറഞ്ഞു നടക്കുന്ന അപഖ്യാതികൾ കേട്ട് പളനി, കറുത്തമ്മയോട് സത്യം പറയാൻ ആവശ്യപ്പെടുന്നതോട് കൂടിയാണ് രണ്ടാം രംഗം. കറുത്തമ്മ-പരീക്കുട്ടി അവസാനസമാഗമം ആണ് മൂന്നാം രംഗത്തിൽ.

Karuthamma and Pareekkutty Chemmeen Kathakali

കടലമ്മതൻ നാട്ടിലേക്കിനി
വിരുന്നുകാരായി പോകാം.

എന്ന പദത്തോടെ അവസാനിക്കുകയാണ് കഥകളി.

കറുത്തമ്മയായി കലാമണ്ഡലം ഗണേഷും പരീക്കുട്ടിയായി കലാമണ്ഡലം പ്രശാന്തും പളനിയായി വാരനാട് സനൽകുമാറും വേഷമിട്ടു. കലാമണ്ഡലം സജീവും വിഷ്ണുവും ആണ് പാടിയത്.

Article Category: 
Malayalam

Comments

കളി സംഘടിപ്പിച്ച അനുഭവത്തോടൊപ്പം പദ ഭാഗങ്ങളും രംഗവിവരണവും ഉൾപ്പെടുത്തിയത് നന്നായി, സദു ഏങ്ങൂർ. കറുത്തമ്മ/പരീക്കുട്ടിയുടെ വേഷങ്ങളെക്കുറിച്ച് ആദ്യം കേട്ടപ്പോൾ മണ്ണാൻ/മണ്ണാത്തി പോലെ ആയിരിക്കുമെന്നാണ് കരുതിയത്. ഇപ്പോഴുള്ള പോലെ ആഹാര്യം നിശ്ചയിക്കാൻ ഉള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നിശ്ചയമുണ്ടോ ?

കലാമണ്ഡലം ഗണേഷ്‌ ആഹാര്യത്തെ പറ്റി പറയും .ഞാന്‍ പറഞ്ഞിട്ടുണ്ട്.

Congratulations Sadu - U r making a trend at Triprayar

sreechithran's picture

ഗതാനുഗതികത്വം കൊണ്ട് ദിനമ്പ്രതി ഏകതാനമായിക്കൊണ്ടിരിയ്ക്കുന്ന ഒരു കലയിൽ നടക്കുന്ന വ്യത്യസ്തശ്രമം എന്ന നിലയ്ക്ക് കറുത്തമ്മ എന്ന പരീക്ഷണം പ്രശംസനീയം തന്നെയാണ്. ഗിരീഷിനും കളിമണ്ഡലത്തിനും സദുചേട്ടനും അഭിനന്ദനങ്ങൾ!
മലയാളം കണ്ട എക്കാലത്തെയും തീവ്രവൈകാരികാഖ്യാനമാണ് ചെമ്മീൻ. അതിവൈകാരികതയുടെ ഉൽസവം. കഥകളിയുടെ ഭാഷയിൽ ഈ കാൽപ്പനികലോകമാവിഷ്കരിയ്ക്കാൻ ധൈര്യം കാണിച്ചതിന് ആശംസകൾ.